പൂമുഖം CINEMA അർജൻറീന ഫാൻസ് കാട്ടൂർ കടവ്

അർജൻറീന ഫാൻസ് കാട്ടൂർ കടവ്

 

ട് സീരീസ് ഫാൻസ് തള്ളലുകൾക്കും പ്രമോഷൻ ഗിമ്മിക്കുകൾക്കും അപ്പുറം തീയേറ്ററുകൾ കയ്യടിച്ച സിനിമകളാണ്. ആ സീരീസിന്റെ സംവിധായകൻ എന്നതാണ് മിഥുൻ മാനുവൽ തോമസിന്റെ പ്രാഥമിക ഐഡന്റിറ്റി . ആൻ മരിയ കലിപ്പിലാണ് പോലെയുള്ള സിനിമകൾ മേക്കിങ്ങിലൂടെ ശ്രദ്ധ നേടിയ സിനിമകളാണ്. മിഥുൻ മാനുവൽ തോമസിന്റെ തീർത്തും വ്യത്യസ്തമായ പരീക്ഷണമാണ് അർജന്റീന ഫാൻസ് കാട്ടൂർ കടവ്. അശോകൻ ചരുവിലിന്റെ പ്രശസ്തമായ കഥയുടെ അതേ പേരിലുള്ള കഥയുടെ സിനിമാ വിഷ്കാരമാണ് അർജന്റീന ഫാൻസ് കാട്ടൂർ കടവ്. പരീക്ഷകളും മറ്റുമായുള്ള ഒരു ഓഫ് സീസണിനു ശേഷം തീയേറ്ററുകളെ സജീവമാക്കിയ സിനിമ കൂടിയാണിത്. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിലെ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാട്ടൂർ കടവ് എന്ന തൃശൂർ ഗ്രാമമാണ് അശോകൻ ചരുവിലിന്റെ കഥയിലെ പ്രധാന കഥാപാത്രം എന്നു പറയാം. കഴിഞ്ഞ ഫുട്ബോൾ സമയത്ത് പ്രസിദ്ധീകരിച്ചു വന്ന ഈ കഥ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫുട്ബോൾ ആരാധന ഒരു പ്രാദേശിക ഗ്രാമത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നൊക്കെയുള്ള പഠനം കൂടിയാവുന്നുണ്ട് ഈ കഥ. സിനിമയിലേക്കെത്തുമ്പോൾ കാട്ടൂർ കടവ് ഒരു കേവല കഥാപരിസരമായി ചുരുങ്ങുന്നു. വിപിനൻ എന്ന കഥാനായകനിലേക്കും അയാളുടെ വൈകാരികമായ യാത്രയിലേക്കും സിനിമയുടെ ഫോക്കസ് പൂർണമായും മാറുന്നു. കാളിദാസ് ജയറാം വിപിനനാവുന്നു. ഒരു കടുത്ത എസ്കോബാർ ആരാധകന്റെ മകനാണ് വിപിനൻ. ഒരു കടുത്ത അർജന്റീനയൻ ആരാധകൻ ആയാണ് വിപിനൻ വളരുന്നത്. നാലു ലോകകപ്പുകൾക്കിടയിലുള്ള അയാളുടെ ജീവിതമാണ് സിനിമയുടെ ആകെത്തുക.

ഫുട്ബോളിന്റെ പശ്ചാത്തലത്തിലുള്ള അയാളുടെ പ്രണയ ജീവിതം കൂടി ആണ് സിനിമയുടെ പ്രധാന ഫോക്കസ്. വിപിനനും മെഹറുന്നിസ ഖാദർകുട്ടിയും ഒന്നിച്ചു കളിച്ചു വളർന്നവർ ആണ്. വിപിനൻ ചെറുപ്പം തൊട്ടേ അവളോടുള്ള പ്രണയം പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ കുടുംബങ്ങൾ തമ്മിൽ ഉള്ള ഹൃദ്യമായ ബന്ധം നഷ്ടപ്പെടുമോ എന്ന ഭയം അവളെ അതിൽ നിന്ന് പിൻവാങ്ങാൻ ആണ് പ്രേരിപ്പിക്കുന്നത്. കഥയിലെ പോലെ മെഹറുന്നിസ ഖാദർക്കുട്ടി പല അടരുകൾ ഉള്ള കഥാപാത്രമാണ്. പുതു തലമുറ സിനിമകൾ ഇപ്പോൾ സ്ഥിരമായി പിന്തുടരുന്ന രാഷ്ട്രീയ ശരിബോധ്യമുള്ള നായികമാരുടെ തുടർച്ചയാണ് ഈ കഥാപാത്രം. ചെറുപ്പം മുതലേ അഭിപ്രായങ്ങളും നിലപാടുകളുമാണ് അവളെ മുന്നോട്ട് നയിക്കുന്നത്. അതെ സമയo വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ കുടുംബത്തിന്റെ ചരടുകൾ അവളെ പലപ്പോഴും അദൃശ്യമായി നിയന്ത്രിക്കുന്നുണ്ട്. മെഹറുന്നിസ ബ്രസീൽ ഫാൻസ്‌ സംഘത്തിൽ നിന്നും അർജന്റീന ആരാധക സംഘത്തിൽ എത്തുന്നത് അതിനുള്ളിൽ സുഹൃത്തുക്കളുമായുള്ള ആശയ സംഘർഷം മൂലമാണ്. പക്ഷെ പ്രണയത്തിലും വിവാഹത്തിലും ആ തീരുമാനങ്ങൾ പുനർചിന്തനം ഇല്ലാതെ എടുക്കാൻ അവൾക്ക് കഴിയുന്നില്ല.

ഫുടബോളിനൊപ്പം വളർന്ന പ്രണയം എന്നതിനപ്പുറം അവരുടെ പ്രണയത്തിനു അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ ഒരുക്കാനുള്ള പശ്ചാത്തലമായി ഫുടബോളിനെ സിനിമ മാറ്റുന്നു. നാല് ലോകകപ്പുകളുടെ ഓർമകളിലേക്ക് ഫുടബോൾ ആരാധകരെ ചെറുതായെങ്കിലും പലപ്പോഴും കൊണ്ട് പോകുന്നുണ്ടെങ്കിലും സിനിമ തന്നെ പാതി വഴിയിൽ ആ സൂക്ഷ്മത ഉപേക്ഷിക്കുന്നു. ക്ഷയിച്ച പൗരാണിക വാര്യർ തറവാടിന്റെ കുലീനത ഒക്കെ വിവരിച്ചു സിനിമ മുന്നോട്ട് വെക്കാൻ ശ്രമിച്ച രാഷ്ട്രീയത്തെയും അത് പാതി വഴിക്ക് ഉപേക്ഷിച്ചു. വിവാഹ പ്രായമായ സഹോദരിമാർ തുടങ്ങി പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന അമ്മ വരെ ഉള്ള കഥാപാത്രങ്ങൾ മലയാള സിനിമ ദശാബ്ദങ്ങളായി പിന്തുടരുന്ന വാർപ്പ് മാതൃകകളുടെ തുടർച്ചയാണ്. നായകൻ കുലീനൻ ആണ് എന്ന് സംഭാഷണങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും ഊട്ടിയുറപ്പിക്കുന്ന രഞ്ജിത്തയൻ രീതിയും അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് പിന്തുടർന്നുണ്ട്. അർജന്റീന ആരാധനക്കും പ്രണയത്തിനും അപ്പുറം ഈ നായകന്റെ കുലീനതക്കിടയിൽ ഉള്ള ദാരിദ്ര്യം മുഴച്ചു നിൽക്കുന്നു. സിനിമ തന്നെ കാലങ്ങളായി നോർമലൈസ് ചെയ്ത ഒരുപാട് വാർപ്പ് മാതൃകകളെ അറിഞ്ഞോ അറിയാതെയോ പിന്തുടരുക ആണ് ഈ സിനിമയും ചെയ്യുന്നത്. നായകൻറെ മാത്രമല്ല മറ്റു പാത്ര സൃഷ്ടികളിലും ഇതേ വാർപ്പ് മാതൃകകളെ സിനിമ പിന്തുടരുന്നുണ്ട്. ഇതിനിടയിൽ എവിടെയോ ആണ് സിനിമയിൽ ഫുടബോൾ.

കേരളത്തിലെ ഫുടബോൾ ആരാധനയുടെ സാധ്യതകൾ മുന്നിൽ കണ്ടു തന്നെയാണ് സിനിമ തുടങ്ങുന്നത്. കേരളത്തിൽ ഉള്ള സകല ഫുടബോൾ ടീം ഫാൻസിനും സിനിമ തുടക്കത്തിൽ നന്ദി പറയുന്നുണ്ട്. അതെ താളത്തിൽ തന്നെ ആണ് സിനിമ തുടങ്ങുന്നത്. എസ്കോബാറിന്റെ ഓർമകളിലേക്ക് ഒക്കെ കാണികളെ ആദ്യം സിനിമ കൊണ്ട് പോകുന്നുണ്ട്. അർജന്റീന എന്ന കേൾവിയിൽ ഉണ്ടാകുന്ന ഗൃഹാതുരത ആണ് സിനിമയുടെ യു യെസ് പി. അതിനെ ഒക്കെ പരമാവധി മുതലെടുക്കാൻ ഉള്ള ശ്രമവും സംവിധായകൻ നടത്തുന്നുണ്ട്. പക്ഷെ ഈ കഥക്കോ സിനിമയ്ക്കോ ഒട്ടും ചേരാത്ത ചില ഫോർമുലകൾ ഇടക്ക് കയറി വന്നു. അത് ഫുട്ബോളിൽ നിന്നും സിനിമയുടെ ശ്രദ്ധയെ മാറ്റി. നാല് ലോകകപ്പുകൾക്കിടയിൽ ആരാധനയുടെ രീതിയും സ്വഭാവവും എല്ലാം ഒരുപാട് മാറിയിട്ടുണ്ട്. ആ മാറ്റത്തിന്റെ വഴികളെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. പക്ഷെ അത് തീർത്തും സാങ്കേതികമായ ഒന്നാണ്. അത്ര സാങ്കേതികമായ ഒന്നല്ല കേരളത്തിലെ ഫുട്ബോൾ ആരാധന. വൈകാരികമായ ഒന്നാണ് അത്. ആ വൈകാരികതയെ കാണികളിലേക്ക് എത്തിക്കാൻ സിനിമക്ക് സാധിച്ചിട്ടില്ല. മലയാളത്തിലെ നിലനിൽക്കുന്ന വാർപ്പ് മാതൃകകളെ ഉപേക്ഷിച്ചാൽ മാത്രമേ അത് സാധിക്കൂ

എസ്കോബാർ വിപിനനറെ സഹയാത്രികൻ ആയ ക്ളീഷേ ആണ് സിനിമയുടെ ഫുടബോൾ മൂഡിനോട് ഒട്ടും ചേരാതെ പോയത് എന്ന് തോന്നി. നന്ദനത്തിലെ കൃഷ്ണനെ പോലെ , പ്രാഞ്ചിയേട്ടനിലെ പോലെ സി ഐ എ യിലെ കമ്യൂണിസ്റ്റ് ആചാര്യരെ പോലെ പ്രാധാന കഥാപാത്രത്തിൻറെ ആശയ സംഘർഷങ്ങളിലും വൈകാരിക അരക്ഷിതത്വങ്ങളിലും ആശ്രയമാകുകയാണ് ആന്ദ്രേ എസ്കോബാറിന്റെ ഈ സിനിമയിലെ ദൗത്യം. ഇരിഞ്ഞാലക്കുട ഭാഷയിൽ മോട്ടിവേഷൻ സ്പീക്കർ ആയി നായകന് വഴികാട്ടുന്ന ആന്ദ്രേ എസ്കോബാറിനെ ഫുടബോൾ ആരാധകർക്ക് എത്രത്തോളം സ്വീകരിക്കാനാവും എന്നറിയില്ല. എന്തായാലും സ്ഥിരമായി മലയാള സിനിമ കാണുന്നവർക്കറിയാം ഈ മാജിക്കൽ റിയലിസ്റ്റിക് സാന്നിധ്യങ്ങൾ എത്ര തവണ ആവർത്തിച്ചു വരുന്നുണ്ട് എന്ന്. ഇവിടെ ഒരു വിജയ ഫോർമുല എന്ന നിലയിൽ കഥാ സന്ദർഭത്തിലേക്ക് എസ്കോബാറിനെ കുരുക്കിയിടുന്നു. സിനിമയിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന വിധവും കാണികളെ സ്വാധീനിക്കുന്നില്ല. നായകനും കൂട്ടുകാരും തമ്മിൽ നടക്കുന്ന ഹാസ്യ സംഭാഷണങ്ങളിലൂടെ ആണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. ഒറ്റക്കൊറ്റക്ക് ഓരോരുത്തരും സ്വന്തം ഭാഗങ്ങൾ നന്നായി ചെയ്‌തെങ്കിലും ഒരു ഹാസ്യ രംഗം പോലും കാണികളെ തൊടുന്നില്ല. ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ ഒറ്റക്കു പേറുന്ന, പ്രാരാബ്ധങ്ങൾക്ക് മുന്നിൽ പകച്ചു പോകുന്ന ഒരാളായി കാളിദാസ് ജയറാമിനെ ഒരിടത്തും തോന്നിയില്ല. ഐശ്വര്യ ലക്ഷ്മിയുടെ മെഹറുന്നിസ അവരുടെ തന്നെ മുൻകാല കഥാപാത്രങ്ങളുടെ തുടർച്ചയാണ്. ഗാന രംഗങ്ങളുടെ ചിത്രീകരണവും കണ്ടു മറന്ന നിരവധി പാട്ടുകളെ ഓർമിപ്പിച്ചു

നാല് ലോകകപ്പ് ഫുടബോൾ മത്സരങ്ങൾ, ഒരു റൊമാന്റിക് കോമഡിയുടെ സ്വഭാവം ഒക്കെ പേറുന്നുണ്ടെങ്കിലും വാർപ്പ് മാതൃകകൾക്ക് പുറകെ പോയി കാണികളെ വൈകാരികമായി തൊടാതെ പോയ ഒരു അനുഭവമായി തോന്നി അർജന്റീന ഫാൻസ്‌ കാട്ടുർകടവ്

Comments
Print Friendly, PDF & Email

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

You may also like