പൂമുഖം LITERATUREകഥ സൂക്ഷ്മദര്‍ശിനികള്‍

കഥാജാലകം എന്ന പ്രവാസി കഥാസമാഹാരത്തിൽ പ്രസിദ്ധീകരിച്ച കഥ പുന:പ്രസിദ്ധീകരിക്കുകയാണ് : സൂക്ഷ്മദര്‍ശിനികള്‍

 

“ഫോസിലുകൾക്ക് എത്ര വിജ്ഞാന കോശങ്ങളുണ്ട് ?”
ഗൗതമൻ ഗൗതമനോടു തന്നെ വീണ്ടും ചോദിച്ചു. എത്ര വിചിത്രമായ ചോദ്യം, അല്ലെ ?
സദാ സമയവും ഇത്തരം വിചിത്രമായ ചോദ്യങ്ങളിലേക്ക് നിവർത്തി വച്ചിരിക്കുന്ന ഒരു സൂക്ഷ്മദർശിനിയാണ് ഗൗതമൻ എന്നാണ്
ഈയിടെ അയാളെക്കുറിച്ച് അരുണ പറയാറുള്ളത്.
എന്നിട്ടും ഏതാണ്ട്, കഴിഞ്ഞ ഒന്നര വർഷത്തോളമായി നടന്നു വരുന്ന, തന്റെ ആർക്കിയോളജി പ്രൊജക്റ്റിനെക്കുറിച്ച്, അരുണ ഓരോ തവണ പറയുമ്പോളും ഗൌതമന്റെ മനസ്സിൽ ഈ ഒരു ചോദ്യം തന്നെ മിന്നലുണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. പെരുമ്പറ കൊട്ടിക്കൊണ്ടേയിരുന്നു.
കഴിഞ്ഞ ദിവസം അരുണ സൈറ്റിൽ നിന്നു കൊണ്ടുവന്ന കൂർത്തു മൂർത്ത എന്തോ ഒരു സംഗതിയാണ് (അവളുടെ ഭാഷയിൽ സാമ്പിൾസ്)
ഇപ്പോഴത്തെ പ്രകോപനം. ഗൗതമൻറെ സൂക്ഷ്മ ദർശിനിയിൽ അവ മൂർച്ചയേറിയ എതോ ഒരു പ്രത്യേകതരം പല്ലുകൾ പോലെ തോന്നിപ്പിച്ചത്രെ.

“അരുണ.., നോക്ക് , ഇതിനെന്തൊരു മൂർച്ചയാണ്…!
ഗൌതമൻ പതുക്കെ അരുണയുടെ കാതിൽ പറഞ്ഞു.
ഒരു ചോദ്യചിഹ്നത്തിൻറെ അർധാകൃതിയിൽ അരുണ തിരിഞ്ഞു നിന്നു.

“ഇതെന്തു തരം ജീവിയാണ് ? എനിക്ക് എന്തോ പിന്നെയും അസ്വസ്ഥത തോന്നുന്നു.”

“നിനക്കെന്താ വട്ടുണ്ടോ ഗൗതമാ ? ഇത് ഫോസിലല്ലേ ? എത്ര മൂർച്ചയുണ്ടെങ്കിലും നമുക്കെന്താ..? ”
അരുണയ്ക്ക് പതിവുപോലെ അരിശം വന്നിട്ടുണ്ടാകണം. ആ ചോദ്യം ശ്രദ്ധിച്ചോ ? എത്ര മൂർച്ചയുണ്ടെങ്കിലും ‘നമുക്ക്’ എന്താണെന്ന് !

“ഓഹ്…, ഈ കച്ചറ ലെൻസിലൂടെയാണോ പിന്നെയും നോക്കിക്കൊണ്ടിരിക്കുന്നത് ?”
അരുണ അയാളുടെ ലെൻസ് പിടിച്ചു വാങ്ങി, മേശവലിപ്പിലേക്കിട്ടു. സാമ്പിൾസ് വീണ്ടും ഗ്ലാസ്സ് ബോട്ടിലിൽ തിരിച്ചിട്ട് ബാഗിൽ വച്ചു.

ആർക്കിയോളജി വകുപ്പിൽ അരുണ ജോലിക്ക് ചേർന്നിട്ട് ഇപ്പോൾ നാലു വർഷമാകുന്നു.
എങ്കിലും ആദ്യമായിട്ടായിരുന്നു തങ്ങളുടെ നാട്ടിൽ തന്നെ അവൾക്ക് ഒരു പ്രോജക്റ്റ് വരുന്നത്.
വർഷങ്ങൾക്കു മുൻപ് എപ്പോഴോ തുടങ്ങി, ഇടയ്ക്കു നിന്നു പോയ ഒരു പ്രാക്തന ഖനനം, വീണ്ടും തുടങ്ങിയതാണ്.
എത്രയോ കാലങ്ങൾക്കു മുൻപുള്ള ഏതോ പുരാതന കഥകൾ ആ മണ്ണിൽ ഉറഞ്ഞു കിടക്കുന്നുണ്ടത്രെ.

ആവോ, ആർക്കറിയാം ? അതൊക്കെ അരുണയുടെ വിഷയങ്ങളാണ്. പക്ഷേ, ഗൌതമനെ ആകർഷിച്ചത് അതൊന്നുമായിരുന്നില്ല.
അങ്ങനൊരു സ്ഥലംമാറ്റം ഒത്തു വരാൻ, എത്രനാളുകളായി അയാൾ ആഗ്രഹിക്കുന്നുവെന്നോ ?
ഓരോ ചരിത്ര ശേഷിപ്പുകളും തേടി, സൈറ്റുകൾ മാറിമാറി നടക്കുന്നതിനിടയിൽ ആഴ്ച്ചയുടെ അവസാനം മാത്രമുള്ള അവളുടെ വരവും പോക്കും
അയാൾക്കും മകൾക്കും അത്രകണ്ട് മടുത്തു പോയിരുന്നു. ജോലികിട്ടിയ അന്നു മുതൽ തുടങ്ങിയതാണ്, അരുണയുടെ ആ അലച്ചിൽ.
ഇതിപ്പോൾ, നടന്നുപോലും പോകാവുന്നത്ര അടുത്താണ് അവളുടെ ഇപ്പോഴത്തെ പ്രൊജക്റ്റ് സൈറ്റ്.

പക്ഷെ, അലച്ചിലു തീർന്നപ്പോൾ തലവേദന മറ്റൊന്നാണ്.
അരുണ, എന്ന ആർക്കിയോളജിസ്റ്റ് അവളുടെ പ്രാക്തന ഖനന ഗലികളിലേക്ക്
വല്ലാതെ, വല്ലാതെ, വല്ലാതെ, അങ്ങ് ആണ്ടു പോകുന്നുവെന്നു ഗൗതമന് തോന്നിത്തുടങ്ങിയിട്ട് കുറച്ചായി.
പര്യവേഷണം പുരോഗമിക്കുംതോറും അരുണയുടെ ഉത്സാഹവും ആവേശവും കൂടിക്കൂടി വരുന്നു എന്നത്
എന്തുകൊണ്ടോ അയാൾക്കത്ര നിസാരമായി തോന്നിയില്ല. ഇതിനു മുൻപ്, ഇങ്ങനെയായിരുന്നില്ലല്ലോ.
പഴയ കപ്പലിൻറെ ഭാഗങ്ങളിലും മ്യുസിയം നവീകരിച്ചപ്പോൾ അവിടുണ്ടായിരുന്ന പുരാവസ്തുക്കളിലുമൊക്കെ നടന്ന ഗവേഷണങ്ങളെക്കുറിച്ച്,
വെറും ജോലിയെന്ന എല്ലാ മടുപ്പോടെയും അവൾ പറഞ്ഞത് അയാൾ ഓർക്കുന്നുണ്ട്.
“ഈ പഴയ കുപ്പിഭരണികളുടെയും മരക്കൊത്തുകളുടെയും കഷണങ്ങൾ ഇങ്ങനെ….” എന്ന മട്ടിൽ എന്തൊക്കെയോ.
പക്ഷെ, ഇത്തവണ അതങ്ങനല്ലല്ലോ എന്ന് ഗൌതമൻ ഓർത്തു, വിചാരപ്പെട്ടു, അസ്വസ്ഥനായി.

ഒരർത്ഥത്തിൽ, അയാളുടെ വിചാരപ്പെടൽ അസ്ഥാനത്തായിരുന്നുമില്ല.
തങ്ങളുടെ ജീവിത പരിസരത്തിൽത്തന്നെ ഒരു പൌരാണിക സംസ്കാരം ഒളിഞ്ഞു കിടക്കുന്നു എന്നത് കുറച്ചൊന്നുമല്ല, അരുണയെ ത്രസിപ്പിച്ചത്.
എത്രയോ കാലങ്ങൾക്കു മുൻപുള്ള ഏതോ ഒരു കാലത്തിൻറെ നീക്കിയിരിപ്പാണ്.
അതു കണ്ടെത്താനും പഠനം നടത്താനുമുള്ള അവസരമാണ് തനിക്കും കൂടി വന്നു ചേർന്നിരിക്കുന്നത്.
ഗവേഷണത്തെക്കുറിച്ചും മറ്റും നാട്ടുകാരിൽ പലരും വന്നു തിരക്കുമ്പോൾ, വെറുതേ തോന്നിത്തുടങ്ങിയ ഒരു വെറും അഭിമാനമായിരുന്നു ആദ്യം.
ഇപ്പോൾ പക്ഷെ, ആ അഭിമാനം വല്ലാതെ വളർന്നപോലെ.
മുൻപെങ്ങും ഇല്ലാത്തവിധം അങ്ങേയറ്റം ആത്മാർത്ഥമായി, പരിപൂർണ്ണ സമർപ്പണ ഭാവത്തോടെയാണ് അരുണയിപ്പോൾ ജോലി ചെയ്യുന്നത്.
‘നാഗവല്ലിയുടെ ആടയാഭരണങ്ങൾ കണ്ടെടുത്ത ഗംഗ’യെ പോലെയെന്ന് ആദ്യമൊക്കെ ഗൗതമൻ അവളെ കളിയാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ കളി കാര്യമായ മട്ടാണ്. പുതിയ പദ്ധതി ഏതാണ്ട് ഒരു ലഹരി പോലെയാണ് അരുണയെ ബാധിച്ചിരിക്കുന്നത്.
ചില ദിവസങ്ങളിൽ, കുഴിച്ചെടുക്കുന്ന എന്തൊക്കെയോ വസ്തുക്കൾ അവൾ വീട്ടിൽ കൊണ്ടുവന്നു പരിശോധിക്കാനും റിപ്പോർട്ടുകൾ തയ്യാറാക്കാനും തുടങ്ങി.

“വട്ടത്തിലും നീളത്തിലും ചതുരത്തിലുമൊക്കെ ഇതിപ്പോ കുറേയായല്ലോ. എന്താ സംഭവം ?”

“ഉം.., പഴയ പോലെയല്ല കേട്ടോ.., ഇതൊരു സംഭവം തന്നെയാ..” അരുണ നിറഞ്ഞു തുളുമ്പുകയാണ്.
“ഈ പ്രോജെക്റ്റോടു കൂടി നമ്മുടെ നാട് തന്നെ മാറുമെന്നാ തോന്നുന്നേ. അങ്ങനെയാ മൂർത്തി സാറും പറയുന്നത്.
മറ്റേതോ ഒരു ലോകം തന്നെയാ മണ്ണിനടിയിൽ ഉള്ളത്.”

“മറ്റേതോ ലോകമല്ല, ട്ടോ.., ഈ ലോകത്തിന്റെ തന്നെ, കഴിഞ്ഞുപോയ ചില കാലങ്ങളാണ്,
ഇങ്ങനെ പുരാവസ്തുക്കളായി മണ്ണിനടിയിൽ നിന്ന് ഖനനം ചെയ്യുന്നത്, തെറ്റരുത്.. ട്ടോ ” അടുത്തിരുന്ന മകൾക്ക്‌ അയാൾ തിരുത്തിക്കൊടുത്തു.
(നോക്കണം, അയാൾ ഭാര്യയെ തിരുത്തുന്നില്ല.)
ചിത്രപുസ്തകം നോക്കുകയായിരുന്ന ആറുവയസ്സുകാരി അമ്മയ്ക്കു നേരെ അതിശയക്കണ്ണെറിഞ്ഞത് ഗൗതമൻ ശ്രദ്ധിച്ചിരുന്നു.

“എന്തിനാച്ഛാ ഇതൊക്കെ കുഴിച്ചെടുക്കുന്നെ ?”

“ചരിത്രം മനസ്സിലാക്കാൻ…! കഴിഞ്ഞ കാലങ്ങളിൽ മനുഷ്യർ എന്തൊക്കെ, എങ്ങനൊക്കെ ചെയ്തു, ചെയ്തില്ല, എന്നറിയാൻ..
എന്നാലല്ലേ, ഇനി എന്തൊക്കെ, എങ്ങനൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് നമുക്ക് തിരിച്ചറിയാനാകുള്ളൂ..? അത്രേള്ളൂ കാര്യം..”
അയാൾ തൻ്റെ ലെൻസെടുത്ത് മകളുടെ കയ്യിൽ ശ്രദ്ധയോടെ പിടിപ്പിച്ചു.
“പക്ഷെ, അതു സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വലിയ ഒരു കാര്യാണ്, താനും ”

നേരു പറഞ്ഞാൽ, ആർക്കിയോളജി, ചരിത്രം, ഗവേഷണ പഠനങ്ങളോടൊക്കെ അരുണയെക്കാൾ താത്പര്യം ഗൗതമനായിരുന്നു, ഇപ്പോഴും ആണ്.
ചരിത്രത്തിൽ മാസ്റ്റർ ബിരുദവുമായി തൊഴിൽ തേടുന്ന കാലത്ത് ഇടത്താവളമായി,
ട്യൂട്ടോറിയൽ കോളേജിൽ ചരിത്രാധ്യാപകനായി ചേർന്നതും ഇതേ ഇഷ്ടം കൊണ്ടുതന്നെ.
പിന്നീട്, പിഎസ്‌സി കോച്ചിങ് സെന്ററിൽ അരുണയുടെ അധ്യാപകനായിരുന്ന പ്രണയകാലത്ത്,
ഗൗതമൻ തന്നെയാണ് ആ ഇഷ്ടം കുറേശ്ശേ അരുണയ്ക്ക് കൈമാറിയത്.
ജോലി കിട്ടുകയെന്ന ലക്ഷ്യം മുന്നിറുത്തി അരുണയത് സർവ്വാത്മനാ ഏറ്റെടുക്കുകയും ചെയ്തു.
പക്ഷെ, ഇപ്പോൾ അവൾ കാണിക്കുന്നത് ചരിത്രപഠനത്തോടുള്ള താല്പര്യമല്ല എന്ന്, ഗൗതമനു നന്നായി മനസിലാവുന്നുണ്ട്.
അത് പ്രത്യേകമായി ആ പ്രോജെക്റ്റിന്റെ പിൻകഥയോടുള്ള എന്തോ ഒരുതരം താല്പര്യമാണ്.
(എന്ത് ?! ന്ഹാ.., സൈക്കോസിസിൻറെ ഏതൊക്കെയോ അവസ്ഥാന്തരങ്ങൾ എന്നാവും.)

ഖനികളിൽ നിന്ന് ഓരോ തവണയും പുതിയ ശേഷിപ്പുകൾ കിട്ടുമ്പോൾ,
അതിനനുസരിച്ചുള്ള പലതരം സൂക്ഷ്മ ദർശിനികളും അവൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയിരുന്നു.
നേരത്തെയൊക്കെ, ഗൗതമൻറെ ഒറ്റക്കണ്ണൻ ലെൻസ് തന്നെയാണ് അരുണയും ഉപയോഗിച്ചിരുന്നത്.
ബിരുദാനന്തര പഠനത്തിന് ചേരുന്ന കാലത്താണ് ആ ഒറ്റ ലെൻസ് അയാൾക്ക് കിട്ടുന്നത്.
ഗൗതമനെ എഴുത്തുകളരിയിൽ അക്ഷരമെഴുതിച്ച വിശാലാശാട്ടി, അയാൾക്ക് സമ്മാനമായി കൊടുത്തതാണ് അത്.
ഇപ്പോൾ പക്ഷെ, അരുണയ്ക്ക് അതു പോരാതെയായി. ഗൗതമൻറെ ലെൻസ് അവൾ ഉപയോഗിക്കാറേയില്ല.

“എന്തിനാണച്ഛാ.., അമ്മയ്ക്ക് ഇത്രയും microscopic lenses ?”
ഗൗതമൻ ഒന്നും മിണ്ടാതെ, അരുണയെ നോക്കി, ‘ഉത്തരം തനിക്കുകൂടി പറഞ്ഞുതരൂ..,’ എന്ന് ദ്യോതിപ്പിച്ചു.
“വാ…, കാണിച്ചു തരാം,” അരുണ മകളെ അരികിലേക്ക് വിളിച്ചു : “ഇതൊക്കെ ശരിക്കും കാണാൻ പറ്റണം. എന്നിട്ട് ഇതിൻറെ sketches എടുക്കണം.
objects ശരിക്കും കാണണമെങ്കിൽ ഓരോന്നിനും യോജിക്കുന്ന തരം lenses വേണം…”

“പക്ഷെ, അച്ഛന് ഈ ഒരൊറ്റ ലെൻസ് അല്ലെയുള്ളൂ…, എന്നിട്ടും എല്ലാം കാണുന്നുണ്ടല്ലോ.”

“ഓ… നിൻറെ അച്ഛൻ ബുദ്ധനല്ലേ ? കണ്ണടച്ചിരുന്നാ മതി.., എല്ലാം കാണും.”

ഗൗതമൻ ഊറിച്ചിരിച്ചു. “ഒരുപാട് ലെൻസുള്ളതാണ് നിൻറെ അമ്മയുടെ കുഴപ്പം. അതുകൊണ്ടുമാത്രം എന്താ കാര്യം ?
ഏതൊക്കെ ലെൻസാണ്, എവിടെയൊക്കെയാണ് ഉപയോഗിക്കേണ്ടതെന്നു ശരിക്കും അറിയകൂടി വേണംട്ടോ…”

“അതെയതെ.. എനിക്കൊന്നും അറിയാതെയാണല്ലോ, ഇത്ര വേഗം ഞാൻ സീനിയർ അസിസ്റ്റൻറ് ആയത്.” അരുണ കെറുവിച്ചു.

അത് നേരായിരുന്നു. അരുണയുടെ അർപ്പണബോധവും ജോലിയിലെ കൃത്യതയും സൈറ്റിൽ എല്ലാവരിലും മതിപ്പുണ്ടാക്കിയിരുന്നു.
അരുണയുടെ ഓഫീസർ മൂർത്തിയാണെങ്കിൽ, അവളുടെ dedication നെക്കുറിച്ചു എല്ലാവരോടും വാനോളം പുകഴ്ത്തുകയും ചെയ്യും.

പല ദിവസങ്ങളിലും അർദ്ധരാത്രിയും ഉറങ്ങാതിരുന്ന് അരുണ സാമ്പിൾസ് പരിശോധിച്ചു, മെഷർമെൻറ്സ് എടുത്തു, സ്കെട്ച്ചുകൾ ഉണ്ടാക്കി,
റിപ്പോർട്ടുകൾ തയ്യാറാക്കി, ചിലപ്പോൾ, വിനോദിന് അവ മെയിലിൽ അയച്ചു കൊടുത്ത്, അയാളെ ശല്യപ്പെടുത്തിക്കൊണ്ടുമിരുന്നു.
അരുണയുടെ സഹപ്രവർത്തകനാണ് വിനോദ്. അയാളാണ് അവളുടെ സ്കെട്ച്ചുകൾക്ക്, അനുസരിച്ച് ഏകദേശരൂപം വരച്ചു ചേർക്കുന്നയാൾ.
അരുണയെ പോലെതന്നെ, ഓഫീസിലെ മറ്റു പലരെയും പോലെതന്നെ, പര്യവേഷണത്തിൻറെ ലഹരിയിലേക്ക് അൽപ്പാൽപ്പമായി കൂപ്പുകുത്തിയവൻ.

“പക്ഷെ, അരുണ.., നിനക്കെന്നല്ല, ആർക്കും തെറ്റാവുന്നതേയുള്ളൂ.., കാഴ്ച്ചകളുടെ ഈ മായകൾ.”

ഗൗതമനു അത് ഒന്ന് ഉറക്കെപ്പറയാമായിരുന്നു. ചെയ്തില്ല.
നിശ്ശബ്ദമെന്നു തോന്നിപ്പിക്കുന്ന, ശബ്ദായമാനമായ അയാളുടെ മൗനങ്ങളെ നേരത്തെയൊക്കെ അരുണ കൃത്യമായി കേട്ടെടുത്തിരുന്നു.
പക്ഷെ, കാഴ്ചകളിൽ നിന്ന് ഗൗതമൻറെ സൂക്ഷ്മ ദർശിനിയെ വിട്ടൊഴിഞ്ഞപോലെ, അവൾ അവളുടെ ശ്രവണമാനങ്ങളെയും പുതുക്കിക്കഴിഞ്ഞിരുന്നുവല്ലോ. അതുകൊണ്ടാണ്.., ഗൗതമനു അത് ഒന്ന് ഉറക്കെപ്പറയാമായിരുന്നു. പക്ഷെ, ചെയ്തില്ല.
അശ്രദ്ധമായല്ല, ശ്രദ്ധാപൂർവ്വമെന്നപോൽ കടന്നുകൂടിയ ഇത്തരം ചെറിയ ചെറിയ വിട്ടൊഴിയലുകൾ ആണ്,
കാര്യങ്ങളെ വലിയ തോതിൽ മാറ്റി മറിക്കുന്നത് എന്ന് തിരിച്ചറിയാൻ, ഗൗതമന് ഏതായാലും ഒരുപാടൊന്നും കാത്തിരിക്കേണ്ടി വന്നില്ല.

ഈയടുത്ത് ഒരുദിവസം മാർക്കറ്റിൽ പോയപ്പോഴാണ്,
മത്സ്യക്കട കടന്നു പോയിട്ടും വെള്ളിനിറത്തിൽ വെട്ടിതിളങ്ങുന്ന അയലമീൻ അരുണ കണ്ടില്ലെന്നു തോന്നി, ഗൌതമൻ ചോദിച്ചു, “വാങ്ങുന്നില്ലേ…?”
അന്നേരം തൊട്ടിപ്പുറത്തെ പലചരക്കു കടയിൽ നിന്നും ലിസ്റ്റു നോക്കി സാധനങ്ങൾ തിരഞ്ഞ് എടുത്തു വയ്ക്കുകയായിരുന്നു അരുണ.
അയല പച്ചമാങ്ങയിട്ട് കറി വെയ്ക്കുന്നത് അരുണയുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട പാചക രീതികളിൽ ഒന്നാണ്.
അവളിൽ നിന്ന് ആ രുചിശീലം ഗൗതമനും മകളും പകർത്തെടുത്തിരുന്നു.
നന്നായി നോക്കി വാങ്ങാൻ ഗൗതമനു അറിയില്ലെന്ന് ആക്ഷേപിച്ച്, പലപ്പോഴും അരുണ തന്നെയാണ് മൽസ്യക്കടയിൽ മീൻ തിരഞ്ഞു നടന്നിരുന്നത്.
എന്നാൽ, പതിവില്ലാതെ അന്ന് അവൾ ആ ഭാഗത്തേക്ക് നോക്കിയതുപോലുമില്ലെന്ന് ഗൗതമൻ ശ്രദ്ധിച്ചു..

അയാളുടെ ചോദ്യം പ്രതീക്ഷിച്ചെന്ന പോലെ പെട്ടെന്ന് മറുപടി വന്നു.
“ഓ… വേണ്ടാ…”
ഒരു നിമിഷം എന്തോ ഓർത്തിട്ട് അവൾ തിരിഞ്ഞ്, വീണ്ടും പലചരക്കു ലിസ്റ്റിലേക്ക് മടങ്ങി നിന്നു.

തിരിച്ച്, വീട്ടിലേക്കു നടക്കുമ്പോൾ -നടക്കാവുന്ന ദൂരമേയുള്ളൂ- അരുണ പതിവില്ലാതെ നിശ്ശബ്ദയായിരുന്നു.
വീട്ടിലേക്കുള്ള ഇടവഴി കടക്കുമ്പോൾ, എന്തോ ആലോചിച്ച് ഉറപ്പിച്ചപോലെ അവൾ പറഞ്ഞു: “നമുക്കിനി വീട്ടിൽ നോൺ ഒന്നും വേണ്ട കേട്ടോ…”
ഗൗതമൻറെ ചിന്തകൾക്ക് അറിയാതെ വേഗം കൂടി, അന്നേരം അയാളുടെ കാലുകൾ സാവധാനമായി, പതുക്കെ നിശ്ചലവുമായി.

അയാളുടെ ഭാവമാറ്റത്തെ അറിഞ്ഞുതന്നെ, തിരിഞ്ഞു നോക്കാതെ അരുണ തുടർന്നു
“അറിയാമോ ? ഈ ദേശത്തിന് നമുക്കറിയാത്ത ഒരുപാട് പാരമ്പര്യമുണ്ട്.” ഇത്തവണ തൻറെ ദേഹമാസകലവും നിശ്ചലമാകുന്നപോലെ ഗൗതമനു തോന്നി.
“നമുക്കറിയാഞ്ഞിട്ടാണ് ഗൗതമാ.., അരുണ ആവർത്തിച്ചു:
“അല്ലെങ്കിൽ നമ്മൾ ഇതുവരെയും അറിയാൻ ശ്രമിച്ചില്ല. ഇപ്പൊ ഞാൻ തന്നെ, ഈ പ്രോജെക്ടിൽ വർക്ക് ചെയ്യുന്നതുകൊണ്ട് അറിയുന്നു.
ഇതൊന്നും അറിയാത്തവരല്ലേ ഇവിടത്തെ കൂടുതൽ പേരും ? അതുകൊണ്ടല്ലെ….,
അല്ല., അറിഞ്ഞാൽ തന്നെ ആരെങ്കിലും മനസ്സിലാക്കുമോ ?
ഈ മനുഷ്യരൊക്കെ എന്താ ഇങ്ങനെ ? അല്ലെ ഗൗതമാ ?”

ഒന്ന് നിർത്തി ശബ്ദമൊതുക്കി അരുണ തുടർന്നു.
“കാര്യങ്ങല്ലാം നാട്ടുകാർക്കു വിശദീകരിച്ചു കൊടുക്കാൻ വേണ്ടി ഒരു സെമിനാർ നടത്താൻ മൂർത്തി സാർ ഉദ്ദേശിക്കുന്നുണ്ട്.
ഇതൊക്കെ അറിവുള്ളവർ പറഞ്ഞുകൊടുത്തല്ലേ പറ്റൂ..”

“നിങ്ങൾ എന്തുചെയ്യാൻ പോകുന്നു ?” ഇത്തവണ ഗൗതമൻ ഒച്ചയുയർത്തിയാണ് അത് ചോദിച്ചത്.
കാര്യങ്ങൾ ഉച്ചത്തിൽ ചോദിയ്ക്കാൻ താൻ വൈകിപ്പോയോ എന്നൊരു ആളൽ അയാളുടെ ശബ്ദത്തിൽ ചിന്നിച്ചിതറി.
അരുണ ഒന്നും മിണ്ടിയില്ല. നേരെ മുറ്റത്തു കടന്ന്, തിണ്ണയ്ക്കരികിലുള്ള പൈപ്പുതുറന്ന് ശ്രദ്ധാപൂർവം കാലും കയ്യും മുഖവും കഴുകി.

“മൂർത്തി സാർ സർക്കാർ തലത്തിലും നീങ്ങുന്നുണ്ട്.
ഒന്നുകൂടി പറയാം.., പണ്ട്, ഇവിടം ദേശത്തെ കുലദേവതയുടെ പ്രഭവസ്ഥാനമായിരുന്നത്രേ… ”

“ഏതു കുലദേവത ?” ഗൗതമൻ പിന്നെയും തളർന്നു.., പിന്നെയും ശബ്ദമുയർത്തി.

അരുണാ.., നമ്മൾ ഏതു കാലത്തു നിന്ന് ഏതു കാലത്തെക്കാണ് പോകുന്നത് ?,
നമ്മെ കടന്നു പോയവയെ അതിൻ്റെ വഴിക്കു വിടൂ.., നമുക്ക് വരും കാലത്തേക്കാണ് പോകേണ്ടത് ”

“അരുത് ഗൗതമാ, ഇങ്ങനൊന്നും പറയരുത്.
എത്ര മഹത്തരമായ ഒരിടത്താണ്, ഔന്നിത്യമാർന്ന മണ്ണിലാണ് നമ്മുടെ വീടും ഉള്ളത് എന്ന് നമുക്ക് അംഗീകരിച്ചേ പറ്റൂ ഗൗതമാ…
അതിൻറെ പാവനത നമ്മളായിട്ട്…”

അന്നേരം, അരുണയുടെ മുഖഭാവം, അരുണയുടെതായിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്ച്ച, ടിവിയിൽ ‘നരസിംഹം’ സിനിമ കണ്ടു കയ്യടിച്ച ആരാധികയുടെതായിരുന്നുവെന്ന് ഗൗതമനു തോന്നി.
പണ്ടെപ്പോഴോ ടിവിയിൽത്തന്നെ ഈ സിനിമ കണ്ടപ്പോൾ ഇന്ദുചൂഢനെ ‘ഫ്യുഡൽ തെമ്മാടി’ എന്ന് വിളിച്ച അന്നത്തെ ആ അരുണ,
ഗൌതമന്റെ ബോധത്തിൽ ഇരുന്ന് പിന്നെയും ചൂളി.

“ഇന്ദുചൂഢനും ഭരതനും തമ്മിലുള്ള ബന്ധം സൌഹൃദമാണെന്ന് നമുക്ക് തോന്നുന്നു.
പക്ഷെ, ഇന്ദുചൂഢനു വേണ്ടി തല്ലാനും കൊല്ലാനും ചാവാനുമുള്ള ചാവേറു മാത്രമാണ് ഭരതൻ എന്ന് എപ്പോഴോ നമ്മൾ ചിന്തിക്കാൻ തുടങ്ങുമ്പോഴേക്കും, അമാനുഷനായി വളരുന്ന ഇന്ദുചൂഢനിലേക്ക് നമ്മുടെ ശ്രദ്ധ പിന്നെയും പാളി പോകും. അതാണ് ആ ആഢ്യ മുതലാളിത്തത്തിൻറെ മാന്ത്രിക തന്ത്രം.”
വളരെ ആധികാരികമെന്നപോൽ ഇത്രയും കൂടി അന്നത്തെ അരുണയ്ക്ക് പറയാനുണ്ടായിരുന്നുവെന്നും ഗൗതമൻ ഓർക്കുന്നുണ്ട്. ആ അരുണ എവിടെ ?

അതൊക്കെപ്പോട്ടെ, കാലക്രമത്തിൽ സ്വാഭാവികമായ മാറ്റങ്ങൾ ആർക്കും ഉണ്ടായേക്കാമെന്ന് ആരെയും നമുക്ക് ന്യായീകരിക്കാം.
പക്ഷെ, പര്യവേഷണ ശേഷയായ പുതിയ അരുണയ്ക്ക്, പുതിയ കാഴ്ച്ചകൾ, പുതിയ കേൾവികൾ, പുതിയ ശബ്ദം, പുതിയ ഭാവം, പുതിയ രൂപം പോലുമെന്ന്
ഗൗതമനു മാത്രം അനുഭവപ്പെട്ടു. പിന്നെയും പിന്നെയും ദൃശ്യവും അദൃശ്യവുമായ പലതരം പരിഷ്ക്കാരങ്ങൾ ജീവിതത്തിൽ സംഭവിച്ചു കൊണ്ടേയിരുന്നു.
ഗൗതമൻറെ സൂക്ഷ്മ ദർശിനി മാത്രം അവയ്ക്കുനേരെ നോട്ടമെറിഞ്ഞു.

പുതിയ പദ്ധതിയെക്കുറിച്ചും അവിടെ വരാൻ പോകുന്ന സ്മാരകത്തെക്കുറിച്ചും മൂർത്തി സാറിൻറെ നേതൃത്വത്തിൽ നടന്ന സെമിനാറിന് ശേഷം,
നാട്ടുകാരൊക്കെ വലിയ താൽപര്യത്തിലും ബഹുമാനത്തിലുമാണ് അരുണയോട് ഇടപെടുന്നത്.
ഗൗതമനാകട്ടെ, “ഓരോ സംസ്കാരങ്ങളിലും പ്രധാനമായും ഉള്ളത്, അധികാരവും അടിച്ചമർത്തപ്പെട്ടവരും തമ്മിലുള്ള അതിജീവനത്തിന്റെ രേഖപ്പെടുത്തലുകളാണ്, മറക്കരുത് ” എന്ന് അവസരം കിട്ടുമ്പോഴൊക്കെ അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പിറുപിറുക്കാൻ തുടങ്ങി.
അന്നൊരിക്കൽ അരുണ കൊണ്ടുവന്ന ആ കൂർത്തുമൂർത്ത പല്ലുകൾ അയാളുടെ ആലോചനകളിൽ പലപ്പോഴും അത്രയേറെ കുത്തിക്കൊള്ളുന്നുണ്ടായിരുന്നു.
ലഭ്യമായ ഏതു വിജ്ഞാന കോശത്തിൽ പരതിയിട്ടും അവയുടെ വിശദാംശങ്ങൾ കണ്ടെടുക്കാൻ ഗൗതമനു കഴിഞ്ഞിരുന്നില്ലല്ലോ.

അന്ന് വീട്ടിൽ തിരിച്ചെത്തുമ്പോൾ അരുണയുടെ ഭാവം ഏറെ ഗൗരവപ്പെട്ടാണ് കണ്ടത്.
“ശ്..ശ്.. ഗൗതമാ.. ഇത് വല്ലാത്ത ഒരിടം തന്നെ. നിക്ക് പേടിയായിത്തുടങ്ങി.”
“എന്തേയ് ?”
“നിശ്ചയമായും വലിയ ശക്തിയുള്ള പ്രതിഷ്ഠകൾ ഉണ്ടായിരുന്നിടം തന്നെയാണെന്നാ തോന്നുന്നത്. മൂർത്തി സാറും അതുതന്നെ പറയുന്നു.”
അരുണ എന്താണ് പറഞ്ഞുവരുന്നതെന്ന് ഗൗതമന് ഇപ്പോൾ ഊഹിക്കാറാവുന്നു.

‘അരുണാ.., പ്രിയപ്പെട്ടവളേ.., നിൻറെ ബോധത്തിന് ഇത്രേം തകരാറു പറ്റിയോ ?’ എന്നാണു ചോദിക്കാൻ തോന്നിയത്. പക്ഷെ,
“തെളിച്ച് പറയ് ” എന്ന ഏറ്റവും പ്രതീക്ഷിതവും അനാവശ്യവുമായ ആ വാചകം തന്നെ ഗൗതമൻ പറഞ്ഞുവച്ചു.

“ചെറിയ കുട്ടിയുടേത് എന്ന് തോന്നിക്കുന്നതടക്കം ചില മനുഷ്യാവശിഷ്ടങ്ങളും കിട്ടിയിട്ടുണ്ട്.”
“അതുകൊണ്ട് ?”
ആ ചോദ്യം കേൾക്കാതെ അരുണ ശബ്ദമടക്കി വീണ്ടും പറഞ്ഞു,
“വിചിത്രമായ മരണങ്ങളത്രേ… ഇന്ന് കിട്ടിയത് ഗള ഛേദം സംഭവിച്ച ഒരു പെൺകുട്ടി എന്നാ വിനോദ് പറഞ്ഞത്.
പക്ഷെ, കൂർത്തുമൂർത്ത എന്തോ ഉപയോഗിച്ചാണ്.. എന്തോ കടിച്ചു മുറിച്ചപോലെ…,”

മുൻപ് പലപ്പോഴുമെന്ന പോലെ, ശബ്ദമില്ലാത്ത അസംഖ്യം മിന്നല്പിണരുകൾ പിന്നെയും ഗൗതമന്റെ തലച്ചോറുകളെ ചൂഴ്ന്നു പാഞ്ഞുപോയി.
പക്ഷെ, ഇത്തവണ അവ ഗൗതമനെ കടന്ന്, അരുണയുടെ കഴുത്തിനെ തൊട്ട്, പൊടുന്നനെ മകൾക്കു നേരെ പായുന്ന പോലെ അയാൾക്ക് തോന്നി.
പെട്ടെന്ന് ഗൗതമൻ ശക്തിയിൽ തല കുടഞ്ഞു.

“എല്ലാ മരണങ്ങളും ഏതാണ്ട് ഒരുപോലെയെന്നാണ് മനസ്സിലാവുന്നത്.., പക്ഷെ, ഗൗതമാ.., എനിക്ക് മറ്റൊന്നുകൂടി തോന്നുന്നല്ലോ.., ”
അരുണയുടെ സ്വരം അപരിചിതമായി ചിലമ്പിച്ചു.

“കൂർത്തുമൂർത്ത പല്ലുകളാൽ പരസ്പരം കടിച്ചു മുറിച്ചപോലെ.., ഗൗതമാ… ”

“അരുണാ.., ചികഞ്ഞെടുക്കുന്ന കാലങ്ങളിൽ നിന്ന് ഇറങ്ങി വരുന്ന എല്ലാമൊന്നും പുന സ്ഥാപിക്കേണ്ടതല്ല.
നിൻറെ മൂർത്തിസാറിനോടും സംഘത്തോടും പറയൂ…” ഗൗതമൻ വല്ലാതെ കിതച്ചു.
“ഖനനം ചെയ്യുക മാത്രമല്ല, മനനം ചെയ്യാനും കഴിയുന്നവനാണ് മനുഷ്യൻ. അതുചെയ്യുകയും വേണം.” അരുണയ്ക്കതു മനസ്സിലായില്ല.
അല്ല, അവൾക്ക് മനസ്സിലായിട്ടുണ്ട്. പക്ഷെ, ആ തിരിച്ചറിവിലേക്ക് തിരിച്ചു നടക്കാൻ അരുണയ്ക്ക് ഇനി കഴിയുമോ എന്നാണ്.

സ്മാരകത്തിൻറെ ഉദ്ഘാടനത്തിനു ദിവസങ്ങൾക്ക് മുൻപ്, മൂർത്തി സാർ അവളെ വിളിപ്പിച്ചു.
“അരുണ, ഒരു പ്രധാന കാര്യമുണ്ട്. സ്മാരകത്തിലെ മുഖ്യ മന്ദിരത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് നിനക്കറിയാല്ലോ.
അതൊക്കെ സ്ഥാപിച്ചെടുക്കാൻ വേണ്ടി ഇത്രയും പരിശ്രമിച്ചവരാണ് നമ്മൾ.
ഏറ്റവും പവിത്രമായി അതിനെ നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. സോ..,”

മൂർത്തി ഇത്രയും ആമുഖം പറഞ്ഞു നിറുത്തിയത് എങ്ങോട്ടാണെന്ന് ഇപ്പോൾ അരുണയ്ക്കു മനസ്സിലാവുന്നു.
“ഇന്നത്തെ, ചടങ്ങോടെ, ഇനി ആ പരിസരങ്ങളിലേക്കു നിങ്ങളാരും കടക്കേണ്ട. കേട്ടോ…”
അരുണയ്ക്ക് ചിരി വന്നു. പക്ഷെ, അവളുടെ മുഖം അത് കൂട്ടാക്കിയില്ല.
അരുണയുടെ നിർവികാരതയ്ക്കും നിശ്ശബ്ദതയ്ക്കും മേലെ വീണ്ടും മൂർത്തിയുടെ വാക്കുകൾ തെറിച്ചു വീണു.

“അരുണാ.., സമൂഹത്തിനു നിലനിൽക്കാൻ ചില ചട്ടങ്ങളുണ്ട്. നമുക്കും അത് തുടരേണ്ടതുണ്ട്.” മൂർത്തി പറഞ്ഞു നിറുത്തി.
‘ഏതു സമൂഹത്തെക്കുറിച്ചാണ് നിങ്ങൾ പറയുന്നത് ?’ എന്ന് അരുണ പൊട്ടിത്തെറിച്ചില്ല.
താനില്ലാത്ത ഒരു സമൂഹത്തെക്കുറിച്ചാണ് അയാൾ പറയുന്നത് എന്ന് ഒച്ചവെച്ചേക്കാവുന്ന ഒരു അരുണയെ
ഏതോ മരുന്ന് കുത്തിവച്ച്, താൻ തന്നെ മയക്കി കിടത്തിയിരിക്കുന്നല്ലോ എന്ന് അന്നേരം മുതൽ അരുണ സ്വയം അസ്വസ്ഥപ്പെടാൻ തുടങ്ങി.

സ്മാരകത്തിൻറെ ഉദ്ഘാടനം ഒരു ഉത്സവം പോലെയാണ് സംഘടിപ്പിച്ചത്.
അവിടെ, മുഖ്യ മന്ദിരത്തിനു ചുറ്റുമായി നടത്തിയ പ്രദർശനം കാണാൻ, താല്പര്യമുള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യതാസമില്ലാതെ,
നാട്ടുകാർ ഒന്നടങ്കമെന്നവണ്ണം കൂടിയിരുന്നു. അരുണ, പ്രദർശന വേദിയുടെ ഓരത്തെ കൗണ്ടറിൽ തൻ്റെ ലാപ്ടോപ്പും ടാബും
വിവരണ ലഘുരേഖയുമൊക്കെയായി ഒതുങ്ങിക്കൂടി. അല്ലെങ്കിലും കഴിഞ്ഞ ചില ദിവസങ്ങളായി അവൾ വല്ലാതെ പിൻവലിഞ്ഞിരുന്നു.
കുടുംബത്തെയും കൊണ്ട്, പ്രദർശനം കാണാൻ, വിനോദ് പോയ്ക്കഴിഞ്ഞപ്പോഴാണ്
പ്രധാന മന്ദിരം ചുറ്റി വരുന്നവർക്കൊക്കെ എന്തോ പ്രത്യേകതയുള്ളപോലെ അരുണയ്ക്കു തോന്നിത്തുടങ്ങിയത്.
മകളെയും കൊണ്ട് പുറത്തുനിന്നു കളിക്കുകയായിരുന്ന ഗൗതമനെ അരുണ കൈകാട്ടി വിളിച്ചു.
“നമുക്കും കാണണ്ടേ.. ?” അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ അരുണ മകളുടെ കയ്യിൽ പിടിച്ച്, പതുക്കെ മുന്നോട്ടു നടന്നു.

പ്രദർശനത്തിലെ ഫോസിലുകളും അവയുടെ മാതൃകകളും, രേഖാചിത്രങ്ങളുമൊക്കെ ആദ്യം കാണുന്നപോലെ അരുണ നോക്കി നടന്നു.
ഒരു പക്ഷെ, ഇപ്പോഴാണല്ലോ തനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാവുന്നത് എന്ന് അവൾക്ക് പശ്ചാത്താപം തോന്നുന്നുണ്ടാവണം.
അതിനിടയിൽ വീണ്ടും, സ്മാരകത്തിൽ ആരാധന കണ്ടു കഴിഞ്ഞ്, പുറത്തേക്കു വരുന്ന ഓരോരുത്തർക്കും കൂർത്തുമൂർത്ത പല്ലുകൾ ഉള്ളതുപോലെ,
അവൾക്ക് അനുഭവപ്പെട്ടു. അരുണ അസ്വസ്ഥയായി പുറത്തേക്കിറങ്ങാൻ വെമ്പി.
അപ്പോഴാണ് വല്ലാത്തൊരു ഭാവത്തോടെ ഗൗതമൻ തൊട്ടപ്പുറത്ത് പ്രദർശനനിരയിലേക്ക് കൈ ചൂണ്ടിയത്.
കൂർത്തുമൂർത്ത പല്ലുകളാഴ്ന്ന്, കോർത്തുമുറിച്ച്‌, ഗളച്ഛേദം വന്ന പെൺകുട്ടിയുടെ ഫോസിൽ അവശിഷ്ടങ്ങൾ.
അവയ്‌ക്കരികിൽ ഒരു രേഖാചിത്രവുമുണ്ടായിരുന്നു.
വിനോദ് വരച്ചു ചേർത്തിരുന്ന അരുണയുടെ മകളുടെ ചിത്രം കണ്ട്, അരുണയും ഗൗതമനും ഒരുപോലെ തരിച്ചുനിന്നു.
അരുണയ്ക്കു നേരെ നിരർത്ഥകമായ നോട്ടമെറിഞ്ഞ്, മകളുടെ കയ്യിൽ പിടിമുറുക്കി ഗൗതമൻ ധൃതിയിൽ പുറത്തേക്കു നടന്നു.
അരുണ പിന്നാലെയും.
കുറച്ചു മുന്നിലായി, കൂടെയുള്ളവരോട് ഓരോന്നും വിശദീകരിച്ച് നടന്നു പോകുന്ന വിനോദിനെക്കണ്ടപ്പോൾ അരുണ ഒരു നിമിഷം പിന്നെയും നിന്നു.

“ഗൗതമാ.., ദാ, സൂക്ഷിച്ചു നോക്ക്.., വിനോദിൻറെ ചുണ്ടകൾക്കിടയിലൂടെ ദംഷ്‌ട്രകൾ ഉള്ളതുപോലെ..” അരുണയുടെ വാക്കുകൾ വിറച്ചു.
ഗൗതമൻ അത് പ്രതീക്ഷിച്ചപോലെ പോക്കറ്റിൽ നിന്ന് തൻ്റെ ലെൻസെടുത്തു നോക്കി.
വിനോദിൻറെ കോമ്പല്ലുകളുടെ കൊമ്പൻ തിളക്കത്തിൽ അസ്വസ്ഥപ്പെട്ട് അയാൾ അരുണയിലേക്കു തിരിഞ്ഞു.
അന്നേരമാണ് അരുണയുടെ ടാബിലെ ഡ്രോയിങ് അയാളുടെ ശ്രദ്ധയിൽ പെട്ടത്. ഗളച്ഛേദം വന്ന പെൺകുട്ടിയുടെ ഡ്രോയിങ് തന്നെ..
അരുണയുടെ ടാബിൽ അത് പക്ഷെ, വിനോദിൻറെ 7 വയസ്സുള്ള മകളുടെ ചിത്രമായിരുന്നു.

“അരുണ… നീയും… ?” ടാബ് അടച്ചുവച്ച്, അയാൾ അവളെ വലിച്ചു മാറ്റി നിറുത്തി, പതുക്കെ പറഞ്ഞു : “ഇതാണ് …, ഇതു തന്നെയാണ് കുഴപ്പം.
സ്വയം സുരക്ഷിതരാണെന്ന് വിചാരിച്ച് പരസ്പരം ഒറ്റുകാരാകുന്ന വിഡ്ഢികൾ. നീ ചിന്തിക്കുന്നതു തന്നെയാണ് വിനോദും ചിന്തിക്കുന്നത്.
അത് മനസ്സിലാവുന്നില്ലേ ?” ധൃതിയിൽ പുറത്തേക്കുള്ള വാതിൽ തേടി നടക്കുന്നതിനിടയിൽ അയാൾ പിന്നെയും പറഞ്ഞു.
“എല്ലാത്തരം മനുഷ്യരിലും അധീശത്വം ഉറങ്ങിക്കിടപ്പുണ്ട്. അവസരം കിട്ടുന്നപോലെ അവ പ്രയോഗത്തിൽ വരുത്തുന്നു എന്ന് മാത്രം.”
അരുണ നിശബ്ദമായി അയാളെ അനുഗമിച്ചു.
പേടിയോ, സങ്കടമോ, നിരാശയോ, കുറ്റബോധമോ എന്ന് തിരിച്ചറിയാനാവാത്ത എന്തോ ഒരു വികാരം അവളെ മൂടിയിരുന്നു.

എന്നിട്ടും, മുഖ്യ മന്ദിരത്തിൻറെ പുറത്തുനിന്നു അകത്തേക്ക് കാണുന്ന ഭാഗത്തു ഗൗതമൻ തറഞ്ഞു നിന്നുപോയി.
പോക്കറ്റിൽ നിന്ന് തൻ്റെ ലെൻസെടുത്തു. അകലത്ത്, മന്ദിരത്തിന് അകത്തായി കാണുന്ന രൂപത്തിലേക്ക് സൂക്ഷിച്ചു നോക്കി.

“അരുണ.., നോക്ക്…, ഇതതു തന്നെയാണ്. അതേ കൂർത്തുമൂർത്ത പല്ലുകൾ.., നിങ്ങൾ ആ ദേവതയുടെ രൂപത്തിൽ ചേർത്തിരിക്കുന്നതും അതുതന്നെ.”

ഗൗതമൻ പറഞ്ഞത് ശരിയായിരുന്നു. വല്ലാത്തൊരു ഭീകരതഭാവത്തോടെ കൂർത്തുമൂർത്ത പല്ലുകളുമായി ആ രൂപം അസാധാരണമായി ഉയർന്നു നിൽക്കുന്നു.
അപ്പോൾ മാത്രമാണ് അരുണ അതു ശ്രദ്ധിച്ചത്. അന്നൊരിക്കൽ, മുഖ്യമന്ദിരത്തിലേക്ക് ഇനി കയറേണ്ടതില്ല എന്ന് അറിയിപ്പ് കിട്ടിയ ശേഷം,
ആ ഭാഗത്തേക്ക് അരുണ കടന്നിട്ടേയില്ല. ആ ഭാഗത്തെന്നല്ല, പൊതുവെ, സ്മാരകത്തിൻറെ പരിസരത്തേക്കേ പോയിട്ടില്ല, എന്ന് പറയുന്നതാവും ശരി.

സ്മാരകത്തിലെ ആ അസാമാന്യ രൂപത്തിൽ നോട്ടമുടക്കിയതും അരുണയുടെ കണ്ണുകളിൽ കാഴ്ചകൾ തകിടം മറിഞ്ഞു.
ആ രൂപം അവളെ നോക്കി ആർത്തു ചിരിക്കുന്നപോലെ.
അന്നേരം കൂർത്തുമൂർത്ത ആ പല്ലുകൾ ചോരചുവപ്പിൽ തിളങ്ങുന്നുണ്ടെന്നും
അവിടമാകെ അസാമാന്യമായ ഒരു ചലനം അനുഭവപ്പെടുന്നുണ്ടെന്നും അവളറിഞ്ഞു.

“ഹോ…, എന്തൊരു പല്ല് ? ഇതിനെന്തൊരു മൂർച്ചയാണ്…”
ഗൌതമൻ ഉച്ചത്തിൽ പറഞ്ഞു.
അരുണ പെട്ടെന്ന് ഗൗതമൻറെ അടുത്തേക്ക് ഓടിയടുത്തു, വലംകൈ ചേർത്ത് അവന്റെ വായ് പൊത്തി.
“ഗൗതമാ.., ” അവൾ അവന്റെ കണ്ണിൽ നോക്കി കിതച്ചു. കാര്യങ്ങൾ വിചാരിച്ചതിലും വേഗത്തിൽ കുഴപ്പത്തിലായെന്നാണോ ?
മറ്റേതോ ജന്മത്തിൽ നിന്നും ജീവിതത്തിലേക്ക് എത്തിനോക്കുന്ന ഒരു ബലിമൃഗത്തിന്റെ പകച്ച നിസ്സഹായത, അരുണയുടെ കണ്ണുകളിൽ ഗൌതമൻ തിരിച്ചറിഞ്ഞു. അയാളുടെ നോട്ടമപ്പോൾ അവളെ അടിമുടി വായിച്ചെടുത്തു.
അന്നേരം, എവിടെനിന്നെന്നറിയാത്ത ഒരു ആൾക്കൂട്ടത്തിന്റെ ആരവം അടുത്തു വരുന്നുണ്ടായിരുന്നു.
പെട്ടെന്ന് അയാൾ മകളെ തോളിലേക്ക് തൂക്കിയിട്ടു. അപ്പോഴേക്കും അരുണ ഗൌതമന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഓടാൻ തുടങ്ങി.
എല്ലാ ദിക്കുകളിൽ നിന്നും ആളുകൾ ലക്ഷ്യമില്ലാതെ പാഞ്ഞു വരുന്നത് ഗൌതമൻ കണ്ടു.
അക്കൂട്ടത്തിൽ എല്ലാത്തരം ആളുകളുമുണ്ടെന്ന് ഗൗതമൻ തിരിച്ചറിഞ്ഞു.
അവർ പരസ്പരം അധിനിവേശമെന്നോ അതിജീവനമെന്നോ തമ്മിൽ തിരയാതെ, ആർത്തുവിളിച്ചു.
എങ്ങോട്ടുമല്ലാതെ പായുന്ന ആൾക്കൂട്ടങ്ങളിൽ, ഓരോ മുഖത്തു നിന്നും കൂർത്ത കോമ്പല്ലുകൾ ചോരയിറ്റിച്ചു നീണ്ടു വന്നുകൊണ്ടിരുന്നു.
അരുണ കുപ്പിയിൽ സൂക്ഷിച്ചിരുന്ന അതേതരം പല്ലുകൾ. സ്മാരകത്തിലെ പ്രതിഷ്ഠയിൽ ഉണ്ടായിരുന്ന അതേതരം പല്ലുകൾ.
ഗൗതമൻറെ സൂക്ഷ്മ ദർശിനിയിൽ മാത്രം തെളിഞ്ഞിരുന്ന അതേ കൂർത്ത മൂർച്ചകൾ.
ഇപ്പോൾ പക്ഷെ, അതു കാണാൻ സൂക്ഷ്മ ദർശിനികൾ ഒന്നും വേണ്ടാതായിരിക്കുന്നു.

Comments
Print Friendly, PDF & Email

You may also like