പൂമുഖം CINEMA പേരൻപ്

per 1

ലയാളി തമിഴ് പ്രേക്ഷകർ ഈയടുത്തു ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിൽ ഒന്നായിരുന്നു പേരൻപ്. രാം എന്ന നിരന്തര പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമ ആണ് എന്നതിനപ്പുറം 2015 മുതൽ ഉരുവം കൊണ്ട ഒരു സിനിമ ആണിത്. മമ്മൂട്ടി എന്ന നടനെ മനസ്സിൽ കണ്ടാണ് ഈ തിരക്കഥ എഴുതി പൂർത്തിയാക്കിയത് എന്നു രാം പലയിടങ്ങളിലും പറഞ്ഞതായി കേട്ടിട്ടുണ്ട്. 2016 ൽ മമ്മൂട്ടിയും സാധനയും ഒക്കെ ചേർന്ന ഫസ്റ്റ് ലുക് പോസ്റ്റർ വാർത്തകളിൽ ഇടം പിടിച്ചു. റാമിന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായ അഞ്ജലിയും ഒരു പ്രധാന വേഷത്തിൽ എത്തി. അഞ്ജലി അമീർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് സിനിമയിൽ ലീഡ് റോൾ ചെയ്യുന്ന ആദ്യ വ്യക്തി ആയതോടെ പേരൻപ് വീണ്ടും വാർത്തകളിൽ നിറഞ്ഞു. റോട്ടർഡാം അന്തർദേശിയ ചലച്ചിത്ര മേളയിൽ ആണ് സിനിമ ആദ്യമായി റിലീസ് ചെയ്യപ്പെട്ടത്. മമ്മൂടിയുടെ അഭിനയത്തെ ആ മേള നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചിട്ട് ഒരു വർഷമാകുന്നു. അതിനു ശേഷം ഷാങ്ഹായ് മേളയിലും ചിത്രം സമാനമായ അഭിപ്രായങ്ങൾ നേടി. . ട്രെയിലറിലെയും മറ്റും മമ്മൂട്ടിയുടെ അടുത്ത കാലത്തൊന്നും കാണാത്ത പ്രകടനം മുതൽ മാസങ്ങളായി സിനിമ വാർത്തകളിൽ നിറഞ്ഞു നിന്നു. റാമിന്റെ തന്നെ തങ്ക മീൻകളിലൂടെ ഇന്ത്യയൊന്നടങ്കം ശ്രദ്ധിച്ച പെൺകുട്ടിയായിരുന്നു സാധന. മമ്മൂട്ടിയുടെ മകളായി ഈ സിനിമയിലെ സാധനയുടെ പ്രകടനത്തെ പറ്റിയും ലോകത്താകമാനം വാർത്തകൾ വന്നു. ഇങ്ങനെ കാത്തിരിക്കാൻ അനന്തമായ കാരണങ്ങൾ തന്ന സിനിമയായിരുന്നു പേരൻപ്. ചില നീട്ടി വെക്കലുകൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ഫെബ്രുവരി ഒന്നിന് സിനിമ തീയറ്ററുകളിൽ എത്തി. ഇറങ്ങുന്നതിനു ദിവസങ്ങൾക്കു മുന്നേ ബുക്ക് ചെയ്യപ്പെട്ട ടിക്കറ്റുകളിലൂടെ പ്രതീക്ഷ വെറും ഓൺലൈൻ തള്ളല്ല എന്ന ബോധ്യവും ഉണ്ടായി

ഇവിടെ നിരന്തരം ചർച്ച ചെയ്യപ്പെട്ട പോലെ അമുദവനും (മമ്മൂട്ടി )മകൾ പാപ്പയും (സാധന )തമ്മിലുള്ള ബന്ധത്തിലൂടെയാണ് സിനിമ യാത്ര ചെയ്യുന്നത്. അമുദൻ പ്രവാസി ആയിരുന്നു. സിംഗിൾ പാരന്റ് ആയിരുന്നു. മകൾ പാപ്പയ്ക്ക് സ്പാസ്റ്റിസിറ്റി എന്ന കടുത്ത ശാരീരിക മാനസിക രോഗമുണ്ട്. മസിലുകളുടെ പ്രവർത്തന സംബന്ധമായ ഈ രോഗം പേറി ജീവിച്ചു മരിക്കുക എന്നതിനപ്പുറം സാധ്യമായ ചികിസ്തകൾ ഒന്നുമില്ല എന്ന സത്യവും പേറി അമുതവൻ അവളെ കൊണ്ട് നടത്തുന്ന യാത്രകൾ ആണ് പന്ത്രണ്ട് അദ്ധ്യങ്ങളിലായി സിനിമ പറയുന്നത്. സ്വന്തം എന്ന് കരുതിയ ഇടങ്ങളും ആളുകളും എല്ലാം അയാളോട് മുഖം തിരിക്കുന്നുണ്ട്. സ്വന്തം വീട്ടിൽ നിന്ന് അവളെയും കൊണ്ട് ‘മനുഷ്യരില്ലാ ഇടത്തേക്ക് , കുരുവികൾ മരിക്കാ ഇടത്തേക്ക് യാത്ര ചെയ്യാൻ അയാൾ നിർബന്ധിതാനാകുന്നു. കാരണം വീടും അതിനു ചുറ്റുമുള്ള ഇടവും അവളോട് അവളുടെ അലറി കരച്ചിലുകളോട് ഭീതി ഉണ്ടാക്കുന്ന നടത്തത്തോട് ഭാരമായേക്കാവുന്ന ശരീരത്തോട് ഒക്കെ കലഹത്തിലാണ്. കൊടൈക്കനാലിൽ പുഴക്കരയിൽ ഉള്ള ഒറ്റപ്പെട്ട വീട്ടിൽ തന്നോട് ഒട്ടും ഇണങ്ങാത്ത പാപ്പയുമായി അയാൾ താമസം തുടങ്ങുന്നു. പിന്നീട അങ്ങോട്ട് അവർക്കിടയിൽ വന്നു പോകുന്നവരും അവരുടെ യാത്രകളും നിസഹായതകളും ഒക്കെയാണ് പേരൻപ്. ഈ യാത്രകളിൽ പലരും അവരുടെ ജീവിതത്തിൽ മുറിവായും ചതിയായും സന്തോഷമായും ഒക്കെ പലരും കടന്നു പോകുന്നു. വിജയലക്ഷ്മി( അഞ്ജലി) മുതൽ മീര( അഞ്ജലി അമീർ ) വരെ അവരുടെ ജീവിതത്തിൽ വന്നു പോകുന്നവരും ഈ യാത്രയുടെ ഭാഗമാണ്. ആ യാത്ര തുടങ്ങി മനോഹരമായ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുമ്പോൾ സിനിമ തീരുന്നു. ഇതിനിടയിൽ അത്തരം രണ്ടു നിസഹായമായ ജീവിതങ്ങളിൽ സംഭവിക്കും എന്ന് നാം ഊഹിക്കുന്നതും അല്ലാത്തതും ആയ നിരവധി സംഭവങ്ങളിലൂടെ പേരൻപ് യാത്ര ചെയ്യുന്നു.

ഇവരുടെ ജീവിതത്തിന്റെ താളം എന്നും ഒന്നാണ്. ഇതിനിടയിൽ മാറി വരുന്നത് ഋതുക്കളും ആളുകളുമാണ്. വെയിലും മഴയും മഞ്ഞും തണുപ്പും കടലും ഒക്കെയാണ് ഇവർക്കൊപ്പം സ്ഥായിയായി ഉള്ളത്. അത് കൊണ്ട് തന്നെ പ്രകൃതിയോട് ചേർന്നുള്ള അമുതവന്റെ തിരിച്ചറിവുകളാണ് ഓരോ അധ്യായത്തിന്റെയും പേരുകൾ. ഇയർക്കൈ വെറുപ്പാനത് ,ഇയർക്കൈ അതിസയമാനത്, ഇയർക്കൈ കോട്ടൂരമാനത്, ഇയർക്കൈ അർപ്പുതമാനത്, ഇയർക്കൈ പുതിരാനത്, ഇയർക്കൈ ആപത്താനത്, ഇയർക്കൈ സുതന്ത്രമാനത്, ഇയർക്കൈ ഇറക്കമറ്റത്, ഇയർക്കൈ ദാഹമാനത്,ഇയർക്കൈ വിധികളറ്റത്, ഇയർക്കൈ മുടിവറ്റത്, ഇയർക്കൈ പേരൻപാനത് എന്നൊക്കെ മാറി മാറി അമുതവൻ അയാളുടെ ജീവിതമറിയുന്നു. ഓരോ തിരിച്ചറിവിനേയും സമയമെടുത്ത് പറഞ്ഞാണ് സംവിധായകൻ സിനിമയെ മുന്നോട്ട് നീക്കുന്നത്. സിനിമയുടെ ഓരോ ഘട്ടത്തിലും ഈ സമയം ശ്രദ്ധ മുറിഞ്ഞു പോകാത്ത കാഴ്ച ആവശ്യപ്പെടുന്നുണ്ട്. ലാഗ് എന്ന് പറയപ്പെടുന്ന നീളക്കൂടുതൽ നമ്മുടെ സാധാരണ കാഴ്ച ശീലങ്ങളിൽ ഉള്ള ഒന്നല്ല. നിരന്തരം പോപ്പുലർ സിനിമ കാണുന്നവരോട് സംവദിക്കാൻ ഈ നീളക്കൂടുതലിനു ആവുമോ എന്നറിയില്ല. സൂക്ഷ്മ ശ്രദ്ധയും ക്ഷമയും ഉള്ള കാണികൾക്ക്, സിനിമാ വിദ്യാർത്ഥികൾക്ക് ഒരു പാഠം പഠിക്കും പോലെ സിനിമയിലെ ഓരോ രംഗവും കാണാം. പലപ്പോഴും ഏകതാനമാണ് സിനിമയുടെ താളം. ഒറ്റ ദിശയിൽ ഒരേ താളത്തിൽ പതിഞ്ഞു ഒഴുകുന്ന പുഴ പോലെ ആണ് സിനിമ നീങ്ങുന്നത്. ഇടങ്ങളും ആളുകളും മാറുന്നതിനനുസരിച്ചു പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും വരുന്നില്ല. അമുതവന്റെയും പാപ്പയുടെയും ജീവിതം ഒരേ ഗതിയിൽ ആണ് മുന്നോട്ട് പോകുന്നുന്നത്. അത് കൊണ്ട് തന്നെ നിറങ്ങൾ നിറഞ്ഞ ഗതി വിഗതികൾ നിമിഷാർദ്ധം കൊണ്ട് മാറുന്ന നമ്മുടെ ജനപ്രിയ സിനിമാ സംസ്കാരത്തിൽ നിന്നുള്ള വലിയൊരു മാറ്റം സിനിമയിൽ ഉണ്ട്. റാമിന്റെ മുൻ സിനിമകൾ പോലെ തന്നെ കാണികളുടെ ക്ഷമ, സമയം തുടങ്ങിയ പോപ്പുലർ വിട്ടുവീഴ്ചകൾ അദ്ദേഹം പേരൻപിലും നടത്തിയിട്ടില്ല.

per 2

സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം മനുഷ്യത്വത്തിന്റേതാണ്. ഒരിക്കലും അമുതവൻ ഒരു സാധാരണ മനുഷ്യൻ അല്ലാതാവുന്നില്ല. ആ സാധാരണക്കാരന്റെ പൊതുബോധങ്ങളിൽ നിന്നും മൂല്യ ബോധ്യങ്ങളിൽ നിന്നും അയാളെ മുന്നോട്ട് നയിക്കുന്നത് അയാളുടെ അനുഭവങ്ങൾ ആണ്. തന്റെ മകൾക്കു കിട്ടാത്ത മനുഷ്യത്വവും പരിഗണനയും അയാൾ തനിക്ക് ചുറ്റുമുള്ള ലോകത്തിനു നൽകുന്നു. തന്നെ പറ്റിച്ചു പോകുന്നവരുടെ അവസ്ഥകളോട് അയാൾ അനുതാപമുള്ളവൻ ആകുന്നു. അത് കൊണ്ടാണ് മീര എന്ന ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളിയും ഒത്തുള്ള ജീവിതത്തിൽ അയാൾക്ക്‌ സ്വാസ്ഥ്യം കണ്ടെത്താൻ ആകുന്നത്. അതിലൂടെ ആണ് അയാൾ പ്രകൃതി വലിയ സ്നേഹമാണ് എന്ന തിരിച്ചറിവിൽ എത്തുന്നത്. പ്രകൃതി വെറുപ്പ് നിറഞ്ഞത് എന്ന തിരിച്ചറിവിൽ നിന്നാണ് പ്രകൃതി സ്നേഹം നിറഞ്ഞത് എന്ന തിരിച്ചറിവിലേക്ക് അയാൾ എത്തുന്നത്. ശരിക്കും ഈ തിരിച്ചറിവ് അന്വേഷിച്ചു തന്നെയാണ് അയാൾ യാത്ര തുടങ്ങിയത്. അവിടെ അയാൾ സ്വസ്ഥനാകുന്നു. പാപ്പയുടെ ജീവിതം അയാൾക്ക് ഏറ്റവും വലിയ ആശങ്ക ആവുമ്പോഴും അവൾക്ക് യാതൊരു തരം ആശങ്കകളും ഇല്ല. അവൾക്കു ചുറ്റുമുള്ളവർ അനുതാപപ്പെടുന്നുണ്ട്, കഷ്ടപ്പെടുതുന്നുണ്ട്..പക്ഷെ പാപ്പാ തന്റെ കൗമാരം ആസ്വദിക്കുന്നുണ്ട്. ഒതുക്കമില്ലാതെ അവൾ ഇടുന്ന നെയിൽ പോളിഷ് മുതൽ അവളുടെ കുതൂഹലങ്ങളെ സ്വാഭാവിക ജൈവ പരിണാമങ്ങൾ ഒക്കെ സിനിമയിൽ അതിശയോക്തികൾ ഇല്ലാതെ അവതരിപ്പിക്കുന്നു. കൊടൈക്കനാലിൽ അവർ രണ്ടു പേരും ചേർന്ന് നോക്കുന്ന കുതിരയുടെ പേരും നെയിൽ പോളിഷ് എന്നാണ്. ആർത്തവവും കാമവും ഒക്കെ ഏറ്റവും റിയാലിസ്റിക്ക് ആയി പറഞ്ഞ ഇന്ത്യൻ സിനിമകളിൽ ഒന്ന് കൂടിയാണ് പേരൻപ്. ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെ ഇത്തരം ഒരു രീതിയിൽ ചിത്രീകരിച്ച തെന്നിന്ത്യൻ സിനിമകൾ വളരെ കുറവാകും. വിജിയുടെ കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങളും ആ ഭാഗത്തുള്ള ചില രംഗങ്ങളും മാത്രമാണ് സിനിമയുടെ മൂഡിനോട് ഒട്ടും ചേരാതെ നിന്നതായി തോന്നിയത്. മൊത്തം സിനിമയുടെ ബാലൻസിനെ ചോദ്യം ചെയ്യുന്നത് അവരുടെ ചില സംഭാഷങ്ങളും അവർ ഒന്നിച്ചുള്ള ജീവിതവും ആണ്. സിനിമ തീരെ സ്വീകരിക്കാത്ത അതിഭാവുകത്വം അതിശയോക്തി ഒക്കെ ആ രംഗങ്ങളിൽ നിഴലിക്കുന്നുണ്ട്.

സിനിമ ഇറങ്ങിയത് മുതൽ മമ്മൂട്ടിയുടെ അഭിനയ മികവിനെ പുകഴ്ത്തിയുള്ള അഭിപ്രായങ്ങൾ കണ്ടു. ഒരു കാലത്തെ മലയാള സിനിമകൾ കണ്ട ആരും മമ്മൂട്ടി എന്ന നടനിൽ തെല്ലും സംശയാലുക്കൾ ആകാൻ സാധ്യത ഇല്ല. മമ്മൂട്ടി എന്ന താര പൗരുഷ ശരീരം ഇവിടെ ഈയടത്തു കൊണ്ടാടപ്പെട്ട വിധം കൂടിയാണ് പേരൻ പിൽ കാണികളെ ഇത്ര കണ്ടു കയ്യടിപ്പിച്ചത്. മമ്മൂട്ടി എന്ന നടൻ നമ്മളെ വിസ്മയിപ്പിച്ചിരുന്ന ഒരാളായിരുന്നു. പക്ഷെ വർഷങ്ങളായി സ്യൂട്ടും കൂളിംഗ് ഗ്ലാസും ഇട്ടു അയാൾ കഷ്ടപ്പെട്ട് നൃത്തം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇക്കയുടെ ലൂക്ക് എന്ന് മാത്രം പറഞ്ഞു മലയാള സിനിമ അയാളെ ഒരു കേവല മെഗാസ്റ്റാർ ആയി ചുരുക്കിയപ്പോൾ ആണ് രാം തനിയാവർത്തനം കണ്ട ഓർമയിൽ പേരൻപിൻറെ നിസ്സഹായ മുഖമായി അദ്ദേഹത്തെ ഓർക്കുന്നത്. സിനിമയിലെ ഒരു കഥാപാത്രം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ നദിയെ തേടിപ്പിടിച്ചു ആക്രമിക്കുന്ന ആൾക്കൂട്ടത്തെ ആരാധകർ എന്ന് വിളിക്കുന്ന മലയാളത്തിൽ ഇനി ഒരു തനിയാവർത്തനമോ ഭൂതക്കണ്ണാടിയോ ഉണ്ടാവില്ല എന്ന ഉറപ്പിനപ്പുറം ആണ് തമിഴ് നാട്ടിൽ സ്നേഹം നിറഞ്ഞ പേരൻപ് പിറക്കുന്നത്. ആ അത്ഭുതത്തിലാണ് കാണികൾ ഇപ്പോളും മമ്മൂട്ടി ഇത്ര നല്ല നടൻ ആണോ എന്ന് അത്ഭുതം കൂറുന്നത്. മമ്മൂട്ടി എന്നെ നല്ല നടൻ ആണ്. ഇടയ്ക്കു താരമായി ചുരുങ്ങേണ്ടി വന്ന നല്ല നടൻ. ആ നടന്റെ നല്ല തുടർച്ചയാണ് പേരൻപ്, ഒരുപാട് കാലത്തിനു ശേഷം കണ്ട നല്ല തുടർച്ച. സാധനയുടെ സിനിമ കൂടി ആണ് പേരൻപ്. ഒരു സിനിമയുടെ ആയുസുള്ള ഒരു കൗമാരക്കാരി ഇത്രയും ഭീകരമായ ഒരു വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിക്കുന്നത് അധികം കണ്ടിട്ടില്ല. എങ്ങനെയാണ് ഇങ്ങനെ ആകാൻ കഴിയുന്നത് എന്ന അത്ഭുതം അവശേഷിപ്പിച്ചാണ് സാധന സിനിമയുടെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നത്. സഹതാപം തോന്നുന്ന ഒരു കാർട്ടൂൺ രൂപമാകാതെ ശരീരത്തിന്റെയും മനസിന്റെയും വെല്ലുവിളികളെ ആവശ്യങ്ങളെ ഒക്കെ സൂക്ഷമമായി സാധന സ്‌ക്രീനിൽ എത്തിച്ചു. മമ്മൂട്ടിയുടെ ദശാബ്ദങ്ങൾ നീണ്ട വഴക്കങ്ങൾക്കൊപ്പ൦ അവൾ പതറാതെ പിടിച്ചു നിന്നു. അഞ്ജലി അമീർ ആദ്യ സിനിമയുടെ പകപ്പുകൾ ഒന്നുമില്ലാതെ സിനിമയിലെ സന്തോഷം നൽകുന്ന കാഴ്ച ആയി. അയ്യോ പാവം രംഗങ്ങൾ കൊണ്ട് അലങ്കോലം ആയേക്കാവുന്ന ഒരു കഥാപാത്രത്തെ വ്യക്തിത്വവും ആത്മാവും ഉള്ള അനുഭവമാക്കി അവർ മാറ്റി.

പേരൻപ് സ്നേഹത്തിന്റെ നിറഞ്ഞ ഇടങ്ങളെ പറ്റി തന്നെ ആണ് അവതരിപ്പിക്കുന്നത്. ആ ഇടങ്ങൾ ഒരു വ്യവസ്ഥാപിത സിനിമാ മാതൃക പിന്തുടരുന്ന കാണികളെ ഒരു പരിധിയിൽ അപ്പുറം പരിഗണിക്കുന്നില്ല. മമ്മൂട്ടി എന്ന താരത്തെ മറന്നു നടന്റെ പുറകെ പോകാൻ ശ്രമിക്കുന്ന ഒന്നാണ്. ഇത്തരം ബോധ്യങ്ങളെ സൂക്ഷ്മ കാഴ്ചയെ മുഴുവനായി നല്കാൻ പറ്റുന്നവരെ മാത്രം ആവശ്യപ്പെടുന്ന ഒരു സിനിമ കൂടിയാണിത്

Comments
Print Friendly, PDF & Email

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

You may also like