ലേഖനം

അധിനിവേശ വിരുദ്ധതയുടെ രാഷ്ട്രീയം കുഞ്ഞിരാമൻ നായർ കവിതകളിൽദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനം – മലയാള കവിതയിൽ

നാട്ടുരാജ്യങ്ങളെയും    ഉപസമൂഹങ്ങളെയും     കേന്ദ്രീകരിച്ച    ആദ്യകാല    കോളനി  വിരുദ്ധ  സമരങ്ങൾക്കുശേഷം    വരുന്ന   ദേശീയപ്രസ്ഥാനങ്ങളുടെ   രാഷ്ട്രീയമുന്നേറ്റത്തിൽ    സവർണ്ണഹൈന്ദവത    ഒരു പ്രധാനധാരയായിരുന്നു. പാശ്ചാത്യ   വിരുദ്ധതയോടൊപ്പം    ഒരുഭാഗത്ത്    കൊളോണിയൽ    ആധുനികതയോടുള്ള    തീർത്തും   യാഥാസ്ഥിതികമായ     എതിർപ്പും   വൈദേശിക മതങ്ങളോടുള്ള    മതാധിഷ്ഠിത    എതിർപ്പും    പ്രബലമായിരുന്നു.യൂറോപ്യൻ     ആധുനികചരിത്രബോധം  നൽകിയ     സുവർണ്ണകാലം, മുഗൾ    അധിനിവേശകാലം , ആധുനിക    കൊളോണിയൽ കാലം    എന്ന    വിഭജനം    തന്നെയായിരുന്നു   അവർക്കും പഥ്യം. എല്ലാതരം അധിനിവേശങ്ങളിൽനിന്നും    മുക്തമായി     ഏകശിലാത്മകവും    പൗരാണികവും    ആയ   ഒരു   ഹൈന്ദവ    സംസ്കാരത്തെയാണ്    ഭാരതീയ ബൃഹത്ത്    പാരമ്പര്യമായി അവർ അവരോധിച്ച്ത്. പുനഃസ്ഥാപിക്കാൻ  ശ്രമിച്ചതും  തീവ്ര ഹിന്ദുത്വം   തൊട്ട്  ദേശീയതയിൽ       ഇഴയിട്ടുനിൽക്കുന്ന      മൃദുഹൈന്ദവാദർശം  വരെ  പലതലങ്ങളിലായാണ്  ഈ     ദേശീയ ബോധം    പ്രവർത്തിച്ചത്.ഒരു രാഷ്ട്രീയ മുന്നേറ്റം    എന്നതിലുപരി     ഒരു അന്തർധാരയായി     ഇൻഡ്യൻ      ദേശീയപ്രസ്ഥാനത്തിന്    അത്     സവിശേഷ ദിശാബോധം    നൽകിയതായിക്കാണാം. ഗാന്ധിയൻ ദർശനം     അതിന്‍റെ     ഏറ്റവും     സാത്വികനിലയായി    വർത്തിച്ചു. സവർണ്ണമേലാളസമൂഹത്തിന്‍റെ     വർഗബോധം    ഈ ധാരയിൽ പ്രബലമായിരുന്നു   താനും.

ഗാന്ധിജിയുടെ    ബ്രിട്ടീഷ് വിരുദ്ധദേശീയതാമൂവ്മെന്റ്    ദേശത്തെ    സകലവിഭാഗങ്ങളിലെയും    പ്രതിരോധങ്ങളെ    സമഗ്രമായി   ഉൾക്കൊള്ളാൻ    ശ്രമിക്കവെത്തന്നെ 1920കളോടെ    ഹിന്ദു മഹാസഭയും മുസ്ലീം    ദേശീയവാദികളും    തങ്ങളുടേതായ    രീതിയിൽ    കരുത്തും    വ്യക്തിത്വവും    ആർജ്ജിക്കുന്നുണ്ട്. ഇന്ത്യാവിഭജനം   വരെയും സ്വാതന്ത്ര്യാനന്തരം    വർഗീയധ്രുവീകരണമായും    ഈ  മതധ്രുവീകരണം   വികസിച്ചുവന്നു.

ജനാധിപത്യം, മതനിരപേക്ഷം, പരിഷ്കരണോന്മുഖം, ആധുനികം ,വ്യാവസായികം, പൗരതുല്യത, നീതിന്യായാധിഷ്ഠിതം,  പുരോഗതി    എന്നിങ്ങനെ   ചില ആശയാവലികളിലോ     മൂല്യങ്ങളിലോ    അധിഷ്ഠിതമായ    ഒരു ഭരണകൂടവും    സാമൂഹ്യവ്യവസ്ഥയുമാണ്    ബ്രിട്ടീഷ് രാജ്    എന്ന    ഒരു    രീതി    ഉണ്ടാക്കിയും പ്രചരിപ്പിച്ചുമാണ്     ബ്രിട്ടീഷുകാർ    നിലനിന്നത്. നമ്മുടെ    ചക്രവർത്തീമംഗളശ്ലോകങ്ങളിൽ     മുഴുവൻ     ഇങ്ങനെ    ദൈവദത്തമായ    ഒരു     ഭരണകൂടമാണതെന്ന    ആശയം ആവർത്തിച്ചുറപ്പിക്കുന്നതു   കാണാം.

സവർണ്ണാധികാരത്തെ      നിർവീര്യമാക്കാനുള്ള    ശ്രമങ്ങൾ, പൊതു നിയമ -ആരോഗ്യ -വിദ്യാഭ്യാസ വ്യവസ്ഥ    എന്നിവയൊക്കെ     പിന്നാക്ക ജനതയെ സംബന്ധിച്ചിടത്തോളം     ജാതിജന്മി      നാടുവാഴിത്തത്തിന്‍റെ     ഇരുൾമൂടിയ    നൂറ്റാണ്ടുപാരമ്പര്യങ്ങളിൽ    നിന്നുള്ള    വെളിച്ചത്തിലേക്കുള്ള    തുറവിയായിരുന്നു. സാമുഹ്യാധികാരമോ    രാഷ്ട്രീയനിർണ്ണയാവകാശങ്ങളോ     ഇല്ലാതിരുന്ന     ആ    ഭൂരിപക്ഷ ജനതയ്ക്ക്    നഷ്ടങ്ങളല്ല     നേട്ടങ്ങളാണ്    അധിനിവേശകാലം    നൽകിയത്.

നമ്മുടെ      രാഷ്ട്രീയ    സാമൂഹ്യാധികാരഘടനയ്ക്ക്    ആദ്യമിളക്കം    തട്ടുന്നത്    മുസ്ലീം    ആക്രമണങ്ങളോടെയാണ്. കേരളത്തിൽ    അത്   പ്രകടമായത്   മൈസൂർ ആക്രമണത്തിലാണ്. കർഷകത്തൊഴിലാളികളായിരുന്ന     മുസ്ലീം    ജനസാമാന്യത്തിന്   മുഖ്യധാരയിലേക്കും   സാമൂഹ്യാധികാരത്തിലേക്കും     പ്രവേശനം കിട്ടുന്നത് ഈ അധിനിവേശത്തോടെയാണ്. മൈസൂറ്   ആക്രമണത്തിന്‍റെ    ഇരകളാവട്ടെ    ഹിന്ദുസവർണ്ണസമൂഹമായിരുന്നു. ഈ മേൽത്തട്ടുകാരായ    അധികാരിവർഗ്ഗം    കൂട്ടത്തോടെ തിരുവിതാം കൂറിലേക്ക്    അഭയാർത്ഥികളായി    പലായനം   ചെയ്യുന്ന   കാഴ്ച    മലബാറിന്‍റെ    സാമൂഹ്യഘടനയിൽ   വലിയ  വിള്ളൽ വീഴ്ത്തുകയുണ്ടായി. ബ്രാഹ്മണസംരക്ഷണം  ഏറ്റെടുത്ത    തിരുവിതാംകൂർ രാജാവ്    ഹിന്ദുസമുദായ     സംരക്ഷകനായ     ധർമ്മരാജയായി   മാറുന്നതും  ഇസ്ലാം  എന്ന അദർ  നമ്മുടെ സാമൂഹ്യബോധത്തിൽ   വേരുറയ്ക്കുന്നതും   ഇതോടെയാണ്. നമ്മുടെ  ചരിത്രത്തിലാദ്യമായി   ഒരു സവർണ്ണഹിന്ദു   മതരാഷ്ട്രീയ ബോധം   പ്രത്യക്ഷവ്യവഹാരത്തിലേക്ക്  വരുന്നത്  ഇതോടെയാണ്.  ഇസ്ലാമിനെ അദർ ആയി ഉറപ്പിച്ച് സവർണ്ണാധികാരത്തെ പ്രീണിപ്പെടുത്താനുള്ള ശ്രമം യൂറോപ്യന്മാർ തുടർന്നുവന്നിരുന്നുതാനും. സവർണ്ണാധികാരത്തോടൊപ്പം   ‘ക്രൂര മുഹമ്മദീയ’വാഴ്ചയോടുള്ള   വെറുപ്പും   അവർണ്ണചിന്തയിൽ   വേരാഴ്ത്തിയിട്ടുണ്ട്. ഈ   ഇരട്ടത്താപ്പ്   ഇൻഡ്യൻ  മതങ്ങളോടുള്ള സമീപനത്തിൽ   ബ്രിട്ടീഷുകാർ   എന്നും   നിലനിർത്തിപ്പോന്നു. ഒരേസമയം   അത് മതേതരം   എന്നും   ജാതിവിരുദ്ധം   എന്നുമുള്ള  പുറം പൂച്ച്   കാണിച്ചപ്പോൾ തന്നെ, ഹിന്ദു ലോ,  മുസ്ലീം ലോ   എന്നിങ്ങനെ   വേറെ   വേറേ   നിയമവ്യവസ്ഥകൾ   സൃഷ്ടിച്ചുകൊണ്ട്   പാരമ്പര്യസാമൂഹ്യവിഭജനത്തിന്‍റെ     ധൃഡീകരണത്തിനും   വഴിതെളിച്ചു   നമ്മുടെ നരവംശരേഖകളും    വംശീയമായാണ്   തയ്യാറാക്കപ്പെട്ടത്. വിഭജിച്ചുഭരിക്കുക   എന്ന   ബ്രിട്ടീഷ്    തന്ത്രമാണിതിൽ   പ്രവർത്തിച്ചത്. ഒന്നാം  സ്വാതന്ത്ര്യസമരത്തിൽ    കണ്ട ഹിന്ദു മുസ്ലീം   ഐക്യം   ദുർബ്ബലപ്പെടുത്താനുള്ള   ശ്രമങ്ങൾ   പിൽക്കാലത്ത്   അവർ   കൈക്കൊള്ളുന്നതു  കാണാം. 1920 കൾക്കു ശേഷം   കമ്യുണൽ സെക്റ്ററിൽനിന്നുള്ള   പല   ആവശ്യങ്ങളും   അംഗീകരിച്ചുകൊണ്ട്, പ്രത്യേകിച്ച്   മുസ്ലീം വിഭാഗങ്ങളുടെ   ,കോൺഗ്രസ്സിലെ   ദേശീയവാദികളിൽ  വിള്ളലുണ്ടാക്കാനും    കോൺഗ്രസ്സിനെ ദുർബ്ബലപ്പെടുത്താനും    ബ്രിട്ടീഷുകാർ    ശ്രമിക്കുന്നുണ്ട്. 1884  ൽ റിപ്പൺ   ഭരണപരിഷ്കാരങ്ങളിൽതുടങ്ങിയ    മുസ്ലീങ്ങളെ   പ്രത്യേക സ്വത്വമായിക്കണ്ട്    ഭരണമണ്ഡലങ്ങളിൽ    പ്രാതിനിധ്യം    ഉറപ്പിക്കുന്ന   രീതി   ഇതിനുദാഹരണമാണ്. 1943   മുതൽ   ഇന്ത്യാവിഭജനത്തിലേക്കെത്തുന്നതരത്തിൽ    മതവർഗീയതയെ ആളിക്കത്തിക്കാനുള്ള    ബ്രിട്ടീഷ്    ശ്രമങ്ങൾ    ത്വരിതപ്പെടുന്നതുകാണാം.മുസ്ലീങ്ങൾക്ക്    പ്രത്യേക ഇലക്ക്ട്രേറ്റ്    വേണമെന്ന    ആഗാഘാന്‍റെയും    മറ്റും    ആവശ്യത്തെ അംഗീകരിച്ചുകൊണ്ട്    ലോർഡ് മിന്റോ    പറയുന്നത്    ഇന്ത്യയിലെ    മത സാമുദായിക    സ്വത്വങ്ങളെ   വേറെവേറെയായി   പരിഗണിക്കാതെയുള്ള   പൊതു ഇലക്റ്റ്രേറ്റ് അസംബന്ധപൂർണ്ണമായിരിക്കും    എന്നാണ്.

1893 ൽ Mohammedan Anglo-Oriental Defense Association രൂപീകരിക്കപ്പെടുന്നത്    ആ രീതിയിലുള്ള    സാമുദായികധ്രുവീകരണത്തിന്‍റെ    തുടക്കമായിക്കാണാം. തുടക്കത്തിലെ ആന്‍ റി   മുസ്ലീം   എന്ന    ഇമേജ്    പതുക്കെ   ആന്റി ഹിന്ദു    എന്ന സ്വഭാവത്തിലേക്കവർ    മാറ്റുന്നതു   കാണാം. ഇതും    സവർണ്ണ ഹൈന്ദവദേശീയതാബോധത്തെ ഉറപ്പിക്കുന്നതിനു   സഹായകമായി. പ്രോ മുസ്ലീം നയം    പോലെ മറുഭാഗത്ത്    പ്രോ ഹിന്ദു നയവും അവർ തഞ്ചത്തിൽ നടപ്പാക്കുന്നുണ്ട്. 1911-ൽ ബംഗാൾ വീണ്ടും സംയോജിപ്പിച്ചു. മതപരമായ അടിസ്ഥാനം ഉപേക്ഷിച്ച് ഭാഷാടിസ്ഥാനത്തിൽ ഒരു പുതിയ വിഭജനം നിലവിൽ വന്നു.

ഇന്ത്യൻ ദേശീയതയ്ക്ക്   പുറത്തുതന്നെ    ഹിന്ദു ദേശീയത   എന്ന സങ്കല്പനം   പ്രസ്ഥാനാത്മകമായി    ശക്തിയാർജ്ജിക്കുകയും    ഇന്ത്യൻദേശീയപ്രസ്ഥാനങ്ങളിൽപ്പോലും അതിന്‍റെ    സ്വാധീനം     പ്രബലമായിത്തീർന്നത്    ഇതിന്‍റെ     സ്വാഭാവികതുടർച്ചയായിരുന്നു. പലപ്പോഴും   പര്യായത്വം    ആർജ്ജിക്കുകയും    ചെയ്തുകൊണ്ട്. വേർതിരിച്ചുമനസ്സിലാക്കാൻ    പറ്റാത്തവിധം     ഇവ    വ്യക്ത്യനുഭവങ്ങളിലും     ഭാവനയിലും    പോലും   കെട്ടുപിണഞ്ഞുകിടന്നിരുന്നു. വന്ദേമാതരം    എന്ന    മുദ്രാവാക്യം    ബ്രിട്ടീഷ് വിരുദ്ധ     ദേശീയസമരങ്ങളിലും    ബംഗാൾ   വിഭജനകാലത്ത്    മുസ്ലീങ്ങൾക്കെതിരായ    ഹിന്ദു കലാപങ്ങളിലും    ഒരു പോലെ മുഴങ്ങിക്കേട്ടു. ഹിന്ദു  ദേശീയ പ്രസ്ഥാനങ്ങൾ     അഹിംസയിലൂന്നിയിരുന്നില്ല     എന്ന   വ്യത്യാസം   മാത്രമേ    പലപ്പോഴുമുണ്ടായിരുന്നുള്ളൂ. പ്രതീകങ്ങൾ    വഴി   പ്രവർത്തനങ്ങളും പ്രചാരണങ്ങളും    വഴി    മതാത്മകമായ    ഒരു ദേശീയതതന്നെ    അതിനകത്തെ    വൈരുദ്ധ്യങ്ങളോടെ    മതസൗഹാർദ്ദത്തിന്‍റെ    മേലങ്കിയോടെ    രാഷ്ട്രീയ  ദേശീയതായി അവരോധിക്കപ്പെടുകയായിരുന്നു. ഗാന്ധിജിയുടെ    വരവോടെ    ഇത്   മൂർത്തമായി.

നമ്മുടെ    ദേശീയതയെ    ഉണർത്തിയ   ആദ്യ പരിഷ്കരണം   നവോത്ഥാന   മൂവ്മെന്റുകളൊക്കെയും   മതപരിഷ്കരണ മൂവ്മെന്റുകളായിരുന്നുവല്ലോ. ബ്രഹ്മസമാജം ,ആര്യസമാജം    രാമകൃഷ്ണമിഷൻ ,തിയോസഫിക്കൽ സൊസൈറ്റി  , റൂൾ മൂവ്മെന്റ്  എന്നിങ്ങനെ   ആധാരശക്തിപ്പെട്ടുവരുന്നതുകാണാം  . പിന്നെയാണ് തീവ്രഹിന്ദുത്വദേശീയതയിലേക്ക്    വഴിമാറുന്നത്. തിലക്, ലാലാലജ്പത് റോയ് ,അരവിന്ദ് ഘോഷ്    തുടങ്ങി    സവർക്കറിലേക്കെത്തുമ്പോഴേക്കും     ഈ    ഹിന്ദുത്വദേശീയത രാഷ്ട്രീയസ്വത്വം പൂർണ്ണമാക്കുന്നുണ്ട്. പിൽക്കാലത്ത്     ഇന്ത്യയിലെ    തീവ്രവലതുപക്ഷരാഷ്ട്രീയത്തിന്‍റെ    സ്ഥാപനവത്കരണം    അതോടെ    സംഭവിക്കുന്നു. ഈ തീവ്രദേശീയതയെ    പ്രതിരോധിക്കുമ്പോഴും     അതിന്‍റെ    പാരമ്പര്യത്തിലുള്ള    സ്വാധീനത്തെ     മറികടക്കാൻ    ഇന്ത്യൻ   നാഷണൽ  കോൺഗ്രസ്സ്    മൃദുഹിന്ദുത്വധാരയെ സ്വയമ്ന് സ്വാംശീകരിക്കുന്നുണ്ട്.

സാംസ്കാരിക, ദേശീയത ,പൗരാണികത   എന്നീ   തലങ്ങളിൽ   ഗൃഹാതുരമായ   ഒരു കാൽപ്പനികഭൂമി    ഇതു  സൃഷ്ടിച്ചു. നമ്മുടെ സ്വാതന്ത്ര്യ  സമരഗീതികളുടെയും ദേശീയതയിലൂന്നിയകവിതകളുടെയും    ഭൂമിക അതായിരുന്നു. കുഞ്ഞിരാമൻ നായർ    തന്‍റെ    സമസ്തകേരളത്തെ    ബന്ധിപ്പിച്ചത്   ഈ അഖണ്ഡഭാരതഭൂമിയോടായിരുന്നു എന്ന് തുടരന്വേഷണത്തിൽ വെളിപ്പെടും.

ദേശീയ പ്രസ്ഥാനം    ഇന്ത്യയുടെ    മുഖ്യധാരാ    രാഷ്ട്രീയത്തിന്‍റെ    ശക്തമായ    അടിത്തറയായി   പരിണമിക്കുന്നത്   പത്തൊൻപതാം നൂറ്റാണ്ടിന്‍റെ   അവസാന ദശകങ്ങളിൽ തുടങ്ങി     ഇരുപതാം നൂറ്റാണ്ടിന്‍റെ   ആദ്യ ദശകങ്ങളോടെയാണ്.  ഇന്ത്യയിലാകെ   അലയടിച്ച    സാമൂഹികവും    സാംസ്കാരികവും    രാഷ്ട്രീയവും    ആയ  ദേശീയതയുടെ ഈ പുത്തനുണർവ്    മലയാള കവിതയിൽ   പ്രതിഫലിക്കുന്നത്    ഇരുപതാം നൂറ്റാണ്ടിന്‍റെ    ആദ്യ ദശകങ്ങളിലാണ് .

ദേശീയത,രാജ്യസ്നേഹം,സ്വാതന്ത്രാഭിനിവേശം,എന്നിവയെല്ലാം    കവിതയിൽ   സ്വാധീനം   ചെലുത്തിയിട്ടുണ്ട്.എന്നാൽ    ഈ   ആശയങ്ങളോട് കവികൾക്കുണ്ടായിരുന്ന    മനോഭാവവും    അതിലെ    വൈരുധ്യങ്ങളും    അക്കാലത്തെ     കവിതകളിലെ    ശക്തമായ   അടിയൊഴുക്കായി   നിലനിൽക്കുന്നു.സമരാവേശം ജ്വലിപ്പിക്കുന്ന    സ്വതന്ത്രാഭിനിവേശത്തെ    അതിന്‍റെ    പരകോടിയിൽ    എത്തിക്കുന്ന   ദേശാഭിമാനം   തുളുമ്പുന്ന   കവിതകൾ ഉണ്ടായതോടൊപ്പം ,അന്നത്തെ സാമൂഹികവും    രാഷ്ട്രീയവും    സാംസ്ക്കാരികവും    ആയ   സന്നിഗ്ധതകളും   കവിതകളിൽ    ഉൾച്ചേരുന്നു.

ദേശീയപ്രസ്ഥാനത്തിന്‍റെ    സ്വാധീനം   ഉൾകൊള്ളുന്ന   കവിതകളെ  അതിലെ   ആന്തരിക   വൈരുദ്ധ്യങ്ങളെ   അടിസ്ഥാനമാക്കി    മുഖ്യമായും   മൂന്നു പ്രധാന ധാരയിലായി    വിഭജിക്കാൻ    സാധിക്കും.

  1. നവോതഥാന കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് ,ഇന്ത്യയുടെ    രാഷ്ട്രീയ  സ്വാതന്ത്ര്യം ,ദേശസ്നേഹം ,എന്നീ   ആശയങ്ങൾക്ക്   പ്രാധാന്യം നല്കികൊണ്ടുള്ളവയാണ്,ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന കവിതകൾ.

ഉദാ-വള്ളത്തോൾ    കവിതകളിലെ    ദേശീയത .ഗാന്ധിയൻ    ആശയങ്ങളോടും    ആധുനീക    ജനാധിപത്യ   വ്യവസ്ഥിതിയോടും   ആഭിമുഖ്യം   പുലർത്തുന്ന    കവിതകൾ .വള്ളത്തോൾ തന്‍റെ   ഗുരുവായി    ഗാന്ധിജിയെ  വരിക്കുന്നു .ദേശീയ   പ്രസ്ഥാനത്തിന്‍റെ    സ്വാധീനം    അത്രമാത്രം   കവിതകളിൽ   കാണാം.നാലപ്പാട്ട്‌ നാരായണമേനോൻ,ഇടശ്ശേരി,ജി.ശങ്കരക്കുറുപ്പ് ,എന്നിവരുടെ    കവിതകളെല്ലാം   ഈ   കവിതാ ധാരയിൽ    ഉൾപ്പെടുന്നവയാണ്.ആധുനിക   ജനാധിപത്യ   രീതികളോടും നവോതഥാന  കാഴ്ചപ്പാടുകളോടും   ഉള്ള   ആഭിമുഖ്യം   ഈ  ധാരയിലുള്ള   കവിതകളുടെ   പ്രത്യേകതകളാണ്.ഇന്ത്യയുടെ   രാഷ്ട്രീയ   സ്വാതന്ത്രത്തെയാണ്   സ്വപ്നം കാണുന്നത്.

  1. ഈ കാലഘട്ടത്തിൽ  സമൂഹത്തിൽ   നിലനിന്നിരുന്ന   ജാതീയമായ   ഉച്ചനീചത്വങ്ങളെ   തുറന്നു   കാണിക്കുന്നതും,അവയിൽ  നിന്നുള്ള  മോചനത്തെ ആഗ്രഹിക്കുകയും,സാമൂഹിക   നാവോതഥാനത്തെ   ലക്‌ഷ്യം   വക്കുന്നതുമായ   കവിതകളായിരുന്നു   മറ്റൊരു   മുഖ്യധാര.ഇതിൽ   ഉൾപ്പെട്ട   കവിതകളിൽ ദേശീയത,സ്വാതത്ര്യബോധം   എന്നിവ   ഉൾപ്പെടുമ്പോൾ   തന്നെ  അക്കാലത്തു   നിലനിന്നു   പോന്നിരുന്ന   ജാതീയമായ   വേർതിരിവുകളും   അവക്കെതിരെ  നടന്ന പ്രക്ഷോഭങ്ങളും   എല്ലാം  വിഷയമാക്കപ്പെട്ടിരുന്നു.

ഉദാ-കുമാരനാശാന്‍റെ കവിതകൾ.-ചണ്ഡാല ഭിക്ഷുകി,ദുരവസ്ഥ തുടങ്ങിയവ .ഇന്ത്യയുടെ    പാരതന്ത്ര്യം     വിധികല്പിതമെന്നുകൂടി   ആശാൻ പറയുന്നുണ്ട്.എന്നാൽ ഇതിനെല്ലാം    കാരണമാകുന്നത്    അന്നത്തെ    സാമൂഹിക    ചുറ്റുപാടുകളാണ്. രാജ്യഭരണത്തിൻകീഴിൽ    അവർണ്ണ ജനത    അനുഭവിക്കേണ്ടി    വന്ന    അവഗണനയും സമൂഹത്തിലെ    സവർണ   മേധാവിത്വവുമാണ്.അന്നത്തെ      ബ്രിട്ടീഷ് ഭരണവും     നൂതന വിദ്യാഭ്യാസ     സമ്പ്രദായങ്ങളും    നീതിന്യായ   വ്യവസ്ഥിതികളും  തങ്ങളുടെ ജീവിതത്തിൽ     പുരോഗതി    സാധ്യമാക്കും   എന്ന വിശ്വാസം    ഇതിന്‍റെ    ഭാഗമായി    ഉണ്ടാവുന്നുണ്ട്. ജാതീയ  വേർതിരിവുകൾക്കെതിരെ   നടന്ന   പ്രക്ഷോഭങ്ങളും   നവോത്ഥനപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും   കവിതകളിൽ   സ്വാധീനം   ചെലുത്തി.അവ ,സ്വന്തം   നാട്ടിൽ  നിലനിൽക്കുന്ന   ഇത്തരം   വേർതിരിവുകളാണ്   ആദ്യം  മാറ്റേണ്ടത് ,എന്ന  ചിന്ത ഉൾകൊള്ളുന്നവയാണ്.

3.ഇന്ത്യയുടെ   പൗരാണിക   പാരമ്പര്യത്തിൽ   അഭിമാനിക്കുകയും,ഇത്   സംരക്ഷിക്കപ്പെടേണ്ടതാണെന്ന   ബോധവും   ഉൾക്കൊണ്ടു കൊണ്ട്   രൂപപ്പെടുന്ന   ദേശീയ ബോധമാണ്   ഈ   വിഭാഗത്തിലെ   കവിതകളിലെ   അടിസ്ഥാന ആശയം.വിദേശ   ഭരണത്തെയും   സാംസ്ക്കാരിക   അധിനിവേശത്തെയും   എതിർക്കുന്നു.എന്നാൽ ആധുനീക   ജനാധിപത്യത്തെയും   പാരമ്പര്യത്തിൽ   നിന്നുള്ള   വ്യതിയാനങ്ങളെയും   ഭയത്തോടെ   വീക്ഷിക്കുന്നു.രാഷ്ട്രീയവും   സാംസ്കാരികവുമായ   അധിനിവേശത്തെ എതിർക്കുമ്പോൾ   തന്നെ   പകരമായി   പരമ്പരാഗത  രാജവാഴ്ചയും   ഭരണവും   സവർണ്ണ  ഹൈന്ദവ   സംസ്കാരത്തിന്‍റെ   ശാക്തീകരണവുമാണ്   വിഭാവനം ചെയുന്നത്.ഇത്  ഒരിക്കലും  തിരിച്ചു വരില്ലന്ന  നഷ്ട ബോധവും  കവിതകളിൽ   കാണാം.  ഉദാ –

 പി. കുഞ്ഞിരാമൻനായർ    കവിതയിലെ   അധിനിവേശവിരുദ്ധതയുടെ   രാഷ്ട്രീയം

പൗരാണിക   ഭാരതീയ   പാരമ്പര്യത്തിൽ   അധിഷ്ഠിതമായ   ദേശീയതയാണ്   പി.കുഞ്ഞിരാമൻ നായർ   മുന്നോട്ടുവച്ചത്.കവിയുടെ   അഭിപ്രായത്തിൽ   ഇന്ത്യയുടെ സംസ്ക്കാരം-“ബദരീനാഥം   മുതൽ   സേതുവരെയും   കന്യാകുമാരി   മുതൽ   ഗോകർണ്ണം   വരേയും  പൊലിയാത്ത   ദൈവ പ്രഭാവം   പുലർത്തി   നിൽക്കുന്ന മഹാക്ഷേത്രങ്ങളും   കാവുകളുമാണ്,സാക്ഷാൽ    ഭാരത സംസ്കാരത്തിന്‍റെ   നാരായവേരുകൾ.”(*1അനന്തൻകാട്ടിൽ).സവർണ്ണ   സംസ്കാരത്തിൽ   ഉറച്ചുപോയ   ഏക ശിലാരൂപമായ  പൗരാണികത -ഇതാണ്    പി.യുടെ    ദേശീയബോധത്തിന്‍റെ    അടിസ്ഥാനം .

എന്നാൽ    നാനാ മതസ്ഥർ ,വ്യത്യസ്ത ഭാഷകൾ ,വ്യത്യസ്ത സംസ്കാരങ്ങൾ,വ്യത്യസ്തമായ ആചാരങ്ങൾ,എന്നിങ്ങനെ   വൈവിധ്യങ്ങൾ   നിറഞ്ഞ   ഇന്ത്യയെ കുറിക്കുന്ന   ദേശ   സങ്കല്പം   പൗരാണിക  ഹൈന്ദവ   പാരമ്പര്യത്തിൽ   ഒതുങ്ങി   നിന്നുകൊണ്ട്  വ്യവഹരിക്കാൻ   സാധിക്കുന്ന   ഒന്നല്ല.അതുകൊണ്ടുതന്നെ   പി കവിതകളിലെ   സങ്കല്പം    സവർണ്ണ   ഹൈന്ദവ സംസ്കാരത്തിന്‍റെ   ചുറ്റുമതിലിൽ   തളച്ചിടപ്പെട്ട   ഒന്നാണ്.ഇതിനപ്പുറത്തേക്കുള്ള    ഒരു  ദേശീയ ബോധം   കവി ഉൾകൊള്ളാൻ    ശ്രമിക്കുന്നില്ല.

സമൃദ്ധമായ   സ്വന്തം   നാട്ടിലേക്ക്   വരുന്ന   പോർച്ചുഗീസുകാരെക്കുറിച്ച് ” ആർത്തിപൂണ്ടൊറ്റക്ക്   കൂരിരുട്ടിൽ   തല താഴ്ത്തി   കിടക്കുന്ന   പറങ്കി   കൊടിക്കൂറ ,ത്യാഗസുരഭിലമായ   സ്വതന്ത്ര വായുവിൽ   നാഗത്തിന്‍റെ  ഫണം   പോലെ  നാവിട്ടിളക്കുന്നു.സാക്ഷിയാകുന്ന  സഹ്യചലത്തിന്‍റെ   കരൾ   നോവുന്നുണ്ട്.

തുടർന്ന്   തന്‍റെ   ഗൂഡലക്ഷ്യങ്ങൾ    നിറവേറ്റാൻ   അവർ   വക്രത   ഒട്ടും   തീണ്ടിടാത്ത   സാമൂതിരിയുടെ   കാൽക്കൽ  എത്തുന്നു.ഉന്നത   സത്വനാം   കുന്നലകോനാതിരി തന്‍റെ    രത്ന   വലയിതമായ    ഹസ്തത്തിലൂടെ    ശീമ ഭാരത ശ്രീയുടെ    അകൃത്രിമ     സ്നേഹമാകുന്ന    സുധാരസം    നുകർന്നു ,കപട   വേഷത്തിൽ    എത്തിയ കച്ചവടക്കാരുടെ    കാഴ്ചകൾ    കൈയേൽക്കാൻ    രാജാവ്    തുടങ്ങുമ്പോൾ   സമുദ്രം   തന്‍റെ   തിരകളാകുന്ന   കൈയ്യാൽ   അരുതെന്നു   പറയുന്നുണ്ട്. എന്നാൽ   ആ അർത്ഥനാ മുദ്രകൾ   ഹൂണസ്തുതിയുടെ   നവ്യാജലാവലിയിൽ   കാണാതെയാവുന്നു(2-*ഗാമയുടെകപ്പൽ)-രാജഭരണത്തോടുള്ള ഭക്തിയും    ആരാധനയും    അതിനെ തട്ടിത്തെറുപ്പിക്കാൻ    വരുന്ന   വൈദേശീയരോടുള്ള   ഭയവും   ഇവിടെ   കാണാം.സമൃദ്ധിക്കും   സ്വതത്രവും   നൽകുന്ന   രാജഭരണ കാലമാണ്   കാല്പനീകനായ കവിയുടെ   സ്വരാജ്യ സങ്കൽപം .അത്   ഇല്ലായ്മ    ചെയ്യാൻ   വരുന്ന   അധിനിവേശ   ശക്തികളോടാണ്   കവിക്ക്   വിദ്വേഷവും. വിദേശ ശക്തികളുടെ   രാഷ്ട്രീയവും സംസ്ക്കാരികവുമായ    അധിനിവേശത്തെ   കവി   ശക്തമായി   എതിർക്കുന്നു.വൈദേശീയരുടെ   അധിനിവേശം   കൊണ്ട്   ശിഥിലമാക്കപ്പെടുന്ന    സവർണ്ണ  ഹൈന്ദവ സംസ്കാരത്തെ കുറിച്ചുള്ള   ചിന്തകളാണ്    ഈ   എതിർപ്പിന    കാരണമാകുന്നത്.ഇത്   തന്നെയാണ്   അധിനിവേശത്തിനെതിരെയുള്ള    പ്രതികരണത്തിൽ   കവിയെ വ്യത്യസ്തനാക്കുന്നതും . നാടു    കുടിവെച്ച    വീരപരമ്പര  ചോടുകൾ കാക്കും    കളരിപ്പുരകളും    അഞ്ചിത  കാഞ്ചന   നാഗകന്യകമാരുടെ   പാമ്പണി   തറകളും  സുന്ദര നാട്ട്യകലകളുടെ    ഗൂഡമായ  ഉള്ളു കാട്ടുന്ന   കൂത്തമ്പലങ്ങളും    മൺപുറ്റു   തീവയിൽ   ഏൽക്കവേ    ചെമ്പോളി   കുമ്പിട്ടു   നിൽക്കുന്ന   സംസ്ക്കാര വൃക്ഷവും വേരറുത്തീ   ഋഷി കന്യകയാളുടെ   വേഷവും   ഭാഷയും   മാറ്റിയതോർക്കവേ   മാതൃഭൂമിക്ക്   പിണഞ്ഞ   പരാജയം   മാനമായ്   കാണ്മാൻ   പഠിപ്പിച്ചതോർക്കവേ .3 -ഗാമയുടെ കപ്പൽ

രാഷ്ട്രീയ   അധിനിവേശത്തിലൂടെ   നഷ്ടപ്പെടുന്ന   സവർണ്ണ മേധാവിത്തവും   ഹൈന്ദവ   സംസ്ക്കാരത്തിനേൽക്കുന്ന   ച്യുതിയും   കവിയെ അസ്വസ്ഥനാകുന്നുണ്ട്.സ്വാതന്ത്ര്യ  ലബ്ധിയോടെ   വരുന്ന    ആധുനീക   ജനാധിപത്യ   ഭരണത്തെ   ഉൾകൊള്ളാനും   കവിയുടെ   മനസിനാവുന്നില്ല.സാംസ്ക്കാരിക അധിനിവേശത്തിനെതിരെയാണ്   കവിയുടെ   പ്രതിഷേധം.

ഭാരതാദർശങ്ങൾ   തൻ  മാറിനു  നേരെ  തോക്കു

നീളുന്നു .മൃഗീയത   തല   പൊക്കുന്നു  നീളെ

മുറ്റു  മിങ്ങനു ദിനമിറങ്ങും   ശീമപ്പട

പെറ്റ   നാടിൻറെ  സംസ്കാരങ്ങളെ   വളയുന്നു .

നാടിനെ   ചതിക്കുവാൻ   ഉയരും   വാങ്കോട്ടക-

ളീടെഴുമേതോ   ഗൂഡാലോചന   നടത്തുന്നു

മങ്ങുന്നിദ്ധ്യാല്മാമാം    മംഗള  ശംഖ ധ്വനി

പൊങ്ങുന്നു   ചുറ്റും   സ്വാർത്ഥ  ചിന്തതൻ  ചൂളം വിളി

വേരറ്റ   മര  മിത്തിക്കണ്ണിയിൽ   ഞെരുങ്ങുന്നു

കേരള ഗ്രാമം    ശീമ പട്ടണമായ്   മാറുന്നു.

ചിന്തതൻ    പീഠമേറി    ശില്പി   കൊത്തുവതെന്തു

ഗാന്ധിരൂപമോ    വെള്ളവാനര   സ്വരൂപമോ

അന്യസംസ്ക്കാരങ്ങൾ    തൻ വെണ്ണീരാൽ ,വളങ്ങളാൽ

സ്വന്തമാം   വികാസത്തെ    പാലൂട്ടും   ശുഭ ഗ്രാമം

സ്വന്ത    സംസ്‌ക്കാരത്തിന്‍റെ   വേരോടി ,വിശ്വപ്രേമ-

പന്തലായിരുന്ന    നവ ഭാരത ഗ്രാമം.

ഗാന്ധി ഗ്രാമം –അതെവിടെ

തനതായ    വിലപ്പെട്ടതെല്ലാം    വിറ്റുണ്ട്    കണ്ടതെന്തും   കടംകൊള്ളുന്ന    ഇന്നത്തെ ഇന്ത്യ ,ഇന്ത്യക്കാരൻ ,പെറ്റമ്മ , മുത്തശ്ശി ,മുത്തശ്ശൻ ,മുതൽ    പേരോടുള്ള പുച്ഛം ,ഋഷിനാടിന്‍റെ    സംസ്ക്കാര    നിക്ഷേപമായ   ദേവ   ഭാഷയോടുള്ള   അവജ്ഞ –ഇത്   ഉള്ളിൽ   പൊള്ളലേല്പിക്കുന്നു .ഒരു   പുരാതന   രാഷ്ട്രത്തിന്‍റെ   ആത്മഹത്യ-(കാളിദാസന്‍റെ പെറ്റമ്മ) ഇതിലെല്ലാം    കവിയുടെ   കാല്പനിക   സവർണ്ണ   ഹൈന്ദവ   സംസ്കാരത്തിനോടുള്ള    അഭിനിവേശം   കാണാം.

കവി മനസ്സിൽ   പൗരാണിക സംസ്കാരത്തോടുള്ള    ഈ   അഭിനിവേശം   തന്നെയാണ്  കവിക്ക്  പാശ്ചാത്യ  സംസ്ക്കാരത്തോടും   ബ്രിട്ടീഷുകാരോടുമുള്ള എതിർപ്പിന്‍റെ   അടിസ്ഥാനം.

സ്വാതന്ത്രാനന്തര   കാലഘട്ടത്തിൽ    പോലും   ജനാധിപത്യ   ഭരണത്തോട്   ആഭിമുഖ്യമോ   ജാതീയ   ഉച്ച   നീചത്വങ്ങൾ ക്കെതിരെ യുള്ള    പ്രക്ഷോഭങ്ങൾ വിഷയമാകുന്നത്തിനോട്    താല്പര്യമോ    കവിയിൽ    കാണാനാവില്ല .ഗാന്ധി   ദര്ശനങ്ങളോടുള്ള    കവിയുടെ    ആഭിമുഖ്യവും    ഹൈന്ദവ    സംസ്ക്കാരത്തിൽ അധിഷ്ടിതമാണ്    കാല്പനിക   പൗരാണിക   ഹൈന്ദവ   സംസ്കാരത്തിലേക്കുള്ള   തിരിച്ചുപോക്കാണ്    കവിയുടെ    ചിന്തകളിൽ    നിറയുന്നത്.

എവിടെയൊക്കെ    വിദേശാധിപത്യത്തെയും    പാശ്ചാത്യ സംസ്കാരത്തെയും    എതിർത്തുവോ ,അവിടെയൊക്കെ    സവർണ്ണ ഹൈന്ദവ   രാജാധിപത്യത്തെയും    സവർണ്ണ ഹിന്ദുമത    സംസ്ക്കാരത്തെയും    പകരം   വക്കുകയാണ്‌    മഹാകവി.പി.കുഞ്ഞിരാമൻ നായർ    ചെയ്തത്.- പി.കുഞ്ഞിരാമൻ നായരും   സവർണ്ണ ഹിന്ദുമതവും -ബാലചന്ദ്രൻ ചുള്ളിക്കാട്

അതുകൊണ്ടു തന്നെ    പി.കുഞ്ഞിരാമൻ നായരുടെ    കവിതയിലെ     അധിനിവേശ വിരുദ്ധതയുടെ രാഷ്ട്രീയം      മറ്റു  മലയാള   കവിതകളിൽ    നിന്നും വ്യത്യസ്ത മാവുന്നു .

 

 

 

ഗ്രന്ഥസൂചി-

കുഞ്ഞിരാമൻനായർ.പി –    കവിതകൾ

അനന്തൻകാട്ടിൽ

കവിയുടെകിനാവ്

കാളിദാസന്റെപെറ്റമ്മ

ഗാന്ധിഗ്രാമംഅതെവിടെ

ഗമായുടെകപ്പൽ

ഗാന്ധിഗ്രാമംഅതെവിടെ

തരാചന്ത് – ഇന്ത്യൻസ്വതന്ത്രപ്രസ്ഥാനത്തിന്‍റെ   ചരിത്രം കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്

ദേശായി .ഏ.ആർ- ഇന്ത്യൻദേശീയതയുടെസാമൂഹ്യപശ്ചാത്തലം  പരിഭാഷ–കെ.ശ്രീകുമാരൻഉണ്ണി

നാരായണമേനോൻനാലപ്പാട്–നാലപ്പാടിന്റെപദ്യകൃതികൾ

ബാലചന്ദ്രൻചുള്ളിക്കാട് – പി.കുഞ്ഞിരാമൻനായരുംസവർണഹിന്ദുമതവും ചിന്തപുബ്ലിക്കേഷൻസ് ,തിരുവനന്തപുരം

 

 

 

 

 

 

 

 

 

 

Print Friendly, PDF & Email