CINEMA

ലെനിൻ :കാലത്തിനു മുമ്പേ നടന്ന ചലച്ചിത്രകാരൻ50324168_2222913591074117_8084687726063910912_o

സിനിമയെ സിനിമ കൊണ്ട് അട്ടിമറിക്കുക എന്നത് അങ്ങേയറ്റം പ്രയാസമേറിയ കാര്യമാണ്. വാർപ്പ് രീതികളിൽ നിന്നും വിഭിന്നമായി സിനിമ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ സംവിധായകന്റെ മുന്നിലുള്ള വെല്ലുവിളികൾ ഏറുന്നു. ഞൊടിയിഴ പിഴച്ചാൽ വിമർശന ശരങ്ങൾ എയ്ത് സിനിമയിലെ ശിഷ്ടകാലജീവിതം ഇല്ലാതാക്കാൻ ശേഷിയുള്ള വിമർശകർ ഒരു വശത്ത്. നേർരേഖയിൽ നിന്ന് വ്യതിചലിക്കുന്ന ആസ്വാദന ബോധം സ്വായത്തമാക്കാൻ മടി കാണിക്കുന്ന പ്രേക്ഷക സമൂഹം മറുവശത്ത്. ഇതിന്റെ രണ്ടിനുമിടയിലെ നേർത്ത വിടവിലാണ് ലെനിൻ രാജേന്ദ്രൻ തന്റെ ക്യാമറ വെച്ചത്. കലാമൂല്യത്തോട് സന്ധി ചെയ്യാതെ വാണിജ്യ മൂല്യമുള്ള സിനിമകൾ എടുക്കുന്നതെങ്ങനെ എന്നയാൾ മലയാളിയെ പഠിപ്പിച്ചു. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ പത്മരാജനും, ഭരതനും കെ. ജി ജോർജിനുമൊപ്പം മലയാളത്തിലെ മധ്യവർത്തി സിനിമകളുടെ മുഖ്യവക്താവായി ലെനിൻ രാജേന്ദ്രൻ.
ബക്കറിന്റെ കളരിയിലാണ് ലെനിൻ സിനിമ പഠിക്കുന്നത്. ചുവന്ന രാഷ്ട്രീയം സിനിമയിലും ജീവിതത്തിലും ഒരു പോലെ പകർത്താൻ ബക്കറുമായുള്ള സഹവാസവും അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കണം. കക്ഷി രാഷ്ട്രീയ ബോധം കൊണ്ടു നടന്നപ്പോഴും ആ സിനിമകളിലെ രാഷ്ട്രീയം കേവല രാഷ്ട്രീയത്തിൽ പൂർണമായും അധിഷ്ഠിതമായിരുന്നില്ല. തൊഴിലില്ലായ്മയെ പോലും അയാളൊരു രാഷ്ട്രീയ പ്രശ്നമായാണ് കണ്ടത്. ഭൂപരിഷ്കരണം, സംവരണം തുടങ്ങിയ കുറ്റികളിൽ കെട്ടിയാണ് എൺപതുകളിലെ ഏറെക്കുറെ എല്ലാ മുഖ്യധാരാ സംവിധായകരും കണ്ടിരുന്നത്. എന്നാൽ ലെനിൻ തൊഴിൽരഹിതരെ ഭരണകൂടത്തിന്റെ ഇരകളായിട്ടാണ് ചിത്രീകരിച്ചത്. പ്രേം നസീറിനെ കാണ്മാനില്ല എന്ന സിനിമ ഇതിനു നിദർശനമാണ്. തൊഴിൽ രഹിതരായ നാലു ചെറുപ്പക്കാർ പ്രേംനസീറിനെ തട്ടിക്കൊണ്ടു പോകുന്നു. അവർ കുടുംബത്തിലും സമൂഹത്തിലും ഒരു പോലെ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. വ്യവസ്ഥിതികളോടും നിലനിൽക്കുന്ന സമ്പ്രദായങ്ങളോടും അവർക്ക് കടുത്ത പ്രതിഷേധം ഉണ്ട്. അതിലൊരാൾ വെളിച്ചപ്പാടാക്കാൻ വിധിക്കപ്പെട്ടയാളാണ്. പാരമ്പര്യമായി കിട്ടുന്ന ‘അടിമബോധത്തെ’ തിരസ്കരിക്കാൻ അയാൾ തയ്യാറാകുന്നുണ്ട്. തട്ടിക്കൊണ്ടു പോകലിന് വിധേയമായ പ്രേം നസീറും ഒരു തരത്തിൽ ഇരയാക്കപ്പെട്ടവനാണ്. വിപണിമൂല്യത്തിന്റെയും സിനിമയിലെ കച്ചവടതന്ത്രങ്ങളുടെയും ചങ്ങലയിൽ അയാൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. അത്യന്തം  ഇരയാക്കപ്പെട്ട ഒരു ജനതയാണ് നാം എന്ന് ലെനിൻ പറയുന്നു. പുരാവൃത്തം, വചനം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ജന്മിത്തത്തെ പ്രശ്നവിധേയമാക്കി. ഒരു ചെറുകഥയെ സിനിമയുടെ തിരക്കഥാ രൂപത്തിലേക്കും തിരശീലയിലേക്കും മാറ്റുമ്പോൾ ചിലപ്പോൾ കാമ്പ് ചോർന്നുപോകാനിടയുണ്ട്. ലെനിൻ രാജേന്ദ്രൻ ഈ വെല്ലുവിളി കൃത്യമായി ഏറ്റെടുത്തു. അതു കൊണ്ട് തന്നെ കഥയിലെന്ന പോലെ സിനിമയിലും ജന്മിത്തവിരുദ്ധ പോരാട്ടങ്ങളിലെ ഉദാത്ത മാതൃകകളിലൊന്നായി പുരാവൃത്തത്തിലെ രാമനെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ചരിത്രത്തെ മറന്നു കൊണ്ട് സിനിമ എടുക്കുക എന്നത് കാലത്തിനോടൊപ്പം നടക്കുന്ന ഒരാൾക്കും സാധ്യമല്ല. മറവിയെ ഓർമ കൊണ്ട് പ്രതിരോധിക്കുമ്പോഴാണ് ചരിത്ര വിരുദ്ധതകൾ മറനീക്കി പുറത്തു വരുക. മീനമാസത്തിലെ സൂര്യനും സ്വാതി തിരുനാളും ചരിത്രത്തിലേക്കുള്ള പിന്തിരിഞ്ഞു നടത്തമാണ്. എന്നാൽ എഴുതപ്പെട്ടതോ വായ്മൊഴിയായി പ്രചരിപ്പിക്കപ്പെട്ടതോ ആയ ചരിത്രത്തിന്റെ തനിയാവർത്തനം മാത്രമായിരുന്നില്ല ലെനിൻ രാജേന്ദ്രന്റെ ക്യാമറ ലക്ഷ്യമിട്ടത്. ചരിത്രത്തിന്റെ വൈകാരികമായ ഒരു പരിസരം കാഴ്ചക്കാരന് അനുഭവവേദ്യമാക്കുന്നതിൽ അദ്ദേഹം വിജയിച്ചു. കർഷക സമരങ്ങളെ ദേശീയ പ്രസ്ഥാനത്തിന്റെയോ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെയോ ഗണത്തിൽ പെടുത്താൻ തയ്യാറാകാത്ത ചരിത്രകാരന്മാരോട് മീനമാസത്തിലെ സൂര്യനിലൂടെ അദ്ദേഹം പ്രതിഷേധിച്ചു.
ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അദ്ദേഹം സിനിമയിലൂടെ അവതരിപ്പിച്ചു. ആദ്യ സിനിമയായ വേനലിൽ തുടങ്ങുന്ന ഈ സൃഷ്ടികർമം പിന്നീട് കുലത്തിലും മഴയിലും ചില്ലിലും അദ്ദേഹം ആവർത്തിച്ചു. കുടുംബവ്യവസ്ഥയിൽ സ്ത്രീ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെക്കുറിച്ച്  അദ്ദേഹം ബോധവാനായിരുന്നു. എന്നാൽ സദാചാര നിഷ്ഠമായ ഒരു സമൂഹത്തിൽ കുടുംബത്തെ വെല്ലുവിളിക്കുന്ന സ്ത്രീക്ക് നിലനില്പില്ലെന്ന സാമൂഹ്യ യാഥാർഥ്യത്തെ ഉൾക്കൊള്ളാനും അദ്ദേഹം തയ്യാറായിരുന്നു. വേനലിലെ രമണി ഭർത്താവിനോട് കലഹിച്ചു ഹോസ്റ്റൽ മുറിയിൽ അഭയം തേടുന്നുണ്ട്. എന്നാൽ ഒടുവിൽ അവൾ വീട്ടിൽ തന്നെ എത്തി ചേരുന്നു. തന്റെ മുന്നിലെ വിഷയങ്ങൾ അവതരിപ്പിക്കുമ്പോഴും യാഥാർഥ്യബോധം ലെനിൻ രാജേന്ദ്രന് ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ.
കാലങ്ങളും കാലഭേദങ്ങളും അദ്ദേഹം ചിത്രീകരിച്ചു. ചിലയിടങ്ങളിൽ അങ്ങേയറ്റം കാല്പനികമായ ഒരു സങ്കേതം അതിനായി ഉപയോഗിച്ചു. ലെനിന്റെ സിനിമയിൽ മഴ നിരന്തരം കടന്നു വരുന്നുണ്ട്. ചിലയിടങ്ങളിൽ വൈകാരികതയുടെ ആഴം പൊലിപ്പിച്ചെടുക്കുന്നതിൽ മഴ ഒരു രൂപകമായി വർത്തിച്ചു. മറ്റു ചിലയിടത്താകട്ടെ മഴ തന്നെ കഥയായി.
പാട്ടുകൾ സിനിമയിൽ അനിവാര്യമല്ലെന്ന് കരുതുന്ന ഒരു കാലഘട്ടത്തിൽ അയാൾ സിനിമയിൽ യഥേഷ്ടം പാട്ടുകൾ ഉപയോഗിച്ചു. അയ്യപ്പപണിക്കരെയും ഇടശ്ശേരിയെയും ഒ എൻ വി യെയും അദ്ദേഹം നന്നായി പ്രയോജനപ്പെടുത്തി. ഒ. വി ഉഷയിലെ ഗാനരചയിതാവിനെയും  അദ്ദേഹം കണ്ടെത്തി. മുസ്ലിമിനെന്തു സംസ്‌കൃതം എന്ന് ചോദിച്ചവർക്ക് മറുപടിയായി യൂസഫലി കേച്ചേരിയെ കൊണ്ട് സംസ്‌കൃതത്തിൽ പാട്ടെഴുതിച്ചു.
ഋതുഭേദങ്ങളുടെ സംവിധായകനാണ് ലെനിൻ രാജേന്ദ്രൻ എന്ന അഭിപ്രായം ഉള്ളവർ ഉണ്ട്. ഒരു പരിധി വരെ അതു ശരിയുമാണ്. എന്നാൽ കേവലം ഋതുക്കളെ ചിത്രീകരിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. മീനമാസത്തിലെ സൂര്യനിൽ ഒരു ചൂടുണ്ട്. ആ ക്യാമറ പകർന്ന ചൂടും തണുപ്പും ചരിത്രത്തിന്റെ പിൻബലമുള്ളതും പ്രതിരോധശേഷിയുള്ളതുമാണ്. ലെനിൻ ഒത്തു തീർപ്പുകളില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു. ലെനിൻ രാജേന്ദ്രന്റെ സിനിമയും അതു പോലെ തന്നെ.

lenin

Comments
Print Friendly, PDF & Email