CINEMA നിരൂപണം

പേട്ട 

ആദ്യ കേൾവിയിൽ തന്നെ സിനിമാ പ്രണയികൾക്ക് കൗതുകമുണ്ടാക്കുന്ന കൂട്ടുകെട്ട് ആണ് കാർത്തിക് സുബ്ബരാജ്-രജനികാന്ത് എന്നിവരുടെ. പിസ്സ മുതൽ മെർക്കുറി വരെ വിരലിൽ എണ്ണാവുന്ന സിനിമകൾ കൊണ്ട് കാർത്തിക്ക് സുബ്ബരാജ് എന്ന സംവിധായകൻ സഞ്ചരിച്ച ദൂരം അത്ര ചെറുതല്ല. വിജയ പരാജയ ചർച്ചകൾക്കപ്പുറം ഉയർന്നു നിൽക്കുന്ന താരവും നടനും ആണ് രജനി കാന്ത്. ഈ രസകരമായ കൂട്ടുകെട്ടിനൊപ്പം നിൽക്കുന്ന മറ്റു പേരുകൾ നവാസുദ്ധിൻ സിദ്ധിക്കി, വിജയ് സേതുപതി, ശശികുമാർ, തൃഷ, ബോബി സിംഹ, സിമ്രാൻ എന്നിങ്ങനെ ഒരു വലിയ താര നിരയുടേതാണ്. കലാനിധി മാരൻ , അനിരുദ്ധ്, തിരു, വിവേക് ഹർഷൻ തുടങ്ങീ സിനിമയുടെ എല്ലായിടങ്ങളിലും പ്രതിഭകൾ ആണ്. സ്വാഭാവികമായും ഈ വർഷത്തിലെ ആദ്യ വൻകിട സിനിമാ പ്രതീക്ഷകളിൽ ഒന്നായി പേട്ട. രജനിയുടെ കബാലിയും കാലയും പ. രഞ്ജിത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ആ സിനിമകൾ സിനിമാ ഭൂമികയിൽ സ്വാഭാവികമായും വ്യത്യസ്തമായി അടയാളപ്പെട്ടവയാണ്. വർഷങ്ങളായി കൊട്ടിഘോഷിക്കപ്പെട്ട 2.ഒ തീയറ്ററുകളിൽ വലിയ ഓളമുണ്ടാക്കാതെ കടന്നു പോയി.അതിനും മുന്നേ ആഘോഷ സിനിമകൾ ആയി ഇറങ്ങിയ ലിംഗയും അനിമേഷൻ സിനിമ കൊച്ചടിയാനും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. അത് കൊണ്ട് തന്നെ പതിവ് രജനികാന്ത് സിനിമകളുടെ താളമുള്ള ഒരു സിനിമക്ക് വേണ്ടി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ആ കാത്തിരിപ്പിന് വിരാമമാകും എന്ന് തോന്നിപ്പിച്ചു കൊണ്ടാണ് പേട്ടയുടെ പ്രീ റിലീസ് പരസ്യങ്ങൾ എല്ലാം പുറത്തു വന്നത്. അത് കൊണ്ട് തന്നെ ദക്ഷിണേന്ത്യ ഒന്നടങ്കം പേട്ടയുടെ റിലീസിനെ ആഘോഷിച്ചു. ഒപ്പം മത്സരിക്കാൻ അജിത്തിന്റെ വിശ്വാസവും ഉണ്ടായിരുന്നു. രജനികാന്തിന്റെയും അജിത്തിന്റെയും ആരാധകർ തമ്മിലുള്ള കത്തികുത്തിന്റെയും ഒരാളുടെ മരണത്തിന്റെയും വാർത്തയിലൂടെ കൂടിയാണ് ഈ വർഷാദ്യം അടയാളപ്പെടുന്നത്.
കാളി (രജനികാന്ത് ) ഒരു ഹോസ്റ്റൽ വാർഡൻ ആയി ഒരു പ്രശ്‌നബാധിത കോളേജ് ഹോസ്റ്റലിൽ എത്തുന്നു. മൈക്കൽ (ബോബി സിൻഹ )എന്ന വിദ്യാർത്ഥിയുടെ നിയന്ത്രണത്തിലാണ് ആ കോളേജ് മുഴുവൻ. ജൂനിയർ വിദ്യാർത്ഥികളെ അതിക്രൂരമായി റാഗ് ചെയ്യുന്നത് മുതൽ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇടപടുന്നു. എല്ലാ ഗുണ്ടായിസത്തിനും കുടുംബത്തിൽ നിന്നും മൈക്കലിന് പിന്തുണയും ഉണ്ട്. വാർഡന്മാരൊക്കെ രണ്ടാം ദിനം പേടിച്ചോടുന്ന ഈ ഇടത്തിൽ ആദ്യ ദിനത്തിൽ തന്നെ കാളി തന്റെ ജോലി ഭംഗിയായി ചെയ്യാൻ തുടങ്ങുന്നു. ഈ സംഘത്തെ ബുദ്ധി കൊണ്ടും ശക്തി കൊണ്ടും മെരുക്കി അയാൾ സകല കുട്ടികളെയും കയ്യിലെടുക്കുന്നു. കോളേജിലെ തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളായ അൻവർ (സനാഥ് റെഡ്‌ഡി )അനു (മേഘ )എന്നിവരുടെ പ്രണയത്തിനു ദൂതനാകുന്നത് മുതൽ ആ കോളേജിലെ ഓരോ ഇടങ്ങളിലും കാളി എത്തുന്നു. അനുവിന്റെ ‘അമ്മ മംഗളവും (സിമ്രാൻ) ആയി കാളിക്ക് പ്രണയം ഉണ്ടാകുന്നു. ഇങ്ങനെ രസകരമായി ഒഴുകിയ കോളേജ്, ഹോസ്റ്റൽ ദിനങ്ങൾക്കിടയിൽ ഒരു രാത്രിയാണ് അപ്രതീക്ഷിതമായി ഹോസ്റ്റൽ അജ്ഞാതർ ആക്രമിക്കുന്നത്. ഒരു സാധാരണ ഹോസ്റ്റൽ സംഘർഷം എന്നോർത്തിരിക്കുന്ന അന്തേവാസികൾ മനസിലാക്കുന്നു, ഒരു വലിയ സംഘം കാളിയെ ആക്രമിക്കാൻ എത്തി എന്നും അതി ദുരൂഹവും തീവ്രവുമായ ഒരു ഭൂതകാലം അയാൾക്കുണ്ട് എന്നും. അതെ സമയം ഉത്തർ പ്രദേശിലെ ഒരു തീവ്ര ഹിന്ദു സംഘടനയുടെ തലവന്മാരായി സിംഗാർ സിങ് (നവസുദ്ധിൻ സിദ്ധിഖി ) മകൻ ജിത്തു (വിജയ് സേതുപതി )എന്നിവർ എത്തുന്നു. ഇവരും കാളിയുടെ ഭൂതകാലവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പേട്ട അന്വേഷിക്കുന്നു. ഒപ്പം ഭാര്യ സരോയെയും (തൃഷ )ഉറ്റ കൂട്ടുകാരനായ മാലിക്കിനെയും (ശശികുമാർ )അയാൾക്ക് എവിടെ വച്ച് എങ്ങനെ നഷ്ടപ്പെട്ടു എന്നും സിനിമ തേടുന്നു.

ഇവിടെ മാസ്സ് എന്ന വാക്ക് നിലവിൽ വരും മുന്നേ രജനികാന്ത് നമ്മുടെ സങ്കല്പങ്ങൾക്കപ്പുറം ഉള്ള മാസ്സ് ഹീറോ ആയി. ഏതു തരം സിനിമാ പ്രേക്ഷകരും തമിഴ് നാട്ടിൽ ജനം തിങ്ങി നിറഞ്ഞ തീയറ്ററിൽ വച്ചൊരു രജനി സിനിമ എന്ന സ്വപ്നം പേറി നടന്നു. രജനിയുടെ സമകാലികരും ശേഷം വന്നവരും രജനി സിനിമകളെ വളരെ പ്രത്യക്ഷമായി പൂർവ മാതൃകകളാക്കി. വിജയ പരാജയങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും മുകളിൽ രജനികാന്ത് നിന്നു. അപൂർവ രാഗങ്ങൾ മുതൽ നാല് പതിറ്റാണ്ടിനിപ്പുറം നീണ്ട രജനിയുടെ സിനിമാ ജീവിതം സമാനതകൾ ഇല്ലാത്ത ഒന്നാണ്. ഒരു നടൻ എന്ന നിലയിൽ അയാൾ അടയാളപ്പെട്ടതിന്റെ പതിന്മടങ്ങു ആഴത്തിൽ അയാളൊരു താര ശരീരമായി. അത്തരമൊരു താര ശരീരത്തിന് വേണമെന്ന് കരുതുന്ന നിറത്തെയും രൂപത്തെയും ഒക്കെ പൊളിച്ചെഴുതി അയാൾ ഉള്ളിൽ നിന്ന് ചിരിച്ചു. രജനികാന്തിന്റെ സിനിമാ കരിയറിലെയും വ്യക്തി രാഷ്ട്രീയ ജീവിതത്തിലെയും പാളിച്ചകളെ കുറിച്ച് നമ്മൾ സംസാരിച്ചതിന്റെ ഇരട്ടി ദൂരം അയാൾ തന്റെ താര ദൂരം നടന്നിട്ടുണ്ട്. പേട്ടയിൽ എത്തുമ്പോൾ 68 വയസ്സിന്റെ നിറഞ്ഞ വാർധക്യ കാലമാണ് രജനികാന്ത് എന്ന മനുഷ്യന്. പക്ഷെ ആ താരത്തിന് നിറയൗവനം. അയാൾ വളരെ അനായാസമായി മാസ്സ് ഹീറോയും വില്ലനുമാകുന്നു. ഏറ്റവും കടുത്ത നിസ്സഹായതയിൽ നിന്നുരുവം കൊണ്ട അതി തീവ്ര പ്രതികാരം കൊണ്ട് അയാൾ ദശാബ്ദങ്ങൾ തള്ളി നീക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും മാറ്റി വച്ച് കാലങ്ങളായി തുടർന്ന് വരുന്ന കയ്യടി നമ്മൾ അയാൾക്ക് നൽകി തിരിച്ചു പോരുന്നു. അത് ഇന്ത്യൻ ജനപ്രിയ സിനിമ രജനീകാന്തിന് മാത്രം നൽകിയ സ്വാതന്ത്ര്യമാണ്. അയാളുടെ ശരീര ചലനങ്ങൾക്ക്, ചിരിക്ക് ഒക്കെ അതിനു മുൻപോ ശേഷമോ ഉള്ള സൂപ്പർ താരങ്ങൾക്കില്ലാത്ത ഒരു താളമുണ്ട്, പിറകെ വന്നവർക്ക് അനുകരിക്കാൻ മാത്രം സാധ്യമായവ. ഒരു സാധാരണക്കാരനായ മനുഷ്യന്റെ പ്രതിനിധി ആയോ നേതാവായോ നില്ക്കാൻ രജനിക്ക് മാത്രം സാധ്യമാകുന്ന ഊർജമുണ്ട്. ഏറിയും കുറഞ്ഞും ഇതൊക്കെ തന്നെയാണ് പേട്ട. അരുണാചലത്തിൽ, ബാഷയിൽ, പടയപ്പയിൽ ഒക്കെ കണ്ട രജനിയിസം. സംവിധായകന്റെ ഭാഷ കടമെടുത്താൽ രജനികാന്ത് എന്ന നടനുള്ള ട്രിബ്യുട്ട് . യുക്തികൾക്കും അയുക്തികൾക്കും കാലത്തിനും അപ്പുറം നിൽക്കുന്ന കരിഷ്മ കൊണ്ട് രജനി ആ ഇടത്തിൽ ഇരിക്കാൻ താൻ മറന്നതല്ല എന്നോർമിപ്പിച്ചു.

ആദ്യ പകുതി രജനികാന്തിന്റേതു മാത്രമാണ് സിനിമയിൽ. തന്റെ ഒറ്റയാൾ പോരാട്ടം കൊണ്ട് ഒരു വലിയ കൂട്ടം ഗുണ്ടകളെ ഒതുക്കി നിർത്തുന്നത് മുതൽ ഓരോ നടത്തത്തിലും വരെ അയാൾ മാത്രമാണ് സിനിമയെ നിയന്ത്രിക്കുന്നത്. ഇത്രയും വലിയ താര നിര ഇനി ഇതിൽ എവിടെ നിൽക്കും എന്ന അതിശയ൦ പോലും പല ഇടങ്ങളിലും സിനിമ തരുന്നുണ്ട്. അയാൾക്ക്‌ ചുറ്റും ഉള്ളവർ നിഷ്പ്രഭമായി എവിടെയൊക്കെയോ പിന്തുണക്കുന്നു എന്നെ തോന്നിയുള്ളൂ അവിടെ പലയിടത്തും. ആഘോഷങ്ങൾക്കിപ്പുറം പൂർവ കാല കഥയും ഭാവി കാല പ്രതികാരവും പറഞ്ഞു തുടങ്ങുന്ന രണ്ടാം പകുതിയിലും കുറെയൊക്കെ അങ്ങനെ തന്നെ ആണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗത്തിലും ക്ലൈമാക്സിനു മുന്നേയുള്ള രംഗത്തിലും മാത്രമാണ് നവാസുദ്ധിൻ സിദ്ധിക്കിയിലെ നടൻ പോലും പൂർണമായി പുറത്ത് വരുന്നത്. വിജയ് സേതുപതിയും അങ്ങനെയൊക്കെ തന്നെയാണ്. പലപ്പോഴും അതി ശക്തവും തീവ്രവുമായ കഥാപാത്രങ്ങളെ ഒറ്റയ്ക്ക് കൊണ്ട് പോകുന്ന ഈ രണ്ട് നടന്മാർ രജനികാന്തിനെ കണ്ടു അത്ഭുതപ്പെടുന്ന പ്രതീതി ഉണ്ടാക്കാൻ സിനിമക്കായി. ബോബി സിൻഹയും തൃഷയും സിമ്രാനും ഒക്കെ വളരെ ചുരുക്കം ഇടങ്ങളിൽ വന്നു പോകുന്ന താര സാന്നിധ്യങ്ങൾ ആണ്. പ്രവചിക്കാൻ ഒട്ടും പ്രയാസമില്ലാത്ത റിവഞ്ച ഡ്രാമയെ തന്റെ താര സാനിധ്യം കൊണ്ട് അയാൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.പഞ്ച് ഡയലോഗുകൾ, ആഘോഷ നൃത്തങ്ങൾ, തല്ലി തോല്പിക്കലുകൾ ഒക്കെ കൊണ്ട് സിനിമ മൂന്നു മണിക്കൂറും തീയറ്ററുകൾ സജീവമാക്കുന്നു. കൂടെ നിൽക്കുന്ന ഈ വൻ ഇന്ത്യൻ താര നിരക്ക് ഇടമില്ലാതാകുന്ന അപൂർവം സിനിമാ കാഴ്ചകളിൽ ഒന്നാണത്.മറ്റു പലയിടങ്ങളിലും അനീതി ആയി തോന്നിയേക്കാവുന്ന ഈ അവസ്ഥ പേട്ടയിൽ മൂന്നു മണിക്കൂർ നീണ്ട കാഴ്ച ആഘോഷമാകുന്നു. വാർദ്ധക്യത്തിന്റെ ഇടറിയ ശബ്ദവും പതറിയ നടത്തവും അയാളെ ആ ഇടത്തിൽ നിന്നും ഒരിഞ്ചു പോലും മാറ്റുന്നില്ല.

കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന് പോലും ഇതിനിടയിൽ റോൾ ഒന്നുമില്ലേ എന്ന് ചോദിച്ചാൽ വളരെ മൃദുവായി ഉണ്ട്. സിനിമയിൽ നിർണായകമായ ഓരോ സന്ദർഭത്തിനു തൊട്ടു മുന്നേയും ഒരു റേഡിയോയോ ഗ്രാമഫോണോ പഴയ തമിഴ് പട്ടു പാടുന്നുണ്ട്. ആ രണ്ടു വരികൾ ആണ് കാണികളെ ജാഗരൂകരാക്കാൻ സംവിധായകൻ ഉപയോഗിക്കുന്നത്. എസ് പി ബിയുടെ ശബ്ദമോ ഇളയരാജയുടെ ഈണമോ അല്ല രജനിയുടെ കൂടെ പൂർവ കാലത്തെ പല നിലക്ക് ഈ പാട്ടുകൾ ഓർമിപ്പിക്കുന്നുണ്ട്. ആ രണ്ടു വരികളിലൂടെ ആണ് കാളി ഊർജം സംബന്ധിച്ചു ജീവിതത്തിൽ മുന്നോട്ട് പോകുന്നത്. അസ്വസ്ഥമാക്കുന്ന ഭൂതകാലവും അമർത്തി വച്ച പ്രതികാരവും ഒക്കെ അയാൾ ബാലൻസ് ചെയ്യുന്നത് ഈ രണ്ടു വരികളിലൂടെ ആണ്. പലപ്പോഴും ആശയകുഴപ്പങ്ങളെ മറികടക്കാനും അയാൾ ഈ ഈണങ്ങൾ ഉപയോഗിക്കുന്നുണ്ട്. 96 നു ശേഷം അതിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയിൽ പഴയ പാട്ടുകളെ ഉപയോഗിച്ച തമിഴ് സിനിമ കൂടി ആകുന്നു പേട്ട. പ്രതികാരമില്ലാത്ത ഇടങ്ങളിൽ അയാളുടെ മനസിനെ നിറക്കുന്നത് പാട്ട് ആണ്. ട്രാൻസ് ഫോബിയയുടെ പേരിൽ ഏറ്റവുമധികം വിമർശനം നേരിട്ട ഒരു ഇടമാണ് തമിഴ് സിനിമാ വ്യവസായം. ട്രെയിനിലെ ഒരു ചെറിയ, തീർത്തും സ്വാഭാവികമായ രംഗത്തിലൂടെ ഇതിനെ വെല്ലുവിളിക്കുന്നുണ്ട് പേട്ട. ഇത്തരം മാറ്റങ്ങൾ സിനിമയുടെ കഥാഗതിക്കുള്ളിലേക്കു സ്വാഭാവികമായി കൊണ്ട് വരുന്നത് അത്ര എളുപ്പമല്ല. ഒരു രാഷ്ട്രീയ പ്രഖ്യാപനം പോലെ സിനിമക്ക് പുറത്ത് മുഴച്ചു നിൽക്കും പലപ്പോഴും. രജനികാന്തിന്റെ സമീപ കല സിനിമയിലെ രാഷ്ട്രീയ നിലപാടുകളിൽ ആകൃഷ്ടരായ കാണികളെയും സിനിമയും സംവിധായകനും പൂർണമായി നിരാശപ്പെടുത്തി എന്ന് പറയാൻ ആവില്ല. അംബേദ്കറിസം എന്നൊക്കെ വിളിക്കാൻ ആവില്ലെങ്കിലും, സിനിമ ഒരിക്കലും രാഷ്ട്രീയ പ്രഖ്യാപനം ആയി മാറിയില്ലെങ്കിലും തീവ്ര ഹിന്ദുത്വത്തെ വില്ലന്മാരാക്കുന്നു. പല നിലക്കുള്ള വൈകാരിക അരക്ഷിതത്വ൦ ആണ് ഈ രാഷ്ട്രീയത്തിന് അണികളെ ഉണ്ടാക്കുന്നത് എന്ന് പറയുന്നു. എന്‍ മണ്ണയും എന്‍ മക്കളെയും സൊരണ്ടി തിന്നവനുക്ക് ഇത് താണ്ട മുടിവ്” എന്ന് നായകനെ കൊണ്ട് പറയിക്കുന്നു. ഹിന്ദു പുരാണങ്ങൾ തന്നെ സാന്ദർഭികമായി ഉപയോഗിക്കുന്നു. ഇതൊന്നും സിനിമയുടെ ഒഴുക്കിനെ രജനികാന്തിന്റെ മസ്സിനെ തിരക്കഥയുടെ താളത്തെ തടസപ്പെടുത്താതെ സിനിമയിൽ നിറച്ചതാണ് പേട്ടയിലെ കാർത്തിക്ക് സുബ്ബരാജ് ബ്രിലിയൻസ് എന്ന് പറയാം. പാട്ടൊക്കെ സിനിമയുടെ ഓളത്തിനൊപ്പം തന്നെയുണ്ട്. പല പഴയ രജനികാന്ത് സിനിമയിലെയും പോലെ സ്ത്രീ കഥാപാത്രങ്ങൾ പ്രണയികളായി കാഴ്ചക്ക് മഖ്‌അത്രം വന്നു പോകുന്നു. കണ്ടു ശീലിച്ച ഇന്ത്യൻ റിവഞ്ച് ഡ്രാമകളെ തിരക്കഥ പൂർണമായും ആശ്രയിക്കുന്നുണ്ട്. അതാണ് സിനിമയെ തീർത്തും പ്രവചന സ്വഭാവമുള്ള ഒന്നാക്കി മാറ്റിയത്. എന്തൊക്കെയായാലും രജനികാന്ത് എന്ന താരം നിങ്ങളെ ഒരിക്കൽ എങ്കിലും അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിൽ പേട്ട നിങ്ങളെ നിരാശപ്പെടുത്താൻ സാധ്യത ഇല്ല.

Print Friendly, PDF & Email