പൂമുഖം SPORTS കളിയല്ലാത്ത ചില കാര്യങ്ങൾ

കളിയല്ലാത്ത ചില കാര്യങ്ങൾ

 

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്‌ പരമ്പരയിലെ വിജയികൾക്ക് നൽകുന്ന ബോർഡർ -ഗാവസ്‌കർ ട്രോഫി സാധാരണ സമ്മാനിക്കാറുള്ളത് അലൻ ബോർഡറും ഗവാസ്കറും ചേർന്നാണ്. എന്നാൽ ഇത്തവണ ഗവാസ്കറെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ് ക്ഷണിച്ചിരുന്നില്ലത്രേ. തങ്ങൾക്കു തന്നെ ലഭിക്കാനുള്ള ട്രോഫി ഒരു ഇന്ത്യക്കാരൻ തൊട്ടശുദ്ധമാക്കേണ്ടതില്ലെന്നു ഓസ്‌ട്രേലിയൻ സായിപ്പിന് തോന്നിയിരിക്കണം. അതെന്തായാലും പരമ്പരയിലെ അവസാന കളിയായ സിഡ്‌നി ക്രിക്കറ്റ്‌ ടെസ്റ്റിന്റെ അഞ്ചാം ദിവസം മോശം കാലാവസ്ഥയെ തുടർന്ന് കളി നടക്കാതെ വന്നപ്പോൾ ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ചരിത്രം പിറക്കുകയായിരുന്നു.കഴിഞ്ഞ എഴുപതു വർഷങ്ങളായി തുടരുന്ന ഒരു ശീലത്തിന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അവിടെ വിരാമമിട്ടു. അന്നേവരെ ഓസ്‌ട്രേലിയയോട് നേരിട്ട എല്ലാ തോൽവികൾക്കും ഈ പരമ്പര വിജയത്തോടെ കൊഹ്‌ലി പട മറുപടി എഴുതി. സായിപ്പിന് മുന്നിൽ ഇത്തവണ അവർ കവാത്ത് മറന്നില്ല.
ഇംഗ്ലണ്ടിലാണ് ക്രിക്കറ്റ്‌ ജനിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലാണ് ഈ കളി യൂറോപ്പിന് പുറത്തേക്കു സഞ്ചരിക്കുന്നത്. ആദ്യം വെസ്റ്റ് ഇൻഡീസിലും പിന്നീട് ഈസ്റ്റ്‌ ഇന്ത്യ കമ്പനി വഴി ഇന്ത്യയിലും എത്തി. ബ്രിട്ടീഷ് കോളനി വാഴ്ചയും ക്രിക്കറ്റിന്റെ വ്യാപനവും തമ്മിൽ പൊക്കിൾ കൊടി ബന്ധമുണ്ടെന്ന് ചുരുക്കം. 18 ആം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് ക്രിക്കറ്റ്‌ ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിൽ എത്തുന്നത്. ടീമിൽ വേണ്ടുന്ന പതിനൊന്നു പേരെ ഒപ്പിക്കാൻ വേണ്ടി മാത്രമാവണം ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾ തങ്ങൾക്കു കീഴിലെ തദ്ദേശീയരെ ഈ കളി പഠിപ്പിച്ചെടുത്തത്. എന്നാൽ പില്ക്കാലത്തു കളി പഠിച്ചവർ പഠിപ്പിച്ചവരെ തോൽപ്പിച്ചു തുടങ്ങി. യുണൈറ്റഡ് കിങ്‌ഡത്തിന് പുറത്തെ യൂറോപ്യൻ രാജ്യങ്ങളിലൊന്നും വേണ്ട വിധം പച്ച പിടിക്കാത്ത ഈ കളി കോമ്മൺവെൽത്ത് രാജ്യങ്ങളിൽ പ്രചുര പ്രചാരം നേടി. പരമ്പരാഗത രൂപമായ ടെസ്റ്റിലും പിന്നീട് വന്ന ഏകദിന, ട്വന്റി -ട്വന്റി ക്രിക്കറ്റിലും അവർ ഒരു പോലെ പ്രബലരായി. ഇംഗ്ലണ്ടിൽ നിന്നും ആദ്യം കളി പഠിച്ച വെസ്റ്റ് ഇൻഡീസ് ആയിരുന്നു ഒരു കാലത്തെ ക്രിക്കറ്റ്‌ തമ്പുരാക്കന്മാരെങ്കിൽ പിന്നീട് ആവേശം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളിലേക്കും ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു.

chet
ക്രിക്കറ്റ്‌ ലോകത്തിനു അനേകം മഹാരഥന്മാരായ കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. സർ ഡൊണാൾഡ് ബ്രാഡ്മാൻ എന്ന ഒറ്റപ്പേരു മതി ഓസ്‌ട്രേലിയൻ പ്രതിഭാധനതയുടെ ആഴം അളക്കാൻ. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ഇന്ത്യൻ മണ്ണിൽ ഓസ്‌ട്രേലിയക്കോ ഓസ്‌ട്രേലിയയിൽ ഇന്ത്യക്കോ വേണ്ട വിധം തിളങ്ങാൻ സാധിക്കാറില്ല. ഇന്ത്യയിലെ സ്പിൻ ബൗളിങ്ങിന് അനുകൂലമായ പിച്ചുകളിൽ ഓസ്‌ട്രേലിയൻ കളിക്കാർ ഒരു പരിധി വരെ പിടിച്ചു നിൽക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഫാസ്റ്റ് ബൗളിങ്ങിന് അനുകൂലമായ, പന്ത് കുത്തിപൊങ്ങുന്ന ഓസ്‌ട്രേലിയൻ പിച്ചുകളിൽ ഇന്ത്യൻ കളിക്കാർ ആയുധം വെച്ച് കീഴടങ്ങാറാണ് പതിവ്. സാങ്കേതിക തികവും മികവും കളിക്കാർക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള ടെസ്റ്റ്‌ ക്രിക്കറ്റിൽ വിശേഷിച്ചും.ഫീൽഡിങ് നിയന്ത്രണമുള്ള പരിമിത ഓവർ മത്സരങ്ങളിൽ വിജയിക്കാൻ ആയേക്കാം. ടെസ്റ്റിൽ അതാവില്ല. ഇന്ത്യയും ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയൻ മണ്ണിൽ ഇത് വരെ കളിച്ച 36 ഓളം ടെസ്റ്റ്‌ മത്സരങ്ങളിൽ കേവലം 7 എണ്ണം മാത്രമാണ് ഇന്ത്യക്ക് ജയിക്കാൻ ആയിട്ടുള്ളത് എന്നോർക്കുമ്പോഴാണ് ഇന്ത്യൻ ജയം കൂടുതൽ മഹത്തരമാകുന്നത്.
നാലു ടെസ്റ്റുകൾ അടങ്ങുന്ന പരമ്പര തോൽവിയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ദൗർബല്യങ്ങളെയും ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയുടെ മേന്മകളുടെയും ലിറ്റ്മസ് ടെസ്റ്റ്‌ ആയിരുന്നു ഒന്നാമത്തെ കളി. ഇന്ത്യൻ ബാറ്റിംഗ് നിരയൊന്നാകെ ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ ഇന്ത്യ നന്നായി തോറ്റു. തോൽവികളിൽ നിരാശൻ ആകുന്നവൻ യഥാർത്ഥ പോരാളിയല്ല. കൊഹ്‌ലിയിലെ പോരാളിയിലെ ഉര ക്കല്ലാവുകയായുകയായിരുന്നു പെർത്തിലെ രണ്ടാം ടെസ്റ്റ്‌. ഹനുമ വിഹാരിയെന്ന ബാറ്സ്മാനെ സ്പെഷ്യലിസ്റ് സ്പിന്നറുടെ റോളിൽ കളിപ്പിച്ചു കൊഹ്‌ലി നടത്തിയ ചൂതാട്ടം കായിക ലോകത്തെ അമ്പരപ്പിച്ചു. ഓപ്പണർമാർ ഒന്നുകൂടി പരാജയപ്പെട്ടെങ്കിലും പൂജാരയുടെ മികവിൽ ഇന്ത്യ കളി ജയിച്ചു. മെൽബണിലെ മൂന്നാം ടെസ്റ്റിലാണ് കോഹ്‌ലിയുടെ നായക മികവ് ഒന്ന് കൂടി വ്യക്തമായത്. ഇരു ഓപ്പണർ മാരെയും പുറത്തിരുത്തി മായങ്ക് അഗർവാളിനെയും കഴിഞ്ഞ കളിയിലെ സ്പെഷ്യലിസ്റ് സ്പിന്നർ വിഹാരിയേയും കൊണ്ടയാൾ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യിച്ചു.ടൂർണമെന്റിൽ ആദ്യമായി ഓപ്പണിങ് സഖ്യവും പിന്നാലെ വന്ന പൂജാരയും കോഹ്‌ലിയും രോഹിതും ഒരു പോലെ തിളങ്ങിയപ്പോൾ ഇന്ത്യ മികച്ച ടോട്ടൽ നേടി.ബുമ്രയുടെ ബൗളിംഗ് മികവും ചേർന്നപ്പോൾ ഇന്ത്യ ജയിച്ചു. നിർണായകമായ നാലാം ടെസ്റ്റ്‌ മോശം കാലാവസ്ഥയെ തുടർന്ന് സമനില ആയപ്പോൾ ബോർഡർ ഗാവസ്‌കർ ട്രോഫി ആദ്യമായി ഇന്ത്യയുടെ കയ്യിലെത്തി.

boom
എന്താണ് ഇന്ത്യൻ വിജയത്തിന്റെ അടിത്തറ. ടൂർണമെന്റിൽ ഉടനീളം അതിഭീകരമായ സ്ലെഡ്ജിങ്(ചീത്തവിളി ) ആണ് ഓസ്‌ട്രേലിയൻ കളിക്കാരിൽ നിന്നും നേരിടേണ്ടി വന്നത്.എന്നാൽ ഒരു ഘട്ടത്തിലും ഇന്ത്യൻ കളിക്കാർ ഇതിൽ പതറിയില്ലെന്നു മാത്രമല്ല അതേ നാണയത്തിൽ തിരിച്ചടിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ പ്രതീക്ഷകൾക്ക് കടക വിരുദ്ധമായിരുന്നു. പരമ്പരാഗതമായി ഫാസ്റ്റ് ബൗളിങ്ങിനെ തുണയ്ക്കുന്നതാണ് ഓസ്‌ട്രേലിയൻ പിച്ചുകൾ. ഇത്തവണ പക്ഷേ ബാറ്റിംഗ് പിച്ചുകളാണവർ ഒരുക്കിയത്. ക്രീസിൽ ദീർഘ നേരം ചിലവിടാൻ മടിയില്ലാത്ത പൂജാരയും കോഹ്‌ലിയും ഈ അവസരം പരമാവധി മുതലെടുത്തു. നാലാം ടെസ്റ്റിൽ പൂജാരയെ പ്രകോപിപ്പിക്കാനായി ഓസ്‌ട്രേലിയൻ സ്പിന്നറായ ലയൺ ചോദിച്ചത് നിങ്ങൾക്ക് ബാറ്റു ചെയ്തു മടുക്കുന്നില്ലേ എന്നാണ്. എന്നാൽ ഒടുവിൽ ഇന്ത്യൻ ബാറ്സ്മാന്മാർക്കെതിരെ പന്തെറിഞ്ഞു തളരുന്ന ലയണിനെ ആണ് കണ്ടത്. ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാര തകർച്ച അവരുടെ രാജ്യാന്തര ടീമിനെയും വല്ലാതെ ബാധിച്ചു. ഒരു കാലത്ത് പ്രതിഭകളുടെ അതിപ്രസരം ഉണ്ടായിരുന്നു ആ ടീമിൽ. ഏകദിനത്തിൽ അറുപതിനടുത്ത ബാറ്റിംഗ് ശരാശരി ഉണ്ടായിരുന്ന മൈക്കിൾ ബെവന് അവരുടെ ടെസ്റ്റ്‌ ടീമിൽ ഇടമുണ്ടായിരുന്നില്ല എന്നോർക്കണം. ഇന്ന് പക്ഷേ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ 40 നു മുകളിൽ ബാറ്റിംഗ് ശരാശരിയും 6 ൽ താഴെ ബൗളിംഗ് എക്കണോമിയും ഉള്ളവർ ആ ടീമിൽ കുറവാണ്. വൈവിധ്യമാർന്ന രീതിയിൽ പന്തെറിയാൻ സാധിക്കുന്ന ബുമ്ര അടക്കമുള്ള ഒരു കൂട്ടം മികച്ച പേസ് ബൗളർമാർ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. 150 മൈലിനു മുകളിൽ വേഗതയൊന്നും അവർക്കവകാശപ്പെടാനില്ല. എന്നാൽ ഗുഡ് ലെങ്ങ്തിൽ നിരന്തരം പന്തെറിഞ്ഞു ബാറ്സ്മാൻറെ ക്ഷമ പരിശോധിക്കാനും ഷോർട് ബോളുകൾ എറിഞ്ഞു അവരെ പേടിപ്പിക്കാനും ഈ താരങ്ങൾക്കു മടിയില്ല. റൺ വിട്ടു കൊടുക്കേണ്ടി വന്നാലും വിക്കെറ്റ് ലഭിച്ചില്ലെങ്കിലും തളരാത്ത ഒരു ശരീരഭാഷയും ഇവർക്കുണ്ട്. ക്രിക്കറ്റ്‌ ഒരു ടീം ഗെയിം ആണ്. എങ്കിലും അതിൽ ക്യാപ്റ്റനുള്ള പങ്ക് നിസ്തുലമാണ്. ഇന്ത്യക്ക് കോഹ്ലി എന്നൊരു ക്യാപ്റ്റനും അയാളെ സഹായിക്കാൻ രോഹിതിനെ പോലെ അനുഭവ സമ്പത്തുള്ള കളിക്കാരും ഉണ്ടായിരുന്നു. ഓസ്‌ട്രേലിയക്ക് ഇല്ലാത്തതും അതു തന്നെ ആയിരുന്നു.
കീഴ്പ്പെടുത്താൻ വന്നവന്റെ മുന്നിൽ നട്ടെല്ല് വിരിച്ചു നിവർന്നു നിന്ന ചരിത്രമാണിന്ത്യക്കുള്ളത്. പേടിപ്പിച്ചവനെ അവരുടെ നാട്ടിൽ പോയി നേരിടാനും നാം മടിച്ചിട്ടില്ല. വെള്ളക്കാരന്റെ കുടില തന്ത്രങ്ങൾ നമ്മെ തോൽപ്പിക്കാൻ പര്യാപ്തമല്ല. അത് കളിയിലായാലും കാര്യത്തിലായാലും. ഓസ്‌ട്രേലിയൻ പരമ്പരയിലെ ജയം ഈ വസ്തുത അടിവരയിടുന്നു.

വാൽക്കഷ്ണം :ഈ പരമ്പരയിലെ മികച്ച നിമിഷം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഓഫ്‌ സ്റ്റമ്പിന് വെളിയിൽ കുത്തിതിരിഞ്ഞ് ടിം പൈൻ എന്ന ഓസ്‌ട്രേലിയൻ നായകന്റെ ലെഗ് സ്റ്റമ്പിലെ ബെയിലുമെടുത്തു കുൽദീപ് യാദവ് എറിഞ്ഞ ബോൾ കടന്ന് പോയ നാലാം ടെസ്റ്റിലെ നിമിഷമുണ്ടല്ലോ. അതു തന്നെ.

Comments
Print Friendly, PDF & Email

You may also like