പൂമുഖം CINEMA ഞാൻ പ്രകാശൻ

ഞാൻ പ്രകാശൻ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

80 കൾ മുതൽ പ്രേക്ഷകർ പ്രതീക്ഷയുടെ അമിതഭാരം നൽകിയ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീം . മലയാളി മധ്യവർത്തി ജീവിതത്തിലെ നിത്യകാഴ്ചകൾ മൂതൽ ദ്വയാർത്ഥ ദാരിദ്ര്യമില്ലാത്ത തമാശ വരെ നിരവധി ഘടകങ്ങൾ ഈ പ്രതീക്ഷക്ക് പിന്നിലുണ്ട്. ഏതോ അതീന്ദ്രിയ ലോകത്ത് നിന്ന് സാധാരണക്കാരെ നോക്കാതെ പെരുമാറുന്ന നായകനും പലപ്പോഴും നായകനെക്കാൾ സരസമായി നിറഞ്ഞു നിൽക്കുന്ന സഹനടീനടന്മാരും ഒക്കെ ഇവരുടെ സിനിമകളുടെ ആകർഷണങ്ങൾ ആയിരുന്നു. അതിലളിതമായി രാഷ്ട്രീയം സംസാരിക്കുന്ന , തൊഴിലില്ലായ്മ മുതൽ അതാതു കാലത്തെ പ്രശ്നങ്ങൾക്ക് കൃത്യമായ ഇടം നൽകുന്ന സിനിമകൾ ആയിരുന്നു ഇവരുടേത്. ഇന്നും മലയാളത്തിലെ ക്ലാസിക്കുകൾ എന്നറിയപ്പെടുന്ന സിനിമകൾ പലതും ഇവരുടെ കൂട്ടുകെട്ടിൽ നിന്നുണ്ടായതാണ്. മോഹൻലാലും ജയറാമും ഒരു പരിധി വരെ ശ്രീനിവാസനും നടന്മാർ എന്ന നിലയിൽ ഇവിടെ ഇത്രയും സ്വീകാര്യർ ആയതിൽ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കോമ്പിനേഷനുള്ള പങ്കു ചെറുതല്ല. സിനിമ പല രീതിയിലും മാറിയപ്പോൾ ആ കൂട്ടുകെട്ട് രണ്ടു സ്വതന്ത്ര വ്യത്യസ്ത ഇടങ്ങളിലേക്ക് മാറി. സത്യൻ അന്തിക്കാട് വർഷത്തിൽ ഒരു അവധികാല സിനിമ എന്ന രീതി പതിവാക്കിയപ്പോൾ ശ്രീനിവാസൻ നടനായും അപൂർവം ചിലപ്പോൾ എഴുത്തുകാരനായും ഇവിടെ നിറഞ്ഞു നിന്നു. രണ്ടു പേരും കൃഷിക്കാരായും തുടരുന്നു. 16 വർഷങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്നു എന്നത് തന്നെയാണ് ഞാൻ പ്രകാശന്റെ ഏറ്റവും വലിയ ആകർഷണം. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ എന്നു കേൾക്കുമ്പോൾ തോന്നുന്ന ചിരപരിചിതത്വത്തോടൊപ്പം ഫഹദ് ഫാസിൽ എന്ന കൗതുകവും കൂടി ചേർന്ന ഒരു അവധിക്കാല കോമ്പിനേഷൻ ആണ് ഞാൻ പ്രകാശൻ. ഫഹദ് ഫാസിൽ ഇന്ത്യൻ പ്രണയകഥക്ക് ശേഷമാണ് സത്യൻ അന്തിക്കാടിനൊപ്പം അഭിനയിക്കുന്നത്.

fahadh-sathyan.png.image.784.410

സത്യൻ അന്തിക്കാട് നായകന്മാർക്ക് പൊതുവായും ശ്രീനിവാസൻ സത്യൻ അന്തിക്കാട് കോമ്പിനേഷനിലെ നായകന്മാർക്ക് സവിശേഷമായും ചില പൊതു സ്വഭാവങ്ങളുണ്ട്. അതിലൊന്ന് അവർ തൊഴിൽ രഹിതരായിരിക്കും എന്നതാണ്. വിദ്യാസമ്പന്നരായിരിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. ഞാൻ ബി കോം ഫസ്റ്റ് ക്ലാസ് ആണ് എന്ന് പറയുന്ന ദാസനും പേരിൽ തന്നെ അത്തരം സൂചനകൾ ഉള്ള ടി പി ബാലഗോപാലൻ എം എ യും തുടങ്ങി ഇന്ത്യൻ പ്രണയ കഥയിലെ അയ്മനം സിദ്ധാർത്ഥനും ജോമോന്റെ സുവിശേഷങ്ങളിൽ ജോമോനും വരെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ചെറുപ്പക്കാരുടെ കഥ പറയുമ്പോൾ അന്തിക്കാട് വിശേഷിച്ചും  ഈ കഥാപരിസരം ചെറിയ വ്യത്യാസങ്ങളോടെ സ്വീകരിക്കുന്നത് കാണാം. ശ്രീനിവാസനും ഈ പരിസരം വളരെ പ്രിയപ്പെട്ടതാണ്. ഒരു കാലത്ത് മലയാള പോപ്പുലർ സിനിമ ഹിറ്റ് ആക്കിയതും ഇതേ തൊഴിലില്ലായ്മ തന്നെയാണ്. ഇവരോടൊപ്പം സിദ്ദിക്ക് ലാൽ ആണ് ഈ പരിസരം വിജയകരമായി പ്രേക്ഷകരിൽ എത്തിച്ച മറ്റൊരു കോമ്പിനേഷൻ. ശ്രീനിവാസൻ-സത്യൻ അന്തിക്കാടിലേക്ക് തിരിച്ചു വന്നാൽ, കക്ഷി രാഷ്ട്രീയ ജീവിതം തൊഴിലില്ലായ്മയെ മറികടക്കാൻ ഇവരുടെ നായകന്മാർ പലരും ഉപയോഗിച്ചതായും കാണാം. ഇവർ കൂട്ടമായും ഒറ്റക്കും ചെയ്ത നിരവധി സിനിമകൾ അതിനുദാഹരണമാണ്. സന്ദേശം, ഇന്ത്യൻ പ്രണയകഥ തുടങ്ങി നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ഒരേ സമയം ആക്ഷേപഹാസ്യമായും അരാഷ്ട്രീയത ആയും വായിക്കപ്പെടാൻ ഉള്ള സാധ്യത അവർ തുറന്നു വെക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത അലസരായ സുഖിമാന്മാരാണ് ഇവരുടെ പ്രിയപ്പെട്ട നായക കഥാപാത്രങ്ങൾ എന്നതാണ്. സന്ദേശവും ചിന്താവിഷ്ടയായ ശ്യാമളയും വീണ്ടും ചില വീട്ടുകാര്യങ്ങളും ഇന്ത്യൻ പ്രണയ കഥയും ജോമോന്റെ സുവിശേഷങ്ങളും ഒക്കെ ഉദാഹരണങ്ങൾ ആണ്. ഒറ്റക്കും കൂട്ടായും ഇവർ സ്ഥിരമായി സ്വീകരിക്കുന്ന ഈ പൊതു സ്വഭാവങ്ങളൊക്കെ ഞാൻ പ്രകാശനിലെ പ്രകാശനും ഉണ്ട്. ഡോക്ടർ ആവാൻ മോഹിച്ച്, നേഴ്സ് ആയ ആളാണ് പ്രകാശൻ. നഴ്സിംഗ് ഡിഗ്രി ഉണ്ടെന്നല്ലാതെ വർഷങ്ങളായി അയാൾ പണിയെടുക്കാൻ പോയിട്ടില്ല.നഴ്സിങ്ങിനോടുള്ള അവജ്ഞയും മടിയും ശമ്പളമില്ല സമരം ചെയ്യേണ്ടി വരും എന്നൊക്കെയുള്ള ബോധ്യങ്ങളും ഒക്കെയാണ് കാര്യങ്ങൾ. വീട്ടിലെ ആഭ്യന്തര അന്തരങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്. പണക്കാരിയായ സുന്ദരിയെ കല്യാണം കഴിക്കൽ , രാഷ്ട്രീയ പാർട്ടിയിൽ അംഗമാകാൻ തുടങ്ങി  പതിവ് അന്തിക്കാട് ശൈലിയിൽ തന്നെയാണ് പ്രകാശനും നിലനിൽപ്പിന് ശ്രമിക്കുന്നത്. അതൊക്കെ പരാജയപ്പെടുന്നിടത്ത്  യാദൃശ്ചികമായാണ് പണ്ട് പ്രണയിച്ച്, ഗുണഫലം കുറവാണെന്നു കണ്ട്,  ഉപേക്ഷിച്ച സലോമി പ്രകാശന്റെ ജീവിതത്തിൽ എത്തുന്നത്. നിഖില വിമലാണ് സലോമി ആവുന്നത്. പ്രകാശന്റെ ജീവിതത്തിലേക്കുള്ള രണ്ടാം വരവിൽ അവൾ പക്ഷെ ജർമനിയിൽ മൂന്നുലക്ഷം രൂപ ഓരോ മാസവും വരുമാനം നേടുന്ന നേഴ്സ് ആവാൻ പോകുകയാണ്. അവിടെ ജോലിയുള്ള ഒരാളെ കല്യാണം കഴിച്ചാൽ ഉള്ള ലാഭങ്ങൾ കണക്കു കൂട്ടി അവളെ വീണ്ടും പ്രണയിക്കാനും ആരും അറിയാതെ വിവാഹം കഴിക്കാനും തീരുമാനിക്കുന്നു. ഇതര മതസ്ഥ ആയ അവളെ ആരുമറിയാതെ കല്യാണം കഴിച്ച്, ജോലി നേടി പിന്നീട ആരുമറിയാതെ ഉപേക്ഷിച്ച്, ”നല്ല തറവാട്ടിൽ പിറന്ന ”കുട്ടിയെ എല്ലാരും അറിഞ്ഞ്  കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. ഇതിനായി ജർമൻ ഭാഷ പഠിക്കാൻ അയാൾ എറണാകുളം നഗരത്തിൽ എത്തുന്നു. അച്ഛന്റെ അച്യുതൻ മാഷിന്റെ വിദ്യാർത്ഥി ആയിരുന്ന ഗോപാൽ ജിക്ക് (ശ്രീനിവാസൻ)ഒപ്പം താമസം തുടങ്ങുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിൽ തൊഴിലിടങ്ങളിൽ എത്തിക്കുന്ന ജോലിയാണ് ഗോപാൽ ജിക്ക് . തുടർന്നുണ്ടാവുന്ന സംഭവങ്ങളിലൂടെ ആണ് ഞാൻ പ്രകാശൻ മുന്നോട്ട് പോകുന്നത്.

സിനിമയുടെ ട്രെയ്‌ലറിലെ കല്യാണ സദ്യ ഉണ്ണുന്ന പ്രകാശൻ പടം തീയറ്ററിൽ എത്തും മുന്നേ വലിയ ഹിറ്റ് ആയിരുന്നു. ഭൂരിപക്ഷം ശരാശരി ജീവിത സാഹചര്യങ്ങളിൽ ജീവിച്ചു പോകുന്ന മലയാളികളും കണ്ടും അനുഭവിച്ചും ശീലിച്ച അത്തരം ചില കഥാ പരിസരങ്ങളിലൂടെ ആണ് സിനിമയുടെ തുടക്കം. ശ്രീനിവാസന്റെ നരേഷനിലൂടെ ആണ് കഥ തുടങ്ങുന്നത്. പക്ഷെ പിന്നീട്  തികച്ചും പ്രവചിക്കാൻ കഴിയുന്ന, സത്യൻ അന്തിക്കാട് സിനിമകളിൽ നിരന്തരം കണ്ടു വരുന്ന, നായകൻ നന്മയുടെ വെളിച്ചം കിട്ടുന്ന കഥയിലേക്ക് സിനിമ ചുരുങ്ങുന്നു. ജീവിതത്തെ തികച്ചും അലസമായി കാണുന്ന ഒരാൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഒരാൾ സവിശേഷമായ കാര്യകാരണങ്ങൾ കൊണ്ട് സ്വയം തിരുത്തപ്പെടുന്ന അവസ്ഥയിലേക്ക് സിനിമ മാറുന്നു. അപ്പോൾ യാഥാർഥ്യവുമായും ഹ്യൂമറുമായും ബന്ധം അവസാനിപ്പിച്ചു സിനിമ അന്തിക്കാടൻ നന്മ വഴിയിലേക്ക് യാത്ര തിരിക്കുന്നു. പ്രകാശന്റെ തിരിച്ചറിവിന്റെ വഴി സ്ഥിരം അന്തിക്കാട് സിനിമകളിൽ കണ്ടു മുട്ടുന്ന ഉപദേശി പെൺകുട്ടി ആണ്. ഈ പെണ്കുട്ടിയിലേക്ക് എത്തുന്ന വഴികൾ മാത്രമാണ് വ്യത്യസ്തമായുള്ളത്. ജോമോന്റെ സുവിശേഷങ്ങളിൽ അപ്രതീക്ഷിത സാമ്പത്തിക തകർച്ചയാണെങ്കിൽ ഇവിടെ മറ്റൊരു തരത്തിൽ പറ്റിക്കപ്പെട്ടതാണ്. വെള്ള കോളർ ജോലി മാത്രമേ ചെയ്യൂ എന്ന വാശി ഉണ്ടോ എന്ന് ചോദിക്കുന്ന രാധയും ഓരോ കിലോ അരിക്കെന്താ വില എന്ന് ചോദിക്കുന്ന അനുപമയും ചാർളി ചാപ്ലിൻ ഡയലോഗ് പറയുന്ന ശ്രുതിയും ഒക്കെ ഒരേ കഥാപാത്രത്തിന്റെ വിവിധ തര0 തുടർച്ചകളാണ്. ഇപ്പോൾ നിരന്തരം വിമർശിക്കപ്പെടുന്ന അന്തിക്കാട് ക്ളീഷേകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നും ഇതാണ്. സിനിമയിൽ കാണികൾ പ്രതീക്ഷയോടെ കാത്തിരുന്നത് ഫഹദ് ഫാസിലിന്റെ പ്രകടനത്തിനാണ്.ചിലപ്പോൾ സരസമായി സ്വാഭാവികമായി തന്റെ പതിവ് ശൈലിയിൽ അഭിനയിച്ച ഫഹദ് ഇടക്ക് പതിവിനു വിരുദ്ധമായി അമിതാഭിനയത്തെ ആശ്രയിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ ചില നന്മ ആവേശിക്കുന്ന രംഗങ്ങൾ ഒക്കെ ഉദാഹരണമാണ്. ശ്രീനിവാസൻ മുഴുനീള കഥാപാത്രമായി നിറഞ്ഞു നിൽക്കുന്ന ഒരു സിനിമ കൂടിയാണ് ഞാൻ പ്രകാശൻ. അദ്ദേഹത്തിന്റെ പതിവ് ശൈലിയിൽ സിനിമയെ ലളിതമായി സരസമായി മുന്നോട്ട്  കൊണ്ടുപോകാൻ ഗോപാല്ജി എന്ന കഥാപാത്രത്തിലൂടെ സാധിച്ചിട്ടുണ്ട്. മാരകമായ അസുഖത്തെ ഒക്കെ മെലോഡ്രാമാറ്റിക്ക് ആയി അവതരിപ്പിക്കുന്നതിൽ മലയാള സിനിമ വേറിട്ടൊരു പാത പിന്തുടർന്നാൽ നന്നാകും എന്ന് ഈ സിനിമയും ഓർമിപ്പിച്ചു. കാലങ്ങളായി കണ്ടു തഴമ്പിച്ച ശൈലി പ്രേക്ഷകർ അത്ര എളുപ്പത്തിൽ മറന്നു പോകില്ല. പാട്ടുകൾ അനാവശ്യമായി ഉപയോഗിക്കുന്നതും ആസ്വാദ്യമായി തോന്നിയില്ല.

fahadh-fazil.gif.image.784.410

അവധിക്കാല കുടുംബപ്രേക്ഷകർക്ക് സത്യൻ അന്തിക്കാട് എന്ന സംവിധായകനും സത്യൻ-ശ്രീനി കൂട്ടുകെട്ടും ഒക്കെ ഇപ്പോഴും വലിയ പ്രതീക്ഷകൾ ആണ്. ആദ്യ ദിനങ്ങളിലെങ്കിലും തീയറ്ററുകൾ സജീവമാക്കാൻ ദശാബ്ദങ്ങൾക്കിപ്പുറവും അവർക്ക് സാധിക്കുന്നുണ്ട്. കരിയറിലെ പരാജയങ്ങൾ ഒരിക്കലും ആ പ്രതീക്ഷകളെ കെടുത്താത്തത്രയും ഉയരത്തിൽ പണ്ടേ കരിയർ സ്ഥാപിച്ചവർ ആണിവർ. ഈ കൂട്ടുകെട്ടിന്റെ ആരാധകരും ഫഹദ് ഫാസിൽ എന്ന നടന്റെ ആരാധകരും രണ്ടു തരം സിനിമാസങ്കൽപ്പങ്ങൾ ഉള്ളിൽ പേറുന്നവർ ആണെന്ന് തോന്നിയിട്ടുണ്ട്. ആ വൈരുധ്യങ്ങൾക്കിടയിൽ നിൽക്കുക, ഈ രണ്ടു തരം സിനിമാ സങ്കല്പങ്ങളെയും ഒരു പോലെ തൃപ്തിപ്പെടുത്തുക എന്നതൊക്കെ ശ്രമകരമായ ജോലികളാണ്. നിരവധി അന്തിക്കാടൻ  കാഴ്ചകൾ ആവർത്തിക്കുന്നുണ്ടെങ്കിലും, ഫഹദ് പലപ്പോഴും തന്റെ പതിവ് സ്വാഭാവികതയെ കൈവിട്ടെങ്കിലും, വർഷത്തിൽ ഒരിക്കൽ സിനിമ കാണുന്ന കുടുംബങ്ങൾക്ക് അത്രയധികം മുഷിയാത്ത ഒരു അവധിക്കാലം പ്രകാശനും നൽകുന്നുണ്ട്.

Comments
Print Friendly, PDF & Email

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

You may also like