പൂമുഖം LITERATUREലേഖനം കുഴമണ്ണിൽ കുഴഞ്ഞുപോയ ജീവിതങ്ങൾ

കുഴമണ്ണിൽ കുഴഞ്ഞുപോയ ജീവിതങ്ങൾ

എന്റെ ഗ്രാമത്തിൽ
ആറങ്ങോട്ടുകരയിലെ പ്രധാനപാതയോട് ചേർന്നു് ഇരുവശങ്ങളിലായി കിടക്കുന്ന ഒരു കുശവക്കോളനിയുണ്ട്.

ദുരിതപർവ്വങ്ങൾ ഒരു പാട് താണ്ടിയതിന്റെ കദനകഥകളുണ്ട് ഇവർക്ക് പറയാൻ.

കേരളത്തിൽ അങ്ങോളമിങ്ങോളം പരന്നു കിടക്കുന്ന കുംഭാരക്കോളനികളുടെ ഒരു പരിഛേദം തന്നെയാണിതും.

48419937_359463727949067_7590374751646777344_n

ഈ നാടിന്റെ ചരിത്രവുമായി ഇവർക്കു വലിയ ബന്ധമുണ്ട്. കുശവൻ ,കുംഭാരൻ, വേളാൻ, കുലാലൻ, കുലാലനായർ, ആന്ധ്രനായർ എന്നിങ്ങിനെ വിവിധ പേരുകളിലാണ് ഇവർ വിവിധപ്രദേശങ്ങളിൽ അറിയപ്പെടുന്നത്.

കുശവൻ എന്ന പേര്‌ സത്യത്തിൽ കുഴമണ്ണ് ചുട്ടെടുക്കുന്നവൻ എന്ന അർത്ഥത്തിലാണത്രേ!ഐതിഹ്യപ്പെരുമയിൽ പറയുന്നത് ശിവന്റെ മുടി പറിച്ചെടുത്താണ് കുശവനെ സൃഷ്ടിച്ചത് എന്നാണ്. അതുപോലെ, കുംഭം നിർമ്മിക്കുന്നവനാണ് കുംഭാരൻ.

മൺകലങ്ങൾ, മൺപാത്രങ്ങൾ എന്നിവയ്ക്ക് കാർഷിക സംസ്കൃതിയുമായി വലിയ ബന്ധമാണുണ്ടായിരുന്നത്.സാമ്പത്തിക കാഴ്ചപ്പാടുകളിലേക്ക് സമൂഹ വ്യവസ്ഥിതി മാറിവന്നപ്പോഴാണ് കുശവൻ അവമതിക്കപ്പെട്ടത്!

അവരുടെ ജീവിതവും ചിട്ടവട്ടങ്ങളും കൗതുകകരമാണ്, കുറച്ചൊക്കെ അവ്യാഖ്യേയവും .ഭാഷ, ആചാരം എല്ലാം വ്യത്യസ്തമാണ്.നിരന്തരം മണ്ണിനോടു ബന്ധപ്പെടുന്നവരായതു കൊണ്ടായിരിക്കാം ഇവരുടെ ചർമ്മം വളരെ സ്നിഗ്ദ്ധമാണെന്ന് പറഞ്ഞുകേൾക്കാറുണ്ട് !

പൊതുസമൂഹത്തോട് ഇടപഴകുന്നതിൽ ഒരുതരം വൈമുഖ്യം പഴയകാല രീതികൾ പിന്തുടരുന്ന ഈ സമൂഹം പുലർത്തിപ്പോരുന്നു.

48402895_794040747599890_4079745857732214784_n

ആന്ധ്രപ്രദേശത്തു നിന്നും കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്തവരായിരുന്നുവത്രേ ഇവരുടെ പൂർവ്വികർ. തെലുങ്കിനോടു സാമ്യമുള്ള, പ്രത്യേക ലിപിയില്ലാത്ത, ഭാഷയാണ് ഇവരുടേത് .. കർശനമായ കുടുംബ ജീവിത ചിട്ടകളാണ് ഇവർക്കിടയിൽ ..പ്രധാനദൈവം മാരിയമ്മൻ എന്ന ദേവതയാണ്.

ഗ്രാമത്തിന്റെ അതിർത്തിയിൽ വീടുകൾ വെച്ച് കൂട്ടമായി താമസിച്ചിരുന്നു. പ്രധാനമായും അഞ്ച് ഉപജാതികൾ ഇവരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. പട്ടക്കാട്, സെലവനെ, സവിദി, ജോഗം, പുലിന്തലം എന്നിവയാണവ.

വിവാഹം, മരണം തുടങ്ങി എല്ലാ ചടങ്ങുകൾക്കും ഈ ജാതി വ്യവസ്ഥ ആവശ്യമാണത്രേ ( ചടങ്ങുകൾക്ക് വിവിധ ജാതിയിൽപെട്ട കാരണവൻമാരുടെ സാന്നിദ്ധ്യം വേണമെന്നായിരുന്നു മുൻ കാലങ്ങളിലെ ആചാരം)

പ്രാദേശികമായി നിളയോടു ചേർന്നുകിടക്കുന്ന താണിവരുടെ പൂർവ്വകാലചരിതം. തങ്ങളുടെ തൊഴിലിന് അത്യന്താപേക്ഷിതമായ കളിമണ്ണെന്ന അസംസ്കൃത വസ്തുവിന്റെ ലഭ്യത കാരണമായിട്ടുണ്ടാകാം.

ഗോത്ര പാരമ്പര്യത്തിലധിഷ്ഠിതമായ ഒരു ജീവിതക്രമമാണിവരുടേത്. കടുത്ത ജീവിത ചിട്ടവട്ടങ്ങൾ കുടുംബത്തി ന്നകത്തും സമൂഹത്തിലും പാലിക്കുന്നവരായിരുന്നു മുൻഗാമികൾ.
തങ്ങളുടെ സമൂഹത്തെ നിലനിർത്തുന്നതിനും തൊഴിലിലധിഷ്ഠിതമായ കുടുംബ സംവിധാനത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയായിരിക്കാം ഇത്തരം ആചാരാനുഷ്ഠാനങ്ങൾ അവർ പരിപാലിച്ചിരുന്നത്.

തങ്ങൾ ബ്രാഹ്മണരായിരുന്നു എന്നാണ് അവരുടെ പഴയ കാല കഥകൾ. ഹോമത്തിനും യാഗത്തിനുമുള്ള മൺപാത്രങ്ങൾ നിർമ്മിക്കൽ, ധാന്യവും പണവും മറ്റും സൂക്ഷിക്കുന്ന വലിയ മൺപാനികൾ നിർമ്മിക്കൽ, ഔഷധ മേഖലയിലേക്കുള്ള പാത്രങ്ങൾ നൽകൽ…
അങ്ങിനെ നീളുന്നു പൂർവ്വകാല ചരിത്രം ! മാറി വന്ന ജീവിതക്രമത്തിൽ ഈ ബ്രാഹ്മണർ പിന്നീട് ഗ്രാമത്തിന്റെ ഒരറ്റത്തേക്ക് ഒതുക്കപ്പെട്ടു-സമൂഹത്തിന്റേയും !!

അവരുടെ മുൻകാലങ്ങൾ മുഴുത്ത പട്ടിണിയും പരിവട്ടവുമായിരുന്നു.
ശരിയ്ക്കും ഓട്ടക്കലം!

48428344_704480699946487_4524621731347824640_n

ജീവിതരീതികളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ അഴിച്ചുപണികൾ നടത്തിയും നവീനാശയങ്ങൾ സ്വീകരിച്ചു കൊണ്ടുമാണ് ഈ ജനത ഇപ്പോൾ മുന്നോട്ടു പോകുന്നത്!

ചില നൂതന രീതികൾ സ്വീകരിച്ചതിന്റെ ഭാഗമായി നിർമ്മാണ, മാർക്കറ്റിങ്ങ് മേഖലകളിൽ മുന്നേറാനും അവർക്കു കഴിഞ്ഞു. അവരിൽ ചിലർ ഇന്നു നല്ല ജീവിത സാഹചര്യത്തിലാണ് ! പരിഷത്ത് അടുപ്പ്,കിണർ റിങ്ങുകൾ ,ടെറാക്കോട്ട ശില്പങ്ങൾ, കൗതുകവസ്തുക്കൾ, അലങ്കാര ശിൽപ്പങ്ങൾ എന്നിങ്ങനെ പുതിയ നിർമ്മാണ രീതികൾ പരീക്ഷിച്ചും വിജയിച്ചും പുതിയ തലമുറ മുന്നേറുന്നു . വിവിധ പുരസ്ക്കാരങ്ങൾ നേടിയവർ, കടൽ കടന്നും പ്രശസ്തിയിലേക്ക് കുതിച്ചവർ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങിനെ നിരവധിപേർ ഈ സമുദായത്തിൽ നിന്നും ഉയർന്നു വന്നു.

പൊതുപ്രവർത്തകനായിരുന്ന, അന്തരിച്ച,ശ്രീ.പി.കെ.കൃഷ്ണൻ, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തംഗമായിരുന്ന ഉണ്ണിയേട്ടൻ എന്നു എല്ലാവരും വിളിക്കുന്ന പ്രാദേശിക കോൺഗ്രസ്സ് നേതാവുമായ ശ്രീ.ഏ.പി.ഉണ്ണി, മൺപാത്ര കരകൗശല നിർമ്മാണ രംഗത്തെവിദഗ്ദ്ധനായ ശ്രീ.പി.കെ.ഗോപാലൻ എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം.

ഇപ്പോൾ- ഇന്റർനെറ്റിൽ പരതിയെടുത്ത് വിദേശികൾ സന്ദർശിക്കാനെത്തുന്ന നിലയിലേക്കു ‘എഴുമങ്ങാടൻ കുംഭാരന്മാരുടെ’ കരവിരുത് പ്രശസ്തിയിലേക്കുയർന്നിരിക്കുന്നു!!

പാലക്കാട് ജില്ലയിൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ എഴുമങ്ങാട് ദേശത്താണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്.

(ഇതൊരു വ്യക്തിപരമായ കുറിപ്പാണ്.ചില വിവരങ്ങളും ചിത്രങ്ങളും തന്നുസഹായിച്ചസുഹൃത്തുക്കളോട് കടപ്പാട്)

Comments
Print Friendly, PDF & Email

ബിപിനു
( ബിപിൻ ആറങ്ങോട്ടുകര)
വലിയപറമ്പിൽ വീട്,
ആറങ്ങോട്ടുകര. പി.ഒ.
679532.
mob:9809633503
email: bibin 701 @gmail.com

You may also like