പൂമുഖം OPINION സോഷ്യൽ മീഡിയയിലെ താരാരാധന

സോഷ്യൽ മീഡിയയിലെ താരാരാധന

social media.

 

ുറച്ചു നാളുകൾക്കു മുൻപാണ് ലില്ലി സിംഗിനെ കാണണമെന്ന് പറഞ്ഞു കുട്ടികൾ വീട്ടിൽ ബഹളം കൂട്ടിയത്. അതാരാ ലില്ലി സിങ് എന്ന് ഞാൻ മകളോട് ചോദിച്ചു, അയ്യേ ലില്ലി സിംഗിനെ അറിയില്ലേ എന്നാൽ വാപ്പയുടെ ജീവിതം പകുതി പോയി എന്നവൾ കളിയാക്കി ചിരിച്ചു. പ്രശസ്ത യൂ റ്റ്യുബർ ആണത്രേ. ഒടുവിൽ കുട്ടികളോടൊപ്പം ലില്ലി സിംഗിനെ കാണാൻ പോയി. ആയിരക്കണക്കിന് കുട്ടികൾ ലില്ലിസിങ്ങിനെ ഒരു നോക്ക് കാണാൻ തിക്കിത്തിരക്കുന്നതു കണ്ടു ഞെട്ടി അവരുടെ ഓരോ വാക്കുകൾക്കും തൊണ്ടപൊട്ടുമാറു ഒച്ച വെക്കുന്നു ഓരോ കുട്ടികളും. തിരികെ വരുമ്പോൾ മകളുടെ തൊണ്ടയടഞ്ഞിരുന്നു, പണ്ട് പാർട്ടി പ്രതിഷേധ ജാഥകളിൽ പങ്കെടുത്തു തിരികെ വരുന്ന എന്റേത് പോലെ.
വീട്ടിലെത്തി ലില്ലിസിങ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ചെറുതായൊന്നു ഞെട്ടി. ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ലോകത്തിലെ പത്തു യൂ റ്റ്യുബർമാരിൽ ഒരാളായി ഫോർബ്‌സ് മാഗസിൻ ലില്ലിസിങ്ങിനെ ലിസ്റ്റ് ചെയ്തിട്ടുണ്ടത്രെ.

ഇക്കഴിഞ്ഞ മാസമാണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന് ലൈസൻസ് നിർബന്ധമാക്കി കൊണ്ട് യു എ ഇ ഗവണ്മെന്റ് ഉത്തരവിറക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്നതു പോലെ ഗൾഫ് രാജ്യങ്ങളിലും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്.

lilly singh

ഈയിടെ ഇൻസ്റ്റാഗ്രാമിൽ പത്തു ലക്ഷം ഫോളോവേഴ്സ് ഉള്ള ഒരു വനിതയെ കുറിച്ച് വാചാലയായ ഒരു അറബ് സ്ത്രീയോട് ഞാൻ ചോദിച്ചു എന്താണ് നിങ്ങളെ അവരിലേക്ക്‌ അടുപ്പിക്കുന്നത് എന്ന് ? അവർ എഴുതുന്ന ആശയങ്ങൾ ആണോ അതോ കവിതയോ മറ്റോ ? ഏയ് അവർ ഒന്നും എഴുതാറില്ലെന്നായിരുന്നു മറുപടി. അവർ ധരിക്കുന്ന വസ്ത്രങ്ങൾ, അവർ ധരിക്കുന്ന പെർഫ്യൂം ഇതൊക്കെ ഇൻസ്റ്റന്റ് ഹിറ്റ് ആണെന്നും അത് ധരിച്ചില്ലെങ്കിൽ നമ്മൾ ഔട്ട് ഡേറ്റഡ് ആയിപ്പോകുമെന്നും ആ സ്ത്രീ പറഞ്ഞു. ഈയിടെ അവർ ധരിച്ച ഒരു ജാക്കറ്റ് ഒറ്റ ദിവസം കൊണ്ട് മുഴുവൻ വിറ്റു തീർന്നത്രെ. വലിയ പല കമ്പനികളും പുതിയ പ്രോഡക്റ്റ് ലോഞ്ചിന് അവരെ ഉപയോഗിക്കാറുണ്ടത്രെ

മലയാളികളുടെ സോഷ്യൽ മീഡിയ ജ്വരം ഇനിയും അത്തരമൊരു ഡയറക്ട് കമ്പനി മാർക്കറ്റിംഗ് നിലവാരത്തിലേക്ക് എത്തിയിട്ടില്ല. ആ അർത്ഥത്തിലുള്ള വലിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസും നമുക്കില്ല. നമുക്കുള്ളത് മീഡിയോക്കർ എഴുത്തുകാരാണ്. നമ്മുടെ സോഷ്യൽ മീഡിയയിലെ താരങ്ങളാരും തന്നെ വലിയ എഴുത്തുകാരോ, ചിന്തകരോ അല്ല. അത്തരത്തിലുള്ളവർ ഗൗരവത്തിൽ വായിക്കപ്പെടുന്നുമില്ല. നമ്മുടെ സോഷ്യൽ മീഡിയ താരങ്ങൾ കൂടുതൽ പേര് കേൾക്കാനാഗ്രഹിക്കുന്ന, ഏതെങ്കിലും പ്രത്യേക നിലപാടുകളോടും രാഷ്ട്രീയ കക്ഷികളോടും ചേർന്ന് നിൽക്കുന്ന, മൗലികമായി ഒന്നും പറയാനില്ലാത്ത സുന്ദരികളും സുന്ദരന്മാരുമാണ്. അവർ അവരുടെ പക്ഷത്തെ മാത്രം സ്ഥിരമായി പ്രതിനിധീകരിക്കുന്നവരാണ്. അങ്ങിനെയാണ് അവർ ഒരു പക്ഷത്തിന്റെ ഹീറോകൾ ആയി മാറുന്നത്. ഒന്നോ രണ്ടോ വിഷയത്തിലെ ഇടപെടലുകൾ കൊണ്ട് പെട്ടെന്ന് ഒരു ദിവസം താരങ്ങൾ ആയി മാറുന്നവരാണവർ. പിന്നെ ആ ഇമേജിനുള്ളിൽ നിന്നാവും എഴുത്തു. അയ്യായിരമോ പതിനായിരമോ ഫോളോവേഴ്സ് ആയിക്കഴിഞ്ഞാൽ ഉടൻ ഒന്നോ രണ്ടോ പുസ്തകം പ്രസിദ്ധീകരിക്കും അവർ. വെറും ചവറുകൾ ആവും അവ. അവ വാങ്ങിക്കുന്നത് ഇവരുടെ സോഷ്യൽ മീഡിയാ ആരാധകർ മാത്രമാവും. അവരുടെ പുസ്തക പ്രസാധനം വലിയ ഉത്സവമായിരിക്കും. മുഴുവൻ ഫേസ് ബുക്ക് ആരാധകരും എത്തും. ആരാധകർക്കും താരത്തിനും ഗുണമുണ്ട്. താരത്തിന്റെ പുസ്തകം ചിലവാകും ആരാധകനു താരത്തോടൊപ്പം ഒരു സെൽഫിയും കിട്ടും

എന്റെ പുസ്തകക്കൂട്ടത്തിലും കനപ്പെട്ട പുസ്തകങ്ങളോടൊപ്പം ചവറുകൾക്കു ഒരു ഷെൽഫ് നീക്കി വെച്ചിട്ടുണ്ട് ഞാൻ. അതിൽ ഭൂതകാല കുളിരിനൊപ്പം മുകേഷ് കഥകളുമുണ്ട്. ഒരു മൂന്നു പ്രാവശ്യം എങ്കിലും വായിച്ചിട്ടുണ്ടാവണം മുകേഷ് കഥകൾ. യാത്രയിലും മറ്റും ലൈറ്റ് റീഡിങ്ങിന് പറ്റിയ മെറ്റിരിയൽ. എനിക്ക് മുകേഷിനോട് വലിയ ബഹുമാനമുള്ളതു മൂന്നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടും ഇതുവരെ സ്വയം സാഹിത്യകാരൻ എന്ന് അയാൾ അയാളെ വിളിച്ചിട്ടില്ല എന്നത് കൊണ്ടാണ്. സാഹിത്യ അക്കാദമിയിൽ പോയി ഒരു കസേര വലിച്ചിട്ടിരുന്നു, കാലിന്മേൽ കാലും കയറ്റി വെച്ച് ഇനി വള്ളത്തോളിനെയോ എഴുത്തച്ഛനെയോ ഒന്ന് വിമർശിച്ചു കളയാം എന്നും അയാൾക്ക് തോന്നിയിട്ടില്ല.

മലയാളം ഇതിനു മുമ്പും സാഹിത്യ ചോരണം ചർച്ച ചെയ്തിട്ടുണ്ട്, വളരെ ഗൗരവമായി തന്നെ, ഇരു വശത്തും കൊടി കെട്ടിയ സാഹിത്യകാരന്മാർ അണി നിരന്നു കൊണ്ട്. ഇപ്പോഴത്തെ വിവാദം നോക്കൂ, ഇരു വശത്തും അണി നിരന്നിരിക്കുന്നത് സാഹിത്യകാരന്മാരോ നിരൂപകരോ അല്ല. താരാരാധകർ മാത്രമാണ്. പെട്ടെന്നൊരു ദിവസം സോഷ്യൽ മീഡിയ താരമായി ഉദിച്ചുയർന്ന വ്യക്തികൾ ഒരു റോങ് പ്രോഡക്ട് ലോഞ്ചിൽ പെട്ടത് മാത്രമാണ് വിവാദം. അവർ ലോഞ്ച് ചെയ്ത പെർഫ്യൂം അവരുടേതല്ല എന്ന് തിരിച്ചറിഞ്ഞ താരാരാധകരുടെ നിരാശയും അവരെ ഒരു സോഷ്യൽ ഐക്കണായി നില നിർത്തേണ്ടത് ആവശ്യമെന്നു കാണുന്ന, അല്ലെങ്കിൽ അവരുടെ മുന്പിറങ്ങിയ പല പ്രൊഡക്ടുകളും വാങ്ങുകയും അതൊരു ആഘോഷമാക്കുകയും ചെയ്തവരുടെ ജാള്യതയും എല്ലാക്കാലത്തും അവരുടെ പ്രൊഡക്ടുകൾക്കു എതിരായിരുന്നവരും തമ്മിലുള്ള സംഘർഷമാണിത്. ഇതിൽ സാഹിത്യത്തിന് എന്തെങ്കിലും നഷ്ടപ്പെടാനോ വീണ്ടെടുക്കാനോ ഇല്ല. ഒപ്പം ചില ചേർത്ത് പിടിക്കലുകാർ കൂടിയുണ്ട് ( ഇപ്പോഴത്തെ ഏറ്റവും വലിയ ഫാഷൻ സ്റ്റേറ്റ്മെന്റ് ആണത് ) വീണു പോയ തങ്ങളിൽ ഒരാളിന് ഐക്യ ദാർഢ്യം പ്രകടിപ്പിക്കുക മാത്രമാണവർ

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസ് ഇനിയും വളരുകയും തളരുകയും ചെയ്യും. സാഹിത്യത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രസക്തിയൊന്നുമില്ല, ഒരു മാർക്കറ്റിംഗ് ടൂൾ എന്ന നിലയ്ക്കല്ലാതെ

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like