കവിത

തിരയൊഴുക്ക് 

ീർന്നുപോകുന്ന 
ഒരു കടലായി
കണ്ടു നോക്കിയിട്ടുണ്ടോ
പുഴകളെ ?

തിരയും താളവും
ഒഴുക്കിന്റെ
തിരിച്ചുപോക്കാവുന്നതും

കൈവഴികൾ ഒന്നൊന്നായി പിരിഞ്ഞകലുന്നതും

നിറവും ആഴവും എക്കലായി
ചുഴികൾ തീർക്കുന്നതും

അടിവയറ്റിലൊളിപ്പിച്ച
അത്ഭുതങ്ങൾ
വെള്ളാരം കല്ലായി
പഞ്ചാരമണലായി
അലസിത്തൂവുന്നതും

ഉറവ എന്നൊരിടത്ത്
ഉപ്പും ഊറ്റവും
നഷ്ടപ്പെട്ട്
ഒളിവുകളുടെ
മണ്ണടരുകളിൽ
എവിടെയോ
ഞാൻ ഞാൻ എന്ന്
ഒറ്റത്തുള്ളിയായി
ഒടുങ്ങുന്ന
ഒരു കടലിനെ
അതിന്റെ
വേലിയേറ്റങ്ങളെ

സങ്കല്പിച്ചു നോക്കിയിട്ടുണ്ടോ ?

മൂന്നിലൊന്നു മാത്രമുള്ള
കരയിലിരുന്ന്
അതോർത്താൽ
കണ്ണിലൊരു
കൈവഴി തിരിച്ച്
കാലത്തിലേക്ക്
തിരിച്ചുവിടാൻ
തോന്നും

തോന്നുന്ന
നിമിഷം തന്നെ
തിര വന്നു മായ്ച്ചിട്ടുണ്ടാവും
കൺതടങ്ങളിൽ
കറുപ്പുകൊണ്ടെഴുതിയ
“കള്ളീ” എന്ന കളിയെഴുത്തിനെ

Print Friendly, PDF & Email

About the author

ഉമാ രാജീവ്‌

കവിയും വിവർത്തകയും ."ഇടം മാറ്റിക്കെട്ടൽ " എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.