പൂമുഖം LITERATURE SEA PRAYER : (Khaled Hossaini) ഒരു വായന

SEA PRAYER : (Khaled Hossaini) ഒരു വായന

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

<p>Khaid-Hosseini-Sea-Prayer_600x400

‘T

hese are only words
A father’s tricks
It slays your father,
Your faith in him ,
Because all I can think tonight is
How deep the sea,
And how vast, how indifferent.
How powerless I am to protect you from it .

തങ്ങളെ വേണ്ടാത്ത നാട് വിട്ട് ,തങ്ങളെ വേണ്ടാത്ത മറ്റൊരു നാട്ടിലേയ്ക്ക് യാത്രയ്‌ക്കൊരുങ്ങുകയാണ് ഒരു ജനക്കൂട്ടം.

അവരിൽ അഫ്‌ഘാനിസ്ഥാൻകാരുണ്ട് – സോമാലിയക്കാരുണ്ട് ഇറാക്കിൽ നിന്നുള്ളവരുണ്ട് – എറിത്രിയക്കാരുണ്ട് – സിറിയയിൽ നിന്നുള്ളവരുണ്ട് –

കടൽത്തീരത്ത്, കോച്ചുന്ന തണുപ്പിൽ, അരണ്ട നിലാവെളിച്ചത്തിൽ, ഭയാശങ്കകളോടെ നേരം വെളുക്കുന്നതും കാത്തിരിക്കുകയാണ് അവർ.

ബോട്ട് അപ്പോഴേ എത്തുകയുള്ളു

അസാധാരണമായ യാത്രയാണത്, എല്ലാ അർത്ഥത്തിലും.

ജന്മനാട്ടിലെ അപായകരമായ അന്തരീക്ഷത്തിൽ നിന്ന് ജീവരക്ഷയ്ക്കായുള്ള പലായനം –

ചെന്നുചേരുന്ന ഇടം എന്നല്ലാതെ ലക്ഷ്യസ്ഥാനത്തെ പറ്റി കാര്യമായി ഒന്നും അറിഞ്ഞുകൂട..

പറഞ്ഞുകേട്ടറിയാവുന്ന ഒരേയൊരു വസ്തുത, ആതിഥേയരാവാൻ തീർത്തും താത്പര്യമില്ലാത്തവർ ആണ് അവിടത്തുകാർ എന്നതാണ്.

‘ചുഴിയും മലരിയു’മുള്ള സമുദ്രത്തിലൂടെ, സുരക്ഷാ നടപടികൾ ഇല്ലാതെ, സാധാരണ ബോട്ടിലുള്ള സാഹസികയാത്ര.ലക്‌ഷ്യം കണ്ടുകൊള്ളണ മെന്നില്ലെന്ന് കൂട്ടത്തിൽ കുട്ടികളല്ലാത്തവർക്കെല്ലാം അറിയാം

കുട്ടികളുടെ കരച്ചിലുകൾക്കും ആൾക്കാരുടെ അമർത്തിപ്പിടിച്ചുള്ള സംസാരത്തിനും മീതെ, ഭയം, ഭാരിച്ച കരിമ്പടമായി വീണുകിടക്കുന്നുണ്ട്

തോളത്ത് ഉറങ്ങിക്കിടക്കുന്ന മകനോട് സംസാരിക്കുകയാണ് കഥയിലെ അച്ഛൻ. .

ഉറങ്ങിക്കിടക്കുകയായിരുന്നില്ലെങ്കിലും അവന് മനസ്സിലാവുന്ന കാര്യങ്ങളല്ല അയാൾ പറയുന്നത്.

തനിക്ക്, അവന്റെ പ്രായമുണ്ടായിരുന്ന കാലത്തെ, ആ നല്ല സിറിയയെ കുറിച്ച്,

കുട്ടിക്കാലം കഴിച്ചുകൂട്ടിയ, അവിടത്തെ, ഹോംസ് നഗരത്തെ കുറിച്ച്,
,
മുത്തച്ഛന്റെ വീടിനെ കുറിച്ച്

മുത്തശ്ശിയുടെ ആട് കരയുന്നതിന്റെ – .
ഒലീവിലകൾ കാറ്റത്ത് ഇളകുന്നതിന്റെ –
അടുക്കളപ്പാത്രങ്ങൾ തട്ടുകയും മുട്ടുകയും ചെയ്യുന്നതിന്റെ
ഒച്ചകളെ കുറിച്ച്,

സ്ഥലത്ത്, അല്ലലില്ലാതെ പ്രവർത്തിച്ചിരുന്ന മുസ്‌ലിം ക്രിസ്ത്യൻ ആരാധനാലയങ്ങളെ കുറിച്ച്,

വാങ്ങാനും വിൽക്കാനും സൗഹൃദങ്ങൾക്കുമായി ആൾക്കാർ ഒത്തുകൂടിയിരുന്ന പൊതു ചന്തയെ കുറിച്ച് ……….

അവിടേയ്ക്കാണ്, ആദ്യം പ്രതിഷേധവും പിന്നെ ഉപരോധവും ഒടുവിൽ ഭരണകൂടത്തിനെതിരെയും തങ്ങളിൽ തങ്ങളിലും വളർന്നു പടർന്ന അഭ്യന്തര കലാപവും കയറി വന്നത്

നാട്ടിലെ സ്നേഹവും മനുഷ്യത്വവും ഘട്ടം ഘട്ടമായി തുടച്ചു മാറ്റപ്പെട്ടു..

അന്നേവരെയുള്ള എല്ലാ സാംസ്കാരിക നന്മകളും സിറിയയ്ക്ക് നഷ്ടപ്പെട്ടു …

തൊട്ടുമുന്നിലുള്ള മരണത്തെ ഒഴിവാക്കാനാണ് യൂറോപ്പിലേക്ക്,രണ്ടും കല്പിച്ചുള്ള യാത്ര .

‘’അച്ഛന്റെ വിരൽ പിടിച്ച് കൂടെ വന്നാൽ മതി – മോശമായതൊന്നും സംഭവിക്കില്ല ! ‘’,

ഉറങ്ങിക്കിടക്കുന്ന മാർവാനോട് അയാൾ പറയുന്നു.

പക്ഷേ, ഈ രാത്രി, അസ്വസ്ഥതയോടെ അയാൾ ആലോചിച്ചുകൊണ്ടിരിക്കുന്നത് ,

ഒന്നും വെളിപ്പെടുത്താതെ ,നിസ്സംഗതയോടെ കിടക്കുന്ന ആഴക്കടലിൻറെ  വിസ് തൃതിയെ പറ്റിയാണ് ;

യാത്രയെ അതിജീവിച്ചാൽ തങ്ങൾക്ക് കയറിച്ചെല്ലേണ്ട,ആതിഥേയ രാഷ്ട്രത്തിന്റെ പ്രതികൂല മനോഭാവത്തെ പറ്റിയാണ്;

ഭാര്യയേയും പറക്ക മുറ്റാത്ത മകനേയും രക്ഷിക്കാനാവാത്ത തന്റെ പരമമായ നിസ്സഹായാവസ്ഥയെ പറ്റിയാണ് .

ഹതാശമായ, അയാളുടെ പ്രാർത്ഥനയിൽ കഥ അവസാനിക്കുന്നു.

എഴുതിയാല്‍ ഒരു പേജ് തികയ്ക്കാത്ത കഥ-

കുട്ടികള്‍ക്കുള്ള പുസ്തകങ്ങളില്‍ എന്നതുപോലെ, താളുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ജലച്ചായ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍, കട്ടിയുള്ള നാല്‍പ്പതു പേജുകളില്‍ അത് പറഞ്ഞു തീര്‍ത്തിരിക്കുന്നു.

ഒരിരുപ്പില്‍, പത്തോ പതിനഞ്ചോ മിനുട്ട് കൊണ്ട്, Sea Prayer വായിച്ചു തീര്‍ക്കാം.

ഒരു കുട്ടി കേന്ദ്ര കഥാപാത്രമായി വരുന്ന, മുതിര്‍ന്നവര്‍ക്കുള്ള ‘ബാലകഥ’യാണ് ഖാലിദ്‌ ഹൊസൈനിയുടെ പുതിയ പുസ്തകം.

വായിച്ചുകഴിഞ്ഞും ദിവസങ്ങളോളം ഇതിലെ വാങ്‌മയവും അല്ലാത്തതുമായ ചിത്രങ്ങൾ നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കും …

ഖാലിദ് ഹൊസൈനിയുടെ തന്നെ A Thousand Splendid Suns ന്റെ ഒരു ഭാഗം ഗാർഡിയനിൽ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ ചിത്രീകരണം ഏറ്റെടുത്ത് നടത്തിയ ഡാൻ വില്യംസ് എന്ന കലാകാരനാണ് Sea Prayer ലും ചിത്രങ്ങൾ വരച്ചിരിക്കുന്നത് . .

യുദ്ധവും അഭ്യന്തരകലാപവും അസ്ഥിരപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതിന് മുമ്പുള്ള സിറിയൻ അന്തരീക്ഷം, പ്രസന്നമായ, പ്രകാശമയമായ വർണ്ണങ്ങൾ ഉപയോഗിച്ചും ശേഷമുള്ളത് ക്രമമായി, കടുത്തിരുളുന്ന വർണങ്ങളുപയോഗിച്ചും അമൂർത്ത ചിത്രങ്ങളായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യത്ത് നിന്ന്, രക്ഷപ്പെടാൻ കാത്തുനിൽക്കുന്നവരിലേയ്ക്ക്, നീങ്ങുന്ന കഥയോടൊപ്പം ഈ മാറുന്ന നിറങ്ങളും നമ്മിൽ നിറയുന്നു

തുർക്കിയുടെ തീരത്ത് മരിച്ചുകിടന്ന അലൻ കുർദി എന്ന മൂന്നുവയസ്സുകാരൻ സിറിയൻ അഭയാർത്ഥി കുഞ്ഞിന്റെ ചിത്രവും വാർത്തയുമാണ് പുസ്തകമെഴുതാൻ ഖാലിദ് ഹൊസൈനിക്ക് പ്രേരണയായത് .

പഴയ നേപ്പാം പെൺകുട്ടി,Phan Thi Kim Phuc നെ ഓർമ്മിപ്പിക്കുന്ന അലൻന്റെ ചിത്രം യുദ്ധങ്ങൾക്കും അഭ്യന്തര കലാപങ്ങൾക്കും എതിരെയുള്ള ശക്തമായ സന്ദേശമാണ്

2015 സെപ്റ്റംബർ 2 ആം തിയ്യതി, തുർക്കിയുടെ കടൽതീരത്ത്, ‘ബോഡ്ര’മിൽ വെച്ചാണ്, മൂന്നു വയസ്സായ അലൻ കുർദിയുടെ മൃതശരീരം ഡോഗൻ ന്യൂസ് ഏജൻസിയിൽ ജോലിചെയ്യുന്ന നിലൂഫർ ഡെമിറിന്റെ കണ്ണിൽ പെടുന്നത് .

സിറിയയിൽ നിന്നുള്ള പലായനത്തിന്റെ ആദ്യഘട്ടം വിജയപ്രദമായി കഴിഞ്ഞ്, അലൻറെ കുടുംബം യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു.

യാത്രയുടെ ആദ്യഘട്ടത്തിൽ തന്നെ ബോട്ട് മറിഞ്ഞു.. അമ്മയും രണ്ട് കുഞ്ഞുങ്ങളും മുങ്ങിമരിച്ചു

‘ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ പറ്റിയ മട്ടിൽ ഒന്നും അവനിൽ അവശേഷിച്ചിരുന്നില്ല’ .

’ആ നിശ്ചല ശരീരത്തിന്റെ നിലവിളി ലോകത്തെ കേൾപ്പിക്കാൻ ഏറ്റവും പറ്റിയ വഴി ഇതാണ് !’

കമിഴ്ന്ന്, ഉറങ്ങിക്കിടക്കുന്നതുപോലെ തോന്നിച്ച അവന്റെ ചിത്രം അവർ ക്യാമറയിൽ പകർത്തിയത്. അങ്ങനെ ചിന്തിച്ചുകൊണ്ടായിരുന്നു

UNHCR എന്ന യു എൻ റെഫ്യൂജി ഏജൻസിയുടെ ഗുഡ് വിൽ അംബാസിഡ റായി ജോലി ചെയ്യുന്ന ഹൊസൈനിയുടെ നാലാമത്തെ പുസ്തകമാണ് Sea Prayer..

വ്യാപകമായി വായിക്കപ്പെടുന്ന Kite Runner, A Thousand Splendid Suns, And The Mountains Echoed എന്നീ, മൂന്നു മുൻകാല കൃതികളും പറയുന്നത് അഫ്‌ഗാനിസ്ഥാൻ പശ്ചാത്തലമാക്കിയുള്ള കഥകളാണ്. .

Sea Prayer ന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് , ലണ്ടനിൽ, സൗത്ത് ബാങ്കിലെ ഹാളിൽ നടന്ന അഭിമുഖ സംഭാഷണത്തിൽ ഹൊസൈനി അഭയാർത്ഥി പ്രശ്നത്തെ അന്താരാഷ്ട്ര തലത്തിൽ വിസ്തരിച്ച് അപഗ്രഥനം ചെയ്തു.

ആതിഥേയരാഷ്ട്രങ്ങളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും മതിയായ കാരണങ്ങൾ ഉണ്ടെന്ന മട്ടിൽ പ്രശ്നത്തെ അവരുടെ വീക്ഷണകോണിൽ കൂടിയും നോക്കിക്കാണാൻ ശ്രമിച്ചു.

മനുഷ്യപക്ഷത്തു നിൽപുറപ്പിച്ചേ ഒരാൾക്ക് ഒരു പ്രശ്നത്തെ, സമചിത്തതയോടെ, രണ്ടുപക്ഷത്തു നിന്നും വിലയിരുത്താനാവൂ- താനും ഒരിരയാവുമ്പോൾ വിശേഷിച്ചും .

അനുഭവ കഥകളുടെ പിന്തുണയോടെ. സദസ്യരുടെ ചോദ്യങ്ങളോട് മികച്ച രീതിയിൽ പ്രതികരിച്ചു …

ചടങ്ങിൽ പങ്കെടുത്ത സദസ്യർക്കോരോരുത്തർക്കും ഗ്രന്ഥകർത്താവിന്റെ ഒപ്പോടുകൂടിയ, Sea Prayer ഓരോ പ്രതി സൗജന്യമായി വിതരണം ചെയ്തുകൊണ്ടായിരുന്നു, പുസ്തക പ്രകാശനം അവസാനിച്ചത്.

ഖാലിദ് ഹൊസൈനിയും ഒരഭയാർത്ഥിയാണ്.

അച്ഛൻ പാരീസിൽ നയതന്ത്ര പ്രതിനിധിയായി കുടുംബവുമൊത്ത് കഴിയുമ്പോൾ ആണ് ജന്മനാടായ അഫ്‌ഗാനിസ്ഥാനിൽ ഭരണകൂടം അട്ടിമറിക്കപ്പെടുന്നതും താലിബാൻ അധികാരത്തിൽ എത്തുന്നതും.

യു എസ് എ യിലേക്ക് കുടിയേറി പാർത്തത് കൊണ്ട് ഭൂതകാലമടക്കം ജനിച്ചു വളർന്ന നാട്ടിലെ എല്ലാം നഷ്ടപ്പെട്ടെങ്കിലും വിദ്യാഭ്യാസം നേടുന്നതിനും മാന്യമായ ജീവിതം തുടരുന്നതിനും ഹൊസൈനിക്ക് തടസ്സങ്ങൾ ഉണ്ടായില്ല.

എന്നിട്ടും മുറിച്ചുമാറ്റിയ ജീവിതം അപരിചിതമായ മണ്ണിൽ വേരുറയ്ക്കുന്നത് വരെ താനും വീട്ടുകാരും അനുഭവിച്ച മാനസിക സംഘർഷങ്ങൾ വാക്കുകൾക്കതീതമാണെന്ന് അദ്ദേഹം ഓർമ്മിച്ചു.

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണലിൻറെ മുഖ്യഉപദേഷ്ടാവ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസം.

You may also like