പൂമുഖം CINEMA ടൊറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2018

ടൊറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2018

too 1

ടൊറോന്‍റോ നഗരം, ഈ വര്‍ഷത്തെ ചലച്ചിത്രക്കാഴ്ചകളുടെ ഏറ്റവും വലിയ ഉത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. സെപ്‌തംബര്‍ 6 ന്‌ ആരംഭിച്ച  മേള അവസാനിക്കുന്നത് 16 ന്‌ ആണ്‌. കഴിഞ്ഞകാലങ്ങളില്‍ നിന്ന് ഒട്ടേറെ വ്യത്യസ്തതകളോടും പുതുമകളോടും കൂടിയാണ്‌ ഇത്തവണ നഗരം അതിനായി തയ്യാറെടുത്തത്.  വളരെ വര്‍ഷങ്ങളായി ഓസ്ക്കര്‍ പ്രവചനങ്ങളുടെ അവസാനവാക്കായി കരുതപ്പെടുന്നത് ടൊറോന്‍റോയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദിയാണ്‌.
28 പ്രദര്‍ശനശാലകളിലായി 343 ചിത്രങ്ങളാണ്‌ ആകെ ചലച്ചിത്രപ്രേമികളെ കാത്തിരിക്കുന്നത്. അതില്‍ 88 ഹ്രസ്വചിത്രങ്ങളുണ്ട്. അവ 83 രാജ്യങ്ങളെയാണ്‌ പ്രതിനിധീകരിക്കുന്നത്. ഇതിനായി പ്രദര്‍ശനാനുമതി തേടിയെത്തിയത് 7926 ചലച്ചിത്രങ്ങളാണ്‌. തെരഞ്ഞെടുക്കപ്പെട്ടവയില്‍ 138 ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്‍റോ മേളയിലാണ്‌. 1300 ലധികം മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഈ ഉത്സവവാര്‍ത്തകള്‍ ലോകത്തിന്‍റെ വിവിധകോണുകളിലേയ്ക്കെത്തിക്കാന്‍ ഇവിടേയ്ക്കെത്തുന്നുണ്ട്. ചലച്ചിത്രപ്രവര്‍ത്തകരും നിരൂപകരുമടക്കം അയ്യായിരത്തോളം പേര്‍ക്ക് ഈ മേളയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണമുണ്ട്. ആതിഥേയരാജ്യമായ കാനഡയുടെ നാല്പതോളം ഫീച്ചറുകള്‍ ഇതിന്‍റെ പ്രത്യേകതയായി അണിഞ്ഞൊരുങ്ങുന്നു.
ആനാ കാറ്റ്‌സിന്‍റെ ഫ്ലോറിയാനോപോളിസ് ഡ്രീം (Florianopolis Dream) ആണ്‌ ഉദ്‌ഘാടനചിത്രം. മേളയിലെ 34% ചിത്രങ്ങള്‍ സ്ത്രീസം‌വിധായകരുടേതാണെന്നുള്ളത് എടുത്തുപറയേണ്ട പ്രത്യേകതയാണ്‌. 11 ചിത്രങ്ങള്‍ സംഗീതജ്ഞരെക്കുറിച്ചുള്ളവയാണ്‌. 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലാ ഫ്ലൊര്‍ (The Flower) ആണ്‌ ഈ ചലച്ചിത്രോത്സവത്തിലെ ഏറ്റവും നീളമുള്ള സിനിമ. ഈ അര്‍ജന്‍റീനിയന്‍ ചിത്രത്തിന്‍റെ സം‌വിധായകന്‍ മാറിയാനോ ലീനിയാസ് (Mariano Linas) ആണ്‌. വേവ്ലെംഗ്‌ത് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നിശ്ശബ്ദചിത്രമായ ദ ഇന്‍‌വിസിബിള്‍ സിനിമ – 3 ആണ്‌ ഏറ്റവും ചെറുത്. നീളം വെറും 43 സെക്കന്‍റുകള്‍ മാത്രം.
അനുരാഗ് കാശ്യപിന്‍റെ ‘മന്‍‌മര്‍സിയാം’ (Husband Material), നന്ദിതാ ദാസിന്‍റെ ‘മാന്‍റോ’ (Manto), റീമ ദാസിന്‍റെ ‘ബുള്‍‌ബുള്‍ കാന്‍ സിംഗ്’ (Bulbul Can Sing) വാസന്‍ ബാലയുടെ ‘മര്‍ദ് കോ ദര്‍ദ് നഹി ഹോത്താ’, വീണാ സൂദിന്‍റെ ‘ദ്‌ ലൈ’ (The Lie), സന്ധ്യാ സൂരിയുടെ ‘ദ് ഫീല്‍ഡ്’ (The Field), ജയീഷ പട്ടേലിന്‍റെ ‘സര്‍ക്കിള്‍’ (Circle), റീതു സരിനും ടെന്‍സിംഗ് സോനവും കൂടി സം‌വിധാനം ചെയ്ത ‘സ്വീറ്റ് റെക്‌വീം’ (Sweet Requiem) എന്നിവയാണ്‌ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍. ഭാരതം നേരിടുന്ന അനീതികള്‍ക്കു നേരേ പിടിച്ച കണ്ണാടിയായിരിക്കും, അവസാനനിമിഷം തെരഞ്ഞെടുക്കപ്പെട്ട ആനന്ദ്‌ പട്‌വര്‍ദ്ധന്‍റെ വാര്‍ത്താചിത്രമായ ‘റീസണ്‍’ (Reason).

too 2
ടിഫിന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയാണ്‌ ഷെയര്‍ ഹേര്‍ ജേര്‍ണി (Share Her Journey) സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്ത്രീകള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്കാണ്‌ അതിന്‍റെ പ്രയോജനം ലഭിക്കുന്നത്. ഇത്തവണ അതിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ സം‌വിധായിക നന്ദിതാ ദാസുമുണ്ട്.
ഇക്കുറി പ്ലാറ്റ്ഫോം വിഭാഗത്തിലെ മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന പാനലില്‍ പ്രസിദ്ധ ഇന്‍ഡോ- കനേഡിയന്‍ സം‌വിധായിക മീരാ നയ്യാറുമുണ്ട്. ചലച്ചിത്രനിരൂപകര്‍ മാത്രമുള്‍പ്പെടുന്ന ഫിപ്രെസി (FIPRESCI) ജൂറിയില്‍ പ്രസിദ്ധ നിരൂപകനും ബാംഗളൂര്‍ ചലച്ചിത്രോത്സവത്തിന്‍റെ പ്രധാനശില്പികളിലൊരാളുമായ സുബ്രഹ്മണ്യന്‍ വിശ്വനാഥുമുണ്ട്. ആസ്ട്രേലിയയില്‍ നിന്നുള്ള ലെസ്‌ലി ചൗ (Lesley Chow) ആണ്‌ പാനലിന്‍റെ അദ്ധ്യക്ഷന്‍. ഏഷ്യന്‍ ചിത്രങ്ങളുടെ നെറ്റ്‌പാക് (NETPAC) ജൂറി നയിക്കുന്നത് ഫിജിയന്‍ ചലച്ചിത്രകാരനും എഴുത്തുകാരനും അദ്ധ്യാപകനുമായ വില്‍സോണി ഹെറെനിക്കോ (Vilsoni Hereniko) ആണ്‌.
ഇന്ത്യയിലെ മികച്ച മുന്‍‌നിര സം‌വിധായകരില്‍ പലരും തന്നെ ഇത്തവണ മേളയില്‍ ഇല്ലാതെ വരുന്നത് ശ്രദ്ധേയമാകുന്നു.
മൂവായിരം വോളന്‍റിയര്‍മാര്‍ മൂന്നാഴ്ചകളോളം ചലച്ചിത്രമേളയില്‍ വേതനമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കുന്ന ടിഫി (TIFF) ന്‌ പതിന്നാലായിരത്തോളം
അംഗങ്ങളും നാലു തീയേറ്ററുകളും, ലൈബ്രറിയും, ആര്‍ക്കൈവ്‌സുമെല്ലാം സ്വന്തമായുണ്ട്.

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like