പൂമുഖം നിരീക്ഷണം പ്രളയവും അതിജീവനവും.

പ്രളയവും അതിജീവനവും.

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

jam 6

രിഭവങ്ങളല്ല- പരാതികളല്ല-, കേരളത്തിൽ നടന്ന ദുരന്തത്തേയും നടന്നുകൊണ്ടിരിക്കുന്ന രക്ഷ-പുനരധിവാസ പ്രവർത്തനങ്ങളേയും  ദൂരെയിരുന്നു നോക്കിക്കണ്ട ഒരു വ്യക്തി എന്ന നിലയില്‍ എന്‍റെ മനസ്സിൽ വന്ന ചിന്തകളും ആശങ്കകളും പങ്കുവയ്‌ക്കുന്നു എന്നുമാത്രം കരുതിയാല്‍ മതി .  ഇത് എന്‍റെ മാത്രം നിരീക്ഷണങ്ങൾ ആണ്.

99 ലെ (1924) വെള്ളപ്പൊക്കം എന്ന്  പറഞ്ഞുകേട്ടും , വായിച്ചുമുള്ള അറിവുകൾ മാത്രമേ എന്നെപ്പോലെയുള്ള മലയാളികൾക്ക് ഉണ്ടായിരിക്കാന്‍ ഇടയുള്ളൂ. ആന്ധ്രപ്രദേശിലും ഒഡിഷയിലും മുംബൈയിലുമൊക്കെ പലപ്പോഴായി ഉണ്ടായ വെള്ളപ്പൊക്കങ്ങളെ കുറിച്ച് കേട്ടും കണ്ടും വായിച്ചും അറിയാം. ഞങ്ങളുടെ നാട്ടിൽ പെരുമഴ പെയ്ത് വെള്ളപ്പാച്ചിലും ഉരുൾ പൊട്ടലും ഉണ്ടായത്, വളരെ ചെറുപ്പത്തിൽ നേരില്‍ കണ്ടിട്ടുണ്ട്. ആറ്റിൽ തടികൾ ഉൾപ്പടെ പല സാധനങ്ങളും ഒഴുകി വരുന്നതും അവ പിടിച്ചെടുത്തു കൊണ്ട് പോകുവാൻ ആളുകൾ പോകുന്നതും കണ്ടിട്ടുണ്ട്, പിന്നീട് അതെക്കുറിച്ചൊക്കെ പൊടിപ്പും തൊങ്ങലും വച്ച് കഥകൾ പറയുന്നതു കേട്ടിട്ടുണ്ട്. മുംബൈയിൽ ജോലി ചെയ്തിരുന്നപ്പോള്‍ വർഷ കാലത്തെ പ്രളയം  അടുത്ത് കാണുവാൻ പോയിട്ടുണ്ട്. ഒമാനിലും കാലവർഷക്കാലത്ത് വാഡികളിൽ നിന്ന് വരുന്ന വെള്ളം റോഡുകൾ നിറഞ്ഞൊഴുകുന്നത്  കാണുവാൻ സാഹസികമായി യാത്ര ചെയ്ത അനുഭവങ്ങളുണ്ട്.

ഇപ്പോൾ പെയ്ത ഈ മഴ ആയിരിക്കാം കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ, ഒരു പക്ഷെ കേരള ചരിത്രത്തിലെ തന്നെ  ഏറ്റവും വലിയ മഴ, മേനി പറയുന്ന 99 ലെ വെള്ളപ്പൊക്കത്തിൽ പെയ്ത മഴയേക്കാൾ കനത്ത മഴ. അന്നത്തെ കാലത്ത്  പെയ്ത മഴയുടെ ശരിയായ അളവ് രേഖപ്പെടുത്തപ്പെട്ടിട്ടില്ലായിരിക്കാം, തെങ്ങിൻ തലപ്പുകൾക്കു മുകളിൽ എന്ന് ആയിരുന്നു അന്ന് അടയാളപ്പെടുത്തിയ ജലനിരപ്പെങ്കിൽ ഇത്തവണ പലയിടങ്ങളിലും അതിലും മുകളിലായിരുന്നു   എന്നാണ് അറിയാൻ കഴിഞ്ഞത്.

അറബിക്കടലിൽ ഉരുണ്ടു കൂടിയ ന്യൂനമർദ്ദത്തിൽ നിന്ന് കേരളത്തിന്‍റെ തീരപ്രദേശത്തു കഴിഞ്ഞ നവംബറിൽ ഉണ്ടായ ചുഴലിക്കൊടുങ്കാറ്റായിരുന്നു സുനാമിക്കു ശേഷം, അടുത്ത കാലത്ത്, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം. അന്ന് തീരപ്രദേശത്ത്- കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളെയാണ് ഇത് ബാധിച്ചത്. കേരളത്തിലെ പൊതുസമൂഹം അതൊരു വലിയ കാര്യമായി കണ്ടില്ല,  മത്സ്യത്തൊഴിലാളികളോട് നീതി പുലർത്താൻ നമുക്കായില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി.

jam 4

ഓഖി ദുരന്തമുമുണ്ടായ ദിവസം ഞാൻ നാട്ടിൽ ഉണ്ടായിരുന്നു, ഇക്കുറി    കാലവർഷം അതിന്‍റെ സമ്പന്നതയിൽ ഉത്സവം നടത്തിക്കൊണ്ടിരുന്ന ആരംഭ ദിവസങ്ങളിലും ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. ഏതു നിമിഷവും ഓറഞ്ച് അലർട്ടും, റെഡ് അലർട്ടും പ്രഖ്യാപിച്ച് ഇടുക്കി അണക്കെട്ടിൽ നിന്ന്  വെള്ളം തുറന്നു വിടും എന്ന ആശങ്ക അന്നും മാധ്യമങ്ങൾ നൽകിയിരുന്നു. ജൂലൈ അവസാന വാരത്തിലെ ഏകദേശം എല്ലാ ദിവസങ്ങളിലെയും പ്രധാന പത്രങ്ങളുടെ പ്രധാന വാർത്ത ചെറുതോണി അണക്കെട്ട് തുറന്നുവിടുന്നതിനെ കുറിച്ചും തുറന്നു വിട്ടാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുമായിരുന്നു. ജനങ്ങൾ സ്വീകരിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങളും വിശദമായി പത്രങ്ങൾ കൊടുത്തിരുന്നു. വെള്ളം തുറന്നു വിടാതായപ്പോൾ വിശദമായ വിവരങ്ങൾ നൽകിയ പത്രങ്ങളേയും മാധ്യമങ്ങളേയും ട്രോളുന്ന തിരക്കിലായി സോഷ്യൽ മീഡിയ.

ഇത്തവണ, കടലിൽ ഉരുണ്ടു കൂടിയ ന്യൂനമർദ്ദത്തെ  യഥാവിധി മനസിലാക്കി മഴ പെയ്യുവാനുള്ള സാദ്ധ്യതയോ പെയ്യാന്‍ പോകുന്ന മഴയുടെ അളവോ കൃത്യമായി പ്രവചിക്കാന്‍  കാലാവസ്ഥ വകുപ്പിന് ആയില്ല എന്നുള്ളത് ഭരണകൂടം ഗൗരവമായി തന്നെ കാണണം. യുക്തമായ നടപടിയും വേണം.. ഓഖി ദുരന്തം ഇത്ര നാശകരമായതും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പിടിപ്പുകേടുകൾ കൊണ്ടായിരുന്നു എന്ന കാര്യം നമ്മൾ മറക്കരുത്. ഒരുപക്ഷേ , കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇതൊക്കെ കൃത്യമായി സർക്കാരിനേയും ഡിസാസ്റ്റർ മാനേജുമെന്‍റ് വകുപ്പിനേയും അറിയിച്ചിട്ടുണ്ടാകാം, അത് കൊണ്ടുണ്ടാകാവുന്ന ദുരന്തങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാനും തക്കതായ നടപടികൾ സർക്കാരിനെക്കൊണ്ട് എടുപ്പിക്കാനും കഴിയാതെ പോയതാവാം. ഇവയൊക്കെയും കൃത്യമായി സർക്കാരിനെ ബോദ്ധ്യപ്പെടുത്തിയെങ്കിലും ഇത് വരെ ഇതുപോലെ ഒരു പ്രളയം കണ്ടിട്ടില്ലാത്തതിനാൽ സർക്കാരും ഉദ്യോഗസ്ഥരും ഇവരുടെ അറിയിപ്പിനെ വേണ്ട ഗൌരവത്തോടെ സ്വീകരിക്കാതിരുന്നതും തുടർ നടപടികൾ എടുക്കാതിരുന്നതും ആകാം .

നമ്മുടെ വൈദ്യുതി വകുപ്പിന്‍റെ കൃത്യത ഇല്ലാത്ത മാനേജ്‌മെന്‍റ്  ഈ ദുരന്തത്തിന് ആക്കം കൂട്ടി എന്ന് പറയാതിരിക്കാൻ കഴിയില്ല. പ്രധാനമായും കേരളത്തില്‍ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് ഇടുക്കിയിലും ശബരിഗിരി പ്രദർശത്തും ഉള്ള ഡാമുകളിലെ വെള്ളത്തിൽ നിന്നാണ്. ലഭിക്കുന്ന വെള്ളം ഒരു തുള്ളിയും പാഴാക്കാതെ പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് വൈദ്യുതി ബോർഡിന്‍റെ കടമ. 1975 ൽ ഇടുക്കി അണക്കെട്ടിൽ നിന്നാണ്  ഇതിനു മുൻപ് ജലം ഒഴുക്കിക്കളയേണ്ടി വന്നിട്ടുള്ളത്. പിന്നീടുള്ള വർഷങ്ങളിൽ മഴ കുറവായതിനാലും നമുക്ക് ആവശ്യത്തിനുള്ള വെള്ളം ലഭിക്കാത്തതിനാലും ആവശ്യത്തിന് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. അതിനാൽ, ഇക്കുറി വന്ന വെള്ളം ഒരു ചാകരയായി കണ്ട്, തുറന്നു വിടാതെ പരമാവധി, വൈദ്യുതി ഉൽപ്പാദിപ്പിക്കാന്‍ കരുതുകയായിരുന്നു ബോർഡ് ചെയ്തത്.  മഴ ഇത്ര തീവ്രമാകുമെന്നോ, ഒഴുക്കിക്കളയാൻ മാത്രം വെള്ളം ഉണ്ടാകുമെന്നോ അവരും കരുതിക്കാണില്ല. ഇടുക്കി അണക്കെട്ടിൽ നിന്നും കുറേശ്ശേ വെള്ളം, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പിനനുസരിച്ച്, തുറന്നു വിട്ടിരുന്നുവെങ്കിൽ ഒരുപക്ഷേ ദുരന്തത്തിന്‍റെ വ്യാപ്തി വലിയ തോതിൽ കുറയ്‌ക്കുവാനോ നിയന്ത്രിക്കുവാനോ നമുക്കു സാധിക്കുമായിരുന്നു.

jam 1

ഇടുക്കി അണക്കെട്ട് തുറന്നേയ്ക്കുമെന്നും  പെരിയാർ നിറഞ്ഞ് ആലുവ പ്രദേശം വെള്ളത്തിനടിയിലായേയ്ക്കുമെന്നുമുള്ള ആശങ്കകൾ മാത്രമായിരുന്നു ഭരണകൂടം പങ്കു വച്ചിരുന്നത്. പമ്പാനദി, അച്ചൻകോവിലാര്‍ എന്നിവയിൽ വെള്ളമുയരുമെന്നും ശബരിഗിരി പ്രദേശത്തു മുൻകരുതലുകൾ കൈക്കൊള്ളണമെന്നും മനസിലാക്കുകയോ ജാഗ്രതാ മുന്നറിയിപ്പ് നല്‍കുകയോ ചെയ്തില്ല. ഇതു വലിയൊരു പരാജയമാണ്. മഴ അതിതീവ്രമായിരിക്കുമെന്നും മലമ്പുഴയും, കബനീനദിയും ഭാരതപ്പുഴയും മീനച്ചിലാറും ചാലക്കുടി പുഴയും മുവാറ്റുപുഴയാറും കര കവിഞ്ഞൊഴുകും എന്നും മനസ്സിലാക്കാനോ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ   ഭരണാകൂടത്തിനായില്ല. ചെറുതോണി അണക്കെട്ട് തുറന്നു വിടുമെന്നു അറിയിപ്പ് കൊടുത്ത് , പെരിയാറിന്‍റെ തീരത്തുള്ളവരെ ഒഴിപ്പിക്കാൻ ഭരണകൂടം ശ്രമിച്ചു. പമ്പ , കക്കി ഡാമുകളിൽ നിന്ന് ജലം തുറന്നു വിടുന്ന കാര്യം പൊതുജനത്തേയോ ജില്ലാ ഭരണ കൂടങ്ങളേയോ അറിയിക്കാതിരുന്നതിനാലും പമ്പ , അച്ചൻ കോവിൽ ആറുകളുടെ തീരത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാൻ ജാഗ്രത കാട്ടാതിരുന്നതിനാലും, റാന്നി , ചെങ്ങന്നൂർ, ആറന്മുള, പന്തളം പ്രദേശങ്ങളില്‍ ജനങ്ങൾ പറഞ്ഞറിയിക്കാനാവാത്ത ദുരിതമനുഭവിച്ചു. ബാണാസുരസാഗർ അണക്കെട്ട് തുറന്നുവിട്ടപ്പോള്‍,  വയനാട്ടിലും, ചാലക്കുടി പുഴയിലെ എല്ലാ അണക്കെട്ടുകളും തുറന്നു വിട്ടപ്പോള്‍ , ചാലക്കുടി, മാള പ്രദേശങ്ങളിലും ഉണ്ടായ പ്രളയത്തിനും ഇതുതന്നെയായിരുന്നു കാരണം.

2395 അടി വെള്ളമുയർന്നപ്പോൾ തന്നെ ചെറുതോണി അണക്കെട്ടിലെ വെള്ളം കുറേശ്ശേ ഒഴുക്കി വിടേണ്ടതായിരുന്നു, 2399 അടിയായപ്പോൾ ഒരു ഷട്ടർ തുറന്നു ചെറിയ തോതിൽ വെള്ളമൊഴുക്കിയപ്പോഴും അണക്കെട്ടിലെ വെള്ളം ഉയരുകയായിരുന്നു. ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഒഴുക്കി വിട്ട വെള്ളത്തേക്കാൾ കൂടുതൽ ആയിരുന്നു കക്കി, പമ്പ ഡാമുകളിൽ നിന്ന് അത്  പ്രഖ്യാപിക്കാതെ ഒഴുക്കി വിട്ടത്. മഴയോടൊപ്പം നെന്മാറയിലും തൃശൂരിലും ഇടുക്കിയിലും ഉണ്ടായ ഉരുൾ പൊട്ടലിൽ അനേകം ജീവൻ പൊലിഞ്ഞതും ദുരന്തത്തിന് ആക്കം കൂട്ടി.

അതിതീവ്രമായ മഴ,   നദികളില്‍ ക്രമാതീതമായി ഉയര്‍ന്ന ജലനിരപ്പ്,   എല്ലാ ഡാമുകളും തുറന്നു വിടേണ്ടി വന്ന അവസ്ഥ – ഇവയില്‍    പകച്ചു പോയ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയുമായിരുന്നു കേരളത്തിൽ. കൃത്യമായ നിർദ്ദേശങ്ങൾ കൊടുക്കാതെ, പ്രവർത്തനങ്ങൾ ശരിയായി ഏകോപിപ്പിക്കാൻ കഴിയാതെ പോയ സ്ഥിതിവിശേഷം .

വളരെ കാലമായി നിറഞ്ഞൊഴുകാതിരുന്ന നദികളിൽ കൃഷി ചെയ്തും നദികളുടെ ഇരുവശങ്ങളും കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയും ജീവിച്ച  നാട്ടുകാരും വോട്ടു ബാങ്കിന് വേണ്ടി ഇതൊന്നും കണ്ടില്ലെന്നു നടിച്ച രാഷ്ട്രീയ നേതൃത്വവും ദുരന്തം ഭയാനകമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. ഒരു നദിയേയും സംരക്ഷിക്കാൻ ശ്രമിക്കാതെ, നദികളിൽ  മാലിന്യങ്ങൾ നിക്ഷേപിച്ച് നദീ തീരത്തു താമസിക്കുന്നവര്‍ പ്രകൃതിയെ വെല്ലുവിളിച്ചു .

ആഗോള താപനവും ന്യൂന മർദ്ദവും.

ആഗോള താപനം  ഒരു വസ്തുതയാണ്, ട്രംപും അമേരിക്കയിലെ മറ്റു ചിലരും തള്ളിപ്പറയുന്നതുകൊണ്ട് ആ പേടിപ്പെടുത്തുന്ന സത്യം ഇല്ലാതാവുന്നില്ല. നമ്മുടെ നാട്ടിൽ മഴ തിമിർത്തു പെയ്തു കൊണ്ടിരുന്നപ്പോൾ യൂറോപ്പിലും മറ്റു പല രാജ്യങ്ങളിലും വലിയ ചൂട് കാരണം കാടുകൾ കത്തുകയും അനേകം പേര് മരണപ്പെടുകയും ചെയ്തു. ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, മുതലായ രാജ്യങ്ങളിലെ ഉഷ്ണമാപിനികള്‍  ഇന്നുവരെ കണ്ടിട്ടില്ലാത്ത ചൂട് രേഖപ്പെടുത്തി . പോർച്ചുഗലിൽ താപനില ഗൾഫിൽ രേഖപ്പെടുത്തിയതിനും മുകളിൽ എത്തി!. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ചൂടിനനുസരിച്ച് കടലിലെ വെള്ളവും ചൂടാകും. അത്തരം ഇടങ്ങളില്‍ മർദ്ദം കുറയുകയും ഉപരിതലത്തിലെ മർദ്ദവ്യത്യാസം ചുഴലിക്കാറ്റുകളായി മാറുകയും ചെയ്യുന്നു. ഇത് തീവ്ര മഴയ്ക്ക് കാരണമാവുന്നു. ആഗോള താപനം കാരണം, ഭൂമി ഓരോ വർഷവും ക്രമാതീതമായി ചൂടായിക്കൊണ്ടിരിക്കുകയാണ്. അത് കാരണം അനേകം ന്യൂനമർദ്ദ പ്രഭാവങ്ങൾ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുവാനുള്ള സാധ്യത നമ്മള്‍  അറിയേണ്ടതുണ്ട്. മുൻപ് ഇന്ത്യയിൽ ഒഡീഷ തീരത്തും ആന്ധ്ര പ്രദേശിലും അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ചുഴലിക്കാറ്റും പേമാരിയും നമ്മുടെ മലനിരകളിലും തീരപ്രദേശത്തും സംഹാര താണ്ഡവമാടുന്ന അവസ്ഥയിലേക്ക് മാറുകയാണ്. നൂറ്റാണ്ടിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ നമുക്ക് പതിവാകാനുള്ള സാധ്യതകൾ ഏറെയാണ്. അതിനാൽ ആഗോളതാപനത്തിന്‍റെ വ്യാപ്തി കുറയ്കുവാൻ നമുക്കാവുന്നതെല്ലാം ചെയ്യുക. അറ്റോമിക്ക് ഊർജ്ജ കേന്ദ്രങ്ങളും വെള്ളത്തിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനവും ക്രമമായി കുറച്ചു കൊണ്ട് വരികയും പകരം ഊർജ്ജ സ്രോതസുകൾ വികസിപ്പിക്കുകയും വേണം. ശ്രമകരമായ ഒരു ദൗത്യമാണെങ്കിലും അതിനുള്ള മാർഗങ്ങൾ സ്വീകരിക്കുവാൻ സർക്കാറുകളിൽ സമ്മർദ്ദം ചെലുത്തണം.  പ്ലാസ്റ്റിക്കിന്‍റെ ഉപഭോഗം പരമാവധി കുറയ്‌ക്കുവാൻ ശ്രദ്ധിക്കണം. ഹരിതവൽക്കരണം, അനാവശ്യ ഉർജ്ജ ഉപയോഗം കുറയ്ക്കല്‍, ഹരിത ഊർജ്ജം പരമാവധി ഉൽപ്പാദിപ്പിക്കല്‍ -ഇവയൊക്കെ വഴി ആഗോളതാപനം ചെറിയ അളവിൽ എങ്കിലും കുറയ്ക്കുവാൻ സാധിക്കും എന്ന് വിദഗ്‌ധർ വിലയിരുത്തുന്നു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കപ്പെടുകയും അതിൽ നിന്ന് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കപ്പെടുകയും വേണം

jam 5

ഡിസാസ്റ്റർ മാനേജ്‌മെന്‍റ് .

ഒരിക്കലും മികച്ച ഒരു പ്രകടനമായിരുന്നില്ല കേരളത്തിലെ ഡിസാസ്റ്റർ മാനേജുമെന്‍റ് കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ നടത്തിയത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നേരത്തെ സൂചിപ്പിച്ചിരുന്നതു പോലെ കാലാവസ്ഥ വ്യതിയാനങ്ങൾ ഏകോപിപ്പിക്കുവാനും നമ്മുടെ വൈദ്യുതി ഉത്പാദന മേഖല, വനം, പരിസ്ഥിതി, ജലവിഭവ വകുപ്പുകളുമായി സംയോജിച്ചു മികച്ച ഒരു പ്ലാനിങ് നടത്തുവാനും  അവർക്കിതുവരെയും ആയില്ല എന്നതാണ് ഒന്നാമത്തെ പരാജയം. കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യ സമയത്തു കൊടുക്കുവാനും വേണ്ട മുൻഗണന ക്രമങ്ങൾ പാലിക്കുവാനും അവര്‍ക്ക് കഴിഞ്ഞില്ല. ദുരന്തത്തിന്‍റെ അളവ് മുൻകൂട്ടി തിട്ടപ്പെടുത്തുവാൻ ആയില്ല, കിട്ടിയ വിവരങ്ങൾ പൊതുജനങ്ങളും സർക്കാറുമായും സംയോജിപ്പിക്കുവാനും കഴിഞ്ഞില്ല. പ്രാദേശികവാസികളുടേയും യുവജനങ്ങളുടേയും നേരിട്ടുള്ള ഇടപെടലുകളും, കേരളത്തിന് പുറത്തുള്ള ഐ ടി മേഖലയിലും മറ്റുമുള്ള യുവാക്കളുടെ ജാഗ്രതയും  ദുരന്തത്തിന്‍റെ വ്യാപ്തി മുൻകൂട്ടി തിരിച്ചറിഞ്ഞു നടത്തിയ ഏകോപനങ്ങൾ ദുരിത നിവാരണത്തിന് സഹായകമായി. കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകൾ രാപ്പകലില്ലാതെ വിഷയം ഗൗരവമായി ചർച്ച ചെയ്തത് കണ്ടിരുന്ന പൊതു ജനം ഒന്നടങ്കം സ്വമേധയാ രക്ഷാ പ്രവർത്തനത്തിലേയ്ക്ക് ഇറങ്ങി. വിഴിഞ്ഞത്തും തുമ്പയിലും പൂവാറിലും നീണ്ടകരയിലും നിന്ന് മാത്രമല്ല, കന്യാകുമാരി ജില്ലയിലെ തൂത്തൂർ പോലുള്ള പ്രദേശങ്ങളിൽ നിന്ന് പോലും മത്സ്യബന്ധന ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ സ്വന്തം ജോലികൾ മാറ്റിവെച്ച്  രക്ഷാ പ്രവർത്തനങ്ങളുടെ മുന്‍നിരയിലേക്ക് എത്തുകയുണ്ടായി. ചാനലുകളിൽ കൂടി ചർച്ചകൾ കണ്ടിരുന്നവർ ദുരിതാശ്വാസകേന്ദ്രങ്ങളിൽ ഭക്ഷണവും വസ്ത്രവുമായി എത്തി. ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നും പുതുതലമുറ മലയാളികൾ ഇതൊരു ആഗോള ദുരന്തമായി കണ്ടു ആവശ്യമായ പണവും സാധന സാമഗ്രികളും എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചുകൊണ്ടിരിക്കുന്നു. തുടക്കത്തിൽ പെരിയാറിന്‍റെ തീരത്തും ആലുവ പ്രദേശത്തുമാണ് ദുരന്ത നിവാരണ സേന ദുരന്തം എത്തുമെന്ന് കരുതിയത്- അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അതിനാൽ റാന്നി, ചെങ്ങന്നൂർ, ആറന്മുള പ്രദേശങ്ങളെ ശ്രദ്ധിക്കാൻ പറ്റാതിരുന്നത് വലിയ ദുരന്തമായി മാറുകയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയ ദുരന്തം നേരിടുവാനുള്ള പരിശീലനം സിദ്ധിച്ച ആളുകളും റിസോഴ്സുകളും നമുക്കില്ലായിരുന്നു. പല സ്ഥലങ്ങളിലും നാലും അഞ്ചും ദിവസങ്ങൾക്കു ശേഷമാണ് ശരിയായ ഏകോപനങ്ങൾ പോലും നടത്താനായത്.  പരിശീലനം സിദ്ധിച്ച NDRF പ്രവർത്തകരുടെ സഹായം തേടാനോ  നേവി, വ്യോമ, കര സേനകളിൽ നിന്നും ആവശ്യത്തിനുള്ള റിസോസ്‌ഴുകൾ സ്വന്തമാക്കാനോ നമ്മൾ ശ്രമിച്ചില്ല. മലയാളിയുടെ ഈഗോ പെരുപ്പിച്ചു കാണിക്കുവാനുള്ള ശ്രമത്തിലായിരുന്നു പലരും.

പ്രളയം മുന്നിൽ കണ്ടു അനേകർ അവരുടെ വീടുകൾ ഉപേക്ഷിച്ചു ദൂരെയുള്ള ബന്ധു വീടുകളിൽ അഭയം തേടുകയുണ്ടായി. രക്ഷാ പ്രവർത്തനത്തിന് ഏറ്റവും ഗുണകരമായതു ഈ സ്വയം ഒഴിഞ്ഞു പോക്കായിരുന്നു. പെട്ടെന്ന് കുതിച്ചെത്തിയ വെള്ളത്തില്‍ കുടുങ്ങിപ്പോയവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍  എത്തിക്കുവാൻ തദ്ദേശ വാസികൾ വലിയ ശ്രമം നടത്തി. സന്നദ്ധ സംഘടനകൾ അവർക്കാകുംവിധം  രക്ഷാ പ്രവർത്തനവും ദുരിതാശ്വാസ ക്യാമ്പുകളും  നടത്തി. ഏകദേശം പത്തു ലക്ഷത്തിനു മുകളിൽ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളില്‍  എത്തി എന്നാണ് സർക്കാർ കണക്ക്, അതിലും എത്രയോ  കൂടുതല്‍  ആവും സന്നദ്ധ സംഘടനകൾ കൂടി നടത്തിയ ദുരിതാശ്വാസ ക്യാമ്പുകളിലെ ജനങ്ങളുടെ കണക്കുകൾ കൂടി ചേര്‍ത്താല്‍  ബന്ധു വീടുകളിലേക്ക് പലായനം ചെയ്തവരും ഏറെ പേരുണ്ട് .

മുഖ്യമന്ത്രി ആദ്യ ദിവസങ്ങളിൽ ഓരോ തവണയും പിന്നീട് ഒന്നിലധികം തവണയും പത്ര സമ്മേളനം നടത്തി ജനങ്ങളെ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചുകൊണ്ടിരുന്നു. അദ്ദേഹം  സമചിത്തതയോടെ, ആരെയും കുറ്റപ്പെടുത്താതെ, പ്രതിപക്ഷത്തേയും പട്ടാളത്തേയും മറ്റു രക്ഷ പ്രവർത്തകരേയും അഭിനന്ദിച്ചു കൊണ്ടാണ് പത്ര സമ്മേളനം നടത്തിയിരുന്നത്. നമ്മൾ ചോദിക്കുന്ന ബോട്ടുകളും, ഹെലിക്കോപ്റ്ററുകളും ഇന്ത്യൻ സേനയിൽ നിന്നും യഥാസമയം ലഭിച്ചു കൊണ്ടിരുന്നു എന്നും അറിയിച്ചിരുന്നു. യാതൊരു പരിഭ്രാന്തിയുമില്ലാതെ അദ്ദേഹം നടത്തിയ പത്ര സമ്മേളനങ്ങൾ ജനങ്ങൾക്ക് വലിയ പ്രതീക്ഷ ആണ് നൽകിയത്. പക്ഷെ നമ്മൾ നമുക്കാവശ്യമുള്ള അത്രയും റിസോഴ്സുകൾ, യഥാസമയം സേനയോടു ആവശ്യപ്പെട്ടിരുന്നോ എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ട വിഷയം. തന്‍റെ ആരോഗ്യപ്രശ്ന സംബന്ധിയായ യാത്രകൾ പോലും മാറ്റി വച്ച് അദ്ദേഹം സദാ കർമ്മരംഗത്തുണ്ടായിരുന്നു. അത് പോലെ മന്ത്രിമാരും ജനപ്രതിനിധികളും.

ഒന്നിലധികം നിലകളുള്ള വീടുകളിൽ താമസിച്ചിരുന്ന, തങ്ങളെ പ്രളയം ബാധിക്കില്ല എന്ന് കരുതിയിരുന്ന സമ്പന്ന, മദ്ധ്യ വർഗ ജനങ്ങൾ പലപ്പോഴും രക്ഷാ സേനയോടു സഹകരിച്ചില്ല എന്നതും രക്ഷാ പ്രവർത്തനത്തിന് വിഘാതമായി. പ്രായമായവരും രോഗികളായിരുന്നവരും ആയ  പലരും, ലോകത്തിന്‍റെ നാനാഭാഗത്തും ഉണ്ടായിരുന്ന മക്കളും കൊച്ചു മക്കളും നിർബന്ധിച്ചിട്ടും, രക്ഷാ ദൗത്യത്തോടു സഹകരിക്കാൻ തയാറല്ലായിരുന്നു. ഒടുവിൽ അവരൊക്കെയും ഓൺ ലൈനിൽ രക്ഷാ പ്രവർത്തനം നടത്തിയിരുന്ന മാധ്യമ പ്രവർത്തകരുടേയും  ഐ ടി പ്രവർത്തകരുടേയും  സേവനം ഉപയോഗപ്പെടുത്തി ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്തിപ്പെട്ടു.

ആദ്യ ദിവസങ്ങളിൽ ഭക്ഷണവും മറ്റു അത്യാവശ്യ സാമഗ്രികളും ഇല്ലാതിരുന്ന ദുരിതാശ്വാസ കേന്ദ്രങ്ങൾ പൊതു ജനങ്ങളുടെ ഉദാര മനഃസ്ഥിതിയിൽ പിന്നീടുള്ള ദിവസങ്ങളിൽ വളരെ മികച്ചതായി മാറി. സജി ചെറിയാനെ പോലുള്ള ജനനായകരുടെ വൈകാരികമായ ഇടപെടലുകൾ പൊതുജനത്തെ അപ്പാടെ വലിയ ഭയത്തിലേക്ക് തള്ളിയിടുന്ന അവസ്ഥ വന്നു. അവ മാധ്യമങ്ങളിലും  വലിയ പ്രതികരണങ്ങൾ ഉണ്ടാക്കി. സർക്കാർ പിറ്റേന്ന് മുതൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്തി. മത്സ്യബന്ധന മേഖലയിലെ കൂടുതൽ ആളുകൾ രക്ഷാ പ്രവർത്തന രംഗത്തേക്ക്, തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കൊച്ചി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നും എത്തിയതും ദുരന്ത നിവാരണത്തിന് വലിയ മുതൽക്കൂട്ടായി. ഇതിനിടയിൽ നോർത്ത് പറവൂർ, ചാലക്കുടി, മാള, പന്തളം തുടങ്ങിയ മേഖലയിലും വെള്ളം വലിയ തോതിൽ കയറിക്കൊണ്ടിരുന്നു. ഫോണും , മൊബൈൽ നെറ്റ് വർക്കുകളും  തകരാറിലായതും വൈദ്യുതി പാടെ നിലച്ചതും  റോഡുകൾ തകർന്നതും  ഇടുക്കി, നെല്ലിയാമ്പതി , നോർത്ത് പറവൂർ പ്രദേശങ്ങളെ ഒറ്റപ്പെടുത്തി. ആ പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളെ ഇത് മോശമായി ബാധിച്ചു.  കുത്തിയതോടിൽ പള്ളിക്കെട്ടിടം തകർന്നു വീണ് ആറുപേർ മരിച്ച വിവരം പോലും രണ്ടു ദിവസങ്ങൾ കഴിഞ്ഞാണ്  ലോകം അറിഞ്ഞത്, മൃതദേഹങ്ങൾ നീക്കം ചെയ്യാന്‍   മൂന്നു ദിവസങ്ങൾ കൂടി എടുത്തു, അത്ര മാത്രം ദുഷ്‌ക്കരമായി രക്ഷാ പ്രവർത്തനം.

ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ഇന്ത്യയുടെ വിവിധ കോണുകളിൽ നിന്നും കടൽ, വ്യോമ കര മാർഗങ്ങളിലൂടെ അനേകം ചരക്കുകൾ നമ്മുടെ നാട്ടിലേക്ക് വന്നു. അവയൊക്കെയും കൃത്യമായ പാക്കിങ്‌ കൂടാതെയാണ് വന്നത്. ശരിയായ രീതിയിൽ ശാസ്ത്രീയമായി പാലറ്റിൽ കൊണ്ട് വരാതിരുന്നതിനാൽ ചരക്കുകൾ ഇറക്കാനും കയറ്റാനും അനേകം ആളുകളുടെ വിലയേറിയ സമയവും ഊർജ്ജവും നമ്മൾ  പാഴാക്കി.  കൃത്യ സമയത്തു അതൊന്നും വേണ്ടിടത്ത് എത്തിക്കുവാൻ കഴിഞ്ഞില്ല.  കിട്ടിയ ഈ സാധനസാമഗ്രികൾ  കൃത്യമായി ഡിസ്ട്രിബ്യൂട്ട് ചെയ്യേണ്ടതുണ്ട്. അതൊരിക്കലും ഒരു പാർട്ടി പരിപാടിയാകാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണം. അല്ലെങ്കിൽ രക്ഷ ദൗത്യത്തിൽ കണ്ട ഒത്തൊരുമ  നാട്ടിന് നഷ്ടപ്പെടും.

jam 3

നമ്മുടെ ദുരന്ത നിവാരണ മിഷൻ പൊതുവിൽ പരാജയമായിരുന്നു, എന്നാൽ അവരുടെ പരിമിതമായ റിസോഴ്സുകൾ കൊണ്ട് വിജയവുമായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും, കാർബൺ ഡൈ ഓക്‌സൈഡിന്‍റെ അമിതമായ പുറന്തള്ളലും മാലിന്യ സംസ്കരണത്തിലെ മാനദണ്ഡവുമില്ലായ്മയും , ഒക്കെ കാരണം ഇനിയും കടലിൽ ന്യൂന മർദ്ദം രൂപപ്പെടാം   പ്രളയങ്ങൾ ഉണ്ടാകാം.  കാലാവസ്ഥ നിരീക്ഷണം , വനം , പരിസ്ഥിതി, പോലീസ്, ഫയർ, പഞ്ചായത്തുകൾ, ജലം, ഗതാഗത വകുപ്പുകൾ തുടങ്ങി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളുമായി ശരിയായ ഒരു ഏകോപനം സാദ്ധ്യമാക്കി കരുതലോടെ ഇരിക്കണം . കൂടാതെ കൃത്യമായ വിവരങ്ങൾ പൊതു ജനങ്ങൾക്ക് യഥാസമയം കൊടുക്കുവാനുള്ള  സംവിധാനം  ഉണ്ടാകണം,  സ്വന്തമായി വലിയ ദുരന്തം നേരിടുവാനുള്ള റിസോഴ്‌സുകളും നമുക്കുണ്ടാവണം.

കേരളത്തിലും പുറത്തുമുള്ള ഓരോ മലയാളിയും, ഇന്ത്യയിലും വിദേശത്തുമുള്ള അനേകരും ഒത്തു ചേർന്ന് നടത്തിയ ഈ അതിജീവനം ലോകത്തിനു തന്നെ വലിയ പ്രചോദനം ആകേണ്ടതാണ്. മറ്റു ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് ഭിന്നമായി  തദ്ദേശീയർ ദുരന്ത മുഖത്തു നിന്ന്, ദുരന്ത നിവാരണ സേന വരുമെന്ന് നോക്കി നിൽക്കാതെ നടത്തിയ രക്ഷാ പ്രവർത്തനം ഒരു മാതൃകയാണ്. മറ്റിടങ്ങളിൽ ഇത് പോലുള്ള അവസരങ്ങളിൽ വലിയ കൊള്ളകൾ നടക്കാറുണ്ട്, പക്ഷെ ഇവിടെ അങ്ങനെ യാതൊന്നുമുണ്ടായില്ല. ജാതി മത, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നു കൊണ്ടായിരുന്നു രക്ഷാ പ്രവർത്തനം. (രക്ഷാ പ്രവർത്തനം കഴിഞ്ഞപ്പോൾ ചില ജാതി മത രാഷ്ട്രീയ തല്പര കക്ഷികൾ ദുരിതാശ്വാസ പ്രവർത്തനത്തെ കയ്യേറുവാൻ നടത്തിയ, നടത്തുന്ന ശ്രമങ്ങൾ നമ്മൾ നടത്തിയ വലിയ രക്ഷ ദൗത്യത്തിൽ കരിനിഴലുകൾ പരത്തും.) ഇനി ഒരു നവ കേരളം സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. അവിടെ ജാതിമത രാഷ്ട്രീയ സങ്കുചിത ചിന്തകൾക്ക് അതീതമായ ഒരു അന്തരീക്ഷം സംജാതമാക്കണം. എല്ലാവരും ഏകോദര സഹോദരരെ പോലെ മലയാളി എന്ന ലേബലിൽ ഒരൊറ്റ മനസ്സോടെ നിന്ന്   നടത്തിയ അതിജീവനത്തിന്‍റെ പാഠങ്ങൾ നാം ലോകത്തിനു കാട്ടിക്കൊടുക്കണം. ദുരിതാശ്വാസ പ്രവർത്തനത്തിന് കിട്ടുന്ന പണവും സാധനങ്ങളും അഴിമതിയില്ലാതെ ശരിയായി പങ്കു വയ്‌ക്കപ്പെടണം. മികച്ച ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടാകണം, മികച്ച രീതിയിൽ പുഴകൾ സംരക്ഷിക്കപ്പെടണം, മാലിന്യങ്ങൾ ശാസ്ത്രിയമായ രീതിയിൽ സംസ്ക്കരിക്കപ്പെടണം. അങ്ങനെ വരും തലമുറക്ക് ഒരു പുതിയ കേരളത്തെ  കൈമാറാന്‍ നമുക്ക് കഴിയണം 

Comments
Print Friendly, PDF & Email

You may also like