പൂമുഖം ചുവരെഴുത്തുകൾ ‘അച്ഛനെക്കാള്‍ ഉയരമുള്ള ആഴങ്ങള്‍’

‘അച്ഛനെക്കാള്‍ ഉയരമുള്ള ആഴങ്ങള്‍’

ച്ഛന്മാർക്കൊരു ദിനം .

മുത്തച്ഛന്മാർക്കും അച്ഛാച്ഛന്മാർക്കുമായി ദിവസങ്ങളുണ്ടോ? അറിയില്ല

സെപ്റ്റംബർ ഒൻപതിന് അമേരിക്കയിൽ ഗ്രാൻഡ് പേരന്‍റ്സ് ഡേ ആണെന്ന് ഗൂഗ്ൾ !

ദിവസം പ്രത്യേകം ഉണ്ടായാലും ഇല്ലെങ്കിലും അച്ഛനെ ഓർക്കുമ്പോൾ ഞാൻ എന്‍റെ അച്ഛാച്ഛനെ ഓർക്കും .

അച്ഛാച്ഛൻ വലിയ ഒരാളായിരുന്നു . കാഴ്ചയ്ക്ക് തകഴിയെപ്പോലെത്തന്നെ ഉണ്ടായിരുന്നു. നല്ല പൊക്കവും തടിയും കുടവയറുമൊക്കെ ആയി അങ്ങനെ ചാരുകസേരയിൽ കിടക്കും .

അച്ഛാച്ഛനും അച്ഛമ്മയും ഞാൻ കാണുന്ന കാലത്തു മുതൽ തനിച്ചാണ് താമസിച്ചിരുന്നത്. കുത്തനെയുള്ള കരിങ്കൽ പടികൾ കയറിച്ചെല്ലുന്ന, നാലുമണി പൂക്കളും കാശിത്തുമ്പകളും അതിരിടുന്ന, മുറ്റവും മുറ്റത്തിനരികിൽ തൊഴുത്തുമുള്ള കുന്നിൻ ചരുവിലെ കൊച്ചു വീട് .

അവധിക്കാലത്തെ ഏറ്റവും വലിയ സന്തോഷം അച്ഛാച്ഛന്‍റെ കൂടെ പോയി താമസിക്കുന്നതായിരുന്നു

അച്ഛാച്ഛൻ പ്രൈമറി സ്‌കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു. പഠിക്കുന്ന കുട്ടികളോട് പ്രത്യേകം ഇഷ്ടം ഉണ്ടായിരുന്നു .

ബാല്യകാല കുതൂഹലങ്ങളിൽ ഏറ്റവും ചേതോഹരം ആ വീടും അതിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മയുമാണ് .

കാലങ്ങൾക്കിപ്പുറം അത്രമേൽ അപ്രസക്തമായ ഓർമ്മകൾ.

മുൻവശത്തെ മുറ്റത്തിനരികിലുള്ള പ്രിയോർ മാവ്..

വണ്ടിയിൽ നിന്നുമിറങ്ങിയാൽ വീട്ടിൽ കയറുന്നതിനു മുൻപേ പാഞ്ഞു ചെന്ന് വലിഞ്ഞു കയറിയിരുന്ന, പുറകു വശത്തു പടർന്നു വളർന്നിരുന്ന രണ്ട് പേര മരം..

ചോരത്തുള്ളി പോലുള്ള ചെത്തിപ്പഴങ്ങൾ..

ചുണ്ടമലയിൽ മാത്രം കണ്ടിരുന്ന, പലവട്ടം പറിച്ചുകൊണ്ട് വന്നു ചട്ടിയിൽ നട്ടിട്ടും വേരുപിടിക്കാതെപോയ, മജന്ത നിറത്തിൽ നിറഞ്ഞു ചിരിക്കുന്ന പൂക്കൾ നിറഞ്ഞ,കദളി..

തേക്ക്‌ കൊട്ടയും തുലാവും കൊണ്ട് വെള്ളം കോരിയെടുക്കുന്ന കിണർ..

ചൂരൽ കസേരകൾ, ചുമരിലെ പെയ്ന്‍റിംങ്ങുകളും ഫോട്ടോകളും..

രണ്ട് പടി വരെ മാത്രം കയറാൻ അനുവാദമുണ്ടായിരുന്ന തടിയുടെ കോണി..
പൊക്കമുള്ള രണ്ട് കട്ടിലുകൾ ഇട്ട, അറ്റാച്ഡ് ബാത്‌റൂം ഉള്ള മുറി..

വൈകിട്ട് കുളികഴിഞ്ഞു അച്ഛമ്മ വിളക്കുകൊളുത്തി പൂക്കൾ അർച്ചിച്ചു മഹാലക്ഷ്മ്യഷ്ടകം ചൊല്ലിയിരുന്ന പൂജാമുറി..

അച്ഛൻ ഊണ് കഴിഞ്ഞു കിടക്കാറുണ്ടായിരുന്ന ഒരു കുട്ടിക്കട്ടിൽ..

പൊക്കമുള്ള പടികളുള്ള മുറികൾ..

ഏരിയലിൽ കമ്പി കെട്ടിയിരുന്ന, പൊട്ടലും ചീറ്റലുമുള്ള, വലിയൊരു റേഡിയോ..

മുറുക്കാൻ ഇടിക്കുന്ന ഒരുചെറിയ ഉരൽ..

ഉഴുന്ന് തൊലികളയാൻ ഉപയോഗിച്ചിരുന്ന കൊച്ചിറയത്ത് കിടക്കുന്ന തിരികല്ല്..

വെള്ളു എന്നു പേരുള്ള ഒരു നായ..

അതിനു ശേഷം ഇന്നുവരെ കഴിക്കാത്ത തേനൂറുന്ന രുചിയുള്ള ആഞ്ഞിലി ചക്ക.. അതിന്‍റെ വറുത്ത കുരുവിന്‍റെ സ്വാദ്…

ക്രോക്കറി പ്ളേറ്റുകളിൽ വിളമ്പിയിരുന്ന ഭക്ഷണം..

ഇന്നലെ കണ്ടപോലെ ഓർമ്മ..

വെറുതെയല്ല ഞങ്ങൾ അവധിക്കാലത്തിന്‌ കാത്തിരുന്നത്.

അച്ഛമ്മ അടുക്കളയിൽ പണിത്തിരക്കിലാവുമ്പോൾ, ഞങ്ങൾ അച്ഛാച്ഛനോട് ആയിരുന്നു ഭയങ്കര കമ്പനി .

സംശയങ്ങളും ചോദ്യങ്ങളും എല്ലാം അച്ഛാച്ഛനോടാണ്

ഇടക്കിടക്ക് അച്ഛാച്ഛന്‍റെ കത്ത് വരും, പോസ്റ്റ് കാർഡിൽ.
കറുത്തമഷിയിൽ, പിടിച്ചെഴുതിയ അക്ഷരങ്ങൾ.. നീട്ടിയുള്ള ഒപ്പും. നന്നായി പഠിക്കണം എന്ന് ഉറപ്പായും കാണും.

മാണിക്യമംഗലത്തെ വീട്ടിൽ കാണാതിരിക്കില്ല ആ പഴയ കത്തുകൾ.

ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് അച്ഛാച്ഛൻ മരിക്കുന്നത് . അതിനു ഒരാഴ്ച മുൻപ് ഞങ്ങളുടെ പുതിയ വീടിന്‍റെ പാലുകാച്ചിന് അച്ഛാച്ഛൻ വന്നിരുന്നു.
പെട്ടെന്നായിരുന്നു മരണം. ഒരു ദിവസം പോലും അസുഖമായി കിടന്നില്ല.

അച്ഛൻ കരഞ്ഞു കണ്ടത് ആദ്യമായി അച്ഛാച്ഛന്‍റെ മരണ ദിവസം ആയിരുന്നു.

പിന്നീട്, ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത്, പാലക്കാടൻ കാറ്റ് വരുന്ന മാസങ്ങളിൽ എനിക്ക് വല്ലാത്ത ശ്വാസംമുട്ടൽ വന്നിരുന്നു. ഡോക്ടറെ കാണുമ്പോൾ ആദ്യം ചോദിച്ച പാരമ്പര്യ വിശേഷത്തിന് അച്ഛന്‍റെ അച്ഛന് ശ്വാസം മുട്ടൽ ഉണ്ടായിരുന്നു എന്ന് ഞാൻ മറുപടി പറഞ്ഞു .

തിരികെ പോരുമ്പോൾ അമ്മയാണ് ചോദിച്ചത്, ‘നിനക്കെങ്ങനെ അച്ഛാച്ഛന്‍റെ പാരമ്പര്യം കിട്ടും?’ എന്ന്.

ഞാൻ മറന്നേ പോയിരുന്നു, അച്ഛാച്ഛൻ എന്‍റെ അച്ഛന്‍റെ അച്ഛനല്ല എന്ന കാര്യം!

എന്‍റെ അച്ഛൻ ജനിച്ച് അധികം വൈകാതെ അച്ഛന്‍റെ അമ്മ മരിച്ചു. അച്ഛന്‍റെ അച്ഛൻ വേറെ കല്യാണവും കഴിച്ചു.

അച്ഛന് അമ്മൂമ്മ ഉണ്ടായിരുന്നെങ്കിലും ചിറ്റമ്മയാണ് അച്ഛനെ വളർത്തിയത്. പതിനാറു വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു അച്ഛമ്മക്ക് അന്ന്.

പിറ്റേ വർഷം അച്ഛമ്മയുടെ കല്യാണം കഴിഞ്ഞു. ഒരു വയസ്സുള്ള കുട്ടിയും ആയിട്ടാണ് അച്ഛമ്മ, ചെറുക്കന്‍റെ വീട്ടിലേയ്ക്ക് പോയത് .

അച്ഛാച്ഛൻ മൂത്തമകനായി അച്ഛനെ വളർത്തി, ഒരിഷ്ടത്തിനും എതിര് നിൽക്കാതെ.

താൻ ഉണ്ണിയുടെ മൂത്രത്തിലേ കിടന്നിട്ടുള്ളു, സ്വന്തം മക്കളുടെ മൂത്രത്തിൽ കിടന്നിട്ടില്ല എന്ന് അച്ഛാച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് .അവരുടെ നാല് മക്കൾക്കും മൂത്ത ചേട്ടനായി അച്ഛനെ വളർത്തി . അച്ഛാച്ഛന്‍റെ പേര് ഇനിഷ്യൽ ആയി നൽകി.

ആ വീട്ടിലെ തന്നെ കുട്ടികൾക്ക് പോലും അന്നൊന്നും ഇക്കഥ അറിയില്ലായിരുന്നു

ജന്മം നല്കിയതുകൊണ്ട് ആരും അച്ഛനെന്ന പദത്തിന് അർഹനാവുന്നില്ല .

അച്ഛനേയും കൂടപ്പിറപ്പുകളേയും തറവാട്ടിൽ ഉപേക്ഷിച്ചു വീണ്ടുമൊരു വിവാഹത്തിനായി പോയ യഥാർത്ഥ അച്ഛച്ഛന്‍റെ പേരുപോലും ഞങ്ങൾക്കിന്നും അറിയില്ല

ഇതെല്ലാം നടന്നത് തൊണ്ണൂറ്റി മൂന്നു വര്‍ഷം മുൻപാണെന്ന്‍ ഓർക്കണം.

ഇന്ന് അച്ഛനില്ല. അച്ഛമ്മ ഇല്ല അമ്മയുമില്ല.

പക്ഷെ ഓർമ്മകളുണ്ട് .

ഓർമ്മയുടെ മുറ്റത്ത്, ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട്, ചാരുകസേരയിൽ ഇരുന്ന്‍, അച്ഛാച്ഛൻ ചോദിക്കുന്നുണ്ട്, ‘ആരാപോലും? എന്താ പോലും?’

Comments
Print Friendly, PDF & Email

രമ കെ.കാലടി സ്വദേശി.
അങ്കമാലിയിൽ താമസം.
കൃഷിവകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്നു

You may also like