കവിത

വര  റ്റവും കുറഞ്ഞ നിറത്തിൽ അയാൾ അവളെ വരച്ചെടുത്തു. ഒറ്റനിറം , കറുപ്പ്‌.
അതു വളരെ എളുപ്പവുമായിരുന്നു ഉടൽ അളവുകളുടെ വളവുകൾ, മുകളിലേക്കുയർന്നു നിൽക്കുന്ന കൈകളിലെ വളകൾ പോലെ , വേഷം ചെറുപ്പക്കാരിയുടേത്‌ തന്നെയാവണം; കുടുംബത്തിൽ ഏതു സ്ത്രീക്കാണു പ്രായമാവുന്നത്‌? അവൾക്കെപ്പോഴാണു വയ്യായ്മകൾ ആരംഭിക്കുന്നത്‌? തല വരയ്ക്കാൻ അയാൾ ശ്രമിച്ചതേയില്ല, ഏതു സ്ത്രീക്കാണു ചിന്തകൾ ആവശ്യമുള്ളത്‌? വിറകുകെട്ടുകളോ വെള്ളത്തിന്റെ ഒരു കുടമോ ആ സ്ഥാനത്തു ചേരും. വഴികൾ വരയ്ക്കപ്പെടാനുള്ളതല്ല, അതവളുടെ സ്വകാര്യ വേദനകളാകുമ്പോൾ, പാദസരം വിശദമായി വരയ്ക്കാൻ അയാൾ മറന്നില്ല. അതിലാണല്ലൊ മനോഹാരിതയത്രയും . പക്ഷെ , കറുത്ത വരയുടെ ഗർഭപാത്രത്തിൽ അണിഞ്ഞൊരുങ്ങിയ ഒരു സ്ത്രീയുടെ നൃത്തരൂപം വരച്ചു ചേർക്കുമ്പോൾ അവളുടെ സ്വപ്നങ്ങൾ ഒരിക്കലും പൂർണ്ണവളർച്ചയെത്തുന്നില്ലല്ലൊയെന്ന് അയാൾ നെടുവീർപ്പിട്ടു.
Print Friendly, PDF & Email