പൂമുഖം നിരീക്ഷണം ഈ നാടിനെ കൊല്ലരുതെ …

ഈ നാടിനെ കൊല്ലരുതെ …

രുജനത ഇന്ന് സമരമുഖത്താണ്. അതിജീവനത്തിനായുള്ള ,നില നിൽപ്പിനായുള്ള സമരം .കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് പഞ്ചായത്താണിത്. ഒരു ജനതയുടെ ,ഒരു നാടിന്റെ ആവാസവ്യവസ്ഥയെ മുഴുവൻ തകർത്തു കൊണ്ടുള്ള, “വികസനം” എന്ന് കുറച്ചു പേർ വിളിക്കുന്ന കൊടും ചതിയ്ക്കെതിരെ ഒരു ജനതയുടെ മുഴുവൻ ആത്മരോക്ഷവും ഉയരുകയാണ്.
കുറേ വർഷങ്ങൾക്ക് മുൻപ് സമൃദ്ധവും വിശാലവുമായ നെൽവയലുകളും ,നല്ല വിളവ് തന്നിക്കുന്ന തെങ്ങിൻ തോപ്പുകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന ഒരു നാടായിരുന്നു ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്തും അതിനോട് ചേർന്നു കിടക്കുന്ന ‘ പണ്ടാരതുരുത്ത് ‘ ,’പത്മന ‘ഭാഗവും. പക്ഷെ ഇന്ന് ദുരമൂത്ത മനുഷ്യനാൽ മൃതപ്രായമായ ഈ നാട് ഒരിറ്റ് ശ്വാസത്തിനായ് അധികാരികൾക്ക് മുന്നിൽ കേഴുകയാണ്.. കടലിനും കായലിനും ഇടയിൽ നല്ല വിസ്തൃതിയോടെ നീണ്ടു നിവർന്ന് കിടന്നിരുന്ന മനോഹരമായ ഒരു നാട്ടുപ്രദേശം.ഓരോ തുറയിലും ഏക്കറുകണക്കിന് വസ്തുക്കളും ആയിരക്കണക്കിന് കുടുംബങ്ങളും ,പ്രതാപത്തോടെ ജീവിച്ചിരുന്ന, കൊടുക്കൽ വാങ്ങലുകളിൽ നീതിയും ന്യായവും നിലനിന്നിരുന്ന, തികഞ്ഞ അധ്വാനികളായ ഒരു ജനതയുടെ നാട് .അരയ സമുദായത്തിൽപ്പെട്ട ഇവർ പരമ്പരാഗതമായി മത്സ്യതൊഴിലാളികളാണ്. അവരുടെ തൊഴിലിനെയും കടലിനെയും പോലെ തന്നെ ജനിച്ച മണ്ണിനെയും ഹൃദയത്തോട് ചേർത്തു നിർത്തുന്നവർ.

ala 1
ഒരു കടൽ ഭിത്തി പോലും ഇല്ലാതിരുന്നിട്ടും ഈ നാടിന്റെ തികഞ്ഞ കാവൽക്കാരെ പോലെ ഇവിടുത്തെ കറുത്തിരുണ്ട മണൽത്തിട്ടകൾ ഉണർവ്വോടെ എന്നും നാടിനു കാവൽ നിന്നു. കടൽക്ഷോഭം ഉള്ള സന്ദർഭങ്ങളിൽ കടൽകയറി ഒഴുകും എന്നല്ലാതെ ഒരിക്കലും കര അറുത്തുമുറിഞ്ഞ് നഷ്ടപ്പെട്ടിരുന്നില്ല .പ്രകൃതിയുടെ വലിയൊരു പ്രത്യേകതയാണിത് .എടുക്കുന്നതിനെ പൂർണ്ണമായും സ്വന്തമാക്കിവെയ്ക്കില്ല .കുറച്ചു ദിവസങ്ങൾക്കകം തിരിച്ച് നിക്ഷേപിച്ചിരിക്കും എന്നത് .അതു പോലെ തന്നെ ആയിരുന്നു ഈ പ്രദേശവും .ഏതെങ്കിലും ഭാഗത്തെ മണ്ണ് കുറച്ച് ഇടിഞ്ഞു പോയാലും തൊട്ടടുത്ത വേലിയേറ്റത്തിൽ അതിനേക്കാൾ സമൃദ്ധമായി അവിടെ മണൽത്തിട്ടകൾ രൂപം കൊണ്ടിരിക്കും.
എന്നാൽ ഇന്ന് ഭൂപടത്തിൽ നിന്നു പോലും അപ്രത്യക്ഷമാകും വിധം ആർത്തിപൂണ്ട കൈകൾ ആഴത്തിൽ തുരക്കുകയാണീ മനോഹര തീരത്തെ.സൂര്യപ്രകാശത്തിൽ വജ്രശോഭയോടെ വെട്ടിത്തിളങ്ങുന്ന ഇവിടുത്തെ കരിമണ്ണ് ഇന്ന് നാടിന്റെ തന്നെ ശാപമായി മാറിക്കഴിഞ്ഞു.ആ തിളക്കത്തിൽ കൊതിപൂണ്ട് ആർത്തിയോടെ ഒരു വിഭാഗം ഇവിടെയെത്തി .ചവറ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച Indian rare Earth (IRE) .എന്ന പൊതുമേഖലാ സ്ഥാപനവും ,അതിനോട് അനുബന്ധിച്ചുള്ള Kerala Metals & Minarels (KM ML) ഉം. കരിമണലിൽ അടങ്ങിയിരിക്കുന്ന ഇൽമനൈറ്റ് മോണോസൈറ്റ് നിക്ഷേപം വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാനും അതുവഴി നാട്ടിൽ വികസന മുന്നേറ്റവും പ്രദേശവാസികൾക്ക് ജോലിയും എന്ന മോഹന വാഗ്ദാനവുമായി സാധാരണക്കാരന്റെ അറിവില്ലായ്മയിലേയ്ക്കും നിഷ്കളങ്കതയിലേയ്ക്കും അവർ പറന്നിറങ്ങി .വികസനം സ്വപ്നം കണ്ട് നാട്ടുകാർ പലരും സമ്മതം മൂളി.
ആദികാലങ്ങളിൽ തുച്ഛമായ തുകയ്ക്ക് ഓരോരുത്തരുടെയും പറമ്പിൽ നിന്നും കുറെശ്ശെ മണൽ കമ്പനി സ്വന്തമാക്കി .വലിയ ചരുവങ്ങളിൽ തൂമ്പാ കൊണ്ട് മണൽ വെട്ടി നിറച്ച് തല ചുമടായി ,കായൽ തീരത്ത് അടുപ്പിച്ചിരുന്ന ചെറുവള്ളങ്ങളിൽ നിറച്ച് ഊന്നി കൊണ്ടാണ് പൊയ്ക്കൊണ്ടിരുന്നത്. പിന്നീടത് ചെറുട്രോളികളായി. സമൃദ്ധമായ മണ്ണിലൂടെ ട്രോളി ഉരുട്ടാൻ പ്രയാസമായതിനാൽ ചെറിയ ഇരുമ്പ് പാളങ്ങൾ ഘടിപ്പിച്ച് അതിലൂടെ മണൽ നീക്കം തുടങ്ങി. പിന്നീട് വലിയ ട്രോളികളും ഉന്തുവണ്ടികളുമായി .ചെറിയ വള്ളത്തിന്റെ സ്ഥാനത്ത് വലിയ കേവ് വള്ളങ്ങൾ സ്ഥാനം പിടിച്ചു. മെഷീനുകളുടെ രംഗപ്രവേശത്തോടെ മണൽ നീക്കം വേഗത്തിലായി. കൂനകളായി ഉയർത്തപ്പെട്ട മണൽ വേഗത്തിൽ കറങ്ങുന്ന ട്രോളറുകൾ ഉപയോഗിച്ച് വള്ളങ്ങളിൽ നിറയ്ക്കാൻ തുടങ്ങി. പിന്നീട് കായലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ചു കൊണ്ട് ‘പണിക്കർ കടവ് ‘ എന്ന പാലം എത്തി. അതോടെ മണൽ കടത്തിന് ഇരട്ടി വേഗമായി. ആദ്യം ചെറുവാഹനങ്ങളിൽ തുടങ്ങി ഇപ്പോൾ വൻ ടിപ്പറുകൾ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തികൊണ്ട് ഒരു നാടിനെ മുഴുവൻ കോരിയെടുത്ത് പാഞ്ഞു പോകുകയാണ്. കമ്പനിയുടെ വിശ്വസ്തരായി നിന്നവരെ സെക്യൂരിറ്റി പണി മുതൽ ചെറു ചെറു ജോലികളിലേക്ക് നിയമിച്ചു തുടങ്ങി .ഇവരുടെ സഹായത്തോടെ ഓരോ പുരയിടങ്ങൾ തുച്ഛവിലയ്ക്ക് കമ്പനി സ്വന്തമാക്കി. യന്ത്രകൈകൾ മണ്ണിലേയ്ക്ക് ആഴ്ന്നിറങ്ങി അടിത്തട്ടു വരെ തോണ്ടിയെടുക്കുമ്പോൾ തൊട്ടടുത്ത വീട്ടുകാരും ഒഴിഞ്ഞു പോകാൻ നിർബന്ധിതരായി.

ala 2
മൺകൂനകളായി ഉയർന്നു നിന്നിരുന്ന ഈ പ്രദേശം ഇന്ന് ജലനിരപ്പിനും ഏറെ താഴെയെത്തി .ജനവാസമായ ഒരു നാടായിരുന്നു ഇതെന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം ഈ പ്രദേശം മുഴുവൻ ഇന്ന് കടലിനടിയിലായി. കരയിലെ മണല് പോരാതെ കടലിൽ നിന്നും അശാസ്ത്രീയമായ രീതിയിൽ മണലൂറ്റ് തുടങ്ങി. ” സീ വാഷ് ” എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ പെരും കൊള്ളയുടെ ഫലമായി ഇതിനോട് ചേർന്നു കിടക്കുന്ന, ‘ചെറിയഴീക്കൽ, ആലപ്പാട് ,കുഴിത്തുറ, പറകടവ് ,ശ്രായിക്കാട്, അഴീക്കൽ തുടങ്ങിയ ഗ്രാമങ്ങൾ പരിപൂർണ്ണമായും നാശത്തിന്റെ വക്കിലായി.
മൈലുകളോളം തീരവുംതിട്ടയും ഉണ്ടായിരുന്ന ഈ നാട് ഇന്ന് കടൽക്ഷോഭത്തിന്റെ പിടിയിലാണ് .കടൽ ഭിത്തി കെട്ടി സംരക്ഷിക്കാൻ ഒരു ശ്രമം നടന്നെങ്കിലും ഖനന ഭാഗത്തേയ്ക്ക് മണൽ ഒഴുകി മാറുന്നതിനാൽ പ്രകൃതിദുരന്തങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണീ നാട് .കിലോമീറ്ററുകൾ നടന്നാൽ മാത്രം കടൽ തീരത്ത് എത്തുമായിരുന്ന ,ഈ പ്രദേശത്തിന്റെ പല ഭാഗവും ശോഷിച്ച് കായലും കടലും തമ്മിലുള്ള ദൂരം 50 മീറ്റർ പോലും ഇല്ലാത്ത അവസ്ഥയായി.ഇതേരീതി തുടർന്നാൽ വരാനിരിക്കുന്നത് വലിയൊരു പ്രകൃതിദുരന്തം തന്നെയാണ്. കായലും കടലും ഒന്നായ് ചേർന്ന് ഒരു നാടിനെ വിഴുങ്ങും എന്നതിനപ്പുറം അതിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളും ദുരന്തത്തിന്റെ നേർക്കാഴ്ചകളാകും .
ചെറിയ ചെറിയ പ്രതിഷേധങ്ങൾ നാട്ടിൽ നിന്നും ഉയരാൻ തുടങ്ങിയതോടെ കള്ളത്തരത്തിന്റെ പുതിയ മുഖവുമായി കമ്പനിയെത്തി .ധാതുക്കൾ മാത്രം വേർതിരിച്ച് ബാക്കി മണൽ അവിടെ തന്നെ നിക്ഷേപിച്ച് പൂർവ്വസ്ഥിതിയിൽ ആക്കുമെന്ന് ……! പക്ഷെ എങ്ങനെ ?ആ പ്രദേശങ്ങൾ മുഴുവൻ ഇന്ന് തിരകൾ ഒടിയുന്ന കടലാണ്.ഒരാൾക്കു പോലും വസ്തുക്കൾ പൂർവ്വസ്ഥിതിയിൽ തിരിച്ചു കിട്ടിയതായി ഒരു രേഖകളുമില്ല .
ക്യാൻസർ എന്ന ഭീകരനെ കൂട്ടുപിടിച്ചായിരുന്നു മറ്റൊരു കളി .കരിമണൽ റേഡിയേഷൻ ഉണ്ടാക്കും എന്നും, അതിനാൽ നാടിനെ രക്ഷിക്കാനാണ് കമ്പനി (ശമിക്കുന്നതെന്നും.എത്ര മാത്രം യുക്തിരഹിതമാണിത്.അങ്ങിനെ ഒരവസ്ഥ ഉണ്ടായിരുന്നെങ്കിൽ നൂറ്റാണ്ടുകളായി ഇവിടെ ജനവാസം നിലനിൽക്കുമായിരുന്നൊ?പണ്ടേയ്ക്കു പണ്ടേ ക്യാൻസർ വന്ന് മനുഷ്യരാശി തന്നെ ഇല്ലാതാകേണ്ടതല്ലെ? മാത്രമല്ല കരിമണലുമായി നിരന്തര സമ്പർക്കത്തിൽ ജോലി ചെയ്യുന്ന l REജോലിക്കാരെല്ലാം ക്യാൻസർ രോഗികളായി മാറേണ്ടതല്ലെ ? ലോകത്ത് ക്യാൻസർ രോഗികളുടെ എണ്ണം എല്ലാ മേഖലയിലും വർദ്ധിച്ചുവരുന്നു. ക്യാൻസർ റിസർച്ച് സെന്ററുകൾ വരുന്നു.ഇതിനെല്ലാം കാരണം ആലപ്പാട് പഞ്ചായത്തിലെ കരിമണലാണോ ?

ala 3
പരിസ്ഥിതി ആഘാത പഠനങ്ങൾ നടക്കുന്നു AC മുറിക്കളിൽ .തട്ടിക്കൂട്ടി എഴുതുന്ന പഠന റിപ്പോർട്ടുകളുടെ മറവിൽ ഒരു വിഭാഗം തടിച്ചുകൊഴുക്കുകയാണിവിടെ. ഒരു ജനതയുടെ സ്വപ്നങ്ങൾക്കും കൂട്ടായ്മയ്ക്കും മുകളിലേയ്ക്ക് വീണ്ടും ഭിന്നിപ്പിക്കൽ വികസനം വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ് കമ്പനി- തൊട്ടടുത്ത ഗ്രാമങ്ങളെ ബ്ലോക്ക് കളായി തിരിച്ച് ഖനനത്തന് അവസരം നോക്കുകയാണിവർ. അതിനുള്ള ഗൂഢാലോചനകളും ഗൂഢതന്ത്രങ്ങളും നേരത്തേ തുടങ്ങി.
ഖനനത്തിനായ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്ന സ്ഥലങ്ങൾ അതീവ ജനനിബിഢം എന്നു മാത്രമല്ല ,വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ഗ്രന്ഥശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി ഫലഭൂയിഷ്ഠവും, ശ്രേഷ്ഠവുമായ ഒരു ഭൂപ്രദേശമാണ്.
കഴിഞ്ഞു പോയ ഒരു തലമുറയുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു തന്നെയാണ് IRE ഇത്രയും വളർന്നത്. എന്നാൽ ധിഷണാശാലികളായ ഒരു വരുംതലമുറയെ കുറിച്ച് ഇവർ ചിന്തിച്ചു കാണില്ല. പിറന്ന നാടിനെ പെറ്റമ്മയോളം സ്നേഹിക്കുന്ന യുവശക്തിയ്ക്കു മുന്നിൽ | RE ഒന്നു പതറിയ കാഴ്ചയാണ് ഏപ്രിൽ 20ന് കൊല്ലം കളക്ട്രേറ്റിൽ നടന്ന ജനഹിതപരിശോധന . ‘കാർത്തിക് ശശി’ എന്ന യുവ ശബ്ദത്തിലൂടെ ഉയർന്നു കേട്ടത് ആ നാട്ടിലെ മുഴുവൻ ജനതയുടെയും പ്രതികരണത്തിന്റെ മുഴക്കമാണ്. രാഷ്ട്രീയ ഭേദമില്ലാത്ത മുഴക്കം. ….കെ .സി .ശ്രീകുമാർ തുടങ്ങി വെച്ച “തീരസംരക്ഷണം “ഇന്ന് ഒരു മഹാ പ്രസ്ഥാനമായി വളരുകയാണ്. എന്ത് വില കൊടുത്തും പിറന്ന നാടിനെ സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച യോദ്ധാക്കളാണവർ .അജ്ഞതയുടെ താഴ്‌വാരങ്ങളെ ഉണർത്തി തിരിച്ചറിവിന്റെ ഗംഗാപ്രവാഹം കുത്തിയൊഴുകുകയാണിവിടെ .നാടിന്റെ മോചനത്തിനായുള്ള ഉയർത്തെഴുന്നേൽപ്പ് ….
കരിമണ്ണിന്റെ ചുട്ടുപൊള്ളുന്ന തിളക്കം പോലെ ജീവിതത്തെ പത്തരമാറ്റാക്കിയ ,തന്റേടമുള്ള യുവ തലമുറയുടെ ആത്മവീര്യത്തിനു മുന്നിൽ ,ഓരോ പിടി മണ്ണും വിറ്റ് കാശാക്കുന്ന ലാഭക്കൊതിയന്മാർ അടിതെറ്റി വീഴുക തന്നെ ചെയ്യും .

Comments
Print Friendly, PDF & Email

You may also like