പൂമുഖം ചുവരെഴുത്തുകൾ സംരക്ഷിക്കേണ്ടവർ പീഡകരാകുമ്പോൾ …

സംരക്ഷിക്കേണ്ടവർ പീഡകരാകുമ്പോൾ …

ടിയന്തരാവസ്ഥ കാലം, കെ കരുണാകരൻ ആഭ്യന്തര വകുപ്പ് മന്ത്രി, സി അച്യുതമേനോൻ മുഖ്യമന്ത്രി. 1976 മാർച്ച് ഒന്നാം തീയതി കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയായ രാജൻ സുഹൃത്ത് ജോസഫ് ചാലിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. നക്സൽ ബന്ധമുണ്ടെന്ന പേരിൽ ജോസഫ് ചാലി ഒൻപത് മാസം ജയിൽ ശിക്ഷ അനുഭവിച്ചു.

രാജനെ കുറിച്ചുള്ള ഒരു വിവരവും പുറത്തു വന്നില്ല. രാജന്റെ അമ്മയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. മകനെ കണ്ടെത്താൻ ടി വി ഈച്ചരവാര്യർ ആവുന്നതെല്ലാം ചെയ്തു. പോലീസ് വകുപ്പിൽ അദ്ദേഹം കയറിയിറങ്ങാത്ത വാതിലുകളിഇല്ല. ആഭ്യന്തര സെക്രട്ടറിയെ പലതവണ കണ്ട് പരാതി ബോധിപ്പിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനെയും കണ്ടു.

ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ സമർപ്പിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് പലരും പല ജയിലുകളിലും അറസ്റ്റിലായിട്ടുണ്ട് എന്ന വിവരം അറിയാവുന്നതിനാൽ സെൻട്രൽ ജയിലുകളിലും പോലീസ് ക്യാമ്പുകളിലും കയറിയിറങ്ങി.

മുഖ്യമന്ത്രി സി അച്യുതമേനോനെ കണ്ട് പരാതി ബോധിപ്പിച്ചപ്പോൾ, അദ്ദേഹം തന്റെ നിസ്സഹായത പ്രകടിപ്പിക്കുകയും ആഭ്യന്തരമന്ത്രി കെ കരുണാകരന് മാത്രമേ കൂടുതൽ വിവരങ്ങൾ അറിയൂ എന്നും പറഞ്ഞ് കൈയ്യൊഴിയുകയും ചെയ്തു.

ഈച്ചരവാര്യർ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. അങ്ങനെയാണ് രാജൻ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടു എന്നുള്ള വിവരം പുറംലോകമറിയുന്നത്. പോലീസ് രാജനെ ഉരുട്ടി കൊലപ്പെടുത്തിയിരുന്നു. മൃതദേഹം പോലും തിരിച്ചുകിട്ടിയില്ല. കോടതിയുടെ പരാമർശത്തെത്തുടർന്ന് 1978 കെ കരുണാകരൻ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ചു. ഡിഐജി ജയറാം പടിക്കലിനെ ശിക്ഷിച്ചെങ്കിലും അപ്പീലിൽ വെറുതെ വിടുകയാണുണ്ടായത്.

നക്സൽ ആക്രമണങ്ങൾക്കെതിരെ അന്ന് ശക്തമായ നടപടികളായിരുന്നു സ്വീകരിച്ചുകൊണ്ടിരുന്നത്. എന്നാൽ വിരോധമുള്ള വരെയൊക്കെ നക്സൽ ആയി ചിത്രീകരിച്ച് പ്രതികാരം തീർക്കുന്ന കലാപരിപാടിയും നടന്നുവന്നിരുന്നു.

കേരള ചരിത്രത്തിൽ നിരവധി കസ്റ്റഡിമരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്ത്, പോലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് തെളിഞ്ഞ ആദ്യത്തെ കേസ് രാജന്റെ കസ്റ്റഡി മരണമാണ്.

അതിനുശേഷവും നിരവധി ദാരുണ സംഭവങ്ങൾ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും തെളിവില്ലാത്തതിനാൽ, അല്ലെങ്കിൽ തെളിവുകൾ നശിക്കപ്പെട്ടതിനാൽ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് മാത്രം.

ഇന്നിപ്പോൾ സിബിഐ കോടതിയിൽ ഉദയകുമാർ കസ്റ്റഡി മരണം വിചാരണ ആരംഭിക്കുകയാണ്. 2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഉദയകുമാര്‍ മരണപ്പെടുന്നത്.

ഈയടുത്ത് വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയിൽ മരണപ്പെട്ടിരുന്നു. വീട്ടിൽ ഉറങ്ങുകയായിരുന്ന ശ്രീജിത്തിനെ ആളുമാറി അറസ്റ്റ് ചെയ്തു എന്നാണ് പത്രവാർത്തകളിൽ. ആന്തരാവയവങ്ങൾക്കടക്കം ബാധിച്ച ഗുരുതരമായ പരിക്കുകൾ മൂലം മരണപ്പെട്ടതാണ് എന്നാണ് റിപ്പോർട്ടുകൾ.

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷകരാകേണ്ട, അവരുടെ സഹായികൾ ആകേണ്ടവരാണ് പൊലീസ് ഉദ്യോഗസ്ഥർ. അവിടെയുണ്ടാകുന്ന ക്രൂരപീഡനങ്ങൾ സ്റ്റേറ്റിന് തന്നെ നാണക്കേടാണ്.

പോലീസ് ഉദ്യോഗസ്ഥരുടെ സാധാരണക്കാരോടുള്ള പെരുമാറ്റവും പലപ്പോഴും വിമർശന വിധേയമായിട്ടുള്ളതാണ്. വിനായകന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ നടന്നിട്ട് അധികകാലമായിട്ടില്ല.

ശാസ്ത്രീയ അന്വേഷണ രീതികൾക്ക് പകരം കായബലവും ഭീഷണിയും ഉപയോഗിക്കുന്നതിന്റെ ഇരകളായി മാറുന്നവരുടെ എണ്ണം കുറവല്ല. ഇവിടെ ബോധപൂർവമായുള്ള തിരിച്ചറിവ് പോലീസ് വിഭാഗത്തിനുള്ളിലും പൊതുസമൂഹത്തിലും ഉണ്ടാവേണ്ടത് ആവശ്യമാണ്. ഒരു ഫോഴ്സ് എന്ന രീതിയിൽ ജനങ്ങളിൽ ഭയമുളവാക്കുന്നതിനുപകരം ഏതവസ്ഥയിലും സഹായം ലഭിക്കാവുന്ന, സഹായം ചോദിക്കാവുന്ന സൗഹൃദാവസ്ഥയിലേക്ക് വളരേണ്ടത് അത്യാവശ്യമാണ്.

ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും അന്വേഷണങ്ങൾ ശാസ്ത്രീയമായ ഉപകരണങ്ങളുടെ സഹായത്തോടെ, ചോദ്യം ചെയ്യലിലും മൊഴിയെടുക്കലിലും ഒക്കെ ശാസ്ത്രീയമായ നൂതന രീതികൾ അവലംബിച്ചുകൊണ്ടാണ്. കുറ്റവാളി ആയാലും അല്ലെങ്കിലും പൗരനോട് മോശമായ രീതിയിൽ പെരുമാറിയാൽ ശക്തമായ ശിക്ഷാനടപടികൾ ഒട്ടുമിക്ക രാജ്യങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കും അനുഭവിക്കേണ്ടിവരും. ആ ഒരു അവസ്ഥയിലേക്ക് നമ്മുടെ നാടും സഞ്ചരിക്കേണ്ടതുണ്ട്.

ലോക്കപ്പ് അല്ലെങ്കിൽ പോലീസ് സ്റ്റേഷൻ മനുഷ്യാവകാശലംഘനങ്ങൾക്കുള്ള സ്ഥലമല്ല. പൗരന്റെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളാണ് പോലീസ് സ്റ്റേഷനുകൾ എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്, പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമല്ല സമൂഹത്തിനും. മനുഷ്യാവകാശങ്ങൾ ഡിമാന്റ് ചെയ്യാൻ സാധിക്കുന്ന അവസ്ഥയിലേക്ക് സമൂഹം വളരേണ്ടതുണ്ട്. പോലീസ് സ്റ്റേഷനിൽ ഭയക്കാൻ ഒന്നുമില്ലെന്നും, നിയമപരമായ സഹായം ലഭിക്കുന്ന സ്ഥലങ്ങൾ ആണ് എന്നും, ബോധ്യപ്പെടുകയും ഈ ബോധ്യത്തിൽ ഉറച്ച് സമൂഹം ഇടപെടലുകൾ നടത്തുകയും ചെയ്യണം.

ഇന്ത്യയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റു പല സംസ്ഥാനങ്ങളിലും മൂടിവെക്കപ്പെടുമായിരുന്ന പല നിയമവിരുദ്ധ പ്രവർത്തനങ്ങളും കേരളത്തിൽ പരാതികൾ ആയി ഉയരുന്നുണ്ട്. വളരെ പോസിറ്റീവായ ഒരു നേട്ടമാണിത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി, കേരളത്തിലെ പോലീസിനോട് ഉള്ള ജനങ്ങളുടെ വിശ്വാസം കൂടിയാണ് അത്. ആ വിശ്വാസം ഏറ്റവും മികച്ച പെരുമാറ്റത്തിലൂടെ കാത്തുസൂക്ഷിക്കപ്പെടണം.

ധാരാളം പിരിമുറുക്കങ്ങളും ക്ലേശങ്ങളും ഉള്ള ജോലിയാണ് പോലീസ് ഉദ്യോഗസ്ഥരുടേത് എന്ന് മറക്കുന്നില്ല. പലപ്പോഴും മറ്റ് വിഭാഗങ്ങളിലേത് പോലുള്ള പ്രതികരണങ്ങൾ നടത്താനും സാധിക്കില്ല. “അച്ചടക്കം” എന്ന ഒരു കാരണത്താൽ അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും സമൂഹം അറിയുന്നുമില്ല. വർദ്ധിച്ച ജോലിഭാരവും ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരുടെ കുറവുമൊക്കെ അനുഭവിക്കുന്ന ഒരു മേഖലയാണ് എന്നാണ് ധാരണ. ഇത്തരം കാര്യങ്ങളിൽ സമൂഹവും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

ധാർമികതയിലൂന്നി കൃത്യമായി ജോലി ചെയ്യുന്ന നിരവധിപേരുണ്ട്. പക്ഷേ സാമാന്യവൽക്കരണങ്ങളിലൂടെ ഏവരും പലപ്പോഴും മോശക്കാരായി ചിത്രീകരിക്കപ്പെടാറുമുണ്ട്. അത്തരം സാമാന്യവൽക്കരണങ്ങളോട് യോജിക്കാതെ തന്നെ പറയട്ടെ, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ശക്തമായ ശിക്ഷ തന്നെ ലഭിക്കണം. അതിന്റെ മറുവശം എന്ന രീതിയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർ ബഹുമാനിക്കപ്പെടുകയും വേണം.

സമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ നിലപാടെടുക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.

Comments
Print Friendly, PDF & Email

You may also like