പൂമുഖം LITERATUREലേഖനം വീട്ടിലെ പൂച്ച

വീട്ടിലെ പൂച്ച

്രകൃതിയെസ്നേഹിക്കാൻ മലയാളിയെ പഠിപ്പിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്നു പ്രൊഫ. ജോൺ സി ജേക്കബ്. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബി(1972) ന്റെ സ്ഥാപകൻ. ഏകദേശം രണ്ടു പതിറ്റാണ്ട് മുൻപ്, പരിസ്ഥിതി സംരക്ഷണ പ്രവർത്തനം ആവേശമായിവന്ന കാലം,തൊണ്ണൂറുകളുടെ പകുതിയിലാണെന്നാണ് ഓർമ്മ. കണ്ണൂരിലെ കീഴാറ്റൂരിനടുത്ത പട്ടുവം ഗ്രാമത്തിൽ നടന്ന പരിസ്ഥിതി ക്ലാസ്സിൽ ജോൺസി മാഷ് പറഞ്ഞ ഒരു കഥ ഉണ്ടായിരുന്നു, ഗണപതിയുടെയും പൂച്ചയുടെയും കഥ.

ഗണപതിയുടെ ബാല്യകാലത്ത് അവരുടെ വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു. കുട്ടിയായ ഗണപതി അതുമായി കളിക്കാൻ തുടങ്ങി. ഒരു ദിവസം കളി മൂത്തപ്പോൾ ഗണപതി പൂച്ചയെ വേദനിപ്പിക്കുകയും ചളിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു.അപ്പോഴാണ് അമ്മ പാർവതി അവനെ മുലയൂട്ടാൻ വിളിക്കുന്നത്. ഗണപതി ഓടി അമ്മയുടെ അടുത്തെത്തി. പാർവതിയുടെ ദേഹം മുഴുവൻ മുറിഞ്ഞിരിക്കുന്നു. ശരീരത്തിൽ ആകെ ചെളി പുരണ്ടിരിക്കുന്നു. ഗണപതിക്ക് സങ്കടമായി.

അവൻ ചോദിച്ചു; അമ്മയ്ക്ക് എന്തുപറ്റി എന്ന്? പാർവ്വതി പറഞ്ഞു; മോനെ നീ വരുത്തിവച്ചതാണിത് . ആ പൂച്ചയെ ദ്രോഹിച്ചത് മുഴുവൻ നീ എന്നെ ദ്രോഹിക്കുകയായിരുന്നു. ഗണപതിക്ക് കാര്യം മനസ്സിലായി. “വീട്ടിലെ പൂച്ച ” അമ്മയായിരുന്നുവെന്ന്.അന്നുമുതൽ സർവ ജീവികളേയും സ്വന്തം അമ്മയായി കാണാനും അവയെ സ്നേഹിക്കാനും ബഹുമാനിക്കാനും ഗണപതിക്ക് കഴിഞ്ഞു. അങ്ങനെയാണ് ഗണപതി സർവ്വ ജീവികളുടെയും സംരക്ഷകനായി മാറിയതെന്നാണ് കഥയുടെ ചുരുക്കം.

സൈലന്റ് വാലി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരോട് സിംഹവാലൻ കുരങ്ങിനു വേണ്ടിയുള്ള സമരം എന്നു പറഞ്ഞ് പരിഹസിച്ചവർ ഉണ്ടായിരുന്നു. അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത എഐവൈഎഫുകാരെ ചൂണ്ടി വികസന വിരുദ്ധർ എന്ന് ആക്രോശിച്ചവർ ഉണ്ടായിരുന്നു.
ഇപ്പോൾ വയൽകിളികളെ കഴുകന്മാർ എന്നും എരണ്ടകൾ എന്നും സമരത്തിന് പിന്തുണ കൊടുക്കുന്നവരെ പൂച്ചകൾളെന്നും ചെന്നായ്ക്കളെന്നും വിളിക്കുന്നവർ മറന്നുപോകുന്നത് സർവ്വചരാചരങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് എന്ന പ്രാഥമികമായ പാഠമാണ്.

സൂക്ഷ്മജീവികളും
എരണ്ടകളും കഴുകന്മാരും കിളികളും സിംഹവാലൻ കുരങ്ങുകളും പൂച്ചകളും പൂമ്പാറ്റകളും ചെന്നായ്ക്കളും മനുഷ്യന്മാരും പുല്ലും ചെടികളും മരങ്ങളും എല്ലാം ചേർന്നതാണ് ഭൂമിയിലെ ആവാസവ്യവസ്ഥ.

കവി ചോദിച്ചതുപോലെ ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാകണമെങ്കിൽ അവശേഷിക്കുന്ന പച്ചപ്പും കുടിവെള്ള സ്രോതസ്സുകളും സംരക്ഷിച്ചേ തീരൂ. അല്ലാതെ വൃത്തിയാക്കിയ കുളങ്ങളുടെയും വെട്ടിയുണ്ടാക്കിയ മഴക്കുഴികളുടെയും കണക്ക് പറഞ്ഞിട്ട് അതേ ശ്വാസത്തിൽ തന്നെ ഹെക്ടർ കണക്കിന് നെൽവയലുകൾ കുന്നിടിച്ച് മണ്ണിട്ട് മൂടുന്നതിനെ ന്യായീകരിക്കുകയല്ല ചെയ്യേണ്ടത്.

നൂറ് തെരുവുകുട്ടികളുടെ ജീവൻ രക്ഷിച്ച അനാഥാലയ നടത്തിപ്പുകാരന് അതിന്റെ പേരിൽ ഒരു കുഞ്ഞിന്റെപോലും ജീവനെടുക്കാൻ അവകാശമില്ലെന്ന് മാത്രമാണ് അത്തരക്കാരെ ഓർമിപ്പിക്കാൻ ഉള്ളത്

Comments
Print Friendly, PDF & Email

You may also like