കവിത

ഹൃദയം തരും മുമ്പേ… 

ീ ആവശ്യപ്പെട്ടത്

എന്റെ ഹൃദയമാണ്

അറിയുക,

പാഠപുസ്തകത്തിൽ കണ്ട

ഹൃദയം ഏറെ ഭിന്നമാണ്

ഞാൻ പറയാം,

ഒരേയൊരു നിബന്ധനയോടെ,

നീ ചിരിക്കാതിരിക്കണം

ഞാൻ കരയാതിരിക്കാം .

എന്റെ ഹൃദയത്തിൽ

കാണുന്ന രക്തം

പകുതിയും അശുദ്ധമാണ്

അതായത്

നാലിൽ രണ്ട് അറകളിലും .

ഹൃദയം വമിച്ച ശുദ്ധരക്തം

ധമനിയിലൂടെ സഞ്ചരിച്ചത്

എന്റെ ആലസ്യത്തിലേക്കാണ്;

ആലസ്യം സമ്മാനിച്ച

പരാജയങ്ങളിലേക്കാണ് .

പിന്നെയാ രക്തം ഒഴുകിയത്

ബലിക്കല്ലിലേക്ക്

ഇവിടെയാണ്

ബന്ധങ്ങളും സൗഹൃദങ്ങളും

ബലികഴിക്കപ്പെട്ടത്

എന്നെ സ്നേഹിച്ച ജന്മങ്ങൾ

അപമാനിതരായത്

അപ്പോഴേക്കും

ഒഴുക്കിന്റെ വേഗത കുറഞ്ഞു;

ധമനികളിൽനിന്നും മാറി

ഞരമ്പുകളിലേക്ക് .

പക രക്തത്തിൽ അലിഞ്ഞത്

ഞരമ്പുകളിൽ വച്ചായിരുന്നു

മറ്റുള്ളവരുടെ വിജയങ്ങളിൽ

അസൂയയുടെ വിത്ത് വീണു

അവ മുളച്ചു മരമായി, പകയായി

സൂക്ഷിച്ചു നോക്കുക,

എന്റെ ഞരമ്പിൻ്റെ നിറം

നീലയല്ല, കടും ചുവപ്പാണ് .

ചിന്തകളിൽ

സ്വാർത്ഥതയുടെ വിഷം

ചേരുമ്പോൾ,

ഭാവങ്ങൾ അഹംഭാവത്താൽ

സങ്കുചിതമാകുമ്പോൾ

ഞരമ്പുകൾ ചുവക്കുന്നു

ഹൃദയം അശുദ്ധമാകുന്നു

ബാക്കി രണ്ടു അറയിലും

ശുദ്ധരക്തമെങ്കിലും

നീ കൂടുതൽ കരുതണം

ആർക്കും പണയം വയ്ക്കാത്ത

ഒരു തൂലിക അവിടെയുണ്ട്

വിമർശനങ്ങളാൽ ലോകത്തെ

വെറുപ്പിച്ചും വേദനിപ്പിച്ചും

വാക്കുകളുടെ കൂരമ്പിനാൽ

മുഖം നോക്കാതാക്രമിച്ചും

ഏറ്റവും അപകടകാരിയായ ഒന്ന്

ചിന്തിക്കുക;

നിനക്കെന്തിനാണ് മുള്ളുകൾ മാത്രം സമ്മാനിക്കുന്ന,

കൊളസ്‌ട്രോൾ അടിഞ്ഞ്

പാതി വഴിയും അടഞ്ഞ

എന്റെ ഹൃദയം ?.

Print Friendly, PDF & Email