പൂമുഖം LITERATUREകഥ കൃഷ്ണോന്‍റെ വിലയിരുത്തലുകള്‍

കൃഷ്ണോന്‍റെ വിലയിരുത്തലുകള്‍

െയില്‍വെ സ്റ്റേഷനും ഓവര്‍ ബ്രിഡ്ജിനും ഇടയില്‍ ആള്‍ക്കാരും വാഹനങ്ങളും തിരക്കിട്ട് പായുന്ന ‘മുക്കുട്ട’യുടെ മറുവശം, പെട്ടിക്കടകള്‍ നിരന്ന പാതയോരം ചേര്‍ന്ന്, എല്ലാറ്റിലും കണ്ണയച്ച്, കൃഷ്ണോന്‍ നിന്നു. ഉച്ചത്തെ ചൂടിന്‍റെ ബാക്കി അന്തരീക്ഷത്തില്‍ ഒഴിഞ്ഞു പോയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും കടകളില്‍ നിന്നും റോഡില്‍ നിറയുന്ന ആള്‍ക്കാരുടെ മുഖങ്ങളില്‍ ആ ചൂട് തളര്‍ച്ചയായി പടര്‍ന്നു. കാത്തു നില്‍ക്കാന്‍ സമയമില്ലാതെ എല്ലാവരും ഓടുന്നത് എവിടെയെങ്കിലുമൊന്നിരിക്കാന്‍- ഒന്ന് തല ചായ്ക്കാന്‍ ബദ്ധപ്പെട്ടാണ്.
ഓഫീസ് വിട്ട് മരുമകന്‍ ഈ വഴിയാണ് വരുക. അതിനിനിയും അര-മുക്കാല്‍ മണിക്കൂറാകും.
ഇവിടെ വരെയേ വരാന്‍ അനുവാദമുള്ളു- ഇവിടെ വരെയേ ഒറ്റയ്ക്ക് വരാന്‍ ധൈര്യവുമുള്ളു.
ഈ പരക്കംപാച്ചിലില്‍ നിന്നുപിഴയ്ക്കാന്‍, പച്ചച്ചാണകത്തില്‍ തീപ്പിടിച്ച പ്രകൃതവും വെച്ച്, ശിവശങ്കരന് പറ്റുന്നത് സര്‍ക്കാര്‍ ജോലിയായത് കൊണ്ടുമാത്രം!
മകളുടെ ഭാഗ്യം—

‘അപ്പൂപ്പന്‍ ഒന്നങ്ങോട്ട്‌ മാറി നില്‍ക്കാമോ?’

പത്തുവയസ്സ് തോന്നിക്കുന്ന ചെറുക്കന്‍റെ കൈയില്‍ മടക്കിപ്പിടിച്ച ഒരു ജമുക്കാളം.
തൊട്ടടുത്ത് നിറഞ്ഞ രണ്ടു ചാക്കുകള്‍.

‘ആവാലോ!’ – കൃഷ്ണോന്‍ അടുത്ത കടയുടെ വശത്തേയ്ക്ക് മാറി.

ജമുക്കാളം വിരിച്ച്, ചെറുക്കന്‍ ചാക്കിലെ ജംഗമങ്ങള്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ തരംതിരിച്ചു നിരത്തി.
കളിപ്പാട്ടങ്ങള്‍, തൂവാലകള്‍, പ്ലാസ്റ്റിക് കൂടകള്‍, ബാഗുകള്‍, പെട്ടികള്‍ ….
കുട്ടികളും സ്ത്രീകളും ഒന്നും രണ്ടുമായി ചുറ്റും നില്‍പ്പുറപ്പിച്ചു.
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞും വിലപേശിയും കിഴിവുകള്‍ നല്‍കിയും കഥ പറഞ്ഞും കച്ചവടം ചെറുക്കന്‍ ചൂട് പിടിപ്പിച്ചു.
കൃഷണോന്‍ കൌതുകത്തോടെ കാഴ്ചക്കാരനായി…….

അന്തരീക്ഷത്തില്‍, പെട്ടെന്ന്‍, എവിടെനിന്നെന്നില്ലാതെ ഒരു ഒച്ചപ്പാടും ബഹളവും വന്നുനിറഞ്ഞു..
മരത്തണലുകളില്‍ ഇരുന്ന് വ്യാപാരം നടത്തിയിരുന്ന നാട്ടുകൂട്ടത്തെ, വാനില്‍ നിന്നിറങ്ങി ഓടിയെത്തിയ, പോലീസുകാര്‍ വളഞ്ഞു. വില്‍പ്പനസാധനങ്ങളും കച്ചവടക്കാരും പോലീസ് അകമ്പടിയോടെ വാനിലേയ്ക്ക് ആനയിക്കപ്പെട്ടു.
തിരക്കുള്ള ഒരു ചന്ത കണ്മുന്നില്‍ ഇല്ലാതായതു പോലെ !

എല്ലാം കഴിഞ്ഞപ്പോള്‍, കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പോലീസ് ഇന്‍സ്പെക്റ്റര്‍‍‍, തൊപ്പിയൂരി കൈയില്‍ പിടിച്ച്, മറ്റേ കൈയിലൊരു വടിയുമായി രംഗ നിരീക്ഷണം നടത്താന്‍ വന്നു.
കൃഷ്ണോന്‍ ശ്രദ്ധിച്ചു:
ചെറുപ്പം-ഒത്ത ശരീരം-പൊക്കം- കട്ടിക്കറുപ്പ് മീശ-

‘ഒരിരുപത്തഞ്ചു വയസ്സ് വര്വോ..?’ –

മുഖത്ത് ചിരിയുടെ അംശമില്ലാതെ, ചുറ്റും കൂടിനിന്നവരോട്‌ കനത്ത ശബ്ദത്തില്‍ പറഞ്ഞു:

‘കൂടിനില്‍ക്കാതെ എല്ലാവരും സ്ഥലം വിട്ടാട്ടെ! ‘

ചുറ്റും തിരക്കൊഴിയുന്നത് നോക്കി, വാനില്‍ കയറി, ചെറുപ്പക്കാരന്‍ സ്ഥലം വിട്ടപ്പോള്‍ കൃഷ്ണോന്‍ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചു:

‘മിടുക്ക!’

വളവു തിരിഞ്ഞ് പോലീസ് വാന്‍ പോയിക്കഴിഞ്ഞപ്പോള്‍, അന്തരീക്ഷത്തിന് ശ്വാസം വീണു. മാറിനിന്നവര്‍ ഓരോരുത്തരായി തിരിച്ചുവന്നു. പൂരം കഴിഞ്ഞ പൂരപ്പറമ്പില്‍ കഥയുടെ ബാക്കിക്കായി കാത്തു.
ആള്‍ക്കാര്‍ക്ക് അസൌകര്യമുണ്ടാകരുതെന്ന് കരുതി, കൃഷ്ണോന്‍ നിന്നിരുന്നയിടത്തു നിന്ന്‍ വീണ്ടും മാറിനിന്നു.

‘അപ്പൂപ്പാ….ഒന്നങ്ങോട്ട് മാറി നിന്നാല്‍….!’

കൃഷ്ണോന്‍ ഞെട്ടി-
മുന്നില്‍ നിന്ന്‍ ചിരിക്കുന്ന മുഖം കണ്ട്, ഒന്നുകൂടി ഞെട്ടി:

അതേ ചെറുക്കന്‍– ജമുക്കാളം– ചാക്കുകള്‍…
നിവര്‍ത്തി വിരിച്ച ജമുക്കാളത്തില്‍ വീണ്ടും സാധനങ്ങള്‍ നിരന്നു–
കളിപ്പാട്ടങ്ങള്‍, തൂവാലകള്‍, പ്ലാസ്റ്റിക് കൂടകള്‍, ബാഗുകള്‍, പെട്ടികള്‍ ….
ചുറ്റും, വീണ്ടും, സ്ത്രീകളും കുട്ടികളും —
വിളിച്ചു പറയലുകള്‍…വിലപേശലുകള്‍…കിഴിവുകള്‍…കഥകള്‍….
കൃഷ്ണോന്‍റെ മനസ്സ് വീണ്ടും നിറഞ്ഞു:

‘മിടുമിടുക്ക!!’

Comments
Print Friendly, PDF & Email

You may also like