പൂമുഖം LITERATUREലോകകഥ ശുഭാന്ത്യങ്ങളെക്കുറിച്ച് ഒരു പണ്ഡിതന്‍റെ സങ്കല്പം – ഗിയാന്നി ചെലാത്തി

ശുഭാന്ത്യങ്ങളെക്കുറിച്ച് ഒരു പണ്ഡിതന്‍റെ സങ്കല്പം – ഗിയാന്നി ചെലാത്തി

 

രു കെമിസ്റ്റിന്‍റെ മകൻ വിദേശത്തു പഠിക്കുകയായിരുന്നു. അച്ഛന്‍റെ മരണശേഷം അയാൾ നാട്ടിൽ മടങ്ങിയെത്തി ഡിസ്പെൻസറിയുടെ ചുമതല ഏറ്റെടുത്തു; അങ്ങനെ അയാൾ മാന്‍റുവാ പ്രവിശ്യയിലെ വിയാഡാനയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ കെമിസ്റ്റ് ആയി.

അയാളുടെ പഠിപ്പിനെക്കുറിച്ച് നാടു മുഴുവൻ ശ്രുതി പരന്നിരുന്നു; അയാളുടെ കൂറ്റൻ പുസ്തകശേഖരത്തെക്കുറിച്ചും ചെവിവേദനയ്ക്ക് അതിഫലപ്രദമായ അയാളുടെ മരുന്നിനെക്കുറിച്ചും പാടം നനയ്ക്കുന്നതിന്‌ അയാൾ ഉപയോഗിച്ചിരുന്ന അത്യന്താധുനികമായ രീതിയെക്കുറിച്ചും പന്ത്രണ്ടു ഭാഷകളിലുള്ള പ്രാവീണ്യത്തെക്കുറിച്ചും ആളുകൾ പറഞ്ഞുനടന്നു; അയാളിപ്പോൾ ഡിവൈൻ കോമഡി ജർമ്മനിലേക്കു വിവർത്തനം ചെയ്യുകയാണെന്ന സംസാരം വേറെയും.

പ്രദേശത്തെ ഒരു ചീസ് ഫാക്ടറിയുടെ മുതലാളി അപ്പോഴേക്കും മദ്ധ്യവയസ്സെത്തിക്കഴിഞ്ഞ പണ്ഡിതന്‌ ഒരു സ്റ്റൈപ്പന്‍റ് നല്കാൻ തീരുമാനിച്ചു; പകരം അയാൾ മുതലാളിയുടെ മകളെ ഹൈസ്കൂൾ സ്കൂൾ പഠനത്തിൽ സഹായിക്കണം. സ്പോർട്ട്സിൽ കൂടുതൽ താല്പര്യക്കാരിയായിരുന്ന പെൺകുട്ടി പഠിപ്പിൽ ഉഴപ്പായിരുന്നു; പുസ്തകങ്ങളും ലാറ്റിനും ഒന്നാന്തരം ഇറ്റാലിയൻ ഗദ്യവും അവൾക്കു വെറുപ്പുമായിരുന്നു. കെമിസ്റ്റ് ആ ഉദ്യമം ഏറ്റെടുത്തു- സാമ്പത്തികലാഭം കണ്ടിട്ടല്ല, പഠിത്തത്തിനോടുള്ള സ്നേഹം കൊണ്ട്; ആ വേനല്ക്കാലത്ത് എല്ലാ ദിവസവും അയാൾ ആ സ്പോർട്ട്സ്കാരി പെൺകുട്ടിക്ക് ക്ലാസ്സെടുക്കാൻ പോയി.

അങ്ങനെയിരിക്കെ സംഭവിച്ചതെന്തെന്നാൽ ആ പെൺകുട്ടിക്ക് അയാളോടു പ്രേമമായി; അവൾ സ്പോർട്ട്സൊക്കെ വിട്ടിട്ട് കവിതകളും ലാറ്റിൻ പദ്യവും, പിന്നെ പറയേണ്ടല്ലോ, നീണ്ട കത്തുകളും എഴുതാൻ തുടങ്ങി എന്നു പറഞ്ഞാൽ അതെത്രത്തോളമെത്തി എന്നൂഹിക്കാം.

രണ്ടു പേരും ചേർന്നുള്ള ദീർഘയാത്രകളെക്കുറിച്ചും അതിനു വേണ്ടി കെമിസ്റ്റ് വാങ്ങിയ കാറിനെക്കുറിച്ചും ഒരു കളപ്പുരയിലെ അവരുടെ നിശാസംഗമങ്ങളെക്കുറിച്ചുപോലും ചിലർ ഇപ്പോഴും പറയാറുണ്ട്.

അതെന്തായാലും വേനലറുതിയിലെ അവരുടെ ആ ഇടപാടിന്‍റെ തെളിവുകൾ പുറത്തു വരുന്നത് അടുത്ത മഞ്ഞുകാലത്ത് പെൺകുട്ടി പഠിച്ചിരുന്ന കോൺവെന്‍റിലെ കന്യാസ്ത്രീകൾ ഒരു കെട്ടു കത്തുകൾ പിടിച്ചെടുക്കുമ്പോഴാണ്‌; അവർ അത് നേരേ അവളുടെ അച്ഛനമ്മമാർക്കു കാണിച്ചുകൊടുത്തു. കത്തുകളുടെ ഉള്ളടക്കം ചീസ് ഫാക്ടറി മുതലാളിയുടെ കണ്ണുകൾക്കു തീരെ ദഹിക്കുന്നതായിരുന്നില്ല. അയാൾ കെമിസ്റ്റിനെ തകർക്കാനും അയാളെ നാട്ടിൽ നിന്നോടിക്കാനും തീരുമാനിച്ചു.

അക്കാലത്ത് ഫാസിസ്റ്റുകളായിരുന്ന പെൺകുട്ടിയുടെ സഹോദരന്മാർ കവലയിലെ അയാളുടെ ഡിസ്പെൻസറി പലതവണ അടിച്ചുതകർക്കുകയും ഒരിക്കൽ അയാളെ കാര്യമായി ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.

ഇതൊന്നും പക്ഷേ, കെമിസ്റ്റിനെ വല്ലാതെ വേവലാതിപ്പെടുത്തിയതായി കണ്ടില്ല. കുറച്ചു നാളത്തേക്കു കൂടി അയാൾ തന്‍റെ തകർന്ന ഫാർമസിയിൽ, പൊട്ടിയ ജനാലച്ചില്ലുകൾക്കും വെട്ടിപ്പൊളിച്ച അലമാരകൾക്കും അടിച്ചുടച്ച ഭരണികൾക്കും നടുവിലിരുന്ന് രോഗികളെ കണ്ടിരുന്നു. പിന്നെ പെട്ടെന്നൊരു ദിവസം അയാൾ കടയടച്ച് തന്‍റെ പുസ്തകങ്ങൾക്കിടയിലേക്കു പിൻവാങ്ങി; അയാളെ പിന്നെ വളരെ അപൂർവ്വമായേ പുറത്തേക്കു കണ്ടിട്ടുള്ളു.

അയാൾ പഠനത്തിൽ ആണ്ടുമുഴുകിയിരിക്കുകയാണെന്ന് നാട്ടുകാർക്കെല്ലാം അറിയാമായിരുന്നു; വല്ലപ്പോഴുമൊക്കെ മുഖത്തൊരു പുഞ്ചിരിയുമായി അയാൾ കവല കടന്ന് പോസ്റ്റോഫീസിലേക്കു പോകുന്നത് അവർ കണ്ടിരുന്നു; പോസ്റ്റിൽ വരുന്ന പുതിയ പുസ്തകങ്ങൾ വാങ്ങാൻ പോവുകയാണ്‌.

കുറച്ചു കാലം കഴിഞ്ഞ് അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നെ ഒരു സാനിറ്റോറിയത്തിലേക്കു മാറ്റുകയും ചെയ്തു. കുറച്ചു കൊല്ലം അയാൾ സാനിറ്റോറിയത്തിൽ തന്നെയായിരുന്നു; അതിനു ശേഷം അയാളെക്കുറിച്ച് ആരും കേട്ടിട്ടുമില്ല.

സാനിറ്റോറിയത്തിൽ നിന്നു തിരിച്ചുവരുമ്പോൾ വൃദ്ധനായിക്കഴിഞ്ഞ പണ്ഡിതൻ വല്ലാതെ ശോഷിച്ചുപോയിരുന്നു. അയാളെ നോക്കാനായി തിരിച്ചുചെന്ന പ്രായമായ വേലക്കാരി എല്ലാവരോടും പരാതി പറഞ്ഞത് അയാൾക്ക് ആഹാരം കഴിക്കുന്നതിൽ തീരെ താല്പര്യമില്ലെന്നാണ്‌: തനിക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല എന്നു പറഞ്ഞിട്ട് അയാൾ ദിവസം മുഴുവൻ പുസ്തകങ്ങളിൽ മുഴുകി.

ദിവസം ചെല്ലുന്തോറും ചടച്ചുവരികയായിരുന്ന ആ മനുഷ്യൻ പുറത്തു പോകുന്നത് അപൂർവ്വമായി; ഗ്രാമത്തിലെ ആരെയും അയാൾക്കു കണ്ടിട്ടു മനസ്സിലാകാതെയുമായി; അവരിൽ കവലയിൽ വച്ച് വല്ലപ്പോഴും കണ്ടിരുന്ന ചീസ് ഫാകടറി മുതലാളിയുടെ (അയാൾ മരിച്ചുകഴിഞ്ഞിരുന്നു) മകളും ഉണ്ടായിരുന്നു. എന്നാലും അയാൾ ആരെന്നു നോക്കാതെ എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിക്കും; നായ്ക്കളെ കാണുമ്പോൾ അയാൾ തൊപ്പി ഉയർത്തി സലാം പറഞ്ഞിരുന്നുവെന്നുകൂടി ആളുകൾ പറയുന്നുണ്ട്.

വൃദ്ധയായ വേലക്കാരി മരിച്ചതോടെ അയാൾ ഒന്നും തന്നെ കഴിക്കാതായി എന്നതു വ്യക്തമായിരുന്നു; ആഴ്ചകൾ തുടർച്ചയായി അയാൾ ഉപവാസമെടുക്കുകയും ചെയ്തു. അതൊക്കെക്കാരണം പഠനമുറിയിൽ വച്ച് മരിച്ചുകിടക്കുന്നതായി അയാളെ കാണുമ്പോൾ (ഒരു പ്ലംബറാണ്‌ ആദ്യം കാണുന്നത്) പേരുണ്ടെന്നതൊഴിച്ച് അയാൾ വെറുമൊരു അസ്ഥികൂടമായിരുന്നു; എല്ലുകളിൽ പറ്റിപ്പിടിച്ച ചുളുങ്ങിയ തൊലി മാത്രമാണ്‌ അയാളുടേതായി ശേഷിച്ചത്.

ഒരു പുസ്തകത്തിന്‍റെ അവസാനത്തെ പേജിലേക്ക് കുനിഞ്ഞിരിക്കുകയായിരുന്നു അയാൾ; ഒരു കടലാസ്സുതുണ്ട് അവിടെ ഒട്ടിച്ചുവയ്ക്കാൻ നോക്കുന്നപോലെയായിരുന്നു.

വർഷങ്ങൾക്കു ശേഷം അയാളുടെ വലിയ പുസ്തകശേഖരം ഒരനന്തരവൾക്ക് അവകാശമായി കിട്ടി. പുസ്തകങ്ങൾക്കിടയിലൂടെ മറിച്ചുപോകുമ്പോൾ ആ പണ്ഡിതൻ തന്‍റെ ശിഷ്ടകാലം ജീവിച്ചതെങ്ങനെയാണെന്ന കാര്യത്തിൽ തനിക്കൊരു വെളിച്ചം കിട്ടിയതായി അവൾക്കു തോന്നി.

ഏതു കഥയും നോവലും ഇതിഹാസവും ശുഭമായി പര്യവസാനിക്കണമെന്നായിരുന്നു ആ മനുഷ്യന്‍റെ ആഗ്രഹം. ശോകാന്ത്യങ്ങളോ ദുഃഖത്തിലോ വിഷാദച്ഛായയിലോ ഒരു കഥ തീരുന്നതോ അയാൾക്കു താങ്ങാൻ പറ്റിയിരുന്നില്ല. അതിനാൽ വർഷങ്ങളായി അയാൾ സ്വയം സമർപ്പിച്ചത് താനറിയുന്ന എല്ലാ ഭാഷകളിലുമുള്ള നൂറിലധികം പുസ്തകങ്ങളുടെ അന്ത്യം മാറ്റിയെഴുതുന്നതിനാണ്‌. മാറ്റിയെഴുതേണ്ട ഭാഗത്തിനു മേൽ കടലാസ്സുതുണ്ടുകളോ ഷീറ്റുകളോ ഒട്ടിച്ചുവച്ച് കഥകളുടെ പരിണതി അയാൾ പാടേ മാറ്റിക്കളഞ്ഞു, ഒരു ശുഭാന്ത്യത്തിലേക്ക് അയാൾ അവയെ കൊണ്ടെത്തിച്ചു.

തന്‍റെ ജീവിതാന്ത്യത്തിലെ കുറേയധികം ദിവസങ്ങൾ അയാൾ ചിലവഴിച്ചത് എമ്മ മരിക്കുന്ന, മദാം ബോവറിയുടെ മൂന്നാം ഭാഗത്തെ എട്ടാം അദ്ധ്യായം മാറ്റിയെഴുതുന്നതിനായിരിക്കണം. പുതിയ പാഠത്തിൽ എമ്മ സുഖം പ്രാപിക്കുകയും ഭർത്താവുമായി പിന്നെയും ഒരുമിക്കുകയുമാണ്‌.

അയാളുടെ അവസാനത്തെ രചന പക്ഷേ, അയാൾ തന്‍റെ കൈയിൽ പിടിച്ചിരുന്ന ആ കടലാസ്സുതുണ്ടായിരുന്നു; വിശന്നു മരിക്കാറായ ആ ഘട്ടത്തിൽ ഒരു റഷ്യൻ നോവലിന്‍റെ ഫ്രഞ്ചു വിവർത്തനത്തിലെ അവസാനത്തെ വരിയിൽ ഒട്ടിച്ചുവയ്ക്കാൻ നോക്കുകയായിരുന്നു അയാളത്. അയാളുടെ മാസ്റ്റര്‍പീസ് എന്നു പറയാവുന്നത് അതായിരിക്കണം; വെറും മൂന്നു വാക്കുകൾ പകരം വച്ച് ഒരു ദുരന്തകഥയെ ജീവിതപ്രശ്നങ്ങൾക്കുള്ള തൃപ്തികരമായ പരിഹാരമാക്കി അയാൾ മാറ്റിയെഴുതി.

GIANNI-CELATI-facebook

ഗിയാന്നി ചെലാത്തി Gianni Celati ഇറ്റാലിയൻ എഴുത്തുകാരനും വിവർത്തകനും ഡോക്യുമെന്‍ററി സംവിധായകനും. 1937ൽ ഇറ്റലിയിലെ സോൻഡ്രിയോയൊൽ ജനിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിൽ താമസം. Adventures in Africa എന്ന യാത്രാവിവരണവും Appearances എന്ന നോവെല്ലകളുടെ സമാഹാരവും പ്രധാനപ്പെട്ട കൃതികൾ. ഈ കഥ Voices from the Plains എന്ന സമാഹാരത്തിൽ നിന്നാണ്‌.

Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like