ലേഖനം

മതേതരത്വം, ഫെമിനിസം, ന്യൂനപക്ഷം, ദേശീയത: അർത്ഥഭംഗം സംഭവിക്കുന്ന ചില പദങ്ങൾ.matham

മാഹി സ്വദേശി. വിദേശത്താണ്. ലേഖനങ്ങളും കവിതകളും എഴുതാറുണ്ട്.

ാക്കുകൾക്കും അർത്ഥത്തിനുമിടയിലെ എപ്പോഴും മാറിക്കൊണ്ടേയിരിക്കാവുന്ന ബന്ധം എനിക്കെന്നും കൗതുകക്കാഴ്ച്ചയായിരുന്നു. എന്നാൽ ലക്ഷ്യാർത്ഥം വാച്യാർത്ഥത്തിൽ നിന്ന് കാതങ്ങൾ അകലെയാകുമ്പോൾ അത് ആശങ്കയ്ക്ക് വിത്തിടുന്നു. ഇക്കാലത്ത്‌ ഏറെ വിവാദബിന്ദുവായിത്തീർന്ന ഒരു പദമാണ്‌ മതേതരത്വം. നമ്മുടെ ഭരണഘടനാശിൽപികൾ വിദൂരഭാവനയിൽ പോലും കാണാത്ത നിഷേധാത്മകമായൊരു ധ്വനി ഇതിനകം കൈവന്നിട്ടുണ്ട് അതിന്. saecularis (ലോകം / ലൗകികം) എന്ന ലാറ്റിന്‍ പദത്തിലാണ് സെക്യൂലറിസത്തിന്‍റെ നിഷ്പത്തി. പ്രവിശാലമായ ‘ലോകം’ എന്നതിനോളം എല്ലാം ഉൾക്കൊള്ളിക്കുന്ന മറ്റെന്തുണ്ട്?!

പ്രയോഗത്തിൽ, ചര്‍ച്ചിനും സ്റ്റേറ്റിനുമിടയിൽ കണിശമായ വിഭജനം എന്നതായിരുന്നു സെക്യുലറിസം. ഇന്ത്യയിൽ പക്ഷേ, മതം വേറെ രാഷ്ട്രം വേറെ എന്നൊരു വിഭജനം അസാധ്യമാണെന്നിരിക്കെ, ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാ മതങ്ങൾക്കും തുല്യപരിഗണന എന്ന് നാമതിന്‌ അർത്ഥപരിഷ്ക്കരണം വരുത്തി. കുംഭമേള പോലൊരു മഹായജ്ഞം സർക്കാർ സഹായമില്ലാതെ സംഘടിപ്പിക്കുകയെന്നത് നമുക്ക് സങ്കൽപ്പിക്കാന്‍ പോലുമാകുമോ?! ചുരുക്കിപ്പറഞ്ഞാൽ സ്ഥിതിസമത്വം എന്നതിലേക്കുള്ള ധീരമായ ഒരു ചുവട് വെപ്പായിരുന്നു അത്.

എല്ലാ ആധുനിക ഭരണസംഹിതകളുടെയും നട്ടെല്ലായ സെക്യുലറിസത്തിന്, ഇന്ത്യയിൽ മാത്രം തികച്ചും നിഷേധാത്മകമായൊരു മാനം കൈവരുന്നത് എന്തൊരു വൈപരീത്യമാണ്! ഇന്ന് സെക്യുലർ എന്നാൽ “ഹിന്ദു വിരുദ്ധനും മുസ്ലിം പക്ഷപാതിയും” ഒക്കെയാണ്; സമൂഹമാധ്യമങ്ങളിലെ ‘സിക്കുലർ’! ഈ ദുർവ്യാഖ്യാനത്തിൽ സഹികെട്ട് ആ പദപ്രയോഗം തന്നെ ഉപേക്ഷിച്ചാലോ എന്ന് ചിന്തിക്കാറുണ്ട്. ഭാഷയുടെ, ആശയവിനിമയോപാധിയെന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നില്ലെങ്കിൽ, അപഭ്രംശം വരുത്തപ്പെട്ട പദത്തിന് പകരം മറ്റൊന്ന് കണ്ടെത്തുകയല്ലേ ഉചിതം? അതിനും മേൽഗതി തന്നെ വന്നു കൂടായ്കയില്ല എന്നറിയാം. വാക്കിൽ നിന്നുള്ള പിന്തിരിഞ്ഞോട്ടം അത് ദ്യോതിപ്പിക്കുന്ന ആശയത്തിൽ നിന്നുള്ള പിന്മാറ്റം കൂടിയാകുമെന്ന ഭയവുമുണ്ട് എനിക്ക്.

കാലങ്ങളോളം ഉപരോധം കല്പിക്കപ്പെട്ട മറ്റൊരു പദവും ആശയവുമാണ് ‘ഫെമിനിസം’ . കോളേജിൽ പഠിക്കുമ്പോൾ ഫെമിനിസ്റ്റ് എന്ന് കേൾക്കുമ്പോൾ തന്നെ അധികം പേരും നെറ്റിചുളിക്കുമായിരുന്നു; ‘പുരുഷവിദ്വേഷമൂര്‍ച്ഛയിൽ പരാതിപ്പെട്ട് കൊണ്ടിരിക്കുന്ന പച്ചപ്പരിഷ്ക്കാരി’ എന്നതായിരുന്നു അവരുടെ ദൃഷ്ടിയിൽ ഫെമിനിസ്റ്റ്. ആദ്യമൊക്കെ ഞാനുമതിനോട് അകലം പാലിച്ചു; പിന്നെ ‘എന്തോന്നിത്, ആനക്കാര്യമോ?’ എന്നൊരു ഭാവേന നോക്കിക്കണ്ടു; ക്രമേണ ഞാനതിന്‍റെ ശക്തമായ വക്താവായി മാറി. ഫെമിനിസ്റ്റ് ആയതിന്‍റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നവരോട് പറയാനുള്ളത്: “പ്രകൃതിക്ക് മേൽ ഇത്രത്തോളം കയ്യേറ്റം ഇല്ലായിരുന്നെങ്കില്‍ പരിസ്ഥിതി പ്രവർത്തകർ ഉണ്ടാകുമായിരുന്നില്ല എന്നത് പോലെ, ലോകം ഇത്രമേൽ വക്രിച്ചില്ലായിരുന്നുവെങ്കിൽ ഫെമിനിസ്റ്റുകളുടെ ആവശ്യകതയും ഉടലെടുക്കുമായിരുന്നില്ല. ഒരുവന് / ഒരുവൾക്ക് മാനവികവാദി എന്ന് മാത്രം അടയാളപ്പെടുത്താൻ കഴിയുന്ന ഒരു ദിനത്തിനായി വൃഥാ കാത്തിരിക്കാൻ ഞാന്‍ തയ്യാറല്ല. അങ്ങനെ ഒരു ദിനം വരുവോളമെങ്കിലും, ഉറച്ച് തന്നെ പറയും, ഞാനൊരു ഫെമിനിസ്റ്റാണ് എന്ന്!” ഒന്നൂടെ വിശദമാക്കിയാല്‍ ഒരു ‘സെക്യുലർ ഫെമിനിസ്റ്റ്’ : ഏറ്റം ന്യൂനപക്ഷമായ ഒരു ജനുസ്സ്‌!

അങ്ങനെ നാം ഏറെ പഴികേട്ട മറ്റൊരു പദത്തിൽ എത്തിച്ചേരുന്നു; ന്യൂനപക്ഷം. ആ ഒന്നിന്റെ നിലനിൽപ്പ് തന്നെ ഈ രാജ്യത്ത് ചോദ്യചിഹ്നമായിരിക്കുന്നു. നമുക്ക്‌ ചുറ്റും എല്ലാത്തരം ന്യൂനപക്ഷങ്ങളും അന്യത്രയുണ്ടെന്നാല്‍പ്പോലും പ്രാഥമികമായി മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടാണ് ആ സംജ്ഞ ഉപയോഗിച്ച് വരുന്നത്; നിഷേധാത്മകമായ വിവക്ഷകൾ പലതും ഉത്ഭവിക്കുന്നതും. മുൻ ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്തുള്ള ആ പദവി ഏറ്റെടുത്തയുടൻ ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവന നടത്തിയിരുന്നു, മുസ്ലിംകൾ ന്യൂനപക്ഷം അല്ലെന്ന്! തികച്ചും അസംഗതമായ ഒരു പ്രസ്താവം ആയിരുന്നു അത്. അവരെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷം എന്നാൽ പാർസികളെ (ധനാഢ്യമായ ഒരു വിഭാഗം കൂടിയാണവർ) പോലെ തീരെ ചെറിയ വിഭാഗമാണ്; മുസ്ലികൾ അവരെക്കാൾ വലിയ വിഭാഗം ആയതിനാൽ പ്രസ്തുത പദവിക്ക് അർഹമല്ല!

പൊളിറ്റിക്കൽ സയന്റിസ്റ്റ് ആന്ദ്രെ ലീബിച്ചിന്റെ അഭിപ്രായത്തിൽ, ന്യൂനപക്ഷത്തെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന ഘടകങ്ങൾ, അസമത്വവും കീഴാളത്വവുമാണ്; കേവലം അക്കങ്ങൾ മാത്രമല്ല. ഈ മേഖലയിൽ പഠനം നടത്തിയ സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തൽ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തികാവസ്ഥ, മറ്റേത് സമുദായത്തെക്കാളും ദയനീയമാണ് എന്നായിരുന്നു; ദലിതുകളുടെ അവസ്ഥ പോലും അവരെക്കാൾ മെച്ചമാണ്! ന്യൂനപക്ഷത്തിന് ഭൂരിപക്ഷവുമായി സഹവർത്തിച്ച് കൊണ്ടേ നിലനില്പ് സാധ്യമാകൂ എന്ന വൈരുദ്ധ്യത്തെ അംബേദ്‌കർ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: ‘അധികാരത്തിന്റെ പങ്കിനായുള്ള ന്യൂനപക്ഷത്തിന്റെ ഏതൊരു അവകാശവാദവും വർഗീയതയായി എണ്ണപ്പെടുന്നു; അതേസമയം എല്ലാ അധികാരവും ഭൂരിപക്ഷ കുത്തകയാക്കി വെക്കുന്ന മനോഭാവമാകട്ടെ ‘ദേശീയത’യായി വാഴ്ത്തപ്പെടുന്നു!”

“ദേശീയത” – മറ്റെല്ലാ സ്വത്വങ്ങളെയും ഞെരിച്ച് കൊല്ലാനും വിഴുങ്ങാനും അധികാരമുള്ള സ്വത്വമായിട്ടാണ് പലപ്പോഴും നമ്മെ പറഞ്ഞു പരിചയപ്പെടുത്തുന്നത്. നേരത്തെ സൂചിപ്പിച്ച, പദങ്ങളുടെ അർത്ഥതലങ്ങൾ മാറ്റി മറിക്കുന്നതിലും ‘ദേശീയത’ അതിന്റെതായ തുടർ പങ്ക് നിർവഹിച്ച് വരുന്നുണ്ട്. തല്ക്കാലം ഈ കുറിപ്പിന് വിരാമം ഇടെണ്ടതിനാൽ മറ്റൊരിക്കല്‍ കൂടുതൽ വ്യാഖ്യാനങ്ങളിലേക്ക് കടക്കാം. ഒരു വാക്കിനെ കുറിച്ചുള്ള നമ്മുടെ പൊതു അവബോധം മാറുമ്പോൾ, നമുക്ക് ചുറ്റുമുള്ള ലോകവും അതനുസരിച്ച് മാറുന്നു. ആ മാറ്റം പക്ഷെ, എല്ലായ്പോഴും ശുഭോദര്‍ക്കമാകണം എന്നില്ല.

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.