ചുവരെഴുത്തുകൾ നാൾവഴികൾ

പോണ്ടിച്ചേരിയിലേയ്ക്കുള്ള വഴിsure1

സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാ പോള്‍ – കോടതിയിലേയ്ക്കും പൊലീസിലേയ്ക്കുമുള്ള ചോദ്യം ചെയ്യല്‍ യാത്രകളില്‍ ഉണ്ടാവേണ്ട ചൂട് കുറച്ചുകൊടുത്ത് ആശ്വാസം പകരുന്നത് ഈ ‘ഫാനു’കളാണ്‌. എത്ര കനത്ത വേനലിലും അതു പകരുന്ന ആശ്വാസം അനിര്‍‌വ്വചനീയമാണ്‌. മറ്റൊരു സൂപ്പര്‍സ്റ്റാറിന്‍റെ ജയിലിലേയ്ക്കും തിരിച്ചുമുള്ള യാത്രകളും നാം കണ്ടു. പക്ഷേ, ഈ പോണ്ടിച്ചേരി കാര്‍ പ്രശ്നത്തില്‍ ഞാന്‍ നൂറു ശതമാനവും ആദ്യം പറഞ്ഞ മൂന്നു പേര്‍ക്ക് കട്ട സപ്പോര്‍ട്ടാണ്‌. മാധ്യമങ്ങള്‍ ഇതാഘോഷിക്കുന്നത്, കേരളത്തിന്‍റെ സാമ്പത്തികരംഗത്തിനു ദ്വാരമുണ്ടാക്കി നികുതി മുഴുവന്‍ ചോര്‍ത്തിയെടുത്ത് നാടുവിട്ട് പിടികിട്ടാപ്പുള്ളികളായി പോണ്ടിച്ചേരിയിലെ ഇല്ലാത്ത വിലാസത്തില്‍ പതുങ്ങിയിരുന്ന മൂന്നു കൊടും‌കൊള്ളക്കാരെ പൊക്കിയെടുത്ത സന്തോഷം പങ്കിടുന്ന രീതിയിലായിപ്പോയി.

ഈ മൂന്നേ മൂന്നു താരങ്ങളാണല്ലോ നമ്മുടെ സര്‍ക്കാരിനെ കടക്കെണിയിലാഴ്ത്തിയത് എന്നോര്‍ക്കുമ്പോള്‍, അവരെ ഇടക്കിടെ ടീവിയില്‍ ഈ കെയ്‌സുമായി ബന്ധപ്പെടുത്തി കാണിക്കുമ്പോള്‍ എന്തൊരു നിര്‍‌വൃതിയാണു നാമൊക്കെ അനുഭവിക്കുന്നത്!

ജാതിമതമെന്യേ ഒത്തിരി രാഷ്ട്രീയനേതാക്കള്‍ക്കും കച്ചവടക്കാര്‍ക്കും പോണ്ടിച്ചേരിയില്‍ ഇല്ലാത്ത വിലാസങ്ങളുണ്ട്. അതറിയാമോ? അവരുടെ കാറുകളില്‍ ചിലതൊക്കെ പോണ്ടിച്ചേരിപ്പുതപ്പു മാറ്റി കേരളത്തിലെ റോഡുകളിലേയ്ക്ക് ഉണര്‍ന്ന് ഓടാന്‍ തുടങ്ങിയിട്ടുണ്ട്. ചിലതൊക്കെ ഇപ്പോഴും പുതപ്പിനടിയിലാണ്‌. അവര്‍ക്ക് ഉണരണമെങ്കില്‍ കുറച്ചുകൂടി ഉറങ്ങേണ്ടതുണ്ട്.

ഇനിയാണു ഇതിന്‍റെ പിന്നിലെ കിംഗ്‌പിന്നുകളുടെ കഥ.

നിങ്ങളൊരു കാര്‍ വാങ്ങാന്‍ പോകുന്നെന്നു കരുതുക. ഡീലറുടെയടുത്തു പോയി അന്വേഷിക്കുമ്പോള്‍ കാറിന്‍റെ ഗുണഗണങ്ങള്‍ വിവരിക്കുന്നതിനിടയില്‍ അവരിലൊരാള്‍ പറയുന്നതു കേള്‍ക്കൂ:

”സാര്‍. ഇതു വാങ്ങുമ്പോള്‍ ഞങ്ങള്‍ സൗജന്യമായി നിങ്ങള്‍ക്ക് മറ്റൊരു സേവനം കൂടി ചെയ്യുന്നുണ്ട്.”

സൗജന്യം – സേവനം എന്നൊക്കെ കേള്‍ക്കുമ്പോള്‍ അയാള്‍ പറഞ്ഞുതീരുന്നതിനു മുമ്പ് തള്ളിയ കണ്ണുകളും പൊളിച്ച വായുമായി നാം അങ്ങോട്ടു കയറിയിടപെടും.
”അതെന്താ?”

”സാറിപ്പം ഇതു വാങ്ങി ഇവിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ കാറിനുവേണ്ട ടാക്സ് പതിനേഴു ലക്ഷം രൂപ ഒറ്റയടിക്കു കൊടുക്കണം.”

”ഓ… നിങ്ങളത് ഈ ഇന്‍ഷ്വറന്‍സുകാരൊക്കെ നമ്മുടെ ആദ്യത്തെ ഒന്നു രണ്ടു പ്രീമിയം കൊടുക്കുന്നതുപോലെ കുറവു ചെയ്ത് നമുക്കായി അടയ്ക്കും അല്ലേ? നല്ല കാര്യം. പതിനേഴു ലക്ഷം ഈ കാറിനു കുറച്ചുകിട്ടുകാന്നൊക്കെ പ്പറഞ്ഞാ…..”
നമ്മളു വീണ്ടും ഇടയ്ക്കു കയറും.

”അതല്ല സാര്‍. അങ്ങനെയല്ലാ…..ഞങ്ങളത് പോണ്ടിച്ചേരിയില്‍ രയിസറാക്കും!”

”ഓ അതിപ്പം … പോണ്ടിച്ചേരീലൊക്കെ പോയി അതു കൊടുക്കണോ. കൊടുക്കുന്നത് ഇവിടെത്തന്നെ കൊടുക്കുന്നതല്ലേ രാജ്യസ്നേഹം പ്രകടിപ്പിക്കാനുത്തമം?” – നമ്മള്‍.

”അല്ല .. പോണ്ടിച്ചേരീലത് ഒരു വര്‍ഷത്തെ മതി. വെറും രണ്ടു ലക്ഷം ഉലുവ. ബാക്കിയൊക്കെ വര്‍ഷാവര്‍ഷം മതി” – ഡീലര്‍ക്കുട്ടി പറയുന്നു.

അപ്പോള്‍ നാം കണക്കു കൂട്ടും. നമ്മള്‍ പത്തുവര്‍ഷം കൂടി ഒക്കെ ജീവിക്കുമായിരിക്കും. ദീര്‍ഘായുസ്സുണ്ടെങ്കില്‍ (അപൂര്വ്വം. അതിനിടയില്‍ നമ്മുടെ വണ്ടിയെ ഏതെങ്കിലും ട്രക്കോ ട്രിപ്പറോ കീഴ്‌പ്പെടുത്തും) തന്നെ പത്തുവര്‍ഷമാകുമ്പോഴേയ്ക്കും നമ്മളിതു വില്‍ക്കും. എല്ലാം കൊണ്ടൂം അതാണു ലാഭം.

അപ്പോള്‍ ഞാനും നിങ്ങളും വീണ്ടും ചോദിക്കും : ”അതിനു പോണ്ടിച്ചേരീലൊക്കെ പോകാന്‍ ആര്‍ക്കാ സമയം?”

ഡീലര്‍ക്കുട്ടിയുടെ മറുപടി റെഡിയാണ്‌.

”സാര്‍ ഒന്നും അറിയേണ്ട. വിലാസമുണ്ടാക്കി രയിസ്സറാക്കി ഞങ്ങളാ കൈയ്യീത്തരും. ഒരു ചെറ്യേ സര്‍‌വ്വീസ് ഫീ ഞങ്ങളെടുക്കൂന്നു മാത്രം.” (ഇത് ഞങ്ങളെത്ര കണ്ടതാ)

”ഉവ്വോ…. നിങ്ങളൊക്കെ വിചാരിക്കണേന്‍റേം അപ്പറത്താ കേട്ടോ.. എന്താ ഒരു സര്‍‌‌വ്വീസ്!” നമ്മളും വാക്കുകളുടെ തടയണ തുറന്നു വിടും.

”Sir, we are all Indians. All Indians are my brothers and sisters!”

”എന്തേ, വെല്ലോം പറഞ്ഞോ?” – ഞാനും നിങ്ങളും.

”അല്ലാ…. മ്മളൊക്കെ മലയാളികളല്ലേന്ന് പറയുവാരുന്നു!”

അങ്ങനെയായിരുന്നു കാര്‍വാങ്ങലിന്‍റെ ചേരുംപടി ചേര്‍ക്കലില്‍ നാം പോണ്ടിച്ചേരിയെന്നു കേള്‍ക്കുന്നതും, ഇടതു വശത്തു നില്‍ക്കുന്ന കാറിനെ പോണ്ടിച്ചേരിയിലേയ്ക്ക് വഴി വെട്ടി ഓടിക്കുന്നതും.

എന്നിട്ടിപ്പോള്‍ ഈ കാര്‍ വില്പനക്കാരന്‍ ഒരു കെയ്‌സിലും കക്ഷിയല്ല. അവനീ നാട്ടുകാരനുമല്ല. ഇതു വായിക്കുമ്പോള്‍ സാധാരണയായി ചില സംശയങ്ങളുയരാം. അതില്‍ ചിലത് ഇങ്ങനെയൊക്കെയാവും.

ആദ്യം പറഞ്ഞ മൂന്നു താരങ്ങളുടെ കാറുകള്‍ക്കു മാത്രമേ പോണ്ടിച്ചേരിയില്‍ ജാതകം എഴുതിയിട്ടുള്ളോ?

മറ്റു സ്റ്റേറ്റുകളുടെ രജിസ്റ്റ്രേഷനിലുള്ള കാറുകള്‍ കേരളത്തില്‍ ഞാന്‍ കണ്ടത് സ്വപ്നത്തില്‍ മാത്രമായിരിക്കുമോ?

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കും മക്കള്‍ക്കുമൊന്നും പോണ്ടിച്ചേരി ഗ്രഹനില ഇല്ലേ?

പോണ്ടിച്ചേരി ഇപ്പോഴും ഫ്രാന്‍സിലാണോ?

കൈക്കൂലി വാങ്ങുന്നതിനപ്പുറം ഇത് കുറ്റകരമാകുന്നത് എങ്ങനെയാണ്‌?

ഇതിനെ നികുതിവെട്ടിപ്പെന്നും അഴിമതിയെന്നുമൊക്കെ വിളിക്കാമോ?

ഒരു ‘ഇന്‍ഡ്യന്‍ പ്രണയകഥ’യുടെ കാലത്താണോ ഈ ഗൂഢാലോചന ഉടലെടുത്തിട്ടുണ്ടാവുക?

ഇതല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റു പല സംശയങ്ങളും തോന്നാം. എല്ലാ കഥകളിലും ഇതേപോലെ ഒത്തിരി ചോദ്യങ്ങളുണ്ടാവും. ആ കഥകള്‍ എത്രയാവര്‍ത്തി വായിച്ചാലും അതില്‍ ഉത്തരങ്ങള്‍ കണ്ടെത്താനാവില്ല.

Comments
Print Friendly, PDF & Email

About the author

സുരേഷ് നെല്ലിക്കോട്

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.