പൂമുഖം LITERATUREലേഖനം മൊബൈൽ: സഞ്ചരിക്കുന്നവന്റെ വീട്

മൊബൈൽ: സഞ്ചരിക്കുന്നവന്റെ വീട്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മൊബൈൽ: സഞ്ചരിക്കുന്നവന്റെ വീട്

സന്തോഷ് എച്ച്.കെ.

സംഗ്രഹം

മൊബൈലിന് നാല്പതാണ്ട് തികയുമ്പോൾ മൊബൈൽ സംസ്കാരം നമ്മുടെ സാമൂഹ്യജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള സാംസ്കാരികാന്വേഷണമാണ് ഈ പ്രബന്ധം.  സാമൂഹ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ മാത്രമല്ല തത്കാല സാമൂഹ്യാന്തരീക്ഷത്തിൽ നിന്ന് വ്യക്തിയെ വിടുതൽ ചെയ്യാനും മൊബൈലുകൾക്ക് കഴിയുന്നു. സാമൂഹ്യ വിനിമയോ പാധി എന്ന നിലയിൽ കടന്നു വന്ന മൊബൈലുകൾ യഥാർത്ഥത്തിൽ സാമുഹ്യതയെ തകർക്കുകയും സൂക്ഷമ നെറ്റ് വർക്കുകളെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ആധുനിക സമൂഹത്തിൽ അത് ഒരു ഗോത്ര നിർമ്മിതി സാധ്യമാക്കുകയും ചെയ്യുന്നു.  

കീ വേഡുകൾ : മൊബൈൽ, ഡിജിറ്റൽ സാമൂഹികത, സൈബർ സംസ്കാരം, ചാറ്റ്

അലക്സാണ്ടർ ഗ്രഹാം ബെൽ ഒരു നല്ല ജാരനായിരുന്നിരിക്കണം കാരണം ടെലിഫോണിന്റെ ഏറ്റവും സവിശേഷമായ ഉപയോഗം തന്റെ കാമുകിയുടെ കിടപ്പറയിലേക്ക് അവളുടെ ഭർത്താവറിയാതെ കടന്നു ചെല്ലാമെന്നതാണ്.  അശരീരികൾ കൊണ്ട് അവളുടെ സരീരത്തിൽ ആമഗ്നനായി ലോകത്തിന്റെ വസ്തുനിഷ്ഠത മുഴുവൻ അയാൾ വഗണിക്കുന്നു. അപ്പോഴൊക്കെയും പ്രേതസമാനമായ ഒരു ഭാരശൂന്യത അയാൾ അനുഭവിക്കുന്നുണ്ടാവണം.  എന്തുകൊണ്ടെന്നാൽ ജാരൻ ഒരു മരണാനന്തരജീവിയാണ്.  
– മാർജ്ജാരൻ ടി.  ശ്രീവൽസൻ

 

ഏതെങ്കിലും മണ്ണിൽ കുറ്റിയടിച്ച് സംസ്കാരത്തിന്റെ കെട്ടുകാഴ്ചകൾ പണിതെടുത്ത് ആധുനിക നാഗരികൻ ആയി വികസിച്ച മനുഷ്യൻ അവന്റെ സംസ്കാരചരിത്രത്തിൽ എന്നും മെരുങ്ങാത്ത ഒരു നാടോടിയുടെ മനസ്സു കാത്തുസൂക്ഷിച്ചു പോന്നിട്ടുണ്ട്. ദേശിയായ ഒരു സ്വത്വം വളർത്തിയെടുത്തപ്പോഴും അന്യദേശങ്ങളോടുള്ള സൗഹൃദവൗം ആസക്തിയും അവൻ നിലനിർത്തി വന്നു.  തൊട്ടുനോക്കാവുന്ന ചുറ്റുവട്ടയാഥാർത്ഥ്യങ്ങളുടെ അസുഖകരമായ സാന്നിധ്യങ്ങളിൽ പലപ്പോഴും ഈ സങ്കല്പ സൗഹൃദങ്ങൾ അവനു അഭയമായിരുന്നു.  അന്യ ദേശങ്ങളിലെവിടെയോ ഉള്ള ചങ്ങാതിയോട് ഉള്ളിൽ സംവദിച്ചുകൊണ്ട് അവൻ തന്റെ സാങ്കല്പികമായ ഒരു ചെറു ഗോത്രസ്വത്വത്തെ സംരക്ഷിച്ചു പോന്നു.  സ്ഥല വിമുക്തമായ വിനിമയങ്ങളോടുള്ള മനുഷ്യന്റെ ആസക്തിയും മുതലാളിത്തത്തിന്റെ ചൂഷണവ്യഗ്രതയും ആണ് വിനിമയ സാങ്കേതിക വിദ്യയിൽ ഉണ്ടായ അതിദ്രുതവിപ്ലവങ്ങളുടെ ഊർജ്ജം.

 

നഗരജീവിതത്തിലേക്കുള്ള കുടിയേറ്റം മനുഷ്യ വിനിമയത്തിന്റെയും സ്വകാര്യതയുടെയും സ്വസ്ഥമായ അടരുകളെ അസ്വസ്ഥമാക്കി.  ഈ ആൾക്കൂട്ട സംസ്കാരത്തിൽ  അവരവരുടെ സ്വകാര്യതകൾ ഭേദിക്കുന്ന തരത്തിൽ ഏറ്റവും അടുത്ത് അപരിചിതമായ അപരസാന്നിധ്യങ്ങളെ സഹിക്കേണ്ടി വരുന്നു എന്നുമാത്രമല്ല. തനിക്ക്  വൈകാരികമായി അടുപ്പമുള്ള ഉറ്റവരിൽ നിന്ന് അകന്ന് പാർക്കേണ്ടി വരുന്നു എന്നുമുള്ള ഇരട്ട സംഘർഷമാണ് നാഗരികന്റെ വിനിമയ മണ്ഡലത്തിൽ സംഭവിച്ചത്.  ഭൗതികമായ ഈ അകൽച്ചയെ വലിയ അളവിൽ പരിഹരിച്ചത് ലാൻഡ് ഫോണുകളുടെ കടന്നു വരവാണ്.

 

എന്നാൽ ഒരു നിശ്ചിത സ്ഥലത്ത് നിലയുറപ്പിക്കുന്ന തരം വിനിമയ ബന്ധം മാത്രമാണ് ലാൻഡ് ഫോണുകൾ സാധ്യമാക്കിയത്.  അതുകൊൻട് വ്യക്തികളേക്കാൾ സ്ഥാപനങ്ങളെയും ബ്യൂറോക്രാറ്റിക്ക് ഘടനയെയും ആണ് അത് ശാക്തീകരിച്ചത്.   നഗരങ്ങളെ കേന്ദ്രീകരിച്ച സാമ്പത്തിക അധികാര ശ്രേണിയെ വളർത്തിയെടുക്കാനാണ് ഫോൺ സഹായിച്ചത് കോർപ്പരേറ്റുകളുടെ വളർച്ചയിൽ നിർണ്ണായകമായ സ്വാധീനമായിരുന്നു ലാൻഡ് ഫോണുകൾ.

വ്യക്തിയെ സ്ഥല വിമുക്തമാക്കാനും സ്വതന്ത്രമായ വിനിമയങ്ങൾക്ക് പ്രാപ്തനാക്കാനും സഹായിച്ചത് മൊബൈൽ ഫോണുകൾ രംഗപ്രവേശം ചെയ്തതോടെയാണ്.  നാഗരികമായ വിനിമയ വ്യവസ്ഥകളെ മുഴുവൻ അട്ടിമറീക്കുന്ന ഒരു വിപ്ലവമായിരുന്നു മൊബൈൽ ഫോണുകൾ അതുകൊണ്ടുതന്നെ മൊബൈലുകളുടെ വ്യാപനവും പെട്ടെന്നായിരുന്നു 2001 ആയപ്പോഴേക്കും എണ്ണത്തിൽ ടെലിവിഷനെ മൊബൈലുകൾ കടത്തി വെട്ടി.  അതിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം വികസിത രാജ്യങ്ങൾക്കും അവികസിത രാജ്യങ്ങൾക്കും ഇടയിൽ  എത്രയോ കാലമായി നിലനിന്നിരുന്ന  ടെലികമ്യുണിക്കേഷൻ മേഖലയിലെ വലിയ വിടവിനെ മൊബൈൽ പെട്ടെന്ന് പരിഹരിച്ചു എന്നതാണ്. അതോടൊപ്പം തന്നെ മൾട്ടിമീഡിയാ അപ്ലിക്കെഷനുകളും ഇന്റർനെറ്റും  ഒക്കെ ലഭ്യമാകുന്ന സ്മാർട്ട് ഫോണുകളുടെ പ്രചാരം പി. സി. കൾക്കും  മൊബൈൽ ലാപ് ടോപ്പുകൾകും പകരം വെയ്ക്കാവുന്ന കൂടുതൽ സൗകര്യമുള്ളാ ഉപകരണമായി മൊബൈലിനെ മാറ്റുകയും ചെയ്തു  ആദ്യഘട്ടത്തിൽ പുരുഷന്മാരെയും പിന്നീട് സ്ത്രീകളെയും വിപണിയിലേക്ക്   ആകർഷിച്ച മൊബൈൽ നിർമ്മാതാക്കൾ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടികളിലാണ്.  കുട്ടികൾക്ക് ഏറ്റവും യൂസർ ഫ്രൺട്ലി ആയും കൗതുകം നിലനിർത്തുന്ന രീതിയിൽ വൈവിദ്ധ്യത്തോടെയും പുതിയ മോഡലുകൾ ഒന്നിനു പിറകെ ഒന്നായി വിപണി കയ്യടക്കി.  ഇങ്ങനെ ലിംഗം വയസ്സ് ദേശം സാമ്പത്തിക ശ്രേണി സാമൂഹ്യ പദവി, മതം തുടങ്ങിയ വകതിരിവകളെ മുഴുവൻ വകഞ്ഞു മാറ്റി സർവ്വാശ്ലേഷിയായി മനുഷ്യനെ സ്വാധീനിച്ച മറ്റൊരു ഉപകരണം ഇല്ല എന്ന് തന്നെ പറയാം.

 

തൊണ്ണൂറുകളിൽ ഇൻഡ്യയിൽ കടന്നു വന്ന മൊബൈലുകൾ ഉണ്ടാക്കിയ സ്വാധീനം പോലൊന്ന് കഴിഞ്ഞ അമ്പതു ദശകങ്ങളായി ഒരു സാങ്കേതിക ഉപകരണവും സൃഷ്ടിച്ചിട്ടില്ല.  മൊബൈലുകളുടെ വ്യാപനം അത്രമേൽ ദ്രുതമായിരുന്നു.  കൊട്ടിഘോഷിക്കപ്പെട്ട ടെലിവിഷനും കമ്പ്യൂട്ടറിനും ഇന്റർനെറ്റിനും സമൂഹത്തിന്റെ നിശ്ചിത സെഗ്മെന്റുകളിലേ ഇടിച്ചു കയറാനായുള്ളൂ. . പലതിന്റെയും കൗതുകകാലം പെട്ടെന്ന് അസ്തമിക്കുകയും ചെയ്തു.  എന്നാൽ വയസ്സു നാല്പതായിട്ടും ചെറുതാകാത്ത കൗമാരത്തിലാണ് ഇന്നും മൊബൈൽ ഫോൺ എന്ന കളിപ്പെട്ടി.  അതിവേഗം ഇൻഡ്യയിലും അത് ടെലിവിഷൻ സെറ്റുകളുടെ എണ്ണത്തെ ലാൻഡ് ഫോണുകളുടെ എണ്ണത്തെ പിൻ തള്ളി. രാജ്യത്തെ മൊത്തം ടോയ് ലെറ്റുകളുടെ എണ്ണത്തേക്കാൾ മൊബൈൽ ഫോണുകളുടെ എണ്ണം വർദ്ധിച്ചത് ഒരു സാമൂഹ്യശാസ്ത്രകാരനെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന കാര്യമല്ല.  ആധുനിക പൗരസമൂഹത്തിലെ വ്യക്തി നിഷ്ഠമായ ഒട്ടനവധി ഇച്ഛകളെയും ആവശ്യങ്ങളെയും ബഹുതലങ്ങളിൽ പൂരിപ്പിക്കുന്ന ഒരു വിനിമയോപകരണം എന്ന അടിസ്ഥാന നില വിട്ട് മറ്റ് പലതുമായി മാറിയിരിക്കുന്നു മൊബൈൽ ഫോൺ എന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. .

 

വ്യാപനത്തിന്റെയും  ഉപയോഗത്തിന്റെയും സാമൂഹ്യവും വ്യക്തിതലത്തിലുമുള്ളതുമായ സ്വാധീനത്തിന്റെയും കാര്യത്തിൽ മൊബൈൽ ഫോണുകൾ മറ്റ് സാങ്കേതിക വിദ്യകളെ ബഹുദൂരം പിന്നിലാക്കി എങ്കിലും മൊബൈൽ വിനിമയങ്ങളുടെ സാമൂഹ്യ ശാസ്ത്രത്തെ പറ്റി കാര്യമായ പഠനങ്ങൾ വിനിമയ പഠനത്തിന്റെ മേഖലയിലോ സാമൂഹ്യവിജ്ഞാനീയത്തിലോ ഉണ്ടായിട്ടില്ല എന്നത് അത്ഭുതം തോന്നിപ്പിക്കുന്ന സംഗതിയാണ്.  താരതമ്യേന സ്വാധീനം കുറഞ്ഞ ടെലിവിഷനെ കേന്ദ്രീകരിച്ചും സൈബർ ലോകത്തെ കേന്ദ്രീകരിച്ചും ഉണ്ടായിട്ടുള്ള പഠനങ്ങളുടെ വോള്യവുമായി താരതമ്യപ്പെടുത്തുമ്പോൾ മൊബൈലുകൾ നമ്മുടെ സാമൂഹ്യശാസ്ത്രകാരന്മാരെ ആകർഷിച്ചിട്ടേ ഇല്ല എന്ന് തോന്നും.

 

മെട്രോ നഗരങ്ങളെ കേന്ദ്രീകരിച്ച് ഐ ടി പ്രൊഫഷണലുകൾ, ഉയർന്ന ശ്രേണിയിലുള്ള ബിസിനസ്സുകാർ, ഉദ്യോഗസ്ഥ വൃന്ദം, രാഷ്ട്രീയക്കാർ തുടങ്ങിയ ഒരു എലീറ്റ് ക്ലാസ്സിലൂടെയാണ് മൊബൈൽ രംഗപ്രവേശം ചെയ്തതെങ്കിലും പെട്ടെന്ന് തന്നെ മൊബൈലിന്റെ ക്ലാസ്സ് സ്വഭാവം മാറി.   ഹൈവേകളെ വിട്ട് ഗ്രാമീണ മേഖകളിലേക്ക് നെറ്റ് വർക്കുകൾ വികസിച്ചു.  കടലിൽ മീൻ പിടിക്കുന്നവൗം തെങ്ങുകയറുന്നവനും തൊഴിൽശാലകളിൽ പണിയെടുക്കുന്നവനും ഗ്രോക്കർമാർക്കും അങ്ങനെ അടിസ്ഥാന തൊഴിൽ മേഖലയിൽ തന്നെ ഒരവശ്യ വസ്തുവായി മൊബൈൽ മാറി.  വർഷങ്ങൾക്കുള്ളിൽ ഇൻകമിങ്ങ് കാളുകൾ ഫ്രീ ആയതും ഹാൻഡ് സെറ്റുകളുടെ വില ഇടിഞ്ഞതും  കോൾ നിരക്കുകൾ കുത്തനെ കുറഞ്ഞതും സ്വകാര്യ കമ്പനികൾ കടന്നുവന്നതും മൊബിൽ ടവറുകൾ വ്യാപിച്ചതും ഈ പടർന്നു കയറലിനെ സഹായിച്ചു.  ആദ്യകാലത്ത് പത്രവാർത്തകളിൽ റേഡിയേഷൻ ഭീതി മൂലം  മൊബൈൽ ടവറുകൾക്കെതിരായ പ്രതിഷേധ സമരത്തിന്റെ വാർത്തകളായിരുന്നെങ്കിൽ പിനീട് മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള പ്രക്ഷോഭങ്ങളുടെ വാർത്തകൾക്കായി പത്രങ്ങളിൽ സ്ഥാനം.   ടെലിവിഷൻ വെക്കാൻ അടച്ചുറപുള്ള ഒരു കൂരയും ഇലക്റ്റ്രിസിറ്റി കണക്ഷനും വേണം എന്നാൽ നാടോടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വരെ മൊബൈൽ കൊണ്ടു നടക്കാൻ  മറ്റ് സൗകര്യങ്ങൾ ആവശ്യമില്ല.  കക്കൂസുകഴുകുന്ന  വണ്ടിയുടെ തണ്ടിൽ മൂന്ന് മൂലയ്ക്കുമിരുന്ന് ഫോൺ ചെയ്യുകയും പാട്ടുകേള്ക്കുകയും ചെയ്യുന്ന തമിഴന്മാർ എന്നെങ്കിലും ഇന്റർ നെറ്റ് ഉപഭോക്താക്കൾ ആകുമെന്നോ കമ്പ്യൂട്ടർ ഉടമകളാകുമെന്നോ സങ്കൽപ്പിക്കുക വയ്യായിരുന്നു.  എന്നാൽ ഏറ്റവും താഴെതട്ടിലുള്ള ഒരു ഗ്രാമീണനും മൊബൈൽ നെറ്റ് വർക്കിൽ ചെന്നു വീഴും എന്ന് ഇന്ന് സംശയമില്ലാതെ പറയാം.  അതാണു മൊബൈലിന്റെ സർവ വ്യാപിയായ സ്വാധീനം.  ടെലിവിഷൻ ചാനലുകൾ പോലും ഇന്ന് വരുമാനത്തിനു പരസ്യങ്ങളെ പോലെ ആശ്രയിക്കുന്നത് എസ് എം എസ് കളെക്കൂടി ഓർക്കണം.  ഏറ്റവും നിക്ഷേപം നടന്ന മേഖല എന്നതുപോലെ ഏറ്റവും അഴിമതി ഉണ്ടായ മേഖലയും ടെലികമ്യുണിക്കേഷൻ ആണ് എന്നത് മറ്റൊരു വസ്തുത.

 

1994-ൽ നാഷണൽ ടെലികോം പോളിസി ഡ്രാഫ്റ്റ് ചെയ്യുന്ന സമയത്ത് നൂറിൽ ഒരാൾക്ക് മാത്രമേ ഇൻഡ്യയിൽ ഫോൺ സൗകര്യം ഉണ്ടായിരുന്നുള്ളൂ. . പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ ടെലി ഡെൻസിറ്റി 32 ശതമാനം ആയി വർദ്ധിച്ചു. ടെലികമ്യുണിക്കേഷൻ രംഗത്തേക്ക് സ്വകാര്യ മേഖല 1998 ൽ കടന്നു വരുന്നതോടെയാണ് ഒരു ശതമാനത്തിൽ നിന്ന് ടെലി ഡെൻസിറ്റിയുടെ വളർച്ചാ നിരക്ക് മുപ്പത് ശതമാനത്തിലേക്ക് ഉയർന്നത്.   2009 ലെ കണക്കനുസരിച്ച് പ്രതിമാസം പത്ത് മില്യൺ വരിക്കാർ  ടെലികമ്യുണിക്കേഷനിലേക്ക് പുതുതായി രംഗപ്രവേശം ചെയ്യുന്നു. ലാൻഡ് ഫോൺ വളർച്ച മുരടിക്കുകയും ജനം മുഴുവൻ മൊബൈലിലേക്ക് ചേക്കേറുകയും ചെയ്യുന്നത് ഈ കാലയളവിലാണ്.  ഇൻഡ്യയേക്കാൾ വിസ്തൃതമായ ചൈന ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മൊബൈൽ കവറേജിന്റെ കാര്യത്തിൽ ഇൻഡ്യ ഏറെ പിറകിലായിരുന്നു.  സംസ്ഥാനങ്ങൾക്കിടക്കുള്ള അന്തരവും വലുതാണ്.  ടെലികമ്യുണിക്കേഷൻ രംഗത്തെ വളർച്ച ഇൻഡ്യയുടെ  മൊത്തം വികസനത്തെ നേരിട്ട് സ്വാധീനിക്കുന്നു  എന്ന് ഇതിനിടെ ചില പഠനങ്ങൾ വാദിച്ചു.  2009- ൽ വോഡഫോൺ കമ്പനി അവതരിപ്പിച്ച റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനങ്ങളുടെ വളർച്ചാ നിരക്കിനെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം മൊബൈൽ വ്യാപനം ആണ്.  വ്യാവസായികമേഖലയോടൊപ്പം തന്നെ കാർഷിക മേഖലയിലും മൊബൈൽ ടെക്നോളജി സൃഷ്ടിച്ച മാറ്റം അത്ഭുതാവഹമാണെന്ന് സഞ്ജയ് ഗാന്ധി, സുരഭി മിത്തൽ, ഗൗരവ് ത്രിപാഠി എന്നിവർ നടത്തിയ പഠനങ്ങൾ പറയുന്നു.

 

ഒരു വ്യക്തിയുടെ സാമൂഹ്യ ജീവിതത്തിലും സ്വകാര്യജീവിതത്തിലും ഒരു ഡിവൈസ് എന്ന രീതിയിലും ഒരു കമ്യുണിക്കേഷൻ സിസ്റ്റം എന്ന നിലയിലും മൊബൈലുകൾ സൃഷ്ടിച്ച സൂക്ഷം വ്യതിയാനങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കുന്നത് കൗതുകകരമാണ്.

തന്റെ വ്യക്തിസത്തയ്ക്കനുസരിച്ച് ഒരാൾ ഏറ്റവും കൂടുതൽ കസ്റ്റമൈസ് ചെയ്ത ഉപകരണം മൊബൈൽ ആണെന്ന് പറയാം.  ഒരാളുടെ ഒരു ദിവസം അയാൾ ഏറ്റവും കൂടുതൽ കാണുന്ന സ്പർശിക്കുന്ന ഒരു ഉപകരണവും മൊബൈൽ ആണ്.  സ്വാഭാവികമായും മൊബൈൽ എന്ന ഉപകരണം തന്റെ വ്യക്തിജീവിതത്തിന്റെ അടർത്തിമാറ്റാൻ കഴിയാത്ത ഭാഗമായി നമ്മൾ ഉൾക്കൊള്ളുന്നു.  സാമൂഹ്യസാമ്പത്തിക വിനിമയാവശ്യങ്ങളേക്കാൾ സ്വകാര്യമായ വൈകാരിക വിനിമയങ്ങൾക്കാണ് മൊബൈൽ കൂടുതൽ ഉപയോഗിക്കപ്പെടുന്നത്.  പൊതു ജീവിതത്തിൽ വലിയ സാമൂഹ്യബന്ധങ്ങളിൽ ഏർപ്പെടാത്ത, അധികം സംസാരിക്കാത്ത ആൾ പോലും മൊബൈൽ വിനിമയങ്ങളിൽ കൂടുതൽ സജീവമാകുന്നുണ്ട്.  നിങ്ങൾക്ക് മൊബൈൽ ഫോൺ ഇല്ല എന്നതിനർത്ഥം നിങ്ങളെ ഒരു അത്യാവശ്യ കാര്യത്തിനും ആർക്കും ആവശ്യമില്ല എന്ന മാത്രമാണ്.  നിങ്ങൾക്ക് ആവശ്യമില്ല എന്നതല്ല.  ഈ സാമൂഹ്യമായ സമ്മർദ്ദം കൂടിയാണ് മൊബൈൽ ശൃംഖലയിലേക്ക് ഒരു വ്യക്തിയെ തുടക്കത്തിൽ തള്ളിവിടുന്നത്.

 

നിങ്ങളുടെ സാമൂഹ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ മാത്രമല്ല തത്കാല സാമൂഹ്യാന്തരീക്ഷത്തിൽ നിന്ന് നിങ്ങളെ വിടുതൽ ചെയ്യാനും മൊബൈലുകൾക്ക് കഴിയുന്നു.  പെട്ടെന്നുണ്ടാകുന്ന ഒറ്റപ്പെടലോ, അപരിചിതത്വമോ, നിരാലംബതയോ, അസ്വസ്ഥസാന്നിധ്യങ്ങലോ മറികടക്കാനുള്ള നല്ല ഒരു ഉപായമായാണ് പലരും മൊബൈൽ ഫോണുകളെ ഉപയോഗിക്കുന്നത്.  കാൾ അറ്റൻഡ് ചെയ്യാൻ എന്ന മട്ടിൽ  എഴുന്നേറ്റ് ബോറടിപ്പിക്കുന്ന പ്രസംഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവരാണു നമ്മൾ.   പലപ്പോഴും ഒന്നാന്തരം ഒരു ബോഡി ഗാഡാണത്.   ട്രെയിൻ യാത്രകളിൽ, മീറ്റിങ്ങുകളിൽ കല്യാണവീടുകളിൽ ബസ്സിൽ ഒക്കെൊറ്റപ്പെടുമ്പോൾ മാത്രമല്ല, അപരിചിത സൗഹൃദങ്ങൾ തലനീട്ടുമ്പോഴും ചുഴിഞ്ഞു നോക്കുമ്പോഴും മൊബൈലിന്റെ ലോകത്തേക്ക് നമ്മൾ രക്ഷപ്പെടുന്നു.  സ്ത്രീകൾ ആണ് ഏറ്റവും സമർത്ഥമായി ഇത് ഉപയോഗിക്കുന്നത്.  നിരന്തരം ഫോൺ വിളിച്ച് എൻ ഗേജ്ഡ് ആവുന്നത് പൂവാല ശല്യം കുറയ്ക്കാനുള്ള എളുപ്പ വഴിയായി പല സ്ത്രീകളും കാണുന്നു.

തങ്ങൾക്കു സ്വകാര്യവും സുരക്ഷിതവുമായ ഒരു നെറ്റ് വർക്ക് എപ്പോഴും ചുറ്റിലുമുണ്ട് എന്ന് അന്യരെ ധരിപ്പിക്കാനുള്ള വഴി കൂടിയാണത്.  ഫാൾസ് കാളുകൾ സെറ്റ് ചെയ്യുന്നവരും അനവധി.

 

ഏതെങ്കിലും സാമൂഹ്യസന്ദർഭത്തിൽ നിങ്ങൾക്ക് താല്പര്യമില്ല എന്നോ ഉൽസുകരല്ല എന്നോ ആവിഷ്കരിക്കാനുള്ള ഉപാധി കൂടിയാണ് ഫോണെടുത്ത് വെറുതെ കളിക്കൽ.  അത് പ്രണയസല്ലാപങ്ങൾക്കിടക്കോ ഔദ്യോഗിക മീറ്റിങ്ങുകൾക്കിടക്കോ ആകാം.  ാതേ പോലെ നിങ്ങൾ സന്ദർഭത്തിനു തികഞ്ഞ ഗൗരവം നൽക്കുന്നു എന്ന് കാണിക്കുകയാണ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ ചെയ്യുന്നത്.   എന്റെ ഈ സമയം എക്സ്ക്ലുസീവ് ആയി നിനക്കുള്ളതാണെന്നാണ് കൂടെയുള്ള ഇണയോടുള്ള സന്ദേശം .

ഓഫീസ് കാര്യ നിർവഹണത്തിനിടയിലോ സ്വകാര്യ സംഭാഷണങ്ങളിലോ ചടങ്ങുകൾക്കിടയ്ക്കോ വന്നു പതിക്കുന്ന മൊബൈൽ വിളികൾ ആ സന്ദർഭത്തിന്റെ മുഴുവൻ ഏകാഗ്രതയും ആ സാമൂഹ്യസന്ദർഭത്തെ തന്നെയും തകർത്തുകളയാറുണ്ട്.  അത്തരം വിളികളോട് കൂട്ടാളികൾ അസഹിഷ്ണുക്കളാവും.  ഒരേ സമയം ബഹുമുഖ വേഷം കെട്ടുന്ന ഫോൺ ഉടമയാകട്ടെ തന്റെ ഇരട്ട വ്യക്തിത്വത്തെ ഒരു പോലെ സംപ്രീതിപ്പെടുത്താൻ പാടുപെടുകയും ചെയ്യും.  ഇടക്കിടയ്ക്ക് ആംഗ്യ വിക്ഷേപങ്ങളും മുഖം കൊൻടുള്ള ഗോഷ്ടികളും ചിരിയും സ്പർശവുമൊക്കെയായി തന്റെ ഭൗതിക പരിസരത്തോടും ഭൗതിക സാമൂഹ്യബന്ധത്തോടും ബന്ധം നിലനിർത്താൻ  അവർ ക്ലേശിക്കുന്നതുകാണാം .

നമ്മൾ സഞ്ചരിക്കുന്ന  വഴികളിലൊക്കെ നമ്മളെ പിൻ തുടരുന്ന മൊബൈൽ ബന്ധങ്ങൾ നമ്മളെ സ്വതന്ത്രരാക്കുകയല്ല  ചെയ്യുന്നത്.  എന്ന് സൂക്ഷ്മ വിശകലനത്തിൽ കാണാം.  രക്ഷാകർതൃപദവിയിലിരിക്കുന്നവർക്ക്  എവിറ്റെയും തങ്ങൾക്ക് കീഴിലുള്ളവരെ പിൻ തുടരാനുള്ള മാർഗമാണ് മൊബൈലുകൾ.  തങ്ങളുടെ കുട്ടികൾ അകന്ന് നിൽക്കുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുന്നത് മാതാപിതാക്കൾക്ക് കടുത്ത ഉദ്വേഗമുണ്ടാക്കും.  പുരുഷന്മാരേക്കാൾ ഇക്കാര്യത്തിൽ സ്ത്രീകൾ അസ്വതന്ത്രത അനുഭവിക്കുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു.  ഭാര്യ മൊബൈൽ ഫോൺ ഓഫ് ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമായി കാണുന്നവരാണധികവും.  ഇതേ മനോഭാവം തന്നെയാണ്  മേലധികാരികൾക്കും.

മറ്റൊരു പ്രശ്നം ഭൗതിക പ്രതീത പരിസരങ്ങളുടെ ഇടകലരലാണ് .  സുഹൃത്തുക്കളുമായി ബാറിൽ ഉല്ലസച്ചിരിക്കുമ്പോൾ വരുന്ന ബോസിന്റെ ഫോൺ വിളിയോ ഒരു സാമൂഹ്യ സന്ദർഭത്തിൽ ഇടിച്ചു കയറി വരുന്ന സ്വകാര്യ കാളോ നമ്മളിലെ നല്ല നടന്റെ പരീക്ഷണ സന്ദർഭങ്ങൾ കൂടിയാണ്.

 

ഇൻഷുറൻസ് ഏജന്റിനോ സെയിൽസ് എക്സിക്യുട്ടീവിനോ  താഴെതട്ടിലുള്ള ഉദ്യോഗസ്ഥനോ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കായി എപ്പോഴും മേലുദ്യോഗസ്ഥനെയോ കൂടുതൽ അറിവുഌഅവരെയോ കൂട്ടാളികളെയോ എപ്പോഴും കണക്റ്റ് ചെയ്യാമെന്നതാണു ടെലിഫോൺ നൽകുന്ന ഒരു സൗകര്യം.  സാധാരണ ഓഫീസ് ഘടനയിൽ മേലുദ്യോഗസ്ഥന്റെ അപ്പോയിന്റ്മെന്റ് അത്ര എളുപ്പമല്ലാതിരിക്കെ കൂടുതൽ തുറന്ന അനൗപചാരികവും വേഗത്തിലുള്ളതുമായ വിനിമയം ഫോൺ വഴി അയാൾക്ക് സാധിക്കുന്നു.   വ്യക്തിയെ പലതലങ്ങളിൽ ശാക്തീകരിക്കുന്നു  എന്ന് പറയുമ്പോൾ തന്നെ എന്തിനും ഏതിനും ഉപദേശ നിർദേശങ്ങൾക്കായി വിരൽ തുമ്പിൽ ആളുകളുള്ളപ്പോൾ തിരുമാനമെടുക്കുന്നതിൽ പോലുമുള്ള വ്യക്തിയുടെ സ്വാശ്രയശീലവും സ്വയം നിർണ്ണയാവകാശവും അപകടപ്പെടുകയാണു ചെയ്യുന്നത്  എന്ന വസ്തുതയും വിസ്മയിക്കരുത്.  നമ്മുടെ ഉത്തരവാദിത്തങ്ങളെ അത് വർസ്ഷിപ്പിക്കുകയും ചെയ്യുന്നു.  നിനക്കപ്പൊൾ തന്നെ വിളിച്ചു ചോദിക്കാമായിരുന്നില്ലേ മൊബൈലില്ലേ കയ്യിൽ എന്നാണ് അധികാരം ക്ഷോഭിക്കുക.

 

ഇരട്ട ജീവിതങ്ങളെ, ബഹുമുഖ വ്യക്തിത്വങ്ങളെ ഒക്കെ സമാന്തര ജീവിതങ്ങളാക്കി ഒരേ സമയം കൊണ്ടു നടക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കി എന്നതാണു മൊബൈൽ ഫോണുകൾ വ്യക്തിയുടെ സാമൂഹ്യജീവിതത്തിൽ  സൃഷ്ടിച്ച മറ്റൊരു മാറ്റം.  തങ്ങളുടെ ഇച്ഛകൾക്കനുസരിച്ച് പല കൈവഴികളിലായി കലമ്പലുകൾ കൂടാതെ ഒഴുകാനുള്ള ഒരു ഫ്ലൂയിഡീറ്റി അത് വ്യക്തിസത്തകളിൽ  ഉണ്ടാക്കി.  ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മയ്ക്ക് വീട് ഭരണം ഓഫീസുഭരണവും ഇന്ന് ഇരട്ട വേഷങ്ങളോ ജോലിയോ അല്ല.  ഓഫീസിലിരിക്കെ തനെ അടുക്കളയിലും മക്കളുടെ പഠിപ്പിലും ഭർത്താവിന്റെ തീൻ മേശപ്പുറത്തും ഓടിയെത്താൻ മൊബൈലുകൾ  അവളെ സഹായിക്കുന്നു. പാരന്റിങ്ങിന്റെ ഒരു കരസ്പർശം എപ്പോഴും നെഞ്ചിൽ കൊണ്ടു നടക്കാൻ പുതുകുടുംബത്തിനാവുന്നു.

 

ഇങ്ങനെ ഒരേ സമയം നിരവധി സൂക്ഷ്മ വൈകാരിക നെറ്റ് വർക്കുകളെ കലഹരഹിതമായി കൊണ്ടു നടക്കാൻ കഴിയുന്നു എന്നതുകൊണ്ട് അത്തരം ബന്ധങ്ങൾ അതിദ്രുതവും ആവേഗ പൂർണ്ണവും ആകുന്നു.  പലതും വളരെ പെരിഫറൽ ആണ്.  ശബ്ദമാത്രമോ ടെക്സ്റ്റ് അധിഷ്ഠിതമോ ആയ  ഡിസ്റ്റന്റ് ബന്ധങ്ങളാൺ` ഭൂരിപക്ഷവും എന്നതുകൊണ്ട് അവരവരെ സമർത്ഥമായി ഒളിപ്പിക്കാനും ആഗ്രഹിക്കുന്ന രീതിയിൽ പ്രകാശിപ്പിക്കാനും ഏത് നിമിഷവും പിൻ മാറാനും എളുപ്പമാണ്.   ഒരേ സമയം നൂറുകണക്കിനു പ്രണയ ബന്ധങ്ങളിലും ചങ്ങാത്തങ്ങളിലും നിഷ്പ്രയാസം  ഏർപ്പെടാൻ അത് നമ്മെ പര്യാപ്തമാക്കുന്നു.  ഫ്ലെർട്ടിങ്ങുകളുടെ പുതിയ കാലത്തെ സാങ്കേതികമായി എക്വിപ്ഡ് ആക്കുന്നത് ഇന്റർ നെറ്റും മൊബൈൽ ഫോണുമാണ്.  ‘കന്യമാർക്കു നവാനുരാഗങ്ങൾ കമ്ര ശോണസ്ഫടിക വളകൾ ഒന്നു പൊട്ടിയാൽ മറ്റൊന്ന്’ എന്ന ചങ്ങമ്പുഴക്കാലം എന്നോ കഴിഞ്ഞു.  ഒന്നും പൊട്ടിക്കാതെ മറ്റ് പലതും കൊണ്ടുനടക്കാൻ ഇന്നൊരാൾക്ക് കഴിയും.

 

ഫ്ലോട്ടിങ്ങ് ആയ ഇത്തരം ഒരു സ്വത്വ വികാസം താരതമ്യേന ഖരസ്വഭാവത്തിലുള്ള കുടുംബ ദാമ്പത്യ ഘടനകൾക്കകത്തും സാമൂഹ്യ ഘടനയിലും വീഴ്ത്തുന്ന വിള്ളലുകൾ നിസ്സാരമല്ല.  കുടുംബത്തിനകത്ത് തന്നെ വ്യക്തികൾക്കിടയിൽ പരസ്പര വിശ്വാസരാഹിത്യത്തിലേക്കും സംശയങ്ങളിലേക്കും നിസ്സഹായതകളിലേക്കും  അത് വളരുന്നു.  കുടെ കിടക്കുന്നവനല്ല രാപ്പനിയറിയുന്നത് എന്നതാണു പ്രശ്നം.  ലാൻഡ് ഫോണുകൾ കൂടുതൽ സാമൂഹ്യവും പൊതുവും ആയ ഒരു ഉപകരണം ആയിരുന്നു.  കുടുംബത്തിനകത്തേക്കും പുറത്തേക്കും  സംഭവിക്കുന്ന വിളികളിൽ പലതരം നിയന്ത്രണങ്ങൾ രക്ഷാകർതൃത്വങ്ങൾ സാമൂഹ്യമായ പങ്കുവെയ്ക്കലുകൾ ഒക്കെ സാധ്യമായിരുന്നു.  ഫോണിന്റെ അധികാരി കുടുംബനാഥൻ ആയിരിക്കും.  ബാക്കി ഒക്കെ കെയർ ഓഫ് വിളികൾ ആവും.  മറ്റൊരാളിലൂടെ മാത്രമേ പലപ്പോഴും നമുക്ക് ഉദ്ദേശിച്ച ആളെ ഫോണിൽ ലഭിക്കുകയുള്ളൂ പലപ്പോഴും അയാളുമായി ആവ്ശ്യമില്ലെങ്കിലും ചില സംഭാഷണങ്ങളും വിനിമയങ്ങളും ആവശ്യമായി വരും .  നമ്മുടെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടി വരികയോ ആവശ്യം  വിശദീകരിക്കേണ്ടി വരികയോ  ചെയ്യേണ്ടി വരും.  ചോദ്യം ചെയ്യലുകൾ പോലെ ചില അസുഖകരമായ സാഹചര്യങ്ങൾ അറ്റ് ലീസ്റ്റ് ഇരുത്തിയുള്ള ഒരു മൂളലോ നെറ്റി ചുളിക്കുന്ന ഒരു നോട്ടമോ അസ്വസ്ഥതയുടെ എന്തെങ്കിലും തരം പ്രകാശനമോ സഹിക്കേണ്ടി വരും.  കാരണം അവിടെ ലാൻഡ് ഫോൺ കുടുംബത്തിലെ ഒരു പൊതുസ്വത്താണ്.  കാശൂ കൊടുത്ത് വിളിക്കൂന്ന പബ്ലിക്ക് ടെലിഫോൺ ബൂത്തുകളിൽ പോലും നമ്മൾ പബ്ലിക്കിന്റെ മോണിറ്ററിങ്ങിനു വിധേയമാകേണ്ടി വരും.  എന്നാൽ തിരക്കു പിടിച്ച ട്രെയിനിൽ തൂങ്ങി നിന്ന് മൊബൈലിൽ സൊള്ളുന്നവനെയും വിളിക്കുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന  ആംഗിക ചേഷ്ടകളും ശബ്ദങ്ങളും കാണിക്കുന്നവനെയും നിയന്ത്രിക്കാൻ നമുക്ക് അവകാശമില്ല.  മൊബൈൽ ഫോണുകൾ പൂർൺനമായും വ്യക്തി നിഷ്ഠമായ ഒരു ഉപകരണമാണ്, റിങ്ങ് ടോണുകൾ, ഫോണിനു പേരിടൽ, അപ്ലിക്കെഷനുകൾ ഇൻസ്റ്റാൾ ചെയ്യൽ, വാൾ പേപ്പർ ഇടൽ, ഡയൽ ടോൺ സെലക്റ്റ് ചെയ്യൽ തുടങ്ങിയ എല്ലാതരം കസ്റ്റമൈസേഷനും ഓരോരോരുത്തരും സ്വന്തം സിഗ്നേച്ചർ ഉണ്ടാകേണ്ട സംഗതികളായാണ് കാണുന്നത്.  മൊബൈൽ പൂർണ്ണമായും സ്വന്തം അധികാര പരിധിക്കുള്ളിലുള്ള സ്വകാര്യസ്ഥലമായാണ് നമ്മൾ കാണുന്നത്.   സ്ത്രീകൾക്കും കുട്ടികൾക്കും സ്വന്തമായി ഒരു മൊബൈൽ ഫോൺ ഉണ്ടാവുന്നത്  വലിയ ഒരു മാറ്റമാണ്.  മോഡൽ പോലും അവിറ്റെ വ്യക്തിനിഷ്ഠമായ ചോയ്സാണ്.  സിം കാർഡിനുള്ള രജിസ്റ്റ്രേഷൻ ഫോമിൽ ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് ഓരോരുത്തരും രജിസ്റ്റർ ചെയ്യപ്പെടുന്നത്.  ഫോൺ അങ്ങനെ അയാളുടെ അവളുടെ അവന്റെ സ്വകാര്യ സ്വത്താകുന്നു.  പാട്രിയാർക്ക അധികാരങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ആയുധമായി പോലും അത് പരിവർത്തിക്കപ്പെടുന്നു.  പണ്ട് അമേരിക്കയിൽ ഒരു വ്യക്തി കാർ വാങ്ങുന്നതോടെയാണു പൗരൻ എന്ന നിലയിൽ പ്രായപൂർത്തിയാകുന്നതെങ്കിൽ ഇന്ന് ഇൻഡ്യയിൽ ഒരാൾ ഒരു മൊബൈൽ സ്വന്തമാക്കുന്നതോടെ താൻ ഒരു സ്വതന്ത്ര വ്യക്തിയാണെന്ന് അവൻ സ്വയം പ്രഖ്യാപിക്കുകയാണ്.  ഇങ്ങനെ നിരവധി സ്വതന്ത്രദ്വീപുകളുടെ ഒരു തുരുത്തായി കുടുംബം മാറുമ്പോൾ കുടുംബബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ സ്വാഭാവികമായും കുറയുന്നു.  തങ്ങളുടെ കാൾ രജിസ്റ്ററോ മെസേജ് ബോക്സോ രക്ഷിതാക്കൾ ചെക്ക് ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമോ അധികാരസ്ഥാപനമോ ആയി കുട്ടികൾ പോലും വ്യാഖ്യാനിക്കുന്നു.  മറ്റൊരാൾക്ക് അസ്പൃശ്യമായ ഒരു നിഗൂഢ അന്യ വസ്തുവായി ഓരോ കിടക്കയിലും ഫോണുകൾ ഉറങ്ങാതെ കിടക്കുന്നു.  അസമയത്ത് വരുന്ന കാളുകളേക്കാൾ ശബ്ദ രഹിതമായി പ്രകാശിക്കുന്ന മെസേജുകൾ ദാമ്പത്യങ്ങളിൽ മടകൾ സൃഷ്ടിക്കുന്നു.

 

സാമൂഹ്യ വിനിമയോ പാധി എന്ന നിലയിൽ കടന്നു വന്ന മൊബൈലുകൾ യഥാർത്ഥത്തിൽ സാമുഹ്യതയെ തകർക്കുകയും സൂക്ഷമ നെറ്റ് വർക്കുകളെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.  ആധുനിക സമൂഹത്തിൽ അത് ഒരു ഗോത്ര നിർമ്മിതി സാധ്യമാക്കുന്നു.  അതുകൊണ്ടാണ്  മൊബിൽ ഭാഷണങ്ങൾ ആധുനീകപൂർവ സംവേദനങ്ങളുടെ അനുപചാരികതയും വൈകാരിക വിക്ഷോഭവും ആംഗിക ശാബ്ദിക ചേഷ്ടകൾ നിറഞ്ഞതും പലപ്പോഴും മൗനങ്ങളും മൂളലുകളും കൊണ്ട് നിറയുന്നതും ആകുന്നത്.  ലാൻഡ് ഫോണുകളേക്കാൾ വൈകാരികാവിഷ്കാരം മൊബൈൽ സാധ്യമാക്കുന്നു.  ടെക്സ്റ്റിങ്ങാകട്ടെ ചുരുക്കെഴുത്തുകളും സ്മൈലികളും  വിചിത്രരൂപിമങ്ങളും കലർന്ന ഭാഷയുടെ ഔപചാരിക പ്രതലങ്ങളെ തകർക്കുന്ന മറ്റൊരു ഡയലക്റ്റായി മാറുന്നു.  അപലപ്പോഴും ഒരു യൂണിവേഴ്സൽ രജിസ്റ്ററിന്റെ സ്വഭാവം ടെക്സ്റ്റിങ്ങ് കൈവരിക്കുന്നുണ്ട്.  ഗ്രൂപ്പ് ബൾക്ക് മെസ്സേജുകൾ ഫോർവേഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയ സവിശേഷതകൾ  ആ വിനിമയ ശൃംഖലയുടെ കേന്ദ്രത്തെ തന്നെ ഇല്ലാതാക്കുന്നുണ്ട്.

 

സാമൂഹ്യമായ തുറവികളേ ഇല്ലാത്ത നിഗൂഢ വ്യക്തി ബന്ധങ്ങളെ നിലനിർത്താൻ മൊബൈൽ ഫോണുകൾക്കും സോഷ്യൽ നെറ്റ് വർക്കുകൾക്കും കഴിയുന്നുണ്ട്.  അതാകട്ടെ ട്രാൻസ് സ്പേഷ്യൽ കൂടിയാണ്.  കാനഡയിലുള്ള ഒരാൾ നാട്ടിൽ ഒരു പെൺ കുട്ടിയെ പരിചയപ്പെടുന്നത് ചാറ്റ് വഴിയാണ്.  മണിക്കൂറുകൾക്കുള്ളിൽ അത് മൊബൈൽ ഫോൺ വിനിമയം ആയി.  ദിവസങ്ങൾക്കുള്ളിൽ ഒരു ഫെയ്ക്ക് ഇമോഷണൽ ഇന്റിമസി രൂപപ്പെടുന്നു.  നാട്ടിലുള്ള  ഹ്രസ്വമായ അവധിക്കാലത്ത് ഒന്നിച്ചുള്ള യാത്രകളിലേക്കും കൂടിക്കഴിയലിലേക്കും അത് മാറി.  പരസ്പരം തങ്ങളുടെ സ്വകാര്യ ജീവിതം ഒളിപ്പിച്ചു വെച്ചുകൊണ്ട് അതോടൊപ്പം ഈ സ്വകാര്യബന്ധത്തെ ഒട്ടും സാമൂഹ്യമാക്കാതെ സ്വന്തം കുടുംബത്തിനകത്തുപോലും അനാവരണം ചെയ്യാതെ രഹസ്യമായി സാധിക്കാൻ അവർക്കാവുന്നു.  തിരിച്ച് സുരക്ഷിതമായി തങ്ങളുടെ ഇടങ്ങളിലേക്ക് മടങ്ങാനും.  ഫോൺ വഴി ഈ ബന്ധത്തിന്റെ ഊഷ്മളത വേണമെങ്കിൽ നിലനിർത്താം.  അല്ലെങ്കിൽ ഒരു സിം മാറ്റത്തിലൂടെ അവസാനിപ്പിക്കുകയും ആവാം.  ഇങ്ങനെ നിരവധി നിഗൂഢ ജീവിതങ്ങൾക്കും അധോതല ബന്ധങ്ങൾക്കും ആണിനെയും പെണ്ണിനെയും  എക്യുപ്ഡ് ആക്കുന്നത് മൊബൈൽ ഫോണൂകൾ ആണ്.  സാമൂഹ്യമായ പ്രകാശനങ്ങളൊന്നും വേണ്ടാത്ത ബന്ധങ്ങൾ ആണ് രൂപപ്പെടുന്നത്.  പഴയ അറബിക്കല്യാണങ്ങളുടെ കാലം കഴിഞ്ഞു പോയി എന്നർത്ഥം.  ഇത്തരം തൊലിപ്പുറത്തുള്ള ബന്ധങ്ങളെ സൃഷ്ടിക്കുന്ന പ്ലഷർ ഹണ്ടുകൾ വലിയ സെക്സ് റാക്കറ്റുകളുടെ കെണികളിലേക്കുള്ള കൂപ്പുകുത്തലും  ആകാറുണ്ട്. ഇതിന്റെ മറ്റൊരു തലമാണ് കല്പിത വ്യക്തിത്വങ്ങളോട് മണിക്കൂറുകളോളം രമിക്കാനും നമ്മുടെ  ഇച്ഛകളും തൃഷ്ണകളും പങ്കുവെക്കാനും സഹായിക്കുന്ന ഏജൻസികളുടെ കടന്നു വരവ്.  മൊബൈൽ സെക്സിന്റെ വിഭ്രമാത്മകലോകത്തേക്ക് ടീനേജുകാരണ് കൂടുതൽ ആകർഷിക്കപ്പെടുന്നത്.

നമ്മുടെ മാനസികഘടനയിൽ മൊബൈലുകൾ സൃഷ്ടിച്ചിട്ടുള്ള സ്വാധീനം ഞെട്ടിക്കുന്നതാണ്.  തന്റെ തൊട്ടടുത്തുള്ള സാമൂഹ്യയാഥാർത്ഥ്യത്തിൽ നിന്ന് സ്വതന്ത്രമാക്കി  തനിക്ക് അനുഗുണമായ ഒരു സാമൂഹ്യപ്രതീതപ്രതലത്തെ സൃഷ്ടിക്കാനും അതിൽ ജീവിക്കാനും വ്യക്തിയെ മൊബൈലുകൾ  പ്രാപ്തരാക്കിയെങ്കിലും മൊബൈലുകൾക്ക് അടിപ്പെടുന്ന തരം ആധമർണ്ണ്യത്തിലേക്ക് അത് വ്യക്തിയെ കൊണ്ടെത്തിക്കുകയും ചെയ്തിട്ടുണ്ട്.    ഫെയ്സ് ബുകിൽ നിന്നു വിട്ടു നിൽക്കാനുള്ള തിരുമാനം പോലെ അതിനേക്കാൾ കർക്കശവും ക്ലിഷ്ടവുമായ തിരുമാനമായി മാറുന്നു മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാൻ ഒരു വ്യക്തി എടുക്കുന്ന തിരുമാനം.  അസാമാന്യമായ ആത്മധൈര്യം വേണം അതിന്.  മാത്രമല്ല ഈ സാമൂഹ്യ ഉടമ്പടിയിൽ നിലനിൽക്കുന്ന ചങ്ങാതിയെ സംബന്ധിച്ചിടത്തോളം അയാൾ ടെലിഫോൺ ബന്ധം വിച്ഛേദിക്കുന്നത് സാമൂഹ്യമായ ഒരു തിന്മയായി തോന്നുകയും ചെയ്യുന്നു.  സത്യത്തിൽ ടെലിഫോൺ ഒരു വ്യക്തിയെ സ്വതന്ത്രമാക്കുകയാണോ ചെയ്യുന്നത്? ഒരാൾ മണിക്കൂറിൽ പതിനൊന്ന് തവണ എങ്കിലും മൊബൈലിനെ സമീപിക്കുന്നു എന്നാണ് കണക്കുകൾ.  ഇതിൽ ഇന്റർ പേഴ്സണൽ ആയ വിനിമയങ്ങളുടെ എണ്ണം തുലോം കുറവായിരിക്കും കൂടുതലും ഫോണിൽ തൊടാനും തലോടാനും വെറുതെ ഇൻ ബോക്സ് ചെക്ക് ചെയ്യാനും മൊബൈൽ ഗെയിമുകൾക്കുമൊക്കെ ആവും.  പലപ്പോഴും ഒരു നാർസിസിസ്റ്റ് പ്രവണതയാണ് മൊബൈൽ വിനിമയങ്ങളിൽ പ്രവർത്തിക്കുന്നത്.  തന്ന തന്നെ ലാളിക്കുകയാണ്.  അതിനു സമൂഹ്യമായ തുറസ്സുകളൊന്നുമില്ല.  പലപ്പോഴും അടുക്കള ജോലികളിൽ വ്യാപൃതയായ വീട്ടമ്മ തൊട്ടിലിൽ കിടക്കുന്ന കൈക്കുഞ്ഞിന്റെ അടുത്തേക്ക് വന്ന് പോകുന്നതുപോലെ ഓഫീസ് സമയത്തും വെറുതെ ഇരിക്കുമ്പോഴും ഒരു കളിപ്പാട്ട കൗതുകം പോലെ മൊബൈലിനെ നാം കയ്യിലെടുത്ത് ഓമനിക്കുന്നു.  ഒടുങ്ങാത്ത കുട്ടിക്കാലം അവിടെ നമ്മൾ ചവയ്ക്കുന്നു.

നിശബ്ദതയും തടസ്സങ്ങളും തത്കാല വിച്ഛേദങ്ങളും ഏത് വിനിമയ വ്യവസ്ഥയുടെയും കാതലായ വശങ്ങളാണ്.  സംസാരിക്കുന്ന സന്ദർഭത്തെ ഊഷ്മളമാക്കുന്നത് ഈ പൊട്ടിപിരിയലുകൾ കൂടിയാണ്.  അത്തരം വിച്ഛേദങ്ങളെ ഇല്ലാതാക്കി  നിരന്ത്ര ബന്ധത്തിൽ വ്യക്തികളെ  അകപ്പെടുത്തുന്നു എന്നത് ഒരു പക്ഷേ മൊബൈൽ സൃഷ്ടിച്ച ഒരു വല്ലാത്ത വിനിമയ പ്രതിസന്ധി കൂടിയാണ്. ഏറെ ദിവസം വിളിക്കാതിരുന്നു ഒരു കാളിനായി കാത്തു നിക്കവെ വരുന്ന മണിനാദം, ആകസ്മികമായി വരുന്ന കത്ത് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംഗമിക്കുന്ന കാമുകീ കാമുകന്മാർ. വേർപിരിയലിന്റെ വേദന, വിരഹം, കൂടി ചേരുമ്പോഴുണ്ടാവുന്ന അടക്കി പിടിക്കൽ. പറയാൻ കാത്തുവെച്ച വിശേഷങ്ങൾ, അപരിചിതത്വങ്ങൾ പരിഭരമങ്ങൾ അവരവരെ ന്ന് പൊടുന്നനെ വരുന്ന സ്നേഹപ്രകടനങ്ങൾ ഇതെല്ലാം പട്ടുപോകുന്ന  അതിപരിചിതമായ ബന്ധങ്ങളിലേക് നമ്മൾ മെല്ലെ വഴുതി വീഴുന്നു.  ഒന്ന് മാറി ഇരിക്കുമ്പോൾ അപരൻ ഇലച്ചാർത്തിനു പ്പുറത്താവുമ്പോൾ നീ എനിക്കെന്താണ്, എന്ന വീണ്ടു വിചാരങ്ങളോ വിലയിരുത്തലുകളോ തിരുത്തലുകളോ എല്ലാം സാധ്യമായിരുന്നു.  എന്നാൽ വീട് ഒരു കൂടായി എപ്പോഴും നെഞ്ചിൽ കൊണ്ടു നടക്കുന്ന നമുക്ക്  ഗൃഹാതുരതയുടെ സ്നിഗ്ദ്ധത പോലും അന്യമാകുന്നു.
കത്തുന്ന കുരിശു പോലെ നാം നമ്മുടെ ഈടുവെപ്പുകളൊക്കെ  തന്നെ ഏറ്റി എങ്ങും സഞ്ചരിക്കുന്നു. മാളമില്ലാത്ത പാമ്പിന്റെ വ്യഥകൾ തീർന്ന് നാം കൂർമ്മാവതാരം പ്രാപിക്കുന്നു.

ഗ്രന്ഥസൂചി

Caron, André H., and Letizia Caronia. Moving Cultures: Mobile Communication in Everyday Life. McGill-Queen’s University Press, 2007. ProQuest Ebook Central,

Goggin, Gerard. Global Mobile Media /. Routledge, 2011.

Handbook of Mobile Communication Studies. MIT Press, 2008.

Hjorth, Larissa, et al. Studying Mobile Media: Cultural Technologies, Mobile Communication, and the IPhone. Taylor & Francis Group, 2012. ProQuest Ebook Central, http://ebookcentral.proquest.com/lib/inflibnet-ebooks/detail.action?docID=957290.

Images in Mobile Communication New Content, New Uses, New Perspectives /. VS Verlag für Sozialwissenschaften : Imprint: VS Verlag für Sozialwissenschaften, 2012.

Koehler, Matthew J., et al. “The Technological Pedagogical Content Knowledge Framework.” Handbook of Research on Educational Communications and Technology, edited by J. Michael Spector et al., Springer New York, 2014, pp. 101–11.,

Ling, Richard. Taken for Grantedness: The Embedding of Mobile Communication into Society. MIT Press, 2012. ProQuest Ebook Central, Ling, Richard Seyler. New Tech, New Ties : How Mobile Communication Is Reshaping Social Cohesion /. MIT Press, 2008.

—. New Tech, New Ties How Mobile Communication Is Reshaping Social Cohesion /. MIT Press, 2008.

Ling, Richard Seyler, and Per E. Pedersen, editors. Mobile Communications: Re-Negotiation of the Social Sphere. Springer, 2005.

Mobile Technologies : From Telecommunications to Media /. Routledge, 2009.

 

Comments
Print Friendly, PDF & Email

എഴുത്തുകാരൻ. സാംസ്കാരിക വിമർശകൻ. പട്ടാമ്പി കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു

You may also like