പൂമുഖം തുടർക്കഥ കാലാള്‍

അദ്ധ്യായം - 2: കാലാള്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ന്നിതാ മറ്റൊരു സാഹസത്തിലേക്ക്‌ അയാള്‍ എടുത്തുചാടിയിരിക്കുന്നു. തെങ്ങിന്‍റെ മുകളില്‍നിന്ന്‌ ശിവരാജിന്‍റെ മുദ്രാവാക്യം വിളി ജയിലന്തരീക്ഷം മുഴുവന്‍ മുഴങ്ങിക്കൊണ്ടിരുന്നു.

“വാഗ്‌ദാനങ്ങള്‍ നല്‍കി തടവുകാരെ കബളിപ്പിക്കുകയും മാനസീകമായി തകര്‍ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട്‌ അവസാനിപ്പിക്കുക.”

“തടവുകാരുടെ സമരത്തെ മര്‍ദ്ദനംകൊണ്ടും വഞ്ചനകൊണ്ടും തകര്‍ത്ത ജയില്‍സൂപ്രണ്ടിനെ ശിക്ഷിക്കുക.”

“ക്വാറന്‍റയിനില്‍ മര്‍ദ്ദനമേററു കിടക്കുന്ന ഞങ്ങളുടെ സഹോദരന്മാരെ ജയിലാസ്‌പത്രി യിലേക്ക്‌ കൊണ്ടുവരിക മര്‍ദ്ദകരെ ശിക്ഷിക്കുക.”

അയാളുടെ ശബ്‌ദം ഘനഗംഭീരമായിരുന്നു.

ശിവരാജ്‌ എന്തിന്‌ വേണ്ടിയാണ്‌ ഈ സാഹസത്തിന്‌ ഒരുങ്ങിയതെന്നറിയാതെ വിഷമിക്കുകയായിരുന്ന തടവുകാരെല്ലാവരും പെട്ടെന്ന്‌ ഉണര്‍ന്ന്‌ ജാഗരൂകരായി. കിച്ചണ്‍ തടവുകാര്‍ മുറ്റത്തേയ്‌ക്ക്‌ ചാടിയിറങ്ങി ശിവരാജിന്‌ നേരെ കൈകൂപ്പി. വാള്‍ പാറാവുകാരായ മേസ്‌തിരിമാര്‍ ചുറ്റും നോക്കിയശേഷം ജയില്‍ കോമ്പൌണ്ടിന്‍റെ നാല്‌ ഭാഗത്ത്‌ നിന്നും അയാളുടെ നേരെ മുഷ്‌ടി ഉയര്‍ത്തി അഭിവാദ്യം ചെയ്‌തു. ബ്ലോക്കിനുള്ളില്‍ കിടക്കുന്ന തടവുകാര്‍ കമ്പിയഴികള്‍ക്കിടയിലൂടെ പുറത്തേയ്‌ക്ക്‌ കൈവീശിക്കൊണ്ടിരുന്നു. പീറ്റര്‍ മേസ്‌തിരി കണ്ണടച്ചു കുരിശുവരച്ചു. ശിവരാജ്‌ അവരുടെയെല്ലാം അഭിമാനം കാത്തുവെന്ന്‌ അവര്‍ക്കെല്ലാം അനുഭവപ്പെടുന്നുണ്ടാകും.

നാല്‌ ദിവസം മുമ്പ്‌ ഞങ്ങള്‍ ചവിട്ടിമെതിച്ചത്‌ തടവുകാരുടെ മുഴുവന്‍ അഭിമാനത്തെ യായിരുന്നു. ഇനി ഒരിക്കല്‍കൂടി ഉണരാന്‍ കഴിയാത്തവിധം അവരെ തകര്‍ത്തു കളഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവ്‌ നടപ്പിലാക്കുക എന്ന ഒരേ ഒരു ആവശ്യമേ തടവുകാരുടെ സമരത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നുള്ളൂ.

സര്‍ക്കാരിന്‍റെ ഉത്തരവ്‌ എന്തൊരു ആവേശമാണ്‌ തടവുകാര്‍ക്കിടയില്‍ ഉണര്‍ത്തിയത്‌! ജയില്‍ മുഴുവന്‍ ഒരു ഉത്സവപ്രതീതിയായിരുന്നു. ഏതാനും വര്‍ഷങ്ങളായി ജയില്‍ അഡ് വൈസറി ബോര്‍ഡിന്‍റെ ഉപദേശങ്ങള്‍ നടക്കാതെ വന്നതിനാല്‍ ഉത്തരവിലെ പൊതുമാപ്പ്‌ സീനിയര്‍ തടവുകാരെയും അവരുടെ ബന്ധുജനങ്ങളേയും അതിരില്ലാത്ത ആഹ്ലാദത്തിലേക്ക്‌ ഉയര്‍ത്തി. ജയില്‍ മുറ്റം ബന്ധുക്കളേയും മിത്രങ്ങളേയും കൊണ്ട്‌ നിറഞ്ഞു. സീനിയര്‍ തടവുകാര്‍ അവരുടെ നല്ല വസ്‌ത്രങ്ങളും പുതപ്പുകളും പുല്‍പായും ജൂനിയര്‍ തടവുകാര്‍ക്ക്‌ കൈമാറി സീനിയേഴ്‌സ്‌ അല്ലാത്ത തടവുകാരും ഉദാരമായ പരോളിന്‍റേയും ഉദാരമായ ഇന്‍റര്‍വ്യൂവിന്‍റേയും പ്രതീക്ഷയിലായിരുന്നു.

മാസങ്ങള്‍ കടന്നുപോയി. എല്ലാം തകിടംമറിഞ്ഞു. സര്‍ക്കാര്‍ ഉത്തരവ്‌ കടലാസില്‍ ഒതുങ്ങി. നിയമക്കുരുക്കില്‍ അത്‌ സ്‌തംഭിച്ചു. സാധാരണഗതിയില്‍ ഉത്തരവ്‌ നടപ്പിലാകാന്‍ പത്ത്‌ ദിവസത്തില്‍ കൂടുതല്‍ വേണ്ടിവരാറില്ല. തടസ്സമെന്തെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. തടവുകാരുടെ ബന്ധുക്കള്‍ സെക്രട്ടറിയേറ്റിനും ജയിലുകള്‍ക്കുമിടയില്‍ അലഞ്ഞുനടന്നു. മന്ത്രിമാര്‍ക്കോ, ജനപ്രതിനിധികള്‍ക്കോ ഒന്നും വിശദീകരിക്കാനായില്ല. കുടുംബാംഗങ്ങളുടെ ജയിലിലേക്കുള്ള വരവ്‌ കുറഞ്ഞു കുറഞ്ഞു വന്നു.

തടവറക്കുള്ളില്‍ കഞ്ചാവിന്‍റെ പുക കനത്തു. ശിവരാജ്‌ പറഞ്ഞു “ദിനകരന്‍ സാറെ, ഇത്‌ ശരിക്കും രണ്ടുവട്ടം തൊലിയുരിക്കുന്നതിന്‌ സമമല്ലേ?.”

സംഗതി ശരിക്കും സത്യമായിരുന്നു. ജയിലന്തരീക്ഷത്തെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക്‌ നന്നേ ബുദ്ധിമുട്ടായി. ഞാന്‍ കൂടുതല്‍ ഉല്‍ക്കണ്‌ഠപ്പെട്ടത്‌ ശിവരാജിനെപ്പറ്റിയായിരുന്നു. പലതവണ അയാളെ ഉപദേശിച്ചു: “ശിവരാജ്‌ ഇതിലൊന്നും തലയിടരുത്‌. നിങ്ങളുടെ റിലീസ്‌ എത്ര കാലത്തിന്‌ ശേഷമെന്ന്‌ ആര്‍ക്കും പറയാനാവില്ല. നിങ്ങള്‍ക്ക്‌ പരോള്‍ വേണ്ട. ഇന്‍റര്‍വ്യൂ വലിയ താല്‍പര്യമുള്ള കാര്യമല്ല. നിങ്ങളെ ബാധിക്കുന്ന ഒരേ ഒരു കാര്യം 25 പൈസ ദിവസക്കൂലി 50 പൈസ ആകുന്നു എന്നത്‌ മാത്രം. അതുകൊണ്ട്‌ ശിവരാജ്‌ വലിയ ഉത്തരവാദിത്വങ്ങള്‍ ഒന്നും ഏറ്റെടുക്കേണ്ട.”

പൊതുവായ നിരാഹാര സമരത്തില്‍ അയാള്‍ സാധാരണ റോളില്‍ ഒതുങ്ങി നിന്നു. സീനിയര്‍ തടവുകാരുടെ മുന്‍കൈ. അതിലാണയാള്‍ സന്തുഷ്‌ടനായത്‌.

നിരാഹാരത്തിന്‍റെ ആദ്യപാദം ശാന്തമായി കടന്നുപോയി. പ്രഭാതഭക്ഷണം ഓരോ ബ്ലോക്കിലും മഞ്ചല്‍തട്ടുകളില്‍ മരവിച്ചുകിടന്നു. ആരും വാങ്ങാനില്ലാതെ. തടവുകാര്‍ ജയില്‍വരാന്തയിലും ഓരോ ബ്ലോക്കിലെയും മനോഹരമായ പൂന്തോട്ടത്തിലും അലസമായി അലഞ്ഞുനടന്നു. കൂട്ടായ വിലപേശലിന്‍റെ ത്രില്‍. അത്‌ അവരുടെയെല്ലാം മുഖത്തെ പ്രഫുല്ലമാക്കിയിരുന്നു. വാര്‍ഡന്മാരുടെയും ഹെഡ്‌ വാര്‍ഡര്‍മാരുടെയും ചീഫിന്‍റേയും ഉപദേശങ്ങളും ശാസനകളും അവര്‍ അവഗണിച്ചു. സൂപ്രണ്ട്‌ സാറിന്‍റെ റൗണ്ട്‌സ്‌ ഉണ്ടായില്ല.

നേരം പന്ത്രണ്ട്‌ മണി ആകാറായി. പ്രഭാത ഭക്ഷണത്തിന്‌ പകരം ഓരോ ബ്ലോക്കുകളിലും ഉച്ചഭക്ഷണത്തിന്‍റെ മഞ്ചല്‍ എത്തിച്ചേര്‍ന്നു. വൃത്തിയായ വെള്ളത്തുണിക്കടിയില്‍ ടൈംപീസിന്‍റെ ആകൃതിയില്‍ അടിച്ചുണ്ടാക്കിയ ചോറും പിന്നെ ചപ്പാത്തിയും; ബക്കറ്റുകളില്‍ ആവി പറക്കുന്ന മത്തിക്കറി. ബുധനാഴ്‌ചത്തെ പതിവ്‌ അളിഞ്ഞ ഉണക്കമത്സ്യമാണെന്നിരിക്കെ മത്തിക്കറിയിലേക്കുള്ള മാറ്റം! തടവുകാരെ കൊതി പിടിപ്പിക്കാന്‍. പക്ഷെ, ഇത്തവണ പ്രലോഭനത്തിന്‌ ആരും അടിപ്പെട്ടില്ല. സമരത്തിന്‍റെ ആവേശം അത്രയും പ്രബലമായിരുന്നു.

സൂപ്രണ്ട്‌ സാര്‍ കോപംകൊണ്ട്‌ ജ്വലിച്ചു. അദ്ദേഹം കോളിങ്ങ്‌ ബെല്ലില്‍ തുരുതുരെ അമര്‍ത്തി. ജയിലര്‍ സാറും, ഡെ. ജയിലറും അദ്ദേഹത്തിന്‍റെ മുറിയിലേക്ക്‌ ധൃതിപ്പെട്ടു ഓടിയെത്തി.

സമരനേതാക്കളായ ഗോപാലേട്ടനും, വേണുക്കുട്ടനും, ജോപ്പച്ചായനും, മുസ്‌തഫയും, രാജേട്ടനും ഓരോ ബ്ലോക്കുകളിലും കയറിയിറങ്ങി, തടവുകാര്‍ക്കിടയില്‍ ധൈര്യം പകര്‍ന്നുകൊണ്ട്‌.

“കരുതിയിരിക്കണം; എല്ലാം ശാന്തമായി നീങ്ങുമെന്ന്‌ വിചാരിക്കരുത്‌. ബലപ്രയോഗം ഉണ്ടാകാം. സാഹസമരുത്‌.” അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

ഒരു ദിവസത്തെ കൂട്ടായ നിരാഹാരം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം, ബാച്ച്‌ ബാച്ചായി സമരം തുടരുവാനുള്ള പദ്ധതി അവര്‍ വിശദീകരിച്ചു. മുദ്രാവാക്യം വിളി ഒന്നും ഇല്ലെങ്കിലും സമരത്തിന്‍റെ ഏകോപനം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

കലര്‍പ്പറ്റ, കാപട്യമേശാത്ത സമരയത്‌നം! അതു പുറത്തെ മിക്ക സമരപരിപാടി കളില്‍നിന്നും വ്യത്യസ്‌തമായിരുന്നു. അതിലെ സഹനം അത്രയും തീക്ഷ്‌ണവും തീവ്രവു മായിരുന്നു.

ഒന്നരമണി ആയപ്പോള്‍ സൂപ്രണ്ട്‌ സാര്‍ പതിവുപോലെ കോണി ഇറങ്ങിവന്ന്‌ മുന്‍ഗെയ്‌റ്റിലൂടെ അപ്രത്യക്ഷനായി.

ഡെ. ജയിലറുടെ നേതൃത്വത്തില്‍ ഓഫീസിലെ അസി. ജയിലര്‍മാരും വാര്‍ഡര്‍മാരും റിസര്‍വ്‌ ഡ്യൂട്ടിയിലെ വാര്‍ഡര്‍മാരും ടവര്‍മുറ്റത്തേയ്‌ക്ക്‌ ആനയിക്കപ്പെട്ടു. ഗെയിറ്റില്‍ റിസര്‍വ്‌ ഡ്യൂട്ടിയിലായതിനാല്‍ എനിക്ക്‌ ഒഴിഞ്ഞുമാറാന്‍ സാധിച്ചില്ല. ഓഫീസര്‍മാരുടെ കൈയില്‍  ബാറ്റനും വാര്‍ഡര്‍മാരുടെ കയ്യില്‍ ലാത്തിയും ഉണ്ടായിരുന്നു. ചെറിയാന്‍ ഹെഡ്‌ കിച്ചണില്‍നിന്ന്‌ ഓടിയെത്തി. ബ്ലോക്കുകളിലേയ്‌ക്ക്‌ നീങ്ങുന്നതിന്‌ മുമ്പ്‌ ഡെപ്യൂട്ടി ജയിലര്‍ വ്യക്തമാക്കിയിരുന്നു. “തടവുകാര്‍ മുഴുവന്‍ ക്ഷുഭിതരാണ്‌. അതുകൊണ്ട്‌ നമ്മുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചുവേണം. കൊടുംഭീതി ഉണ്ടാക്കണം. അതേസമയം, ബലപ്രയോഗം അതിരുകടക്കരുത്‌. ബലപ്രയോഗം മിതമായി മാത്രം!”

ഗെയ്‌റ്റിലെ കമ്പിയഴികളില്‍ ലാത്തികൊണ്ടടിച്ചും അട്ടഹസിച്ചും ഞങ്ങള്‍ ബ്ലോക്കുകളിലേക്ക്‌ ഇരച്ചുകയറി. ഞങ്ങളുടെ കുതിപ്പുകണ്ട തടവുകാര്‍ ബ്ലോക്കിന്നകത്തേയ്‌ക്കും സെല്ലുകളിലേക്കും ഓടിക്കയറി. മുറിക്കുള്ളില്‍ എത്തിച്ചേരാന്‍ കഴിയാത്തവരെ ഞങ്ങള്‍ മുറിക്കുള്ളിലേക്ക്‌ പിടിച്ചുതള്ളി.

“ആഹാരം കഴിക്കാന്‍ തയ്യാറായവര്‍ക്ക്‌ മാത്രം പുറത്തുനില്‍ക്കാം.” ചെറിയാന്‍ ഹെഡ്‌ അലറിക്കൊണ്ടിരുന്നു. “നിരാഹാരികള്‍ക്കുള്ള കഷായം പിറകെ വരും.”

ഏതാനും നിമിഷങ്ങള്‍ക്കകം ജയില്‍ വരാന്തയും മുറ്റവും വിജനമായി. ഞങ്ങളുടെ ഷൂസിന്‍റെ മുഴക്കവും ഞങ്ങളുടെ ആക്രോശങ്ങളും മാത്രം അവിടെ പ്രതിധ്വനിച്ചു. ഭയവിഹ്വലമായ നേത്രങ്ങളോടെ തടവുകാര്‍ ഞങ്ങള്‍ അകന്നുപോകുന്നത്‌ നോക്കിനിന്നു. പരക്കം പാച്ചിലിന്നിടയില്‍ വീണു പരിക്കേറ്റവരും, ഞങ്ങളുടെ തള്ളലില്‍ വീണ്‌ ചതവേറ്റവരും ഉണ്ടായിരുന്നു. ഓരോ ബ്ലോക്കിലേയും സമരനേതാക്കളും സഹതടവുകാരും അവരെ ശുശ്രൂഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു. സമരവീര്യവും ദൃഢനിശ്ചയവും ഭയത്തെ അതിജീവിച്ചു. നിരാഹാരം നിറുത്താന്‍ ആരും തയ്യാറല്ലായിരുന്നു.

ചെറിയാന്‍ ഹെഡ്‌ ഉച്ചത്തില്‍ തന്നെ പ്രതിഷേധമറിയിച്ചു: “ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ഈ… മക്കളെ ഇഞ്ചചതയ്‌ക്കുംപോലെ ചതയ്‌ക്കണം. ഒരു നിമിഷം കൊണ്ട്‌ ഞാനീ നിരാഹാരം അവസാനിപ്പിച്ചു കാണിച്ചുതരാം.”

ലഞ്ച്‌ ബ്രേക്ക്‌ കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ രണ്ടു കൂട്ടരുടെ ഇന്‍റര്‍വ്യൂവിന്‍റെ തിരക്കായി. പൊതുവില്‍ അന്ന്‌ സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നെങ്കിലും ഇവ രണ്ടും സ്‌പെഷ്യലാ യിരുന്നു.

ആദ്യത്തെ ടീം ഭരണകക്ഷിയില്‍പ്പെട്ട ഏതാനും തടവുകാര്‍ക്കുള്ളതായിരുന്നു. നഗരത്തിലും പരിസരത്തുമുണ്ടായ കൊലപാതക പരമ്പരയില്‍പ്പെട്ടവരും മറ്റു ചില രാഷ്‌ട്രീയ കേസുകളില്‍പ്പെട്ടവരും ജയിലറുടെ മുറിയിലായിരുന്നു കൂടിക്കാഴ്‌ച. ഭരണകക്ഷിയിലെ ജില്ലാനേതാവും സ്ഥലം എം.എല്‍.എ.യും അഡൈ്വസറി കമ്മിറ്റിയുടെ ഉപാധ്യക്ഷനും സന്നിഹിതരായിരുന്നു. കസേരയില്‍ കാല്‍വിറപ്പിച്ചുകൊണ്ടിരുന്ന അവരെ പലപല സമരങ്ങളുടെയും ഉദ്‌ഘാടനങ്ങളില്‍ കാണാറുണ്ടായിരുന്നു. മര്‍ദ്ദിതരെയും ചൂഷിതരെയും പറ്റി ഘോരഘോരം പ്രസംഗിക്കാന്‍ കഴിവുള്ളവര്‍. എനിക്കവര്‍ അത്യധികം ആരാധ്യ രായിരുന്നു.

ജില്ലാ നേതാവ്‌ തീര്‍ത്തും ക്ഷുഭിതനാണെന്ന്‌ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. ജയിലറുടെ ആംഗ്യം തിരിച്ചറിഞ്ഞ്‌ പുറത്തുകടക്കുമ്പോള്‍ കേട്ടത്‌ മര്‍ദ്ദിതവര്‍ഗ്ഗ നേതാവിന്‍റെ വാക്കുകള്‍ തന്നെയാണോ എന്ന്‌ ഞാന്‍ ആശ്ചര്യപ്പെട്ടു. “ആരെ ഒലത്താനാണെടോ ഈ സമരം? ഈ സര്‍ക്കാരിനേയോ? നിങ്ങളുടെയും നിങ്ങളുടെ കുടുംബങ്ങളുടെയും കാര്യങ്ങള്‍ നോക്കുന്ന പാര്‍ട്ടിയെയും ഭരണത്തെയും അട്ടിമറിക്കാനുള്ള സമരം; അല്ലേ!”

അടുത്ത ടീം തടവുകാരെ കൊണ്ടുവരാനായി ഞാന്‍ ആറാം ബ്ലോക്കിലേക്ക്‌ പോയി. ഡെപ്യൂട്ടി ജയിലര്‍ സത്യദാസിന്‍റെ മുറിയില്‍വെച്ചായിരുന്നു അവരുടെ കൂടിക്കാഴ്‌ച. അതിഥിയുടെ വിശാലമായ നെറ്റിത്തടത്തിലെ നീളന്‍ കുങ്കുമപൊട്ടിന്‍റെ ഭംഗിയിലേക്ക്‌ ഞാന്‍ നോക്കിനിന്നു. ഈ സര്‍ക്കാരിനെ താറടിക്കാന്‍ കിട്ടിയ ഒരു അവസരത്തെ തങ്ങള്‍ ഉപയോഗിക്കുകയാണെന്ന തടവുകാരുടെ ന്യായീകരണത്തെ അദ്ദേഹം പുഞ്ചിരിയോടെ അനുകൂലിച്ചു. അദ്ദേഹം തലയാട്ടിക്കൊണ്ട്‌ പറഞ്ഞു: “ശരി… ശരി. അതൊക്കെ വേണം. അതൊക്കെ ശരിതന്നെ. പക്ഷെ, പുലികേശന്‍ സാര്‍ നമ്മുടെ സ്വന്തം ആളല്ലേ? സന്ധ്യാജിയുടെ സ്വന്തം ആള്‍! അദ്ദേഹത്തിന്‌ ഒരു വിഷമം വന്നാല്‍ സന്ധ്യാജി പൊറുക്കുമോ? സന്ധ്യാജിയുടെ കൃപയാണ്‌ നമ്മുടെയൊക്കെ ജീവിതം അല്ലെ? അപ്പോള്‍ നമ്മള്‍ ഈ സമരത്തെ പിന്തുണക്കാമോ?”

വിപരീത ധ്രുവങ്ങളില്‍ നിന്ന്‌ എന്നും പോരടിച്ചുകൊണ്ടിരിക്കുന്ന ഇരു ടീമുകളുടെ സ്വരൈക്യം എന്നെ ആശ്ചര്യപ്പെടുത്തി.

അവരുടെ ചര്‍ച്ചകള്‍ നീണ്ടുപോയി.

പാര്‍ട്ടി നേതാക്കള്‍ സൂപ്രണ്ടിന്‍റെ മുറിയിലേക്ക്‌ പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഓരോ ടീമുകളെ വെവ്വേറെയായി ബ്ലോക്കിലേക്ക്‌ തിരിച്ചുകൊണ്ടുപോയി. പരസ്‌പരം കണ്ടാല്‍ ജയിലിലും കീരിയും പാമ്പുംപോലെയാണവര്‍ പെരുമാറുക. വിവിധ ബ്ലോക്കുകളില്‍ ആകാംക്ഷഭരിതരായി കമ്പിയഴികള്‍ക്ക്‌ സമീപം കാത്തിരിക്കുന്ന തടവുകാരെ നോക്കി അവര്‍ വിളിച്ചുപറഞ്ഞു: “എല്ലാം ശരിയാകും. നേതാക്കള്‍ അധികാരികളുമായി ചര്‍ച്ചചെയ്യുന്നുണ്ട്‌. അവര്‍ നമ്മോടൊപ്പമുണ്ട്‌. സൂപ്രണ്ട്‌ സാറും കലക്‌ടറും നമ്മുടെ സമരനേതാക്കളുമായി ഉടന്‍ സംസാരിക്കും. സമരം ഇന്നുതന്നെ അവസാനിക്കും.”

സമരനേതാക്കളെ നേരത്തെതന്നെ തിരഞ്ഞെടുത്തിരുന്നു. ടവറില്‍നിന്ന്‌ അവരെ ഏഴു പേരേയും ഏറ്റുവാങ്ങി ഗെയ്‌റ്റിലേക്ക്‌ നടന്നു. ഗോപാലേട്ടനും, ജോപ്പച്ചായനും, മുസ്‌തഫയും, രാജേട്ടനും, വേണുക്കുട്ടനും 14 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവര്‍. തടവുകാര്‍ക്കെല്ലാം സ്‌നേഹവും ബഹുമാനവുമുള്ളവര്‍. ആറാമതായി ബദറുദ്ദീന്‍ മറ്റൊരു ജയിലില്‍ നടന്ന കലാപത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജയില്‍ മാറ്റംകിട്ടിവന്ന ആളായിരുന്നു. ധീരനും സാഹസീകനും ദൃഢമനസ്‌കനുമായി അയാള്‍ അറിയപ്പെട്ടിരുന്നു. അവര്‍ക്കിടയില്‍ പൂച്ചകേശവന്‍ എങ്ങനെ വന്നുപെട്ടുവെന്നു ശരിക്കും ആശ്ചര്യ പ്പെട്ടുപോയി. വളരെ വാചാലനും രസികനുമാണെങ്കിലും, ജയിലിനുള്ളിലെ പലവിധ കുറ്റങ്ങളില്‍ അയാള്‍ പിടിക്കപ്പെടുമായിരുന്നു. പ്രകൃതിവിരുദ്ധ കേസുകളില്‍ അയാള്‍ക്ക്‌ ഇണയുടെ പ്രായമോ രൂപമോ പോലും പ്രശ്‌നമായിരുന്നില്ല. കൂടാതെ അയാളുടെ കണ്‍വെട്ടത്ത്‌ വന്നുപെടുന്ന ഏതൊരു ജീവിയെയും അയാള്‍ അറുത്ത്‌ കറിയാക്കും. പൂച്ച, അണ്ണാന്‍, പ്രാവ്‌, കാക്ക എന്നുവേണ്ട എന്തും കേശവന്‌ പ്രിയമായിരുന്നു. അയാള്‍ എവിടെയാണ്‌ അടുപ്പ്‌ കൂട്ടുന്നതെന്നോ അതിന്നാവശ്യമായ പാത്രങ്ങള്‍ എവിടെ സൂക്ഷിക്കുന്നുവെന്നോ ആര്‍ക്കും പറയാനാവില്ല.

പ്രതിനിധികള്‍ ഏഴുപേരും വലിയ ഉത്സാഹത്തിലായിരുന്നു. ചര്‍ച്ച ചെയ്യേണ്ടതായ ഓരോ വിഷയത്തിന്‍റേയും സൂക്ഷ്‌മാംശങ്ങള്‍ ചര്‍ച്ചചെയ്‌തുകൊണ്ട്‌ അവര്‍ ജയില്‍ ഗെയ്‌റ്റിലേക്ക്‌ നടന്നു; ചതിക്കുഴി പ്രതീക്ഷിക്കാതെ.

ചര്‍ച്ചതന്നെ ഒരു കെണിയാണെന്ന്‌ ഞാനും സങ്കല്‍പ്പിച്ചിരുന്നില്ല. ജയില്‍ ഗെയ്‌റ്റ്‌ കടന്ന്‌, കോമ്പൗണ്ടിന്‌ പുറത്തെത്തിയപ്പോഴും, സൂപ്രണ്ട്‌ ബംഗ്ലാവാണ്‌ ചര്‍ച്ചാവേദിയെന്ന്‌ കേട്ടപ്പോഴും ഞാന്‍ സംശയിച്ചില്ല. സൂപ്രണ്ട്‌ ബംഗ്ലാവിലേക്കുള്ള വഴിയില്‍, ക്വാറന്‍റയിന്‍  ഗെയിറ്റിനടുത്തെത്തിയപ്പോള്‍ ക്വാറന്‍റയിന്‍ മുറ്റത്ത്‌ കാത്തിരിക്കാന്‍ ഉത്തരവുണ്ടായി. ഞങ്ങള്‍ അകത്തുകടന്നതും കനത്ത ഇരുമ്പുവാതില്‍ അടഞ്ഞു. സൂപ്രണ്ടോ, ആഭ്യന്തര സെക്രട്ടറിയോ, കലക്‌ടറോ, രാഷ്‌ട്രീയ പ്രതിനിധികളോ അവിടെ ഉണ്ടായിരുന്നില്ല. പകരം ജയിലിലെ മര്‍ദ്ദക വീരന്മാരെല്ലാം അവിടെ സന്നിഹിതരായിരുന്നു. അപ്രതീക്ഷിതമായ ഈ മാറ്റം തടവുകാരെ സ്‌തംഭിപ്പിച്ചു കളഞ്ഞു. അവരെ ഓരോരുത്തരെയും മതിലിനോട്‌ ചേര്‍ത്ത്‌ വരിവരിയായി നിറുത്തി. ഞാന്‍ ഇരുമ്പുവാതിലിന്നടുത്തുതന്നെ അനക്കമില്ലാതെ നിന്നു.

“അപ്പോള്‍ നമുക്ക്‌ തുടങ്ങാം, അല്ലെ, സഖാക്കളേ!” ഡെപ്യൂട്ടി ജയിലര്‍ സത്യദാസിന്‍റെ പരുഷശബ്‌ദം മുഴങ്ങി. കൈയിലെ കെയിന്‍ ഉപയോഗിച്ച് ഓരോ തടവുകാരന്‍റേയും കുനിഞ്ഞ തല ഉയര്‍ത്തിക്കൊണ്ട്‌ അയാള്‍ ഒരറ്റത്തുനിന്ന്‌ മറ്റേ അറ്റത്തേയ്‌ക്കും തിരിച്ചും ചുവടുവെച്ചു. “പ്രശ്‌നം ഇതാണ്‌. സര്‍ക്കാരിന്‍റെ മേലുള്ള സമ്മര്‍ദ്ദം വേണോ? വേണ്ടയോ? സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യത്തെ അവകാശമായി കാണാന്‍ പാടുണ്ടോ? കുറ്റകൃത്യം ചെയ്യുമ്പോള്‍ ഇത്രയും ഔദാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന്‌ കരുതിയോ?” അയാള്‍ ഓരോരുത്തരെയും അളവെടുക്കുംപോലെ നോക്കി. “നിങ്ങള്‍ മിക്കവരും മേസ്‌തിരിമാരാണ്‌, സീനിയര്‍ തടവുകാര്‍. ആര്‍ക്കും ഒരു അബദ്ധം പറ്റാമെന്ന്‌ കരുതി ഞങ്ങള്‍ ക്ഷമിക്കാന്‍ തയ്യാര്‍! പകരം നിങ്ങളുടെ ഭാഗത്തുനിന്നുള്ള തെറ്റ്‌ തിരുത്തല്‍. അതാണ്‌ വേണ്ടത്‌.”

ഒരു നിമിഷം അയാള്‍ നിറുത്തി. ക്വാറന്‍റയിന്‍ വരാന്തയില്‍ നിരത്തിവെച്ചിട്ടുള്ള ഏഴ്‌ പ്ലേറ്റ്‌ ഭക്ഷണത്തിലേക്ക്‌ വിരല്‍ചൂണ്ടി അയാള്‍ പറഞ്ഞു: “അഞ്ചു മിനിറ്റ്‌ സമയം തരാം. അഞ്ചേ അഞ്ച്‌ മിനിറ്റ്‌.”

നിമിഷങ്ങള്‍ ഘനപ്പെട്ടുനീങ്ങി. നിരാഹാരം നിറുത്താന്‍ ആരും തയ്യാറായില്ല. പൂച്ച കേശവന്‍ മാത്രം നിന്ന നില്‍പില്‍ ഒന്ന്‌ പുളഞ്ഞു. മറ്റു തടവുകാര്‍ക്ക്‌ നേരെ കണ്ണോടിച്ച്‌ അയാളും നിന്ന നില്‍പില്‍ നിന്നു.

ഡെ. ജയിലറുടെ കൈയിലെ കെയിന്‍ ബദറുദ്ദീന്‍റെ അടിവയറ്റില്‍ ആഞ്ഞുപതിച്ചു. “നീ ഇവിടെയും കലാപം ഉണ്ടാക്കും. ഇല്ലെടാ നായേ! ” ബദറുദ്ദീനില്‍ നിന്ന്‌ ഒരു ആര്‍ത്തനാദം പുറത്തുവന്നു. അയാള്‍ വയര്‍ പൊത്തിപ്പിടിച്ച്‌ കുനിഞ്ഞു. ഡെപ്യൂട്ടിയുടെ വലിയ കൈപ്പത്തി അയാളുടെ പിടലിയില്‍ ആഞ്ഞ്‌ പതിക്കുകയും ബദറുദ്ദീന്‍ വരാന്തയുടെ അരികിലേക്ക്‌ എടുത്തെറിയപ്പെടുകയും ചെയ്‌തു. ചെറിയാന്‍ ഹെഡ്ഡും മറ്റുള്ളവരും അയാളുടെ മേലേക്ക്‌ ചാടി വീണു  ഒരു പ്ലേറ്റിലെ മുഴുവന്‍ ചോറും അയാളുടെ വായിലേക്ക്‌ കമിഴ്‌ത്തി ലാത്തികൊണ്ട്‌ കുത്തി ഇറക്കാന്‍ ശ്രമിച്ചു. ലാത്തി പുറത്തേക്ക്‌ വലിക്കുമ്പോള്‍ ചോറും പുറത്തേയ്‌ക്ക്‌ ചാടി. ചുടുചോരയും പുറത്തേക്കു ഒഴുകി. അയാളെ വലിച്ചിഴച്ച്‌ സെല്ലിനുള്ളിലേക്ക്‌ തള്ളി. സെല്ലിനുള്ളില്‍ നിന്ന്‌ മര്‍ദ്ദനത്തിന്‍റെ ശബ്‌ദവും അലമുറയും തുടര്‍ന്നു.

ഡെ. ജയിലര്‍, ഗോപാലേട്ടന്‍റെ നെഞ്ചിലേക്ക്‌ കെയിന്‍ കുത്തിപ്പിടിച്ചുകൊണ്ട്‌ ചോദിച്ചു. “നീയാണല്ലേടാ നേതാവ്‌?”

“അതെ, ഞാന്‍ ഒരു നേതാവാണ്‌.” മറുപടി ശാന്തമായിരുന്നു.

“നീ വിചാരിച്ചാല്‍ ഈ സമരം ഒഴിവാക്കാനാകുമായിരുന്നു, അല്ലേടാ!”

“സമരമുണ്ടാക്കിയത്‌ ഗവണ്‍മെന്‍റാണ്‌. വിളിച്ചുണര്‍ത്തിയിട്ട്‌ ചോറില്ല എന്ന സര്‍ക്കാര്‍ നിലപാടാണ്‌. സമരം ഒഴിവാക്കാന്‍ സര്‍ക്കാരിനേ കഴിയൂ.” അയാളുടെ കൂസലില്ലായ്‌മ അവരെയെല്ലാം വെറിപിടിപ്പിച്ചു കഴിഞ്ഞിരുന്നു. ഡെപ്യൂട്ടിയുടെ കാല്‍മുട്ട്‌ അയാളുടെ നാഭിയിലേക്ക്‌ ആഞ്ഞുപതിച്ചു. വരാന്തയില്‍നിന്ന്‌ വാര്‍ഡര്‍മാര്‍ ഓരോരുത്തരുടെയും മേല്‍ ചാടിവീണു.

ഇതിന്നിടയില്‍ പൂച്ചകേശവന്‍ ഡെ. ജയിലറുടെ കാല്‍ക്കല്‍ കുനിഞ്ഞിരുന്ന്‌ അദ്ദേഹത്തിന്‍റെ കാലുകളില്‍ കെട്ടിപ്പിടിച്ചു: “അരുതേ, തല്ലരുതേ ഏമാനെ! ഞാന്‍ ആഹാരം കഴിച്ചോളാമേ!” അയാള്‍ വലിയവായിലേ നിലവിളിയായി. അയാളെ ചവിട്ടാനോങ്ങിയ അസീസ്‌ വാര്‍ഡനെ ഡെപ്യൂട്ടി വിലക്കി.

അയാള്‍ പൂച്ചകേശവനെ അരുമയോടെ പിടിച്ചെഴുന്നേല്‍പ്പിച്ചു. “ഇവനിന്ന്‌ ജയിലിലെ തണുത്ത ചോറുവേണ്ട.” ഡെപ്യൂട്ടി പറഞ്ഞു: “എന്‍റെ വക കോഴിബിരിയാണിയാകട്ടെ ഇന്നേക്ക്‌.” അയാള്‍ തന്‍റെ പോക്കറ്റില്‍ നിന്ന്‌ 500 രൂപ നോട്ടെടുത്ത്‌ അസീസിന്‍റെ കയ്യില്‍ കൊടുത്തു. “വേഗം പോയി ഫുള്‍ പ്ലെയ്‌റ്റ്‌ ബിരിയാണി വാങ്ങി വാ. സ്റ്റാഫ്‌ മെസ്സില്‍വെച്ചാല്‍ മതി. കൂടാതെ കേശവന്‌ എന്തുവേണമോ അതൊക്കെ വാങ്ങിക്കോ…. നിന്‍റെ ബ്രാന്‍ഡ്‌ ഏതാണെടോ കേശവാ”… കേശവന്‍റെ കണ്ണുകള്‍ മിഴിഞ്ഞ്‌ വരുന്നത്‌ അരണ്ട വെളിച്ചത്തിലും എനിക്ക്‌ കാണാന്‍ കഴിയുമായിരുന്നു.

മറ്റു തടവുകാരെ ഓരോ സെല്ലുകളില്‍ വലിച്ചിട്ട്‌ മര്‍ദ്ദനം തുടര്‍ന്നു. അവസാനം ജീവച്ഛവമായ ഓരോരുത്തരെയും പൊടിയും മണ്ണും ചോരയും കലര്‍ന്ന വെറും തറയില്‍ വലിച്ചിട്ട്‌ സെല്ലുകള്‍ പൂട്ടി. അനേകം വര്‍ഷങ്ങളായി ആരെയും പാര്‍പ്പിച്ചിട്ടില്ലാത്ത, മുമ്പ്‌ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവരെ മാത്രം താമസിപ്പിച്ചിരുന്ന ക്വാറന്‍റയിന്‍  കെട്ടിടം ഒരു പ്രേതാലയംപോലെ തോന്നിച്ചു. അവിടെ പകരക്കാരന്‍ എത്തുംവരെ എന്നെ ചാര്‍ജേല്‍പ്പിച്ചു മറ്റുള്ളവരെല്ലാം പുറത്തുകടന്നു. പൂച്ചകേശവന്‍റെ തോളില്‍ കൈയിട്ട്‌ നടന്നുകൊണ്ട്‌ ഡെപ്യൂട്ടി പറയുന്നുണ്ടായിരുന്നു. “കേശവന്‍ ഒരു കാര്യംകൂടി ചെയ്യാനുണ്ട്‌. നീ വര്‍ഗീസ്‌ സാറിന്‍റെ കൂടെ ഓരോ ബ്ലോക്കിലും കയറി സമരം അവസാനിച്ചുവെന്നും, മറ്റു നേതാക്കള്‍ അധികാരികളുമായി വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും, നമ്മുടെ ഡിമാന്‍റുകള്‍ അംഗീകരിക്കപ്പെട്ടുവെന്നും പറയണം. നീ അങ്ങനെ ചെയ്‌താല്‍ നാളെ മുതല്‍ 15 ദിവസത്തേയ്‌ക്ക്‌ സ്വന്തം ജാമ്യത്തില്‍ പരോള്‍! തിരിച്ചുവന്നാല്‍ വീണ്ടും പരോള്‍. സൂപ്രണ്ട്‌ സര്‍ ഉറപ്പുതന്നിട്ടുണ്ട്‌.” ജാമ്യം നില്‍ക്കാന്‍ ആളില്ലാത്തതുകൊണ്ട്‌ ഒരിക്കലും പരോള്‍ ലഭിച്ചിട്ടില്ലാത്ത കേശവന്‍റെ ഉത്സാഹം അയാളുടെ ചുവടുവെയ്‌പ്പില്‍ കാണാനാകു മായിരുന്നു.

സന്ധ്യയോടെ ഓരോ ബ്ലോക്കിലെയും നിരാഹാരം അവസാനിപ്പിച്ച്‌ ലോക്കപ്പ്‌ നടപടികള്‍ പൂര്‍ത്തിയാക്കി ചീഫ്‌ വാര്‍ഡര്‍ ‘ഓള്‍ ഈസ്‌ വെല്‍’ രേഖപ്പെടുത്താന്‍ ഒരുങ്ങി. അപ്പോഴും ഒന്നാം സെല്ലില്‍ നിന്ന്‌ നിരാഹാരം അവസാനിപ്പിക്കാത്ത ശിവരാജ്‌ ഇരുമ്പുവാതില്‍ കുലുക്കിക്കൊണ്ട്‌ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.

“ഇത്‌ ചതിയാണ്‌; കൊടുംചതി! പൂച്ചകേശവന്‍ പറഞ്ഞതെല്ലാം നുണ. അയാള്‍ കുലംകുത്തിയാണ്‌. ധൈര്യമുണ്ടെങ്കില്‍ ഗോപാലേട്ടനെ കൂട്ടിവരട്ടെ!”

Comments
Print Friendly, PDF & Email

You may also like