കവിത

നാടു നന്നാക്കുവോര്‍… നിന്നു നന്നാകുവോര്‍……. 

രശുരാമന്‍
നമ്മുടെ പൂര്‍‌വ്വികന്‍,
താതകോപം കൊണ്ടു കാമം
കൊയ്തെടുത്തവന്‍,
ആയുധച്ചിലമ്പലുകളാല്‍
തടം കെട്ടി
ആര്‍ത്തനാദത്താല്‍
പിതൃതര്‍പ്പണം ചെയ്തവന്‍.
തിരമാലകളിളകി
ഉന്മാദമുലയും സാഗരത്തോടു-
ഗ്രകോപം ചാണ്ടി,
കേരളം വീണ്ടെടുത്ത രാമന്‍.

ഞങ്ങള്‍,
രാമന്‍റെ പിന്‍‌മുറക്കാര്‍,
കാമം കൊയ്തു നടക്കുന്നോര്‍
വീര്യം കുടിച്ചുടഞ്ഞ ജീവനില്‍
ധ്വജമാഴ്ത്തി,
തണുത്തുറഞ്ഞ ശവപ്പെട്ടിയില്‍
കിടക്കും
വിപ്ലവസൂക്തത്തിനെ മറച്ചു
മൂടാന്‍ രക്തവസ്ത്രം
തേടുവോര്‍.

ധര്‍മ്മവുമധര്‍മ്മവും
മനുഷ്യനാട്യം നടിച്ച്
നാട്ടിലിറങ്ങുമ്പോള്‍,
മര്‍മ്മങ്ങള്‍ കണ്ടറിഞ്ഞ്
തൊടുക്കാന്‍
ഭീഷ്മനും കര്‍ണ്ണനും
ധനുര്‍‌വ്വേദമു-
പദേശിച്ച രാമന്‍റെ
പിന്‍‌ഗാമികള്‍ ഞങ്ങള്‍.
നാടത്തം വിട്ട്,
കാടുകയറി മുടിച്ച്,
കാടത്തം കണ്ട് നാട്ടിലിറങ്ങുന്ന
പാവങ്ങള്‍ക്ക്
മോഹനാസ്ത്രത്തില്‍
ശാന്തത നല്‍കുന്നോര്‍.
കാടിന്‍റെ നിശ്ശബ്ദതയെ
ചിന്നം വിളിച്ചു
തകര്‍ത്ത കൊമ്പനെ
യമനിയമങ്ങളിട്ടു തളച്ച്,
ശബ്ദകോലാഹലക്കാട്ടില്‍
ഗര്‍ഭമലസികള്‍ മുഴക്കി,
ശിക്ഷിച്ചു രക്ഷിക്കും
ധര്‍മ്മ സം‌രക്ഷകര്‍.

അംബയ്ക്കയഞ്ഞ മുലക്കച്ച
ഉത്തരീയമാക്കാത്ത
ഭീഷ്മരോരിടഞ്ഞു തോറ്റ
പരശുരാമന്‍റെ സ്വന്തം
നാട്ടുകാര്‍ ഞങ്ങള്‍
സൂര്യതാപം കുടിച്ചന്ധരായ്
ഉടുതുണിയഴിപ്പതും,
ഛര്‍ദ്ദിച്ച ചന്ദ്രാതപത്തിന്‍
കണക്കിനായ്
വര്‍ഷങ്ങളെ മെതിച്ചാ-
ഴക്കു നെല്ലുമായ്
നാടു നന്നാക്കുവോര്‍
നിന്നു നന്നാകുവോര്‍.

Print Friendly, PDF & Email

About the author

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

കാനഡയിലെ എറ്റോബിക്കോയില്‍ താമസിക്കുന്നു. സ്വദേശം : പുലാശ്ശേരി, പാലക്കാട്.
തന്ത്രരത്നം ബിരുദധാരി. തന്ത്രവിദ്യാപീഠത്തില്‍ അദ്ധ്യാപകനായിരുന്നു.
കൃതികള്‍ : കുഞ്ഞടിപ്പാടുകള്‍ (കഥകള്‍), പ്രാഗ്വംശം, ഉപ്പുഴി (നോവലുകള്‍)