പൂമുഖം Travel കൃഷ്ണഗാഥ തേടിയൊരു യാത്ര -12

തീര്‍ത്ഥാടനംകൊണ്ട്‌ സംഭവിക്കുന്നത്‌: കൃഷ്ണഗാഥ തേടിയൊരു യാത്ര -12

 

V9

രാഴ്‌ചയായിത്തുടരുന്ന വൃന്ദാവനത്തിലെ ഭക്തിജീവിതം, താല്‌ക്കാലികമായി, അടുത്ത ദിവസം അവസാനിക്കുകയാണ്‌. സാഹചര്യങ്ങള്‍ രൂപപ്പെടുത്തി. മുന്നിലെത്തിച്ചുതന്ന സുഹൃത്തുക്കളുമൊരുമിച്ചുള്ള ഈ സഞ്ചാരം നല്‍കിയ ഉള്‍ക്കരുത്ത്‌, നേടിയ തിരിച്ചറിവുകള്‍, എല്ലാം വാക്കുകള്‍ക്കതീതമാണെന്നറിയുന്നു.
ഒരു വിനോദയാത്ര പോകുന്ന ലാഘവത്തോടെ ഒരു തീര്‍ത്ഥാടക സംഘത്തില്‍ അംഗമാകാന്‍ കഴിയില്ല. അതിനു തയ്യാറെടുക്കും മുമ്പ്‌ ഏതു കൊടിയ ഭൗതികവാദിക്കും ഭക്തി എന്ന വികാരത്തെ അടുത്തറിയേണ്ടതുണ്ട്‌. ജീവിതയാത്രയില്‍ സംഭവിക്കുന്ന പ്രത്യയങ്ങളെ ഭഗവാന്‍റെ ചൈതന്യസ്‌പര്‍ശമായി നോക്കിക്കാണണം.
ഗുണദോഷങ്ങളെ ഭഗവത്‌ രചനയായി കണ്ട്‌ മിതത്വം പാലിക്കണം. ഗുണം വന്നാല്‍ അതിനു പിന്നാലെ ദോഷം വരുന്നുണ്ടാകുമെന്ന മുന്‍കരുതലുകള്‍ മനസ്സിലുറപ്പിക്കണം. ഈ രണ്ടു ഭാവങ്ങളിലും സമചിത്തത നേടിയെടുക്കണം. യാത്രാവേളയിലെ സദാചാര കര്‍മ്മ പദ്ധതികളെ ഭഗവത്‌ സേവയായി കണ്ട്‌ മുമ്പില്‍ നിന്നു പ്രവര്‍ത്തിക്കണം.
സദാചാരങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായി അനാചാരങ്ങളും കാണാറുണ്ട്‌. മുന്‍കാലങ്ങളില്‍ അനുവര്‍ത്തിച്ചതും ഇന്നത്തെ മാറിയ കാലഘട്ടത്തില്‍ ആവശ്യമില്ലാത്തതുമായ കര്‍മ്മങ്ങളാണവ. അതുകൊണ്ട്‌ സമൂഹത്തിനു ദോഷമില്ലെങ്കില്‍ ആചരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത്‌ ദുരാചാരമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരെങ്കിലും ദുരാചാരങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ ആദ്യം ശബ്ദിക്കേണ്ടതും, ആവശ്യമെങ്കില്‍ തടയേണ്ടതും തീര്‍ത്ഥാടക ധര്‍മ്മമായിക്കാണണം.
ഇപ്രകാരത്തില്‍ ഭഗവത്ഭാവം മനസ്സില്‍ നിറഞ്ഞു കഴിഞ്ഞാല്‍ ശരീരത്തിനും മനസ്സിനും ഒരു പക്ഷിത്തൂവലിന്‍റെ ലാഘവം വന്നു ചേരുമെന്നും, ജീവിത വ്യവഹാരങ്ങളിലെ കൊടും കാണാച്ചുഴികളിലൂടെ ഒരു തോണിയിലെന്ന പോലെ സംസാരസാഗരം കടക്കാനുള്ള ഉള്‍പ്രഭാവം വന്നു ചേരുമെന്നും ജ്ഞാനികളായ ആചാര്യന്മാര്‍ പറയുന്നു.
എത്ര കൊടിയ ജീവിത പ്രതിസന്ധികളേയും കേവല സമസ്യകളായി കണ്ട്‌ കാഠിന്യം ലഘൂകരിക്കാനും ജീവിതയാത്രയില്‍ നാമറിയാതെ തട്ടിക്കിഴിക്കുമ്പോള്‍ സ്വന്തം ജീവിതം എത്ര മഹത്തരം – സമ്പന്നം എന്നാശ്വസിക്കുവാനും ഇത്തരം തീര്‍ത്ഥയാത്രകള്‍ കൊണ്ട്‌ കഴിയുന്നു എന്നത് നിസ്സാരമായി കാണരുത്.
വൃന്ദാവനത്തിലെ ഘനശ്യാമദാസ്‌ ബാബാജിയുടെ സമാധിമന്ദിരത്തില്‍ എല്ലാവരും ഒത്തുകൂടി. ഏകലവ്യന്‍ എന്ന കുട്ടിയ്‌ക്ക്‌ ദീക്ഷ കൊടുക്കുന്ന ലളിതമായ ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു.
ദീക്ഷ സ്വീകരിക്കുന്നതോടെ ആ കുട്ടി നാലു കാര്യങ്ങള്‍ക്ക് തയ്യാറാകേണ്ടതുണ്ട്‌. മത്സ്യമാസാംദികള്‍ വര്‍ജ്ജിക്കണം, ലഹരിമരുന്നുകളുടെ പിടിയില്‍ പെടരുത്, പരസ്‌ത്രീഗമനം പാടില്ല, ചൂതാട്ടങ്ങളില്‍ നിന്നും മുക്തിനേടണം.
വിവാഹജീവിതമോ, ജിവിതസംബന്ധിയായ ക്രയവിക്രയങ്ങളോ നടത്താന്‍ ദീക്ഷ തടസ്സമല്ല. വ്യക്തിജീവിതത്തില്‍ ദോഷകരമായി ഭവിച്ചേക്കാവുന്ന ചില സന്ദര്‍ഭങ്ങളെ ഒഴിവാക്കുക മാത്രമേ അതുകൊണ്ട്‌ ലക്ഷ്യമാക്കുന്നുള്ളൂ.
ദീക്ഷ സ്വീകരിക്കേണ്ട കുട്ടിയെ വെളുത്ത മുണ്ടുടുപ്പിച്ച്‌ അഞ്ജനം കൊണ്ട്‌ കണ്ണെഴുതിച്ച്, നെറ്റിയില്‍ ഗോപിചന്ദനക്കുറി വരച്ച്‌, കഴുത്തില്‍ തുളസീമാലയണിയിച്ച് തയ്യാറാക്കിയത്‌ ദയാല്‍ ബാബയും, ശങ്കര്‍ജിയും ചേര്‍ന്നാണ്‌.
ഘനശ്യാമബാബാജി വടി കുത്തിപ്പിടിച്ച്‌ സാവധാനം നടന്നുവന്ന്‌ ചമ്രം പടിഞ്ഞിരുന്നു. തന്‍റെ ജടാഭാരം തലയില്‍ കയറുപോലെ വട്ടത്തില്‍ ചുറ്റിക്കെട്ടി. സഹായികള്‍ ഗുരുവിനെയും ദീക്ഷയെടുക്കേണ്ട കുട്ടിയേയും കോടിമുണ്ടുപയോഗിച്ച്‌ മൂടി.
ഡോലക്‌ മേളങ്ങളും കൃഷ്‌ണസ്‌തുതികളും ഉയര്‍ന്നു പൊങ്ങി. ഗുരു ശിഷ്യന്‍റെ ചെവിയില്‍ ദീക്ഷാമന്ത്രങ്ങള്‍ പകര്‍ന്നു നല്‍കി. കുറച്ചു സമയത്തിനുശേഷം മന്ദസ്‌മിതത്തോടെ ഗുരുവും ശിഷ്യനും മുണ്ടിനുള്ളില്‍ നിന്നും പുറത്തു വന്നു.
കാത്തു നിന്നവര്‍ ഗുരുചരണങ്ങളില്‍ വീണ്‌ ആശിര്‍വാദം വാങ്ങിയ്‌ക്കുന്നു. വാര്‍ദ്ധക്യത്തിന്‍റെ അവശത കാരണം കൂടുതല്‍ സമയം ആ ഇരുപ്പ്‌ തുടരാനാകാത്ത ബാബാജിയെ മറ്റുള്ളവര്‍ താങ്ങിപ്പിടിച്ച്‌ മുറിയിലേക്കു കൊണ്ടുപോയി.
ഹാളില്‍ പ്രസാദ വിതരണവും, പൊട്ടിച്ചിരികളും ഉയര്‍ന്നു. സമാധിപ്രാവുകള്‍ കൃഷ്‌ണമന്ത്രങ്ങള്‍ കുറുകികൊണ്ടിരുന്നു. തീര്‍ത്ഥാടകര്‍ തിരിച്ചുള്ള യാത്രക്ക്‌ ഭാണ്ഡക്കെട്ടുകള്‍ ഒരുക്കാനായി അവരവരുടെ മുറികളിലേക്ക്‌ പിന്‍വലിഞ്ഞു.
പിറ്റേന്ന് രാവിലെ വൃന്ദാവനത്തോട്‌, പ്രകൃതിയോട്‌, ജീവജാലങ്ങളോട്‌ താല്‌ക്കാലികമായി വിട പറഞ്ഞു‌.
കുറച്ചകലെ ഒരു ബഹളവും കശപിശയും ഉയരുന്നുണ്ട്‌… കുരങ്ങുകള്‍ അവയുടെ അന്നം തേടുകയാണ്‌……… തൊട്ടകലെ യമുനാനദി ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തിലൂടെ ഭാവിയിലേക്കുള്ള കാലപ്രവാഹം തുടര്‍ന്നു കൊണ്ടിരിക്കുന്നു…

Comments
Print Friendly, PDF & Email

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

You may also like