പൂമുഖം LITERATUREകവിത പ്രണയം പ്രപഞ്ചം

പ്രണയം പ്രപഞ്ചം

അതൊരൊറ്റ മരത്തിന്‍റെ പൂക്കലല്ല.
ഒരു കാടു മുഴുവന്‍ പൂക്കാലമാകുന്നതാണ്.
ചില അലോസരങ്ങള്‍ അടര്‍ന്നു വീഴും പോലെ
അതുവരെ മോഹിപ്പിച്ചു നിന്ന
ചിലതെല്ലാം വീണു തുടങ്ങും.
കൃഷ്ണ വര്‍ണ്ണമല്ല
കൃഷ്നായനമാണ്, വേണ്ടതെന്ന്
അസന്ദിഗ്ധമായ ഒരു മൊഴി
അകത്തു നിന്നും മൂളി വരും.

ഒരു ജീവിതത്തെ മൊത്തം കൂട്ടി പ്പിടിച്ചവയെ
പിന്‍ വാതിലിലൂടെ പോലും
അകത്തു കയറ്റാനാകാതെയാകും
എന്താണ് വേണ്ടതെന്ന് എവിടെയോ മറന്നു.

ചിലതൊക്കെ ഓര്‍മ്മ പെടുത്തലാണ്
ഭാഷ പോലും.
യാത്ര പോലും.

എവിടെക്കാണ്‌
എന്ന ഓര്‍മ്മ വിട്ടുപോകുന്നില്ലെങ്കില്‍
എല്ലാ വഴികളും അവിടേക്ക് തന്നെ.
ഒരു കാലം കഴിഞ്ഞാല്‍
മഴയും കാടും കടലും
പ്രണയത്തിന്റെ അന്താക്ഷരി കളിക്കും.

എവിടെയോ മറന്നു പോയൊരു ജൈവതാളം
സ്വാര്‍ത്ഥമല്ലാത്തൊരിടത്ത് തിരിച്ചെത്തും.
ഹൃദയം ആ താളത്തില്‍ തന്നെ മിടിച്ചു തുടങ്ങും
അതൊരൊറ്റ മരത്തിന്‍റെ പൂക്കലല്ല.
ഒരു കാടു മുഴുവന്‍ പൂക്കാലമാകുന്നതാണ്.

Comments
Print Friendly, PDF & Email

You may also like