പൂമുഖം Travel കൃഷ്ണഗാഥ തേടിയൊരു യാത്ര – 11

ദാനധര്‍മ്മങ്ങളിലെ മഹനീയത: കൃഷ്ണഗാഥ തേടിയൊരു യാത്ര – 11

തീര്‍ത്ഥാടകന്‍ കൈയയച്ച്‌ മനസ്സറിഞ്ഞ്‌ ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറാകേണ്ടതുമുണ്ട്‌. സാധാരണ ജീവിത ക്രമത്തില്‍ ലോക വസ്‌തുക്കള്‍ നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ്‌ നാമോരുത്തരും.
അത്തരം പിടിച്ചു പറ്റുന്ന ശീലത്തില്‍ നിന്നും മുക്തി തേടിയാണ്‌ മനുഷ്യന്‍ തീര്‍ത്ഥാടനം പോലുള്ള സല്‍കര്‍മ്മങ്ങള്‍ക്കിറങ്ങിത്തിരിക്കുന്നത്‌.
പ്രപഞ്ചദ്രവ്യങ്ങള്‍ നേടിയെടുത്തു പരിശീലനം സിദ്ധിച്ചവര്‍ അതിന്‍റെ വിപരീത ഭാവമായ, നേടിയെടുത്തവ കൈയയച്ച് ദാനം ചെയ്യുക എന്ന പുണ്യഭാവം കൂടി ശീലിക്കേണ്ടതുണ്ട്‌. മനസ്സിനെ മഹത്വവത്ക്കരിക്കുന്ന അനുഗ്രഹ കര്‍മ്മമായി ദാനധര്‍മ്മങ്ങള്‍ രൂപപ്പെടുന്നു.
ലോകജീവിതത്തില്‍ പല മാര്‍ഗ്ഗങ്ങളിലൂടെ സ്വരൂപിച്ചെടുക്കുന്ന ധനത്തെ പെട്ടെന്നു നമുക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന അപരിചിത ഭിക്ഷാംദേഹികള്‍ക്ക്‌, വെറുതെ, വാരിക്കൊടുക്കുക എന്നത് സാധാരണ മനസ്സുകള്‍ക്ക്‌ ബുദ്ധിമുട്ടേറിയ കര്‍മ്മമാണ്‌.
ഒരു സാധുവിനെ കണ്ടാല്‍ മനസ്സില്‍ കരുണരസം ഒഴുകിയെത്തി അയാളുടെ ദയനീയത സ്വന്തം അനുഭവമായി ഏറ്റെടുക്കുവാന്‍ തയ്യാറാകുന്ന ധര്‍മ്മബോധമാണ്‌ ദാനധര്‍മ്മ പ്രക്രിയകളുടെ ആന്തരികഘടന. ഈശ്വര ചൈതന്യം സ്‌ഫുരിക്കുന്ന മനസ്സുകളിലാണ്‌ ഈ ഗുണവാസന നാമ്പെടുക്കുക. വികാരങ്ങളും ഭാവങ്ങളുമാണ്‌ മനസ്സിന്‍റെ പ്രസരണ വിശേഷങ്ങള്‍.
സമ്പത്ത്‌ സ്വരുക്കൂട്ടുവാന്‍ നാമനുഭവിച്ച ബദ്ധപ്പാടുകളും, തടസ്സങ്ങളും, കസര്‍ത്തുകളും ഓര്‍മ്മയിലുള്ളപ്പോള്‍, അതിനെ മറികടക്കാനുള്ള ഉള്‍വ്യക്തിത്വമുള്ളവര്‍ ഉപാധികളില്ലാതെ ദാനധര്‍മ്മങ്ങള്‍ നടത്താന്‍ തയ്യാറാകുന്നു. കൊടുക്കേണ്ടവരുടെ സംഖ്യ അധികമായതിനാല്‍ വലിയ നോട്ടുകളെ പത്തു രൂപ ചില്ലറകളാക്കി ദാനം നിര്‍വ്വഹിച്ചു, തൃപ്‌തിയടഞ്ഞു.
തീര്‍ത്ഥാടകരുടെ ഭക്തിയുടെ ഔന്നത്യം ചൂഷണം ചെയ്യുന്ന പ്രവണത ചിലയിടങ്ങളിലെങ്കിലും കണ്ടു- ലജ്ജ തോന്നി.
പാണ്ഡെകള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിലെ ചില ദ്രവ്യമോഹികള്‍ ക്ഷേത്ര പരിസരങ്ങളില്‍ ഭഗവത്‌ പ്രബോധകരായി കഴിയുന്നുണ്ട്‌. തീര്‍ത്ഥാടകരുടെ ആചാരാനുഷ്‌ഠാനങ്ങളിലുള്ള അജ്ഞതയെ ഇക്കൂട്ടര്‍ പണസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കണ്ട്‌ പ്രവര്‍ത്തിക്കുന്നതും കാണാനിട വന്നു.

V8

ഒരു പാണ്ഡെ യുവാവ്‌ ക്ഷേത്രത്തിന്‍റെ ഗോപുരവാതില്‌ക്കല്‍ വന്ന്‌ നമ്മെ നയിക്കാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. അതിന്‍റെ ഭാഗമായി ക്ഷേത്രത്തിന്‍റെ ഐതിഹ്യം വിവരിക്കുന്നതിനോടൊപ്പം അനുഷ്‌ഠിക്കേണ്ട ചടങ്ങുകളും പറയുന്നു. ക്ഷേത്രത്തിനുള്ളിലെ ഗര്‍ഭഗ്രഹത്തിലേക്ക്‌ ദര്‍ശനം നടത്താന്‍, ഉണ്ണികൃഷ്‌ണനെപ്പോലെ മുട്ടിലിഴഞ്ഞു വേണം ചെല്ലാന്‍.
മാര്‍ബിള്‍ പാകിയ നിലത്ത് മുട്ടിലിഴയാന്‍ പാടുപെടുന്ന ഭാസ്‌കരന്‍ ചേട്ടന്‍റെ പരാക്രമം കണ്ടപ്പോള്‍ കഷ്ടം തോന്നി.
ഇഴഞ്ഞും, ഇരുന്നും, മുട്ടുകുത്തി നടന്നും ഒരുവിധം എല്ലാവരും അവിടെ എത്തി. ക്ഷേത്രത്തിലെ മുഖ്യ പണ്ഡിറ്റ്‌ നടത്തിയ അനുഗ്രഹ പ്രഭാഷണത്തില്‍ പതിനായിരം രൂപ മുതല്‍ താഴോട്ടുള്ള പലതരം വഴിപാടുകളുടെ ഒരു വിലവിവരപ്പട്ടിക തന്നു. ഏറ്റവും കുറഞ്ഞത് നൂറുരൂപയ്ക്കുള്ള വഴിപാടായിരുന്നു.
ഓരോ തുക പറയുമ്പോഴും അതിനു തയ്യാറാകുന്നവര്‍ കൈ ഉയര്‍ത്താന്‍ ആവശ്യപ്പെടുന്നു മുണ്ടായിരുന്നു. ആരും കൈ ഉയര്‍ത്തിക്കണ്ടില്ല.
കനത്ത നിശ്ശബ്ദത
അദ്ദേഹം മറ്റൊരു ഉപാധിയിലേക്ക്‌ മാറി.
ഹാളിലിരുന്ന മുതിര്‍ന്ന ആളുകളുടെ തോളില്‍ ചെറിയ തരം മഞ്ഞ ഷാളുകള്‍ ഇടാന്‍ സഹായിയോട്‌ നിര്‍ദ്ദേശിച്ചു. ഒട്ടുമിക്കവരുടേയും കഴുത്തില്‍ അതിട്ടശേഷം താലവുമായി വന്ന്‌ കൈ നീട്ടി. സഭയില്‍ വെച്ച്‌ അപമാനിതരാകാതെയിരിക്കാനായി മുഷിഞ്ഞ മുഖവുമായി മിക്കവരും നൂറു രൂപ വീതം താലത്തിലേക്ക്‌ ഇട്ടു കൊടുത്തു.
വേണ്ടത്ര തുക കിട്ടിക്കഴിഞ്ഞപ്പോഴേയ്ക്ക് അടുത്ത തീര്‍ത്ഥാടക സംഘം മുട്ടിലിഴയാന്‍ തയ്യാറായി നില്‌ക്കുന്നുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ പിറുപിറുത്തു കൊണ്ട്‌ അവിടം കാലിയാക്കി.
പുറത്തിറങ്ങിയ തീര്‍ത്ഥാടകരില്‍ ചിലരെങ്കിലും ഇത്തരം വിപണന ബുദ്ധികളുടെ ഭക്തിവ്യാപാരത്തെപ്പറ്റി പരിതപിക്കുന്നതും കണ്ടു.
ലോകത്തെ ഒട്ടുമിക്ക ആരാധനാലയങ്ങളും നാനാവിധത്തിലുള്ള വിപണന ബുദ്ധികള്‍ കയ്യടക്കി വെച്ചിട്ടുണ്ട്‌. ധനകേന്ദ്രീകൃതമായ ആരാധനാലയങ്ങളില്‍ പുണ്യമുണ്ടെന്നു കരുതാന്‍ ന്യായമില്ല. പൂര്‍ണ്ണമായും സമര്‍പ്പണ ബുദ്ധിയോടെ മനസ്സിനു ശാന്തിയും, സമാധാനവും നല്‍കുന്ന ഇടങ്ങളായിരിക്കണം ദൈവസന്നിധികള്‍.
മനുഷ്യശരീരം ക്ഷേത്രമാണെന്നാണ്‌ സങ്കല്‌പം. ശരീരത്തിന്‍റെ സ്ഥൂലമായ രൂപസങ്കല്‌പ മാണവിടെ സമുച്ചയങ്ങളായി കെട്ടിപ്പൊക്കിയിരിക്കുന്നത്‌. എന്നാല്‍ പ്രതിഷ്‌ഠയാകട്ടെ ചേതനാവിശേഷമായ പരംപൊരുളും. അതു ആത്മസ്വരൂപമായി സ്വന്തം ഉള്ളിലേക്കു തന്നെ നോക്കി കണ്ടെത്തേണ്ടതുമുണ്ട്‌. അതിനുള്ള ഭൗതികമായ പരിശീലനം മാത്രമാണ്‌ ക്ഷേത്രദര്‍ശനം കൊണ്ട്‌ ലക്ഷ്യമാക്കേണ്ടത്‌.

Comments
Print Friendly, PDF & Email

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

You may also like