പൂമുഖം LITERATUREകവിത ഭീതിയുടെ പെൺകുപ്പായങ്ങൾ

ഭീതിയുടെ പെൺകുപ്പായങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

വസന്താഗമത്തിന്റെ
കിളിയൊച്ചകൾ
അവർക്കു-
ണർത്തു പാട്ടായപ്പോൾ
അവൾ
ഭീതിയുടെ കരിമ്പടത്തിൽ
തല പൂഴ്ത്തിക്കിടന്നു.

മാൻമിഴിയെന്നും
തേന്മൊഴിയെന്നും
മാറത്തു പൂവുള്ള
കുളിരരുവിയെന്നും
വിളിയുടെ മുന്തിരിച്ചാറുകൾ
അവരുടെ ചുണ്ടുകളിൽ
കൊതിപ്പിക്കുന്ന മധുരമായി
കിനിഞ്ഞിറങ്ങുന്നത്
അവൾ പേക്കിനാവിൽ കണ്ടു.

നെടുവീർപ്പുകൾ
കൂട്ടിയിടിക്കുന്ന
രാത്രിയുടെ യാമങ്ങളിൽ
അവരുടെ ഉറക്കങ്ങൾക്ക്‌
മീതെ തൂങ്ങിയാടിയ
നിറമുള്ള ബലൂണുകൾ
അവൾ ഒച്ചയനക്കമില്ലാതെ
പൊട്ടിച്ചെറിഞ്ഞു.

ഒറ്റയ്ക്ക് മെടഞ്ഞു
കെട്ടിയ വേലികൾ
ചിതലുകൾ തിന്നു
തീർക്കാതിരിക്കാൻ
മരുന്ന് തളിച്ച്
ജന്മം മുഴുവൻ
ഉറങ്ങാതെ കാവലിരുന്നു …

Comments
Print Friendly, PDF & Email

തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശം. മത്സ്യഫെഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു.

You may also like