പൂമുഖം ചുവരെഴുത്തുകൾ ഉപാധികളില്ലാത്ത സ്വാതന്ത്ര്യം

ഉപാധികളില്ലാത്ത സ്വാതന്ത്ര്യം

കുറെ വർഷങ്ങളായി എന്റെ എല്ലാ പേർസണൽ ഫയലുകളും ഡോക്കുമെന്റുകളും സ്കാൻ ചെയ്ത് കമ്പ്യൂട്ടറിലാണ് സൂക്ഷിച്ചിരുന്നത്. സുരക്ഷിതവും ആവശ്യം വരുമ്പോഴൊക്കെ കോപ്പിയെടുക്കാനും അതെളുപ്പമായിരുന്നു. അതിന്റെയൊക്കെ ഒറിജിനലുകൾ കേടുപാടുകൾ കൂടാതെ ഇരിക്കുകയും ചെയ്യും.

കുടുംബവീട് ഭാഗം വച്ച മൂന്ന് തലമുറ പഴക്കമുള്ള പ്രാചീനതയുടെ മഞ്ഞ നിറം പിടിച്ച പ്രമാണങ്ങൾ, ആധാരങ്ങൾ, പഞ്ചായത്ത് കരം തീർത്ത രസീതുകൾ, പള്ളിക്ക് ഖബറടക്കാൻ സ്ഥലം വാങ്ങാൻ നൽകിയ പണത്തിന്റെ രസീത്, പള്ളിയിൽ വെള്ളിയാഴ്ച നിസ്ക്കാരം മുടക്കിയതിനാൽ ഫൈൻ അടിച്ച രസീതുകൾ, അഞ്ചു വയസ്സുള്ളപ്പോൾ എഴുതിയ ജാതകം, അച്ഛന്റെ കല്യാണ ഫോട്ടോ, അച്ഛന്റെയും അമ്മയുടേയും മധുവിധു കാലത്തെ ഒരു ഫോട്ടോ (അതിൽ രണ്ടുപേരുടെയും മുഖങ്ങൾ മാഞ്ഞു പോയിരിക്കുന്നു), സ്‌കൂൾ, കോളേജ് സർട്ടിഫിക്കറ്റുകൾ, പാസ്സ് വേർഡുകൾ, ലോഗിൻ ഐഡികൾ, ബാങ്ക് പേപ്പറുകൾ, കുറെ കഥകളുടെ, കവിതകളുടെ, നോവലുകളുടെ PDF കോപ്പികൾ, പിന്നെ മറ്റുള്ളവരെ കാണിക്കാൻ കഴിയാത്ത, ഒറ്റക്കിരിക്കുമ്പോൾ മാത്രം നോക്കിയിരുന്ന കുറെ ചിത്രങ്ങൾ അങ്ങിനെ കുറെയേറെ ഫോൾഡറുകൾ…..

ആ കമ്പ്യൂട്ടറാണ് രണ്ടു ദിവസങ്ങൾക്കു മുൻപ് ക്രാഷ് ആയത്. ഹൈ വോൾട്ടേജ് സ്പൈക്ക് ആവാം കാരണമെന്ന് നോക്കാനെത്തിയ എൻജിനീയർ പറഞ്ഞു. അയാൾ പഠിച്ച പണിയൊക്കെ നോക്കിയിട്ടും നഷ്ടപ്പെട്ട ഡാറ്റ തിരിച്ചെടുക്കാൻ കഴിഞ്ഞില്ല. പലതിന്റെയും ഒറിജിനലുകൾ ചിതല് തിന്ന് തീർത്തിരുന്നു.

എന്റെ പ്രായമുള്ള ആ എഞ്ചിനീയർ പല ടെക്നിക്കൽ കാര്യങ്ങളും എന്നോട് ചോദിച്ചു.

ഏത് ഡ്രൈവിൽ ആണ് ഫയലുകൾ സൂക്ഷിച്ചിരുന്നത് ?, Window -7 ആണോ, അതോ Window -10 ആണോ?, ഫോൾഡറുകൾ ‘Cloud Drive -ൽ’ സൂക്ഷിക്കാമായിരുന്നല്ലോ എങ്കിൽ ‘ബാക്ക് -അപ്പ്’ നഷ്ടപെടില്ലായിരുന്നു, ഒരു ‘External Disk’ വാങ്ങാമായിരുന്നു എന്നൊക്കെ.

കമ്പ്യൂട്ടർ ഓൺ ചെയ്യാനും ഷട്ട് ഡൌൺ ചെയ്യാനും, കീ ബോർഡിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്യാനും മാത്രം അറിയാവുന്ന ഞാൻ അയാളുടെ മുമ്പിൽ തലയും ചൊറിഞ് മന്ദ ബുദ്ധിയെപ്പോലെ നിന്നു.

തീ പിടിച്ച് എല്ലാം കത്തി നശിച്ച ഒരു വീട്ടിൽ ഉടുതുണിക്ക് മറുതുണിയില്ലാത്തവനെപ്പോലെ, ഗതികെട്ട് നിന്ന എന്നെ കണ്ടപ്പോൾ അയാൾക്ക്‌ ചിരി വന്നു.

അയാൾ ചിരിച്ചപ്പോൾ എനിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ അല്പനേരം ഒരുമിച്ച് നിന്ന് ചിരിച്ചു, ചിരിച്ചു ചിരിച്ച് വയറു വേദനിച്ചപ്പോൾ പെട്ടന്നയാൾ ഗൗരവത്തോടെ പറഞ്ഞു ‘ഞാനൊരു പുതിയ ഹാർഡ് ഡിസ്കുമായി വരാം’ എന്ന് പറഞ് പിരിഞ്ഞു.

ആ സംഭവത്തിന് ശേഷം വല്ലാത്തൊരു ഭാരക്കുറവാണ് ഇപ്പോൾ. രാവിലെ എണീൽക്കുമ്പോൾ തന്നെ ഗ്രാവിറ്റി ഇല്ലാത്ത ഒരു ലോകത്തിലേക്ക് ഇറങ്ങുന്നപോലെയാണ്. എങ്ങോട്ടുവേണമെങ്കിലും ഒലിച്ചു പോവാൻ സാദ്ധ്യതയുള്ള ഒരു പൊങ്ങു തടി.

ഒരു മനുഷ്യായുസ്സിനെ ഉമിത്തീ പോലെ നീറ്റി നീറ്റി കൊല്ലുന്ന സന്ദിഗ്ധതകളിൽ ഒന്നാണ് പുറത്തേക്ക് വലിച്ചെറിയണോ അതോ കുറച്ചുകാലം കൂടി സൂക്ഷിച്ചു വയ്ക്കണോ?, ഉപേക്ഷിക്കണോ, അതോ കുറച്ചു കാലംകൂടി സഹിക്കണോ?, പടിയടച്ച് പിണ്ഡം വയ്ക്കണോ അതോ എല്ലാം ക്ഷമിച്ച് ഒരു നിമിഷം തിരിച്ചു വിളിക്കണോ? ഇങ്ങനെയുള്ള ചോദ്യങ്ങൾ.

തിരിച്ചെടുക്കാനാവാത്ത വിധം നഷ്ട്ടപ്പെടുന്നതൊക്കെ തരുന്നത് ഉപാധികളില്ലാത്ത സ്വാതന്ത്ര്യമാണ്. വേണമെങ്കിൽ ചിരിക്കാം അല്ലെങ്കിൽ വാവിട്ടു കരയാം. അവസാനത്തേതാണ്, ഇനിയൊരിക്കലും ആവർത്തിക്കില്ല, ഇനിയൊരിക്കലും കണ്ടുമുട്ടില്ല എന്ന് ചിന്തിച്ചു കൊണ്ട് ഒരു നിമിഷത്തെ നേരിടാൻ പ്രയാസമാണ്. യാത്രപറയാതെ പിരിയണം, കൈവീശാതെ, ആലിംഗനം ചെയ്യാതെ, തിരിഞ്ഞു നോക്കാതെ…….

Comments
Print Friendly, PDF & Email

സുബൈർ MH, പ്ലാനിങ് കമ്മീഷനിൽ ജോലി, ഡൽഹിയിൽ താമസം

You may also like