പൂമുഖം OPINION മൂലധനം 150 ആം വാര്‍ഷികം – ചില വൈരുധ്യാത്മക ചിന്തകള്‍

മൂലധനം 150 ആം വാര്‍ഷികം – ചില വൈരുധ്യാത്മക ചിന്തകള്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

Karl_Marx

ആയിരത്തി എണ്ണൂറ്റി അറുപത്തിയേഴിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘മൂലധനം’ അതിന്‍റെ നൂറ്റിയന്‍പതാം വാർഷികത്തിലേക്കു കടന്നിരിക്കുകയാണല്ലോ. കേരളത്തിൽ മാത്രമല്ല ലോകമെങ്ങും, ഒറ്റപ്പെട്ടതാണെങ്കിലും മൂലധനത്തിന്‍റെ പ്രസക്തിയെക്കുറിച്ചുള്ള ചില ചർച്ചകൾ വാർഷികാചരണം മുന്നോട്ടുവെച്ചു. മലയാളത്തിൽ വായിക്കാനിടയായ അത്തരം ചില ലേഖനങ്ങൾ അങ്ങേയറ്റം നിരാശപ്പെടുത്തുകയും സമുന്നതരായ ഈ എഴുത്തുകാർ ഒരുപക്ഷെ മൂലധനം വായിച്ചിട്ടുണ്ടാവുമോ എന്ന്പോലും അത്ഭുതപ്പെട്ടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതുന്നത്. മുൻമുഖ്യമന്ത്രി നായനാർ ഒരിക്കൽ പറഞ്ഞത് ജയിലിൽ കിടന്നപ്പോൾ മൂലധനം പല തവണ വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഏറെയൊന്നും മുന്നോട്ടു കൊണ്ട്പോകാൻ കഴിഞ്ഞിട്ടില്ല എന്നാണ്. അദ്ദേഹത്തെ പോലെ നിഷ്കളങ്കരും സത്യസന്ധരും ആയ രാഷ്ട്രീയക്കാർ നമുക്കിടയിൽ കുറവാണല്ലോ. സാമ്പത്തികശാസ്ത്രത്തിൽ ശക്തമായ താല്പര്യവും വ്യക്തമായ ചില അടിസ്ഥാനധാരണകളുമെങ്കിലും ഇല്ലാത്തവർക്ക് മൂലധനം ഒരു ബാലികേറാമല തന്നെയാണ്. അതുകൊണ്ടാണ് മൂലധനം അതിന്‍റെ 150 ആം വർഷത്തിലും, ഭൂരിഭാഗം മതവിശ്വാസികളാലും വായിക്കപ്പെടാത്ത മതഗ്രന്ഥങ്ങളെ പോലെ അനാഘ്രാതകുസുമമായി തുടരുന്നത്. ഒരുപക്ഷെ കമ്മ്യുണിസ്റ്റ് ചിന്തകരെക്കാളുമധികം കാപ്പിറ്റലിസ്റ്റ് എക്കൊണോമിസ്റ്റുകളാവും മൂലധനം വായിച്ചിട്ടുണ്ടാവുക, മതഗ്രന്ഥങ്ങൾ വായിക്കുന്ന നിരീശ്വരവാദികളെ പോലെ. അത് തന്നെയാവും ഈ 150 ആം വർഷത്തിൽ മൂലധനത്തെ പ്രസക്തമാക്കുന്നതിലേറെ അപ്രസക്തമാക്കുന്നതും

വളരെ വലിയൊരു തത്വശാസ്ത്രത്തെ, സാമ്പത്തിക ശാസ്ത്രത്തെ വളരെ ലളിതമായി വിശദീകരിക്കാൻ ശ്രമിക്കുന്നു എന്നൊരു പോരായ്മ ഈ കുറിപ്പിനുണ്ടാകും ക്ഷമിക്കുക. തത്വശാസ്ത്ര, സാമ്പത്തിക ശാസ്ത്ര ജാർഗണുകൾ കഴിയുന്നത്ര ഒഴിച്ചുനിർത്തി ഈ വിഷയത്തെ സമീപിക്കാനാണ് ശ്രമിക്കുന്നത്, ഒപ്പം അത് പൂർണമായി കഴിയില്ലെന്ന ഓർമ്മപ്പെടുത്തലും. ലളിതവൽക്കരണം ചിലപ്പോഴൊക്കെ അപകടകരമായേക്കും എന്ന ബോധ്യവുമുണ്ട്. നമുക്ക് വിഷയത്തിലേക്കു തിരിച്ചുവരാം

എല്ലാ പാശ്ചാത്യദർശനങ്ങളുടെയും തുടക്കം തേടിപോയാൽ നമ്മൾ എത്തുക അരിസ്റ്റോട്ടിലിലും അദ്ദേഹത്തിന്‍റെ ഗുരുവായ പ്ളേറ്റോയിലും, പ്ളേറ്റോയുടെ ഗുരുവായിരുന്ന സോക്രട്ടീസിലും ഒക്കെ തന്നെയാവും. മാർക്സിസ്റ്റ് ചിന്താധാരകളുടെ ആശയപരമായ തുടർച്ച ഹെഗലിൽ നിന്ന് ഇമ്മാനുവേൽ കാന്‍റിലേക്കും അവിടെനിന്ന്‍ നീണ്ടു ചെന്ന് അരിസ്റ്റോട്ടിലിലും പ്ളേറ്റോയിലും വരെയെത്തുന്നത് കാണാം. വ്യക്തവും കൃത്യവുമായ വ്യത്യാസം ഹെഗൽ മുതൽ മുകളിലേക്ക് ഉള്ളവരെ നമുക്ക് ആശയവാദികൾ എന്നും മാർക്സിനെ തത്വശാസ്ത്രത്തിലെ സമ്പൂർണ്ണ ഭൗതികവാദി എന്നും വിളിക്കാം എന്നുള്ളതാണ്

എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദം അഥവാ അതിന്‍റെ സത്ത ?

അത് അന്വേഷിച്ചു പോകുമ്പോൾ നമ്മൾ എത്തിനിൽക്കുന്നത് ചില ഹെഗേലിയൻ പ്രപഞ്ച വികാസ നിയമങ്ങളിൽആണ്. കൃത്യമായി പറഞ്ഞാൽ മൂന്നു നിയമങ്ങൾ

ആദ്യത്തേത് മലയാളത്തിൽ, പരസ്പരവൈരുധ്യങ്ങളുടെ പരസ്പരവിലയനവും സംഘർഷവും എന്ന് പറയാം (The Law of the Unity and conflict of Opposites)

രണ്ടാമത്തേതിനെ നമുക്ക് അളവുമാറ്റത്തിലുള്ള ഗുണമാറ്റം തിരികെയും എന്ന് വിളിക്കാം   (The Law of Passage of Quantitative Changes into Qualitative Changes)

മൂന്നാമത്തേത്, നിഷേധത്തിന്‍റെ നിഷേധം( The Law of Negation of negation)

തത്വശാസ്ത്രത്തിൽ വൈരുദ്ധ്യങ്ങളെ കുറിച്ചുള്ള ചർച്ച പ്ളേറ്റോ വരെ നീണ്ടുകിടക്കുന്നു. ഹെഗൽ ഇതിനെ കൂടുതലും ആശയപരമായി ആണ് കണ്ടത്. അത് കൊണ്ടാണ് ഹെഗലിനെ വൈരുദ്ധ്യാത്മക ആശയവാദി എന്ന് ചില വിമർശകർ വിളിച്ചത്. മാർക്സ് തന്നെ ഹെഗലിനെ ഇത്തരത്തിൽ കൃത്യമായി വിലയിരുത്തുന്നുണ്ട്. ഹെഗൽ അനാവശ്യവും അമിതവുമായ ഉൽക്കണ്ഠകൾ മനുഷ്യന്‍റെ തലച്ചോറിനെ കുറിച്ചും ആശയങ്ങൾക്കുള്ള പ്രാധാന്യത്തെ കുറിച്ചും വച്ച്പുലർത്തുന്നു എന്നാണു മാർക്സ് എഴുതിയത്.
നമുക്ക് വൈരുധ്യങ്ങളുടെ പരസ്പര സമ്മേളനത്തെ മാർക്സിസം എങ്ങിനെയാണ് വിശദീകരിക്കുന്നത് എന്ന് നോക്കാം. ഓരോ പ്രക്രിയയിലും രണ്ടു വിപരീത താല്പര്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ തമ്മിൽ നിരന്തര സംഘർഷത്തിലുമാണ്. ഈ സംഘർഷം ഒരു പ്രത്യേക ഘട്ടത്തിൽ (അളവുപരവും ഗുണപരവുമായ മാറ്റത്തിന്‍റെ ഘട്ടത്തിൽ) മൂർച്ഛിക്കുകയും അതിൽനിന്ന് പുതിയ ഒന്ന് രൂപംകൊള്ളുകയുംചെയ്യുന്നു ( തീസിസ്ആന്‍റിതിസീസ് = സിന്തസിസ് )
ഉദാഹരണമായി അടിമയുടമ വ്യവസ്ഥ. അടിമയും ഉടമയും നിരന്തരസംഘർഷത്തിലാണ് അവർ വിരുദ്ധസാമ്പത്തിക താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. അവര്‍ തമ്മിലുള്ള സംഘർഷം ഒടുവിൽ മൂർച്ഛിക്കുകയും അതൊരു പൊട്ടിത്തെറിയിൽ എത്തുകയും അതിൽനിന്ന് അതിനേക്കാൾ മെച്ചപ്പെട്ട മറ്റൊരു സാമൂഹ്യവ്യവസ്ഥ രൂപം കൊള്ളുകയും ചെയ്യുന്നു ,ഫ്യുഡലിസം.

ഫ്യുഡലിസത്തിലാകട്ടെ ജന്മിയും അടിയാനും തമ്മിലുള്ള വിരുദ്ധസാമ്പത്തിക താല്പര്യങ്ങളുടെ സംഘർഷം തുടരുകയാണ്, അടിമയെക്കാൾ കൂടുതൽ സ്വതന്ത്രനാണ് അടിയാൻ എന്ന വ്യത്യാസം മാത്രം. മൃഗയാവിനോദങ്ങളിൽ ഏർപ്പെട്ടിരുന്ന ജന്മിയാകട്ടെ ഇന്ന്‍ കൂടുതൽ സംസ്കാരസമ്പന്നനും കഥകളി കാണുന്നയാളുമാണ്.

ഈ സംഘർഷത്തിന്‍റെ തുടർച്ച സാമൂഹ്യവികാസത്തെ മറ്റൊരുഘട്ടത്തിലേക്ക് നയിക്കുന്നു. മുതലാളിത്തം. അവിടെ തൊഴിലാളിയും മുതലാളിയുമാണ് സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇപ്പോൾ തൊഴിലാളി കൂടുതൽ സ്വതന്ത്രനാണ്. മുതലാളി ജന്മിയെ പോലെ അവനിൽനിന്ന് പ്രത്യക്ഷമായി വാഴക്കുല പിടിച്ചു പറിക്കുന്നവനല്ല. അടിമയുടമ വ്യവസ്ഥയിലെ ഉടമയെ പോലെ അവനെ ചാട്ടവാറിനടിക്കുന്നുമില്ല. പകരം ഓണത്തിന് ബോണസ് നൽകുന്ന നല്ല മനുഷ്യനാണ് അയാൾ

മുതലാളിത്തത്തിനുള്ളിലെ തൊഴിലാളി -മുതലാളി താല്പര്യങ്ങൾ തമ്മിലുള്ള സംഘർഷം ഒടുവിൽ മൂർച്ഛിച്ചു അത് പുതിയൊരു സാമൂഹ്യ വികാസത്തിലേക്കു നയിക്കുമെന്നും അത് നേരത്തെ കണ്ടത് പോലെ, ഇപ്പോഴുള്ളതിനേക്കാൾ പുരോഗമനപരമായിരിക്കുമെന്നും മാർക്സ് ഭാവന ചെയ്യുന്നു. അതിനെയാണ് സോഷ്യലിസം എന്ന് വിളിക്കുന്നത് സോഷ്യലിസത്തിൽ ഉൽപ്പാദന വ്യവസ്ഥയിന്മേലുള്ള മുതലാളിയുടെ/ ജന്മിയുടെ/ ഉടമയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അത് സ്റ്റേറ്റിന്‍റെ കീഴിൽ ആകുകയും ചെയ്യുന്നു. വീണ്ടും തുടരുന്ന സംഘർഷം ഒടുവിൽ സ്റ്റേറ്റിനെ തന്നെ ഇല്ലാതാക്കുമെന്നും മനുഷ്യൻ പരിപൂർണ്ണ സ്വതന്ത്രനായ ഒരു സാമൂഹ്യവ്യവസ്ഥ രൂപമെടുക്കുമെന്നും മാർക്സ്, ചരിത്രത്തിന്‍റെ ശാസ്ത്രീയമായ വായനയിലൂടെ പറഞ്ഞുവെയ്ക്കുന്നു

ഈ സംഘർഷങ്ങളിലൂടെ ഉണ്ടാകുന്നത് സാമൂഹ്യവികാസം മാത്രമല്ല സമ്പദ് വികാസം കൂടിയാണ്. അടിമ അടിയാനിലേക്ക് എത്തുമ്പോൾ സാമൂഹ്യസ്വാതന്ത്ര്യം മാത്രമല്ല അല്പമായെങ്കിലും വർദ്ധിക്കുന്നത് കുറഞ്ഞ തോതിലെങ്കിലും ഭക്ഷണലബ്ധി കൂടിയാണ്. പിന്നീട് അത് മുതലാളിത്തത്തിലെത്തുമ്പോഴേക്കും അവൻ കൂടുതൽ സാമൂഹ്യജീവിയായി മാറുകയും ഭക്ഷണം, മുതലാളിത്തം അതിന്‍റെ വികാസം പ്രാപിച്ച സ്ഥലങ്ങളിലെങ്കിലും അവനൊരു ഉൽക്കണ്ഠയല്ലാതായിമാറുകയുംചെയ്തു. തുല്യാവകാശങ്ങളെ കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ചും ട്രാൻസ്ജെന്‍ഡറുകളുടെ അവകാശങ്ങളെ കുറിച്ചും ഒക്കെയാണ് അവൻ ഇന്ന് ഉറക്കെയുറക്കെ സംസാരിക്കുന്നത്. സാമ്പത്തിക സാഹചര്യങ്ങളിൽ വമ്പിച്ച മാറ്റം -മൂലധനത്തിന്‍റെ വിരുദ്ധ താല്പര്യങ്ങൾ തമ്മിലുള്ള സംഘർഷത്തിലൂടെയുള്ള വികാസം – കൊണ്ട് വന്നിരിക്കുന്നു.

മുതലാളിത്ത വ്യവസ്ഥയെ, അതിന്‍റെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമ്പദ്നിയമങ്ങളെ, ആ മാറ്റത്തിന്‍റെ ദിശയെ മാർക്സ് മൂലധനത്തിൽ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. മുതലാളിത്തം അതിന്‍റെ തന്നെ കുഴി തോണ്ടുന്നു എന്നതാണ് സുപ്രധാന നിരീക്ഷണം. മുതലാളിത്ത സമ്പദ് വ്യവസ്ഥ മത്സരാധിഷ്ഠിതമാണെന്നും അതുകൊണ്ടു തന്നെ ഉൽപ്പാദനക്ഷമത നിരന്തരം വർധിപ്പിക്കേണ്ടത് അതിന്‍റെ നിലനിൽപ്പിന്‍റെ ആവശ്യമാണെന്നും ഈ ഉൽപ്പാദനക്ഷമതാവർദ്ധനവ് കൂടുതൽ കൂടുതൽ യന്ത്രവൽക്കരണത്തിലേക്കു നയിക്കുമെന്നും ഒടുവിൽ അത് ഉത്പന്നങ്ങളുടെ വിലകുറവിനും തന്മൂലം ലാഭക്കുറവിനും കാരണമാകുമെന്നും മാർക്സ് മൂലധനത്തിലൂടെ വിശദീകരിക്കുന്നു.

മത്സരാധിഷ്ഠിത വ്യവസ്ഥയെ കുറിച്ച് വെറുതെയങ്ങിനെപറഞ്ഞുപോകുന്നത് വ്യക്തതക്കുറവിനു കാരണമാകുമെന്ന് തോന്നുന്നു. നമുക്കതു ലളിതമായി ഇങ്ങനെ ഉദാഹരിക്കാം. അസംസ്കൃതവസ്തു ഒരു ഉല്പന്നമായി മാറുമ്പോഴാണല്ലോ അതിനു മിച്ചമൂല്യം ഉണ്ടാകുന്നത്. ഇതിനായി ഒരു മുതലാളി നിക്ഷേപിക്കുന്നത് അസംസ്കൃതവസ്തുവിന്‍റെ വിലയും അദ്ധ്വാനശക്തിക്കായി നൽകുന്ന വിലയും ആണ് അഥവാ തൊഴിലാളിയുടെ കൂലി. എന്നാൽ ആ ഉത്പന്നം വിപണിയിൽ വിൽക്കുന്നത് അതിനേക്കാൾ ഉയർന്ന മൂല്യത്തിലാണ്. വിപണിയിലേക്ക് നിക്ഷേപിക്കപ്പെട്ടതിനേക്കാൾ അധികമൂല്യത്തിന് വില്‍ക്കപ്പെടുന്നത് കൊണ്ട് തന്നെ ആ മുഴുവൻ ഉല്പന്നവും വാങ്ങാനുള്ള ശേഷി സമൂഹത്തിന് ഇല്ല എന്ന് മനസ്സിലാക്കാം. പിന്നെ എങ്ങിനെയാണ് മുഴുവൻ ഉല്പന്നവും വിറ്റുപോകുന്നത് എന്നത് ന്യായമായ ചോദ്യം. അത് മറ്റൊരു മുതലാളി അഥവാ സ്ഥാപനം വിപണിയിലേക്ക് അഥവാ സമൂഹത്തിലേക്ക് നിക്ഷേപിച്ച പണം കൂടി ഉപയോഗിച്ച് കൊണ്ടാണ്. ഇത് കൂടുതൽ മെച്ചപ്പെട്ട ഒന്നിനെ വളർത്തുകയും മറ്റൊന്നിനെ തളർത്തുകയുംചെയ്യുന്നു. അങ്ങിനെയാണ് നോക്കിയ ഫോൺ കമ്പനി തകരുന്നതും ആപ്പിൾ വളരുന്നതും. ഒരു വലിയ ഹൈപ്പർമാർക്കറ്റ് തുടങ്ങുമ്പോൾ അതിനു ചുറ്റുമുള്ള നിരവധി ചെറിയ സ്ഥാപനങ്ങൾ തകരുന്നത് നാം ഇപ്പോൾ കണ്മുന്നിൽ കാണുകയാണ്. ഇങ്ങനെ കൂടുതൽ കൂടുതലായി കോർപ്പറേറ്റുവൽക്കരണം ഉണ്ടാകുന്നു. നാം ഇപ്പോൾ ഈ ഘട്ടത്തിന്‍റെ ഏതാണ്ട് മധ്യഅവസ്ഥയിലാണ്.

ഇപ്പോൾ തന്നെ ലോകത്തെ മുഴുവൻ സമ്പത്തിന്‍റെ ഏതാണ്ട് പകുതിയിലധികം ജനസംഖ്യയുടെ ഒരു ശതമാനം പേരിൽ മാത്രമായി കുന്നുകൂടിക്കഴിഞ്ഞു. 97 ശതമാനം സമ്പത്തു ഏതാണ്ട് 30 ശതമാനം പേരുടെ കൈകളിലാണ്. മനുഷ്യരാശിയുടെ മുഴുവൻ സമ്പത്തിന്‍റെ 10 ശതമാനം നിയന്ത്രണം മൂന്നു അതിസമ്പന്നരിലാണ്. നമ്മൾ മനസ്സിലാക്കേണ്ടത് താഴെക്കിടയിലുള്ള 50 ശതമാനം വരുന്ന ജനസംഖ്യയുടെ കൈവശമുള്ളതു മനുഷ്യനിർമ്മിതമായ ആകെ സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണെന്ന് കൂടിയാണ്. ഈ സമ്പദ്കേന്ദ്രീകരണം അതിന്റെ സ്വാഭാവിക തകർച്ചയിലേക്ക് നീങ്ങുകതന്നെചെയ്യും

das-kapital

ചില വിമർശനങ്ങൾ കൂടി പരിശോധിച്ച് കൊണ്ട് നമുക്ക് ഈ കുറിപ്പ് അവസാനിപ്പിക്കാം.

ഇന്ത്യൻ സാഹചര്യങ്ങളിൽ എന്തുകൊണ്ട് മാർക്സിസം മനസ്സിലാക്കപ്പെടാതെ പോയി എന്നതാണ് ഒന്നാമത്തേത്. വളരെ ലളിതമാണ് അതിന്‍റെയുത്തരം മൂലധനത്തിൽ മാർക്സ് കൃത്യവും വ്യക്തവുമായി ആരാണ് തൊഴിലാളി എന്നും, മുതലാളി എന്നും എന്താണ് ഉൽപ്പന്നം എന്നും എന്താണ് മിച്ചമൂല്യം എന്നും ഒക്കെ നിർവചിക്കുന്നുണ്ട്.

തൊഴിലാളി എന്നാൽ സ്വന്തം അദ്ധ്വാനശേഷി വിറ്റു ജീവിക്കുന്നയാൾ എന്നതാണ് നിർവചനം. നോക്കൂ. ഇന്ത്യയിലെ തൊഴിലാളിയുടെ അദ്ധ്വാനശേഷിയെ വിൽക്കാനുള്ള നിർണ്ണയശേഷി ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത് ? അത് സമ്പൂർണ്ണമായും അവനിലല്ല തന്നെ. അവൻ എന്ത് തൊഴിൽ ചെയ്യണമെന്ന് നിർണ്ണയിക്കുന്നത്, മുതലാളിത്ത വികാസം ശക്തി പ്രാപിക്കാത്ത ഇടങ്ങളിൽ, പ്രാഥമികമായും അവന്‍റെ ജാതിയാണ്, മുതലാളിത്ത വികാസം രൂപം പ്രാപിച്ച സമൂഹങ്ങളിൽ പോലും അതിനു, ജാതിവ്യവസ്ഥയ്ക്ക് വലിയപങ്കുണ്ട്. നമ്മൾ ഇക്കഴിഞ്ഞ ആഴ്ചയാണ് ദളിതന് ക്ഷേത്രങ്ങളിലെ തന്ത്രിയാകാമെന്ന കാര്യത്തിൽ തീരുമാനമെടുത്തത്. അതായത് ഒരാൾ എന്ത് തൊഴിലെടുക്കണമെന്നു തീരുമാനിക്കുന്നത് ഇപ്പോഴും ജാതിവ്യവസ്ഥയാണ്. തന്‍റെ അദ്ധ്വാനശേഷിയുടെ വില്പനാവകാശം പോലും സ്വന്തമായില്ലാത്ത തൊഴിലാളിയെ ഇന്ത്യൻ മാർക്സിസ്റ്റുകൾ കണ്ടില്ല. എന്നിട്ട് അവർ അത്ഭുതം കൂറുകയാണ് എന്ത് കൊണ്ടാണ് അവികസിത ഇന്ത്യ കമ്മ്യുണിസത്തെ ഉൾക്കൊള്ളാത്തത് എന്ന്? സ്വതന്ത്രനായ തൊഴിലാളി ഉള്ളിടത്തേ, തൊഴിലാളി – മുതലാളി സംഘർഷം അഥവാ വർഗ്ഗസമരം എന്ന ആശയം തന്നെ മനസ്സിലാക്കപ്പെടുകയുള്ളൂ. ഇന്ത്യൻ സാഹചര്യങ്ങളെ മാറ്റിനിർത്തി കൂടുതൽ വിശാലമായ തലത്തിൽ പരിശോധിച്ചാൽ സിദ്ധാന്തത്തെക്കാൾ പ്രയോഗമാണ് അതിനെ പരാജയപ്പെടുത്തുന്നത് എന്ന് കാണാൻകഴിയും

സ്വാഭാവികമായി ഉണ്ടാകേണ്ട സാമൂഹ്യവികാസത്തെ, വിരുദ്ധതാല്പര്യങ്ങളുടെ സംഘർഷത്തെ, അതിന്‍റെ മുന്നണിപ്പോരാളിയായി നിൽക്കാം എന്നിരിക്കെ തന്നെ, അതിനപ്പുറം കടന്നു ബോധപൂർവ്വം അല്ലെങ്കിൽ ശക്തിപൂർവ്വം വഴിതിരിച്ചു വിടാൻ ശ്രമിച്ചതാണ്, അങ്ങിനെ കഴിയും എന്ന് കരുതുന്നതാണ് നമ്മൾ ഇതുവരെ ചെയ്തതും ഇനി ചെയ്യാൻ പോകുന്നതുമായ തെറ്റ്. ഈ ചിന്തയെ ഒറ്റ വാക്കിൽ ലെനിനിസം എന്ന് വിളിക്കാമെന്ന് തോന്നുന്നു.

മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള വളർച്ച കൂടുതൽ സ്വതന്ത്രനായ മനുഷ്യനെയാണ് സൃഷ്ടിക്കേണ്ടത്. കൂടുതൽ സ്വതന്ത്രമായ സമ്പദ് വ്യവസ്ഥയെയാണ് സൃഷ്ടിക്കേണ്ടത്. ഇത് വരെയുള്ള പരീക്ഷണങ്ങൾ അതങ്ങിനെയല്ലായിരുന്നു എന്ന് തെളിയിച്ചുകഴിഞ്ഞു. ലെനിന്‍റെ നേതൃത്വത്തിലുള്ള ‘സോഷ്യലിസ്റ്റ്’ ഭരണകൂടം സോവിയറ്റുകൾക്കു, തൊഴിലാളി സംഘങ്ങൾക്കു ആദ്യം ഉണ്ടായിരുന്ന അധികാരങ്ങൾ പിന്നീട് വെട്ടിക്കുറയ്ക്കുന്നതു നമ്മൾ കണ്ടതാണ്. അത് തെറ്റായ ദിശയിലുള്ള നീക്കമായിരുന്നു.ഒരു ജനാധിപത്യ സമൂഹത്തിൽ ഏറ്റവുമധികം ജനാധിപത്യം ഉണ്ടാകേണ്ടതും പ്രചരിപ്പിക്കേണ്ടതും കമ്മ്യുണിസ്റ്റ്പാർട്ടികളാണ്.

സോഷ്യൽ എഞ്ചിനീയറിങ് എന്ന ആശയം തന്നെ ഉപേക്ഷിക്കാൻ കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് കഴിയണം. ഒരുസമ്പദ് വ്യവസ്ഥ വികസിക്കേണ്ടത് സ്വതന്ത്രമായാണ്, സ്വാഭാവികമായ ഉൾസമരങ്ങളിലൂടെയാണ്. .അതാണ് മൂലധനത്തിന്‍റെ അന്തസത്ത

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like