മറുപക്ഷം

മലയാളി തിരിഞ്ഞു നടക്കരുത്തം, മത വിശ്വാസം, മത വിശ്വാസമില്ലായ്‌മ, പ്രണയം, വിവാഹം, വിവാഹ മോചനം ഇവയൊക്കെ ഒരു വികസിത സമൂഹത്തിൽ തീർത്തും വ്യക്തിപരമായ വിഷയങ്ങളാണ്. പൊതു സമൂഹം പലപ്പോഴും ഒരു ചർച്ചയ്‌ക്കെടുക്കാൻ വിസമ്മതിക്കുന്ന വിഷയങ്ങൾ.

ഒന്ന് പുറംലോകത്തേയ്ക്ക് നോക്കൂ. വികസിത യൂറോപ്യൻ രാജ്യങ്ങളില്‍ മതവിശ്വാസവും മറ്റും തീരെ കുറവാണെന്നു മനസ്സിലാവും. സ്വീഡൻ, ഡെൻമാർക്ക്‌, നോർവേ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനത്തോളം വരും നിരീശ്വര വാദികളുടെ എണ്ണം.

ദരിദ്ര രാജ്യങ്ങളില്‍ മതത്തിന് മനുഷ്യ ജീവിതത്തിനു മേല്‍ സ്വാധീനം കൂടുതലാണ് . ദുർബലരും നിസ്സഹായരുമാകുമ്പോള്‍ മനുഷ്യര്‍ മതവിശ്വാസത്തിൽ ആശ്രയം കണ്ടെത്തുന്നു. ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽ നിരീശ്വരവാദിയായിരിക്കുന്നത് കൊല്ലപ്പെടാനുള്ള ന്യായമായ കാരണമാണ്. രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും ഉള്ളിൽ തന്നെയും സാമ്പത്തിക വികാസത്തിന്‍റെ തോത് മാറുന്നതിനനുസരിച്ചു വിശ്വാസത്തിന്‍റെ അളവ് കൂടുകയും കുറയുകയും ചെയ്യുന്നത് കാണാം
നിയമത്തിന്‍റെ കണ്ണില്‍ കുറ്റകരമായ, honour killing, പാകിസ്താനിലും ചില ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും, സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ ഏറെക്കുറെ സ്വീകാര്യമാണ്. അന്യമതക്കാരനോ ഗോത്രക്കാരനോ തങ്ങൾക്കു ഏതെങ്കിലും തരത്തില്‍ സ്വീകാര്യനല്ലാത്തവനോ ആയ പുരുഷനോടൊപ്പം ഒളിച്ചോടിപ്പോകുന്ന പെൺകുട്ടിയേയും പുരുഷനേയും പിന്തുടർന്ന് കൊല്ലുന്നത് പലപ്പോഴും അവളുടെ സഹോദരനോ പിതാവോ തന്നെയാവും. മത-ഗോത്ര വിശ്വാസങ്ങള്‍ നീതി നിയമങ്ങൾ നിർണ്ണയിക്കുന്ന സമൂഹം, സ്ത്രീകളെ, അധിപനായ പുരുഷന്‍റെ സ്വകാര്യ സ്വത്തായി കാണുന്ന സമൂഹം, ചോദിക്കുന്നത് “അവളെന്തിനിതു ചെയ്തു ? ” എന്നാവും. ഹാദിയ എന്ന അഖിലയുടെ വിഷയത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. സ്ത്രീ നാല് ചുവരുകൾക്കുള്ളിൽ പൂട്ടിയിടപ്പെടേണ്ടവൾ ആണ് എന്നും അവളുടെ വിശ്വാസമോ വിശ്വാസ രാഹിത്യമോ നിർണ്ണയിക്കേണ്ടത് തങ്ങളാണെന്നും കേരളത്തിലെ പുരുഷ മേൽക്കോയ്മ തീരുമാനിച്ചിരിക്കുന്നു. ഹാദിയക്ക് പകരം ഹാദി എന്നോ അഖിൽ എന്നോ പേരുള്ള ഒരു പുരുഷനായിരുന്നുവെങ്കിൽ ഈ വിഷയം തന്നെ ഉണ്ടാവുമായിരുന്നില്ല. അപ്പോള്‍ പ്രശ്നം മതമല്ല സ്ത്രീത്വവും അതിന്മേലുള്ള പുരുഷാധിപത്യ സമൂഹത്തിന്‍റെ നിർണ്ണയാവകാശവുമാണ്. ഇതിനൊരു മറുവശമുണ്ട് അതിലേക്കു വരും മുൻപ് മറ്റു ചില കാര്യങ്ങൾ പറയാതെ വയ്യ
കേരളം വിശ്വാസികളുടേതെന്ന പോലെ അവിശ്വാസികളുടേയും നാടാണ്. അവിശ്വാസികളുടെ സമ്മേളനങ്ങളും കൂട്ടായ്‌മകളും സംഘടിപ്പിക്കപ്പെടുന്നത് പൊതു വേദികളിലാണ്, പരസ്യമായാണ്. ഒരു വിശ്വാസിയും അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കാറില്ല. പതിനായിരക്കണക്കിന് വരുന്ന മിശ്ര വിവാഹിതരുടെ നാട് കൂടിയാണ് ഇത്. പൊതുസമൂഹം അതിനെ വിവിധ കേരള വികാസ സൂചകങ്ങളിൽ ഒന്നായാണ് കാണുന്നത്. പ്രശസ്തരുടെ മതം മാറ്റങ്ങള്‍ക്കും ഒച്ചപ്പാടില്ലാതെ കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട് സാമൂതിരി മുതൽ കമലാ ദാസ് വരെ ആ ലിസ്റ്റ് നീളും. ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ ബുദ്ധ മതത്തിലേക്കുള്ള മാറ്റം പുഞ്ചിരിയോടെ സ്വീകരിച്ചപ്പോൾ കമലാ സുരയ്യയുടേത് ഒരല്പം അവിശ്വാസത്തോടെയും അത്ഭുതത്തോടെയും ആണ് നമ്മള്‍ കണ്ടത്. പ്രണയ വാഗ്ദാനവും വഞ്ചനയുമൊക്കെ പിന്നാലെ ചർച്ചയായെങ്കിലും ശരാശരി മലയാളിയെ അതൊന്നും കാര്യമായി ബാധിച്ചില്ല. സവർണ്ണ ഹിന്ദുവിന്‍റെ, വലിയ പൊട്ടും പട്ടു സാരിയും ധരിച്ച, ആഢ്യപ്രതീകമായിരുന്ന മാധവിക്കുട്ടിയുടെ മതം മാറ്റം മലയാളിയെ ഞെട്ടിച്ചു. അതും, പക്ഷേ, അവനെ അസഹിഷ്ണുവാക്കിയില്ല. അവിടെയാണ് നമ്മൾ നേരത്തെ പറഞ്ഞ, ദുർബലന്‍റെ മതം എന്ന ആശയം പ്രസക്തമാകുന്നത്. സമ്പന്നന്‍റെ, വിദ്യാഭ്യാസമുള്ളവന്‍റെ, സ്വാധീനമുള്ളവന്‍റെ മതം മാറ്റമോ വിശ്വാസരാഹിത്യമോ, അന്യ മത വിവാഹമോ സമൂഹം ചർച്ചയാക്കാറില്ല, തടയാൻ ശ്രമിക്കാറുമില്ല. അത് അവരുടെ നിയന്ത്രണത്തിന് പുറത്തുള്ളതാണെന്ന് അവർക്കറിയാം. ദരിദ്രന്‍റെ, സാധാരണക്കാരന്‍റെ മേലാണ് അവർ തങ്ങളുടെ ശക്തി പ്രയോഗിക്കുക. നിങ്ങൾ ഏതു മത വിശ്വാസിയാണെന്നതിനേക്കാൾ സാമ്പത്തികവും സാമൂഹികവും ആയി നിങ്ങൾ ഏതു തട്ടിൽ നിൽക്കുന്നു എന്നതാണ് നിങ്ങളുടെ സ്വീകാര്യതയേയും ( മതപരമായ നിങ്ങളുടെ ) സ്വാതന്ത്ര്യത്തേയും നിർണ്ണയിക്കുന്നത്. ഹാദിയ നേരിടുന്ന വേർതിരിവിന്‍റെ കാരണം ലിംഗപരം മാത്രമല്ല സാമ്പത്തികവുമാണ്.

മലയാളി തിരിഞ്ഞു നടക്കുകയാണ് എല്ലാ പുരോഗമന, മതേതര മൂല്യങ്ങളിൽ നിന്നും. ജോസഫ് ഇടമറുക് എന്ന യുക്തിവാദിയെ ഋഷിതുല്യനായി ആദരപൂർവം സ്വീകരിച്ച മലയാളി ഇന്ന് ചർച്ച ചെയ്യുന്നത് ലവ് ജിഹാദിനെ കുറിച്ചാണ്. ഇവിടെ ചില വ്യക്തിപരമായ ഉദാഹരണങ്ങൾ പറയാതെ വയ്യ.
ഇതെഴുതുന്നയാൾ തെക്കൻ തിരുവിതാംകൂറിലെ ഒരു പഴയ മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചത്. എന്‍റെ ഓർമ്മയില്‍, കുടുംബത്തിലെ ആദ്യ മിശ്ര വിവാഹം എന്‍റെ കുട്ടിക്കാലത്തുണ്ടായ സഹോദര തുല്യനായ ഒരാളുടേതായിരുന്നു. ബോംബെയിൽ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം സഹപ്രവർത്തകയായ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം കഴിച്ചു. അന്ന് ചില മുറുമുറുപ്പുകൾ ഉണ്ടായെങ്കിലും ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം അവർ ഇരുവരും സന്തോഷമായി കഴിയുന്നു. ഒരാൾ മുസ്ലീമായും മറ്റെയാൾ ക്രിസ്ത്യാനിയായും കുടുംബങ്ങളാൽ സ്നേഹപൂർവ്വം അംഗീകരിക്കപ്പെട്ടു കൊണ്ട്. ഏതാണ്ട് ഒരു പതിറ്റാണ്ടു മുൻപ് മറ്റൊരു കുടുംബാംഗം, ഒരു പെൺകുട്ടി, ഒരു ഹിന്ദു യുവാവിനെ വിവാഹം ചെയ്തത്, വളരെ നാൾ പൊരുതി നിന്ന ശേഷം, അടുത്ത ബന്ധുക്കളുടെ മൗനാനുവാദത്തോടെ, അനുഗ്രഹത്തോടെ വീട് വിട്ട് ഇറങ്ങിപോയിക്കൊണ്ടാണ്. ഒരു പതിറ്റാണ്ടു നീണ്ടു നിന്ന വിവാഹബന്ധം, വേർപിരിയലിലെത്തിയപ്പോൾ, കോടതിയിൽ തലയുയർത്തി നിന്ന് അവള്‍ പറഞ്ഞത് അയാളുടെ സ്വത്തില്‍ തനിക്കു അവകാശം വേണ്ടെന്നാണ്. തിരികെ സ്വീകരിക്കപ്പെടാതെ, ഏതാണ്ട് ഒറ്റപ്പെട്ടവൾ ഇന്ന് ഓസ്‌ട്രേലിയയിൽ വലിയ ജോലിയിൽ, സിംഗിൾ വുമൺ എന്ന് അഭിമാനപൂർവ്വം സ്വയം പരിചയപ്പെടുത്തുന്നു. തനിച്ചായപ്പോൾ, മതത്തേയും സമൂഹത്തേയും ഭയന്ന് തന്നെ തിരികെ സ്വീകരിക്കാതിരുന്നവരെ പോലും സഹായിച്ച്, കുടുംബത്തിലെ പുതു തലമുറയ്ക്ക് മുന്നിൽ മലയാളി മുസ്‌ലിം സ്ത്രീശക്തിയുടെ പ്രതീകമായി അവര്‍ കഴിയുന്നു
അടുത്തിടെയാണ്, കുടുംബത്തിലെ മറ്റൊരു പെൺകുട്ടി, ഒരു പക്ഷെ നിങ്ങളറിയുന്ന ഒരു സിനിമാ താരം, ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ചത്. ഒരു വര്‍ഷം മുൻപ് ഒരു മിശ്ര വിവാഹത്തിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി. വരൻ മുസ്‌ലിം വധു ബ്രാഹ്മിൻ. രണ്ടു കുടുംബങ്ങളും സന്തോഷമായി ഒരുമിച്ചു നിന്ന് നടത്തിയ വിവാഹം ആദ്യം അമ്പലത്തിലും പിന്നെ ആഡിറ്റോറിയത്തിലും നടന്നു.. ഈയിടെ ഒരു ദളിത് ഹിന്ദു യുവാവിനെ പ്രണയിച്ചു ഇറങ്ങി പോയ പെൺകുട്ടിക്കെതിരെ കേസുമായി പോയ പിതാവിനേയും അറിയാം. സമ്പത്തും സാമൂഹ്യ സാഹചര്യങ്ങളും ആണ് മതത്തേക്കാൾ പ്രധാനമെന്ന് മലയാളിക്കും അറിയാം എന്ന് വിശദീകരിക്കാനാണ് ഇത്രയും എഴുതിയത്. ഒപ്പം ലവ് ജിഹാദ് ഒരു ദിശയില്‍ മാത്രം സഞ്ചരിക്കുന്ന ഒന്നല്ല എന്ന്‍ ഓര്‍മ്മപ്പെടുത്താനും .എല്ലാ മുസ്ലിം കുടുംബങ്ങള്‍ക്കും പറയാനുണ്ടാകും ഇത്തരം ഒന്നോ രണ്ടോ അനുഭവങ്ങളെങ്കിലും .
ഒരു സ്വകാര്യ അനുഭവം കൂടി പങ്കു വെച്ച് കൊണ്ട് ഹാദിയയിലേക്കു തിരികെ വരാം. ഈയിടെ, തലച്ചോറിൽ കാൻസർ ബാധിച്ച, രോഗിയായ, ഒരു ബന്ധുവുമായി ബോംബെയിലെ പ്രശസ്തമായ ആശുപത്രിയിലെത്തി. രോഗി കടുത്ത ഇസ്ലാം മത വിശ്വാസി. മതത്തെ കുറിച്ച് അല്ലാതെ മറ്റൊന്നിനെ കുറിച്ചും യാതൊരു ഗ്രാഹ്യവും ഇല്ലാത്തയാൾ. പിറ്റേന്ന് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന വലിയ സർജറിക്ക്‌ തയ്യാറെടുക്കുകയാണ് അയാൾ. ആ രാത്രി അയാൾ എന്നോട് പറയുകയാണ് ” നോക്കൂ നാളെ എന്‍റെ തലയോട്ടി തുറക്കുമ്പോൾ ഒരു കുഴപ്പവും ഉണ്ടാവില്ല. ദൈവത്തിന്‍റെ അത്ഭുതമാവും അത്. ആ അദ്ഭുതം വഴി ഈ ഡോക്ടറെ ഞാൻ ഇസ്‌ലാം മതത്തിലേക്ക് കൊണ്ടുവരും ” ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ പ്രശസ്തരിൽ ഒരാളായ ന്യുറോ സർജനെ മതം മാറ്റുന്നതിനെ കുറിച്ചാണ് രോഗി സർജറിക്ക്‌ തലേ ദിവസം സ്വപ്നം കാണുന്നത്. ഞാൻ ക്ഷോഭമടക്കി മിണ്ടാതിരുന്നു
ആ ഡോക്ടറോട് സംസാരിക്കാൻ ഭാഷ പോലും അറിയാത്ത വിശ്വാസിയുടെ സ്വപ്നം! അജ്ഞതയിൽ നിന്നാണ് ഇത്തരം മോഹങ്ങൾ ഉണ്ടാകുന്നത് -തന്നെക്കുറിച്ച്, തന്‍റെ മതത്തെക്കുറിച്ച്, മറ്റുള്ളവരെ കുറിച്ച് മറ്റു മതങ്ങളെ കുറിച്ച് ഉള്ള അജ്ഞതയിൽ നിന്ന്. കേരളത്തിലെ ഇസ്ലാമിസ്റ്റ് പുത്തൻ കൂറ്റുകാർ, ഇക്കഴിഞ്ഞ ദശകങ്ങളില്‍ രൂപപ്പെട്ടു വന്ന മത മൗലിക വാദ സംഘടനാ രൂപങ്ങൾ, ഇത്തരം വിവരക്കേട്, അതിസാധാരണരായ, ചെറിയ ലോകങ്ങൾക്കുള്ളിൽ കഴിയുന്ന, കൊച്ചു മനുഷ്യരിലേക്ക് കുത്തി വെയ്ക്കുന്നുണ്ട്. എല്ലാക്കാലത്തും ഒരു ബഹുസ്വര സമൂഹത്തിൽ ഇഴുകി ചേർന്ന് ജീവിച്ചിരുന്ന മലയാളി മുസ്ലീമിനെ അതിൽ നിന്നടർത്തിയെടുത്ത്, ഒരു പ്രത്യേക സ്വത്വം സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം ശ്രമങ്ങളെ കാണാതിരുന്നു കൂടാ
ഇതിന്‍റെ തുടർച്ച തന്നെയാണ് ഈ വിഷയത്തിൽ ഇസ്‌ലാമിസ്റ്റുകൾ മനുഷ്യാവകാശ രൂപം പൂണ്ടു നടത്തുന്ന പ്രതിഷേധങ്ങളും. ഹാദിയയുടെ മനുഷ്യാവകാശം അല്ല പലരേയും അലട്ടുന്നത്. ഇനിയെങ്ങാനും ഹാദിയ തിരികെ മതം മാറിയാലോ എന്ന ഭയമാണ്.

സംഘ പരിവാറിനും ഇസ്ളാമിസ്റ്റുകൾക്കും ഇടയിൽ പെട്ട് ധർമ്മ സങ്കടത്തിലായ മനുഷ്യാവകാശ പ്രവർത്തകർ, സംഘ പരിവാറിനെതിരെ ഇസ്‌ലാമിനോടൊപ്പമാണ് നിൽക്കേണ്ടതെന്നും അതാണ് ശരിയായ പ്രതിരോധം എന്നും കരുതുന്ന അമാനവ വാദികൾ, ഇരുവർക്കുമിടയിൽ സമദൂരമാണ് ശരിദൂരം എന്ന് കരുതുന്നവർ ഒക്കെ ചേർന്ന് സോഷ്യൽ മീഡിയാ കോലാഹലങ്ങളിലൂടെ നമ്മുടെ സമാധാനപരമായ സഹവർത്തിത്വം ഇല്ലാതാക്കുകയാണ്. എല്ലാവരേയും ഓർമ്മിപ്പിക്കാനുള്ളത് മതവും മതവിശ്വാസവും മതം മാറ്റവും പ്രണയവും വിവാഹവും വിവാഹമോചനവും തികച്ചും സ്വകാര്യമായ വിഷയങ്ങൾ ആണെന്നാണ്. പ്രിമിറ്റിവ് ഗോത്രങ്ങളിലേതു പോലെ അന്യ മത വിവാഹങ്ങളും മതം മാറ്റവും ഒക്കെ മുഖ്യ ധാരാ ചർച്ചകളായി മാറുമ്പോൾ നാം പോലുമറിയാതെ നമ്മൾ തിരിഞ്ഞു നടക്കുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. നിങ്ങൾ എതിർക്കാൻ ശ്രമിക്കുന്ന ശക്തികൾ ആഗ്രഹിക്കുന്നതും അതാണ്

എന്‍റെ മതം മാറ്റം എന്‍റെ സ്വകാര്യമായ വിഷയമാണ് എന്നെയും കുടുംബത്തെയും വെറുതെ വിട്ടേക്കൂ എന്ന് ഹാദിയക്ക് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഞാൻ മനസ്സിലാക്കിയ ഇസ്‌ലാം മതത്തിന്‍റെ പ്രവാചകൻ എന്നെ പഠിപ്പിച്ചത് ” നിന്‍റെ സ്വർഗ്ഗം നിന്‍റെ ഉമ്മയുടെ കാൽക്കീഴിലാണ്” എന്നാണെന്നും അതിനാൽ എന്‍റെ മതം മാറ്റം എനിക്ക് പ്രാധാന്യമുള്ളതായിരിക്കുമ്പോൾ തന്നെ ഞാൻ എന്‍റെ അമ്മയെ സ്വർഗ്ഗത്തേക്കാളുമധികം സ്നേഹിക്കുന്നുവെന്നും അച്ഛനേയും അമ്മയേയും അവരായിത്തന്നെ ഞാൻ അംഗീകരിക്കുന്നുവെന്നും അച്ഛനോടും അമ്മയോടും ഒപ്പമുള്ള ജീവിതം ഞാൻ ആസ്വദിക്കുന്നുവെന്നും ഹാദിയക്ക് പറയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഈ വിഷയം തന്നെ ഇല്ലാതാകുമായിരുന്നു.

ഹൈക്കോടതി നിരീക്ഷണം വളരെ ശരിയാണ്. ഹാദിയ ദുര്‍ബലയാണ് വളരെ വളരെ ദുർബല. തന്‍റെ സ്വകാര്യമായ വിശ്വാസ മാറ്റം ഒരു സമൂഹത്തിൽ തന്നെ കാൻസർ ആയി പടരുന്നത് മനസ്സിലാക്കാൻ കഴിയാത്തത്ര ദുർബല. അത് രാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് തിരിച്ചറിയാൻ കഴിയാത്തത്ര ദുർബല

ഹാദിയയെക്കാൾ ദുര്‍ബലയാവുകയാണ് ഇന്ന് കേരളം. നമ്മൾ പുരോഗമന മൂല്യങ്ങളിൽ നിന്ന് പതിയെ തിരിഞ്ഞു നടക്കുകയാണ്.

Print Friendly, PDF & Email