കവിത

മരിച്ച വീട്ടിലെ മഴരിച്ച വീട്ടിലെ മഴ ഇന്നലത്തെ
പോലാകില്ല
മരണപ്പെട്ടവനോട് ഐക്യദാർഢ്യം
കാണിക്കുന്നത്
കണ്ണീരുകൊണ്ടുമാകില്ല
കാടുകളുടെ ആഴങ്ങളിൽ നിന്നും
കുതറി കടന്നുവരുന്ന
ഒരു ഒറ്റക്കൊമ്പനെ പോലെയോ,
മണ്ണിടിച്ചിലിൽ പുഴയിലേക്ക്
കുതിച്ചുപാഞ്ഞ
പാറക്കുന്നുകളെ പോലെയോ….
പെരുമ്പറകൊട്ടി കണ്ണീരു കുലച്ച
കാറ്റിന്‍റെ കരവിരുതിനു  പോലും
പിടിച്ചുകെട്ടാനാവാത്ത വിധം
അത്രമേൽ
വൈകാരികമായി തന്നെ …
ആ രാത്രിയിൽ
വെടിയേറ്റ് തുപ്പുന്നത്
മനുഷ്യ രക്തമാണെന്ന്
അറിഞ്ഞുകൊണ്ട്തന്നെയാവണം
മഴ
നിർത്താതെ
നിർത്താതെ
നിർത്താതെ
നിർത്താതെ
നിർത്താതെ
നിർത്താതെ
നിർത്താതെ
നിർത്താതെ
അപകട സൈറൺ
മുഴക്കി
ഇറയത്ത് നിന്ന് അകത്തേക്ക്
കയറുവാൻ കുതറി കിതച്ചു
ചാടുന്നത് …..
അപ്പോൾ മഴ
അകത്തേക്ക് കയറാൻ
അനുവാദമില്ലാത്ത
നായ്ക്കുട്ടിയാകുകയാണ്
മുറ്റത്തു നിന്നും
ഉറക്കെ
ഉറക്കെ
ഉറക്കെ
ഉറക്കെ
ഉറക്കെ
ഉറക്കെ
ഉറക്കെ
ഉറക്കെ…..
അതിലുമുറക്കെ
കുരയ്ക്കുകയാണ് ….
മരിച്ചവീട്ടിലെ മഴ
മരിച്ചവനെ തൊടുന്നതുപോലെ
തന്നെ
കാഴ്ചക്കാരനെയും തൊടാനാവുന്നത്
അതുകൊണ്ടാണ് ….
അകത്ത്
വെടിയേറ്റ് കിടക്കുന്ന
ഇരുട്ടിന്‍റെ മൃതശരീരത്തിലെ
കറുത്ത രക്തത്തെ
വെളിച്ചം തൊടുന്ന നിമിഷം വരെ
മഴ
പകയടങ്ങാത്ത ആൾക്കൂട്ടമാകും …
അത് ദൂരെയുള്ള
ആരുടെയൊക്കെയോ വീടുകളുടെ
മതിലുകൾ
വാതിലുകൾ
ചില്ലുകൾ
മേൽക്കൂരകൾ
ജനാലകൾ
ജലമുനകൊണ്ട് അടിച്ചു തകർത്ത്
ആർത്തലച്ച്
ഭിത്തിയിൽ
പ്രതിഷേധത്തിന്‍റെ
നോട്ടീസ്
എഴുതിയൊട്ടിക്കും.
പകപ്പിന്‍റെ ചുവന്ന
കണ്ണുകളോടെ
മരിച്ചവന് വേണ്ടി
പള്ളിയിലേക്ക്
ഓടിക്കയറി
തുരുതുരാ
കൂട്ടമണിയടിക്കും….
ആകുലതയുമായി തിരക്കിട്ടെത്തുന്നവരുടെ
മുന്നിൽ ഓടിനടന്ന്
മഴ
വഴികാണിച്ചുകൊടുക്കും
എല്ലാവരും എത്തിയെന്ന്
ഉറപ്പാക്കിയിട്ട്
മഴ
പതിയെ
കുളക്കരയിലേക്ക്പോയി
തെല്ലുനേരം
മിണ്ടാതെ പെയ്യും ….
പിന്നെയെപ്പൊഴോ
മരിച്ച വീട്ടിലെ മഴ
ഇരുട്ടത്ത്
മുഖമൊളിപ്പിച്ചു
നിങ്ങൾക്ക് പിന്നിൽ നിന്നുകൊണ്ട്
മരിച്ചവനെക്കുറിച്ച്
ചിലതെല്ലാം പറഞ്ഞുതരും.
പിറ്റേന്ന്
നിങ്ങൾ എഴുതുന്ന
ആ കവിതയുടെ പേരും
മറ്റൊന്നാകാൻ തരമില്ല
അതിങ്ങനെ തന്നെയായിരിക്കും
മരിച്ച വീട്ടിലെ മഴ !

Print Friendly, PDF & Email