പൂമുഖം Travelയാത്ര കൃഷ്ണഗാഥ തേടിയൊരു യാത്ര – 3

കൃഷ്ണഗാഥ തേടിയൊരു യാത്ര – 3

ക്ഷേത്രങ്ങള്‍ സമാധികള്‍ 

ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ പരമ്പരയിലെ ആറു ഗോസ്വാമിമാരില്‍പ്പെട്ട പ്രമുഖ സന്യാസിവര്യനായ ഗോപാലഭട്ട് ഗോസ്വാമിയുടെ പിന്തുടര്‍ച്ചക്കാരനാണ് ഘനശ്യാമദാസ് ബാബാജി. വൃന്ദാവനത്തിലെ പ്രശസ്തമായ രാധാരമണ്‍‌ ക്ഷേത്രത്തിന്നടുത്തുള്ള സമാധി മന്ദിരത്തില്‍ തന്‍റെ ശിഷ്യ സമ്പത്തോടും, അന്തേവാസികളോടുമൊപ്പം ധ്യാന നിമഗ്നനായി ജീവിതം തുടരുന്നു. ഞങ്ങളുടെ തീര്‍ത്ഥാടക സംഘത്തിലെ അമരക്കാരിലൊരാളായ ശങ്കര്‍ഷന്‍ ദാസിന്‍റെ ഗുരു ഘാനശ്യാമദാസ് ബാബാജിയാണ്. അതുകൊണ്ടുതന്നെ സമാധി മന്ദിരത്തില്‍ അദ്ദേഹം ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന ആതിഥ്യ മര്യാദ  സംവിധാനങ്ങള്‍ എക്കാലത്തും ഓര്‍ത്തിരിക്കാന്‍ വക നല്‍കുന്നതായിരുന്നു. സന്യാസിമാര്‍ സര്‍വ്വവും പരിത്യജിച്ച് ശ്രീകൃഷ്ണ പ്രണയത്താല്‍ ബന്ധിക്കപ്പെട്ട്‌ ഉള്‍നേത്രങ്ങളുടെ കാഴ്ചകളെ സമ്പന്നമാക്കി ആനന്ദരസം നുകരുന്നവരാണ്. ഒരു നാഗരികന്‍റെ കാഴ്ചയില്‍ വര്‍ഷങ്ങളായി മുറിക്കാത്ത താടിയും, ജടയും, ജീര്‍ണ്ണ വസ്ത്രങ്ങളും ധരിച്ച് കഴിച്ചുകൂട്ടുന്നവരെ പെട്ടെന്ന് മനസ്സിലാക്കാനും പരിമിതികളേറെയുണ്ട്‌.

ഗുരുദേവന്‍ ഘനശ്യാമ ദാസ് ബാബാജിയ്ക്ക് പ്രായം തൊണ്ണൂറ്റി മൂന്നിനോടടുക്കുന്നു. എഴുന്നേറ്റു നില്‍ക്കാന്‍ പരസഹായം വേണം. നരച്ചു ചെമ്പിച്ച താടികള്‍ക്കുള്ളില്‍ നിന്ന് സദാ പുഞ്ചിരി പൊഴിക്കുന്ന മുഖം. ഒരു കയറുകൊണ്ട് പലവുരു തലയില്‍ ചുറ്റിയപോലെ വര്‍ഷങ്ങളായി സൂക്ഷിച്ചുപോരുന്ന ജടാഭാരം. പാതി അടഞ്ഞിരിക്കുന്ന ഇടുങ്ങിയ ചെറു കണ്ണുകള്‍. അവയില്‍ നിന്ന് പുറപ്പെടുന്ന പ്രകാശ കിരണങ്ങള്‍ക്ക് ഏതു മനസ്സിന്‍റേയും പൂട്ട്‌ തുറക്കാനുള്ള പ്രഭാവം. നോട്ടത്തിന്‍റെ അന്തര്‍ഭാവം കുറഞ്ഞ വാക്കുകളിലൂടെ പുറത്തു വരുന്നു.

ആ കണ്ണുകളിലെ ഭാവം വായിച്ചെടുത്ത് കാര്യങ്ങള്‍ നടപ്പാക്കാനായി അന്തേവാസികള്‍ തയ്യാറായി നില്‍ക്കുന്നു. നമസ്കരിക്കാനെത്തുന്ന ഓരോരുത്തരുടെയും നെറ്റിയില്‍ ചെണ്ടുമല്ലിപ്പൂവില്‍ മുക്കിയ ഗോപീചന്ദനം പൂശി അനുഗ്രഹിക്കുന്നു. ജീവിതകാലം മുഴുവന്‍ ശ്രീകൃഷ്ണ ധ്യാനത്തിലൂടെ സംഭവിച്ച ഊര്‍ജ്ജ സ്ത്രോതസ് കൃഷ്ണമണികളിലൂടെ രശ്മികളായി പതിക്കുന്നു. ഭൌതിക വിഷയങ്ങളെ അടക്കി ഭഗവത് ഭക്തിയില്‍ മുഴുകി ജീവിക്കുമ്പോള്‍ മനുഷ്യജീവിതത്തില്‍ വന്നു ചേരുന്ന ഗുണഭാവമാണ് ജീവജാലങ്ങളോട് തോന്നുന്ന കരുണാര്‍ദ്രമായ സമഭാവം. അത്തരക്കാരില്‍ നല്ലത് ചീത്ത വേര്‍തിരിവ് ഇല്ലാതാവുന്നു. എന്നാല്‍ സാധാരണ മനുഷ്യര്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന അസൌകര്യങ്ങളും, അസ്വസ്ഥതകളും മനസ്സില്‍ ഉണ്ടായെങ്കിലും അവയെല്ലാം ചഞ്ചലത്വവും ചാപല്യവുമായി തിരിച്ചറിയാനും കഴിയുന്നു.സമാധിയില്‍ ഗുരുദേവന്‍റെ ആഗ്രഹപ്രകാരം ഞങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള പ്രസാദം (പ്രാതല്‍ ) വിളമ്പാന്‍ തയ്യാറെടുക്കുന്ന അന്തേവാസികള്‍. അവര്‍ തവിയോ, സ്പൂണോ ഉപയോഗിക്കാതെ ചില വസ്തുക്കള്‍ കൈകൊണ്ടു മാത്രം കോരി വിളമ്പിക്കൊണ്ടിരിക്കുന്നു. മനസ്സില്‍ ശുചിത്വ ബോധത്തിന്‍റെ സ്കൂള്‍ പാഠങ്ങള്‍ വന്ന് ചോദ്യം ചെയ്യാനാരംഭിച്ചു. എന്നാല്‍ അതിനെ മറികടക്കും വിധം വയറ്റില്‍ ജഠരാഗ്നി ജ്വലിച്ചിരുന്നതിനാല്‍ ശുചിത്വ ബോധ ചിന്തകളെ തുടക്കത്തിലെ കൂമ്പ് കിള്ളിക്കളഞ്ഞ്, ഭഗവത് പ്രസാദമായി, മുന്നിലിരിക്കുന്ന ഭോജ്യത്തെ നിരൂപിച്ച് സ്വാദോടെ കഴിക്കാനും കഴിഞ്ഞു. തീര്‍ത്ഥാടന യാത്ര കൊണ്ട് നേടിയ ഒരു മാനസിക പരിവര്‍ത്തനം തന്നെയാണിതെന്ന് തിരിച്ചറിയാനും സാധിക്കുന്നു. ഗുണദോഷ ചിന്തകള്‍ ഉയര്‍ന്നുവരുന്നത് മനസ്സില്‍ നിന്നാണ്. അതേ മനസ്സാണ് ഭക്ഷണം സ്വാദിഷ്ടമാക്കി അനുഭവിപ്പിക്കുന്നതും. തൃപ്തിയെന്ന അനുഭൂതി പകര്‍ന്നു തന്നതും മനസ്സുതന്നെ.പ്രസാദം കഴിച്ചശേഷം വൃന്ദാവനത്തില്‍ നിന്ന് ഇരുപത്താറ് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോവര്‍ദ്ധന പര്‍വ്വതത്തിനു പ്രദക്ഷിണം വയ്ക്കുക എന്ന പുണ്യപ്രവൃത്തിയാണ് അനുഷ്ഠിക്കേണ്ടത്. ശ്രീകൃഷ്ണ ലീലകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിശ്വ വിഖ്യാതമായൊരു പര്‍വ്വതമാണത്. ദേവരാജാവായ ഇന്ദ്രന്‍റെ കോപം മൂലം പ്രദേശത്ത് കനത്ത വൃഷ്ടിയുണ്ടായപ്പോള്‍ കൃഷി നാശവും, ദുരിതങ്ങളുമുണ്ടാകാതിരിക്കാനായി ഗോവര്‍ദ്ധന ഗിരി ഉയര്‍ത്തി കുടയായി പിടിച്ച് മഹാമാരിയില്‍ നിന്നും പ്രജാവാസികളെ സംരക്ഷിച്ച ശ്രീകൃഷ്ണലീല ചാതുര്യം പ്രസിദ്ധമാണ്. സമാധി മന്ദിരത്തിനടുത്തുള്ള ഗല്ലിയില്‍ ഒരു ബഹളം ഉയര്‍ന്നു പൊങ്ങി. സ്ത്രീകളുടേയും കുട്ടികളുടെയും കൂക്കിവിളികളും ഒപ്പം കേള്‍ക്കാം.

.v2

കുരങ്ങുകള്‍ ഒരു കണ്ണട തട്ടിയെടുത്തിരിക്കുന്നു. തീര്‍ഥാടക സ്ത്രീകളിലൊരാളുടെ കണ്ണടയാണത്. റാഞ്ചിയപാടെ മതിലിനു മുകളിലിരുന്ന് കുരങ്ങ് പല്ലിളിച്ചു.- വിലപേശുന്ന ലാഘവത്തോടെ. ആരുടേയും കൈവശം തീറ്റസാധനങ്ങള്‍ ഒന്നും കാണാത്തതിനാല്‍ പ്രതീക്ഷ നഷ്ടപ്പെട്ട കുരങ്ങ് പൂര്‍വ്വാധികം ശൌര്യഭാവത്തില്‍ കരണംമറിഞ്ഞ് അടുത്ത് കണ്ട ഒരു മരത്തിന്‍റെ ഉയരങ്ങളില്‍ കയറി ഇരുപ്പായി. ഇതെല്ലാം നിരീക്ഷിച്ചുകൊണ്ട് വൃജാവാസിയായ ഒരു സൂത്രശാലി രംഗത്തെത്തി. കണ്ണട നഷ്ടപ്പെട്ട സ്ത്രീയോട് അമ്പത് രൂപ കൊടുക്കാമെങ്കില്‍ കണ്ണട തിരിച്ചു വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നടത്തി. നിസ്സഹായയായ സ്ത്രീ സമ്മതം മൂളി. അയാള്‍ സഞ്ചിയില്‍ നിന്നും ഒരു ഓറഞ്ച് എടുത്ത് കുരങ്ങിനെ ആകര്‍ഷിക്കാനായി ഓടിനടക്കാന്‍ തുടങ്ങി.
ചില പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിച്ച്, ഓറഞ്ച് മുകളിലേക്കിട്ട് അയാള്‍ കുരങ്ങിനെ പ്രോത്സാഹിപ്പിച്ചു. കുരങ്ങു കണ്ണടയുമായി അടുത്ത കെട്ടിടത്തിലേക്ക് ചാടി. അയാള്‍ അവിടെ ചെന്ന് വീണ്ടും ഓറഞ്ച് എറിഞ്ഞു. അത് ഉയര്‍ന്നപാടെ തന്മയഭാവത്തോടെ പിടിച്ചെടുത്ത് കണ്ണട അലസമായി താഴേക്കിട്ടു. അയാള്‍ അതെടുത്തു സ്ത്രീക്ക് കൊടുത്ത് അമ്പത് രൂപയും വാങ്ങി അടുത്ത ബഹളം നടക്കുന്ന ഇടം തേടി വേഗത്തില്‍ നടന്നകന്നു.
ഇത്തരത്തില്‍ കുറച്ചു പേര്‍ ഓറഞ്ചുമായി കുരങ്ങിന്‍റെ ആശ്രിതത്വത്തില്‍ ജീവിക്കുന്നതും ഒരു വിശേഷമായി തോന്നി. ഒരു വിഷയത്തില്‍ മൂന്നുപേര്‍ ഒരേ സമയം സന്തോഷിക്കുന്നത് കാണാനായി. കണ്ണട തിരിച്ചു ലഭിച്ച സ്ത്രീ, ഓറഞ്ച് ലഭിച്ച കുരങ്ങച്ചന്‍, അമ്പത് രൂപ ലഭിച്ച വൃജാവാസി-മൂന്നു പേര്‍ക്കും സന്തോഷം. കാഴ്ചക്കാര്‍ക്ക്, സംഭവം, മൂവരും ചേര്‍ന്നൊരുക്കിയ ആവേശം ജനിപ്പിക്കുന്ന ദൃശ്യവിരുന്നു കൂടിയായി. കുരങ്ങുബഹളമെല്ലാം അടങ്ങി.

 v3

സമാധിയില്‍ ഗുരുനാഥന്‍ ഘനശ്യാമദാസ് ബാബാജിയെ അന്തേവാസികള്‍ താങ്ങിപ്പിടിച്ച്‌ മുന്‍വശത്ത് കൊണ്ടുവന്നിരുത്തിയിട്ടുണ്ട്. ശരീരത്തില്‍ നിറം മങ്ങിയ കമ്പിളിക്കോട്ടും, മുണ്ടും, കഴുത്തില്‍ പലവിധ മാലകളും കയ്യില്‍ ജപമാലയുരുളുന്ന സഞ്ചിയുമുണ്ട്. ചുണ്ടുകളില്‍ വിടര്‍ന്ന ചിരിയോടൊപ്പം അവ്യക്തമായി തെറിച്ചു വീഴുന്ന മന്ത്രാക്ഷരങ്ങളും. അതിനിടയിലൂടെ വ്യാവഹാരിക ലോകത്തെ

കുശലാന്വേഷണങ്ങളും ആശിര്‍വാദങ്ങളും
സമാധിയിലെ കറുപ്പും വെളുപ്പും മാര്‍ബിള്‍ ചതുരങ്ങള്‍ ഇടവിട്ട്‌ പാകിയ നിലത്തു പായയിട്ട് പ്രാതല്‍ കഴിക്കാനായി ആളുകളെ ഇരുത്തി. എല്ലാവരുടെയും മുന്നില്‍ അലുമിനിയം ഫോയിലുകള്‍ പതിപ്പിച്ച താല്‍ക്കാലിക കടലാസ് പ്ലേറ്റുകള്‍ നിരന്നു. പേരാല്‍ ഇലകളെ യന്ത്രത്തിലൂടെ കടത്തിവിട്ടുണ്ടാക്കിയ ചെറുപാത്രങ്ങളും ഒപ്പമുണ്ടായിരുന്നു.
എണ്ണ പുരളാത്ത ചപ്പാത്തിയോടൊപ്പം അരിയും, മറ്റു പരിപ്പ് ധാന്യവര്‍ഗ്ഗങ്ങളും ഒന്നിച്ചു വേവിച്ച ഒരിനം കിച്ചടി ആവി പറത്തിക്കൊണ്ട് എല്ലാവരുടെയും പാത്രങ്ങളില്‍ നിറഞ്ഞു..

പേരറിയാത്ത പലതരം ഉപദംശങ്ങളും വെറും കൈകൊണ്ടു വിളമ്പി. ഓരോന്ന് എടുത്തു രുചിക്കാന്‍ തുടങ്ങിയപ്പോള്‍ തലക്കുമുകളില്‍ ചില കുറുകലുകള്‍!. പ്രാവുകള്‍ കൂട്ടമായിരുന്ന് സദ്യ നിരീക്ഷിക്കുന്നു. ചിലതെല്ലാം അങ്ങോട്ടുമിങ്ങോട്ടും പറന്നു കളിക്കുന്നു. മുകളിലെ മര ഉരുപ്പടികളിലും, പന്തയുടെ ഇതളുകളിലുമെല്ലാം പ്രാവിന്‍ കാഷ്ഠം നിറഞ്ഞു ഉണങ്ങിപ്പിടിച്ചിരിക്കുന്നു. തൂവലുകള്‍ ഒട്ടിയിരിക്കുന്നു.
സന്ന്യാസിവര്യന്മാര്‍ക്ക് ഈ പക്ഷികള്‍ നിത്യജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. സാധാരണ പ്രതിഭാസമെങ്കിലും ശീലിച്ചുവന്ന ശുചിത്വബോധ സങ്കല്‍പം മനസ്സിനെ അലോസരപ്പെടുത്തി .
ഋഷിമാരുടെ സത്യസന്ധതയും, ഇരിക്കുന്ന സ്ഥലത്തിന്‍റെ പാവന ഭാവവും ഉള്ളില്‍ നിറഞ്ഞു നിന്നതിനാല്‍ മറ്റുള്ളവരോടൊപ്പം പ്രസാദം അകത്താക്കിക്കൊണ്ടിരുന്നു. ഓരോ തവണ കൈ വായിലേക്ക് കൊണ്ടുപോകുമ്പോഴും പ്രാവുകളെ സംശയ ദൃഷ്ടിയോടെ നോക്കി. പ്രസാദ കിച്ചടിയിലേക്ക് മാലിന്യം വന്നു വീഴുമോയെന്ന ശങ്കതന്നെ കാരണം.
ആശ്രമചിട്ടകള്‍ അവയ്ക്കും അറിയുന്നുണ്ടാവാം. അവയുടെ ഒരു തൂവല്‍ പോലും പ്രസാദത്തിനടുത്തെവിടെയും വന്നുവീണില്ല..
ഗോവര്‍ദ്ധന പര്‍വ്വതതടം ലക്ഷ്യമാക്കിയായിരുന്നു അവിടന്നുള്ള യാത്ര.

 v4

യമുനാ നദിയുടെ തീരത്താണ് തീര്‍ഥാടകരെ വഹിച്ചുകൊണ്ടുള്ള വണ്ടികള്‍ കാത്തുകിടക്കുന്ന ഇടം. നദീതട പ്രദേശമായതിനാല്‍ റോഡുകളോ നിശ്ചിത നടപ്പാതകളോ ഇല്ല. കുണ്ടും കുഴിയുമായി രൂപപ്പെട്ട സമതലഭൂമി. ഒരരികില്‍ ശാന്തമായൊഴുകുന്ന യമുന. അതിലൂടെ സഞ്ചാരം നടത്തുന്ന ചെറുനൌകകള്‍. അതില്‍ നിന്നുകൊണ്ട് സഞ്ചാരികളെ സവാരിക്കായി രാധേ… രാധേ… വിളികളോടെ മാടി വിളിക്കുന്ന വള്ളക്കാര്‍.

പഴം വില്‍ക്കുന്ന ഉന്തുവണ്ടികള്‍ക്കരികില്‍ തരം കിട്ടിയാല്‍ തട്ടിയെടുക്കാന്‍ ഊഴം കാത്തു നില്‍ക്കുന്ന വാനരക്കുട്ടികള്‍. അവയെ മുട്ടൻ  വടി വീശി അകറ്റി സഞ്ചാരികളെ പഴം വാങ്ങാന്‍ പ്രേരിപ്പിക്കുന്ന കച്ചവടക്കാര്‍.
യമുനാനദീ പരിസരത്തു സുലഭമായി ലഭിക്കുന്ന മഞ്ഞയും, ചാര നിറവും ചേര്‍ന്ന ഗോപീചന്ദന കളിമണ്‍കട്ടകള്‍ ചാലിച്ച് കുറികള്‍ വരച്ച കുള്ളനായ ഒരു മധ്യവയസ്കനാണ് ഒന്നാമത്തെ വണ്ടി ഓടിക്കുന്നത്.
മിക്കതിലും ടേപ്പ് റിക്കോര്‍ഡറില്‍ നിന്നുള്ള പാട്ടുകള്‍ ഉയരുന്നുണ്ടായിരുന്നു. കൃഷ്ണ-രാധ സ്തുതികളടങ്ങുന്ന ഭജനകളായിരുന്നു മിക്കവയും .
മറ്റുള്ള രണ്ടു വണ്ടികളിലെ ഡ്രൈവര്‍മാര്‍ പരിചയ സമ്പന്നരല്ലാത്തതിനാലായിരുന്നിരിക്കണം ആദ്യവണ്ടിയിലെ ഡ്രൈവര്‍ ഇടയ്ക്കിടെ മൊബൈല്‍ ഫോണിലൂടെ അവരുമായി ബന്ധപ്പെട്ട് ദിശയും, സ്ഥലവും, ഉറപ്പ് വരുത്തിയിരുന്നു.
യാത്രയുടെ ഓരോ ഘട്ടങ്ങളിലും യമുന പല രൂപത്തില്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ ഒളിച്ചു കളിച്ചു. ഗോതമ്പുവയലുകളില്‍ ജോലികളിലേര്‍പ്പെട്ടിരിക്കുന്ന തലയില്‍ വര്‍ണ്ണത്തട്ടമിട്ട സ്ത്രീകള്‍, അവരുടെ മെല്ലിച്ച കുട്ടികള്‍, കരുവാളിച്ച പുരുഷന്മാര്‍.
ചാണകവും ഗോതമ്പു വയ്ക്കോലും ചേര്‍ന്ന മിശ്രിതം കൊണ്ട് നിര്‍മ്മിക്കുന്ന ചാണക വരളികള്‍. ചെറുവീടുകളുടെ മാതൃകയില്‍ യദുകുല ചിഹ്നങ്ങള്‍ പതിപ്പിച്ച് വഴിനീളെ നിരന്നു നില്‍ക്കുന്നു.
ഇവ ലോകത്തിലെ മികച്ച ഇന്‍സ്റ്റലേഷനുകളിലൊന്നാണെന്നു പറയാമെന്നു തോന്നുന്നു.

Comments
Print Friendly, PDF & Email

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

You may also like