പൂമുഖം LITERATUREലോകകഥ രണ്ടു വിചിത്രകഥകള്‍ – റോബർട്ട് വാൾസർ

രണ്ടു വിചിത്രകഥകള്‍ – റോബർട്ട് വാൾസർ

മത്തങ്ങാത്തലയൻ

രിക്കൽ ഒരിടത്തൊരാളുണ്ടായിരുന്നു, അയാളുടെ കഴുത്തിൽ തലയുടെ സ്ഥാനത്ത് ഒരു പൊള്ളമത്തങ്ങയാണുണ്ടായിരുന്നത്. ഇതേതെങ്കിലും തരത്തിൽ അയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാളുടെ മോഹം ഒന്നാമനാവണമെന്നായിരുന്നു. അങ്ങനെയൊരാളായിരുന്നു അയാൾ. നാവിന്റെ സ്ഥാനത്ത് വായിൽ നിന്ന് ഒരോക്കില തൂങ്ങിക്കിടന്നിരുന്നു; പല്ലുകളാവട്ടെ, കത്തി കൊണ്ടു ചെത്തിയെടുത്തതായിരുന്നു. കണ്ണുകൾക്കു പകരം വട്ടത്തിൽ രണ്ടോട്ടകളായിരുന്നു. ഓട്ടകൾക്കുള്ളിൽ രണ്ടു മെഴുകുതിരിമുരടുകൾ മുനിഞ്ഞുകത്തുന്നുണ്ട്. അതാണയാളുടെ കണ്ണുകൾ. ദൂരക്കാഴ്ച കിട്ടാൻ അതയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാൾ പറഞ്ഞുനടന്നു, മറ്റുള്ളവരുടേതിനെക്കാൾ കേമമാണു തന്റെ കണ്ണുകളെന്ന്, ആ പൊങ്ങച്ചക്കാരൻ. ആ മത്തങ്ങാത്തലയിൽ അയാൾ ഒരു നീളൻതൊപ്പി വച്ചിരുന്നു; ആരെങ്കിലും അയാളോടു സംസാരിക്കാൻ നിന്നാൽ അയാൾ തൊപ്പിയെടുത്തു കൈയിൽ പിടിയ്ക്കും: അത്ര മര്യാദയായിരുന്നു, അയാൾക്ക്. ഈ മനുഷ്യൻ ഒരു ദിവസം നടക്കാനിറങ്ങി. പക്ഷേ കാറ്റൊന്നാഞ്ഞുവീശിയപ്പോൾ അയാളുടെ കണ്ണുകൾ കെട്ടുപോയി. ആ മെഴുകുതിരിമുരടുകളും വച്ച് അയാൾക്കു കരയാൻ തോന്നി; അയാൾക്കു വീട്ടിലേക്കുള്ള വഴി കാണാൻ പറ്റേണ്ടേ? രണ്ടു കൈ കൊണ്ടും ആ മത്തങ്ങാത്തല താങ്ങിപ്പിടിച്ച് അയാൾ അവിടെയിരുന്നു; അയാൾക്കു മരിക്കാൻ തോന്നി. പക്ഷേ അയാളുടെ മരണവും പെട്ടെന്നുണ്ടായില്ല. ഒന്നാമതായി, അയാളുടെ വായിൽ നിന്ന് ആ ഓക്കില തിന്നുതീർക്കാനായി ഒരു ഇലതീനിപ്പാറ്റ വരേണ്ടിയിരുന്നു; അയാളുടെ മത്തങ്ങാത്തലയിൽ ഒരോട്ടയിടാനായി ഒരു കിളി വരേണ്ടിയിരുന്നു; ആ രണ്ടു മെഴുകുതിരിമുരടുകൾ എടുത്തുമാറ്റാനായി ഒരു കുട്ടി വരേണ്ടിയിരുന്നു. എങ്കിൽ അയാൾക്കു മരിക്കാം. പക്ഷേ പാറ്റ ഇല തിന്നു തീർത്തിട്ടില്ല, കിളി ഓട്ടയിടുന്നതേയുള്ളു, കുട്ടിയാവട്ടെ, മെഴുകുതിരിമുരടുകളും വച്ചു കളിക്കുകയുമാണ്‌.

(1914)

വേലക്കാരി

രു പണക്കാരിയായ സ്ത്രീ ഒരു വേലക്കാരിയെ വച്ചിരുന്നു; അവരുടെ കുഞ്ഞിനെ നോക്കുക എന്നതായിരുന്നു അവളുടെ ജോലി. ഒരു നിലാവിന്റെ കതിരു പോലെ പേലവമായിരുന്നു, പുതുതായി പൊഴിഞ്ഞ മഞ്ഞു പോലെ നിർമ്മലമായിരുന്നു, സൂര്യനെപ്പോലെ നാം സ്നേഹിച്ചുപോകുന്നതായിരുന്നു ആ കുഞ്ഞ്. സൂര്യനെപ്പോലെ, ചന്ദ്രനെപ്പോലെ അവൾ ആ കുഞ്ഞിനെ സ്നേഹിച്ചിരുന്നു; സൂര്യനെ, ചന്ദ്രനെ സ്നേഹിച്ച പോലെതന്നെ അവൾ അതിനെ സ്നേഹിച്ചിരുന്നു; തനിക്കു പ്രിയപ്പെട്ട ദൈവത്തോടുള്ള സ്നേഹത്തോടെ തന്നെയെന്നു പറയാം, അവൾ അതിനെ സ്നേഹിച്ചിരുന്നു. പക്ഷേ ഒരുനാൾ, എങ്ങനെയെന്നാർക്കുമറിയില്ല, കുഞ്ഞിനെ കാണാതെയായി; വേലക്കാരി കുഞ്ഞിനെ അന്വേഷിച്ചിറങ്ങി, ലോകമെമ്പാടും അവൾ അതിനെ തിരഞ്ഞു; എല്ലാ നഗരങ്ങളിലും, എല്ലാ രാജ്യങ്ങളിലും, അങ്ങു പേഴ്സ്യ വരെ അവൾ അന്വേഷിച്ചു. അവിടെ പേഴ്സ്യയിൽ വച്ച് ഒരു ദിവസം രാത്രിയിൽ ഇരുണ്ടുവലുതായ ഒരു ഗോപുരത്തിനു മുന്നിൽ അവൾ എത്തിച്ചേർന്നു; ഇരുണ്ടുവലുതായ ഒരു നദിയുടെ കരയിലാണ്‌ അതു നില്ക്കുന്നത്. എന്നാൽ ഗോപുരത്തിനങ്ങു മുകളിൽ ഒരു ചുവന്ന വിളക്കെരിയുന്നുണ്ട്; വിശ്വസ്തയായ ആ വേലക്കാരി വിളക്കിനോടു ചോദിച്ചു: എന്റെ കുഞ്ഞ് എവിടെയാണെന്നൊന്നു പറയാമോ? അതിനെ കാണാനില്ല, പത്തു കൊല്ലമായി ഞാൻ അതിനെ അന്വേഷിച്ചു നടക്കുകയാണ്‌. എങ്കിൽ പത്തു കൊല്ലം കൂടി അതിനെ അന്വേഷിച്ചു നടക്കൂ, വിളക്കു പറഞ്ഞു, എന്നിട്ടതു കെടുകയും ചെയ്തു. അങ്ങനെ വേലക്കാരി പിന്നെയും പത്തു കൊല്ലം കുഞ്ഞിനെ അന്വേഷിച്ചു നടന്നു, ലോകത്തിന്റെ എല്ലാ ഭാഗത്തും, എല്ലാ ഇടവഴികളിലും, അങ്ങു ഫ്രാൻസിൽ പോലും അവൾ അതിനെ അന്വേഷിച്ചു നടന്നു. ഫ്രാൻസിൽ പാരീസ് എന്നു പേരായി വിശിഷ്ടമായ ഒരു മഹാനഗരമുണ്ട്, ആ നഗരത്തിലും അവളെത്തി. ഒരു ദിവസം വൈകുന്നേരം മനോഹരമായ ഒരു പൂന്തോട്ടത്തിന്റെ കവാടത്തിനടുത്തു നിന്ന് കുഞ്ഞിനെ കിട്ടാത്ത സങ്കടം കൊണ്ട് അവൾ കരയുകയായിരുന്നു; കണ്ണു തുടയ്ക്കാൻ അവൾ തന്റെ ചുവന്ന തൂവാല എടുത്തു. അപ്പോഴാണ്‌ പെട്ടെന്ന് ഉദ്യാനത്തിന്റെ കവാടം തുറക്കുന്നതും അവളുടെ കുഞ്ഞ് പുറത്തേക്കു വരുന്നതും. അതിനെ കണ്ടതും അവൾ സന്തോഷം കൊണ്ട് ജീവൻ വെടിഞ്ഞു. എന്തിനാണവൾ മരിച്ചത്? അതുകൊണ്ട് അവൾക്കെന്തു ഗുണമുണ്ടായി? പക്ഷേ അവൾക്കിപ്പോൾ നല്ല പ്രായമായിക്കഴിഞ്ഞിരുന്നു, ഇനിയും സഹിക്കാൻ അവൾക്കു കഴിയുകയുമില്ല. ആ കുഞ്ഞ് ഇപ്പോൾ പ്രൗഢയും സുന്ദരിയുമായ ഒരു സ്ത്രീയായിക്കഴിഞ്ഞിരിക്കുന്നു. നിങ്ങൾ എപ്പോഴെങ്കിലും അവളെ കാണാനിട വന്നാൽ എന്റെ അന്വേഷണം അറിയിക്കണേ.
(1913)

robertറോബർട്ട് വാൾസർ Robert Walser(1878-1956)- സ്വിറ്റ്സർലണ്ടുകാരനായ ജർമ്മൻ എഴുത്തുകാരൻ.
ഒമ്പതു നോവലുകളും ആയിരത്തോളം കഥകളുമെഴുതി. 1933ൽ മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് എഴുത്തു നിർത്തി, “ഞാൻ ഇവിടെ വന്നത്  എഴുതാനല്ല, ഭ്രാന്തനാവാനാണ്‌” എന്ന പ്രഖ്യാപനത്തോടെ. 1970 മുതലാണ്‌ അദ്ദേഹത്തിന്റെ കൃതികൾ പരക്കെ വായിക്കപ്പെടുന്നതെങ്കിലും, ക്രിസ്റ്റ്യൻ മോർഗൻസ്റ്റേൺ, കാഫ്ക, വാൾടർ ബന്യാമിൻ, ഹെസ്സേ ഇവരൊക്കെ അദ്ദേഹത്തിന്റെ ആരാധകരായിരുന്നു.

Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like