പൂമുഖം OPINION ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിധി

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി ഒമ്പതംഗബെഞ്ചിന്റെ വിധിയിലെ ശുഭസൂചനകളെപ്പറ്റി: ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിധി

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

്വകാര്യതാവകാശം-Right to Privacy- മൌലികാവകാശമാണെന്ന സുപ്രീം കോടതി വിധി എല്ലാ അര്‍ത്ഥത്തിലും ഉദാര ജനാധിപത്യമൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. Article 21- right to life and liberty-സ്വകാര്യതയ്ക്കുള്ള പൌരന്‍റെ അവകാശത്തെ ഉള്‍ക്കൊള്ളുന്നു എന്നും അതിന്‍റെ അവിഭാജ്യ ഘടകമാണ് ഇതെന്നും കോടതി വിധിച്ചിരിക്കുന്നു. എം പി ശര്‍മ, ഖരക് സിംഗ് കേസുകളിലെ വിധികളില്‍ സ്വകാര്യത മൌലികാവകാശമല്ല എന്ന മുന്‍ വ്യാഖ്യാനങ്ങള്‍ ഇതോടെ റദ്ദാക്കപ്പെട്ടു.

ആധാര്‍ സംബന്ധിച്ച് കോടതി പ്രത്യേകമായൊന്നും പറഞ്ഞിട്ടില്ലെങ്കിലും ആധാര്‍ പോലുള്ള ഏത് ചട്ടവും പൌരന്‍റെ സ്വകാര്യത എന്ന മൌലികാവകാശത്തെ ലംഘിക്കുന്നു എന്ന കാരണത്താല്‍ കോടതിക്ക് റദ്ദാക്കാം എന്നത് ഇതോടെ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അതായത് സ്വകാര്യതയെ ലംഘിക്കുന്നു എന്നു മാത്രമാണു ഇനി തെളിയിക്കേണ്ടത്, വേണമെങ്കില്‍ ഭരണകൂടത്തിന് പൌരന്‍റെ സ്വകാര്യതയെ ലംഘിക്കാം എന്ന വാദം ഇനി അപ്രസക്തമാണ്. ഈ വിധി അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയില്‍ ഭരണകൂടം നടപ്പാക്കും എന്നൊന്നും കരുതേണ്ടതില്ല. ജീവനും സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒക്കെയൂള്ള മൌലികാവകാശങ്ങളും കോടതി വിധികളുമൊക്കെ നിത്യേനയെന്നോണം ലംഘിക്കപ്പെടുന്ന, അതൊരു സമ്പ്രദായമായി, സ്വാഭാവികതയായി സ്വീകരിച്ച രാജ്യത്ത് അമിത പ്രതീക്ഷയൊന്നും വേണ്ട.

എന്നാല്‍, ജനാധിപത്യ നിയമവ്യവസ്ഥയെയും , ഭരണഘടനയുടെ ശത നിലനിര്‍ത്തു ന്നതിനെയും സംബന്ധിച്ചുള്ള ആശങ്കകളും സംശയങ്ങളും ഉയരുന്ന സമയത്ത് ഉദാര ജനാധിപത്യ മൂല്യങ്ങളെ പൌരാവകാശവും രാഷ്ട്രീയാവകാശവുമായി ഉയര്‍ത്തി പ്പിടിക്കാനും അതിനു വേണ്ടി പോരാടാനുമുള്ള നാനാവിധ പോരാട്ടങ്ങളില്‍ ഇത് ഊര്‍ജം പകരുമെന്നാണ് വിധിയുടെ ആദ്യ വിവരങ്ങളില്‍ നിന്നും മനസിലാക്കേണ്ടത്. സ്വകാര്യതയെക്കുറിച്ച് ഭരണകൂടത്തിന് അതിന്മേലുള്ള കടന്നുകയറ്റം ഒരു അവകാശമായി ഇനി കയ്യാളാൻ കഴിയില്ല. എന്താണ് സ്വകാര്യത എന്നു ഇത്തരം തര്‍ക്കങ്ങളില്‍ കോടതികളുടെ വ്യാഖ്യാനങ്ങളിലൂടെ ഇനി രൂപപ്പെടേണ്ട ഒന്നാണ്.

രാജ്യസുരക്ഷയും ദേശസ്നേഹഗുണ്ടാസംഘങ്ങളും ക്ഷുദ്രദേശീയതയുമൊക്കെ പൌരനെ വെറും എണ്ണക്കണക്കാക്കി മാറ്റുന്ന, ഒരു തിരിച്ചറിയല്‍ യന്ത്രത്തിന്‍റെ ഔദാര്യത്തില്‍ ജീവിക്കേണ്ടിവരുന്ന വിധേയരാക്കി മാറ്റുന്ന കാലത്ത്, വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഉദാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നത് വളരെ നിര്‍ണായകമാണ്. ഭരണകൂടത്തിന് ഒരു പൌരന്‍റെ മേല്‍, അവന്‍റെ/അവളുടെ മനുഷ്യന്‍ എന്ന പ്രാഥമിക അസ്തിത്വത്തെ എത്രകണ്ട് നിയന്ത്രിക്കാനാകും എന്ന ചോദ്യമാണ് എല്ലാ രാജ്യങ്ങളിലും സ്വകാര്യതാവകാശം സംബന്ധിച്ച നിയമതര്‍ക്കങ്ങളില്‍ ഉയര്‍ന്നുവന്ന സുപ്രധാന ചോദ്യം. സ്വകാര്യത മൌലികാവകാശമാകുന്നത് അത് അടിസ്ഥാനപരമായ മനുഷ്യാവകാശമായതുകൊണ്ടാണ്. സ്വാതന്ത്ര്യം എന്നതിനുമപ്പുറം അത് മനുഷ്യന്‍ എന്ന അസ്തിത്വത്തിന്‍റെ അവിഭാജ്യ ജൈവബോധമാണ്.

മനുഷ്യന് ഏറ്റവും സൂക്ഷ്മമായ തലത്തില്‍ അവനവനായിരിക്കാനുള്ള ചോദനകളെയും അവകാശത്തെയും സ്വാതന്ത്ര്യത്തെയും ജൈവബോധത്തെയും ഇല്ലാതാക്കാനുള്ള അധികാരത്തിന്‍റേയും, ഭരണകൂടത്തിന്‍റേയും കടന്നുകയറ്റങ്ങള്‍ക്കെക്കെതിരെ നാഗരികത യുടെ ചരിത്രത്തിലെന്നും മനുഷ്യര്‍ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന സമരങ്ങളില്‍ സ്വകാര്യവകാശത്തിന്നായുള്ള നിയമപോരാട്ടങ്ങളും ഉള്‍പ്പെടും.

എത്ര സങ്കീര്‍ണമായ അധികാരഘടനയ്ക്കുള്ളിലും മനുഷ്യന് അവനവന് മുകളില്‍ ഒരു തുരുത്തിലെങ്കിലും ജൈവികമായ പരമാധികാരം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഈ കോടതിവിധി അതുകൊണ്ടുതന്നെ നീര്‍ണായകവും ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ സുപ്രധാനവുമാണ്.

Comments
Print Friendly, PDF & Email

You may also like