പൂമുഖം ചുവരെഴുത്തുകൾ ‘കുട്ടി ഇപ്പോഴും വരാന്തയിലാണ് ‘

‘കുട്ടി ഇപ്പോഴും വരാന്തയിലാണ് ‘

്ലാസുകൾക്ക് പുറത്ത് വരാന്തയിലൂടെ കയ്യിൽ ചൂരൽ വടിയുമായി കാർക്കശ്യത്തോടെ നടന്നുനീങ്ങുന്ന ഹെഡ്മാസ്റ്റർ ഇപ്പൊഴും പഴയ കാഴ്ചയല്ല. തന്റെ അധികാരപരിധിയിലുള്ള ക്ലാസ്മുറികളുടെ അച്ചടക്കം പരിശോധിക്കാനും തനിക്ക് ആധികാരികമായി നടന്നുനീങ്ങാനുമുള്ള ഇടമാണ് ഈ വരാന്തകൾ എന്ന ഉറച്ചബോധ്യം ഹെഡ്മാസ്റ്റർക്ക് മാത്രമല്ല, എല്ലാ സ്ഥാപനമേലധികാരികൾക്കുമുള്ളതാണ്. അവർക്ക് വരാന്ത എന്നത് വെറുമൊരു ഇടമല്ല, തങ്ങളുടെ അധികാരപ്രകടനത്തിനും വ്യാപനത്തിനുമുള്ള സവിശേഷ സ്ഥലരാശിയാണ്. സ്ക്കൂൾ വരാന്തകൾ എന്നത് ഇടങ്ങളുടെ രാഷ്ട്രീയവായനയ്ക്കുള്ള മികച്ച രൂപകമാണ്. അകത്താര് പുറത്താര് എന്ന എക്കാലത്തെയും നൈതികമായ ചോദ്യം ഈ വരാന്തകൾ നിരന്തരമായി ഉന്നയിക്കുന്നുണ്ട്. ക്ലാസിനകത്തിരിക്കുന്ന കുട്ടികൾക്ക് വരാന്തയും പുറംകാഴ്ചകളും ഇപ്പൊഴും വലിയ പ്രലോഭനമാണ്. വരാന്തയിലൂടെയുള്ള ഏത് ആളനക്കങ്ങളും അകത്തിരിക്കുന്ന കുട്ടികൾക്ക് നൽകുന്ന ഉദ്വേഗം ചെറുതല്ല. നിശബ്ദമായ ക്ലാസന്തരീക്ഷത്തിൽ വരാന്തകളിലൂടെ വരുന്ന കാലൊച്ചകൾക്ക് കാതോർക്കാത്ത ഒരു കുട്ടിയുമുണ്ടാകില്ല. കുട്ടികളുടെ കേവലകൗതുകം എന്നതിനപ്പുറം പുറംകാഴ്ചകളെകളുടെ രാഷ്ട്രീയമാനം ഈ കാതോർക്കലിനുണ്ട്. കുട്ടിയും അദ്ധ്യാപകനും ക്ലാസിനകത്താണെങ്കിലും ‘അകത്ത് കുട്ടിയും പുറത്ത് മാഷും’ എന്നതാണ് കുട്ടികളുടെ അനുഭവയാഥാർത്ഥ്യം. ഏത് സമയത്തും വരാന്തയിലേക്കിറങ്ങാനുള്ള സ്വാതന്ത്ര്യം അദ്ധ്യാപകനുണ്ട്. അതുകൊണ്ട് അദ്ധ്യാപകൻ കുട്ടിയെ സംബന്ധിച്ചിടത്തോളം അകത്തല്ല, പുറത്താണ്. എന്നാൽ, കുട്ടികൾക്ക് പുറത്തിറങ്ങാൻ ഒന്നുകിൽ ബെല്ലടിക്കണം അല്ലെങ്കിൽ അദ്ധ്യാപകൻ പുറത്താക്കണം. ക്ലാസിൽ നിന്ന് പുറത്താക്കപ്പെടുന്ന കുട്ടി ഇപ്പൊഴുമുണ്ട്. ഇവിടെ ക്ലാസിൽനിന്ന് പുറത്താക്കുക എന്നതിനു അദ്ധ്യയനപ്രക്രിയയിൽനിന്ന് പുറത്താകുക എന്ന അർത്ഥം മാത്രമല്ല ഉള്ളത്. ക്ലാസിനു തൊട്ടുപുറത്ത് നിന്നാലും പഠിപ്പിക്കുന്നത് കേൾക്കാം. എന്നാൽ, പുറത്ത്നിന്നുകൊണ്ട് കുട്ടികളാരും പഠിക്കാറില്ല, മഹാന്മാരുടെ ജീവചരിത്രത്തിലല്ലാതെ. പുറത്താക്കപ്പെടുന്ന കുട്ടിക്ക് മുന്നിൽ ഒരു അതിർത്തി നിർണ്ണയിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അതിർത്തിക്ക് പുറത്തുള്ളവരെ നോക്കുമ്പോലെ പുറത്താക്കപ്പെട്ട കുട്ടിയെ ക്ലാസിലുള്ളവർ നോക്കുന്നത്. അവിടെ വരാന്ത എന്നത് ഒരു അപമാനകേന്ദ്രവും ക്ലാസ്മുറി എന്നത് ഒരു അഭിമാനകേന്ദ്രവുമായി സ്വയം രൂപം മാറുന്നുണ്ട്. കുട്ടിക്കാലത്ത് പലകാരണാങ്ങളാലും ക്ലാസ്മുറിക്ക് പുറത്ത് നിൽക്കേണ്ടിവന്നിട്ടുണ്ട്. അപ്പൊഴൊക്കെ അതിർത്തിക്ക് പുറത്ത് നിന്ന് ശത്രുരാജ്യത്തെനോക്കുമ്പോലെയാണ് ക്ലാസിനെ നോക്കിയിട്ടുള്ളത്ത്. അവിടെ അദ്ധ്യാപകൻ ഒരിക്കലും വിജയിച്ച സൈന്യാധിപനല്ല, നിസ്സാരമായ എതിർശബ്ദങ്ങളെപ്പോലും ഭയപ്പെടുന്ന ഭീരുവായനായകൻ മാത്രമാണ്. അതുകൊണ്ടാണ് പുറത്താക്കപ്പെട്ട കുട്ടി എന്നെങ്കിലുമൊരിക്കൽ അകത്ത്കടന്നാൽത്തന്നെ പുറത്താക്കപ്പെട്ടവന്റെ ആത്മരോഷം മുഴുവൻ അണപൊട്ടി വീണ്ടും പുറത്താകുന്നത്. സൈന്യാധിപൻ വീണ്ടും വീണ്ടും തോറ്റുകൊണ്ടേയിരിക്കുന്നത്! വാസ്തവത്തിൽ അദ്ധ്യാപകരെല്ലാം തോറ്റുകൊണ്ടിരിക്കുന്ന യുദ്ധം നയിക്കുന്നവരാണ്. വരാന്തയിലേക്ക് പുറംതള്ളുന്നവരെല്ലാം അദ്ധ്യാപകരെ നിരന്തരം തോൽപ്പിച്ചുകൊണ്ടേയിരിക്കുന്നവരാണ്. പുറത്താക്കപ്പെട്ടവരാൽ പരാജയപ്പെടുക എന്നത് അധ്യാപകന്റെ വിധിയാണ്. മറ്റൊരു യുദ്ധത്തിലും ഇത് സാധ്യമല്ല. അതുകൊണ്ട് ജയ പരാജയങ്ങളുടെ അധികാരി താനാണെന്ന മിഥ്യാബോധത്തെയാണ് അദ്ധ്യാപകൻ ആദ്യം മറികടക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് ഒരു കുട്ടിയെപ്പോലും അപമാനത്തിന്റെ വരാന്തയിൽ നിർത്താതെ സർവ്വീസിൽനിന്നു വിരമിക്കാൻ കഴിയുക എന്നത് മികച്ച അദ്ധ്യാപകരുടെ എക്കാലത്തെയും മോഹമായി മാറുന്നത്. ക്ലാസ്സിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക് വരാന്ത എന്നത് അപമാനകേന്ദ്രമാണെങ്കിൽ, സ്ക്കൂളിൽനിന്ന് തന്നെ പുറത്താക്കപ്പെടുന്നവർക്ക് സ്ക്കൂൾവരാന്ത ഒരു സ്വപ്നമായി മാറുന്നുവെന്ന വൈരുദ്ധ്യവും ഇവിടെയുണ്ട്. സ്ക്കൂൾവരാന്തകൾക്ക് ഒരു പാട് അർത്ഥതലങ്ങളുണ്ട്. ബാല്യ കൗമാരങ്ങളുടെ സ്വപ്നങ്ങളത്രയും പൂവിട്ടത് ഈ വരാന്തകളിൽ വെച്ചാണ്. ഇവിടുത്തെ തൂണുകളുടെ മറവിലൂടെയാണ് മോഹങ്ങൾ ഒളിച്ചുകളിച്ചത്. പിന്നാലെ അലറിപ്പായുന്ന മഴയിൽനിന്ന് ഓടിക്കയറി പ്രണയത്തിലേക്ക് വഴുക്കിവീണത് ഈ വരാന്തയിൽ നിന്നാണ്. ഉടുമുണ്ടിന്റെ അറ്റം ഇടതുകയിലെടുത്ത് വലതുകൈ ആകാശത്തിലേക്കെറിഞ്ഞ് മുദ്രാവാക്യം വിളിച്ച് നടന്നത് ഈ വരാന്തയിലൂടെയാണ്. സരസ്വതിടീച്ചറും ഭാസ്കരന്മാഷും ആളറിയാതെ കണ്ണ് കാണിക്കുന്നത് കണ്ട് അന്തംവിട്ട് നിന്നതും ഇവിടെവെച്ചാണ്. രാവിലെ ഭക്ഷണം കൊടുത്ത് വിടാൻ ഗതിയില്ലാതെ ഉച്ചയ്ക്ക് മുമ്പ് എന്തൊക്കെയോ നുള്ളിപ്പെറുക്കി എത്തിച്ചുകൊടുത്ത് അമ്മ നിന്ന് കരഞ്ഞതും ഈ വരാന്തയിൽ വെച്ചാണ്. ഓർക്കുന്തോറും കണ്ണ് നിറയുന്ന എണ്ണമറ്റ സൗഹൃദങ്ങളുടെ ഓർമ്മപ്പെരുക്കങ്ങൾ ഈ വരാന്തയിലുണ്ട്. പറഞ്ഞുവരുന്നത്, സ്ക്കൂൾവരാന്ത എന്നത് വെറും വരാന്ത മാത്രമല്ലെന്നും നമ്മൾ നടന്നുതീർത്ത ജീവിതവുമാണെന്നാണ്. അത് നിർണ്ണയിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ യുക്തി തിരിച്ചറിയപ്പെടാതെ പോകരുതെന്നാണ്. കാരണം, പുറാത്താക്കപ്പെടുന്ന ഒരു കുട്ടി ഇപ്പൊഴും ക്ലാസ്മുറിക്ക് പുറത്തുണ്ട്….ആ വരന്തയിലുണ്ട്.!!

Comments
Print Friendly, PDF & Email

You may also like