OPINION

നിങ്ങൾ പ്രചരിപ്പിക്കുന്നതാണ് എസ്. ബി. ഐ. ആഗ്രഹിക്കുന്നത്.


എസ്. ബി. ഐ. സേവനങ്ങൾക്കായി ചാർജ്ജ് വർദ്ധന നടപ്പാക്കിയാൽ സംഭവിക്കുന്നതെന്ത്? - ബാങ്കിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്ന ലേഖകന്റെ നിരീക്ഷണങ്ങൾ.
18422478_1485470554807714_214978881840072442_o

വിവാദ സർക്കുലർ തിരുത്തി എസ്. ബി. ഐ. തത്കാലം തടിയൂരിയെങ്കിലും ഉപഭോക്താക്കൾ രക്ഷപ്പെട്ടിട്ടില്ല. എ.ടി.എം. ട്രാൻസാക്ഷന് ഏർപ്പെടുത്തി എന്ന് പറയുന്ന പുതിയ ചാർജ് മൊബൈൽ വാലറ്റ് ഉപയോഗിക്കുന്ന കസ്റ്റമേഴ്സിനു മാത്രമെ ബാധകമാകൂ എന്ന ഇളവ് വരുത്തിയതൊഴിച്ചാൽ മുഷിഞ്ഞ നോട്ടുകൾ അടക്കുന്നതിനു തൊട്ട് പണം മൂന്നിൽ കൂടുതൽ തവണ നിക്ഷേപിക്കുന്നതിനു വരെയുളള വർധിപ്പിച്ച ചാർജുകൾ അതേ പടി തുടരുകയാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശബാങ്കുകളെ പോലും കടത്തി വെട്ടുന്ന രീതിയിലാണ് എസ്. ബി. ഐ.യുടെ പോക്ക്.

എസ്. ബി. ഐ. ചാർജുകൾ വർധിപ്പിച്ചത് ഇത്രയൊന്നും ചാർജുകൾ ഈടാക്കാത്ത മറ്റു ബാങ്കുകൾക്കു ഗുണം ചെയ്തേക്കാം എന്നൊരു വാദം പ്രചരിക്കുന്നുണ്ട്. ശരിയാണ്, ചാർജുകൾ കൂടുതലാണ് എന്ന വാർത്തകളും വസ്തുതയും മുൻനിർത്തി കുറെ പേർ തങ്ങളുടെ അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് മറ്റു ബാങ്കുകളിലേക്ക് മാറിയേക്കാം. അങ്ങനെ മാറി എസ്. ബി. ഐ.യെ ഒരു പാഠം പഠിപ്പിക്കാം എന്നാണ് ബോയ്കോട്ട് എസ്. ബി. ഐ. ക്യാംപെയ്ൻകാരുടെ ധാരണ. ഇതിന്റെ പൊളളത്തരം പറയാം.

എസ്. ബി. ഐ.യിലെ അക്കൗണ്ട് വേണ്ടെന്ന് വച്ച് മറ്റ് ബാങ്കുകളിലേക്ക് മാറുന്നവർ ഏതുതരം അക്കൗണ്ടുടമകളായിരിക്കും എന്ന് നോക്കുക. അവർ തീർച്ചയായും എസ്. ബി. ഐ. നിഷ്കർഷിക്കുന്ന മിനിമം ബാലൻസ് അടക്കമുളള നിബന്ധനകൾ പാലിക്കാൻ ബുദ്ധിമുട്ടുളളവരായിരിക്കും. ഇത്തരം അക്കൗണ്ടുടമകളിൽ കൂടുതൽ പേരും ഒരു ലോൺ എടുക്കാനോ എടുത്താൽ തന്നെ തിരിച്ചടക്കാനോ സാധിക്കുന്നവർ ആകില്ല. ബാങ്കിന്റെ ഭാഷയിൽ പറഞ്ഞാൽ ഒറ്റ എച്ച്എൻഐ കസ്റ്റമറെ പോലൂം ഇക്കാരണത്തെ കൊണ്ട് എസ്. ബി. ഐ.ക്ക് നഷ്ടപ്പെടാൻ പോകുന്നില്ല. നഷ്ടപ്പെടുന്നു എന്ന് പറയുന്നതത്രയും സാധാരണ അക്കൗണ്ടുകളായിരിക്കും. ഇവരുടെ അക്കൗണ്ടിൽ കിടക്കുന്ന ചെറിയ തുകകൾക്ക് ബാങ്ക് നാലു ശതമാനം നിരക്കിൽ അങ്ങോട്ട് പലിശ കൊടുക്കേണ്ടി വരും എന്നതല്ലാതെ ഇത്തരം അക്കൗണ്ടുകളെ കൊണ്ട് ബാങ്കിന് പ്രത്യേകിച്ച് വരുമാനമൊന്നുമില്ല. തിരിച്ചടവ് ആസ്തിയുളളവരുടെ പട്ടികയിൽ ഇവരിൽ ഏറിയ പങ്ക് അക്കൗണ്ടുടമകളും വരുന്നില്ല. അതേസമയം ഇവരുടെ അക്കൗണ്ടുകളിൽ കിടക്കുന്ന ഓരോ ചില്ലസപൈസയും ബാങ്കിന്റെ ലയബിലിറ്റി കൂട്ടുന്നുണ്ട്. വാസ്തവത്തിൽ ചാർജുകൾ വർധിപ്പിക്കുന്നതു വഴി എസ്. ബി. ഐ. ഉദ്ദേശിക്കുന്നതും അതാണ്. “ഉപകാരമില്ലാത്ത” അക്കൗണ്ടുകളെ ഒഴിവാക്കി ആസ്തിയുളള ഇടപാടുകാരെ മാത്രം ബാങ്കിൽ നിർത്തുകയും അതുവഴി ബാങ്കിന്റെ ഇന്ററസ്റ്റ് ലയബിലിറ്റി കുറച്ചു കൊണ്ടുവരികയും ചെയ്യുക എന്നതാണത്. അറിഞ്ഞോ അറിയാതെയോ ബോയ്കോട്ട് എസ്. ബി. ഐ. ക്യാംപെയ്ൻകാർ പ്രചരിപ്പിക്കുന്നതാണ് എസ്. ബി. ഐ. ആഗ്രഹിക്കുന്നതും എന്ന് ചുരുക്കം.

സാധാരണ സേവിങ്ങ്സ് / കറന്റ് അക്കൗണ്ട് ഉടമകൾക്ക് മാത്രമെ മറ്റൊരു ബാങ്കിലേക്ക് അതിവേഗം മാറാൻ പറ്റൂ. അതേസമയം എസ്. ബി. ഐ.യിൽ നിന്ന് ഏതെങ്കിലും തരത്തിൽ വായ്പയെടുത്തിട്ടുളള ഉപഭോക്താക്കൾക്ക് മറ്റൊരു ബാങ്കിലേക്ക് അത്രയെളുപ്പം മാറാനാകില്ല. അഥവാ മാറണമെങ്കിൽ ഒന്നുകിൽ എസ്. ബി. ഐ.യിലെ വായ്പ പൂർണമായും അടച്ചു തീർക്കേണ്ടി വരും, അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിനെ കൊണ്ട് ടേക്ക് ഓവർ ചെയ്യിക്കേണ്ടി വരും. ഫലത്തിൽ, ഇപ്പോഴത്തെ ചാർജീടാക്കലൊന്നും ആ ബാങ്കിന്റെ വായ്പാ അടിത്തറയെ ഏതെങ്കിലും തരത്തിൽ ബാധിക്കാൻ പോകുന്നില്ല. വായ്പകളാണ് ഒരു ബാങ്കിന്റെ പ്രധാന ആസ്തി . ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ വായ്പാ അടിത്തറ നിലനിർത്തി , സേവിങ്ങ്സ് അക്കൗണ്ടുകളുടെ ലയബിലിറ്റി കുറച്ചു കൊണ്ടു വരിക എന്നതിലേക്കുളള നടപടികളാണ് എസ്. ബി. ഐ.യുടെ ഈ ഷോക്കടിപ്പിക്കൽ. അതു പ്രധാനമായും ബാധിക്കുന്നത് സാധാരണ ബാങ്കിങ്ങ് ഉപയോക്താക്കളെ ആയിരിക്കും എന്ന കാര്യം ഉറപ്പ്.

ഇനി എസ്. ബി. ഐ.യിൽ നിന്ന് അക്കൗണ്ടുൾ ക്ലോസ് ചെയ്ത് മറ്റു ബാങ്കുകളിലേക്ക് വന്നാൽ എന്തു സംഭവിക്കും എന്ന് നോക്കുക. തീർച്ചയായും ആ ബാങ്കുകളുടെ ഇന്ററസ്റ്റ് ലയബിലിറ്റി വർധിക്കും, അതേ സമയം ഇന്ററസ്റ്റ് ഇൻകത്തിൽ കാര്യമായ വർധനവ് ഉണ്ടാകുകയുമില്ല. ചുരുക്കിപ്പറഞ്ഞാൽ ചാർജുകൾ കുറച്ചു മാത്രം ഈടാക്കി ജനസേവനം നടത്തുന്ന ചെറുകിട ബാങ്കുകളുടെ നിലനിൽപ്പ് പരുങ്ങലിലാകുകയും എസ്. ബി. ഐ. പോലുളള ഭീമൻമാർക്കു മാത്രം നിലനിൽപ്പ് സാധ്യമാവുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ ബാങ്കിങ്ങ് രംഗം ചുരുങ്ങിപ്പോവും.

അതുകൊണ്ട്, നാട്ടുകാരൊക്കെ അക്കൗണ്ട് പിൻവലിച്ചാൽ ബ്ലേഡ് കമ്പനി പൂട്ടും പോലെ എസ്. ബി. ഐ. പൂട്ടിപ്പോകുമെന്നും അങ്ങനെ ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കാമെന്നും കരുതരുത്. നിങ്ങൾ പ്രചരിപ്പിക്കുന്നതാണ് എസ്. ബി. ഐ. ആഗ്രഹിക്കുന്നത്. അസോഷിയേറ്റഡ് ബാങ്കുകളിലേതുൾപ്പെടെ എസ്. ബി. ഐ.യിലേക്ക് വന്നു ചേർന്ന, വായ്പാ ആസ്തിയില്ലാത്ത സാധാരണ അക്കൗണ്ടുകൾ പൊഴിച്ച് കളയാനാണ് ആ ബാങ്ക് ശ്രമിക്കുന്നത്. ഷോക്കടിപ്പിക്കുന്ന ചാർജുകൾ ഈടാക്കിയാൽ നിത്യവരുമാനക്കാരനൊക്കെ അക്കൗണ്ട് ക്ലോസ് ചെയ്ത് വേറെ എവിടേക്കെങ്കിലും പോകുമെന്ന് അവർക്കറിയാം. അതോടെ എസ്. ബി. ഐ.യുടെ സേവനങ്ങൾ വളരെയെളുപ്പം വൻകിടക്കാരിലേക്കു ചുരുക്കാം.അതു മനസിലാക്കാതെ ബോയ്കോട്ട് എസ്. ബി. ഐ. ക്യാംപെയ്ന് ക്ലാപ്പടിക്കുന്നവർ, അറിയാതെയാണെങ്കിലും ചെയ്യുന്നത് ഇന്ത്യൻ ബാങ്കിങ്ങ് രംഗത്തെ തകർക്കാൻ ശ്രമിക്കുന്ന എസ്. ബി. ഐ. നയങ്ങളെ സഹായിക്കുകയാണ്.

ബഹുസ്വരതയാണ് ഇന്ത്യൻബാങ്കിങ്ങ് രംഗത്തിന്റെ ശക്തി. ചെറുകിടധനസഹായ സ്ഥാപനങ്ങളും കോപ്പറേറ്റീവ് ബാങ്കുകളും കുറിക്കമ്പനികളും തുടങ്ങി വാണിജ്യബാങ്കുകളും പൊതുമേഖലാബാങ്കുകളും വിദേശബാങ്കുകളും ഉൾപ്പെടെ പരന്നു കിടക്കുന്ന ബൃഹത്തായ ഒരു ശൃംഖലയാണത്. ഏതു സാമ്പത്തിക മാന്ദ്യത്തെയും നേരിടാൻ വിധം നമ്മുടെ സമ്പദ്രംഗത്തെ പ്രാപ്തമാക്കി നിർത്തിയിരുന്നത് ഈ ബഹുസ്വരതയാണ്. ആ സമ്പദ്രംഗത്തിന്റെ സ്റ്റിയറിങ്ങ് ഏതെങ്കിലും ഒന്നോ രണ്ടോ ഭീമൻബാങ്കുകളിലേക്കൊതുങ്ങുന്നത് ഒട്ടും ആശാസ്യമല്ല.

ഇക്കഴിഞ്ഞ മാർച്ചിലെ എസ്. ബി. ഐ.യുടെ പ്രവർത്തനലാഭം 43000 കോടി രൂപയിലധികമാണ്. ഇതിൽ നിന്നും ബാങ്ക് കിട്ടാക്കടത്തിലേക്ക് വേണ്ടി പ്രൊവിഷൻ ചെയ്തത് ഏതാണ്ട് 33000 കോടി രൂപയിലധികവും. അതോടെ അറ്റലാഭം ഏതാണ്ട് പതിനായിരത്തോളമായി കുറഞ്ഞു. എസ്. ബി. ഐ. ബഹിഷ്കരിക്കുക എന്ന ആഹ്വാനത്തേക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടത്, ഈ 33000 കോടി രൂപയുടെ കണക്കാണ്.

Comments

കവിതയുടെ കാർണിവൽ

കാർണിവൽ 2017 ഗ്യാലറി

വാക് വിചിത്രം / UMD

യു. എം. ഡി.