പൂമുഖം നിരീക്ഷണം നിത്യഹരിത നായകൻറെ ഓർമ്മയിൽ

നിത്യഹരിത നായകൻറെ ഓർമ്മയിൽ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

 
 
യിരത്തി തൊള്ളായിരത്തി എൺപത്തി ഒമ്പതു ജനുവരി പതിനാറാം തീയതിയാണ് മലയാള സിനിമയുടെ നിത്യഹരിത നായകനായ പ്രേം നസീർ അന്തരിച്ചത്. എഴുപത് വയസ്സായിരുന്നു പ്രായം. പ്രായേണ സ്ത്രൈണത കൂടിയ ഒരു നായക സങ്കല്പത്തിലായിരുന്നു നസീറിന്റെ ഒതുക്കം അതിനാൽത്തന്നെ അമിതമായ കായിക പരിശീലനവും പേശീവികസനവും അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിനു അത്യന്താപേക്ഷിതമായിരുന്നില്ല. ഹോർമോൺ ചികിത്സയും പ്ലാസ്റ്റിക് സർജറിയും മുടി കിളിർപ്പിക്കലും പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ ചെയ്യുന്ന സൗന്ദര്യ വർധനയും ഒന്നും തന്നെ പ്രേം നസീറിന് ബാധകമായിരുന്നില്ല. അഭിനയ ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം ചെറുപ്പക്കാരൻ ആയിത്തന്നെ അഭിനയിച്ചു. അവസാന നാളുകളിൽ മാത്രമാണ് സ്വന്തം പ്രായത്തിനു അനുയോജ്യമായ കഥാപാത്രങ്ങളെ അദ്ദേഹത്തിന് നൽകാൻ സംവിധായകർ തയാറായത്. ജയനും മമ്മൂട്ടിയും മോഹൻലാലും ശങ്കറും ഒക്കെയുള്ള കാലയളവിലും നസീറിന് നായകസ്ഥാനം ഉപേക്ഷിക്കേണ്ടി വന്നില്ല. ഒടുവിൽ നസീർ മരിച്ചു. നസീർ മരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹം മരിച്ചത് വളരെ നേരത്തെ ആയിപ്പോയെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ മരണം സിനിമാ ലോകത്തെയും കേരളത്തിലെ പൊതുജനത്തെയും സത്യത്തിൽ ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ മയ്യത്തു പെട്ടി ചുമന്നത് അന്ന് പ്രശസ്തിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയായിരുന്ന മമ്മൂട്ടിയും മോഹൻലാലും ആയിരുന്നു. എല്ലാ പത്രങ്ങളിലും മാസികകളിലും ആ ചിത്രം അച്ചടിച്ചു വന്നു.
 
പ്രേം നസീറിന്റെ മുഖം കാണാതെയും യേശുദാസിന്റെ സ്വരം കേൾക്കാതെയും ഒരു മലയാളിയ്ക്ക് കേരളക്കരയിൽ ജീവിക്കാൻ കഴിയില്ല എന്നൊരു സ്ഥിതിവിശേഷം ഉണ്ടായിരുന്നു. യേശുദാസിന്റെ സ്വരത്തെ അന്നത്തെ ജനങ്ങൾ തിരിച്ചറിഞ്ഞത് നസീറിന്റെ മുഖത്തിലൂടെയായിരുന്നു. നസീർ പാടുമ്പോൾ അത് യേശുദാസിന്റെ സ്വരത്തിൽ ആയിരിക്കണം എന്ന് മലയാളി ആഗ്രഹിച്ചു. ഒരു പക്ഷെ അന്നത്തെ ജനപ്രിയ സംസ്കാര വിപണി അങ്ങിനെ ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിച്ചു. പ്രേം നസീറിനും മുൻപേ സത്യന് അതുല്യ നടൻ എന്ന പദവി ഉണ്ടായിരുന്നു. പ്രേം നസീറിന്റെ സമകാലികനായ മധുവിന് അഭിനയ ചക്രവർത്തി എന്ന പട്ടവും നിരൂപകർ ചാർത്തികൊടുത്തിരുന്നു. സിനിമ, സംവിധായകന്റെയും നടന്റെയും സാങ്കേതിക പ്രവർത്തകരുടെയും കലയാണെങ്കിലും മിക്ക സിനിമകളും നടന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത് (അത് ഒരു പരിധി വരെ ഇന്നും മാറ്റമില്ലാതെ തുടരുന്നു. പക്ഷെ സംവിധായകരുടെയോ നിർമ്മാണക്കമ്പനികളുടെയോ പേരിൽ വിജയിക്കുന്ന സിനിമകളും ആനുപാതിമായി ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്). എങ്കിലും നസീറിന്റെ പേരിനു മുന്നിൽ അതുല്യ നടനെന്നോ ഭാവാഭിനയ ചക്രവർത്തിയെന്നോ ഉള്ള വിശേഷണങ്ങൾ ഇല്ലായിരുന്നു. നസീർ അല്ലെങ്കിൽ പ്രേം നസീർ എന്നിങ്ങനെ ഒക്കെ മതിയായിരുന്നു ആ നടനെ വിശേഷിപ്പിക്കാൻ. നസീറിക്ക എന്നോ പ്രേമേട്ടൻ എന്നോ ആരും അദ്ദേഹത്തെ വിളിക്കുമായിരുന്നില്ല. മമ്മുക്കയും ലാലേട്ടനും ഒക്കെ പിന്നീടുണ്ടായ വിശേഷണങ്ങളാണ്. സിനിമാരംഗത്തുള്ളവർ അദ്ദേഹത്തെ സാർ എന്ന് വിളിച്ചു. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾ അദ്ദേഹത്തെ നസീർ എന്നും വിളിച്ചു. പ്രായം ചെന്ന സ്ത്രീകൾ ‘അവൻ’ എന്നോ ‘പാവം നസീർ; എന്നോ ഒക്കെ വിളിച്ചു അദ്ദേഹത്തെ കുടുംബത്തിലെ ഒരാളാക്കി. നസീറിനെ അകാരണമായി ഉപദ്രവിച്ചിരുന്ന ഉമ്മറിനെയും ജോസ് പ്രകാശിനെയും കൊട്ടാരക്കര ശ്രീധരൻ നായരെയും ഒക്കെ ജനങ്ങൾ തീവ്രമായി വെറുത്തു. നസീർ കേരളത്തിന്റെ ദൃശ്യസംസ്കാരത്തിന്റെ തുടിപ്പായിരുന്നു. അക്കാലത്തു മതത്തെയും ജാതികളെയും അതീതങ്ങളിലേയ്ക്ക് തനിയ്‌ക്കൊപ്പം ഉയർത്തിയ ഒരു നടനായിരുന്നു പ്രേം നസീർ.
nasir 1
പ്രേം നസീർ എന്ന നടനെ കുറിച്ചുള്ള ആധികാരികമായ ഒരു ലേഖനം രചിക്കലല്ല എന്റെ ഉദ്ദേശ്യം. മറിച്ചു പിൽക്കാലത്തു ഒരു സാംസ്കാരിക വിമർശകനും എഴുത്തുകാരനുമായ വളർന്ന എന്റെ ജീവിതത്തിൽ പ്രേം നസീർ എന്ന് പറയുന്ന നടൻ പരോക്ഷമായി ചെലുത്തിയ സ്വാധീനത്തെ കുറിച്ച് വിവരിക്കുകയാണ് ഈ അധ്യായത്തിന്റെ ലക്‌ഷ്യം. അത് തികച്ചും അനുഭവ വിവരണ പരവും നിരീക്ഷണ നിബിഡവുമാണ്. നസീർ മരിച്ചതിനു ശേഷം കാൽനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അതായതു മമ്മൂട്ടിയും മോഹൻലാലും പഴയകാല നടന്മാരാണെന്നു കരുതുന്ന ഒരു തലമുറ ഇതിനകം ഉണ്ടായിക്കഴിഞ്ഞു. അവരുടെ സാംസ്കാരിക പരിസരത്തിന്റെ പശ്ചാത്തലം മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സിനിമകൾ കൂടി ചേർന്നതാണെങ്കിലും അവരുടെ ദൃശ്യസംസ്കാരത്തിന്റെ അനുഭവം പൃഥ്വിരാജ് മുതൽ ഫഹദ് ഫാസിൽ വരെയും നിവിൻ പോളി മുതൽ ദുൽക്കർ സൽമാൻ വരെയും മണികണ്ഠൻ മുതൽ വിനായകൻ വരെയും ഉള്ള നടന്മാരാൽ സൃഷ്ടിക്കപ്പെട്ടതാണ്. എങ്കിലും ഈ തലമുറയും പ്രേം നസീർ എന്ന പേര് കേൾക്കുമ്പോൾ മറ്റൊരു സാംസ്കാരിക അനുഭവ തലത്തിലേയ്ക്ക് പ്രക്ഷേപിക്കപ്പെടുന്നു. അവരുടെ ‘നസീർ അനുഭവം’ ഫസ്റ്റ് ഹാൻഡ് അല്ല. അത് സെക്കന്റ് ഹാൻഡ് ആണെങ്കിൽകൂടി അതിന്റെ തീവ്രതയിൽ ആനന്ദവും അഭിമാനവും ആദരവും കലർന്നിരിക്കുന്നു.
 
പ്രേം നസീറിനെക്കുറിച്ചു പുതിയ തലമുറ ഓർക്കുന്നത് നമ്മുടെ തലമുറ തിക്കുറിശ്ശിയെയോ മിസ് കുമാരിയെയോ ഒക്കെ ഓർക്കുന്നത് പോലല്ല. പുതിയ തലമുറയുടെ നസീർ അനുഭവത്തിനു കേരളത്തിലെ പുതിയ ‘ക്ഷേത്രകലയായ’ മിമിക്രിയുടെ നിറവും മണവും ചിരിയും ഒക്കെയുണ്ട്. ജയറാം എന്ന താരമാണ് കൊച്ചിൻ കലാഭവനിൽ ഒരു മിമിക്രി കലാകാരൻ എന്ന നിലയിൽ നസീറിനെ കേരളത്തിന്റെ സാംസ്കാരിക ജനപ്രിയതയിലേയ്ക്ക് തിരികെ കൊണ്ട് വരുന്നത്. മിമിക്രി കലാകാരന്മാരിൽ ഇന്നും ഏറ്റവുമ അധികം കയ്യടി നേടുന്നത് പ്രേം നസീറിനെ അനുകരിക്കുന്നവർ തന്നെയാണ്. ജയറാമിന്റെ കാര്യത്തിലാകട്ടെ, സിനിമയിൽ സജീവമായി ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രേം നസീറിനെ അനുസ്മരിപ്പിക്കുന്ന ഒരു തരാം മാനറിസം അദ്ദേഹം തന്റെ അഭിനയശൈലിയിൽ വളർത്തിയെടുത്തു. സ്ഥൂലീകരിച്ച ഭാവം, നാണം കലർന്ന ചിരി, ന്യൂനീകരിച്ച പ്രസ്താവനകൾ, കൊഞ്ചൽ, പഞ്ചാരയടിക്കൽ തുടങ്ങി പ്രേം നസീറിനെ നിർവചിക്കാൻ ഉപയോഗിക്കുന്ന എല്ലാ ഭാവങ്ങളും ജയറാമിലും തെളിഞ്ഞു വന്നു. കഥാപാത്രങ്ങൾ പലരും നസീറിനെ അനുകരിക്കുന്നവർ ആണെന്ന് കൂടി ജയറാമിന്റെ കാര്യത്തിൽ ഉണ്ടായി. പ്രേം നസീറിനെപ്പോലെ തന്നെ ജയറാമിനും ജനപ്രീതി ലഭിച്ചെങ്കിലും അദ്ദേഹത്തെപ്പോലെ ജയറാമും സൂപ്പർ സ്റ്റാർ ആയില്ല. ജയറാം, നസീറിനെപ്പോലെ തന്നെ നിത്യഹരിത നായകനായി. എപ്പോഴെക്കെ ജയറാം സൂപ്പർ നായകൻറെ റോളുകൾ കൈകാര്യം ചെയ്തോ ആ സിനിമകൾ പരാജയപ്പെടുകയോ അതിനിശിതമായ വിമർശനങ്ങൾക്ക് വിധേയമാവുകയോ ചെയ്തു.
nasir 2എന്തുകൊണ്ടാണ് നിത്യഹരിത നായകനായിട്ടും നസീർ സൂപ്പർ താരം എന്ന പദവിയിൽ എത്താതിരുന്നത്? എന്ത് കൊണ്ടാണ് പ്രേം നസീറിന് കേരളത്തിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധി ആകാൻ കഴിയാതിരുന്നത്? ആ പദവി എന്ത് കൊണ്ട് ജയനും തുടർന്ന് സുകുമാരനും ലഭിച്ചു? എന്ത് കൊണ്ടാണ് സംവിധായകർ നസീറിനെ മുഖ്യധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തെരെഞ്ഞെടുക്കാതിരുന്നത്? ഈ ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കുകയാണെങ്കിൽ എന്ത് കൊണ്ട് അദ്ദേഹം സൂപ്പർ സ്റ്റാർ ആകാതെ നിത്യഹരിത നായകനായി ത്തന്നെ തുടരുന്നു എന്നതിന് വിശദീകരണം ലഭിക്കും.
 
പ്രേം നസീർ മലയാള സിനിമയിലേയ്ക്ക് കടന്നു വരുമ്പോൾ മലയാള സിനിമയ്ക്ക് ഇന്ന് നാം കാണുന്ന ചിന്താശീലം ലഭിച്ചിരുന്നില്ല. നാടകങ്ങളുടെ സെല്ലുലോയ്ഡ് ആവിഷ്കാരങ്ങളായിരുന്നു പല സിനിമകളും. സ്വതന്ത്ര്യസമരത്തെയും കൊളോണിയൽ വിരുദ്ധതയെയും ലാക്കാക്കിയുള്ള ചിത്രങ്ങൾ കുറവായിരുന്നു. അഥവാ ഉണ്ടായിരുന്നെങ്കിൽത്തന്നെ അവ തമിഴ്- ഹിന്ദി സിനിമകളുടെ ചുവടു പിടിച്ചുണ്ടായവയായിരുന്നു. സ്വാതന്ത്ര്യ ലബ്ധിയ്ക്കു ശേഷം നാലു വർഷങ്ങൾ കഴിഞ്ഞാണ് നസീർ സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്. അപ്പോഴേയ്ക്കും മിക്കവാറും എല്ലാ ഭാഷാ ചിത്രങ്ങളും, ഹിന്ദി മുഖ്യധാരാ ചിത്രങ്ങളും നവദശ നിർമ്മിതി എന്ന ആശയത്തിലേക്ക് ചുവടുമാറ്റം നടത്തിക്കഴിഞ്ഞിരുന്നു. പുതിയ ദേശത്തിന്റെ നിർമ്മാണം എന്ന ആശയം അനവധി സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ സാമൂഹിക രംഗത്തു വ്യക്തമായിക്കഴിഞ്ഞ ഹിന്ദു മുസ്‌ലിം സ്പർദയെ സാംസ്കാരിക ഇടപെടലുകൾ കൊണ്ട് റദ്ദു ചെയ്യുക എന്നതും ഈ മതങ്ങൾക്കിടയിൽ ഉണ്ടായ വിടവിനെ ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിക്കുകയും ചെയുന്നത് സിനിമയുടെ ദൗത്യമായി. കുടുംബം- സമൂഹം, വീട്-നാട്, സ്വദേശം – പരദേശം, വിദ്യാഭ്യാസം -അജ്ഞത, സമ്പന്നത – ദാരിദ്ര്യം, സ്വാതന്ത്ര്യം- അസ്വാതന്ത്ര്യം, ജാതീയത -മാനവികത, സ്ത്രീ-പുരുഷൻ, പൗരൻ- സ്റ്റേറ്റ്, പോലീസ്-കള്ളൻ തുടങ്ങി ഒട്ടനവധി ദ്വന്ദങ്ങൾ തമ്മിലുണ്ടായിരുന്ന സംഘർഷങ്ങളെ പരിഹരിച്ചു കൊണ്ട് മാത്രമേ നവ ദേശ നിർമ്മിതി സാധ്യമായിരുന്നുള്ളൂ. പുരോഗമന പ്രസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന എഴുത്തുകാരും കവികളും സംഗീതജ്ഞരും നാടകപ്രവർത്തകരും ഒക്കെ ഈ സംഘർഷ ലഘൂകരണത്തിനുള്ള മാധ്യമമായി സിനിമയെ തെരെഞ്ഞെടുത്തു.
 
പ്രേം നസീറിന്റെ സിനിമകളിലെല്ലാം മേൽപ്പറഞ്ഞ ദ്വന്ദങ്ങൾ തമ്മിലുള്ള സംഘർഷം കാണാം. നസീറിന്റെ കഥാപാത്രങ്ങളെല്ലാം ഈ സംഘർഷങ്ങളുടെ നടുവിലാണ് നിൽക്കുന്നത്. ഈ പ്രശ്നങ്ങൾക്കു ഒരു പരിഹാരം കാണേണ്ടത് അദ്ദേഹത്തിന്റെ നായക സ്വത്വങ്ങളുടെ കടമയായിരുന്നു. എത്രയധികം ത്യാഗം സഹിച്ചാലും ശരിയുടെ ഭാഗത്തു നിന്ന് കൊണ്ട് മതപരമായും സാമ്പത്തികമായും ഉള്ള പ്രശ്നങ്ങൾക്ക് നസീറിന്റെ കഥാപാത്രങ്ങൾ പരിഹാരം കണ്ടെത്തുന്നു. ഇതിനായി നസീറിന്റെ കഥാപാത്രങ്ങൾ പ്രധാനമായും നാല് വഴികളാണ് തെരഞ്ഞെടുക്കുന്നത്- കഠിനാധ്വാനം, വിദ്യാഭ്യാസം, കുടിയേറ്റം, മിശ്രവിവാഹം. നവ ദേശ നിർമ്മിതിയ്ക്ക് ഈ നാല് ഘടകങ്ങളും അത്യാവശ്യമാണെന്ന് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമകളിലെയും കഥാപാത്രങ്ങൾ വ്യക്തമാക്കുന്നു.
 
നസീറിന്റെ കഥാപാത്രങ്ങൾ കഠിനാധ്വാനികൾ ആണ്. എന്ത് വില കൊടുത്തും കുടുംബത്തെ സംരക്ഷിക്കാൻ ഈ കഥാപാത്രങ്ങൾ ബാധ്യസ്ഥരാണ്. ഈ കഥാപാത്രങ്ങളെ ‘നല്ലവരായി’ മാത്രമേ സമൂഹത്തിനു കഴിയൂ. സമൂഹ നിർമ്മിതിയുടെ നല്ല മാതൃകകളാണ് അവർ. ഒരു ടിപ്പിക്കൽ നസീർ കഥാപാത്രം വയലിലും ഫാക്ടറിയിലും ഓഫീസിലും ഒക്കെ പണിയെടുക്കാൻ തയാറാണ് അങ്ങിനെ പണിയെടുക്കുമ്പോൾ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വിധവയായ അമ്മയെ ചികിത്സിക്കുന്നു, അനുജനെയും അനുജത്തിയേയും പഠിപ്പിക്കുന്നു. പിതാവ് നഷ്ടപ്പെട്ട കുടുംബമാണ് ഈ നസീറിന്റേത്. ഒരു ഈഡിപ്പൽ രീതിയിൽ നസീർ അച്ഛന്റെ സ്ഥാനം ഏറ്റെടുക്കുകയാണ്. ഈ കഠിനാധ്വാനം പ്രതീകാത്മകമായി പലനിലകളിൽ പ്രവർത്തിക്കുന്നു. ഒന്നാമതായി കുടുംബത്തിന്റെ ഉയർച്ച ‘അധ്വാനം’ എന്ന് പറയുന്ന ഇൻവെസ്റ്റ്മെന്റ്-നെ ആശ്രയിച്ചിരിക്കുന്നു എന്ന് ഭംഗ്യന്തരേണ പറയുന്നു. കൂടാതെ വയലിലും ഫാക്ടറിയിലും ഒരു പോലെ പണിയെടുത്താലേ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയൂ എന്ന നെഹ്രുവിയൻ ആശയത്തിന്റെ പ്രാദേശിക സാംസ്കാരിക പ്രത്യക്ഷങ്ങളായി ഈ കഥാപാത്രങ്ങൾ വർത്തിക്കുന്നു. അതായത് സ്റ്റേറ്റിനും സമൂഹത്തിനും വിധേയമായി ജീവിക്കുന്ന കഥാപാത്രങ്ങളാണ് നസീർ കൈകാര്യം ചെയ്തത്.
 
അഭ്യസ്ത വിദ്യരാണ് നസീർ അവതരിപ്പിച്ച കഥാപാപാത്രങ്ങളിൽ ഏറെയും. ‘അമ്മെ.. അമ്മയുടെ മകൻ ഫസ്റ്റ് ക്ലാസ്സിൽ പാസായിരിക്കുന്നു അമ്മേ’ എന്ന് പറയുന്ന നസീറിനെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഒരു തൊഴിൽ നേടണമെന്നും അതിലൂടെ സമ്പാദ്യം സൃഷ്ടിച്ചു ഒരു മധ്യവർഗ കുടുംബസ്ഥൻ ആകണമെന്നും ആ കഥാപാത്രങ്ങൾക്കുണ്ട്. വിദ്യാഭ്യാസം എന്നത് മധ്യവർഗ്ഗത്തിലേയ്ക്ക് കടക്കാനുള്ള ഒരു മാധ്യമം എന്നതിലുപരി ഒരാളെ മധ്യവർഗ്ഗത്തിലേയ്ക്ക് ഉയർത്തുന്നതിനാവശ്യമായ ധനസമ്പാദനത്തിനുള്ള മാർഗം കൂടിയായി നസീർ കഥാപാത്രങ്ങൾ പ്രേക്ഷകരെ പഠിപ്പിക്കുന്നു. 1950 കൾ മുതൽക്കിങ്ങോട്ടു നിലവിൽ വന്ന ആധുനിക ഇന്ത്യ/ കേരളത്തിൽ മധ്യവർഗ്ഗത്തിലേയ്ക്ക് ഉയരണമെങ്കിൽ സർക്കാർ ഉദ്യോഗമോ ഫാക്ടറിയിൽ ജോലിയോ നേടണമായിരുന്നു. കൃഷി എന്ന ധനാഗമ മാർഗം ക്രമേണ പിന്തള്ളപ്പെടുകയാണ് സിനിമയുടെ വിവരണ പാഠങ്ങളിൽ. കൂലിപ്പണിക്കാരൻ/ സർക്കാരുദ്യോഗസ്ഥൻ, ഫാക്ടറിയിൽ ശാരീരികാധ്വാനം വേണ്ടിവരുന്ന ജോലികൾ ചെയ്യുന്നവൻ/ അവിടെ വെള്ളക്കോളർ ഉദ്യോഗം വഹിക്കുന്നവർ അങ്ങിനെയുള്ള ദ്വന്ദങ്ങൾ കൃത്യമായും നസീർ സിനിമകളിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ സ്ഥിരവരുമാനം ലഭിക്കുന്ന ജോലി, സുന്ദരിയായ കാമുകിയുമായുള്ള വിവാഹം, കുട്ടികൾ, വീട് തുടങ്ങി പരിമിതമെങ്കിലും അക്കാലത്തെ മധ്യവർഗ അഭിലാഷങ്ങളെയെല്ലാം നസീർ കഥാപാത്രങ്ങൾ പുനരുത്പാദിപ്പിക്കുകയും അഭിലഷണീയമായ ഗുണങ്ങൾ ഉള്ള ഒരു നവ പൗരന്റെ സൃഷ്ടിയ്ക്കു മാതൃകയാവുകയും ചെയ്യുന്നു. നസീറിന്റെ സിനിമകളുടെ വിജയത്തിന് പിന്നിൽ സ്റ്റേറ്റുമായി ബന്ധപ്പെട്ടു നിൽക്കുന്ന നല്ല പൗരന്റെ വാർപ്പ് മാതൃകയുണ്ട്‌. ആ കാലത്തിനു ഏറ്റവും കൂടുതൽ ആഗ്രഹിക്കാൻ കഴിഞ്ഞതും ആ മാതൃക തന്നെയാണ്.
nasir 3ചലനാത്മകത നസീർ കഥാപാത്രങ്ങളുടെ വിജയത്തിന് കാരണമായിരിക്കുന്നു. ഒരു ഗ്രാമത്തിൽ ജനിച്ച് അവിടെ വളർന്ന് അവിടെ പണിയെടുത്ത് ആ മണ്ണിൽത്തന്നെ മരിച്ചു വീഴുന്ന ഒരു ശരാശരി പൗരനേയല്ല നസീർ തന്റെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചത്. ആ കഥാപാത്രങ്ങൾ ഒരിടത്തായിരിക്കുമ്പോഴും പല തലങ്ങളിൽ പ്രവർത്തിക്കുന്നു. ഫുട്ബാൾ കളിക്കാരനാണ് പോലീസുകാരനായും അധ്യാപകനായും കവിയായും എഴുത്തുകാരനാണ് ടെന്നീസ് കളിക്കാരനായും ഡിറ്റക്റ്റീവായും ഒക്കെ നസീർ പ്രത്യക്ഷപ്പെടുന്നു. ഇതിനേക്കാളെല്ലാം ഉപരിയായി നസീർ കഥാപാത്രങ്ങൾ മറ്റു നഗരങ്ങളിലേയ്ക്കോ ഗ്രാമങ്ങളിലേയ്ക്കോ കുടിയേറുന്നവർ കൂടിയാണ്. ഒരു തൊഴിൽ അന്വേഷിച്ചാണ് പലപ്പോഴും നസീർ മറ്റൊരു നഗരത്തിലേക്ക് പോകുന്നത്. മറ്റു ചില അവസരങ്ങളിൽ ഒരു അന്വേഷണമാകും നസീറിനെ ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിൽ എത്തിക്കുന്നത്. ഒരു പട്ടാളക്കാരനായിരിക്കുമ്പോൾ വളരെ വളരെ ദൂരത്തുള്ള പേരും നാളും അറിയാത്ത സ്ഥലങ്ങളിലേക്ക് നസീർ കഥാപാത്രങ്ങൾ സഞ്ചരിച്ചു പോകുന്നു. ഈ കഥാപാത്രങ്ങളുടെ കൈപിടിച്ചും അവരുമായി സഹഭാവം സൃഷ്ടിച്ചും അക്കാലത്തെ പ്രേക്ഷകർ നസീറിനോടൊപ്പം മറ്റിടങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു.
 
നഗരം, അല്ലെങ്കിൽ ചെന്നെത്തുന്ന ഇടം നസീറിനെ ഒരു പുതിയ മനുഷ്യൻ ആക്കുകയാണ്. അയാൾ സ്ത്രീകളുമായി സ്വതന്ത്രമായി സംസാരിച്ചു തുടങ്ങുന്നു. ഇംഗ്ലീഷ് സംസാരിക്കുകയും ഇംഗ്ലീഷ് രീതികൾ സ്വായത്തമാക്കുകയും ചെയ്യുന്നു. ഈ ഒരു പരിവർത്തനം കാണികൾ വളരെ ആഹ്ലാദത്തോടെയാണ് ഏറ്റുവാങ്ങുന്നത്. കാരണം അയാൾ ആധുനിക ഇന്ത്യയുടെ ഭാഗമായി മാറുകയാണ് അപ്പോൾ. എത്രയധികം ആധുനികനായാലും ആ ആധുനികതയ്ക്കു മാറ്റു കൂട്ടുന്നത് അടിസ്ഥാനപരവും നിഷ്കളങ്കവുമായ ഗ്രാമ മൂല്യങ്ങൾ അയാളിൽ പ്രവർത്തിക്കുമ്പോഴാണ്. വിവാഹം കഴിക്കാതെ കാമുകിയെ ചുംബിക്കുകയോ സ്പർശിയ്ക്കുകയോ ചെയ്യാൻ അയാൾ പലപ്പോഴും ഒരുമ്പെടുന്നില്ല. അഥവാ അങ്ങിനെ ചെയ്യുമെന്നുണ്ടെങ്കിൽ അയാൾ അവളെ വിവാഹം കഴിക്കുക തന്നെ ചെയ്യും. അയാൾക്ക് വിവാഹേതര ബന്ധങ്ങൾ അന്യമാണ് എന്ന് മാത്രമല്ല അങ്ങിനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവരെ വിലകുറഞ്ഞവരായി കണക്കാക്കാൻ അയാൾക്ക് കഴിയും. എത്ര വലിയ വൈകാരിക ബന്ധമാണ് കാമുകിയുമായി ഉള്ളതെങ്കിലും അമ്മയോ സഹോദരിയോ വിളിച്ചാൽ അയാൾ ഒരു മാപ്പു പറഞ്ഞിട്ട് സ്വന്തം വീട്ടിലേയ്ക്കു തിരികെ പോകും. സ്ത്രീ പ്രേക്ഷകർ പൊതുവെ നസീറിനെ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹം ഇങ്ങനെ തിരികെ വരും എന്നുള്ള ഒരു ഉറപ്പു നൽകുന്നത് കൊണ്ടാണ്. ഒരിയ്ക്കലും തങ്ങളെ വിട്ടു പോകാത്ത ഒരു മകനായും സഹോദരനാണ് മാറുവാൻ നസീറിന് കഴിയുന്നു. കുടിയേറ്റ കാലത്തെ ഒരു അപഭ്രംശമായി അയാൾക്ക് തന്റെ പ്രണയത്തെ എഴുതി തള്ളാൻ കഴിയുന്നു. അതേസമയം അയാൾ മറ്റാരും കാണാതെ ആ വേദന കടിച്ചിറക്കുകയാണ്. ഒടുവിൽ വിധിയുടെ ഇടപെടൽ കാമുകിയെ അയാളുടെ സവിധത്തിൽ എത്തിച്ചു കൊടുക്കുന്നു. ആർക്കും നഷ്ടമുണ്ടാകാത്തതും ആരുടേയും വികാരങ്ങൾക്ക് മുറിവ് പറ്റാത്തതുമായ ഒരു പര്യവസാനമാണ് നസീർ ചിത്രങ്ങൾ എപ്പോഴും നൽകുന്നത്.
 
വിദ്യാഭ്യാസവും കുടിയേറ്റത്തിനുള്ള ക്ഷമതയും നസീർ കഥാപാത്രങ്ങൾക്ക് മറ്റൊരു മാനം കൂടി ചാർത്തി കൊടുത്തിരുന്നു. ഈ രണ്ടു സവിശേഷതകളിലൂടെ നസീറിന് സാമ്പത്തികമായും ജാതീയമായും ഉയർന്ന നിലയിൽ കഴിയുന്ന കാമുകിയെ സ്വന്തമാക്കാൻ കഴിയുന്നു. മിശ്രവിവാഹം ഒരു നയമായി എടുത്തു അതിനനുസരിച്ചു ലൗ ജിഹാദ് നടത്തുന്ന കഥാപാത്രങ്ങളല്ല നസീറിന്റേത് എങ്കിലും വിദ്യാഭ്യാസവും കുടിയേറ്റവും ജാതീയമായ അതിരുകളെ ഇല്ലാതാക്കാൻ ഈ കഥാപാത്രങ്ങളെ സഹായിക്കുന്നു. ഇത് കേരളത്തിലെ അന്നത്തെ ചെറുപ്പക്കാർ ആഗ്രഹിച്ചിരുന്ന ഒരു അവസ്ഥയുടെ ഉദാത്തവൽക്കരണമായിരുന്നു. നസീർ കഥാപാത്രങ്ങളുടെ വിദ്യാഭ്യാസവും അതുവഴിയുണ്ടായ മധ്യവർഗ പദവിയും സമ്പന്നയായ കാമുകിയുടെ പിതാവിന്റെയും കുടുംബത്തിന്റെയും എതിപ്പുകളെ അലിയിച്ചു കളയുന്നു. ജാതിയുടെയും സമ്പത്തിന്റെയും അതിര്വരമ്പുകളെ ഭേദിക്കാൻ വിദ്യാഭ്യാസത്തിനു കഴിയും എന്നുള്ള ഒരു സദ്വാർത്ത കൂടി ഇത്തരത്തിൽ നസീർ കഥാപാത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇനി അഥവാ നസീർ ആണ് സമ്പന്നനെങ്കിൽ അയാളുടെ വിദ്യാഭ്യാസവും കുടിയേറ്റത്തിലൂടെ ഉണ്ടായ അറിവും അയാളെ തന്നെക്കാൾ കുറഞ്ഞ നിലയിലുള്ളതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കാമുകിയെ സ്വീകരിക്കാൻ പ്രാപ്തനാക്കുന്നു. അയാളുടെ കുടുംബത്തിനുള്ളിൽ നിന്നുണ്ടാകുന്ന എതിർപ്പുകളെ പ്രാപഞ്ചിക തത്വങ്ങളുടെ ഉദീരണത്തിലൂടെ അയാൾക്ക്‌ തോൽപ്പിക്കാൻ കഴിയുന്നു. സാമ്പത്തികമായി ഒരു രേഖ വരച്ചു മനുഷ്യരെ പകുത്താൽ ആ രേഖയിൽ ചവുട്ടിയാകും നസീർ കഥാപാത്രങ്ങൾ നിൽക്കുന്നത്. അയാൾക്ക് ഒരേ സമയം സമ്പന്നനും ദരിദ്രനും ആയിരിക്കാൻ കഴിയുന്നു. വിദ്യാഭ്യാസം കൊണ്ട് സമ്പന്നനായിരിക്കെ അയാൾ സാമ്പത്തികമായ ദാരിദ്ര്യം അനുഭവിക്കുന്നു. പണം കൊണ്ട് സമ്പന്നനായിരിക്കുമ്പോൾ അയാൾ ദാരിദ്ര്യത്തെ തന്റെ ജീവിത സഖിയാക്കുന്നു.
 
ക്ഷാത്ര വീര്യമുള്ള വടക്കൻ പാട്ടു സിനിമകളിൽ മിക്കവയിലും നസീർ തന്നെയാണ് നായകൻ. വടക്കൻ പാട്ടുകളുമായി യഥാർത്ഥത്തിൽ വളരെ നേരിയ ബന്ധം മാത്രം വച്ച് പുലർത്തിക്കൊണ്ടു, ചരിത്രത്തെ കാറ്റിൽ പറപ്പിച്ചു നടത്തുന്ന ഭാവനാവിലാസങ്ങളാണ് ഇവയിൽ മിക്കവയും. സാമൂതിരിക്കു വേണ്ടി പടവെട്ടുന്ന അങ്കച്ചേകവരായും കുടുംബത്തിന്റെയും കളരിയുടെയും പേര് കാക്കുന്നതിനായി പോരാടുന്ന വീര നായകനായും ഒക്കെ ക്ഷാത്രവീര്യത്തിന്റെ ഉദാത്ത പ്രതീകമായി നസീർ പ്രത്യക്ഷപ്പെടുന്നു. ഈ സിനിമകളിലെല്ലാം കഥ എന്ത് തന്നെയായിരുന്നാലും നസീർ എന്ന നടന്റെ പ്രതിച്ഛായയുമായി ബന്ധപ്പെട്ടാണ് എല്ലാ നായകന്മാരുടെയും നിലനിൽപ്പ്. അതിനാൽ തച്ചോളി ഒതേനനും അമ്പുവും പാലാട്ട് കോമനും കുഞ്ഞിക്കണ്ണനും ഒക്കെ ഒരേ നസീറിന്റെ പല അവതാരങ്ങളായി മാത്രം കാണാൻ കഴിയുന്നു. ഈ ചിത്രങ്ങളുടെയെല്ലാം സവിശേഷത എന്നത് അവയൊന്നും തന്നെ ബ്രാഹ്മണ്യത്തെ പ്രകീർത്തിക്കുന്നില്ല എന്നതാണ്. ക്ഷത്രിയർ തന്നെയാണ് സമൂഹത്തിന്റെ തലപ്പത്തുള്ളത്. ബ്രാഹ്മണർ പലപ്പോഴും കോമാളികളായാണ് ഈ സിനിമകളിൽ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദുത്വ അജണ്ട മലയാളിയുടെ സാംസ്കാരിക നിർമ്മിതിയിൽ പിടിമുറുക്കുന്നതിനും എത്രയോ മുൻപാണ് ഈ സിനിമകൾ ഉണ്ടായത് എന്നതാകാം ഇതിനു കാരണം.
 
ബ്രാഹ്മണ്യത്തെ അകറ്റി നിറുത്തുകയും ചിലപ്പോഴെങ്കിലും കളിയാക്കുകയും ചെയ്യുന്ന ഈ സിനിമകളിൽ പക്ഷെ നസീറിന് ശ്രീ രാമന്റെയും അർജുനന്റെയും ഒക്കെ പ്രതിച്ഛായ ലഭിക്കുന്നുണ്ട്. ശ്രീരാമ പട്ടാഭിഷേകം പോലുള്ള സിനിമകളിൽ നസീർ തന്നെ ശ്രീരാമനായി വരുന്നുമുണ്ട്. ഇതിനകം കാണികളുടെ മനസ്സിൽ തറഞ്ഞ മാതൃകാ പുരുഷോത്തമൻ എന്ന തരത്തിലുള്ള നസീറിന്റെ പ്രതിച്ഛായയും യഥാർത്ഥത്തിൽ ഈ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന മര്യാദാ പുരുഷോത്തമ പ്രതിച്ഛായയും തമ്മിൽ ഇഴപിരിയ്ക്കാൻ വയ്യാത്ത വിധം കൂടിച്ചേർന്നിരിക്കുന്നു. ഈ വടക്കൻ പാട് ചിത്രങ്ങളിലും മറ്റു സെക്കുലർ ചിത്രങ്ങളിലും നസീർ കഥാപാത്രങ്ങൾ പുനരുത്പാദിപ്പിക്കുന്നതു ശ്രീരാമന്റെ പ്രതിച്ഛായ തന്നെയാണ്. രാമായണത്തിന്റെ ബൃഹദാഖ്യാനമാണ് മിക്കവാറും എല്ലാ നസീർ ചിത്രങ്ങളുടെയും കാതൽ. അവയിൽ രാമായണത്തിലെ വാർപ്പ് മാതൃകകൾ ആയ സീത ദേവിയും രാവണനും ഭ്രാതൃഭക്തിയുടെ ഉടലെടുത്ത രൂപങ്ങളായ ലക്ഷ്മണ -ഭരത -ശത്രുഘ്നന്മാരും, ദാസരൂപങ്ങളായ ഹനുമാൻ സുഗ്രീവൻ തുടങ്ങിയവരുമൊക്കെ പുതിയ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. നസീർ കഥാപാത്രങ്ങൾ കുടുംബത്തിനുള്ളിൽ അല്ലാതിരിക്കുമ്പോഴൊക്കെ ഒരു കൂട്ടുകാരനൊപ്പമോ പല കൂട്ടുകാർക്കൊപ്പമോ ആണ് കാണപ്പെടുന്നത്. അവരെല്ലാം തന്നെ നസീർക്കഥാപാത്രങ്ങളോട് ദാസ്യമനോഭാവവും വിധേയത്വവും വെച്ച് പുലർത്തുന്നവരാണ്. സ്വന്തം ഭാര്യയെ വില്ലന്മാരിൽ നിന്നും ശത്രുവിൽ നിന്നും രക്ഷിക്കേണ്ട ചുമതല കൂടി നസീർ കഥാപാത്രങ്ങളിൽ വന്നു ചേരുന്നു.
 
സ്റ്റേറ്റിനോട് കലഹിക്കുന്ന കഥാപാത്രങ്ങൾ ഒരിക്കലും നസീറിന് ലഭിച്ചിട്ടില്ല എന്ന് തന്നെ പറയാം. ചില പ്രതിലോമ വ്യവസ്ഥിതികൾക്കെതിരെ കഥാപാത്രങ്ങൾ പ്രതികരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാൽ അധികാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒക്കെ നസീർ കഥാപാത്രങ്ങൾ സ്റ്റേറ്റിന്റെ ഏജന്റുമാരെപ്പോലെ പ്രവർത്തിക്കുന്നു. സി ഐ ഡി ചിത്രങ്ങളിൽ ഇതെപ്പോഴും വ്യക്തമാണ്. നസീറിന്റെ കൂറ് സ്റ്റേറ്റിനോടാണ്. അതിനെതിരെ നിൽക്കുന്ന ഏതൊരു ശക്തിയെയും എതിർത്ത് തോൽപ്പിക്കാൻ നസീറിന് ഒരു മടിയുമില്ല. ആദ്യകാലത്തെ സി ഐ ഡി ചിത്രങ്ങളുടെ കഥാംശം ഇന്നത്തെ സാഹചര്യത്തിൽ പരിശോധിച്ചാൽ കുട്ടികളുടെ കള്ളനും പോലീസും കാളി പോലെ ബാലിശമായി തോന്നുമെങ്കിലും അതിലൊക്കെയും നസീർ ആത്മാർത്ഥമായി സ്റ്റേറ്റിന്റെ നിയമം, ക്രമം, സദാചാരം എന്നിവയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് കാണാം. അധികാരം മനുഷ്യനെയും ഭരണകൂടത്തെയും ദുഷിപ്പിക്കില്ല എന്ന പ്രത്യാശയിലൂടെയാണ് ഈ കഥാപാത്രങ്ങളെല്ലാം വളരുന്നതും വികസിക്കുന്നതും. ഇത് ക്രമേണ പുതിയ തലമുറയുമായുള്ള സംഘർഷത്തിലേക്ക് നസീർക്കഥാപാത്രങ്ങളെ നയിക്കുന്നു. സമൂഹവും സ്‌റ്റേറ്റും അഴിമതിയുടെ കൂത്തരങ്ങാണെന്നും അതിനാൽ അല്പമൊക്കെ അഴിമതിയും ചതിയും കാട്ടുന്നതിൽ കുഴപ്പമില്ലെന്നും കരുതുന്നതുമായ ഒരു തലമുറയുടെ മുന്നിൽ മാത്രമാണ് നസീർ കഥാപാത്രങ്ങൾ ആദ്യമായി അസ്തിത്വ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്. തടിച്ച കണ്ണട വെച്ച ജഡ്ജിയായും നക്ഷത്രഖചിതമായ യൂണിഫോം ധരിച്ച ഐ ജി ആയും ഒക്കെ വരുമ്പോൾ നസീർക്കഥാപാത്രങ്ങൾ നേരിടുന്നത് താൻ പ്രതിനിധീകരിക്കുന്ന സ്റ്റേറ്റിന്റെ അധികാരത്തിനും അഴിമതിയ്ക്കും എതിരെ തെരുവിന്റെ അധികാരം പ്രയോഗിക്കാൻ തയാറെടുത്തു നിൽക്കുന്ന സ്വന്തം പുത്രന്മാരെയാണ്. എന്നാൽ അത്തരം കഥാപാത്രങ്ങൾ നസീറിന് അധികം ലഭിച്ചില്ല എന്ന് മാത്രമല്ല നസീറിന് വേണ്ടി അസ്തിത്വ പ്രശ്നങ്ങൾ ഉള്ള കഥാപാത്രങ്ങളെ ആരും എഴുതിയുണ്ടാക്കാൻ ശ്രമിച്ചതും ഇല്ല. തൃഷ്ണ, ആട്ടക്കലാശം, ധ്വനി തുടങ്ങിയ ചിത്രങ്ങളിൽ നസീറിന് അത്തരത്തിലുള്ള കഥാപാത്രങ്ങളെ ലഭിച്ചുവെങ്കിലും അവയ്ക്കു ദീര്ഘായുസ്സ് നൽകാൻ വേണ്ട തുടർക്കഥാപാത്രങ്ങളെ നസീറിന് കിട്ടിയില്ല.
 
എൺപതുകളുടെ പകുതിയിൽ നസീറിന് ഒരു പുതിയ പ്രതിച്ഛായ ഉണ്ടാക്കിക്കൊടുത്തത് ബാലചന്ദ്രമേനോൻ എന്ന സംവിധായകൻ ആയിരുന്നു. തികച്ചും ഗ്രാമീണനായ അവിവാഹിതനും, മധ്യവയസ്കനും അല്പം പൊട്ടനാണെന്നു തോന്നിയ്ക്കുന്ന സ്വഭാവവുമുള്ള ഒരു മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ബാലചന്ദ്രമേനോൻ നസീറിനെ അവതരിപ്പിച്ചു. എല്ലാവരെയും ഇടിച്ചു നിലംപരിശാക്കി ധർമ്മ സംസ്ഥാപനം നടത്തിക്കൊണ്ടിരുന്ന നസീറിന്റെ ഈ ചുവടുമാറ്റം പ്രേക്ഷകർ അത്ഭുദആദരങ്ങളോടെയാണ് സ്വീകരിച്ചത്. പക്ഷെ അത്തരം കഥാപാത്രങ്ങൾക്കും ദീര്ഘായുസ്സുണ്ടായില്ല. മമ്മൂട്ടിയും മോഹൻലാലും അപ്പോഴേയ്ക്കും മലയാള സിനിമയുടെ ഭാവി യാത്രാപഥം ഏറെക്കുറെ നിർവ്വചിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ പാരിതോവസ്ഥ മാറിയിരുന്നു. രാഷ്ട്രനിർമ്മാണത്തിൽ ജനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ബോധ്യത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. വിദ്യാഭ്യാസം നേടുന്നത് ഭാവിയിൽ വലിയ അഴിമതി നടത്താൻ കഴിയുന്ന ഒരു വലിയ ഉദ്യോഗം നേടാനുള്ള വഴിയായി. കുടിയേറ്റം എന്നത് സംസ്ഥാനം വിട്ടുപോവുക എന്നത് മാറി രാജ്യം തന്നെ വിട്ടുപോവുക എന്നതായി. നസീർക്കഥാപാത്രങ്ങൾ സൃഷ്ടിച്ചിരുന്ന ഉദാത്തലോകത്തിന്റെ തകർച്ച ജീവിച്ചിരിക്കവേ തന്നെ അദ്ദേഹം കണ്ടു. പ്രായം അനുവദിച്ചിരുന്നെങ്കിൽ കൂടി തന്റെ ഉദാത്ത ലോകം അദ്ദേഹത്തിന് പുനഃസൃഷ്ടിക്കുവാൻ കഴിയുമായിരുന്നില്ല. കാരണം ആ ലോകത്തിന്റെ ആവശ്യക്കാർ ഏറക്കുറെ ഇല്ലാതായികഴിഞ്ഞിരുന്നു. ആ ലോകത്തിന്റെ ഓർമ്മകൾ പിന്നാലെ വന്നവരുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി. ആ ഓർമ്മകളെ ധന്യമാക്കിയത് അബ്ദുൽ ഖാദർ എന്ന നസീർ എന്ന പ്രേം നസീർ ആയിരുന്നു.
 
(രചനയിലിരിക്കുന്ന ‘എന്നിലെ സിനിമ’ എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു അദ്ധ്യായം)
 
Comments
Print Friendly, PDF & Email

You may also like