പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' സംഗീതം കൂട്ടായ്മയുടെ കലയായിത്തന്നെ നിൽക്കട്ടെ

ഇളയരാജയുമായി ബന്ധപ്പെട്ട പുതിയ ഗാനവിവാദത്തിൽ ചലച്ചിത്രഗാനങ്ങളുടെ കോപ്പി റൈറ്റിൽ കൂടുതൽ അധികാരം ആർക്കാണെന്ന ചോദ്യത്തിന് പ്രമുഖ എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ മനോജ് കുറൂർ പ്രതികരിക്കുന്നു: സംഗീതം കൂട്ടായ്മയുടെ കലയായിത്തന്നെ നിൽക്കട്ടെ

ഒരു കൂട്ടായ പ്രവര്‍ത്തനത്തില്‍ ഇങ്ങനെ ഒരാള്‍ ഒറ്റയ്ക്ക് അവകാശം സ്ഥാപിക്കുന്ന രീതി നല്ലതാണോ? അഥവാ, ഒരു പാട്ടിനു മേല്‍, അതിന് സംഗീതം നല്‍കിയ ആള്‍ക്ക്, എഴുത്തുകാരനെക്കാള്‍, ഗായകനെക്കാള്‍, ചിത്രത്തില്‍ പാടി അഭിനയിച്ചവരെക്കാള്‍, അതിനായി രംഗസജ്ജീകരണം നടത്തിയവരെക്കാള്‍ ഒക്കെ അധികാരം ലഭിക്കുന്നതെങ്ങനെയാണ്?

മനോജ്‌ കുറൂര്‍ :

ന്നല്ലെങ്കിൽ നാളെ നേരിടേണ്ടിവരുന്ന സാംസ്കാരികമായ ഒരു പ്രതിസന്ധി എന്ന നിലയിലാണു ഞാൻ ഇതിനെ കാണുന്നത്‌. കോപ്പിറൈറ്റ്‌ നിയമങ്ങൾ കർശനമായ പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥയാവും സംഗീതജ്ഞരെക്കൊണ്ടും ഗായകരെക്കൊണ്ടും ഇങ്ങനെ പറയിക്കുന്നത്‌. ഇവർക്കൊപ്പം ഗാനരചയിതാവിനും താനെഴുതിയ വരികൾക്കു മേൽ അവകാശമുന്നയിക്കാം. ഓർക്കെസ്ട്രാ കൈകാര്യം ചെയ്യുന്നവർക്കു തങ്ങളുടെ പങ്കും അവകാശപ്പെടാം. കാരണം ചോദ്യത്തിൽ സൂചിപ്പിച്ചതുപോലെ ഒരു കൂട്ടായ പ്രവർത്തനത്തിന്‍റെ ഭാഗമാണു ഗാനസൃഷ്ടി.


നേരത്തെയുള്ള ഈണങ്ങളല്ലേ ഉപയോഗിച്ചത്‌ എന്ന മട്ടിലുള്ള യുക്തികൾ കൂടി പരിശോധിക്കേണ്ടതുണ്ട്‌. ഇക്കാര്യത്തിലും പാശ്ചാത്യസംഗീതരീതിയുമായി ചില വ്യത്യാസങ്ങളുണ്ട്‌. പാശ്ചാത്യസംഗീതജ്ഞർ ഒരേ സ്വരങ്ങളുപയോഗിച്ചാണു സംഗീതം ചെയ്യുന്നതെങ്കിലും (ഇക്കാര്യത്തിലും ക്രോമാറ്റിക്‌ സ്കെയിൽ, ഡെഡക്കാഫോണിക്‌ സിസ്റ്റം ഇങ്ങനെ ഓരോ കാലത്തും സംഗീതജ്ഞർ നിർമ്മിച്ച പുതുമകൾ കണക്കിലെടുക്കേണ്ടിവരും) സംഗീതജ്ഞന്‍റെ സംഭാവന കൂടുതൽ എടുത്തുനിൽക്കുന്നു. ഒരു സിംഫണിയോ സൊനാറ്റയോ അറിയപ്പെടുന്നതുതന്നെ സംഗീതജ്ഞന്‍റെ പേരിലാണ്‌. അതായത്‌ സംഗീതകാരന്‍റെ വൈയക്തികമായ സർഗ്ഗസൃഷ്ടിയായിത്തീരുന്നു ഓരോ സംഗീതാവിഷ്കാരവും. ഗാനരചനയ്ക്കോ മറ്റു സാഹിത്യസൃഷ്ടികൾക്കോ ഉപയോഗിക്കപ്പെടുന്ന വാക്കുകൾ നേരത്തെതന്നെ ഉള്ളതാണെങ്കിലും ഒരു കൃതിയിൽ അതിനെ എഴുത്തുകാർ തങ്ങളുടേതാക്കി മാറ്റുന്നതുപോലെ എന്നുപറയാം. അതുകൊണ്ട്‌, കോപ്പിറൈറ്റിനുള്ള അവകാശവാദം കൂടുതൽ വ്യക്തമാണ്‌. ഉപകരണസംഗീതത്തിനു പാശ്ചാത്യനാടുകളിൽ വളരെ പ്രാധാന്യമുണ്ട്‌. അക്കാര്യത്തിലും സംഗീതസംവിധായകന്‍റെ മായ്ക്കാനാവാത്ത കൈയൊപ്പുണ്ട്‌. വ്യക്തിയുടെ മനോധർമ്മത്തെ, ആധുനികപാശ്ചാത്യസംസ്കാരത്തിൽ വ്യക്തിക്കു പൊതുവേ കിട്ടുന്ന പ്രാധാന്യവുമായി ചേർത്തുവച്ചാൽ കാര്യം കൂടുതൽ വ്യക്തമാകും.

ഇന്ത്യയും അറബ്‌ നാടുകളുമുൾപ്പെടുന്ന പൗരസ്ത്യദേശങ്ങളിലെ സ്ഥിതി കുറച്ചു വ്യത്യസ്തമാണ്‌. സംഗീതം രൂപപ്പെടുത്തിയവരുടെ സമ്മതമില്ലാതെതന്നെ മറ്റുള്ളവർ അതുപയോഗിക്കുന്നു. ബൂട്ട്‌ലെഗ്ഗിങ്ങ്‌ എന്നറിയപ്പെടുന്ന ഈ പ്രവണത ഈ രാജ്യങ്ങളിലെ സംഗീതരംഗത്ത്‌ കുറ്റകരമായി ആരും കാണുന്നില്ല.
ഇന്ത്യയിലെ കാര്യംതന്നെയെടുക്കാം. ഉപകരണസംഗീതം തുടങ്ങി സംഗീതസംവിധായകനു മേൽക്കൈ ഉള്ള ഇടങ്ങളെക്കാൾ ഈണത്തിനും വോക്കൽ ആലാപനത്തിലുമാണ്‌ ഇവിടെ പൊതുവേ ഊന്നൽ. ഈണമാകട്ടെ മിക്കപ്പോഴും, നേരത്തെതന്നെ ആരും വൈയക്തികമായ അവകാശമുന്നയിക്കാത്ത രാഗങ്ങളിലോ നാടോടി ഈണങ്ങളിലോ അധിഷ്ഠിതമായിരിക്കും. അതിൽ സംഗീതജ്ഞൻ വരുത്തുന്ന മനോധർമ്മങ്ങളെക്കാൾ, ഈണത്തിന്‍റെ സാമാന്യവത്കരണത്തിലാണു നാം ശ്രദ്ധിക്കാറ്‌. പരമ്പരാഗതസംഗീതധാരകൾ അവയുപയോഗിച്ച്‌ സംഗീതം സൃഷ്ടിക്കുന്നവരുടെ വൈയക്തികമായ മനോധർമ്മത്തെക്കാൾ ശക്തമാണെന്നതും അതിനു കാരണമാണ്‌. ഉപകരണസംഗീതത്തിൽ സംവിധായകൻ ചെയ്യുന്നത്‌ കേൾക്കുക എന്നതിനപ്പുറം സാധാരണ ആസ്വാദകർ അതിന്‍റെ ക്രെഡിറ്റൊന്നും ആർക്കും നൽകാറുതന്നെയില്ല.


ഇവിടെ സംഗീതം കൂട്ടായ്മയുടെ കലയായിത്തന്നെ നിൽക്കട്ടെ. അതിനൊരു ഭംഗിയുണ്ട്‌. മറ്റുള്ളവരോടുള്ള ഒരു കരുതലുണ്ട്‌. അഥവാ അതുപോരെങ്കിൽ പരമ്പരാഗതസംഗീതത്തെ മറികടന്ന്, തന്‍റേതു മാത്രം എന്നവകാശപ്പെടാവുന്ന ഇടങ്ങൾ സംഗീതസംവിധായകർ സൃഷ്ടിക്കട്ടെ. എന്നിട്ട്‌ സ്വന്തമെന്നവകാശപ്പെടട്ടെ.

Comments
Print Friendly, PDF & Email

You may also like