'ഒരു ചോദ്യം - ഒരുത്തരം'

ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഇടതിന് ഇനി ചെയ്യാനുള്ളത്


ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിലെ ബി ജെ പിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രസക്തിയെന്തു? പ്രമുഖ ചിന്തകനായ ശ്രീ സി. ആർ. പരമേശ്വരൻ ഉത്തരം പറയുന്നു.

 

ചോദ്യം:  തപരമായ അസഹിഷ്ണുതകളിലേയ്ക്കോ തീവ്രവാദങ്ങളിലേയ്ക്കോ എതിരില്ലാത്ത എകാധിപത്യത്തിലേയ്ക്കോ ഒക്കെ രാഷ്ട്രത്തെ നയിച്ചേയ്ക്കാവുന്ന, ഒരു രാഷ്ട്രീയ വിശ്വാസവും അതില്‍ പടുത്തുയര്‍ത്തപ്പെട്ട രാഷ്ട്രീയ കക്ഷിയും ശരീരഭാഷ കൊണ്ടും സംസാരരീതികൊണ്ടും എതിരാളികളെ അസ്വസ്ഥരാക്കാന്‍ പോന്ന അതിന്‍റെ നേതാവും ജയിച്ചു നില്‍ക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍, തത്ക്കാലം അസൂയാവഹമായ അവസ്ഥയിലല്ലാത്ത ഇടതു കക്ഷികള്‍, തന്ത്രപരമായി ഏതു ബഹുമുഖവഴികളിലൂടെയാവും സ്വന്തം പ്രസക്തി അവതരിപ്പിക്കാന്‍ ശ്രമിക്കുക?

cr  ഉത്തരം:  

അവികസിത രാജ്യത്തിലെ നാമമാത്രജനാധിപത്യത്തെ കുറിച്ച് പണ്ടില്ലാത്ത ആശങ്കയോ ശുഭപ്രതീക്ഷയോ എനിക്കില്ല. പ്രത്യയശാസ്ത്രാനന്തര ലോകത്തില്‍ എല്ലാ പ്രത്യയശാസ്ത്രവായ്ത്താരികളും അധികാരത്തിനു വേണ്ടിയാണ്. അതിനപ്പുറം ഇക്കൂട്ടര്‍ പറയുന്ന പ്രത്യയശാസ്ത്രത്തിനൊക്കെ വളരെ കുറച്ചേ പ്രസക്തിയുള്ളൂ വലതു പക്ഷ – ഇടതുപക്ഷ പ്രചരണങ്ങള്‍ക്ക് ചെവി കൊടുക്കാതെ വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തെ ജാഗ്രതയോടെ ആശ്രയിക്കേണ്ടുന്ന ഒരു കാലമാണിത്. എല്ലാ പ്രചാരണങ്ങളും നിക്ഷിപ്തതാല്‍പ്പര്യങ്ങളോട് കൂടിയതാണ്. ഉദാഹരണത്തിന്, ഹിന്ദുത്വ വികാരം എന്ന ഭൂരിപക്ഷവികാരം ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല.അധികാരാവശ്യത്തിനായി എല്ലാവരും അത് ഉപയോഗിച്ചിട്ടുണ്ട്. ഇനിയും അത് ഉപയോഗിക്കും..സംഘപരിവാരില്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ എല്ലാം എല്ലാ ‘മതേതര’കക്ഷികളും ‘ഇടതു’കക്ഷികളും ചെയ്തിട്ടുള്ളവ തന്നെയാണ്. ഉദാഹരണത്തിന്, മീററ്റ്, ഹാഷിംപുര, നെല്ലി കൂട്ടക്കൊലകള്‍ ആസൂത്രണം ചെയ്യുന്നതിലോ കേസുകള്‍ ഒതുക്കുന്നതിലോ ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും കാണിച്ച വിരുത് മോഡി ഗുജറാത്തില്‍ പ്രദര്‍ശിപ്പിച്ചതിന് തുല്യമോ അതില്‍ കൂടുതലോ ആണ്. അതിനാല്‍ മോദിയോ ആദിത്യനാഥോ നാളെ മുതല്‍ പ്രാതലിന് ഒരു മുസല്‍മാനെയും അത്താഴത്തിന് ഒരു ദളിതനേയും വിഴുങ്ങും എന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ ഒക്കെ ഭോഷ്കാണ്. അങ്ങനെയുള്ള നരഭോജനമൊന്നും അധികാരക്കൊതിയുള്ള, ദീര്‍ഘകാലപദ്ധതികളുള്ള ഒരു ഭരണാധികാരിക്കും തുടരാനാവില്ല .

ഇന്ത്യയിലെ ഒരു ഭരണാധികാരിയുടെ മികവ് അയാള്‍ ലോകത്തില്‍ ഇന്നും ഏറ്റവും ദരിദ്രരുള്ള ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബയോളജിക്കല്‍ ദാരിദ്ര്യമെങ്കിലും നിര്‍മാര്‍ജ്ജനം ചെയ്യുന്നുണ്ടോ, ഏറ്റവും താഴെക്കിടയില്‍ ഉള്ളവര്‍ക്ക് മിനിമം അന്തസ്സെങ്കിലും വീണ്ടെടുത്ത്‌ കൊടുക്കുന്നുണ്ടോ എന്നിടത്താണ്. മതസ്വത്വങ്ങളെ കുറിച്ചുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ അതിഭാഷണമൊക്കെ അവര്‍ക്ക് ചെയ്യാനാവാത്ത ഈ പ്രധാന ചുമതലയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. വര്‍ഗ്ഗം തന്നെയാണ് ഇന്നും ജീവല്‍പ്രശ്നം. പക്ഷെ ഇടതും വലതും സ്വത്വത്തില്‍ ഊന്നി വര്‍ഗ്ഗത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്നു. ഈ ലക്ഷ്യങ്ങള്‍ കരഗതമാകണമെങ്കില്‍ രാഷ്ട്രീയക്കാര്‍ കങ്കാണി മുതലാളിത്തത്തില്‍ നിന്ന് വിമുക്തരാകണം.അതുണ്ടാവില്ല.ഒരു രാഷ്ട്രീയ തെമ്മാടിയും ഈ മാക്രോഅഴിമതിയുടെ മധുരം കൈവിടില്ല. കാരണം,അത് വിട്ടാല്‍ പിന്നെ അയാളില്ല. മൈക്രോതലത്തില്‍ വ്യക്തിഗത അഴിമതി കുറവുള്ള ഒരാള്‍ , ജനസ്നേഹത്തിന്‍റെ കാര്യത്തില്‍ ഉദ്ദേശശുദ്ധി അല്‍പ്പമെങ്കിലും ബാക്കി ഉള്ള ആള്‍ മാറി മാറി വരുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി എന്തെങ്കിലും ഒക്കെ ചെറിയ മാറ്റങ്ങള്‍ വരുത്തും. തന്മൂലം,ലോകത്തിലെ ഏറ്റവും വലിയ ദരിദ്രരാജ്യത്തിലെ ദാരിദ്ര്യശതമാനം 25ല്‍നിന്ന് ഏറിയാല്‍ 20ആയി കുറഞ്ഞേക്കാം .അത്രയൊക്കെയേ പ്രതീക്ഷിക്കേണ്ടൂ.
‘തത്ക്കാലം അസൂയാവഹമായ അവസ്ഥയിലല്ലാത്ത ഇടതു കക്ഷികള്‍, തന്ത്രപരമായി ഏതു ബഹുമുഖവഴികളിലൂടെയാവും സ്വന്തം പ്രസക്തി അവതരിപ്പിക്കാന്‍ ശ്രമിക്കുക?’എന്ന ചോദ്യം തന്നെ ഫലിതം നിറഞ്ഞതാണ്‌. നമ്മുടെ സുഹൃത്ത്‌ മനോഹര്‍ ,ദോഹ ഈയിടെ ഒരു രസകരമായ നിരീക്ഷണം നടത്തുകയുണ്ടായി : മാര്‍ക്സിസ്റ്റുകാര്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നത് RSP(B) ചവറയില്‍ ഇരുന്ന് കേരള രാഷ്ട്രീയത്തിനെ അവലോകനം ചെയ്യുന്നത് പോലെയാണെന്ന്. എനിക്ക് തോന്നുന്നത് ,ചവറയിലെ നല്ലേഴുത്തുമുക്ക് വാര്‍ഡില്‍ ഇരുന്ന് അവലോകനം ചെയ്യുന്നതു പോലെ എന്ന് ഉപമിച്ചാലെ ഇടതുപക്ഷയാഥാര്‍ഥ്യവുമായി ശരിയായ അനുപാതത്തിലാകൂ എന്നാണ് .
ഇടതുകക്ഷികള്‍ പ്രസക്തമാകണമെങ്കില്‍ ഒന്നുകില്‍ ധാര്‍മികത വേണം; അല്ലെങ്കില്‍ ജനശക്തി വേണം. ഇന്ത്യയിലെ ഏറ്റവും ക്രിമിനല്‍ബന്ധുവും ധനികബന്ധുവും കാപട്യക്കാരനും കഴിവുകെട്ടവനും ആയ സംസ്ഥാന ഭരണാധികാരി ആരെന്ന കാര്യത്തില്‍ ഇന്ന് ആര്‍ക്കും സംശയമില്ല.അയാള്‍ തന്റെ ‘ഭരണമികവ്‘കൊണ്ട് ഇന്ത്യയിലെ മാര്‍ക്സിസം-ലെനിനിസത്തിനുള്ള ശവക്കുഴി നമ്മുടെ കണ്മുന്നില്‍ വെട്ടിക്കൊണ്ടിരിക്കുകയാണല്ലോ. അത് ധാര്‍മികതയുടെ കഥ.പാര്‍ട്ടിയുടെ ജനപിന്തുണയോ?ഒരു കാലത്ത് ശക്തമായ ജനപിന്തുണയുണ്ടായിരുന്ന പഞ്ചാബില്‍ ഒട്ടാകെ 15000 വോട്ടാണത്രെ ഇടതുകക്ഷികള്‍ക്ക് കിട്ടിയത്.യു.പി.യില്‍ കണ്ടുപിടിക്കാനാവാത്തത്ര അണുതുല്യമാണ് ജനപിന്തുണ.
സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ജനങ്ങളെ കൃതജഞതാഭരിതരാക്കുന്ന സദ്ഭരണവും നിസ്വാര്‍ഥമായ പ്രതിപക്ഷപ്രവര്‍ത്തനവും മാത്രമേ മതേതരകക്ഷികള്‍ക്ക് പോംവഴിയുള്ളൂ. നിതീഷ് കുമാറിന്റെയും കേജ്രിവാളിന്റെയും ജയങ്ങള്‍ ആകസ്മികമല്ല. താരതമ്യേനയുള്ള സംശുദ്ധപ്രതിഛായയാണ് അവര്‍ക്ക് തുണയായത്. ഇനി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ജീവിക്കുന്നുവെങ്കില്‍ ഇക്കൂട്ടരില്‍ ആരെങ്കിലും നയിക്കുന്ന മതേതരമുന്നണിയിലെ അപ്രധാനാംഗങ്ങളായി മാത്രമായിരിക്കും.
Print Friendly, PDF & Email