കവിത

കവിതയുടെ കഥ 

ൊള്ളുന്ന വേനലിൽ
പൊട്ടി മുളച്ചൊരു കവിത

കവിതയുടെ ഹൃദയം തേടി
മടിച്ച് മടിച്ചൊരു
അഭ്യുദയകാംക്ഷി

ബേക്കലിന്റെ തീരത്ത്
മുട്ടിട്ടിഴഞ്ഞ കവിതയ്ക്ക്
കാലത്തിന്റെ
കൈയ്യും പിടിച്ച്
നടക്കാമെന്നായി…

കടലിരമ്പുമ്പോൾ
ബോൺസായ് മരച്ചോട്ടിൽ
കണ്ണീർ കൊണ്ട് തുലാഭാരം

തണുത്തൊരു വെളുപ്പാൻ കാലത്ത്
പനി കിടക്കയിലേക്ക്
കവിതക്കൊരു
ചുക്കുകാപ്പി
കവിളിലൊരുമ്മയും…

അങ്ങനെ
കവിത മൗനത്തോട് കഥ പറഞ്ഞു…
ശൂന്യതയോട് കൂട്ട് കൂടി

ഓടാമ്പലിട്ടsച്ചിരുന്നെങ്കിലും
ഖണ്ഡകാവ്യമൊളിഞ്ഞു നോക്കി
നെറ്റി ചുളിച്ചു
വ്യാകരണ പിശകിന്റെ ചെവിയിലും
കവിതയുടെ ഹൃദയത്തിലും
ഒരുമിച്ച് നുള്ളി…

കവിത ചെമ്പകച്ചോട്ടിൽ
നിലാവിനെയും കാത്ത്
മഞ്ഞു തുള്ളിയോട്
പരിഭവിച്ച്
പ്രണയ പുഷ്പങ്ങളുമായ്
കാത്തിരുന്നു….

പ്രണയത്തിന്റെ മാസ്മരികത
കണ്ട് ഭയന്ന്
ഖണ്ഡകാവ്യം
ചരമ കോളത്തിൽ
അഭയം പ്രാപിച്ചു..

അന്ന് മുതൽ കവിത
നടക്കാൻ മറന്നു
പറന്ന് പറന്ന്
മാനം മുട്ടെ പറന്ന്
വളർന്ന് വളർന്ന്
ആകാശത്തോളം വളർന്ന്
കവിത
ഉപമ മറന്നു
ഉൽപ്രേക്ഷയെ പുച്ഛിച്ചു.
കുശുമ്പ് മൂക്കുമ്പോൾ
പിണങ്ങി
ചെമ്പകച്ചോട്ടിലിരുന്ന്
തനിച്ച് സെൽഫിയെടുക്കും
പക്ഷെ ഒരിത്തിരി സ്ഥലം
ബാക്കി വയ്ക്കാൻ
ഹൃദയബോധം
കവിതയോട് പറയും..
അങ്ങനെ
കവിത
കുറുകി കുറുകി
ചിണുങ്ങി ചിണുങ്ങി
പിണങ്ങി പിണങ്ങി
പ്രപഞ്ചത്തോളം വളർന്ന്
പ്രണയത്തിന്റെ വിത്തിലൊളിച്ച്
തളിർക്കാൻ
മഴക്കാലവും
കാത്തിരിപ്പ് തുടങ്ങിയത്രേ…

Print Friendly, PDF & Email

About the author

​ഹസ്ന ഷെറിൻ

പെരിന്തൽമണ്ണ എം.ഇ.എസ്.മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിനി. സോഷ്യൽ മീഡിയയിൽ സജീവം, ആനുകാലികങ്ങളിൽ എഴുതാറുണ്ട്.