കവിത

ഊടിരമ്പം 

ഴിക്കപ്പോള്‍
അങ്ങിനെ കിടന്നാലോചിക്കാനാണ് തോന്നിയത്.
അടിയിലടിയിലടിയിലെവിടേയ്ക്കൊ
നൂണ്ടിറങ്ങി
പിറന്നപാട് നൂൽബന്ധമില്ലാതെ
മലർന്ന് കിടന്ന്‍
തോന്നുംപോലൊക്കെ
തിരിഞ്ഞും മറിഞ്ഞും
മറിഞ്ഞും തിരിഞ്ഞും
നീണ്ടു മെലിഞ്ഞും
ചിലപ്പോള്‍ മെലിഞ്ഞു നീണ്ടും
ഒടിമറയുന്ന മൃഗിമകളെ
മെരുക്കിയൊളിപ്പിച്ച്…
മൃഗപദച്ചിത്രങ്ങളുള്ള മണ്ണ് വിരിച്ച്…
കരിയിലപ്പുതപ്പ് പുതച്ച്
കാടിനൊപ്പം താണ്ഡവമാടി
മഴവെള്ളത്തിനൊപ്പം
തുടുത്ത് കുത്തിയൊലിച്ച്
അരികുകളിലെ
പൊത്തുകളിലും
പൊന്തകളിലുമുള്ളവരോട്
കുശലം പറഞ്ഞു
വിരളമായി കടന്നുപോകുന്ന
മനുഷ്യന്റെ വിയർപ്പേറ്റു വാങ്ങി….
നിലാവില്‍ കുളിച്ചു തോർത്തി
ഇരവിനോടിണ ചേർന്ന്
അങ്ങിനെ അങ്ങിനെ…

ഒറ്റയടി ഒറ്റവരിയായത്
ഒറ്റവരി ഇരട്ടവരിയായത്
ഇരട്ടവരി എട്ടുവരിയായത്…
കാടുകള് നേർത്ത്
പാതകള്‍ തൂർത്ത്
നഗരം കൈ കോര്‍ത്തത്
കോൺക്രീറ്റ് കാടുകളായി വളർന്നത് !

പൊള്ളുന്ന വെയിലില്‍
നീണ്ട്പരന്ന്‍
കറുത്തുരുകി
അതിവേഗ രഥ്യങ്ങളോട്
വെളിപ്പെട്ടു മടുക്കുമ്പോള്‍
വഴിക്കങ്ങിനെ
കിടന്നാലോചിക്കാനാണ് തോന്നിയത്
അടിയിലടിയിലടിയിലെവിടേയ്ക്കൊ
നൂണ്ടിറങ്ങി
പകലുമിരുള്‍ പുതച്ചുറങ്ങുന്ന
വിജനതയുടെ
പടികടന്നകടന്നു വിരളമായെത്തുന്ന
പദവിന്യാസം കാതോർത്ത്
വെറുതെ കിടക്കാന്‍
വെറുതെയൊന്നു കൊതിച്ചതിന്ന്
കുറ്റം പറയാന്‍ പറ്റില്ല

ഇതു പോലേതോ
ഒരു കൊതിയുടെ പേരിലാണല്ലോ
ഒരുകാലില്‍ നിന്നും മറ്റേ കാലിലേക്ക്
ജീവിതത്തെ തട്ടിയും
കയറ്റിവെച്ചും
നമ്മളും കാത്തിരിക്കുന്നത്…

Print Friendly, PDF & Email

About the author

പ്രസന്ന ആര്യൻ

നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട് കോഴിക്കോട് സ്വദേശി. ഹരിയാനയിൽ താമസം