പൂമുഖം LITERATUREലോകകഥ വതനബെ ഓൺ – എനിക്ക് അച്ഛനെ നഷ്ടപ്പെട്ട കഥ

വതനബെ ഓൺ – എനിക്ക് അച്ഛനെ നഷ്ടപ്പെട്ട കഥ

 

ന്നു കാലത്ത് കണ്ണു തുറന്നപ്പോൾ എന്റെ കട്ടിലിന്റെ തലയ്ക്കലുള്ള വാഷ് ബേസിനിൽ അച്ഛൻ താടി ഷേവു ചെയ്തുകൊണ്ടു നില്ക്കുന്നതാണ്‌ ഞാൻ കണ്ടത്; കുറേക്കാലം കൂടിയിട്ടാണ്‌ അച്ഛൻ താടി ഷേവു ചെയ്യുന്നതു ഞാൻ കാണുന്നത്. ജനാലയിലൂടെ ഒരിളംകാറ്റ് കയറിവന്നു; അച്ഛന്റെ മുഖത്ത് നീലയും പച്ചയുമായ നിഴലുകൾ വീഴ്ത്തിയ തെളിഞ്ഞ പുലർവെയിലിൽ ജനാലക്കർട്ടനിളകി. പുറത്ത് കുഞ്ഞിക്കിളികൾ ചിലയ്ക്കുന്നതു കേട്ടിരുന്നു.

“എത്ര നല്ല ദിവസമാണല്ലേ, അച്ഛാ,” ഞാൻ അച്ഛനോടു പറഞ്ഞു.

“നല്ല ദിവസം! കിടന്നതു മതി, എഴുന്നേല്ക്ക്. ഞാനിന്നു നിന്നെ തുറമുഖം കാണിക്കാൻ കൊണ്ടുപോവുകയാണ്‌,” ഒടുവിലത്തെ കുറ്റിരോമവും ശ്രദ്ധയോടെ വടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.

“സത്യമായിട്ടും!” സന്തോഷം സഹിക്കാതെ ഞാൻ പറഞ്ഞു. “അല്ലച്ഛാ, എന്തിനാണു ഷേവു ചെയ്യുന്നത്?”

“താടിയുണ്ടെങ്കിൽ ഞാൻ നിന്റെ അച്ഛനെപ്പോലിരിക്കും. ശരിയല്ലേ?” എന്നെ തിരിഞ്ഞുനോക്കി നാക്കു നീട്ടിക്കാണിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.

“അച്ഛൻ പറയുന്നതെനിക്കു മനസ്സിലാവുന്നില്ല.”

“അതായത്, ഷേവു ചെയ്താൽ ഞാൻ ഒരച്ഛനാണെന്ന് അത്ര തോന്നില്ല എന്ന്…ഞാനിന്ന് നിന്നെ തുറമുഖത്തു കൊണ്ടുപോയിട്ട് അവിടെ വിട്ടുപോരാൻ ആലോചിക്കുകയാണ്‌. വളരെ നല്ല ഒരാലോചനയല്ലേയത്, എന്താ?” ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.

“അച്ഛൻ നുണ പറയുന്നു!” കട്ടിലിൽ നിന്നെഴുന്നേറ്റുകൊണ്ട് ഞാൻ വിളിച്ചുപറഞ്ഞു.

അച്ഛൻ എന്നെ തിടുക്കത്തിൽ ഏതോ പുത്തൻ ഫ്ലാനൽ ഉടുപ്പിടീച്ചു. അച്ഛൻ പുതിയ, പറഞ്ഞുണ്ടാക്കിച്ച, നല്ല മണമുള്ള ഒരു സ്ട്രാ ഹാറ്റും (ഞാനത് മുമ്പു കണ്ടിട്ടില്ല) ഒരു ചുവന്ന ടൈയും ധരിച്ചു. എന്നിട്ടു ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. അരുണവർണ്ണത്തിൽ പുലരി പൊട്ടിവിടരുന്ന ആ ഗ്രീഷ്മാകാശത്തിനു ചുവട്ടിലെ വീടുകളിൽ മിക്കവരും അപ്പോഴും നല്ല ഉറക്കമായിരിക്കണം. റയിൽവേ സ്റ്റേഷനിലേക്കുള്ള ആളൊഴിഞ്ഞ മെയിൻ റോഡിലൂടെ നടക്കുമ്പോൾ അച്ഛൻ തന്റെ നീണ്ട ഊന്നുവടി മുന്നിൽ വീശിക്കൊണ്ടിരുന്നു.

“നമ്മളെ ആരും കാണാതിരുന്നാൽ മതിയായിരുന്നു,” അച്ഛൻ സ്വയം പറഞ്ഞു.

“അതെന്താ?” ഞാൻ ചോദിച്ചു. അച്ഛൻ ഉത്തരം പറയാതെ തന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു.

“ഇതൊരു വല്ലാത്ത കുട്ടി തന്നെ. പത്തു കൊല്ലം മാത്രം പ്രായവ്യത്യാസമുള്ള ഒരച്ഛനും മകനും! എനിക്കു മതിയായി!”

“അതെന്താ?” അച്ഛന്റെ മുഖത്തേക്കു പാളിനോക്കിക്കൊണ്ട് ഞാൻ പിന്നെയും ചോദിച്ചു. അച്ഛൻ ഒന്നും മിണ്ടാതെ, എന്റെ ശബ്ദം കേട്ടിട്ടു പോലുമില്ലെന്ന മട്ടിൽ, ചിരിച്ചതേയുള്ളു. എന്റെ മനസ്സ് വേവലാതിപ്പെടാൻ തുടങ്ങി. ഞാൻ അച്ഛനോടു ചേർന്നുനടക്കാൻ നോക്കി; എന്നാൽ അച്ഛൻ എന്നെ തള്ളിമാറ്റുകയാണുണ്ടായത്. പിന്നെ പതിവില്ലാത്ത സൗമ്യമായ  ഒരു ശബ്ദത്തിൽ പറഞ്ഞു:

“നോക്ക്. നീ ഒപ്പം നടന്നാൽ ആളുകൾ കരുതും നമ്മൾ ചേട്ടനും അനിയനുമാണെന്ന്. അതു ശരിയല്ലല്ലോ.” ഞാൻ നീരസത്തോടെ മുഖം കൂർപ്പിച്ചുകൊണ്ട് അച്ഛന്റെ പറ്റെ വടിച്ചു മിനുസമാക്കിയ മുഖത്തേക്കും ചുവന്ന ടൈയിലേക്കും തുറിച്ചുനോക്കി. ട്രെയിൻ വന്നപ്പോൾ ഞങ്ങൾ അതിൽ കയറി. ട്രെയിൻ ടൗൺ കടക്കുമ്പോൾ ഉല്ലാസത്തോടെ ചൂളം വിളിച്ചുകൊണ്ട് അച്ഛൻ പുറത്തേക്കു നോക്കിയിരുന്നു. അച്ഛന്‌ എന്നോടു സ്നേഹം കുറഞ്ഞുവരികയാണെന്ന് എനിക്കു തോന്നി.

“അപ്പോൾ നമ്മൾ കപ്പൽ കാണാൻ പോവുകയാണല്ലേ?” ഉത്കണ്ഠ നിറഞ്ഞ ഹൃദയത്തോടെ ഞാൻ ചോദിച്ചു.

“ഊം, ഒത്താൽ അതിൽ യാത്ര ചെയ്തെന്നും വരും…” അച്ഛൻ പോക്കറ്റിൽ നിന്ന് കടുംചുവപ്പു നിറത്തിലുള്ള ഒരു കൈലേസ് വലിച്ചെടുത്ത് കണ്ണട തുടച്ചിട്ട് അത് മൂക്കത്തു വച്ചു. ആ ചില്ലിനു പിന്നിലെ കണ്ണുകളിൽ ഒരു കുറ്റബോധവും കണ്ടില്ല. കൈലേസിൽ നിന്നു വമിച്ചിരുന്ന കോട്ടി കൊളോണിന്റെ മണത്തിൽ എനിക്കു ശ്വാസം മുട്ടി.

“തുറമുഖം കാണാൻ പോകുന്നതിൽ വലിയ കാര്യമൊന്നുമില്ല,” അച്ഛൻ പറഞ്ഞു.

“അച്ഛാ, എന്തിനാ ആ കണ്ണട വച്ചിരിക്കുന്നത്?” അച്ഛനു ചേരാത്തതെന്ന് എനിക്കു തോന്നിയ ആ രൂപം കണ്ടു മനസ്സു കുഴങ്ങിയ ഞാൻ ചോദിച്ചു. അച്ഛനപ്പോൾ കോപമായി.

“അച്ഛൻ? നിനക്കു ബുദ്ധിയില്ല കുട്ടീ. ഞാൻ നിന്റെ അച്ഛനാണെന്ന് എന്തു കണ്ടിട്ടാണു നിനക്കു തോന്നിയത്? ഇനിയെന്നെ അച്ഛനെന്നു വിളിച്ചാലുണ്ടല്ലോ…പറഞ്ഞേക്കാം!”

മുഖം കടുപ്പിച്ചു നില്ക്കുന്ന ഈ മനുഷ്യൻ യഥാർത്ഥത്തിൽ എന്റെ അച്ഛനല്ലെന്ന് അപ്പോഴാണ്‌ പെട്ടെന്നെനിക്കു തോന്നിയത്. അന്നു കാലത്ത് കണ്ണു തുറന്നപ്പോൾ ഈ മനുഷ്യനെ ഞാൻ അച്ഛനായി തെറ്റിദ്ധരിച്ചതാവാമെന്ന് ഞാൻ ഓർത്തുകൊണ്ടിരുന്നു. ഞാനും അയാളും- ഞാൻ അച്ഛനെന്നു വിളിക്കുന്ന ആ നിഗൂഢനായ മനുഷ്യനും ഞാനും തമ്മിൽ എന്തു ബന്ധമാണുള്ളത്? അയാൾക്കെന്നേക്കാൾ പത്തു വയസ്സേ പ്രായക്കൂടുതൽ കാണൂ; അപ്പോൾ ഞങ്ങൾ തമ്മിൽ ഉണ്ടെന്നു പറയുന്ന ബന്ധത്തിൽ ആർക്കും ഒരു ശരികേടു തോന്നാം. എന്റെ മനസ്സു കലങ്ങാൻ തുടങ്ങി. എനിക്കു ശരിക്കും അറിയാവുന്ന ഒരാൾ ഞാൻ മാത്രമാണ്‌. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി.

“എന്നെ ഇങ്ങനെ നോക്കരുത്. കരയാനാണ്‌ ഭാവമെങ്കിൽ നിന്നെ ഞാൻ ട്രെയിനിൽ ഇരുത്തിയിട്ടു പോകും!” ഒരു മയവുമില്ലാതെ അച്ഛൻ പറഞ്ഞു; എന്നിട്ടു പെട്ടെന്ന് അടുപ്പം കാണിക്കാനും തുടങ്ങി.

“ഒരു തമാശ പറഞ്ഞതല്ലേ. ഞാൻ അങ്ങനെയെന്തെങ്കിലും ചെയ്യുമെന്ന് നിനക്കു തോന്നുന്നുണ്ടോ, ഉണ്ടോ? സത്യം പറയാമല്ലോ, എന്നെ യാത്ര അയക്കാൻ നീ വന്നത് എനിക്കു വലിയ സന്തോഷമായി,” പൊട്ടിച്ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു. ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു; തെളിഞ്ഞ ഗ്രാമീണപ്രകൃതി കണ്ണീർത്തുള്ളികളിൽ അവ്യക്തമാവുകയായിരുന്നു.

ഞങ്ങൾ ഹാർബർ സ്റ്റേഷനിൽ എത്തി. അച്ഛൻ ഒരു പോർട്ടറെ വിളിച്ചപ്പോൾ അയാൾ ചുവന്ന രണ്ട് തുകൽ സ്യൂട്ട്കേസുകൾ നിരക്കിക്കൊണ്ടു വന്നു. ഒരു കാറിൽ എന്നെയും ഒരു സ്യൂട്ട്കേസും കയറ്റി വാർഫിലേക്കു വിട്ടു; അച്ഛൻ ആ രണ്ടു പെട്ടികൾ എപ്പോൾ ഇവിടെ എത്തിച്ചു എന്നതാണ്‌ ഞാൻ ഓർത്തുകൊണ്ടിരുന്നത്. സ്യൂട്ട്കേസിൽ പേരെഴുതിയിരുന്നില്ല. ഇടയ്ക്കിടെ അച്ഛൻ ഹാറ്റിന്റെ അരികിൽ പിടിച്ചുകൊണ്ട് കാറിനു പുറത്തേക്കു നോക്കും; ചുവന്ന ടൈ കാറ്റിൽ പറക്കുമ്പോൾ ആ കണ്ണടയ്ക്കു പിന്നിൽ കണ്ണുകൾ ചിരിക്കുന്നതു ഞാൻ കണ്ടു. ഭയാനകമായ, സൂത്രശാലിയായ, നിർവികാരമായ ആ മുഖം! നെഞ്ചു വിങ്ങിയപ്പോൾ ഞാൻ പുറത്തേക്കു നോക്കിയിരുന്നു.

എസ്. എസ്. സക്കുസോണിയ ഏഴു മണിയ്ക്കു പുറപ്പെടുമെന്ന് തുറമുഖത്തേക്കുള്ള ഗെയ്റ്റിലെ ബോർഡിൽ എഴുതിവച്ചിരുന്നു. രണ്ടു പെട്ടികളും വലിച്ചിഴച്ചുകൊണ്ട് അച്ഛൻ എസ്.എസ്. സക്കുസോണിയയുടെ നേർക്കു നടന്നു. ഞാൻ ജട്ടിയിൽ നിന്നുകൊണ്ട് കപ്പലിന്റെ തുരുമ്പെടുത്ത കറുത്ത ഇരുമ്പുപള്ളയിലേക്കു നോക്കി. അധികം വൈകാതെ ഉള്ളിൽ നിന്ന് ഒരു ചേങ്ങലയുടെ മുഴങ്ങുന്ന ശബ്ദം കേട്ടു, കൂറ്റൻ ചിമ്മിനിയിൽ നിന്ന് ഒരു ചൂളം വിളിയും.

“വളരെ നന്ദി! നിന്റെ ദേഹം നോക്കണേ!” ഡക്കിൽ നിന്നുകൊണ്ട് ഒരു പുഞ്ചിരിയോടെ അച്ഛൻ വിളിച്ചുപറഞ്ഞു.

“അച്ഛനും!” ഡക്കിലേക്കു നോക്കിക്കൊണ്ട് ഞാൻ ഉറക്കെപ്പറഞ്ഞു.

കപ്പൽ ഡോക്കിൽ നിന്നകന്നു. അച്ഛൻ ആ പുതിയ ഹാറ്റ് ഉയർത്തി വീശി യാത്ര പറഞ്ഞു. ഞാനും എന്റെ തുണി കൊണ്ടുള്ള തൊപ്പി കഴിയുന്നത്ര ഉയരത്തിൽ ഉയർത്തി വീശി.

ജട്ടിയിലെ വലിയ കല്ലുകളുടെ പുറത്തു കയറി ഞാനിരുന്നു; കടൽക്കാറ്റേറ്റിരുന്ന് ഉച്ച വരെ നേരം പോയി. അവസാനം നീല ബട്ടണുള്ള നീല യൂണിഫോം ധരിച്ച ഒരു കസ്റ്റംസ് ഓഫീസർ വന്ന് എന്റെ തോളത്തു കൈ വച്ചു.

“എന്തു പറ്റി? നീ വെള്ളത്തിൽ ചാടാൻ ആലോചിക്കുകയാണെന്നൊന്നും പറയരുത്.” അയാൾ ചോദിച്ചു. പെട്ടെന്നാണ്‌ എനിക്കു സങ്കടം വന്നത്. ഞാൻ തേങ്ങിക്കരഞ്ഞു.

“അയ്യയ്യേ, ഇതു പറ്റില്ല; ഇതുകൊണ്ടു കാര്യമില്ല. എന്താണുണ്ടായതെന്നു പറയൂ.”

“അച്ഛൻ…എന്നെ…ഉപേക്ഷിച്ചുപോയി!” ഒടുവിൽ ഞാൻ പറഞ്ഞു. പിന്നെ അച്ഛൻ എന്നെ കബളിപ്പിച്ചു കടന്നുകളഞ്ഞതെങ്ങനെയാണെന്ന് ഞാൻ അയാളെ പറഞ്ഞുകേൾപ്പിച്ചു.

“നിന്റെ അച്ഛൻ കാണാൻ എങ്ങനെയായിരുന്നു?” കസ്റ്റംസ് ഓഫീസർ ചോദിച്ചു.

“ഞാനൊന്നാലോചിച്ചു നോക്കട്ടെ. അതെയതെ, ഏതാണ്ടു നിങ്ങളെപ്പോലെ തന്നെയുണ്ടായിരുന്നു. താടിയില്ല, പറ്റെ വടിച്ച മുഖം. സത്യമായിട്ടും നിങ്ങളെപ്പോലെതന്നെ!” ഞാൻ ഉറക്കെപ്പറഞ്ഞു. കസ്റ്റംസ് ഓഫീസർ അമ്പരന്നപോലെ ഷേവു ചെയ്തു മിനുസമാക്കിയ തന്റെ മുഖം രണ്ടു കൈയും കൊണ്ടുഴിഞ്ഞു. എന്റെ അച്ഛൻ. താടിയില്ല. സ്ട്രാ ഹാറ്റ്. കണ്ണട (ചിലനേരത്തു വയ്ക്കാറുണ്ട്). ചുവന്ന ടൈ. ശരിക്കും ഒരു മാന്യൻ. ദയാലുവായ ആ കസ്റ്റംസ് ഓഫീസർ അങ്ങനെയൊരു വ്യക്തിചിത്രം തയാറാക്കി എസ് എസ് സക്കുസോണിയയുടെ അടുത്ത ലക്ഷ്യസ്ഥാനമായ തുറമുഖത്തേക്കു സന്ദേശമയച്ചു. ചുവന്ന ടൈ പോലെയുള്ള വിശദാംശങ്ങൾ നല്ല സൂചനകൾ തന്നെയാണെങ്കിലും ഒരാൾക്കൂട്ടത്തിൽ നിന്ന് എന്റെ അച്ഛനെ പിടിച്ചുമാറ്റാൻ മതിയായതൊന്നും ആ വർണ്ണനയിൽ ഉണ്ടായിരുന്നില്ല എന്നതാണ്‌ വസ്തുത.

അങ്ങനെയാണ്‌, അന്നു കാലത്ത് ഞാൻ എന്റെ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ടവനായത്. ഇനിയുള്ള കാലം  ഞാനെന്നും ഒറ്റയ്ക്കായിരിക്കും, തീത്തും അസഹ്യമായ ഒരു ജീവിതമണെനിക്കു ബാക്കിയാവുക. അങ്ങനെയാണെങ്കിൽക്കൂടി, അച്ഛനെ തിരിച്ചറിയാൻ അത്ര പ്രയാസമാണെങ്കിൽക്കൂടി, ഞാനെന്നും അച്ഛന്റെ മുഖം മനസ്സിൽ കൊണ്ടുനടക്കണം, താടിയുള്ളതും ഇല്ലാത്തതും.

(ജാപ്പനീസ്)

വതനബെ ഓൺ (1902-1930)

Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like