പൂമുഖം CINEMA അങ്കമാലിയിൽ മറഞ്ഞിരിക്കുന്നത്

'അങ്കമാലി ഡയറീസി'ലെ അസാന്നിധ്യങ്ങൾ പറയുന്ന രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നു. : അങ്കമാലിയിൽ മറഞ്ഞിരിക്കുന്നത്

തിരാണിപ്പാടത്തിന്‍റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന് പുതിയ നിരത്ത് എന്നു പറയും. അതു പടിഞ്ഞാറ് കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്‍റെ പടിഞ്ഞാറെ അതിർത്തി ഒരു തോടാണ്. പുതിയ നിരത്ത് ഈ തോടിനെ മുറിച്ചു കടക്കുന്ന പാലത്തിന് സെയ്താലിപ്പാലം എന്നാണ് പേര്. സെയ്താലിപ്പാലം തൊട്ട് പടിഞ്ഞാറു കടപ്പുറം വരെ മാപ്പിള(മുസ്ലീങ്ങൾ)മാരുടെ സാമ്രാജ്യമാണ്. കൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ട ഗൂഢാത്മകതയുടെ കോട്ടകൾ പോലെ തോന്നുന്ന പഴയ മാളിക വീടുകളും ചീനവലകളാൽ മറയ്ക്കപ്പെട്ട ഇടത്തരക്കാരുടെ പുരയിടങ്ങളും ചെറ്റക്കുടിൽ സമൂഹങ്ങളും പൊക്കമുള്ള പള്ളികളും, പടവുകൾ കെട്ടിയ വലിയ കുളങ്ങളും, പീടികകളും, മീൻ മാർക്കറ്റുകളും ഇവിടെ ഇടകലർന്നു കിടക്കുന്നു. ജനങ്ങൾ ഇടതിങ്ങിപാർക്കുന്ന വ്യവസ്ഥയും വൃത്തിയുമില്ലാത്ത വിഭാഗങ്ങളാണ് ഇവിടത്തെ ചേങ്ങരയും പൂഴിക്കരയും. അതിരാണിപ്പാടത്തെയും കിഴക്കൻ പരിസരങ്ങളിലെയും ജനങ്ങൾ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. ഇക്കൂട്ടരുടെ ആജ്ഞാശക്തിയും സ്വാധീനവും സെയ്താലിപ്പാലത്തിൽ അവസാനിക്കുന്നു. പാലത്തിനപ്പുറം ഇവരെ സംബന്ധിച്ചിടത്തോളം പരദേശമാണ്” (എസ്.കെ.പൊറ്റെക്കാട്ട്, ഒരു ദേശത്തിന്റെ കഥ).

ഞാനൊരു സിനിമാ നിരൂപകനല്ല. അങ്കമാലിയും പരിസരങ്ങളും മനസ്സിൽ നിറയുന്ന ഒരാളാണ്. അതുകൊണ്ട് ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയെക്കുറിച്ച് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ തോന്നിയ ചില കാര്യങ്ങളുടെ സൂചനകൾ മാത്രം കുറിക്കുകയാണ്. ആദ്യംതന്നെ, ഈ സിനിമയെക്കുറിച്ച് ഇതിനോടകം വന്ന മുഴുവൻ നല്ല അഭിപ്രായങ്ങളെയും മാനിക്കുന്നു. അഭിനയിച്ചവരിൽ സുഹൃത്തുക്കളുണ്ട്, സുഹൃത്തുക്കളുടെ സുഹൃത്തുക്കളുണ്ട്, പ്രിയ സുഹൃത്തിന്‍റെ മകളുണ്ട്. എല്ലാരുടെയും അഭിനയം ഗംഭീരമായി. തീർച്ചയായും വരും നാളുകളിൽ അവരിൽ പലരെയും സിനിമകളിൽ കാണാൻ കഴിയുമെന്നതിൽ സംശയമില്ല. സാങ്കേതികമായി പല പുതുമകളുമുണ്ടെന്ന് സിനിമാ റിവ്യൂകളിൽ നിന്നും മനസ്സിലാക്കുന്നു. ഇത്രയും പുതുമുഖങ്ങളെ ഒരുമിച്ചഭിനയിപ്പിച്ചു വിജയിച്ച സംവിധായകൻ, സിനിമയെ സംബന്ധിച്ചിടത്തോളം താരമൂല്യമല്ല, സംവിധാനശേഷിയും അഭിനയശേഷിയുമാണ് പ്രധാനം എന്നു തിരിച്ചറിഞ്ഞ കലാകാരനാണ്. അദ്ദേഹത്തിന് ഒരുപാട് അഭിനന്ദനം, ആദരവ്.

സിനിമയുടെ കഥ, സംവിധാനം, ഇതര സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചൊന്നുമല്ല ഈ കുറിപ്പ്. അതിലിടപെട്ടവരുടെ കലാ വിജയങ്ങളെക്കുറിച്ചും അല്ല. ഇവിടത്തെ സൂചനകൾ കഥാകൃത്തിന്‍റെയോ സംവിധായകന്‍റെയോ ബോധപൂർവ്വമായ ഇടപെടൽ എന്ന നിലയിലുള്ളതല്ല. ഒരു ദേശത്തിന്‍റെ സവിശേഷ യാഥാർത്ഥ്യത്തെയാണ് സിനിമ മുന്നോട്ടുവയ്ക്കുന്നതെന്നോ അങ്ങനെ മുന്നോട്ടു വയ്ക്കേണ്ടതുണ്ടെന്നോ ഉള്ള വാദമല്ല. ഇതിൽ കാണിക്കാത്ത പലതും അങ്കമാലിയിലുണ്ടെന്നും ഉണ്ടായിരുന്നുവെന്നും പറയാനുള്ള ശ്രമമല്ല. കല യാഥാർത്ഥ്യത്തിന്‍റെ നേർ പ്രതിഫലനമോ നേർ പ്രതിനിധാനമോ ആവണമെന്ന വാദമില്ല. എന്നാൽ കലയും സമൂഹവും തമ്മിലുള്ള രണ്ടല്ലാത്ത ബന്ധത്തെ പ്രധാനമായി കാണുന്നു. യാഥാർത്ഥ്യമെന്നാൽ, അത് വസ്തു യാഥാർത്ഥ്യമോ ഭാവനാ യാഥാർത്ഥ്യമോ ആവട്ടെ, ഒറ്റയായ ഒരു വലിയ ശരി എന്നു കണക്കാക്കുന്നില്ല . 2000 -ൽ എസ്.എസ്.എൽ.സി. എഴുതിയ വിൻസന്‍റ് പെപ്പെയുടെ കാലമാണ് കഥയുടെ കാലം എന്ന്‍ തിരിച്ചറിയുന്നു. എന്തുകൊണ്ട് വിമോചന സമരമില്ല എന്ന മട്ടിലുള്ള ചോദ്യങ്ങൾ ചോദിച്ച് സിനിമയിലില്ലാത്ത സന്ദർഭങ്ങളെ ചരിത്ര ശൂന്യമായി സിനിമയുടെ മേൽ ഒട്ടിച്ചു വയ്ക്കലല്ല ലക്ഷ്യമെന്നർത്ഥം. സിനിമ എന്ന വ്യവഹാരത്തെക്കുറിച്ചും അതിന്‍റെ രാഷ്ട്രീയബോധത്തെ ക്കുറിച്ചുമുള്ള ചില സൂചനകളാണ് ഈ കുറിപ്പിലുള്ളത്.

ചുരുക്കിപ്പറഞ്ഞാൽ സിനിമ അതിന്‍റെ ഭൂമിശാസ്ത്ര, ഭാവനാ സ്ഥലമായ അങ്കമാലി എന്ന (പ്ര)ദേശത്തെ എങ്ങനെ എഴുതുന്നു എന്നതാണ് ഇവിടത്തെ വിഷയം. മൂന്നു മതങ്ങളിൽ (ആ ‘മത’ങ്ങളുടെ പ്രതിനിധാന പദവി നേരിട്ടുണ്ടെന്നല്ല ) നിന്ന് ഓരോരുത്തർ കൊല്ലപ്പെടുകയും, കാർണിവലിനൊടുവിൽ (സിനിമയിൽ പെരുന്നാളാഘോഷം) തിന്മയുടെ പരാജയ സ്ഥാനമായി ഒരാൾ തീയിൽ കത്തിയമരുകയും അതിലൂടെ ചാക്രികമെങ്കിലും പുതുക്കപ്പെടുന്ന ഒരു ലോകത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്ന പരിണാമഗുപ്തിയിലൂടെ സമത്വസുന്ദര സ്ഥലമായി സിനിമയെ കണ്ടെടുക്കാൻ ഒറ്റ കാഴ്ചയിൽ / വായനയിൽ കഴിഞ്ഞേക്കും. ഇതാണ് സിനിമയെന്ന നിലയിൽ അതിന്‍റെ വിജയത്തെ നിർണയിക്കുന്നതും. എന്നാൽ ഇത്തരം പുറം സൂചനകളിലോ ആഘോഷ ബഹളത്തിലോ മാത്രം കാഴ്ച തറഞ്ഞു പോകാതിരിക്കുമ്പോഴാണ് ചില സവിശേഷാർത്ഥങ്ങൾ തെളിഞ്ഞു വരുന്നത്. പുതിയ കാലത്തെ ദേശ, ദേശീയതാ നിർമിതികളുമായി ബന്ധപ്പെട്ട്, അതിനായി ഒരു സവിശേഷ സ്ഥലത്തെ ഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട് തുറന്നു വരുന്ന തെളിച്ചങ്ങളാണവ.

സിനിമയിലെ കൊലപാതകങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. ഇതിൽ രണ്ടാമത്തെ കൊലപാതകം വിൻസൻറ് പെപ്പെ എന്നനായക കഥാപാത്രം നേരിട്ടു നടത്തുന്നതാണ്. വെടിമറ അനീസ് എന്ന അങ്കമാലിക്കാരനല്ലാത്ത പുറം ഗുണ്ടയാണ് കൊല ചെയ്യപ്പെടുന്നത്. ഷാപ്പിലുണ്ടായ ഒരു പ്രശ്നത്തിന്‍റെ തുടർച്ചയിൽ, പോർക്കു ബിസിനസുമായി ബന്ധപ്പെട്ട തർക്കപരിഹാര ത്തിനിടയിലാണ് കൊലപാതകം നടക്കുന്നത്. സിനിമയിലെ നായകത്വത്തെ നിർമ്മിക്കുന്നത് ഈ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവപരമ്പരകളാണ്‌, ഇതിന്‍റെ ഒത്തുതീർപ്പുകളും ആഘോഷങ്ങളുമാണ്. വരത്തനായ, അന്യനായ, മുസ്ലീമായ ഒരാളുടെ കൊലപാതകം യഥാർത്ഥത്തിൽ അങ്കമാലിക്ക് പ്രശ്നങ്ങളൊന്നുമുണ്ടാക്കുന്നില്ല. അപ്പാനി രവിയുടെ അളിയൻ ആ ടീമിലുണ്ട്. അവന്‍റെ നിലപാട് രവിക്കു പോലും പിടിക്കുന്നില്ല. പുറത്തു നിന്ന് ആരും ഇവിടെ കേറി കളിക്കണ്ട എന്നതാണ് സിനിമയുടെ പ്രയോഗശാസ്ത്രം. ഈ പുറം ഏതാണ് എന്ന അന്വേഷണമാണ് സിനിമ നിർമ്മിക്കുന്ന ആലോചനകളിൽ പ്രധാനമാകുന്നത്. സിനിമയെ മുൻനിർത്തിപ്പറഞ്ഞാൽ, സിനിമയിലെ അങ്കമാലിയുടെ പുറമാണ് അത്. അത് ആലുവയാവാം പറവൂരാവാം(വെടിമറ)…. ആ പുറങ്ങളിലുള്ളതും അങ്കമാലിയിൽ പണ്ടില്ലാത്തതും സിനിമയിൽ പ്രധാനമല്ലാത്തതുമായ എന്തോ ഒന്നുണ്ട്. അവിടെയാണ് തോട്ടയെറിഞ്ഞു കൊല്ലപ്പെട്ട മുസ്ലീം കർത്തൃത്വത്തിന് പുതിയ അർത്ഥങ്ങളുണ്ടാവുന്നത്. ഒറ്റയടിക്കുള്ള അതിവാദമായല്ല ഇതുന്നയിക്കുന്നത്. സിനിമ നൽകുന്ന സൂചനകൾ പരിശോധിച്ചു കൊണ്ട് ഇക്കാര്യം വ്യക്തമാക്കാം. അങ്കമാലിയുടെ വർത്തമാനത്തിന്, അങ്കമാലി നിർമ്മിച്ചിച്ചെടുത്ത ദേശത്തെ സംബന്ധിച്ച ഭൂതഭാവനയുമായി ബന്ധമുണ്ട്. സിനിമയുടെ സമകാലത്തെ സംബന്ധിച്ചിടത്തോളം ഇത് അങ്കമാലിയിലെ പോർക്കിൽ തുടങ്ങി ദുബായിവരെ വ്യാപിച്ചിരിക്കുന്ന പ്രവർത്തനമാണ്.

ഭൂമിശാസ്ത്രപരമായി സിനിമയിലെ അങ്കമാലിയിൽ ആരൊക്കെയുണ്ട്? അങ്കമാലി, മൂക്കന്നൂർ, മഞ്ഞപ്ര, അയ്യമ്പുഴ- കാലടി പ്ലാന്‍റേഷന്‍…. തുടങ്ങിയ ഇടങ്ങളിലെല്ലാം പോർക്ക് വ്യാപാരത്തിന്‍റെ ഹോൾസെയിൽ രവിക്കും രാജനുമാണ്. ബാബുജി എന്ന പള്ളിയങ്ങാടി നായകനെ കൊന്നു നേടിയ അധികാരത്തിന്‍റെ ബലമാണ് ഇവരുടെ യഥാർത്ഥ മൂലധനം. അവർ നാട്ടുകാരുമാണ്. കാഞ്ഞൂരോ ശ്രീമൂലനഗരമോ കാലടി പോലുമോ ഈ ഭൂമി ശാസ്ത്രത്തിലില്ല. മറ്റൂർ കോളേജാണ് ഈ ഭൂപടത്തിന്‍റെ അതിർത്തി. ആലുവയും കളമശേരിയുമൊക്കെ കവച്ചു വച്ച് പോർക്ക് കച്ചവടം നേരെ എറണാകുളത്തെത്തുന്നു. സിനിമയിൽ പോർക്കു കച്ചവടം പൊടിപൊടിക്കുന്ന അങ്കമാലിക്കു ചുറ്റുമുള്ള പഞ്ചായത്തുകളിൽ പലതിലും ഇന്നും ഒരു മുസ്ലീം വീടുപോലുമില്ലാ എന്നതും ഇതിനോടു ചേർത്തുവായിക്കണം, സ്വാഭാവികമായി മുസ്ലീം പള്ളിയും. ഈ അസാന്നിധ്യത്തിന് പോർക്കു വിപണിയുമായി നേരിട്ട് ബന്ധമുണ്ടാകണമെന്നൊന്നുമില്ല. അത്തരം നേർക്കുനേർ തർക്ക യുക്തി ഉന്നയിക്കാനുമല്ല ഇവിടെ ശ്രമിക്കുന്നത്. നാടിന്‍റെയും  സിനിമയുടെയും ബോധതലത്തിൽ ഇത് നേരിട്ടു പ്രവർത്തിക്കുന്നുമില്ല. നിർദ്ദോഷമെന്നു തോന്നാവുന്ന തമാശകൾ മാത്രമായേ നാട്ടിൽ ഈ ബന്ധം പ്രവർത്തിക്കുന്നുള്ളൂ. അങ്കമാലി ചന്തയിൽ മാത്രമല്ല ടൗണിലാകെത്തന്നെ പോർക്കിനെത്തടഞ്ഞിട്ട് നടക്കാൻ കഴിയാത്ത അവസ്ഥ എന്‍റെ ചെറുപ്പത്തിൽ നേരിട്ടു കണ്ടിട്ടുള്ളതാണ്. അവനൊരു ‘ചേമ്പെളക്കി’യാണെന്ന് നാട്ടുകടകളിലെ സംസാരങ്ങളിൽ കേട്ടിട്ടുണ്ട്. അങ്കമാലിയിലെ പെണ്ണുങ്ങളെ സ്നേഹ ശാസനയിൽ അങ്കമാലി പോർക്കുകൾ എന്ന വിളിയും സാധാരണമാണ്. സിനിമയിൽ പറയുന്നതുപോലെ ഈസ്റ്റർ, ക്രിസ്തുമസ്, വിഷു എന്നീ വിശേഷങ്ങൾക്കാണ് പോർക്കു കച്ചവടം പൊടിപൊടിക്കുന്നത്. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പൊതുവായി പങ്കിടാൻ കഴിയുന്ന, വീട്ടിൽ കയറ്റാൻ കഴിയുന്ന പൊതു വിഭവമാണല്ലോ പോർക്ക്. അതു തന്നെയായിരിക്കണം ഈ കച്ചവടത്തിന്‍റെ ഗുട്ടൻസ്. വസ്തുതാപരമായിത്തന്നെ, ഈ വിശേഷാവസരങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പോർക്ക് കച്ചവടം ചെയ്യപ്പെടുന്നത് അങ്കമാലിയിലാണ്. കല്യാണസദ്യകൾക്കും മറ്റും പശു ഒഴിവാക്കി പോർക്കും കോഴിയും മാത്രമാകുന്നുണ്ട്. എന്തുകൊണ്ട് ഇത്രയും പന്നി / പോർക്ക്? അതിന്‍റെ ചരിത്രപരമായ, ഭൗതികമായ, ആത്മീയമായ, സാമ്പത്തികവും കച്ചവടപരവുമായ കാരണങ്ങളെന്ത്? അതിന് ഈ മുസ്ലീം അഭാവവുമായി എന്തെങ്കിലും ബന്ധമുണ്ടോ? അപ്പോഴും പശുവിറച്ചിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. പശുവിറച്ചിയില്ലാതെ (ഇപ്പോൾ പോത്താണ് വ്യാപകം) ഒരു ഞായറാഴ്ച കഴിഞ്ഞു പോകാൻ സാധിക്കാത്ത ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമാണ് അങ്കമാലിയും ചുറ്റുപാടും. ഒട്ടും മോശമല്ലാത്ത പശു / പോത്ത് വിപണിയാണ് അങ്കമാലിയിലേത്. സിനിമ നിർമ്മിക്കുന്ന ദേശത്ത് പശു ഇല്ല എന്നു തന്നെ കാണാം. എന്നാൽ സർവ്വം പോർക്ക് മയമാണ്. അത്ര കട്ട ലോക്കലൊന്നുമല്ല ഈ തിരഞ്ഞെടുപ്പ് എന്നു കാണാനാകും. ഈ സവിശേഷ ദേശ നിർമ്മിതിയുടെ രാഷ്ട്രീയം വ്യക്തമാക്കപ്പെടുന്നത് നേരത്തേ സൂചിപ്പിച്ച ഭൂമിശാസ്ത്രഭൂപടവും ഭാവനാഭൂപടവും തമ്മിലുള്ള വിനിമയങ്ങളിലൂടെയാണ്. വസ്തു യാഥാർത്ഥ്യം കലയിലെ യാഥാർത്ഥ്യത്തെ നേരിട്ടു നിർമ്മിക്കുന്നു എന്ന നിലയിലുള്ളതല്ല ഈ പ്രക്രിയ.

ശങ്കരാകോളേജിലാവട്ടെ നായകനും കൂട്ടരും ഓടിച്ചെന്നു വീഴുന്നത് എ.ബി.വി.പിയുടെ മുന്നിലാണ്. സിനിമയിലെ സൂചനകൾ വച്ച് തുടർന്ന് നിരന്തരം അടികൊള്ളുന്നത് ഇവരിൽ നിന്നാകാതിരിക്കാൻ വഴിയില്ല (എ.ബി.വി.പി. ശങ്കരയിൽ എസ്.എഫ്.ഐയെ അല്ലാതെ ആരെയെങ്കിലും തല്ലിയിട്ടുണ്ടാകുമോ എന്ന ചോദ്യമൊന്നും ഇവിടെ ചോദിക്കുന്നില്ല). ‘ഹിന്ദുത്വ’ നേതാക്കളുമായി സിനിമയിൽ ഒത്തുതീർപ്പു ചർച്ച നടത്തുന്നുണ്ട്. ഇതിനെ സവിശേഷമായ പ്രതിനിധാനമായി കണക്കാക്കേണ്ടതുണ്ട്. സീമയുമായുള്ള പ്രണയത്തിൽ സീമ വേറെ കല്യാണം കഴിച്ചു പോയി എന്നാണ് സിനിമ പറയുന്നത്. അല്ലെങ്കിലും സീമയെ കല്യാണം കഴിക്കാൻ സിനിമയുടെ ഘടന പെപ്പെയെ അനുവദിക്കുകയില്ല! അതിന്‍റെ തുടർച്ചയിലുള്ള ആഖ്യാനത്തിലൂടെയാണ് സിനിമ രവിയെയും രാജനേയും നിർമ്മിച്ചെടുക്കുന്നത്. കൊലപാതകത്തിലൂടെയാണ് പള്ളിയങ്ങാടിപ്പിള്ളേർക്കുമേൽ, അങ്കമാലിക്കു മേൽ മേൽക്കൈ നേടുന്നത്. ഇതേ മട്ടിൽ മേൽക്കൈ നേടാൻ വരത്തരെ അനുവദിക്കാതെ നായകൻ നേരിട്ടാണ് ആ സാന്നിധ്യത്തെത്തന്നെ സവിശേഷമായി കൊലപ്പെടുത്തുന്നത്. തുടർന്ന് നടന്ന ഒത്തുതീർപ്പുകളിലും കൊല്ലപ്പെട്ടയാളുകളുടെ കുടുംബവും സുഹൃത്തുക്കളും വഞ്ചിക്കപ്പെടുന്നു (അയാളുടെ ഗുണ്ടാ സുഹൃത്തുക്കൾ ഒരു മതത്തെ പ്രതിനിധീകരിക്കുന്നു എന്നൊന്നുമല്ല ഇപ്പറഞ്ഞത്). എന്നാൽ അതിന്‍റെ തുടർച്ചയിൽ അനീസിനു വേണ്ടി വാദിക്കുന്ന രവിയുടെ അളിയനെ (ഇതേ കാരണത്താൽത്തന്നെയാണ് അയാൾ രവിയെ കൊലപ്പെടുത്തുന്നത് എന്നതുമോർക്കണം) തീയെടുക്കുകയാണ്. അങ്കമാലിയുടെ അപരങ്ങളെ / പ്രതിശബ്ദങ്ങളെ അങ്കമാലിയുടെ കാർണിവൽ ഇല്ലായ്മ ചെയ്യുകയാണ്.

സിനിമയിലെ മുഴുവൻ പ്രതിസന്ധികളെയും ടെൺ എം.എൽ.തോമസ് എന്ന റേഷൻ കടക്കാരനായ ഒരിടത്തരം ഒത്തുതീർപ്പുകാരൻ മുഖേന പറഞ്ഞു തീർക്കുകയാണ്. പോലീസും വക്കീലുമൊക്കെ ഇക്കാര്യത്തിൽ തോമസേട്ടനെ സഹായിക്കുന്നു. ഹിന്ദുത്വക്കാർ വന്നപ്പോഴും തോമസേട്ടൻ, ഷാപ്പ് തർക്കത്തിലും തോമസേട്ടൻ, പോർക്ക് തർക്കത്തിലും തോമ സേട്ടൻ, കൊലപാതകത്തിൽ നിന്നു രക്ഷപ്പെടുത്തുന്ന ഒത്തുതീർപ്പിലും തോമസേട്ടൻ – പെപ്പെയ്‌ക്ക്, എപ്പോഴും കൂടെയുള്ള തോമസേട്ടൻ മതി ഏതു കേസിൽ നിന്നും ഊരിപ്പോരാൻ. മുഖ്യ രാഷ്ട്രീയ കക്ഷികൾ ഇടപെടാത്ത ഒത്തുതീർപ്പു നടക്കുന്ന ഒരു പ്രദേശം കേരളത്തിൽ സങ്കല്പിച്ചു നോക്കൂ! സി.പി.എം. ഇടപെടാത്ത ഏതെങ്കിലും ഒത്തുതീർപ്പ് ഇന്ന് കേരളത്തിലുണ്ടാവുമോ എന്നു ചോദിക്കാനൊന്നുമല്ല ഇതിലൂടെ ശ്രമിക്കുന്നത്. എന്നാൽ, രാഷ്ട്രീയ കക്ഷികളുടെ ഈ അസാന്നിധ്യം സിനിമയുടെ സവിശേഷ രാഷ്ട്രീയമാണെന്നതിൽ തർക്കമില്ല. ഇത് സിനിമ നിർമ്മിച്ചെടുക്കുന്ന അങ്കമാലി എന്ന സ്ഥലമാണ്, യഥാർത്ഥത്തിലുള്ള അങ്കമാലിയല്ല. യാഥാർത്ഥ്യത്തെ വരയ്ക്കുന്ന സിനിമ, കട്ട ലോക്കൽ സിനിമ എന്നീ വാചകങ്ങളൊക്കെ റദ്ദായിപ്പോകുന്നതിവിടെയാണ്. സിനിമയിൽ അതിന്‍റെ അപരത്വത്തെ നിർമ്മിച്ചെടുക്കുന്നതിൽ അബോധപരമായ പങ്കുവഹിക്കുകയാണ് ഈ ഒഴിവാക്കലുകൾ. അങ്കമാലിയിലെയും പരിസര പ്രദേശങ്ങളിലെയും ‘സ്വാഭാവിക’മായ അഭാവത്തിന്‍റെ നീട്ടി വയ്ക്കലല്ല സിനിമയിലെ അഭാവവും ഒഴിവാക്കലും എന്നു വ്യക്തം. പെൺകാഴ്ചയിലും ഇതേ യുക്തി പ്രവർത്തിക്കുന്നു. സീമ ഉപേക്ഷിച്ചതിനെക്കുറിച്ചു പറയുമ്പോൾ കപ്പയും മുട്ടയും എന്നതിൽ നിന്ന് കപ്പയും പോർക്കും എന്നതിലേക്കുള്ള പരിണാമം ശ്രദ്ധിക്കണം. പോർക്കെർച്ചി വാങ്ങാൻ ചെല്ലുമ്പോൾ നല്ല തുടക്കഷണം വേണമെന്നു പറയുമ്പോൾ അതിനെ പെണ്ണു കെട്ടുന്നതുമായി ബന്ധിപ്പിക്കുന്നു. നീ ഒരു പെണ്ണിനെ കെട്ടുമ്പോ ആവശ്യോള്ള ഭാഗങ്ങൾ മാത്രല്ലല്ലോ മേിടക്കണത് എന്ന് സിനിമയിൽ സവിശേഷമായി പറയുന്നുണ്ട്. എന്നാൽ അങ്കമാലി പോർക്കുകളല്ലാത്ത രണ്ടു പെണ്ണുങ്ങൾ സിനിമയിലുണ്ട്. പെപ്പെ കല്യാണം കഴിക്കുന്ന ലിച്ചിയും അവന്‍റെ പെങ്ങളുമാണവർ. സ്വന്തമായി ജോലിയുള്ള, കുടുംബം നോക്കുന്ന, വീടുപണിയുന്ന, പെപ്പെയ്ക്ക് കേസിൽ നിന്നൂരാൻ പണം കൊടുക്കുന്ന നായിക ലിച്ചി. എന്നെ കെട്ടാൻ വരുന്നോന് പണ്ടോം പണോം കൊടുക്കേണ്ടെന്നു പറയുന്ന നായകന്‍റെ പെങ്ങൾ. തന്‍റെ ഭാര്യ പോർക്കല്ല എന്ന ആൺബോധ്യമായിരിക്കണം ലിച്ചിയെ ദുബായിക്കാരിയാക്കിയത് (ഇതൊരതി/ധി വായനയാകാം). സ്നേഹിച്ചിരുന്ന ‘ജർമൻ പെൺകൊടി’യെ കയ്യൊഴിഞ്ഞു പോരുമ്പോഴാണ് ലിച്ചിയെ കിട്ടുന്നത്. ജർമ്മനിയിൽ പോർക്കു വളർത്തൽ ഡിഗ്രി കോഴ്സാണല്ലോ!

രക്തത്തിൽ കുളിച്ച പോർക്കു കുഞ്ഞുങ്ങളിലും തുടർന്ന് ദുബായിയിലെ ബാങ്ക് വിളിയിലുമാണ് സിനിമ അവസാനിക്കുന്നത്. നിരന്തരം തുടരുന്ന ഈ വിരുദ്ധ ദ്വന്ദ്വമാണ് സിനിമയുടെ നിർമ്മാണ യുക്തിയായി പ്രവർത്തിക്കുന്നത്. അങ്കമാലിപ്പള്ളിക്ക് കിഴക്കുഭാഗത്ത് എൽ.എഫ്.ആശുപത്രിക്ക് എതിർവശത്തുള്ള മുസ്ലീം പള്ളിയിൽ നിന്ന് ഒരിക്കലും കേൾക്കാതിരുന്ന ബാങ്ക് വിളിയാണ് ദുബായിയിൽ നിന്ന് സിനിമ കേൾപ്പിക്കുന്നത്. സ്വന്തം ദേശത്തിൽ നിലവിളികളാകുന്ന ഒച്ചകൾ മറുനാട്ടിൽ ജീവിതതാളമാകുന്നു! ഈ വൈരുദ്ധ്യമാണ് സിനിമയുടെ ആധാര ശ്രുതി. ഇതല്ലാത്ത നിരവധി കോണുകളിൽ നിന്നുമുള്ള കാഴ്ചകളും വായനകളും സിനിമയ്ക്കുണ്ടാകട്ടെ. കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കലാസൃഷ്ടി ഞങ്ങൾ അങ്കമാലിക്കാർക്ക് അഭിമാനമല്ലോ.

വാൽക്കഷണം: പറഞ്ഞു കേട്ടിട്ടുള്ള ഒരു സംഭവ കഥ. അങ്കമാലി ചന്തയിൽ നിന്ന് രണ്ടര രൂപ കൊടുത്ത് വലിയ നേന്ത്രക്കുല (കാഴ്ചക്കുല) വാങ്ങിയ ഒരാൾ (ഒരു മാപ്ല/ ക്രിസ്ത്യാനി ) മുണ്ടഴിച്ചുടുക്കാനായി കുല ചന്തയിൽ താഴെ വച്ചു. ഒരു പോർക്ക് വന്ന് ഒരു കായ് കടിച്ചു. അയാൾ ആ പോർക്കിനെ ഓടിച്ചു കളഞ്ഞ് കടിച്ച ആ കായ് ഒടിച്ചു കളഞ്ഞു. കണ്ടു നിന്ന മറ്റൊരു മാപ്ല കായും ചുമന്ന് ആൾ എത്തുന്നതിനു മുൻപ് നമ്പൂരിയുടെ അടുത്തെത്തി ഇക്കാര്യം പറഞ്ഞു. മാപ്ല കായുമായെത്തിയപ്പോൾ നമ്പൂരി കുല നിലത്തു തല്ലാൻ പറഞ്ഞു. ചിതറിയ കായ് മുണ്ടിൽ പെറുക്കിക്കെട്ടാൻ പറഞ്ഞു. കുലയുടെ വില എത്രയെന്നു ചേദിച്ചു. രണ്ടര രൂപ എറിഞ്ഞു കൊടുത്തു. കായും എടുപ്പിച്ചു പറഞ്ഞു വിട്ടു. ഇത്തരം നീചത്വങ്ങളെ പൊട്ടിച്ച ചരിത്രം അങ്കമാലിയുടെ മുകളിലും തൂങ്ങിക്കിടപ്പുണ്ട്.

Comments
Print Friendly, PDF & Email

You may also like