പൂമുഖം CINEMA സിനിമ എന്ന പാരമ്പര്യവും സിനിമയിലെ പാരമ്പര്യവും

സിനിമകളിലെ സ്ത്രീവിരുദ്ധതകളെ കേന്ദ്രീകരിച്ച് സമീപകാലത്തുണ്ടായ സംവാദങ്ങളുടെ പശ്ചാത്തലത്തിൽ മലയാളസിനിമയുടെ പരിണാമത്തെ മലയാളിസാമൂഹ്യസ്വത്വപരിണാമവുമായി ബന്ധിപ്പിച്ചുകൊണ്ട് വിശകലനം ചെയ്യുന്നു.: സിനിമ എന്ന പാരമ്പര്യവും സിനിമയിലെ പാരമ്പര്യവും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

രഞ്ജിത്തിനെ മാത്രം നിങ്ങളെന്തിന് സിനിമയുടെ ഇരുട്ടത്തുനിർത്തുന്നു?

ീവണ്ടിയിലെന്ന പോലെ ആധുനികതയുടെ വാഹനമായ സിനിമയിലും നമ്പൂതിരി കയറുന്നുണ്ട്. ആധുനികത സൃഷ്ടിച്ച മലയാളി ഫോക്‌ലോറുകളിലൊന്നായ നമ്പൂരി ഫലിതങ്ങളിലൊന്നിൽ സിനിമയെ കള്ളനെന്നാണ് നമ്പൂതിരി വിളിക്കുന്നത്. ഇരുട്ടിന്‍റെ കലയായ സിനിമ മാറി ദശകങ്ങളായെങ്കിലും സിനിമാവിചാരങ്ങളൊക്കെയും ഇന്ന് സിനിമയുടെ ഇരുട്ടിൽതന്നെ തപ്പിത്തടയുകയാണെന്നതാണു വാസ്തവം . അടുത്തു റിലീസാവുന്ന കിങ്ങ് കോങ്ങ് രണ്ടാം ഭാഗത്തിന്‍റെ പരസ്യത്തിൽ തന്നെ ‘ഇൻസിനിമ ഓൺലി’ എന്ന വാചകം കാണാം. അതിനു കാരണം സിനിമ ഇന്ന് മിക്കവാറും ജീവിക്കുന്നത് സിനിമയ്ക്ക് പുറത്താണെന്നതാണ്. ആദ്യകാലങ്ങളിൽ സിനിമാതിയറ്ററിനുപുറത്തെ സിനിമയുടെജീവിതങ്ങളെ അനന്തരജീവിതം എന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ  റേഡിയോയിലും ടെലിവിഷനിലും ഇന്‍റർനെറ്റിലും ഹോം സിനിമയിലുമൊക്കെയായി സിനിമ കൂടുതലും വ്യവഹരിക്കുന്നത് മറ്റ് പ്രതലങ്ങളിലായിതീർന്നിരിക്കുന്നു. മൾട്ടിപ്ലെക്സുകളുടെ പുതുജീവനും മുമ്പ്  തിയറ്ററുകൾ ഒന്നൊന്നായി അടയുമ്പോഴും സിനിമ പുതിയ വാതിലുകൾ തുറക്കുകയായിരുന്നു. തിയറ്റർ നിഷിദ്ധമായ മലബാറിലെ ഒരു സമൂഹം ഹോംസിനിമ എന്ന ഒരു ജനുസ്സ് തന്നെ മലയാളത്തിൽ സൃഷ്ടിച്ചെടുത്തു. തിയറ്ററുകൾ കിട്ടാത്ത സിനിമകളാണു മലയാളത്തിൽ ഇന്നധികവും. എന്നിട്ടും അവ പലരൂപങ്ങളിൽ പൂർണ്ണമായും ശകലിതമായും ശ്വസിച്ചുകൊണ്ടിരിക്കുന്നു.  മറ്റ് മാധ്യമങ്ങളിലേക്കുള്ള ഈ സിനിമയുടെ പടർച്ചയിൽ പാഠം എന്ന നിലയിൽ അതിന്‍റെ ഏകശിലാത്മകത നഷ്ടപ്പെടുകയും അത് ഗാനദൃശ്യമായും തമാശ ബിറ്റുകളായും ഞെരിപ്പൻ ഡയലോഗുകളായും ആക്ഷൻ സീനുകളായും സന്തോഷ് പണ്ഡിറ്റുമാരായും പല കോശങ്ങളിൽ  ചിതറി സ്വന്തം ജീവിതം ജീവിക്കുകയും ചെയ്യുന്നു.  അതിനുമപ്പുറം അനുകരണങ്ങളും പൊളിച്ചെഴുത്തും മിക്സിങ്ങും പുനരവതരണങ്ങളുമൊക്കെയായി റിയാലിറ്റിഷോകളിലും മറ്റ് സ്റ്റേജ്ഷോകളിലും രാഷ്ട്രീയ ആക്ഷേപഹാസ്യപരിപാടികളിലും മാധ്യമത്തിന്‍റെ തന്നെ പ്രതലം വിട്ട് തെരുവുയോഗങ്ങളിലും  ക്യാമ്പസ്സ് ആഘോഷങ്ങളിലും നമ്മുടെ രാഷ്ട്രീയ സാമൂഹ്യജീവിതങ്ങളിലും  പലപാട് സിനിമയുടെ പല അംശങ്ങൾ പലതായി ജീവിച്ചുകൊണ്ടേയിരിക്കുന്നു. ഇവയൊക്കെയും സിനിമയുടെ ശേഷ ജീവിതങ്ങളല്ല, ബഹുജീവിതങ്ങളാണെന്ന തിരിച്ചറിവാണ് സംസ്കാരപഠിതാവിനും സിനിമാവിമർശകനുമുണ്ടാവേണ്ടത്. തിയറ്ററുകളിൽ മുറിഞ്ഞുവീഴുന്ന ടിക്കറ്റ് കഷണങ്ങളല്ല മലയാളിയുടെ സിനിമയിലെ ജീവിതത്തെയും ജീവിതത്തിലെ സിനിമയെയും സ്വാധീനിക്കുന്നത്. സിനിമ ഇന്ന് ഒരു മൾട്ടി സ്ക്രീൻ പ്രസൻസാണെന്ന ബോധ്യത്തിൽ മാത്രമേ സിനിമ സമൂഹത്തിൽ ചെലുത്തുന്ന ദു:സ്വാധീനത്തെപറ്റി സിനിമയെ നന്നാക്കലിനെ പറ്റിയൊക്കെ നമുക്ക് ചർച്ച ചെയ്യാനാവൂ.

സിനിമയുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ വിവാദം സിനിമയ്ക്ക് പുറത്തായതും, എന്നാൽ സിനിമക്കാരുമായി  ബന്ധപ്പെട്ട സിനിമയ്ക്ക് പുറത്തെ ജീവിതത്തിൽ നിന്നായതും, അത് ജീവിതത്തിലെ സിനിമയായതും  ശ്രദ്ധിക്കേണ്ടതാണ്. സിനിമാനടി സിനിമാ സംഘവുമായി ബന്ധപ്പെട്ട സംഘത്താൽ ആക്രമിക്കപ്പെട്ടപ്പോൾ  സിനിമക്കാരിൽനിന്ന് ആദ്യം വന്ന പ്രതികരണം സിനിമയ്ക്ക് പുറത്തെ ക്രിമിനൽ സമൂഹം സിനിമ എന്ന പുണ്യവാളസ്ഥലത്തെ പങ്കിലമാക്കുന്നു എന്ന തരത്തിലായിരുന്നു. പൊതു സമൂഹത്തിൽ നിന്ന് വിശിഷ്യാ സോഷ്യൽ മീഡിയയിൽ നിന്ന് ആ പാപം നിങ്ങൾ സിനിമക്കാർ തന്നെ ഏറ്റെടുക്കണം, സമൂഹത്തെ സ്ത്രീവിരുദ്ധമാക്കിയത് സ്ത്രീവിരുദ്ധസിനിമകളാണ് അത് ഞങ്ങളുടെ തലയിൽ കെട്ടിവെക്കണ്ടാ എന്ന തിരിച്ചടിയുണ്ടായി. സ്ത്രിവിരുദ്ധ സിനിമകളിൽനിന്ന് പിൻവാങ്ങുമെന്ന പ്രിഥ്വീരാജ്ന്‍റെ നിലപാട് കയ്യടി നേടി. സ്ത്രീവിരുദ്ധ സിനിമകളുടെ പേരിൽ രഞ്ജിത്ത് ആക്രമിക്കപ്പെട്ടു. ഫ്യൂഡൽ മാടമ്പിത്തരത്തിന്‍റെ      പേരിൽ മുന്നേ നമ്മൾ അയാളെ മഴയത്തുനിർത്തിയിരുന്നു. വ്യക്തിപരമായ ആക്രമണ ത്തിന്‍റെ സംസ്കാരത്തിൽ അയാൾ പ്രതിരോധിച്ചത് ടി ദാമോദരനെ കൂടി പിടിച്ചു വലിച്ചുകൊണ്ടായിരുന്നു.

മല
യാള സിനിമയെ പരിശോധിക്കേണ്ടത്  നമ്മുടെ ഭാവുകത്വരൂപീകരണത്തിന്റെ പരിസരത്തിലും അതിനെ നിയന്ത്രിക്കുന്ന കേരളീയ സമൂഹത്തിന്റെ പരിണാമചരിത്രത്തിൽനിന്നും അതുത്പാദിക്കുന്ന സാംസ്കാരിക യുക്തികളിൽ നിന്നുമായിരിക്കണം.

സിനിമ സിനിമക്കുള്ളിൽ മാത്രം സംഭവിക്കുന്നതാണെന്ന മുൻവിധിയിൽനിന്നാണ്  ഇത്തരം പഴിചാരലുകളൊക്കെയും ഉണ്ടാവുന്നത്. സിനിമ എന്ന പാരമ്പര്യവും സിനിമയിലെ പാരമ്പര്യവും സൂക്ഷ്മവിശകലനത്തിന് വിധേയമാവേണ്ടതിന്‍റെ പ്രസക്തി ഇതാണ്.  സിനിമ സൃഷ്ടിച്ചെടുത്തു എന്ന് പറയുന്ന സാമൂഹ്യബോധങ്ങളൊക്കെയും  സാമൂഹ്യ പാരമ്പര്യത്തിൽ തന്നെ രൂപപ്പെട്ടതാണെന്നും അത് സിനിമയിൽ പാരമ്പര്യ ബോധമായി പ്രവർത്തിക്കുകയാണെന്നും മലയാള സിനിമയെ പരിശോധിക്കേണ്ടത് അതുകൊണ്ട് നമ്മുടെ ഭാവുകത്വരൂപീകരണത്തിന്‍റെ പരിസരത്തിലും അതിനെ നിയന്ത്രിക്കുന്ന കേരളീയ സമൂഹത്തിന്‍റെ പരിണാമ ചരിത്രത്തിൽനിന്നും അതുത്പാദിക്കുന്ന സാംസ്കാരിക യുക്തികളിൽ നിന്നുമായിരിക്കണം എന്ന് പറയുന്നത് അതുകൊണ്ടാണ്.

സംസ്കാരം, പാരമ്പര്യം, സ്വത്വം എന്നിവ പരസ്പരം ആദേശം ചെയ്യാവുന്ന പദങ്ങളായാണ് പൊതുവെ ഉപയോഗിക്കപ്പെടുന്നത്. ഇതിലെ അപാകം ലോറി ഹോങ്കോ ചൂണ്ടി ക്കാണിച്ചിട്ടുണ്ട്. ഈ മൂന്ന് സങ്കൽപ്പനങ്ങളെയും അദ്ദേഹം വ്യവച്ഛേദിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.. വിവിധ കാലങ്ങളിൽ, വിവിധ സന്ദർഭങ്ങളിൽ ഒരു കൂട്ടായ്മ പ്രകടിപ്പിക്കുന്ന സംസ്കാരഘടകങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് പാരമ്പര്യം. അതു വലിയ ഒരു സംഭരണശാലയാണ്. നിശ്ചിത സന്ദർഭങ്ങളിൽ അതിൽ നിന്നൊരു ഭാഗം മാത്രമേ പുറത്തേക്ക് ആവിഷ്കരിക്കപ്പെടുന്നുള്ളൂ. ബാക്കിയൊക്കെ ഉചിതസന്ദർഭങ്ങളിൽ സജീവമാകാൻ പ്രയോഗക്ഷമമായി സമൂഹമനസ്സിൽ  കാത്തുകെട്ടിക്കിടക്കുയാണ് ചെയ്യുന്നത്, ഒരു ജനതയുടെ  നിലനിൽക്കുന്ന സംസ്കാരമല്ല പാരമ്പര്യം, മറിച്ച് അത് സംസ്കാരത്തിന്‍റെ സ്രോതസ്സോ അതിന്‍റെ ഊർജ്ജ കേന്ദ്രമോ ആണ്.  പ്രവർത്തനനിരതമായ ഒരു വ്യവസ്ഥയല്ല അത്, മറിച്ച് സംസ്കാരത്തെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു സാകല്യ സ്വരൂപമാണ്. അതിന്‍റെ അതിരുകൾ ഓരോ പുതിയ അംഗവും ആ കൂട്ടായ്മയുടെ ഭാഗമാവുന്നതോടെ, അല്ലെങ്കിൽ ആ കൂട്ടായ്മയിൽ നിന്ന് മാഞ്ഞുപോകുന്നതോടെ മാറിക്കൊണ്ടിരിക്കുന്നുണ്ട്.

നോർഡിക് കോൺഫറൻസിനു ശേഷം ഇൻഡ്യാന യൂണിവേഴ്‌സിറ്റിയിൽ നടന്ന ‘അമേരിക്കൻ ഹംഗേറിയൻ കോൺഫറൻസ് ഓൺ കൾച്ചർ, ട്രഡീഷൻ, ഐഡന്‍റിറ്റി’ യിൽ ഡാൻ ബെൻ അമോസ് (1985)  അമേരിക്കൻ ഫോക്‌ലോർ പഠനത്തിൽ  പാരമ്പര്യം എന്ന പരികല്പനയ്ക്ക് നൽകപ്പെട്ട ഏഴിൽ കുറയാത്ത അർത്ഥങ്ങളെ എടുത്തു കാണിക്കുകയുണ്ടായി.   അതിൽ പാരമ്പര്യം ഒരു ആൾക്കൂട്ടം അഥവാ  സഞ്ചയം (mass)  ആണെന്ന  ആശയത്തിനാണ് താൻ പ്രാമുഖ്യം നൽകുന്നതെന്ന് ഹോങ്കോ പറയുന്നു.

സംസ്കാരം എന്ന സംജ്ഞയ്ക്കും വിവിധ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു സഞ്ചയത്തെ സൂചിപ്പിക്കുന്ന ആശയമായിട്ടാണ് സംസ്കാരം എന്ന സംജ്ഞ പ്രയോഗിക്ക പ്പെട്ടിട്ടുള്ളതെങ്കിലും ആൾക്കൂട്ടം എന്നതിലുപരി അതിൽ ചില ക്രമങ്ങൾ പ്രധാനമാണെന്നും  വിവിധ ഘടകങ്ങൾ ചേർന്ന് പ്രയോഗക്ഷമവും സമഗ്രവുമായ ഒരു വ്യവസ്ഥയുടെ സ്വഭാവം അതിനുണ്ടെന്നുമാണ് ഹോങ്കോയുടെ പക്ഷം. “സംസ്കാരത്തിന്‍റെ വിശകലനമൂല്യം അതിന്‍റെ വ്യവസ്ഥപ്പെടുത്തിയ പ്രയോഗമണ്ഡലത്തിലാണുള്ളത്.  ഉള്ളടക്കത്തിലല്ല, അതിന്‍റെ ധർമ്മ തലത്തിലാണ് സംസ്കാരം എന്ന ആശയം ഊന്നുന്നത്. വസ്തുക്കളിലല്ല, അതിനെ സംബന്ധിച്ച കാഴ്ചപ്പാടിലും പ്രയോഗത്തിലും ചിന്തയിലും ആണ് സംസ്കാരം കണ്ടെത്താൻ കഴിയുന്നത്”

ഇങ്ങനെ പാരമ്പര്യം സംസ്കാരമായി രൂപാന്തരം പ്രാപിക്കുമ്പോൾ പാരമ്പര്യത്തിന്‍റെ ചില അംശങ്ങൾ മാത്രമാണ് സംസ്കാരമായി വ്യവസ്ഥപ്പെടുകയും ജീവിതത്തിന്‍റെ ഭാഗമായിത്തീരുകയും ചെയ്യുന്നത്.  “ഇവിടെ ഒരു ക്രമീകരണ പ്രക്രിയ നടക്കുന്നുണ്ട്. അതിന്‍റെ  ആണിക്കല്ല് തെരഞ്ഞെടുപ്പ് ആണ്. സ്വീകരണവും തിരസ്കരണവും ക്രമീകരണവും മാറ്റിവെക്കലുകളും ആദേശശേഷിയും വ്യാഖ്യാനക്ഷമതയും ഒക്കെ ഉൾക്കൊണ്ടാണ് പാരമ്പര്യം സംസ്കാരമായി പരിണമിക്കുന്നത്. പാരമ്പര്യം സാമാന്യതലത്തിൽ അമൂർത്തമായി നിലനിൽക്കുന്ന വിപുലമായ ഒരു ആശയമണ്ഡലമാണെങ്കിൽ, സമൂർത്തവും ക്രമവത്കൃതവും സവിശേഷമായ തെരഞ്ഞെടുപ്പുകളിലൂടെ രൂപപ്പെടുത്തിയതും വ്യവസ്ഥാപിതവുമായ ഒരു പ്രയോഗമണ്ഡലമാണ് സംസ്കാരം എന്ന് പറയാം.” പാരമ്പര്യം അതിനകത്ത് ഒരു അംശം ആയി വർത്തിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ സംസ്കാരം ‘പാരമ്പര്യം എന്ന ലബ്ധ ഘടകങ്ങളുടെ സഞ്ചയത്തെ’ ക്രമവത്കരിച്ച് പ്രയോഗിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്‍റെ ആശയം.

ഇതേ ദിശയിൽ ഒരു ചുവടുകൂടി മുന്നോട്ട് പോകുമ്പോഴാണ് സ്വത്വം എന്ന പരികല്പന ഉണ്ടാവുന്നത്. “പാരമ്പര്യത്തിന്‍റെ വ്യവസ്ഥപ്പെടൽ എന്ന സ്വഭാവം സ്വത്വം എന്ന പരികല്പനയിൽ തുടരുകയും അത് കുറേക്കൂടി സൂക്ഷ്മവും കേന്ദ്രിതവും ആവുകയും ചെയ്യുന്നുണ്ട്. സംഘപാരമ്പര്യത്തിന്‍റെ ഘടകങ്ങൾ ഓരോന്നും വേർതിരിഞ്ഞ് ഏകകങ്ങൾ ആയി മാറുകയും അത് സാംസ്കാരിക വിനിമയങ്ങളിൽ ആ കൂട്ടായ്മയുടെ പ്രതിനിധാനസ്വഭാവം ആർജ്ജിക്കുകയും ചെയ്യുന്നു. ഭാഷ, പ്രദേശം, സംഗീതം, നൃത്തം, വേഷം, വാസ്തു, ചരിത്രം, പുരാവൃത്തം, അനുഷ്ഠാനം തുടങ്ങി പാരമ്പര്യത്തിന്‍റെ ഏത് ഘടകവും ഈ നില കൈവരിക്കും. ഇങ്ങനെ ഒരു കൂട്ടായ്മ ചിട്ടപ്പെടുത്തിയ ഓരോ സാംസ്കാരിക ഗണങ്ങളും ആ കൂട്ടായ്മയുടെ സ്വത്വത്തിന്‍റെ ഏകകങ്ങളായി മാറുന്നു. ആ കൂട്ടായ്മയുടെ പ്രതിനിധാനസ്വഭാവമുള്ള പ്രതീകങ്ങളോ പതാകചിഹ്നങ്ങളോ ആയി ഇവ പ്രവർത്തിക്കുന്നു.”

മലയാളസിനിമ മലയാളിയുടെ ഒരു സാംസ്കാരികരൂപമാണ്  അത്  മലയാളിയുടെ പാരമ്പര്യത്തിന്‍റെയും  സാമൂഹ്യപരിണാമത്തിന്‍റെയും ഒരസ്സൽ പ്രതിനിധാനമാണ്. അതിലൂടെ ആവിഷ്കരിക്കപ്പെടുന്ന മലയാളി സ്വത്വമെന്താണെന്നാണ് അന്വേഷിക്ക പ്പെടേണ്ടത്. നമ്മുടെ പാരമ്പര്യത്തിന്‍റെ കേന്ദ്രികരണയുക്തികളാണതു വഴി വിശകലനം ചെയ്യപ്പെടേണ്ടത്. അല്ലാതെ സിനിമയ്ക്കകത്തുമാത്രം ഊന്നുന്ന ഒരു ചിഹ്നവിചാരമായോ പ്രമേയവിശകലനമായോ വിലയിരുത്തലായോ നമ്മുടെ സിനിമാവിചാരങ്ങൾ മാറിക്കൂടാ. സിനിമയെ മാത്രം പ്രതിചേർത്തുകൂടാ.

ഈയർത്ഥത്തിൽ തൊണ്ണൂറുകൾക്ക് ശേഷം വരുന്ന നമ്മുടെ മുഖ്യധാരാസിനിമകൾക്കുമേൽ ആരോപിക്കപെടുന്ന ഫ്യൂഡൽ -സവർണ്ണ -ദലിത് വിരുദ്ധ -സ്ത്രീവിരുദ്ധ – അരാഷ്ട്രീയ കുറ്റങ്ങളുടെ അടിവേരെവിടെയാണ്? മുഖ്യധാര എന്ന് വിളിക്കപ്പെടുന്ന മലയാളസിനിമയിലെ ആ ധാര ഇൻഡ്യയിലെ മറ്റ് ഭാഷാ കച്ചവടസിനിമകളേക്കാൾ കലാപരവും കഥാത്മകവും സാംസ്കാരികനിലവാരമുള്ളതും കൾച്ചർസ്പെസിഫിക്കും കുടുംബങ്ങൾക്കൊരുമിച്ചിരുന്നു കാണാവുന്നതും ആണെന്ന് പുകഴ്പെറ്റതുമാണ്. ഈ മുഖ്യധാരാ സിനിമകൾ കലയ്ക്കും കച്ചവടത്തിനും മദ്ധ്യേ നിൽക്കുന്നതുകൊണ്ടുമാത്രമല്ല, മദ്ധ്യവർത്തിസിനിമകൾ എന്ന് വിളിക്കപ്പെടുന്നത്. കേരളത്തിൽ രൂപം കൊണ്ട് രാഷ്ട്രീയാധിപത്യം  നേടിയ മദ്ധ്യവർഗത്തിന്‍റെ സിനിമകൂടിയായതുകൊണ്ടാണ്.

fil1

നമ്മുടെ ഈ സിനിമാപാരമ്പര്യത്തെ നവോത്ഥാനഘട്ടത്തിൽ നിർണ്ണയിച്ച മൂന്ന് സിനിമകൾ നീലക്കുയിൽ (1954), ചെമ്മീൻ (1965), നിർമ്മാല്യം (1973), എന്നിവ താരതമ്യപ്പെടുത്തിനോക്കിയാൽ അതിൽ നിർമ്മാല്യം നിലനിൽക്ക്ന്ന പ്രത്യേക സാംസ്കാരിക പരിസരം തെളിഞ്ഞുകിട്ടും. ആദ്യമായി കേരളീയത അവതരിപ്പിക്കപ്പെട്ട സിനിമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീലക്കുയിൽ മധ്യവർഗസമൂഹത്തിന്‍റെ അടിത്തറയിൽനിന്നാണെങ്കിലും പാണനും പറയനുമൊക്കെ ഉൾപ്പെട്ട ഒരു ബഹുസ്വരകേരളീയ സാമൂഹ്യജീവിതത്തെ സമർത്ഥമായി ആവിഷ്കരിക്കുന്നുണ്ട് . ഇടനാടൻ കാർഷികജീവിതത്തെ കേന്ദ്രീകരിക്കുന്ന സാമൂഹ്യസാംസ്കാരികമണ്ഡലത്തിൽ പ്രാന്തവത്കരിക്കപ്പെട്ട ഒരു തീരദേശസമൂഹത്തെ ചെമ്മീനും സാക്ഷ്യപ്പെടുത്തി. പരിമിതികളും അബദ്ധങ്ങളുമുണ്ടെങ്കിലും. എന്നാൽ പിന്നീട് മലയാളസിനിമയുടെ നടവഴിയായി മാറിയ നിർമ്മാല്യമോ?   അതിനകത്തെ മുസ്ലീം സ്വത്വസാന്നിധ്യങ്ങളും മുസ്ലീം സമൂഹം പൊതുവെയും എങ്ങനെയാണ് അപരങ്ങളായി ചിത്രീകരിക്കെപ്പെടുന്നത്, പിൽക്കാല മദ്ധ്യവർത്തി  സവർണ്ണകുടുംബസിനിമകൾ നിർമ്മാല്യത്തിൽനിന്ന് എന്തൊക്കെ ഊർജ്ജം വലിച്ചെടുത്തിട്ടുണ്ട് എന്ന അന്വേഷണം പക്ഷേ നടന്നില്ല. എന്നാൽ ഫിക്ഷനിൽ ഹിഗ്വിറ്റയൊക്കെ ആ തരത്തിൽ വിചാരണ ചെയ്യുപ്പെടുകയും ചെയ്തു. പാരമ്പര്യാന്വേഷണം സ്വത്വസ്ഥാപനം എന്ന നിലയിൽ രഞ്ജിത്ത് ഷാജികൈലാസ് സിനിമകളിലെ ആറാം തമ്പുരാന്മാരുടെ പ്രജാപതിത്വം രാജവാഴ്ചയെ ജന്മിത്വ നാടുവാഴിത്ത മഹത്വഘോഷണത്തെ വിചാരണ ചെയ്യുമ്പോൾ മറ്റ് ആവിഷ്കാരമണ്ഡലങ്ങളിൽ, സാഹിത്യത്തിന്‍റെയും മറ്റും  സമാന്തരമായി എന്തു സംഭവിച്ചു എന്ന് താരതമ്യാത്മകമായി പരിശോധിക്കപ്പെട്ടില്ല

ഉദാഹരണമായി നമ്മുടെ ഫിക്ഷനുകൾ പ്രത്യേകിച്ച് നോവലുകളിൽ എൺപതുകൾക്ക് ശേഷം സംഭവിച്ച മാറ്റം പരിശോധിക്കപ്പെടേണ്ടതാണ്. ആധുനികതാവിമർശനത്തിന്‍റെ ഭാഗമായി ഒറ്റപ്പെട്ട വ്യക്തികളുടെ ദാർശനികവ്യഥകളും അരാജകജീവിതവും  സ്വത്വാന്വേഷണ അലച്ചിലുകളും സന്ത്രാസങ്ങളും വീടു വിട്ടറങ്ങലുകളും  പ്രമേയവത്കരിച്ച എഴുത്തുകാർ തന്നെ വലിയ വംശാവലീചരിതങ്ങളിലേക്കും സ്ഥലപുരാണങ്ങളിലേക്കും നാടുവാഴിത്തത്തിൽ വേരുകളുള്ള സ്വരൂപഘടനകളുടെ ബൃഹത് ആഖ്യാനങ്ങളിലേക്കും ചുവടുമാറ്റുന്നതായികാണാം. വേരുകളില്ലാത്ത ഒറ്റമനുഷ്യന്‍റെ അസ്തിത്വഭീതികൾ ഇങ്ങനെ വംശവൃക്ഷത്തിന്‍റെ അഭയസ്ഥാനങ്ങൾ കണ്ടെത്തുന്ന പരിണാമം കേരളീയന്‍റെ സാമൂഹ്യപരിണാമവുമായി ചേർത്തുവെച്ച് വായിക്കേണ്ടതുണ്ട്.

ഈ രീതിയിൽതന്നെ  ഇപ്പോൾ പ്രതിചേർക്കപ്പെട്ട  തൊണ്ണൂറുകൾക്ക് ശേഷം വന്ന നമ്മുടെ മുഖ്യധാരാസിനിമകളിൽ നിലനിൽക്കുന്ന കുടുംബസങ്കല്പ, പുരുഷമേധാവിത്ത, ജാതീയത, ഫ്യൂഡൽ മൂല്യബോധം, അരാഷ്ട്രീയത, സ്ത്രീ ദലിത് വിരുദ്ധത എന്നിവയുടെ വേരുകൾ സിനിമയിലും സമൂഹത്തിലും എവിടെയാണെന്നുകൂടി അന്വേഷിച്ചുനോക്കാം.

സാമ്പത്തികദാരിദ്ര്യം പരിഹരിക്കാൻ തന്റെ സാമൂഹിക സാംസ്കാരിക മൂലധനം അടിയറവെക്കാൻ ഒരു സവർണ്ണനും തയ്യാറാവില്ല എന്നുറപ്പ്. എന്നിട്ടും പ്രേക്ഷകന്റെ കയ്യടികിട്ടാൻ ഒരു അസത്യസന്ധമായ പറച്ചിൽ പ്രേംജിയെക്കൊണ്ട് പറയിപ്പിച്ച്   എം ടി സാധിച്ചെടുക്കുന്നത് കേരളത്തിൽ സമഗ്രാധിപത്യം നേടിയ മധ്യവർഗപ്രത്യശാസ്ത്രത്തെ, സവർണ്ണമനോഭാവത്തെ സമർത്ഥമായി ഒന്ന് സംതൃപ്തിപ്പെടുത്തി തന്റെ സിനിമയെ ജനപ്രിയമാക്കലാണ്

1985  ൽ പുറത്തിറങ്ങിയ എം. ടി യുടെ  അനുബന്ധത്തിലാവണം മലയാളസിനിമയിലെ ആദ്യ ദലിത് വിരുദ്ധ സംവരണ വിരുദ്ധപരാമർശം സംഭവിക്കുന്നത്. പ്രത്യക്ഷത്തിൽതന്നെ അനുതാപാർഹനായ പരമസാത്വിക ബ്രാഹ്മണനായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട പ്രേംജിയുടെ വല്യമ്പൂരി ‘മതം മാറണ മാതിരി ജാതി മാറണ വല്ല വകുപ്പുമുണ്ടോ,  പത്താംക്ലാസ്സ് പാസായിട്ടും ജോലിയൊന്നും കിട്ടാത്ത തന്‍റെ ആൺമക്കളെ ഇനി ഈ ഹരിജനം ഗിരിജനം എന്നൊക്കെ മാതിരിയുള്ള വകുപ്പിലേക്ക് കീഴ്പെട്ടിറക്കാം?’ എന്ന് മമ്മൂട്ടിയോട് ചോദിക്കുന്നുണ്ട്. തൊട്ടുമുമ്പ് തന്നെ വാടകയ്ക്കാളെ താമസിപ്പിക്കുന്നത് പുറത്തറിയുന്നതു കുറച്ചിലാണെന്നും നോൺ വെജിറ്റേറിയനിസം നികൃഷ്ടമാണെന്നും പറഞ്ഞുറപ്പിക്കുന്ന ഈ നമ്പൂതിരി തന്‍റെ ഏറ്റവും ഭയങ്കരമായ ദു:സ്വപ്നത്തിൽ പോലും ഒരു ചെറുമനായി ജീവിക്കാൻ  സന്നദ്ധനല്ലെന്നു വ്യക്തം. സാമ്പത്തികദാരിദ്ര്യം പരിഹരിക്കാൻ തന്‍റെ സാമൂഹിക സാംസ്കാരിക മൂലധനം അടിയറവെക്കാൻ ഒരു സവർണ്ണനും തയ്യാറാവില്ല എന്നുറപ്പ്. എന്നിട്ടും പ്രേക്ഷകന്‍റെ കയ്യടികിട്ടാൻ ഒരു അസത്യസന്ധമായ പറച്ചിൽ പ്രേംജിയെക്കൊണ്ട് പറയിപ്പിച്ച്   എം ടി സാധിച്ചെടുക്കുന്നത് കേരളത്തിൽ സമഗ്രാധിപത്യം നേടിയ മധ്യവർഗപ്രത്യയശാസ്ത്രത്തെ, സവർണ്ണമനോഭാവത്തെ സമർത്ഥമായി ഒന്ന് സംതൃപ്തിപ്പെടുത്തി തന്‍റെ സിനിമയെ ജനപ്രിയമാക്കലാണ്.  പിന്നീട് 1988 ൽ പുറത്തിറങ്ങിയ പ്രിയദർശന്‍റെ ആര്യൻ എന്ന സിനിമ കൃത്യമായും വർഗരാഷ്ട്രീയത്തെ ശത്രുപക്ഷത്തുനിർത്തി ബ്രാഹ്മണിക് പൗരോഹിത്യത്തിന്‍റെ രാഷ്ട്രിയാധികാരം ഉറപ്പിച്ചെടുക്കുന്നു.  1990  ആഗസ്റ്റിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള കേന്ദ്ര ഗവണ്മെന്‍റിന്‍റെ തിരുമാനത്തെ തുടർന്ന് സംവരണവിരുദ്ധപ്രക്ഷോഭം രാജ്യമെങ്ങും സംഭവിക്കുമ്പോഴേക്കും നമ്മുടെ സിനിമയും സമൂഹവും അതിന്‍റെ ഉള്ളടക്കത്തിൽ ദലിത് വിരുദ്ധമായിതീർന്നിരുന്നു.

“നിങ്ങളെ ഒരു പുരുഷനും മൈൻഡ് ചെയ്യുന്നില്ല. സൗന്ദര്യമില്ല കാണാൻ കൊള്ളാവുന്ന പെമ്പിള്ളേർക്ക് കിട്ടുന്ന ഒരു റിസപ്ഷനും കിട്ടൂന്നില്ല അത് വേറൊരാൾക്കു കിട്ടുമ്പോൾ ഉണ്ടാകുന്ന അസൂയ-  അതിന്‍റെ  വൃത്തികെട്ട കോംപ്ലക്സാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ  നല്ല പ്രായം കഴിഞ്ഞുപോകുമ്പോ എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടാവുന്ന വെറുപ്പും നിരാശയുമാണ്  ഫ്രസ്റ്റ്രേഷൻ കൂടുമ്പോ  ആ റോട്ടിലെങ്ങാൻ ചെന്ന് നിന്നുനോക്ക് വേറൊന്നും കിട്ടാതെ  ഡെസ്പറേറ്റ് ആയി വരുന്ന ലോറി ഡ്രൈവേഴ്സിനു നിന്നെപോലുള്ളവരേം മുഷിയില്ല” കരിയിലക്കാറ്റുപോലെ എന്ന പദ്മരാജൻ സിനിമയിൽ  മമ്മൂട്ടിയുടെ കഥാനായകൻ കറുത്തവളായ  ശ്രീപ്രിയ അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രത്തോട് ആക്രോശിക്കുന്നുണ്ട്. ഫ്രെയിമിൽ നിലവിളക്കുപോലൊരു ഉണ്ണിമേരിയെക്കൂടിവെച്ച് സ്ത്രീസൗന്ദര്യത്തിലെ വൈരുദ്ധ്യം പ്രദർശിപ്പിച്ചാണ്  പദ്മരാജൻ തിയറ്ററുകളിലെ ആൺ ആൾക്കൂട്ടങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഈ ഡയലോഗ് തിരുകുന്നത്. “പച്ചമലയാളത്തിൽ പറഞ്ഞാൽ നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിക്കണം എങ്കിലേ അന്തസ്സായിട്ട് ബിഹേവ് ചെയ്യാനൊക്കൂ ചെറ്റ ചുറ്റുപാടിൽനിന്നുവരുന്നവർ എത്ര പൊതിഞ്ഞുകൊണ്ടു നടന്നാലും ആ ചെറ്റത്തരം പുറത്തുവരും. മാന്യമായിട്ടുപെരുമാറിയാൽ ഞാനും മാന്യനാ മറ്റേതരം കൊണ്ടുവന്നാൽ ഞാനും മറ്റേടത്തെ സ്വഭാവം കാണിക്കും” എന്ന് പറഞ്ഞ് പിന്നീട് താൻ കാണിക്കുന്ന ചെറ്റത്തരത്തെ ന്യായീകരിച്ച് തന്‍റെ സവർണ്ണമാന്യത സംരക്ഷിക്കുന്നുമുണ്ട് തുടർന്ന്  സ്ത്രീകളുടെ അടുത്ത് എങ്ങനെ ബിഹേവ് ചെയ്യണമെന്ന് ഇനി താൻ പഠിക്കും എന്ന് പറഞ്ഞ് തന്‍റെ ചെകിടത്തടിക്കുന്ന, തന്‍റെ ആണത്തത്തിന്‍റെ മേൽക്കോയ്മയെ തകർക്കുന്ന ആ സ്ത്രീയെ നിഷ്ഠുരമായി ബലാൽക്കാരം ചെയ്ത് തന്‍റെ ആണത്തത്തിന്‍റെ സമഗ്രാധികാരം തെളിയിച്ച്  വീരപുരുഷനാവുന്നുണ്ട് മമ്മൂട്ടിയുടെ ആ നായകൻ. “അങ്ങനെ നീ മിടുക്കിയായിപ്പോയാൽ ശരിയാവില്ല എന്‍റെ ബെഡ് റൂം കൂടി കണ്ടിട്ട് പോയാൽ മതി” എന്നാണ് സകലമാന ആണുങ്ങൾക്കും വേണ്ടി മമ്മൂട്ടി ഡയലോഗടിക്കുന്നത്. “നിന്നോട് ഒരു താത്പര്യവുമില്ല ഒരു മരക്കഷ്ണത്തോട് തോന്നുന്ന വികാരം പോലും എനിക്കില്ല” എന്ന് വിമ്പിളക്കിയും  ലൈംഗികതയെപോലും ചോർത്തിക്കളഞ്ഞും അപമാനിച്ചുമാണ് അയാള്‍ കൃത്യത്തിലേക്ക് കടക്കുന്നത്. “ജീവിതത്തിലാദ്യമായി എന്‍റെ കരണത്തടിച്ച് ഒരു പെണ്ണ് എന്‍റെ വീട്ടിൽനിന്നിറങ്ങിപ്പോയാൽ പിന്നെ എനിക്ക് ആണായിനിൽക്കാൻ പറ്റാതാവും, ഒരു പെണ്ണിന്‍റെ കണ്ണിലേക്കും ആണായി നോക്കാൻ പറ്റാതാവും” എന്ന നിവൃത്തി കേടുകൊണ്ടാണ് താൻ ബലാൽസംഗം ചെയ്യുന്നതെന്നാണയാളുടെ വീരവാദം. സവർണ്ണ പുരുഷന്‍റെ അധീശവാസനയും ആണത്തവും ആത്മാഭിമാനവും വീണ്ടെടുക്കാനുള്ള പ്രതികാരവൃത്തിയാണയാൾക്ക് ബലാൽസംഗം.

ഇങ്ങനെ കറുത്തവളും അടിസ്ഥാനവർഗത്തിൽനിന്നുവരുന്നവളുമായ  ഒരു സ്ത്രീയുടെ സ്വത്വാഭിമാനത്തെ ബലാൽസംഗം ചെയ്ത് തന്‍റെ  ആണത്തം തെളിയിച്ച് അടക്കി നിർത്തുന്ന ഒരു ജനപ്രിയനായകനെ സൃഷ്ടിച്ച് പദ്മരാജൻ   ഉത്തരേൻഡ്യയിൽ ദലിത് സ്ത്രീകൾ ക്കെതിരെ സവർണ്ണർ ചെയ്യുന്ന ബലാൽസംഗശിക്ഷാവിധികൾക്ക് ഒരു സാംസ്കാരികയുക്തിയുടെ പിൻബലം എത്രയോ വർഷങ്ങൾക്കുമുന്നേ നമ്മുടെ ജനപ്രിയസംസ്കാരത്തിൽ നൽകി എന്ന് പറഞ്ഞുകൂടേ? എൺപതുകൾക്കു ശേഷം രൂപപ്പെട്ട  മധ്യവർഗ അനുവാചകസമൂഹത്തെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട നമ്മുടെ കുടുംബസിനിമാ ഫോർമുലകളെ നിർണ്ണയിച്ചതിൽ നിർണ്ണായകസ്വാധീനമുള്ള ഈ രണ്ട് തിരക്കഥാകൃത്തുക്കളും  നവോത്ഥാനാനന്തരം  നാടുവാഴിത്ത – സവർണ്ണ- പുരുഷ മൂല്യങ്ങളെ പലപാട് മുഖ്യധാരാസിനിമയിൽ ഉറപ്പിച്ചെടുത്തതിന്‍റെ അടിത്തറയിലാണ് തോണ്ണൂറുകളിൽ  പ്രിയദർശന്‍റെയും രഞ്ജിത്തിന്‍റെയും മംഗലശ്ശേരിനീലകണ്ഠന്മാർ സ്ക്രീൻ നിറഞ്ഞാടിയത് എന്നതല്ലേ ചരിത്രസത്യം ?

കേരളീയസമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും അടിപ്പടവ് മദ്ധ്യകാല നാടുവാഴിത്ത മാണ്.  ജാതീയതയും ജന്മിത്തവും  പാട്രിയാർക്കിയും പുരുഷാധിപത്യവും മരുമക്ക ത്തായവും കൂട്ടുകുടുംബവ്യവസ്ഥിതിയുമൊക്കെ  അതിന്‍റെ അടിസ്ഥാനധാരയുമാണ്. നാടുവാഴിത്തത്തിൽ നിന്ന് നാഗരികതയിലേക്കും കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്കും നാട്ടിൽ നിന്ന് നഗരത്തിലേക്കും സാമൂഹ്യ-പ്രാദേശിക ഉപസമൂഹങ്ങളിൽനിന്ന് നിന്ന് മദ്ധ്യവർഗസമൂഹത്തിലേക്കും പരിണമിച്ച ആധുനിക മലയാളിയുടെ സർവ്വകാല ഗൃഹാതുരതയാണ് ഈ നാടുവാഴിത്ത ഭൂതകാലം. നവോത്ഥാനാനന്തരം നാലുകെട്ടുകൾ പൊളിക്കുന്ന വീരനായകന്മാർക്ക് പകരം നാലുകെട്ടുകൾ തിരിച്ചുപിടിക്കുന്ന പുതിയ കാല നായകന്മാർ ജനപ്രിയ സിനിമകളിൽ കടന്നുവരുന്നത് ഈ ഗൃഹാതുരതയെ ചൂഷണം ചെയ്തുകൊണ്ടാണ്. സിനിമയേതായാലും ലൊക്കേഷൻ വരിക്കാശ്ശേരിമനയാവുന്നത് അങ്ങനെയാണ്. തറവാടിലേക്ക് തിരിച്ചുവരുന്ന അണുകുടുംബങ്ങളും ആറന്മുളപൊന്നമ്മ മോഡൽ തറവാട്ടമ്മമാരും നെടുമുടിവേണുവിനെ പോലുള്ള അച്ഛൻ തമ്പുരാന്മാരും പ്രാന്തങ്ങളിലേക്ക് മാറ്റപ്പെട്ടിരുന്ന വകയി ലമ്മാവന്മാരുമൊക്കെ സിനിമയിൽ കൂടുതൽ വിസിബിലിറ്റി നേടുന്നത് എൺപതുകൾ കഴിഞ്ഞ് എം. ടി., പദ്മരാജൻ, സത്യൻ അന്തിക്കാട് സിനിമകളിലാണ്. ജോൺ ജോണി ജനാർദ്ദനൻ മാതിരി പല മതങ്ങളിലേക്കും തരങ്ങളിലേക്കും  ചിതറിപ്പോയ കുടുംബങ്ങൾ, ഈറ്റ, ആറാട്ട് തുടങ്ങി ഐ. വി. ശശി അക്കാലത്ത് ചെയ്ത സിനിമകളിലെ പോലെ പ്രത്യേകതൊഴിൽ സംഘങ്ങൾ, ഒറ്റയ്ക്ക് സമരം ചെയ്യുന്ന അനാഥവ്യക്തിത്വങ്ങൾ, പ്രദേശസംസ്കാരസൂചനകൾ നൽകാത്ത നഗരജീവിതങ്ങൾ  എന്നിവയെ കേന്ദ്രീകരിച്ചുണ്ടായിരുന്ന എൺപതുകളുടെ ആദ്യപകുതിവരെ സജീവമായ സിനിമകളിൽനിന്ന് പ്രമേയപരമായ വലിയ മാറ്റം സംഭവിക്കുകയും    വലിയ തറവാടു കളിലേക്കും  നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറങ്ങളിലേക്കും സിനിമ ഇക്കാലത്ത് കൂടുമാറുകായും ചെയ്യുന്നു.

snehaveedu_m3db_poster

1985 ൽ തന്നെ പുറത്തിറങ്ങിയ  തിങ്കളാഴ്ച നല്ല ദിവസം എന്ന പദ്മരാജൻ സിനിമ കൂട്ടുകുടുംബത്തിന്‍റെ തറവാടുകളുടെ പുന:സ്ഥാപനത്തിലേക്ക് മലയാളി പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന ആദ്യ സിനിമകളിലൊന്നാണ്. പിൽക്കാല സത്യൻ അന്തിക്കാട് സിനിമകളിലേക്ക് മലർക്കെ തുറക്കുന്ന പദ്മരാജന്‍റെ വാതിൽ. അമ്മയും അമ്മയുടെ വളർത്തുപശുവും ജനിച്ചുവളർന്ന തറവാടും മാത്രമല്ല  തറവാടിന്‍റെ  സ്നേഹമൂല്യങ്ങളാൽ തീർത്ത ബന്ധങ്ങൾക്കൊപ്പം പാരമ്പര്യത്തിലെ ചില ബന്ധങ്ങളും മൂല്യങ്ങളും കൂടി പ്രത്യാനയിക്കുന്നുണ്ട് സംവിധായകൻ. സിനിമയില്‍, വലിയൊരു സാംസ്കാരിക പ്രശ്നം തറവാടിന്‍റെ നിറവിളക്കായ അമ്മയെ വൃദ്ധസദനത്തിൽ തടവിലാക്കുന്നു എന്നതുമാത്രമല്ല, ആ പുരാതന സവർണ്ണ തറവാടും പറമ്പും പുത്തൻ പണക്കാരനായിത്തീർന്ന   അവിടത്തെ താഴ്ന്ന ജാതിക്കാരൻ അടിയാളൻ വിലയ്ക്ക് വാങ്ങിക്കുന്നു എന്നതുകൂടിയാണ്. അത്യന്തം ഹിംസാത്മകമായാണ് ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നതും. ഇവനൊക്കെ നമ്മുടെ മുന്നിൽ എന്നാണിരിക്കാനായതെന്ന് ചോദ്യം ആ സിനിമയിൽ ഉറക്കെ ഉയരുന്നുണ്ട്. പ്രിയദർശനെയും രഞ്ജിത്തിനെയും ഷാജി കൈലാസിനെയും വിചാരണ ചെയ്യുന്ന സിനിമാവിമർശകർ പക്ഷേ പദ്മരാജനെ ഗന്ധർവ്വ തിരസ്കരണിയാക്കി ഒഴിവാക്കുന്നു.    പിന്നീട് രൂപപ്പെടുന്ന ടിപ്പിക്കൽ സത്യൻ അന്തിക്കാട് കുടുംബചിത്രം – കുടുംബം എന്ന സ്ഥാപനത്തെ പാരമ്പര്യത്തിൽ ഉറപ്പിച്ചുനിർത്തുകയാണു ചെയ്യുന്നതെന്നു കാണാം. കുടുംബത്തിലെ ഒരു ചില്ലപോലും ഒടിയാൻ നമ്മൾ സമ്മതിക്കരുത് എന്നാണ് അവ പറയുന്നത്. സത്യൻ അന്തിക്കാടിന്‍റെ മോഹൻലാൽ പറയുന്ന കുടുംബം കൂട്ടുകുടുംബമാണ്. പണ്ട് എല്ലാ ദാമ്പത്യപ്രശ്നങ്ങളും കൂട്ടുകുടുംബത്തിൽ പരിഹരിക്കപ്പെടുമായിരുന്നു എന്നാണയാളുടെ സാമൂഹ്യബോധം ( ഇന്നത്തെ ചിന്താവിഷയം ) വളരെ പാട്രിയാർക്കലായ ഈ കുടുംബത്തിന്‍റെ അടിത്തറയിലാണ് പുരുഷൻ എന്ന ഗൃഹനാഥൻ ആധിപത്യം നേടുന്നത്. കുടുംബത്തിൽ നിന്നടർന്ന് തന്‍റെ സ്വാതന്ത്ര്യങ്ങളിലേക്ക് പോകാനാഗ്രഹിക്കുന്ന തലയണമന്ത്രക്കാരികളായ കാഞ്ചനമാരെ അമ്മയ്ക്കും അനിയനും മറ്റ് കുടുംബക്കാർക്കും മുന്നിൽ പരസ്യമായി മാപ്പുപറയിപ്പിച്ച്  ശിക്ഷിച്ച് വീട്ടിലേക്ക് അടക്കമുള്ള ഭാര്യയായി തിരിച്ചുകൊണ്ടുവന്ന് ആണത്തമുള്ള ഭർത്താവാകുന്നത്. “വെള്ളമടിച്ചു കോൺതിരിഞ്ഞു പാതിരാക്ക് വീട്ടിൽ വന്നു കേറുമ്പോ ചെരുപ്പൂരി കാലു മടക്കി ചുമ്മാ തൊഴിക്കാനും…തുലാവര്‍ഷ രാത്രികളിൽ ഒരു പുതിപ്പിനടിയിൽ സ്നേഹിക്കാനും…എന്‍റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും.. ഒടുവിൽ ഒരുനാൾ വടിയായി തെക്കേ പറമ്പിലെ മാവിന്‍റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം…പറ്റുമെങ്കിൽ പോരുന്നോ എന്‍റെ കൂടെ” എന്ന് ഇന്ദുചൂഡന്മാർ പിൽക്കാലത്ത് ഈ ദാമ്പത്യത്തിലേക്കും  കുടുംബത്തിലേക്കുമാണ് നായികമാരെ ക്ഷണിക്കുന്നത്.   അത് മരുമക്കത്തായത്തോട് ചാരിനിൽക്കുന്ന ഒന്നാണ്. ദാമ്പത്യത്തെ രണ്ട് പേർക്കിടയിലെ ഒരു ഇടപാടായല്ല വലിയ ഒരു കൂട്ടുകുടുംബത്തിലേക്ക് വരെ എത്തുന്ന  ഒരു സാമൂഹ്യബന്ധം ആയാണു സ്ഥാപിച്ചെടുക്കുന്നത്. അതുകൊണ്ടാണ്   ലിവിംഗ്  റ്റുഗതർ  പോലുള്ള പുതിയ കാല സ്ത്രീപുരുഷ ദാമ്പത്യബന്ധങ്ങളെ അത് സാമൂഹ്യചിന്തയിൽ നാമ്പെടുക്കുന്ന സമയം നോക്കി തന്നെ ഒരു സിനിമയെടുത്ത് പ്രതിരോധിക്കാൻ സത്യൻ ഉത്തരവാദിത്തം കാണിച്ചത്.   ഇതിൽനിന്നൊരു പടി മുന്നോട്ട് പോയാൽ അത് വംശപാരമ്പര്യത്തിലേക്ക് ഫ്യൂഡൽ പ്രമാണിത്തത്തിലേക്കെത്തി .

പറഞ്ഞുവരുന്നത് വേരുകൾ പിറകിലാണെന്നു മാത്രമല്ല കൂടുതൽ ആഴത്തിലു മാണെന്നതാണ്. അതു സിനിമയിൽ മാത്രമല്ല എന്നതാണു കാതലായ പ്രശ്നം. ഇവരെയൊക്കെ ഇതിനുത്തരവാദികളാക്കുന്ന ഒരു കാഴ്ചസമൂഹം അതിനുപിറകിലെ ഒരു പൊതുസമൂഹം  നിലനിൽക്കുന്ന ഒരു പൊതുബോധം ഉണ്ട്. അന്വേഷിക്കേണ്ടത് വിമർശിക്കേണ്ടത് അതിനെയാണ്

നമ്മുടെ മുഖ്യധാരാസിനിമയെ നിർണ്ണയിച്ച മധ്യവർഗ സാമൂഹപ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാനമൂലകങ്ങൾ എന്തൊക്കെയാണ്? നീണ്ടകാല വറുതികൾക്കും ക്ഷാമത്തിനും തൊഴിലില്ലായ്മക്കും പലായനങ്ങൾക്കും ഭൂപരിഷ്കരണത്തിനും കുടിയേറ്റങ്ങൾക്കു മൊടുവിൽ    വാഴ്ത്തപ്പെട്ട കേരളാമോഡലിലൂടെ മുന്നോട്ടുവന്ന മധ്യവർഗസമൂഹം പ്രവാസി സമ്പത്തിന്‍റെയും ബ്യൂറോക്രസിയുടെ വളർച്ചയുടെയും അർധനാഗരികതയുടെ യുമൊക്കെ പിൻബലത്തിൽ സാമ്പത്തികമായും സാമൂഹ്യമായും ശാക്തീകരിക്കപ്പെടുന്നതു തൊട്ട് ഒരു പുതിയ മതമായിത്തന്നെ രൂപം കൊള്ളുന്നുണ്ട്. സമുദായവത്കരിക്കപ്പെട്ട ജാതികൾ നിയന്ത്രിക്കുന്ന പൊതുരാഷ്ട്രീയ അധികാരമണ്ഡലം രൂപപെടുന്നതോടെ ജാതീയത അടിസ്ഥാനഘടകമാവുന്നു. സവർണ്ണവത്കരിക്കപ്പെടുക എന്നതാവുന്നു സാമൂഹ്യ പുരോഗതിയുടെ മാനദണ്ഡം. അതോടൊപ്പം കുടുംബം സ്ഥാപനവത്കരിക്കപ്പെടുന്നു. നവോത്ഥാനപൂർവ്വമൂല്യങ്ങൾ, ആചാരവിശേഷങ്ങൾ ദൈവങ്ങൾ, അന്ധവിശ്വാസങ്ങൾ പാരമ്പര്യങ്ങളൊക്കെ എൺപതുകളോടെ അതിശക്തമായി തിരിച്ചുവരുന്നു. അടിസ്ഥാന തൊഴിൽ സമൂഹങ്ങളോടും അദ്ധ്വാനത്തോടും പ്രാന്തസമൂഹങ്ങളോടുമുള്ള പുച്ഛം, ദലിത്‌വിരുദ്ധത, ലൈംഗികസദാചാരം,  പുരുഷാഭിമാനങ്ങൾ, സ്ത്രീ വിരുദ്ധത വർഗരാഷ്ട്രീയത്തിനു പകരം അരാഷ്ട്രീയത, അധികാരത്തോടുള്ള വിധേയമനോഭാവം തുടങ്ങി മദ്ധ്യവർഗത്തിന്‍റെ സമൂഹ്യമന:ശാസ്ത്രത്തെ രൂപപ്പെടുത്തിയ അടിസ്ഥാന മൂല്യബോധങ്ങളൊക്കെ തന്നെയാണ് ഇക്കാലം മുതലുള്ള സിനിമകളിലും പ്രമേയവത്കരിക്കപ്പെടുന്നത് എന്നതാണു സത്യം.

narasimham.jpg.image.784.410

വർഗരാഷ്ട്രീയത്തിൽ നിന്ന് അരാഷ്ട്രീയതയിലേക്കും സൂപ്പർ ഹീറോയിസത്തിലേക്കും നമ്മുടെ സിനിമ കൂടുമാറുന്നതും ഇതിനു സമാന്തരമായാണ്. എഴുപതുകളിലെ ജയൻ സുകുമാരൻ സോമൻ ഇത്യാദി നായകന്മാരുടെ ജനപ്രിയസിനിമയ്ക്കും  ജനപ്രിയ മാസികകൾക്കും ഉള്ള ഒരു സവിശേഷത അവയില്‍  പലതും മുഖ്യധാരയിൽ വരാത്ത അടിസ്ഥാനവർഗത്തെയും കേരളത്തിലെ പല അടിസ്ഥാന തൊഴിൽ സമൂഹങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു എന്നതാണ്. ഈറ്റ, അങ്ങാടി, ആറാട്ട്, മീൻ തുടങ്ങിയ സിനിമകളിലൊക്കെ പലമട്ട് വർഗരാഷ്ട്രീയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. പ്രമേയപരമായും അവതരണത്തിലും തികച്ചും ബാലിശവും ദുർബ്ബലവും അതിഭാവുകത്വപരവും ഫോർമുലാമസാല രസക്കൂട്ടൊപ്പിക്കുന്നതുമായിരുന്നു ഇത്തരം ചിത്രങ്ങളൊക്കെയും എന്നിരുന്നാലും അത് ചില പ്രാന്തജീവിതങ്ങളെ അവതരിപ്പിച്ചു എന്നത് നിസ്സാരമായ കാര്യമല്ല. ജയന്‍റെ പിൽക്കാലത്ത് നമ്മൾ മിമിക്രിയാക്കി ആർത്തുചിരിച്ച “ മെ ബി വി ആർ പുവർ, കൂലീസ്, ട്രോളി പുള്ളേഴ്സ്. ബട്ട് വി ആർ നോട്ട് ബഗ്ഗേഴ്സ്! യു എൻജോയ് ദിസ് സ്റ്റാറ്റസ് ഇൻ ലൈഫ് ബിക്കോസ് ഓഫ് അവർ സ്വെറ്റ് ആന്‍ഡ്  ബ്ലഡ്….”  അങ്ങാടി ഞെരിപ്പൻ ഇംഗ്ലീഷ് ഡയലോഗിൽ ചുവപ്പൻ പൈങ്കിളിയുടെ രാഷ്ട്രീയമെങ്കിലുമുണ്ടായിരുന്നു. അന്നും മലയാളിക്കൂട്ടം പിൽക്കാല കിംഗ് ഡയലോഗുകൾ കേട്ടപ്പൊഴെന്ന പോലെ അർത്ഥമൊന്നും പിടികിട്ടിയില്ലെങ്കിലും ആർത്തു കയ്യടിച്ചിരുന്നു. തെരുവിൽ നിന്നു തൊഴിലിടങ്ങളിൽനിന്നും സിനിമ എം ടി. റൂട്ടിൽ അന്തിക്കാട് ചിത്രങ്ങളിലെ കുടുംബപുരാണത്തിലെത്തിയപ്പോഴേക്കും  അടിസ്ഥാനതൊഴിൽ സമൂഹം അരികുകളിലേയ്ക്ക് മാറിയതും രാഷ്ട്രീയക്കാർ അപഹാസ്യരായ കോമാളികളായും പിന്നീട് നമ്പർ വൺ വില്ലന്മാരായും പരിണമിച്ചതും നമ്മുടെ സിനിമയിൽ മാത്രമാണോ? അതിവേഗം അരാഷ്ട്രീയ മുഖംമൂടിക്കുള്ളിൽ വലതുപക്ഷവത്കരിക്കപ്പെട്ടുകൊണ്ടി രിക്കുന്ന നമ്മുടെ മധ്യവർഗ പൊതുബോധത്തിൽ  പലതലങ്ങളിൽ നിർമ്മിക്കപ്പെട്ട പൊതുസമ്മതികളെ   സംതൃപ്തിപ്പെടുത്തി കയ്യടി നേടി കച്ചവടം  കേമമാക്കിയ മിടുക്കന്മാർ മാത്രമല്ലേ അവർ? ജീവിതത്തിൽ നിന്നു സിനിമയിലേക്കും സിനിമയിൽനിന്നു ജീവിതത്തിലേക്കും എളുപ്പം കയറിപ്പോകാവുന്നതരത്തിൽ രാഷ്ട്രീയക്കാർക്കും സിനിമയിലെ കഥാപാത്രങ്ങൾക്കുമിടയിലുണ്ടായ  ട്രാൻസ്പരൻസിയെയാണു എല്ലാ പൊളിട്രിക്സു വഷളു പൊളിറ്റിക്കൽ സറ്റയർ ടെലിവിഷൻ പ്രോഗ്രാമുകളിലെ  മിക്സിങ്ങുകളുടെയും ഒരു ലോജിക്കൽബെയ്സ് ആക്കിയത് .

ലൈംഗികസ്വാതന്ത്ര്യങ്ങളിൽനിന്ന് കടുത്ത സദാചാരവാദത്തിലേക്ക് മലയാളി കൂടുമാറുന്നത്  ഇതേ സമയത്താണെന്നു കാണാം.  എൺപതുകൾക്ക് മുന്നേയുള്ള എന്‍റെയൊക്കെ ബാല്യങ്ങളിൽ നാട്ടിൻപുറം  വലിയ സദാചാരയുക്തികൾകൊണ്ട് വരിഞ്ഞുകെട്ടിയതായിരുന്നില്ല എന്നാണനുഭവം. എല്ലാ നാടുകളിലും ഒരു ദേശവേശ്യ, കള്ളൻ-  നാട്ടിൻപുറത്തെ അഗമ്യഗമനങ്ങൾ സ്വാഭാവിക ലൈംഗികബന്ധങ്ങൾ, ജാരസന്തതികൾ രഹസ്യഗമനങ്ങളെ സംബന്ധിച്ച അടുക്കളവർത്തമാനങ്ങൾ തുറന്ന ചായക്കടച്ചിരികൾ ഒക്കെ സുലഭമായിരുന്നു. സഹജവുമായിരുന്നു. മൊട്ടക്കുന്നുകളും വെളിമ്പറമ്പുകളും പെരുവഴികളായിരുന്ന അക്കാലത്ത് ക്ഷേത്രമതിലുണ്ടായിരുന്നില്ല. നേർച്ചയും പൂരവുമൊക്കെ എല്ലാവരുടേതുമായിരുന്നു. സംബന്ധങ്ങളുടെയും അയഞ്ഞ ലൈംഗികബന്ധങ്ങളുടെയും ഒരു ഓർമ്മയുടെ നിലാവു ബാക്കിയായതുകൊണ്ടാവില്ല അന്നതൊക്കെ ജനത്തിനു വലിയ പ്രശ്നമല്ലാതിരുന്നത്. പട്ടിണിയും ഭൗതിക ദാരിദ്ര്യവും പോലെ തീവ്രമായ മറ്റ് ജീവിതപ്രശ്നങ്ങളിൽ അത്ര ആത്മീയനും മതപരനും സദാചാരിയുമായി ജീവിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല എന്നതുമാവാം.

പ്രവാസജീവിതം കൊണ്ട്ടുണ്ടായ  ഈ പുത്തൻപണത്തിന്റെയും നവ ആഢ്യത്വത്തിന്റെയും ഉയർന്ന ജാതിമതധാർമികമൂല്യങ്ങളുടെയും പുറത്താണ് ദുരാചാരികളായി നടന്ന മലയാളി  അവന്റെ പുരുഷകേന്ദ്രിത മധ്യവർഗസദാചാരദുർഗം പണിയുന്നത്

എന്‍റെ നാട്ടിലെ സരോജിനിക്കമ്പനി സാമാന്യം പുകൾപെറ്റ വേശ്യാലയമായിരുന്നു. അവർ മറ്റ് നാട്ടുകാർക്കൊപ്പം ഇടപഴകിത്തന്നെ ജീവിച്ചു പോന്നു. അവിടത്തെ ഒരു ലൈംഗികത്തൊഴിലാളിയെ കെട്ടി സുഖകരമായ ദാമ്പത്യം പുലർന്നുപോന്ന ഒരു വീടുമുണ്ടായിരുന്നു.  എൺപതുകളുടെ മധ്യത്തോടെ പലതരം മതപരിഷ്കരണ പ്രസ്ഥാനങ്ങൾ  വേരുറപ്പിക്കുന്നുണ്ട്. പ്രവാസിസമ്പത്തിന്‍റെ  ക്ഷേമരാജ്യത്തിൽ പള്ളികൾ പലതാവുകയും അമ്പലങ്ങൾ പുനരുദ്ധരിക്കപ്പെടുകയും ചെയ്തു. ക്ഷേത്രമതിലും അതിനുപുറത്ത് അഹിന്ദുക്കൾക്ക് പ്രവേശനമില്ല ബോർഡുകളും  കടന്നു വരുന്നു. ബാബ്രി സംഭവത്തോടെ മുസ്ലീങ്ങളിൽ പ്രത്യേക ഡ്രസ്സ് കോഡ് വ്യാപകമാവുന്നു. രാത്രികളിലെ മതപ്രഭാഷണങ്ങൾ എങ്ങനെ ഒരു നല്ല ഭർത്താവാകാമെന്നും ഭാര്യയാകാമെന്നും നല്ല മതജീവിതം എന്താണെന്നും പഠിപ്പിച്ചുകൊണ്ടേയിരുന്നു. പ്രവാസജീവിതം കൊണ്ടുണ്ടായ  ഈ പുത്തൻപണത്തിന്‍റെയും നവ ആഢ്യത്വത്തിന്‍റെയും ഉയർന്ന ജാതി മത ധാർമിക മൂല്യങ്ങളുടെയും പുറത്താണ്  ദുരാചാരികളായി നടന്ന മലയാളി  അവന്‍റെ പുരുഷകേന്ദ്രിത മധ്യവർഗ സദാചാര ദുർഗം പണിയുന്നത്. സരോജിനിക്കമ്പനിക്കെതിരെ നാട്ടുകാർ സംഘടിച്ചത് അവിടത്തേക്ക് വരുന്ന അസാന്മാർഗികളെ തുണിയുരിച്ച് കഴുത്തിൽ ചെരിപ്പുമാലയും കരിക്കട്ടബോർഡും ചാർത്തി അടിച്ചോടിച്ച് നഗരപ്രദക്ഷിണം നടത്തിയത്. ഇന്ന് സരോജിനിപ്പടി എന്ന സ്റ്റോപ്പില്ല. ഇപ്പുറം  ബീവറേജസ് ഔട്ട് ലെറ്റിന്‍റെ പേരിൽ പാമ്പിൻ കാവ് എന്ന പുതിയ സ്റ്റോപ്പ് ആവിർഭവിച്ചിരിക്കുന്നു.  മറ്റൊരു വീട്ടിൽ അസാന്മാർഗികബന്ധമുണ്ടോ എന്ന സംശയത്തിന്‍റെ പേരിൽ മൈലുകൾക്കപ്പുറം ഒരാളെ തല്ലിക്കൊന്ന ധാർമികവീരഗാഥകളാണ് കാറ്റിൽ.

2691

എൺപതുകൾക്കുമുന്നേയുള്ള  പാൻ ഇൻഡ്യൻ സിനിമാ ഫോർമുകളിൽ സെക്സ് ഒരു അവശ്യഘടകമായിരുന്നല്ലോ . ഒരു ജയമാലിനി ക്യാബറേ ഇല്ലാതെ മലയാളിക്ക് സിനിമ പൂർത്തിയാവില്ലായിരുന്നു. കുഞ്ഞുകുട്ടി പരാധീനങ്ങൾക്കൊപ്പം കുടുംബസമേതംതന്നെ മലയാളികൾ ഈ ക്യാബറേതുടമുലയാട്ടങ്ങൾ  സ്റ്റണ്ടിനും കോമഡിക്കും റൊമാൻസിനും ഫാമിലി സെന്‍റിമെന്‍റ്സിനുമൊപ്പം ഒരേ നിരയിൽ ചടഞ്ഞിരുന്നു ആസ്വദിച്ചിരുന്നു. നൃത്തങ്ങളും  സെക്സിനെ തുറന്ന് ആവിഷ്കരിക്കാൻ ശ്രമിച്ച  സിനിമകളിൽനിന്ന് കുടുംബചിത്രങ്ങളിലേക്ക്  കൂടുമാറിയപ്പോഴും എവിടെയെങ്കിലും ഒരു പീസ് തിരുകി തന്‍റെ സിഗ്നേച്ചർ നിലനിർത്താൻ ഭരതൻ  ശ്രമിച്ചിരുന്നു. തന്നെ ഭ്രമിപ്പിച്ച യുവസൗന്ദര്യത്തിൽനിന്ന് സദാചാരിയായി മാറി തന്നെ കാത്ത് നിലവിളക്കായി എരിഞ്ഞുതീരുന്ന വീട്ടിലെ ടിപ്പിക്കൽ പതിവ്രതാഭാര്യയിലേക്ക് മടങ്ങുന്നതിനുമുമ്പ് മാനസിക സംഘർഷത്തോടെ ഗോപിയുടെ നായകൻ ഒരു ഡാൻസ് ബാറിൽ അല്പസമയം അസ്വസ്ഥനായി ഇരിക്കുന്നത് കാണിക്കാതിരിക്കാൻ  ഭരതനായില്ല (കാറ്റത്തെ കിളിക്കൂട് 1983) ഒരു നല്ല കുടുംബ പാൽപ്പായസത്തിലും മാംസക്കഷ്ണമിട്ടു എന്ന മട്ട് ഈ സീനിനെ അന്നത്തെ പ്രതിവാര സിനിമാവിമർശകർ പരാമർശിച്ചതോർക്കുന്നു.

ജയനെ പോലെയുള്ള സൂപ്പർതാരം അരങ്ങൊഴിഞ്ഞ എൺപതുകളിൽ അല്പം കഴിയുമ്പോൾ തിയറ്ററിലെ ഒരു ശൂന്യത പരിഹരിക്കപ്പെട്ടത് അതുവരെ ഐറ്റം ഡാൻസുകളിൽ മിന്നിമറഞ്ഞിരുന്ന  ജ്യോതിലക്ഷ്മി അനുരാധ അഭിലാഷ സിൽക്ക് സ്മിതാദി മാദകറാണിമാർ നായികമാരായി ഒരു കൂട്ടം ബി ഗ്രെയ്ഡ് സോഫ്റ്റ് പോൺ പടങ്ങൾ നമ്മുടെ സകലമാന തിയറ്ററുകളും കയ്യടക്കുന്നതോടെയാണ്. അശ്ലീല സിനിമകൾക്കായി പ്രത്യേക തിയറ്ററോ സമയമോ ഇല്ലാത്ത ആ അല്പകാലം നമ്മുടെ തെരുവുകൾ അർദ്ധ നഗ്നകളുടെ പോസ്റ്ററുകൾകൊണ്ടും പെട്ടിക്കടകൾ സ്റ്റണ്ട് മാതിരി മാസികകളാലും കൊച്ചുപുസ്തകങ്ങളാലും നിറഞ്ഞു. കേരളത്തിലെ സ്ത്രീ വിമോചനപ്രസ്ഥാനങ്ങളുടെ ആദ്യരൂപമായ മാനുഷി പട്ടാമ്പി കോളേജിൽ രൂപം കൊള്ളുന്ന അക്കാലത്ത് നടന്ന ആദ്യ സമരങ്ങളിലൊന്നിൽ ഇത്തരം സിനിമകൾക്കെതിരെ സാറടീച്ചറുടെ നേതൃത്വത്തിൽ ജാഥനടത്തിയതും പോസ്റ്ററിൽ കരിയോയിലടിച്ചതും ഇന്ന് തമാശയോടെ ഓർക്കുന്നു. എ പടം കാണാൻ സിനിമാതിയറ്ററിൽ കയറി ബിറ്റ് സീൻ വരുമ്പോൾ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിക്കുന്ന സമരപരിപാടിയും പരീക്ഷിക്കപ്പെട്ടിരുന്നു. പിന്നെ കരിയോയിൽ തേച്ച് പോസ്റ്റർ മാന്യമാക്കുന്ന ചുമതല പഞ്ചായത്തുകൾ ഏറ്റെടുത്തു.

സിനിമയിലെ ഈ ലൈംഗികരാജിനെ കടിഞ്ഞാണിട്ട് നിർത്തി മലയാളസിനിമയെ കുടുംബവീടുകളാക്കി മാറ്റിയത് മുൻ പറഞ്ഞ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടാണ്. മലയാളി മധ്യവർഗകുടുംബങ്ങളിലെ ടി. പി. ബാലഗോപാലന്മാർ തിയറ്ററുകളിൽനിന്ന് മാദകറാണിമാരെ തുരത്തി. അങ്ങനെ നഗരപ്രാന്തങ്ങളിലായി വൃത്തിഹീനമായ സിനിമകളുടെ ചില കാമാത്തിപ്പുരകളിൽ ലൈംഗികദാരിദ്ര്യ മനുഭവിക്കുന്ന മലയാളി ബിറ്റ് സിനിമ ഒളിച്ചുകാണാൻ തുടങ്ങി. ഇടയ്ക്കൊരു ഷക്കീലയുടെ കൊള്ളിയാൻ മിനിയെങ്കിലും സിനിമ കുടുംബഭദ്രമായിത്തന്നെ തുടർന്നു. സൂപ്പർനായകനൊപ്പം ഷോപീസായി ഒരു ഹീറോയിക് നൃത്തത്തിൽ നായികമാർ തന്നെ പഴയ ഐറ്റം ഡാൻസുകൾ പുതിയ രീതിയിൽ അവതരിപ്പിക്കുന്ന രഞ്ജിത്ത് ഷാജികൈലാസ് സിനിമാഫോർമുല ഈ ചരിത്രത്തിൽ നിന്നാണുണ്ടാവുന്നത്. ഒളിഞ്ഞുനോട്ടങ്ങളെ ക്യാമറാ ആംഗിളുകൾകൊണ്ട് തൃപ്തിപ്പെടുത്തിയും മസ്കുലിൻ ആയ ലൈംഗിക പരാക്രമങ്ങളെ ഞെരിപ്പൻ അശ്ലീലച്ചുവയുള്ള ഡയലോഗുകളിലൂടെ പുറത്തുവിട്ടും ആ സിനിമയിൽ സമകാല മലയാളി സസുഖം സദാചാരിയായി ജീവിക്കുന്നു.

അപ്പോൾ പിന്നെ, നിങ്ങളെന്തിനാണ് രഞ്ജിത്തിനെ മാത്രം സിനിമയുടെ ഇരുട്ടിൽ നിർത്തുന്നത് എന്നല്ല, സിനിമയെ മാത്രം നിങ്ങളെന്തിന് ഇരുട്ടിൽ നിർത്തുന്നു എന്നതാണ് ചോദ്യം.


കോഴിക്കോട് സർവ്വകലാശാലയിൽ ‘സിനിമയിലെ പാരമ്പര്യം – സിനിമ എന്ന പാരമ്പര്യം’എന്ന സെമിനാറിൽ നടത്തിയ സമാപനപ്രഭാഷണത്തിന്റെ ലിഖിതരൂപം

Comments
Print Friendly, PDF & Email

എഴുത്തുകാരൻ. സാംസ്കാരിക വിമർശകൻ. പട്ടാമ്പി കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു

You may also like