പൂമുഖം LITERATUREകവിത മേലോട്ടു പെയ്ത മഴ

മേലോട്ടു പെയ്ത മഴ

 

 

ണക്കമരം
എന്നു ചുണ്ടു കോട്ടി
മഴ മേലോട്ടാണു പെയ്തത്.
കണ്ണീരു വാർത്തതു
വാറ്റി വാറ്റി ഉപ്പളവു കുറച്ച്
ഞാനെന്റെ ഞരമ്പായ ഞരമ്പൊക്കെ
തുളുമ്പും വരെ നിറച്ചു വെച്ചു.

കല്ലുകൊത്തുകാരിയെപ്പോലെ
വെയിലത്തു കുനിഞ്ഞിരുന്ന്
തളിർക്ക്, തളിർക്കെന്ന താളത്തിൽ
ഞാനെന്റെ ചില്ലകൾ കൊത്തി
തളിരിനു തല നീട്ടാൻ വഴിയൊരുക്കി.

ദാ…. നോക്ക്
ഇല പച്ചകുത്തി പൂവു പൊട്ടു തൊട്ട്
കായ് കണ്ണെഴുതി ചില്ല കൂടുകെട്ടി
എല്ലാം കണ്ട മാനത്തു നോക്കി
നില്പാണ്.

മഴേ….
എന്റെ ചോപ്പു മൂക്കുത്തിക്കല്ലിലേക്ക്
ഏതു താളത്തിലാണു നീ
താഴോട്ടു പെയ്യാൻ പോകുന്നത് ?

Comments
Print Friendly, PDF & Email

സ്വദേശം : നോർത്ത് പറവൂർ, എറണാകുളം, ജോലി ചെയ്തത് കാനറാബാങ്കിൽ. ഇപ്പോൾ "ജീവന കല "യുടെ പരിശീലക.

You may also like