പൂമുഖം ചുവരെഴുത്തുകൾ അതിരപ്പിള്ളി അതുപോലൊഴുകട്ടെ ..

അതിരപ്പിള്ളി അതുപോലൊഴുകട്ടെ ..

 

athiraതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന ധാർഷ്ട്യവുമായി “ഇടതുപക്ഷ സർക്കാർ ” മുന്നോട്ട് പോകുമ്പോൾ ഈ പദ്ധതി എന്തിന് എന്ന് ഉറക്കെ ചോദിക്കാൻ പാർട്ടി അടിമത്തവും കേവല വികസന വാദവും മാറ്റിവെച്ച് യുക്തിസഹമായി ചിന്തിക്കാൻ അതിരപ്പിള്ളി പദ്ധതി അനുകൂലികൾ തയ്യാറാവേണ്ടതുണ്ട് .

നൂറ്റി അറുപത്തിമൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ഈ പദ്ധതി നടപ്പിലാകുന്നതിലൂടെ ലക്ഷ്യമിടുന്നത് .പദ്ധതി പൂർത്തിയാകുമ്പോൾ ആയിരത്തി അഞ്ഞൂറ് കോടി രൂപയോളമാണ് ചെലവാകുന്നത് .വളരെ ലളിതമായ ഗണിത യുക്തി പ്രകാരം ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒൻപത് കോടി രൂപയിലധികം ചെലവ് വരുന്നു .

ഇതേ സമയം കേരളത്തിൽ രാമക്കൽ മേട്ടിലും അട്ടപ്പാടിയിലും അതി ഗംഭീരമായി പ്രവർത്തിക്കുന്ന വിൻഡ് മില്ലുകളുടെ ചെലവ് പരിശോധിക്കുക .ചുമ്മാ വീശിയടിച്ച് പോകുന്ന കാറ്റ് കറക്കിയുണ്ടാക്കുന്ന വൈദ്യുതി ഒരു മെഗാവാട്ട് നിർമ്മിക്കാനുള്ള ചെലവ് നാല് മുതൽ പരമാവധി ആറ് കോടി രൂപ വരെയാണ് .കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിലും കഞ്ചിക്കോടുമായി അഞ്ഞൂറ് കോടി രൂപ മുതൽമുടക്കിൽ എണ്പത്തിരണ്ട്‌ മെഗാവാട്ട് വൈദ്യുതി കാറ്റിൽ നിന്ന് ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയിൽ ഒപ്പ് വച്ചിട്ടുണ്ട് .അഞ്ഞൂറ് കോടി രൂപയ്ക്ക് എൺപത്തി രണ്ടു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു എന്നത് സിമ്പിളായി ഒന്ന് ഗണിച്ച് നോക്കുക . ഒരു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആറുകോടി രൂപയാണ് ചെലവ് .അതിരപ്പിള്ളിയിൽ നൂറ്റി അറുപത്തിമൂന്ന് മെഗാവാട്ട് ഉൽപ്പാദിപ്പിക്കാൻ മുടക്കുന്ന തുക കൊണ്ട് ഇരുന്നൂറ്റി നാല്പത്തിയാറു മെഗാവാട്ട് വൈദ്യുതി കാറ്റിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ സാധിക്കും . കാറ്റാടി വൈദ്യുത പദ്ധതിക്കായി വിൻഡ് മില്ലുകൾ സ്ഥാപിക്കുന്നത് നിത്യഹരിത വനങ്ങളിലോ പതഞ്ഞൊഴുകുന്ന പുഴയിലോ അല്ല .തരിശായി കിടക്കുന്ന , മരുപ്പച്ചകൾ പോലും മുരടിച്ച് വളരുന്ന വെളിമ്പ്രദേശങ്ങളിലാണ് ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കാൻ ജൈവ വൈവിധ്യങ്ങളുടെ മഹാശേഖരം നാമാവശേഷമാക്കുമ്പോൾ കാറ്റാടി വൈദ്യുതി പോലുള്ള പരിസ്ഥിതി സൗഹാർദ്ദ വൈദ്യുത പദ്ധതികൾ ഒരു തണൽ മരം പോലും മുറിച്ച് മാറ്റാതെ നടപ്പിലാക്കാം എന്നത് മനസിലാക്കുക .

ഇരുപത്തിയഞ്ച് വർഷമാണ് ഒരു വിൻഡ് മില്ലിന്റെ ആയുസ്സ് . ഇത്രയും ലാഭകരവും പരിസ്ഥിതി സൗഹാർദ്ദപരവുമായ പദ്ധതി വിജയം കണ്ടു കണ്മുന്നിൽ പ്രവർത്തിക്കുമ്പോൾ അതിസൂക്ഷ്മ ജൈവാണുക്കൾ മുതൽ വംശ നാശ ഭീഷണി നേരിടുന്ന വേഴാമ്പലുകൾ വരെ സ്വതന്ത്രമായി വിഹരിക്കുന്ന അതിരപ്പിള്ളിയിലെ പച്ചപ്പിനെ ക്ഷൗരം ചെയ്തേ ഞങ്ങൾ അടങ്ങൂ എന്ന് വാശി പിടിക്കുന്നതിന്റെ പിന്നിലെ താൽപ്പര്യം എന്താണ് “ഇടത് പക്ഷമേ ” ..?

നിങ്ങളുടെ സ്വപ്നത്തിലെ സുന്ദര പദ്ധതി കൊണ്ട് ഉണ്ടാകാൻ പോകുന്നത് ഇതാണ് .

തടസ്സമേതുമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നൊരു പുഴയെ മുന്നൂറ്റി പതിനൊന്നു മീറ്റർ നീളമുള്ളൊരു കോൺക്രീറ്റ് മതിൽ കൊണ്ട് തടഞ്ഞു നിർത്തുന്നു .ആ മതിലിനു പിന്നിൽ രൂപപ്പെടുന്ന നൂറ്റി നാല് ഹെക്റ്റർ വിസ്തൃതിയുള്ള ജലാശയം .അത് മുക്കിക്കളയുന്നതോ സഹസ്രാബ്ദങ്ങളിലൂടെ പരിണാമിച്ച് രൂപപ്പെട്ട പകരമൊന്ന് ചൂണ്ടിക്കാണിക്കാനില്ലാത്ത / വിലമതിക്കാനാവാത്ത ജൈവ സമ്പന്നതയുടെ വിശാലതയും .

മലമുഴക്കി വേഴാമ്പല്‍,കോഴി വേഴാമ്പല്‍, നാട്ടു വേഴാമ്പല്‍ , പാണ്ടന്‍ വേഴാമ്പല്‍, എന്നിങ്ങനെ നാലിനം വേഴാമ്പലുകളെയും ഒരുമിച്ച് കാണുന്ന കേരളത്തിലെ ഏക പ്രദേശമാണ് നിങ്ങളുടെ സ്വപ്ന പദ്ധതിക്കായി ഇല്ലാതാക്കുന്നത് . ആവാസ വ്യവസ്ഥ നഷ്ടമാകുന്ന വംശ നാശത്തിന്റെ വക്കിലുള്ള ആ പക്ഷികളും പേരെടുത്ത് പറഞ്ഞു തീർക്കാനാവാത്ത നൂറു കണക്കിന് ചെറുതും വലുതുമായ ജീവികളും ..അവരെ നിങ്ങൾ നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു …? വികസന സ്വപ്നത്തിന്റെ ഹാങ് ഓവറിൽ ചത്തൊടുങ്ങട്ടെ പണ്ടാരങ്ങൾ എന്ന് ചിറി കോട്ടി പുഛിച്ച് പറഞ്ഞൊഴിയുമോ . അതിന് ഞങ്ങൾ അനുവദിക്കില്ല . അവരും ഈ ഭൂമിയുടെ അവകാശികളാണ് .എന്റെ മക്കൾക്കൊപ്പം അവരുടെ മക്കളും ഈ ഭൂമിയിൽ അവശേഷിക്കണം .അവരുടെ ഇടങ്ങളിൽ കടന്നു കയറാൻ നിങ്ങളെ ആരും അധികാരപ്പെടുത്തിയിട്ടില്ല .കൈയ്യൂക്ക് കൊണ്ട് അവർക്ക് മേൽ നേടിയ അധീശത്തമല്ലാതെ മറ്റൊന്നും അവർക്കു മേൽ നിങ്ങൾക്കില്ല .

മുക്കിക്കളയുന്ന ഇരുന്നൂറു ഹെക്റ്റർ വനഭൂമി നിങ്ങൾ ഞങ്ങൾക്ക് എന്നുണ്ടാക്കി നൽകും . നിന്റെയൊന്നും ഖജനാവുകളിൽ നിറഞ്ഞിരിക്കുന്ന ശതകോടിക്കണക്കിനു കോടികൾ കൊണ്ട് പദ്ധതിയുണ്ടാക്കിയാലും ഒരു തുണ്ടു ഭൂമിയിലെ നഷ്ടമാകുന്ന ജൈവ സമ്പത്ത് പുനർ നിർമ്മിക്കാൻ നിനക്കൊന്നുമാവില്ല . ഒടുക്കത്തെ വികസന ഭ്രാന്തു കൊണ്ട് ഇക്കാലമത്രയും ചെത്തി വടിച്ച് വെടിപ്പാക്കിയില്ലേ കാടും പുഴയും നീർച്ചാലുകളുമെല്ലാം . ഇനി അവശേഷിക്കുന്നത് നിങ്ങൾക്ക് വേണ്ടായിരിക്കും .വേണ്ടാത്തവർ ശീതീകരിച്ച മുറികളിൽ കോൺക്രീറ്റ് സ്വപ്‌നങ്ങൾ കണ്ടുറങ്ങിക്കൊൾക . അവശേഷിക്കുന്ന കാടും കുളിരും പുഴയും പുൽച്ചാടിയുമെല്ലാം ഞങ്ങൾക്ക് വേണം . അതിരപ്പിള്ളിയിലെ വന്മതിലിനു മുകളിൽ എഴുതാൻ കൊത്തിവച്ച അക്ഷരങ്ങൾ സൂക്ഷിച്ച് വച്ചുകൊൾക . ഭാവിയിൽ നിങ്ങളുടെ സ്മരണ കുടീരങ്ങൾക്ക് മുന്നിൽ സ്ഥാപിക്കാനായി അണികൾക്ക് വീണ്ടും കല്ല് തപ്പി നടക്കേണ്ടി വരില്ലല്ലോ .

Comments
Print Friendly, PDF & Email

You may also like